സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Wednesday 13 January 2016

ആരാവണം ഒരു നല്ല കുടുംബനാഥന്‍?



കുടുംബനാഥന്‍ എന്ന സ്ഥാനം മഹാഭാഗ്യവും പ്രതിഫലാര്‍ഹവുമാണ്. നല്ല നിലയില്‍ നിര്‍വഹിക്കാന്‍ സാധിച്ചില്ലെങ്കില്‍ അതു വലിയ നഷ്ടവും. കുടുംബത്തിന്റെ സാര്‍വത്രികമായ ഗുണം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കാന്‍ ബാധ്യസ്ഥനാണ് കുടുംബനാഥന്‍. അതിനാല്‍ തന്നെ ആ പദവി അധികാരവും ഉത്തരവാദിത്തങ്ങളുമാണ്. ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിച്ചുള്ള അധികാര വിനിയോഗമാണത്.
നബി(സ്വ) പറയുന്നു: ‘നിങ്ങളെല്ലാവരും ഭരണാധികാരികളാണ്. തന്റെ ഭരണീയരെക്കുറിച്ച് ചോദ്യം ചെയ്യപ്പെടുന്നവരുമാണ്. പുരുഷന്‍ തന്റെ കുടുംബത്തില്‍ ഭരണാധികാരിയാണ്. തന്റെ ഭരണീയരെക്കുറിച്ച് അവന്‍ ചോദ്യം ചെയ്യപ്പെടും’ (ബുഖാരി).
പുരുഷന്റെ അധികാരവും ഉത്തരവാദിത്തവും എന്താണെന്ന് പണ്ഡിതന്മാര്‍ വിശദീകരിച്ചിട്ടുണ്ട്. തന്റെ പരിധിയിലും അധികാരത്തിലും വീട്ടിലുമുള്ള ഭാര്യസന്താനങ്ങളുടെയും മറ്റെല്ലാവരുടെയും മേല്‍ അവനു ബാധ്യതകളുണ്ട്. അവരുടെ ഇഹത്തിനും പരത്തിനും ഗുണകരമായത് ചെയ്യല്‍ ഗൃഹനാഥന് നിര്‍ബന്ധമാണ്. അവര്‍ക്കുവേണ്ടി ചെലവഴിക്കുക (ഭക്ഷണം, വസ്ത്രം തുടങ്ങിയവ), അവര്‍ക്ക് ഗുണം ചെയ്യുക, നല്ല നിലയില്‍ അവരുമായി ഇടപഴകുക, അവരുടെ ഭൗതിക കാര്യങ്ങള്‍ ക്രമീകരിക്കുന്നതിനും ദീനീ കാര്യങ്ങളില്‍ അവര്‍ നിലകൊള്ളുന്നതിനും വേണ്ടി പ്രവര്‍ത്തിക്കുക എന്നിവയാണത്. ഇവയെക്കുറിച്ചെല്ലാം കുടുംബനാഥന്‍ വിചാരണ ചെയ്യപ്പെടും. അവന്റെ ചുമലില്‍ വരുന്ന പ്രത്യേകമായ ബാധ്യതകളാണിവ. അതിനാല്‍ ആണ്‍-പെണ്‍ സന്തതികളെ അച്ചടക്കവും സംസ്കാരവും പരിശീലിപ്പിക്കേണ്ടതത്യാവശ്യമാണ്. കാരണം സന്താനങ്ങളുടെ കാര്യത്തില്‍ അവന് അധികാരം പ്രയോഗിക്കാന്‍ സാധിക്കുന്നതാണല്ലോ. വീട്ടുകാരോടും മറ്റുമുള്ള ബാധ്യതകള്‍ നിര്‍വഹിച്ചുവോ എന്ന് അന്ത്യനാളില്‍ ചോദ്യം ചെയ്യപ്പെടും. നന്മയാണ് പ്രവര്‍ത്തിച്ചതെങ്കില്‍ അവനത് നന്മയായി ഭവിക്കും. നന്മയല്ലെങ്കില്‍ ദോഷമായിത്തീരും. അതിന് ശിക്ഷയനുഭവിക്കേണ്ടിയും വരും’ (ശറഹ് അബീദാവൂദ്).
ഉത്തരവാദിത്തം ചുമലില്‍ വന്നാല്‍ അത് ഭംഗിയായി നിര്‍വഹിക്കുക എന്നത് വിശ്വാസിയുടെ ബാധ്യതയാണ്. ഉപേക്ഷ വരുത്തുന്നത് കുറ്റകരവും. മാത്രമല്ല, പലപ്പോഴുമത് സാമൂഹികവും സാംസ്കാരികവുമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാറുമുണ്ട്. അതുകൊണ്ടുതന്നെ ഉത്തരവാദിത്തം നിര്‍വഹിക്കാതിരിക്കുന്നതിനെതിരെ ഇസ്ലാം താക്കീത് നല്‍കി.
നബി(സ്വ) പറയുന്നു: ‘ഏതൊരു ഭരണാധികാരിയോടും തന്റെ ഭരണീയരെക്കുറിച്ച് അല്ലാഹു വിചാരണ നടത്തുന്നതാണ്. അതവന്‍ കൃത്യമായി ശ്രദ്ധിച്ചുവോ അതോ അവഗണിച്ചുവോ എന്ന്. എത്രത്തോളമെന്നാല്‍, തന്റെ കുടുംബത്തെക്കുറിച്ചും ചോദിക്കപ്പെടും’ (നസാഈ).
ഒരു സംഘത്തിന്റെ മേല്‍ ഒരാളെ അല്ലാഹു അധികാരപ്പെടുത്തി. അവന്‍ പക്ഷേ, ഗുണകാംക്ഷയോടെ ഭരണ നിര്‍വഹണം നടത്തിയില്ല. എങ്കില്‍ അവന് സ്വര്‍ഗത്തിന്റെ പരിമളം പോലും ലഭിക്കുകയില്ല (ബുഖാരി).
ഭരണാധികാരി തന്റെ ഭരണീയരോട് കാരുണ്യത്തോടെ വര്‍ത്തിക്കുന്നില്ലെങ്കില്‍ അല്ലാഹു അവനു സ്വര്‍ഗം നിഷിദ്ധമാക്കിയിരിക്കുന്നു (ജുസ്ഉത്വറാബല്‍സി).
സത്യസന്ധമായും ഗുണകാംക്ഷാ പൂര്‍വവും അവരെ ശ്രദ്ധിച്ചില്ലെങ്കില്‍ അല്ലാഹുവിന്റെ വിശാലമായ കാരുണ്യം അവന് ലഭിക്കില്ല (താരീഖു ബഗ്ദാദ്).
ഈ ഹദീസുകളുടെ വിവരണങ്ങളില്‍ വ്യാഖ്യാതാക്കള്‍ കുടുംബനാഥന്റെ ഉത്തരവാദിത്തത്തിന്റെ ഗൗരവം ഓര്‍മപ്പെടുത്തുന്നുണ്ട്. അവകാശം നിഷേധിക്കും വിധത്തില്‍ കൃത്യവിലോപം സംഭവിക്കുന്നത് കൂടുതല്‍ ഗുരുതരമാണ്. ഭൗതികമായ ജീവിതാവശ്യങ്ങള്‍ക്ക് തന്നെ ആശ്രയിക്കുന്നവരുടെ മതപരവും ആത്മീയവുമായ ആവശ്യങ്ങളും അവന്‍ പൂര്‍ത്തീകരിക്കേണ്ടതുണ്ട്.
ഇങ്ങനെയൊരു ഉത്തരവാദിത്തം ആത്യന്തികമായി അല്ലാഹുവിന്റെ നിശ്ചയമാണ്. അതിനാലാണ് കൃത്യവിലോപം കുറ്റകരമാകുന്നത്. അതവനെ നരകാവകാശിയാക്കാനും അല്ലാഹുവിന്റെ കാരുണ്യം തടയാനും പര്യാപ്തമാണ്. ഭര്‍ത്താവും പിതാവും രക്ഷിതാവുമാകുന്ന ഒരു ജൈവ ധര്‍മമായി മാത്രം കാണേണ്ടതല്ല, കുടുംബനാഥന്റെ ഉത്തരവാദിത്തം. പ്രപഞ്ച ക്രമീകരണത്തിന്റെ ഭാഗമായി അല്ലാഹു ഏല്‍പിച്ചതാണത്. സന്താന, ഇണകളോടുള്ള കേവലമായ അടുപ്പവും സംരക്ഷണവും സര്‍വജീവജാലങ്ങളിലും ഏറിയും കുറഞ്ഞുംകാണാം. മനുഷ്യനില്‍ അത് സ്രഷ്ടാവ് നിശ്ചയിച്ച ബാധ്യതയാണ്.
പ്രകൃതിപരമായി ഉണ്ടാവുന്ന ചോദനകള്‍ക്കു പുറമെ മതപരവും ആത്മീയവുമായ പ്രചോദനം പരിപാലനത്തിനും സ്നേഹവാത്സല്യങ്ങള്‍ക്കുമുണ്ട്. അതുകൊണ്ടുതന്നെ ആശ്രിതരുടെ ഗുണത്തിനും ക്ഷേമത്തിനും മതപരമായ പരിധിക്കുള്ളില്‍ നിന്ന് ശ്രമിക്കുന്നത് പുണ്യകരമാണ്. മതപരമായ പരിധി വിട്ട് കടക്കാന്‍ പാകത്തിലാണ് മനുഷ്യ പ്രകൃതമെന്നതിനാല്‍ കണിശമായ നിര്‍ദേശങ്ങളും വിലക്കുകളും ഇസ്ലാമിലുണ്ട്. സ്നേഹവാത്സല്യങ്ങള്‍ പ്രകൃതിജന്യമാണെങ്കിലും ചില ഘട്ടത്തില്‍ അതു തടയാന്‍ മനുഷ്യന്‍ തയ്യാറായേക്കാം. അതിനാല്‍ ആ മാനുഷിക മൂല്യങ്ങള്‍ നിലനിര്‍ത്തുന്നത് പ്രതിഫലമാണ്. കുടുംബനാഥനു മാത്രമല്ല ഏതൊരു വിശ്വാസിക്കും ഇത്തരം പുണ്യങ്ങള്‍ നേടാന്‍ അവസരമുണ്ട്.
വിശ്വാസിക്ക് അടിസ്ഥാന ജീവിതാവശ്യങ്ങള്‍ മാത്രമല്ല ഉള്ളത്. ആദര്‍ശം, സംസ്കാരം, വ്യക്തിത്വം തുടങ്ങിയവയുമായി ബന്ധപ്പെട്ട ആവശ്യങ്ങളുണ്ട്. അവയുമായി അവനെ അടുപ്പിക്കുകയും അവ പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുക എന്നത് രക്ഷിതാവിന്റെ, കുടുംബ നാഥന്റെ കടമയാണ്. സമ്പത്ത്, സൗകര്യം, ആരോഗ്യം, പ്രായം തുടങ്ങിയവയില്‍ താരതമ്യേന മുകളിലുള്ളവരാണ് പൊതുവെ കുടുംബനാഥനായിത്തീരുന്നത്. സന്താനങ്ങള്‍, മാതാപിതാക്കള്‍, സഹോദരങ്ങള്‍, ഭാര്യ, മറ്റു ബന്ധുക്കള്‍ തുടങ്ങിയവരാണ് കുടുംബനാഥന്റെ ഉത്തരവാദിത്തത്തില്‍ വരുക. വ്യത്യസ്ത വിഭാഗങ്ങളായ ആശ്രിതരെ അര്‍ഹിക്കും വിധം പരിഗണിക്കണം.
എല്ലാവരുടെയും ഐഹികവും പാരത്രികവുമായ ഗുണത്തിനാവശ്യമായത് പ്രവര്‍ത്തിച്ചു കൊണ്ടാണ് കുടുംബനാഥന്‍ കര്‍ത്തവ്യം നിര്‍വഹിക്കേണ്ടത്. അധികാരവും നിയന്ത്രണവും ശിക്ഷണവും ശിക്ഷയും പരിചരണവും അര്‍ഹിക്കും വിധം ആവശ്യമാണ്. അധികാര പ്രയോഗത്തിന്റെ പരിധിക്ക് പുറത്തുള്ളവരില്‍ നിയന്ത്രണവും ശിക്ഷണവും പലപ്പോഴും അസാധ്യമായിരിക്കും. ദുര്‍മാര്‍ഗത്തില്‍ പെട്ടുപോകാനിടവരുന്ന സാഹചര്യം കുടുംബങ്ങളിലുണ്ടാകാതെ നോക്കണം. മദ്യപാനം, ലഹരി മരുന്ന് തുടങ്ങിയ ദുര്‍ഗുണങ്ങളും ദുശ്ശീലങ്ങളും ചികിത്സിക്കാനിന്നു സൗകര്യങ്ങളുണ്ട്. നിസ്കാരം, നോമ്പ് തുടങ്ങിയവ ഉപേക്ഷിക്കുന്നവരാണെങ്കില്‍ അവയിലേക്കാകര്‍ഷിക്കുകയോ, നിര്‍വഹിക്കാതിരിക്കാന്‍ പറ്റാത്ത സാഹചര്യമൊരുക്കുകയോ വേണം.
ഭാര്യ, സന്താനങ്ങള്‍, സഹോദരങ്ങള്‍ ഇവര്‍ നമ്മുടെ പരിധിയിലായിരിക്കേണ്ടതാണ്. നമ്മുടെ സൗകര്യങ്ങളും പരിപാലനവും ഉപയോഗപ്പെടുത്തുന്നവരാണവര്‍. അവരുടെ സംസ്കാരത്തിനും ജീവിത ശീലങ്ങള്‍ക്കും ആദര്‍ശാനുഷ്ഠാനങ്ങള്‍ക്കും മേല്‍ കുടുംബനാഥന് അധികാരവും അവകാശവുമുണ്ട്. അവരുടെ പാരത്രികമായ വിജയവും ഒരു പരിധിവരെ കുടുംബനാഥനെ ആശ്രയിച്ചാണിരിക്കുന്നത്. അവരിലെ ന്യൂനതയും ദൗര്‍ബല്യങ്ങളും പരിഹരിക്കാനാവശ്യമായത് അവനില്‍ നിന്നുണ്ടാവണം. ഭാര്യയും സന്താനങ്ങളും തന്റെ സ്നേഹവാത്സല്യങ്ങളുടെ താല്‍ക്കാലികാവകാശികളല്ല. പാരത്രിക ലോകത്തും നിലനില്‍ക്കേണ്ട ബന്ധമാണത്. പാരത്രിക ശിക്ഷയുടെ സങ്കേതമായ നരകത്തില്‍ നിന്നുള്ള മോചനം എല്ലാവര്‍ക്കും ലഭ്യമാകണം. തന്‍റേതെന്ന പോലെ ആശ്രിതരുടെയും രക്ഷയാണ് കുടുംബനാഥന്‍ ലക്ഷ്യമാക്കേണ്ടത്.
അല്ലാഹു പറയുന്നു: ‘വിശ്വാസികളേ, നിങ്ങള്‍ സ്വന്തം ശരീരങ്ങളെയും കുടുംബങ്ങളെയും നരകത്തില്‍ നിന്നും സംരക്ഷിക്കുക. അതില്‍ കത്തിക്കപ്പെടുന്നത് മനുഷ്യരും കല്ലുകളുമാണ്’ (അത്തഹ്രീം/6). അവര്‍ക്കു നിങ്ങള്‍ ഫിഖ്ഹ് പഠിപ്പിക്കുക, അവരെ സംസ്കാരവും അച്ചടക്കവുമുള്ളവരാക്കുക, അല്ലാഹുവിന് വഴിപ്പെടുന്നതിലേക്കവരെ ക്ഷണിക്കുക, വിദ്യാഭ്യാസവും മാര്‍ഗദര്‍ശനവും നല്‍കി ശിക്ഷയുടെ അവകാശികളാകുന്നതില്‍ നിന്ന് അവരെ തടയുക (തഫ്സീറുല്‍ ഖുശൈരി).
നരകത്തില്‍ നിന്നും മറ്റു ശിക്ഷകളില്‍ നിന്നും മോചനവും രക്ഷയും ലഭിക്കാന്‍ കാരണമാകുന്ന ജീവിതവും ആദര്‍ശവും സംസ്കാരവും കുടുംബാംഗങ്ങള്‍ക്ക് നല്‍കണമെന്ന് ചുരുക്കം. കുടുംബം എന്നു സൂചിപ്പിക്കാന്‍ ഈ സൂക്തത്തില്‍ പ്രയോഗിച്ച ‘അഹ്ലികും’ എന്ന പദം ഭാര്യയെ മാത്രം കുറിക്കുന്നതല്ല. ഭര്‍ത്താവിനോടുള്ള നിര്‍ദേശമായി മാത്രം ഇതിനെ കാണാനാവുന്നതുമല്ല. ഇസ്മാഈലുല്‍ ഹിഖി(റ) വിവരിക്കുന്നു: ‘ഒരാളുടെ സംരക്ഷണത്തിലും ചെലവിലും കഴിയുന്ന ഭാര്യ, സന്താനം, സഹോദരി, സഹോദരന്‍, പിതൃസഹോദരന്‍, പുത്രന്‍ തുടങ്ങിയവരെല്ലാം ഇതിലുള്‍പ്പെടും. ഏറ്റവും അടുത്ത കുടുംബങ്ങളിലും നന്മ കല്‍പിക്കലും തിന്മ വിരോധിക്കലും നിര്‍ബന്ധമാണെന്ന്  സൂക്തം അറിയിക്കുന്നുണ്ട്’ (തഫ്സീറു റൂഹുല്‍ബയാന്‍).
ഒരാള്‍ തന്റെ കുടുംബവുമായി പുലര്‍ത്തുന്ന ബന്ധം ഊഷ്മളവും ആത്മാര്‍ത്ഥവുമായിരിക്കണം. അപ്പോള്‍ അതില്‍ ഉലച്ചില്‍ തട്ടാതിരിക്കാന്‍ നാം ജാഗ്രത പാലിക്കും. ഭൗതിക ലോകത്തെ താല്‍ക്കാലിക വാസത്തിലൊതുങ്ങുന്ന ഒരു ഭോഗ വസ്തുവായി ഇണയെ കാണാന്‍ വിശ്വാസിക്ക് സാധിക്കില്ല. മരണത്തോടെ അവസാനിക്കാത്ത ഒരു ബന്ധം നിലനിര്‍ത്താനാവുന്നത് എല്ലാ അര്‍ത്ഥത്തിലും വിശ്വാസിക്ക് ഗുണമാണ്. ഓര്‍മയും പ്രാര്‍ത്ഥനയും ദാനവും ഖുര്‍ആന്‍ പാരായണവും വഴി പുണ്യങ്ങള്‍ പകര്‍ന്ന് മരണാനന്തരവും തുടരുന്ന നല്ല ബന്ധമാവണം. മതപരമായ വിഷയത്തിലെ പൊരുത്തവും ആദര്‍ശപരമായ യോജിപ്പും ഇണതുണകളില്‍ വേണമെന്ന് ഇസ്ലാം നിര്‍ദേശിക്കുന്നതതിനാലാണ്.
വിശ്വാസികളായ കുടുംബനാഥനും കുടുംബവും തമ്മിലുള്ള ബന്ധത്തെ സാത്വികന്മാര്‍ വിവരിക്കുന്നതിങ്ങനെ: കുടുംബ നാഥനും കുടുംബത്തിനുമിടക്കുള്ള ബന്ധം യഥാര്‍ത്ഥത്തില്‍ ആത്മീയമാണ്. സ്നേഹാധിഷ്ഠിതമാണ്. ശാരീരികമായി ബന്ധമുണ്ടെങ്കിലും ഇല്ലെങ്കിലും ഇതില്‍ വ്യത്യാസമില്ല. സ്നേഹാധിഷ്ഠിതമായ ഏതൊരു ബന്ധവും ഇഹത്തിലും പരത്തിലും അനിവാര്യമായും ഒരുപോലെയായിരിക്കണം. അങ്ങനെയാകുമ്പോള്‍ സ്വന്തം ശരീരത്തെ നരകത്തില്‍ നിന്നും സംരക്ഷിക്കുന്നത് പ്രകാരം കുടുംബത്തെയും സംരക്ഷിക്കല്‍ നിര്‍ബന്ധമായി വരുന്നു (തഫ്സീറു റൂഹുല്‍ ബയാന്‍).
ബന്ധത്തിന്റെ യഥാര്‍ത്ഥ ചൈതന്യം സ്മരിക്കുന്നത് പാരത്രികമായ നഷ്ടത്തിനിടവരുത്തും. ഈ ലോകത്തെ സ്നേഹഭാജനങ്ങള്‍ അവിടെ ശത്രുക്കളായി മാറും. അവര്‍ക്ക് ഈ ലോകത്ത് വെച്ച് നിഷേധിക്കപ്പെട്ടത് അവിടെ കണക്കുപറഞ്ഞ് വാങ്ങും. ‘അന്ത്യനാളില്‍ ഒരാളെ ആദ്യമായി ബന്ധപ്പെടുന്നത് (അവകാശം ചോദിച്ചും നിഷേധിച്ചതിനെതിരെ പ്രതിഷേധിച്ചും) സ്വന്തം ഭാര്യയും സന്താനങ്ങളുമായിരിക്കും. അവര്‍ അല്ലാഹുവിനോട് സ്വന്തം ഭര്‍ത്താവിനെക്കുറിച്ചും പിതാവിനെക്കുറിച്ചും പരാതി പറയും. നാഥാ ഇവനില്‍ നിന്നും ഞങ്ങളുടെ അവകാശം വാങ്ങിത്തരണം. കാരണം ഞങ്ങള്‍ക്കറിയാത്തത് അവന്‍ പഠിപ്പിച്ചു തന്നില്ല. നിഷിദ്ധമായത് ഞങ്ങളെ അവന്‍ ഭക്ഷിപ്പിച്ചിരുന്നു. അങ്ങനെ അവനില്‍ നിന്നും പ്രതിക്രിയക്കവസരമുണ്ടാക്കും (ഇഹ്യാ ഉലൂമുദ്ദീന്‍).
കുടുംബത്തിന്റെ ഭൗതികാവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനായി വളരെ പ്രയാസങ്ങള്‍ സഹിച്ച് ജോലിയും വ്യാപാര വ്യവസായങ്ങളും നടത്തുന്നവരാണെല്ലാവരും. കുടുംബത്തിന്റെ ആഗ്രഹങ്ങളും ആവശ്യങ്ങളും നിവര്‍ത്തിക്കുന്നതിനായി പണം സമ്പാദിക്കുകയും വിനിയോഗിക്കുകയും ചെയ്യുന്നു. അവര്‍ക്കുണ്ടാകുന്ന ശാരീരികമോ ആരോഗ്യപരമോ ആയ വിഷമതകളും മറ്റു പ്രശ്നങ്ങളും നമ്മെയും വിഷമിപ്പിക്കുന്നു. എന്നാല്‍ അതിനേക്കാള്‍ ശ്രദ്ധയും ജാഗ്രതയും വേണ്ടത് പരലോകത്തിന്റെ കാര്യത്തിലാണ്. അനന്തമായ ലോകമാണല്ലോ അത്. ചെറിയ കാലത്തെ ഈ ലോക ജീവിതത്തിന് വേണ്ടി അവസാനിക്കാത്ത പാരത്രിക ജീവിത നാശത്തിന് കാരണമാകുന്നതൊന്നും വരാതെ നോക്കേണ്ടതുണ്ട്.
സ്ത്രീകളുടെ സംരക്ഷണവും അവര്‍ക്കു വേണ്ടി ചെലവ് ചെയ്യലും ഭര്‍ത്താവിന്റെ ബാധ്യതയാണ്. സ്ത്രീയെ സംബന്ധിച്ചിടത്തോളം സ്വന്തമായി പണം സമ്പാദിച്ച് നിര്‍വഹിക്കേണ്ട ബാധ്യതകളൊന്നുമില്ല. ഗൃഹനാഥനുള്ള സമ്പത്തുമായി ബന്ധപ്പെട്ട ബാധ്യതകളേയുള്ളൂ. സ്ത്രീക്കുവേണ്ടി പുരുഷനാണ് അതേറ്റെടുക്കേണ്ടത്. ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍ക്കുള്ള ചെലവുകളൊന്നും സ്ത്രീയെ ബാധിക്കുന്നില്ല. പുരുഷന്‍ തനിക്കും കുടുംബിനിക്കും വേണ്ടി അധ്വാനിക്കുന്നു. അങ്ങനെ നല്‍കുന്ന ഭക്ഷണത്തിനും അവളുമായി ജീവിതം പങ്കിടുന്നതിനും പ്രതിഫലമുണ്ട്. സന്താനങ്ങള്‍ക്കും മാതാപിതാക്കള്‍ക്കും മറ്റു ആശ്രിതര്‍ക്കും വേണ്ടി നടത്തുന്ന അധ്വാനവും വലിയ പ്രതിഫലാര്‍ഹം തന്നെ. ധാരാളം ഹദീസുകളില്‍ ഇതുസംബന്ധമായി നബി(സ്വ) സുവാര്‍ത്ത നല്‍കിയിട്ടുണ്ട്.
‘ഭാര്യ-സന്താനങ്ങളെ സംരക്ഷിക്കുന്നതിനായി അധ്വാനിക്കുന്നവനെയും അവരില്‍ അല്ലാഹുവിന്റെ ദീനീ കാര്യങ്ങള്‍ നടപ്പാക്കുകയും അനുവദനീയമായത് അവരെ ഭക്ഷിപ്പിക്കുകയും ചെയ്യുന്നവനെയും പാരത്രികമായി ശുഹദാക്കളുടെ പദവിയില്‍ അല്ലാഹു ആക്കാതിരിക്കില്ല’ (ത്വബ്റാനി).
മാതാപിതാക്കള്‍ക്ക് വേണ്ടി ചെലവഴിക്കാന്‍ അധ്വാനിക്കുന്നവന്‍ അല്ലാഹുവിന്റെ മാര്‍ഗത്തിലാണ്, കുടുംബത്തെ സംരക്ഷിക്കാന്‍ അധ്വാനിക്കുന്നവനും അല്ലാഹുവിന്റെ മാര്‍ഗത്തിലാണ് (ബൈഹഖി).
ആരോഗ്യവാനായ ഒരു യുവാവ് കുടുംബത്തിനു വേണ്ടി അധ്വാനിക്കുന്നതിനാല്‍ ഇസ്ലാമിക സമരങ്ങളില്‍ സംബന്ധിക്കാത്തതിനെ കുറിച്ച് സ്വഹാബികള്‍ സംസാരിച്ചു. ഇതുകേട്ടപ്പോള്‍ നബി(സ്വ) അധ്വാനത്തെ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമരം നടത്തുന്നതിനോടുപമിക്കുകയുണ്ടായി.
പെണ്‍കുട്ടികളെയും സഹോദരിമാരെയും സംക്ഷിക്കുന്നത് പ്രോത്സാഹിപ്പിച്ചുകൊണ്ട് നബി(സ്വ) പറഞ്ഞു: ‘രണ്ടു പെണ്‍കുട്ടികളെ അവര്‍ക്ക് പ്രായപൂര്‍ത്തിയെത്തും വരെ ഒരാള്‍ സംരക്ഷിച്ചാല്‍ ഞാനും അവനും അന്ത്യനാളില്‍ ഇങ്ങനെ (വിരലുകള്‍ ചേര്‍ത്തുപിടിച്ചാണിത് പറഞ്ഞത്) വരും’ (മുസ്ലിം).
‘മൂന്ന് പെണ്‍മക്കളെ ഒരാള്‍ വളര്‍ത്തി. അവര്‍ക്ക് ജീവിത ചിട്ടകള്‍ പഠിപ്പിച്ചു. അവരെ വിവാഹം ചെയ്തയച്ചു. അവരോട് നല്ല നിലയില്‍ വര്‍ത്തിച്ചു. എങ്കില്‍ അവന് സ്വര്‍ഗമുണ്ട്’ (അബൂദാവൂദ്).
നടുവിലരും ചൂണ്ടുവിരലും ചേര്‍ത്തുപിടിച്ചുകൊണ്ട് നബി(സ്വ) പറഞ്ഞു: ‘രണ്ടു പെണ്‍മക്കളെയോ മൂന്ന് പെണ്‍മക്കളെയോ രണ്ടു സഹോദരിമാരെയോ മൂന്ന് സഹോദരിമാരെയോ (അവരെ വിവാഹം ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍) അവര്‍ മരണപ്പെടും വരെയോ താന്‍ മരണപ്പെടും വരെയോ സംരക്ഷിച്ചാല്‍ ഞാനും അവനും ഇപ്രകാരമാണ്’ (അഹ്മദ്).
സ്വന്തം മക്കളായാലും സഹോദരിമാരായാലും അവര്‍ക്കുവേണ്ടി ചെയ്യുന്ന സേവനങ്ങളും ചെലവ് ചെയ്യലും പുണ്യകരമാണ്. സൗകര്യമൊത്താല്‍ അവരെ വിവാഹം ചെയ്തയക്കണം. വിവാഹത്തില്‍ നിന്ന് മനഃപൂര്‍വം തടയാന്‍ പാടില്ല. വിവാഹത്തിനു സാഹചര്യമൊത്തില്ലെങ്കില്‍ സംരക്ഷണം തുടരണം. അതും പ്രതിഫലാര്‍ഹമാണ്. മരണം വരെ ഇതു വേണം. ആണ്‍കുട്ടികളെ അപേക്ഷിച്ച് പെണ്‍കുട്ടികളില്‍ നിന്ന് ഭൗതികമായ വരുമാനങ്ങള്‍ കുറവായിരിക്കും. ഇത് അവരെ അവഗണിക്കുന്നതിന് കാരണമാവാതിരിക്കാന്‍ ഈ പ്രതിഫല വാഗ്ദാനം പ്രചോദനമാവണം.
സാധാരണ ഗതിയില്‍ സന്താനങ്ങളാണ് പിതാവിന്റെ കാലശേഷവും ജീവിക്കുക. ആ സമയത്തുകൂടി അവനുപകരിക്കുന്ന ജീവിത ചിട്ടകള്‍ നേരത്തെ പിതാവ് നല്‍കേണ്ടതാണ്. അതിനും പ്രതിഫലമുണ്ട്. ‘ഒരാള്‍ തന്റെ മകനെ ജീവിതചിട്ടകള്‍ (അദബ്) പഠിപ്പിക്കുന്നത് ഒരു സ്വാഅ് ദാനം ചെയ്യുന്നതിനെക്കാള്‍ പുണ്യമാണ്’ (തിര്‍മുദി). ‘നല്ല സംസ്കാരത്തേക്കാള്‍ ശ്രേഷ്ഠമായതൊന്ന് ഒരു പിതാവും തന്റെ പുത്രന് നല്‍കിയിട്ടില്ല’ (ഹാകിം).
എങ്ങനെയാണ് ‘അദബ്’ നല്‍കാന്‍ സാധിക്കുക? പണ്ഡിതര്‍ വിശദീകരിക്കുന്നു:
ബുദ്ധിയും പ്രായവും പാകത്തിനാവുന്ന സമയത്ത് മഹാന്മാരുടെ സ്വഭാവങ്ങള്‍ അനുസരിച്ച് വളര്‍ത്തുക, കുഴപ്പക്കാരും ദുഷ്ടന്മാരുമായ ആളുകളുമായി ഇടപഴകുന്നതില്‍ നിന്ന് തടയുക, ഖുര്‍ആന്‍ പഠിപ്പിക്കുക, സുന്നത്തുകളും മഹദ്വചനങ്ങളും കേള്‍പ്പിക്കുക, മതവിധി പഠിപ്പിക്കുക, നിസ്കാരം പോലെയുള്ള കാര്യങ്ങളിലെ കൃത്യവിലോപത്തില്‍ ആദ്യം ശാസിക്കുകയും പിന്നെ ശിക്ഷിക്കുകയും ചെയ്യുക. അദബ് നല്‍കുന്നതില്‍ ഉപദേശം, മുന്നറിയിപ്പ്, ശാസന, അടി, പുറത്തുവിടാതിരിക്കല്‍, സമ്മാനം നല്‍കല്‍, ഗുണം ചെയ്യല്‍ തുടങ്ങിയവ ഉള്‍പ്പെടും. ബഹുമാനം, ലജ്ജ, ഭരമേല്‍പ്പിക്കല്‍ തുടങ്ങിയവ ഉള്ളിലുറക്കേണ്ട നന്മകളാണ്. മതത്തിന്റെ നിയമപരിധികള്‍, അവകാശങ്ങള്‍, ഇസ്ലാമിക സ്വഭാവങ്ങള്‍ ശീലമാക്കല്‍ തുടങ്ങിയവ അല്ലാഹുവുമായുള്ള അദബില്‍ പെടുന്നു. ചെറുതും വലുതും നിസ്സാരവും സാരവുമായ എല്ലാ കാര്യങ്ങളിലും തിരുനബി(സ്വ)യെ പിന്തുടരലാണ് നബിയുമായുള്ള അദബ്. ഖുര്‍ആനികാശയങ്ങള്‍ക്ക് അങ്ങേയറ്റത്തെ വിധേയപ്പെടല്‍ വഴി ഖുര്‍ആനോട് അദബ് കാണിക്കണം. മതപരമായ ജ്ഞാനങ്ങള്‍ നേടണം. നല്ല നിലയില്‍ ഇടപഴകല്‍, മൃദുസമീപനം, സഹകരണം, സഹിഷ്ണുത തുടങ്ങിയവകൊണ്ട് സൃഷ്ടികളോട് അദബില്‍ പെരുമാറണം. പഠിപ്പിക്കുന്ന വിഷയത്തിന്റെ ഗൗരവത്തിനും മഹത്ത്വത്തിനുമനുസരിച്ച് പ്രതിഫലം ലഭിക്കുന്നതാണ് (ഫൈളുല്‍ ഖദീര്‍).
തന്നെയും കുടുംബത്തെയും ആശ്രിതരെയും നരകത്തില്‍ നിന്നും അതിന് നിമിത്തമാകുന്നവയില്‍ നിന്നും സംരക്ഷിക്കുന്നതിനായി പ്രവര്‍ത്തിക്കുന്നതോടൊപ്പം ഐഹികമായി കൂടി സംരക്ഷിക്കുന്നവരാണ് നല്ല രക്ഷിതാക്കള്‍. സന്താനങ്ങള്‍ പൂര്‍ണമായും നമ്മുടെ കീഴില്‍ വളര്‍ന്ന് വലുതാവുകയാണ്. അവരെ ശരിയാം വണ്ണം വളര്‍ത്താതിരിക്കുന്നതും ആവശ്യമായത് നല്‍കാതിരിക്കുന്നതും അവഗണിക്കുന്നതും അപകടം വരുത്തും. ഭാര്യമാരുടെ ദൗര്‍ബല്യങ്ങളും ആലോചനക്കുറവും പരിഹരിക്കുന്നതിനുള്ള അധികാരം പുരുഷനായ ഭര്‍ത്താവിനുണ്ട്.
ഇസ്ലാമിക നിയമങ്ങള്‍ പച്ചയായി ലംഘിച്ച് നടക്കുന്ന സന്താനങ്ങളും സ്ത്രീകളും നല്ലതല്ലാത്ത കുടുംബനാഥനെയാണ് അടയാളപ്പെടുത്തുന്നത്. വസ്ത്രധാരണവും യാത്രകളും സ്വഭാവ രീതികളും ജീവിത ശീലങ്ങളും മോശമായിക്കൊണ്ടിരിക്കുന്ന സമൂഹത്തിനിടയിലാണ് നാം ജീവിക്കുന്നത്. എല്ലാവരെയും തിരുത്താനും ശുദ്ധീകരിക്കാനും നമുക്കാവില്ലായിരിക്കാം. സ്വന്തം അധികാര പരിധിയിലുള്ളവരെ അച്ചടക്കത്തില്‍ വളര്‍ത്താന്‍ കഴിയാതിരിക്കുന്നത് ഗൃഹനാഥന്റെ പരാജയമാണ്.
ഭാര്യയോടുള്ള സ്നേഹം അവളുടെ ആഖിറം നഷ്ടപ്പെടുന്നതിന് കാരണമാവരുത്. മക്കളോടുള്ള വാത്സല്യം വാശിക്കും അനാവശ്യങ്ങള്‍ക്കുമൊക്കെ വഴങ്ങി അവരെ നാശത്തില്‍ ചാടിക്കുന്നതുമാകരുത്. അവരെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കണം. സ്ത്രീകള്‍ തങ്ങള്‍ക്കുമേല്‍ അല്ലാഹു ഏര്‍പ്പെടുത്തിയ രക്ഷാകവചത്തെ പരിഗണിക്കുകയും വേണം. അവരെ നിസ്സാരന്മാരാക്കും വിധം ആവശ്യങ്ങള്‍ നേടാന്‍ ശ്രമിക്കുന്നത് ശരിയല്ല. ഭര്‍ത്താവിന്റെ പൗരുഷത്തെ നിഷ്പ്രഭമാക്കുന്ന സമീപനം വരാതെ നോക്കണം. ഭര്‍ത്താവിന്റെ അഭിമാനത്തിനും സമ്പത്തിനും ക്ഷതമേല്‍ക്കുന്നത് ശരീരത്തിന് ക്ഷതമേല്‍ക്കുന്നതിനേക്കാള്‍ ഗുരുതരമാണ്. ഭര്‍ത്താവിനെ ഒരു നല്ല കുടുംബനാഥനെന്ന അവസ്ഥയിലേക്ക് ഉയര്‍ത്തുന്നതിന് സഹായിക്കാന്‍ ഭാര്യക്കാകും. കുടുംബനാഥനെന്ന അധികാരഭാവം പുറത്തെടുത്ത് ധിക്കാരിയാകാനല്ല, കുടുംബനാഥയെ പരിഗണിച്ച് സഹകാരിയാവാന്‍ പുരുഷനും തയ്യാറാവണം. പരസ്പര സഹകരണമാണ് ജീവിത സംതൃപ്തി.

അലവിക്കുട്ടി ഫൈസി എടക്കര