സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Saturday, 2 January 2016

പൊതു സംശയങ്ങള്‍



പണ്ഡിതന്മാരുടെയും സയ്യിദുമാരുടെയും കൈ ചുംബിക്കുന്നതില്‍ പുണ്യമുണ്ടെന്ന് പറയുന്നു. ഇതിന് തെളിവുണ്ടോ?
 
  പണ്ഡിതനാവുക, സയ്യിദന്മാരില്‍ പെട്ട ആളാവുക, സജ്ജനങ്ങളില്‍ പെടുക തുടങ്ങി ദീനിയായ മഹത്വം ഉള്ളവരുടെ കൈ ചുംബിക്കല്‍ സുന്നത്താകുന്നു. സമ്പത്ത്, ഐഹികമായ കീര്‍ത്തി, നേതാവാകല്‍ തുടങ്ങി ഐഹികമായി മഹത്വത്തിന്റെ അടിസ്ഥാനത്തില്‍ കൈ ചുംബിക്കല്‍ ശക്തിയായ കറാഹത്തുമാകുന്നു. ഹറാമാണെന്നാണ് ഇമാം മുതവല്ലിയുടെ പക്ഷം. അബ്ദുല്‍ ഖൈസ് ഗോത്രക്കാര്‍ നിവേദകരായി നബി(സ) അടുത്തെത്തിയപ്പോള്‍ എല്ലാവരും വേഗത്തില്‍ വാഹനമിറങ്ങുകയും തിരുമേനിയുടെ അടുത്തേക്ക് ഉളരിച്ചെന്ന് അവിടുത്തെ കയ്യും കാലും ചുംബിക്കുകയും ചെയ്തതായി പ്രസ്തുത സംഘത്തില്‍പെട്ട സാരിഉ്(റ) പറഞ്ഞതായി അബൂദാവൂദ് നിവേദനം ചെയ്തിരിക്കുന്നു. ഇബ്‌നു ഉമര്‍(റ) റിപ്പോര്‍ട്ട് ചെയ്ത ഒരു സംഭവത്തില്‍ ഞങ്ങള്‍ നബി(സ)യോട് അടുക്കുകയും അവിടുത്തെ കൈ ചുംബിക്കുകയും ചെയ്തു’ എന്ന് വന്നിട്ടുണ്ട്. (അബൂദാവൂദ്) മറ്റു പല ഹദീസുകളിലും സ്വഹാബികള്‍ നബി(സ)യുടെ കൈ ചുംബിച്ചതായി കാണാം.

അമുസ്‌ലിംകള്‍ സലാം ചൊല്ലിയാല്‍ മടക്കേണ്ടതുണ്ടോ? അവരോട് സലാം പറയാമോ?
 
  അമുസ്‌ലിംകള്‍ സലാം ചൊല്ലിയാല്‍ ‘അലയ്ക’ എന്നു മാത്രം സലാം മടക്കല്‍ നിര്‍ബന്ധമാണ്. ഇസ്‌ലാമിലെ സലാമിന്റെ വാചകങ്ങള്‍ മുസ്‌ലിംകള്‍ പരസ്പരം ഉപയോഗിക്കാനുള്ളതാണ്. അതിനാല്‍ അമുസ്‌ലിംകളോട് സലാം പറയാവതല്ല. സലാം അല്ലാത്ത മറ്റെന്തെങ്കിലും വാചകങ്ങള്‍ കൊണ്ട് അഭിവാദനമാവാം.

ബാപ്പ ജീവിച്ചിരിക്കെ മകന്‍ മരിച്ചാല്‍ മകന് അനന്തരാവകാശമില്ലെന്നാണല്ലോ ശറഇന്റെ നിയമം. എന്നാല്‍, മരിച്ച മകന് സന്താനമുണ്ടെങ്കില്‍ ആ മക്കള്‍ക്ക് മരിച്ച മകന്റെ സ്വത്ത് നല്‍കിക്കൂടെ? ഇതിനെ പറ്റി ശറഇന്റെ വിധി എന്താണ്?

ഒരാള്‍ മരണപ്പെടുമ്പോള്‍ ജീവിച്ചിരിക്കുന്ന അവകാശികള്‍ക്കു മാത്രമെ പരേതന്റെ സ്വത്തില്‍ അവകാശമുണ്ടായിരിക്കുകയുള്ളൂ. വാപ്പ ജീവിച്ചിരിക്കെ മകന്‍ മരിച്ചാല്‍ വാപ്പാന്റെ സ്വത്തില്‍ മരിച്ച മകന് അവകാശമുണ്ടായിരിക്കുന്നതല്ല. വാപ്പാക്ക് വേറെ ആണ്‍മക്കളുണ്ടെങ്കില്‍ മരിച്ച മകന്റെ മക്കള്‍ക്കും അവകാശമുണ്ടായിരിക്കുന്നതല്ല. വേറെ ആണ്‍മക്കളില്ലെങ്കില്‍ മരിച്ച മകന്റെ മക്കള്‍ക്ക് അവകാശമുണ്ടായിരിക്കുന്നതാണ്.

 ഗീബത്തിന് പൊരുത്തപ്പെടീക്കല്‍ എന്നത് ഏത് സാഹചര്യത്തിലും നിര്‍ബന്ധമാണോ? പരദൂഷണം പറയപ്പെട്ട ആളോട് നേരിട്ട് പറഞ്ഞ് പൊരുത്തപ്പെടീക്കാതെ അയാള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചാല്‍ പോരെ?
 
ഒരാളെക്കുറിച്ച് പരദൂഷണം (ഗീബത്ത്) പറഞ്ഞു. അയാള്‍ അത് അറിയുകയും ചെയ്തു. എങ്കില്‍ അയാളെക്കൊണ്ട് പൊരുത്തപ്പെടീക്കല്‍ നിര്‍ബന്ധമാണ്. മരണപ്പെട്ടതു കൊണ്ടോ ദീര്‍ഘകാലം നാട്ടിലില്ലാത്തതുകൊണ്ടോ പൊരുത്തപ്പെടീക്കാന്‍ സാധിക്കാതെ വന്നാല്‍ അയാളെക്കുറിച്ച് ഗീബത്ത് പറഞ്ഞതിനെക്കുറിച്ച് ഖേദിക്കുകയും തൗബ ചെയ്യുകയും ചെയ്താല്‍ മതിയാകുന്നതാണ്. താന്‍ അയാളെക്കുറിച്ച് ഗീബത്ത് പറഞ്ഞത് അയാള്‍ അറിഞ്ഞിട്ടില്ലെങ്കിലും ഇപ്രകാരം തന്നെ. അറിയാത്തത് അറിയിക്കേണ്ടതില്ല. ഖേദിക്കുകയും അയാള്‍ക്ക് വേണ്ടി പൊറുക്കലിനെ തേടുകയും  ചെയ്താല്‍ മതി. (ഫത്ഹുല്‍ മുഈന്‍, പേജ് 510)

 കേടായ പല്ല് റൂട്ട് കനാല്‍ ചെയ്തും കേപ്പ് ഇട്ടും വെപ്പ് പല്ല് വെച്ചും നിലനിര്‍ത്തിപ്പോരുന്നവര്‍ ധാരാളമുണ്ട്. ഇങ്ങനെ ചെയ്യുന്നതിന്റെ ഇസ്‌ലാമിക വിധി എന്താണ്? മരിച്ചുപോകുമ്പോള്‍ അല്ലാഹുവിന്റെ സൃഷ്ടിപ്പല്ലാതെ ശരീരത്തില്‍ പുതിയ ഒരു വസ്തു കൊണ്ടുപോകുന്നത് ശരിയാണോ? മയ്യത്തില്‍ നിന്നും അത് എടുത്ത് മാറ്റണോ?
 
സൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ വേണ്ടി പല്ല് രാകുന്നതിനെ നബി(സ) വിരോധിച്ചിട്ടുണ്ട്. അല്ലാഹുവിന്റെ സൃഷ്ടിപ്പിനെ പകര്‍ച്ചയാക്കലാണത്. അതിനാലത് ഹറാമാകുന്നു. എന്നാല്‍, കേടായ പല്ല് നന്നാക്കുന്നതിന് വിരോധമൊന്നുമില്ല. റൂട്ട് കനാല്‍ ചെയ്‌തോ കേപ്പ് ഇട്ടോ പല്ലിന്റെ കേട് തീര്‍ക്കാവുന്നതാണ്. വെപ്പ് പല്ല് വെയ്ക്കുന്നതിനും വിരോധമില്ല. സ്വര്‍ണ്ണ പല്ല് കൂടി അനുവദനീയമാണെന്ന് ഫുഖഹാഉ് വ്യക്തമാക്കിയിട്ടുണ്ട്. (ശര്‍ഹ് മുസ്‌ലിം 2:205, തുഹ്ഫ 3:275) ഉറപ്പിക്കപ്പെട്ട വെപ്പ് പല്ല് മരണശേഷം എടുത്തുമാറ്റേണ്ടതില്ല.

ചെരുപ്പ് വാങ്ങുമ്പോള്‍ ഏത് കളറിനാണ് സ്ഥാനം നല്‍കേണ്ടത്? കറുത്ത ചെരുപ്പിന് വല്ല വിരോധവുമുണ്ടോ? വെളുപ്പ് മോശമാണെന്ന് ചിലര്‍ പറയുന്നു. ഇത് ശരിയാണോ?

ഏത് കളറിലുള്ള ചെരിപ്പും ധരിക്കാവുന്നതാണ്. പ്രത്യേകം ഒരു നിറമുള്ള ചെരിപ്പ് ഹറാമോ കറാഹത്തോ ഇല്ല. എങ്കിലും മഞ്ഞ നിറമുള്ള ചെരിപ്പ് ധരിക്കലാണുത്തമം. ഒരാള്‍ മഞ്ഞനിറമുള്ള ചെരിപ്പ് ധരിച്ചാല്‍ മനോവ്യഥ (ഹമ്മ്) കുറയുമെന്ന് അലി(റ) പറഞ്ഞതായി തഫ്‌സീര്‍ നസഫിയില്‍ കാണാം. മഞ്ഞ ചെരിപ്പ് ധരിച്ച ആള്‍ സന്തോഷവാനായിരിക്കുമെന്ന് ഇബ്‌നു അബ്ബാസ്(റ)വില്‍നിന്നും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. കറുത്ത ചെരിപ്പ് ധരിക്കുന്നത് മനോവ്യഥ വര്‍ദ്ധിക്കാന്‍ കാരണമായേക്കുമെന്ന് ഇബ്‌നു സുബൈര്‍, മുഹമ്മദുബ്‌നു കസീര്‍ എന്നിവര്‍ പ്രസ്താവിച്ചിട്ടുണ്ട്. ഫറോവ ചക്രവര്‍ത്തി ധരിച്ചിരുന്നത് ചുവന്ന ചെരിപ്പായിരുന്നുവെന്നും അയാളുടെ മന്ത്രി ഹാമാന്‍ ധരിച്ചിരുന്നത് വെളുത്തതായിരുന്നുവെന്നും പറയപ്പെട്ടിട്ടുണ്ട്. (ഇക്‌ലീല്‍ 1:227)