സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Friday, 5 December 2014

മൃതാത്മാക്കള്‍ക്ക് പുനര്‍ജന്മം; രോഗഗ്രസ്തര്‍ക്ക് ശമനം:

അനസ്(റ) പറയുന്നു: ഞങ്ങള്‍ നബി (സ)യോടൊപ്പം ഇരിക്കുകയായിരുന്നു. ആ സമയം അന്ധയായ ഒരു വൃദ്ധ അവിടെ കടന്നുവന്നു. അവരുടെകൂടെ പ്രായപൂര്‍ത്തിയാകാത്ത മകനുമുണ്ടായിരുന്നു. ആ കുട്ടി പെട്ടെന്ന് രോഗഗ്രസ്തനായി മരിച്ചു. നബി (സ)ആ കുട്ടിയുടെ കണ്ണടച്ചു. മരണാനന്തര ക്രിയകള്‍ ചെയ്യാന്‍ കല്‍പിച്ചു. ഞങ്ങള്‍ കുട്ടിയെ കുളിപ്പിക്കാന്‍ തീരുമാനിച്ച അവസരത്തില്‍ അവിടന്ന് പറഞ്ഞു: ഓ അനസ്, ആ കുട്ടിയുടെ മാതാവിനെ നീ വിവരമറിയിക്കുക. അങ്ങനെ അനസ്(റ) അവരെ വിവരമറിയിച്ചു. അവര്‍ കുട്ടിയുടെ കാലിനരികില്‍ വന്ന് അവ രണ്ടും പിടിച്ച് പറയാന്‍ തുടങ്ങി: അല്ലാഹുവേ, നിനക്കു വേണ്ടി ഞാന്‍ കീഴ്പ്പെട്ടു. നിനക്കു വേണ്ടി ബിംബാരാധന ഞാന്‍ നിറുത്തി. നിന്റെ മാര്‍ഗത്തിലേക്ക് ഞാന്‍ പലായനം ചെയ്തു. അതുകൊണ്ട് ബിംബാരാധകര്‍ക്ക് ഞാന്‍ മൂലം സന്തോഷിക്കാനുള്ള വക നല്‍കരുതേ! ഇത് പറഞ്ഞുകഴിയേണ്ട താമസം ആ മയ്യിത്തിന്റെ കാലുകള്‍ പതിയെ ഇളകിത്തുടങ്ങുകയും മുഖത്തുനിന്ന് വസ്ത്രം നീങ്ങുകയും അത് പുനര്‍ജീവിക്കുകയും ചെയ്തു. പിന്നീട് നബി (സ)യുടെയും സ്വമാതാവിന്റെയും വിയോഗാനന്തരമാണ് അദ്ദേഹം ഇഹലോകവാസം വെടിഞ്ഞത്. (ദലാഇല്‍ 6:51)
 അബൂനുഐം(റ)വില്‍ നിന്ന് നിവേദനം: ജാബിര്‍(റ) ഒരു ദിവസം നബിസന്നിധിയിലെത്തിയപ്പോള്‍ അവിടത്തെ മുഖം വിവര്‍ണമായി കണ്ടു. അദ്ദേഹമുടനെ വീട്ടിലേക്ക് തിരിച്ച് തന്റെ ഭാര്യയോട് ഭക്ഷണമെന്തെങ്കിലുമുണ്ടെങ്കില്‍ നല്‍കാന്‍ ആവശ്യപ്പെട്ടു. ഭാര്യ പറഞ്ഞു: ഇവിടെ അല്‍പം പൊടിയും ഒരാട്ടിന്‍കുട്ടിയുമുണ്ട്. അങ്ങനെ ആ പൊടി ഭക്ഷണമാക്കുകയും അദ്ദേഹം ആട്ടിന്‍കുട്ടിയെ അറുക്കുകയും ചെയ്തതിനു ശേഷം അതുമായി നബി (സ)യുടെ അരികിലെത്തി. നബി (സ)അദ്ദേഹത്തോട് പറഞ്ഞു: അല്ലയോ ജാബിര്‍, എല്ലാ സ്വഹാബികളെയും ഇങ്ങോട്ട് ക്ഷണിക്കുക. അവരെ ഓരോ സംഘമായി ഇങ്ങോട്ടയക്കുക. അവര്‍ കൂട്ടംകൂട്ടമായി ഭക്ഷണം കഴിക്കാനെത്തി. അവരോട് നബി (സ)പറഞ്ഞു: നിങ്ങളിലൊരാളും അതിന്റെ എല്ല് പൊട്ടിക്കരുത്. അങ്ങനെ അവിടത്തെ ആജ്ഞാനുസരണം അവര്‍ എല്ല് മുഴുവനും ഒരു സ്ഥലത്ത് ഒരുമിച്ചുകൂട്ടി. ശേഷം നബി (സ)എല്ലിന്‍ കൂനയില്‍ കൈയൊന്ന് തടവി സ്വകാര്യമായി സംസാരിച്ചു. ഉടന്‍ ഒരാട് ചെവിയും കുടഞ്ഞുകൊണ്ട് ആ കൂനയില്‍ നിന്ന് എഴുന്നേറ്റുവന്നു. ജാബിര്‍(റ)വിനോട് അവിടന്ന് പറഞ്ഞു: നീ ഈ ആട്ടിന്‍കുട്ടിയെ സ്വീകരിക്കുക. ആടുമായി വീട്ടിലേക്ക് ചെന്ന ജാബിര്‍(റ)വിനോട് ഭാര്യ ചോദിച്ചു: ഇതെന്താണ്? അദ്ദേഹം പറഞ്ഞു: ഇത് നബി (സ)ക്കായി നാം അറുത്ത ആടാണ്. അവിടന്ന് അതിനെ തന്റെ പ്രാര്‍ഥന കൊണ്ട് പുനരുജ്ജീവിപ്പിച്ചു. (ഖസ്വാഇസ്വുല്‍കുബ്റാ 2:67)
 ബുഖാരി, മുസ്ലിം, ബൈഹഖി(റ) തുടങ്ങിയവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു: ഖൈബര്‍ മുസ്ലിംകളുടെ ആധിപത്യത്തിലായപ്പോള്‍ ഒരു യഹൂദ സ്ത്രീ (സൈനബ് ബിന്‍തുല്‍ ഹാരിസ്) നബി (സ)ക്ക് ആടിന്റെ മാംസം നല്‍കി. നബി (സ)അതിന്റെ കുറകെടുത്തു. മറ്റുള്ളവര്‍ അതിനായി കൈ നീട്ടിയപ്പോള്‍ അവിടന്ന് പറഞ്ഞു: നിങ്ങള്‍ കൈകള്‍ വലിച്ചേക്കുക. കാരണം അതിന്റെ അവയവം വിഷലിപ്തമാണെന്ന് അതെന്നോട് പറയുന്നു. ശേഷം ആ സ്ത്രീയെ വിളിച്ചുചോദിച്ചു: നീ ഇതില്‍ വിഷം കലര്‍ത്തിയിട്ടുണ്ടോ? അവള്‍ പറഞ്ഞു: അതെ. ഇങ്ങനെയൊരു കൃത്യത്തിന് നിന്നെ പ്രേരിപ്പിച്ച ഘടകമെന്തെന്ന് അന്വേഷിച്ചപ്പോള്‍ അവള്‍ പറഞ്ഞു: ആ വ്യക്തി ഒരു പ്രവാചകനാകുന്ന പക്ഷം ഇങ്ങനെയുള്ളതൊന്നും അദ്ദേഹത്തിന് യാതൊരു പ്രയാസവും വരുത്തുകയില്ല. പ്രത്യുത അദ്ദേഹം പ്രവാചകനല്ലെങ്കില്‍ ഞങ്ങള്‍ക്കദ്ദേഹത്തിന്റെ ശല്യം ഒഴിവാകുകയും ചെയ്യും. ഉടനെ നബി(സ)  പറഞ്ഞു: എന്റെ മേല്‍ അധികാര ശക്തി ചെലുത്താന്‍ അല്ലാഹു നിന്നെ പ്രാപ്തയാക്കുകയില്ല. അവിടന്ന് ആ സ്ത്രീക്ക് മാപ്പ് കൊടുക്കുകയും ചെയ്തു. (ഫത്ഹുല്‍ബാരി 7:497)
ശിംറുബ്നു അഥിയ്യ തന്റെ ശൈഖില്‍ നിന്ന് ഉദ്ധരിക്കുന്നു: റസൂല്‍ (സ)യുടെ സമീപം, ഒരു സ്ത്രീ യൌവനയുക്തനായ ഒരു കുട്ടിയുമായി വന്നു. എന്നിട്ട് പറഞ്ഞു: റസൂലേ, എന്റെ ഈ കുട്ടി ജന്മം മുതല്‍ ഒന്നുമുരിയാടിയിട്ടില്ല. അവിടന്ന് ചോദിച്ചു: ഞാന്‍ ആരാണ്? ആ കുട്ടി പറഞ്ഞു: അങ്ങ് അല്ലാഹുവിന്റെ ദൂതരാണ് (ഖസ്വാഇസ്വ് 2:69, ദലാഇല്‍ 6:60-61).
ഇബ്നുസഅ്ദ്(റ) പറയുന്നു: മുഹര്‍റശുബ്നു മഅ്ദീകരിബ നബി (സ)യുടെ അടുക്കല്‍ ചെന്ന് പറഞ്ഞു-റസൂലേ, എന്റെ വിക്ക് രോഗം മാറ്റുന്നതിനായി അല്ലാഹുവിനോട് പ്രാര്‍ഥിക്കൂ. അങ്ങനെ നബി (സ)പ്രാര്‍ഥിക്കുകയും  അദ്ദേഹത്തിന്റെ അസുഖം ശമിക്കുകയും ചെയ്തു (സുബുല്‍ 10:232).
എ ഥബ്റാനി ജുര്‍ഹുദ്ബ്നുഖുവൈലിദ്(റ)വില്‍ നിന്ന് നിവേദനം: അദ്ദേഹം ഒരിക്കല്‍ ഇടതുകൈ കൊണ്ട് ഭക്ഷിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ നബി (സ)പറഞ്ഞു: നീ വലതുകരം ഉപയോഗിച്ച് ഭക്ഷിക്കുക. അത് രോഗം ബാധിച്ച് തകരാറിലായിരിക്കുന്നുവെന്ന് അദ്ദേഹം നബി (സ)യോട് പറഞ്ഞു. അവിടന്ന് അതില്‍ ഊതുകയും മരണം വരെ ആ കൈമൂലമുള്ള പ്രയാസം നേരിടാതെ അദ്ദേഹം ജീവിക്കുകയും ചെയ്തു (അല്‍മുഅ്ജമുല്‍കബീര്‍ 2:306).
ഇബ്നുഹുമൈദിസ്സാഇദീ(റ)വില്‍ നിന്ന് റിപ്പോര്‍ട്ട്: നബി (സ)  തബൂക് യുദ്ധവേളയില്‍ അനുയായികളോടൊപ്പം ഹിജ്റി (സമൂദ് ഗോത്രത്തിന്റെ ആവാസസ്ഥലം) ന്റെ സമീപത്തുകൂടെ നടന്നുപോയപ്പോള്‍ അവരോടൊപ്പം അവിടെ ഇറങ്ങി. അവര്‍ ദാഹം ശമിപ്പിക്കുകയും വിശ്രമിക്കുകയും ചെയ്തു. അങ്ങനെയിരിക്കെ നബി (സ)പറഞ്ഞു: ഈ കിണറില്‍ നിന്ന് ജലപാനം ചെയ്യുകയോ അംഗശുദ്ധി വരുത്തുകയോ അരുത്. തന്റെ സഹയാത്രികന്റെ അഭാവത്തില്‍ ഒരാളും പുറപ്പെടുകയുമരുത്. നിങ്ങള്‍ പാകം ചെയ്ത മാവുകള്‍ ഒട്ടകങ്ങളെ തീറ്റിക്കുക. അവരങ്ങനെ ചെയ്തു.
പക്ഷേ, ബനൂസാഇദ ഗോത്രത്തിലെ ഒരാള്‍ മലമൂത്രവിസര്‍ജനത്തിനും മറ്റൊരു വ്യക്തി തന്റെ ഒട്ടകത്തെ അന്വേഷിച്ചും ഒറ്റക്ക് പുറപ്പെട്ടു. ആദ്യത്തെയാള്‍ക്ക് വിസര്‍ജനസ്ഥലത്ത് ശ്വാസതടസ്സം അനുഭവപ്പെടുകയും നബി (സ)യുടെ പ്രാര്‍ഥന നിമിത്തം ശമിക്കുകയും ചെയ്തു. അപരനാകട്ടെ, ശക്തമായ കാറ്റടി മൂലം ഥ്വൈഅ് മലയുടെ മുകളിലെത്തി. ഇതറിഞ്ഞ നബി (സ)പറഞ്ഞു: മറ്റൊരാളോടൊപ്പമല്ലാതെ ഒരാളും സഞ്ചരിക്കരുതെന്ന് ഞാന്‍ നിങ്ങളെ താക്കീത് ചെയ്തിരുന്നില്ലേ? ഥ്വൈഅ് മലയില്‍ കുടുങ്ങിപ്പോയ വ്യക്തിയെ നബി (സ)മദീനയില്‍ വന്നപ്പോള്‍ പ്രസ്തുത ഗോത്രക്കാര്‍ തിരിച്ചുനല്‍കി. (മുസ്നദ് അഹ്മദ് 5:424)