തസ്വവ്വുഫും ഫിഖ്ഹും തമ്മിലുള്ള നിസാരമായ ചില പൊരുത്തക്കേടുകള്‍
രണ്ടിന്റെയും പിറവി തൊട്ടേ നിലനിന്നതായി നാം മനസ്സിലാക്കണം. എന്നാല്‍
പരിശുദ്ധ പ്രവാചകന്‍ മുഹമ്മദ് നബി(സ്വ)യുടെയും അവിടത്തെ പ്രതിഭാധനരായ
പിന്‍ഗാമികളുടെയും നേര്‍കാലത്ത് അവ രണ്ടും തമ്മിലുള്ള വിയോജിപ്പുകളെക്കാള്‍
യോജിപ്പുകള്‍ മാത്രമായിരുന്നു പ്രകടമായിരുന്നത്. അതിനു കാരണം പ്രവാചകന്റെ
തേജോമയ സാന്നിധ്യവും അനുയായികള്‍ പുലര്‍ത്തിയ അപാരമായ അനുസരണയും ഭയഭക്തിയും
നിഷ്‌കളങ്കതയും വിശ്വാസദാര്‍ഢ്യവുമെല്ലാം ആയിരുന്നു. ശരീഅത്തിന്റെ
പട്ടുപാതയിലൂടെ മുന്നേറുകയും ത്വരീഖത്തിന്റെ രാജസ്ഥാനങ്ങളെ കരഗതമാക്കുകയും
ഹഖീഖത്തിന്റെ സൗവര്‍ണ സ്വര്‍ഗങ്ങളെ മുജാഹദയിലൂടെ കവര്‍ന്നെടുക്കുകയും
ചെയ്തിരുന്ന ആ മഹത്തുക്കളധികവും ജീവലോകത്തു നിന്നേ സ്വര്‍ഗം കിനാവിലല്ലാതെ
കണ്ടവരായിരുന്നു.
കേരളീയ പശ്ചാത്തലത്തില്‍ മാത്രമല്ല, പില്‍കാലത്ത് ലോകതലത്തില്‍ തന്നെ രണ്ടും തമ്മിലുള്ള ഭിന്നതകള്‍ ഉടലെടുത്തിട്ടുണ്ട്. അവയത്രയും മാനുഷികമായ ചിന്താപരതയുടെ ഏറ്റക്കുറച്ചിലുകള്‍ കാരണമായി ഉടലെടുത്തതുമാണ്. അനുഭവതലങ്ങളുടെ അഗാധതകളുമായി മാത്രമേ സ്വൂഫിസത്തിനു ബന്ധമുള്ളൂ. നേര്‍ക്കു നേരെ കാണുന്ന പ്രക്രിയാരൂപങ്ങളോട് അതിനു ബന്ധമില്ല. എന്നല്ല, നേര്‍ക്കു നേരെയുള്ള ള്വാഹിറുകള്‍ മനുഷ്യരെ വഞ്ചിതരാക്കുന്നു എന്നത് ത്വരീഖത്തുകളുടെ ഉള്‍സാര നിര്‍ദ്ദേശങ്ങളിലൊന്നാണ്. ഫിഖ്ഹാകട്ടെ ള്വാഹിറായ രൂപല്‍ഘടനാ വൈശിഷ്ട്യങ്ങളും ആധാര രീതികളുമാണ്.
ത്വരീഖത്ത് നിര്‍ബന്ധങ്ങളുടെ മേച്ചില്‍ പുറമല്ല. ആധുനിക ലോകത്തോട് സ്‌നേഹത്തിന്റെ പൊരുളാഖ്യായികളുമായി സംവദിക്കുന്ന ഒരു മഹത്സാരഗുരു പറഞ്ഞത് ശ്രദ്ധിക്കുക: ‘അത്ത്വരീഖത്തു ലൈസ ലി കുല്ലിന്നാസി…’(ത്വരീഖത്ത് എല്ലാവര്‍ക്കുമുള്ളതല്ല)
എന്നാല്‍ ശരീഅത്തിന്റെ ആന്തരാര്‍ത്ഥ ചൈതന്യം ത്വരീഖത്തുമായി ബന്ധപ്പെട്ടു നില്‍ക്കുന്നതാണെന്ന് ഇമാം ശാഫിഈ(റ) പഠിപ്പിക്കുന്നത് ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം(റ) ഹിദായത്തുല്‍ അദ്കിയാഇല്‍ ഊന്നലുകളോടെ എടുത്തു പറഞ്ഞിട്ടുണ്ട്. ശരീഅത്തില്‍ നിലനില്‍ക്കെ തന്നെ ത്വരീഖത്തിലേക്ക് പ്രവേശിക്കണമെങ്കില്‍ അതിനിസ്തുലമായ ആധ്യാത്മികബോധവും ബാത്വിന്‍ മനസ്സിലാക്കാനുള്ള കഴിവും വേണം. ഒരുദാഹരണം നമുക്ക് പരിശോധിക്കാം.
റസൂല്‍ കരീം(സ്വ) നിസ്‌കാരത്തെക്കുറിച്ചു പറഞ്ഞ പ്രസിദ്ധമായ ഹദീസിന്റെ സാമാന്യമായ അര്‍ത്ഥത്തില്‍ ഈ കാലഘട്ടത്തിലെ സുന്നികളും സലഫികളും തമ്മില്‍ പോലും യോജിപ്പുകള്‍ നാം കാണുന്നു. സുന്നികളും സലഫികളും ഒന്നാണെന്നു പറഞ്ഞ് അപഹസിക്കുകയല്ല. മറിച്ച് ഉള്‍സാരങ്ങളറിയാതെ ഫിഖ്ഹ് മുറുകെപ്പിടിച്ച് അല്ലാഹുവോടും പ്രവാചകനോടും പ്രേമനിബദ്ധമല്ലാത്ത മനസ്സോടെ നടക്കുന്നവര്‍ എത്രമേല്‍ വലിയ സുന്നിയാണെന്നു പറഞ്ഞാലും ബിദഈ വാദങ്ങളില്‍ നിന്ന് കരകയറിയ ഈയുള്ളവനെപ്പോലുള്ളവര്‍ക്ക് അത് സലഫിസത്തെപ്പോലെ മാത്രമേ തോന്നുന്നുള്ളൂ. ഹദീസ് ഇതാണ്: ‘സ്വല്ലൂ കമാ റഅയ്തുമൂനീ ഉസ്വല്ലീ…..’
സുന്നികളായ ഫിഖ്ഹ് പണ്ഡിതന്‍മാര്‍ ഈ ഹദീസ് അവലംബിച്ച് എല്ലാ നിവേദകന്‍മാരും പരമ്പരയിലുള്‍പ്പെട്ട സ്വഹാബത്തും പരിശുദ്ധ പ്രവാചകന്റെ നിസ്‌കാരത്തിന്റെ ബാഹ്യമായ നിസ്‌കാരത്തെ എങ്ങനെ പരിവീക്ഷിച്ചു എന്ന് നോക്കുകയും അതിനെ ഉപയോഗപ്പെടുത്തി നിസ്‌കാരത്തിന്റെ ബാഹ്യമായ ഒരു ചട്ടക്കൂട് രൂപപ്പെടുത്തുകയും ചെയ്തു. അതിനോട് സ്വൂഫികള്‍ക്കു വിരോധവുമില്ല.
സലഫികളാകട്ടെ ആ നിസ്‌കാരത്തിന്റെ ബാഹ്യമായ ചട്ടക്കൂടില്‍ നിന്ന് ഇളകി നില്‍ക്കുന്ന അടരുകള്‍ മുഴുവന്‍ പറിച്ചെടുത്ത് നിസ്‌കാരം കൂടുതല്‍ പ്രകടനപരമാവും വിധം കൃത്രിമമായ തഖ്‌വയും ഏകതാനതയും ശീലിപ്പിക്കാനാണ് ഉദ്ദേശിച്ചത്. ആധുനികകാലത്ത് അവര്‍ നിസ്‌കാരത്തെ പരിഷ്‌കരിച്ച് പരിഷ്‌കരിച്ച് ഇപ്പോള്‍ ‘ദുആഉല്‍ ഇഫ്തിതാഹ്’ വരെ ഓതേണ്ടതില്ല എന്ന സൈദ്ധാന്തിക ദുര്‍വാശിയിലെത്തിയിട്ടുണ്ട്. അഥവാ ന്യായമായ പ്രമാണങ്ങളിലൂടെ ‘വജ്ജഹ്തുവി’ലേക്ക് പോകാന്‍ സലഫികള്‍ക്ക് സാധിക്കുന്നില്ല. പദാര്‍ത്ഥപരമായ ഒരു നിസ്‌കാര രൂപത്തിലേക്ക് അവര്‍ ഉടന്‍ തന്നെ ചെന്നെത്താനും സാധ്യതയുണ്ട്. നെഞ്ചത്ത് കൈ കുത്തിക്കെട്ടിച്ചും അത്തഹിയ്യാത്തില്‍ വിരല്‍കൊണ്ട് റിയാലിറ്റി ഷോ നടത്തിയും സാധ്യമാകുന്ന ഒരു ഒരു പ്രകടമായ ആരാധനാരൂപം മാത്രമായിട്ടാണ് അവര്‍ നിസ്‌കാരത്തെ കാണുന്നത്.
എന്നാല്‍ സ്വൂഫികളുടെ ഈ ഹദീസുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങളത്രയും സുന്നികളുടെ ഫിഖ്ഹീ നിര്‍മാണപരതക്ക് ഊനം തട്ടിക്കാത്തതും ശരീഅത്തിനെ കൂടുതല്‍ ബലപ്പെടുത്തിക്കൊണ്ട് ത്വരീഖത്തിലേക്കും പിന്നെ ഹഖീഖത്തിലേക്കും പ്രവേശിക്കുന്നതുമാണ്. അവര്‍ ‘റഅ്‌യ്’ എന്ന ആ ഹദീസിലെ വാചകത്തെ കുറച്ചുകൂടി ആധ്യാത്മികമായി മനസ്സിലാക്കി. മുറബ്ബിയും കാമിലുമായ ഒരു ത്വരീഖത്തിലെ ശൈഖ് തന്റെ മുരീദിനു നല്‍കുന്ന ആധ്യാത്മപ്രധാനമായ കാഴ്ചയിലൂടെ ഒന്നാമതായി അവന്‍ റസൂലി(സ്വ)ന്റെ നിസ്‌കാരത്തെ വീക്ഷിക്കണം. അപ്പോള്‍ ശാരീരികമായ ഫിഖ്ഹിനെക്കാള്‍ ആന്തരികവും ഹൃദയപരവുമായ ഒരു അനുഭവബാധ്യത നിസ്‌കാരത്തില്‍ രൂപപ്പെടുന്നു. ഈമാനിന്റെയും തഖ്‌വയുടെയും ചൈതന്യം അവരില്‍ ഉടക്കി നില്‍ക്കുന്നു. പിന്നീട് നിസ്‌കരിക്കുന്നവന്റെ സ്വന്തം ഊഴമാണ്. ഹഖീഖത്തു കാണാന്‍ കെല്‍പുള്ള അവന്റെ ആത്മാവിന്റെ അകക്കണ്ണു കൊണ്ട് അവനെങ്ങാനും പ്രവാചകര്‍(സ്വ) തങ്ങളുടെ തേജോരൂപത്തെ കാണാന്‍ കഴിഞ്ഞാല്‍ അവന്റെ നിസ്‌കാരം ഇഹ്‌സാന്‍, ഖുശൂഅ്, ഖുളൂഅ് എന്നീ വിതാനങ്ങള്‍ പുഷ്പിച്ചു നില്‍ക്കുന്ന ഹഖീഖത്തിന്റെ മലര്‍ത്തോപ്പുകളില്‍ വെച്ചു തന്റെ നിസ്‌കാരം നിര്‍വഹിക്കപ്പെടുന്നതായി തോന്നുന്നു. നിസ്‌കാരം പ്രേമ പാരവശ്യത്തോടെ പ്രവാചക പ്രതിദര്‍ശനത്തെ സാധ്യമാക്കുന്ന ആര്‍ദ്രമായ ഒരതിന്ദ്രീയ ഭാവമായും അനുരാഗത്തിന്റെ ലോലമായ ഭാഷയില്‍ സ്രഷ്ടാവിനോട് നടത്തുന്ന മുനാജാത്തായും മിഅ്‌റാജായും അവര്‍ക്ക് അനുഭവപ്പെടുകയും ചെയ്യും. ഇങ്ങനെ അനുഭവപരവും അനുഭവപരമല്ലാത്തതുമായ രണ്ടു തലം ഫിഖ്ഹിനെയും തസ്വവ്വുഫിനെയും വീക്ഷിക്കുമ്പോള്‍ കാണാനാകും.
ശരീഅത്തിന്റെ സാമാന്യസാധ്യമായ രൂപത്തില്‍ അതിനാവശ്യമായ നിഷ്‌കളങ്കമായ ഭയഭക്തി പ്രകടിപ്പിക്കുന്ന ഒരാള്‍ക്ക് ത്വരീഖത്തിന്റെ ആവശ്യമില്ലാതെ തന്നെ അതിന്റെ ഫലപ്രാപ്തിയിലെത്താന്‍ സാധിക്കും. അഥവാ ശരീഅത്ത് നിര്‍ബന്ധമായും പുലര്‍ത്തേണ്ട ബാഹ്യരൂപമാണെങ്കില്‍ തസ്വവ്വുഫ് സാധ്യതയുള്ളവന്‍ മാത്രം നിര്‍ബന്ധരൂപത്തിലല്ലാതെ അനുഷ്ഠിക്കേണ്ട സാധനയാണ്. കര്‍മാനുഷ്ഠാനങ്ങളുടെ ആന്തരിക യാഥാര്‍ത്ഥ്യങ്ങളിലുള്ള മുത്തും പവിഴവും വാരിയെടുക്കണമെങ്കില്‍ തസ്വവ്വുഫ് അനിവാര്യവുമാണ്. പദാര്‍ത്ഥപരമായി ചിന്തിച്ചാല്‍ സ്വാദും രുചിയും ഭക്ഷണവസ്തുക്കളില്‍ നിന്നും രുചിച്ചറിയാനുള്ളവയില്‍ നിന്നും വേര്‍പ്പെട്ടു നില്‍ക്കുന്നവയായിരിക്കും. അപ്പോള്‍ ഭക്ഷണം കേവലം പോഷണത്തിനുള്ളതായി മാറും. എന്നാല്‍ ആസ്വാദ്യത നുകരണമെന്നുള്ളവര്‍ക്ക് സ്വാദും രുചിയും അതുനുള്ളില്‍ കാണപ്പെടണമെന്നത് നിര്‍ബന്ധമാണ്. അതോടെ പുളിയും, ചവര്‍പ്പും, കയ്പും, മധുരവുമൊക്കെ പദാര്‍ത്ഥങ്ങളിലെ വിലയനഘടകമായി നാം അനുഭവിക്കുന്നു. ഇതുപോലെയുള്ള വ്യത്യാസവും ഒരുമയുമാണ് ശരീഅത്തിലും ത്വരീഖത്തിലുമുള്ളത്.
ശരീഅത്ത് നിര്‍ബന്ധങ്ങളുടെയും നിബന്ധനകളുടെയും കര്‍ക്കശരൂപത്തിലുള്ള ഹാര്‍ഡ് കോര്‍ ആണെങ്കില്‍ തസ്വവ്വുഫ് ആര്‍ദ്രതയുടെയും വിലയനത്തിന്റെയും സോഫ്റ്റ്‌വെയറാണ്. അതുകൊണ്ടു തന്നെ ആദ്യ കാലം തൊട്ടേ തസ്വവ്വുഫ് പുലര്‍ത്തി ശരീഅത്തിലൂടെ മുന്നേറുന്നവരുണ്ടായിട്ടുണ്ട്. ശരീഅത്തിലൂടെ മാത്രം മുന്നേറുന്നവരുമുണ്ടായിട്ടുണ്ട്. എന്നാല്‍ അവ രണ്ടും തമ്മില്‍ കലഹിക്കുന്ന ഉഷ്ണമേഖലകള്‍ ഒട്ടുമുണ്ടായിരുന്നില്ല.
ജനങ്ങള്‍ ശരീഅത്തിലൂടെ മാത്രം മുന്നേറുകയും കര്‍മങ്ങളുടെ ബാഹ്യതമസാധ്യതകള്‍ മാത്രം വല്ലാതെ അവലംബിക്കുകയും ചെയ്ത കാലഘട്ടത്തിലാണ് പ്രവാചകകാലത്തില്‍ നിന്നും അനുയായികളുടെ കാലത്തില്‍ നിന്നുമൊക്കെ വിഭിന്നമായി ജനങ്ങള്‍ക്ക് തസ്വവ്വുഫിന്റെ ഉള്‍പ്പുളകങ്ങള്‍ കൂടി കാണിച്ചു കൊടുത്തേതീരൂ എന്ന തീരുമാനങ്ങള്‍ പ്രകാരം മഹാനായ താവഴിഗുരു ഹസ്വന്‍ ബസ്വ്‌രി, അബ്ദുല്ലാഹിബ്‌നുല്‍ മുബാറക്(റ) എന്നിവരെപ്പോലുള്ളവര്‍ ത്വരീഖത്തിന്റെ രൂപാവിഷ്‌കാരങ്ങളിലേക്ക് തിരിഞ്ഞു കൊണ്ട് ജനങ്ങളെ നയിക്കാന്‍ തുടങ്ങിയത്.
കര്‍മങ്ങളുടെ ഇഹ്‌സാനിക തലം ജനങ്ങള്‍ക്ക് വല്ലാതെ നഷ്ടപ്പെടുന്നുവെന്ന് തോന്നിയപ്പോള്‍ തന്നെ ഇമാം ശാഫിഈ(റ)യെ പോലുള്ളവര്‍ ഇപ്രകാരം ജനങ്ങളോടെ നിര്‍ദ്ദേശിച്ചിട്ടുണ്ട്:
ഫഖീഹന്‍ വ സ്വൂഫിയന്‍ വലാ തകു വാഹിദന്‍/ വഇന്നീ വ ഐമുല്ലാഹി ഇയ്യാക അന്‍സ്വഹൂ….” (നീ അനുഷ്ഠാനം മാത്രമറിയുന്ന കര്‍മശാസ്ത്രജ്ഞന്‍ മാത്രമാവരുത്, വിവരമില്ലാത്ത സ്വൂഫിയും ആവരുത്. ഫഖീഹും സ്വൂഫിയുമൊത്ത വ്യക്തിത്വം നിന്നില്‍ കാണണം. എന്നു ഞാന്‍ അല്ലാഹു തന്ന അതേ ഉപദേശം നിനക്കു നല്‍കുന്നു)
ഇമാം ശാഫിഈ(റ)യുടേതടക്കമുള്ള നിര്‍ദേശങ്ങള്‍ പരിലംഘിച്ചു കൊണ്ട് ഫുഖഹാക്കള്‍ ള്വാഹിറായ കര്‍മരൂപങ്ങളില്‍ സ്വയം ബന്ധിതരാവുകയും ശരീഅത്തിന്റെ മഹിതവലയത്തെ മനസ്സിലാക്കാതെ സ്വൂഫികള്‍ ള്വാഹിറിനെ പുച്ഛിക്കുകയും ചെയ്യാനും തുടങ്ങിയതോടെ അന്നും ഇന്നും കൂടുതല്‍ വൈരുദ്ധ്യങ്ങള്‍ ഉടലെടുക്കുകയാണ് ചെയ്തത് എന്നതാണ് പരമസത്യം. എന്നാല്‍ വൈരുദ്ധ്യങ്ങളില്ലാതെ ഇവ സമന്വയിക്കുന്നതിന്റെ മേഖലകള്‍ മഹാനായ ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം(റ) തന്റെ ഹിദായതുല്‍ അദ്കിയാഇല്‍ ചൂണ്ടിപ്പറയുന്നതു ശ്രദ്ധിക്കുക:
‘വ അഇമതുന്‍ കശ്ശാഫിഇയ്യി വ നഹ്‌വിഹി/ കാനൂ അലാ സിത്തിന്‍ ഖിസ്വാലിന്‍ കുമ്മലാ/ സുഹ്ദുന്‍ സ്വലാഹുന്‍ വല്‍ ഇബാദത്തു ഇല്‍മുഹും/ ബി ഉലൂമിന്‍ ഉഖ്ബാ നാഫിആത്തിന്‍ ലില്‍ മലാ’ മദ്ഹബിന്റെ ഇമാമായ ഇമാം ശാഫിഈയും മറ്റുള്ളവരും ആറുകാര്യങ്ങളില്‍ അന്യൂനരും പൂര്‍ണരുമായിരുന്നു. സുഹ്ദ്, സ്വലാഹ്, ഇബാദത്ത്, ജനോപകാരപ്രദമായ പരലോകജ്ഞാനം എന്നിവയാണ് അതിലുള്ള ആദ്യത്തെ നാലെണ്ണം.)
‘വ കദല്‍ ഫഖാഹത്തു ഫീ മസ്വാലിഹി ഖല്‍ഖിനാ/ വ ഇറാദത്തുന്‍ ബി തഫഖുഹി റബ്ബല്‍ ഉലാ…’ അഞ്ചാമത്തെ കാര്യം സൃഷ്ടികള്‍ക്കുള്ള മസ്വ്‌ലഹത്തിനെക്കുറിച്ചുള്ള അറിവും ആറാമത്തേത് ഫിഖ്ഹീജ്ഞാനം കൊണ്ട് അല്ലാഹുവിനെ മാത്രം കരുതുക എന്നതുമായിരുന്നു)
‘ഫുഖഹാഉനാ ഖദ് താബഊ ഫീ ഫിഖ്ഹിഹിം/ ലാ ഗൈറു ഫത്ബഅ് ലില്‍ ജമീഇ ലി തഫ്‌ളുലാ…’ (എന്നാല്‍ നമ്മുടെ ഫുഖഹാക്കളാകട്ടെ ഈ ആറില്‍ ഫിഖ്ഹ് മാത്രം അനുധാവനം ചെയ്തു. മറ്റുള്ള അഞ്ചിനെയും അവഗണിച്ചു. വിശിഷ്ടനാവണമെങ്കില്‍ ആറില്‍ ഒന്നുപോലുമുപേക്ഷിക്കാതെ അവയെ പിന്തുടരുക)
മഹാവിജ്ഞാന ഗോപുരമായിരുന്ന ഇമാം അബൂഹാമിദുല്‍ ഗസ്സാലി(റ)യുടെ ജീവസാരം ഇവിടെ ഗ്രഹിച്ചെടുക്കല്‍ നമുക്ക് ഉത്തമമായിരിക്കും.
ഇമാം അബൂഹാമിദുല്‍ ഗസ്സാലി ആത്മസംഘര്‍ഷം നിറഞ്ഞ സ്വത്വപ്രതിസന്ധികളുടെ ഉഷ്ണമേഖലകള്‍ തരണം ചെയ്താണ് മതവിജ്ഞാനങ്ങളുടെ പുനരുജ്ജീവനത്തിലേക്ക് പ്രവേശിക്കുന്നത്. സ്വൂഫീ ദര്‍ശനങ്ങളുടെ ഉപജ്ഞാതാവായിരുന്ന ഹാരിസുല്‍ മുഹാസിബി(റ)ന്റെ കിതാബുര്‍രിആയ എന്ന ഗ്രന്ഥമാണ് അദ്ദേഹത്തിന്റെ സ്വത്വപ്രതിസന്ധിയെ മറികടക്കാന്‍ സഹായകമായിത്തീര്‍ന്നത് എന്ന് അദ്ദേഹം തന്നെ പ്രസ്താവിക്കുന്നുണ്ട്.
ഉസ്വൂലുല്‍ ഫിഖ്ഹിലെ പ്രശ്‌നാധിഷ്ഠിതമായ വിഷയങ്ങള്‍ മനസ്സിലെടുത്തിട്ട് നിസ്‌കാരത്തില്‍ പോലും അത്തരം വിഷയങ്ങള്‍ ആലോചിച്ചു കൊണ്ട് ഇമാം ഗസ്സാലി നടക്കുമ്പോള്‍, പള്ളിയില്‍ വന്നു നിസ്‌കരിക്കാത്ത അനുജന്‍ അഹ്മദുല്‍ ഗസ്സാലി പ്രത്യക്ഷത്തില്‍ നിസ്‌കാരം പോലും ഇല്ലാത്തവനാണെന്ന ജനങ്ങളുടെ ആരോപണം ഇമാമിനെ വല്ലാതെ അലട്ടിയിരുന്നു. അവരുടെ മാതാവിന് തസ്വവ്വുഫിനു പിറകെപ്പോയ അനുജനെക്കാള്‍ ഇമാമായ ജ്യേഷ്ഠനോടും അദ്ദേഹത്തിന്റെ വിദ്വല്‍പ്രഭാവത്തോടും നല്ല മതിപ്പുണ്ടായിരുന്നു. ഹുജ്ജതുല്‍ ഇസ്‌ലാമിന്റെ അഭ്യര്‍ത്ഥന മാനിച്ച് ഉമ്മ സ്‌നേഹപൂര്‍വം അഹ്മദിനോട് പള്ളിയില്‍ പോയി നിസ്‌കരിക്കാന്‍ ഉപദേശിക്കുകയുണ്ടായി. അങ്ങനെ അനുജന്‍ പള്ളിയില്‍ നിസ്‌കരിക്കാന്‍ വന്നതും നിസ്‌കാരം ആരംഭിച്ച് ഒരു റക്അത്ത് പോലും പിന്നിടുന്നതിനു മുമ്പ് ഇമാമായി നില്‍ക്കുന്ന ജ്യേഷ്ഠന്റെ തൊട്ടുപിറകിലെ ഒന്നാംവരിയില്‍ നിന്ന് ആളുകളുടെയെല്ലാം നിസ്‌കാരം മുടങ്ങുമാറ് കുത്തനെ ഇറങ്ങിനടക്കുകയും ചെയ്ത സംഭവം പ്രസിദ്ധമാണ്. പിന്നീട് നിസ്‌കാരം ശ്രദ്ധതെറ്റിച്ചതിനെ കുറിച്ച് ക്ഷുഭിതനായ ഗസ്സാലി ഇമാം ചോദിച്ച ചോദ്യത്തിന് അനുജന്‍ പറഞ്ഞ മറുപടി അദ്ദേഹത്തെ ഇരുത്തിച്ചിന്തിപ്പിച്ചു; ‘സ്ത്രീകളുടെ ഋതുരക്തത്തില്‍ കുളിച്ചല്ലേ പ്രിയ സഹോദാരാ അങ്ങ് നിസ്‌കാരത്തില്‍ ഇമാം നിന്നിരുന്നത്? പിന്നെങ്ങനെ താങ്കളുടെ ശ്രദ്ധയില്ലാത്ത നിസ്‌കാരത്തില്‍ ഞാനും തുടരും?’
ഈ മറുപടി കേട്ട് ഇമാം ഗസ്സാലി തലയില്‍ കൈവെക്കുക തന്നെ ചെയ്തു. കാരണം നിസ്‌കാരത്തില്‍ ഇമാം നില്‍ക്കുകയായിരുന്ന അദ്ദേഹത്തിന്റെ മനസ്സിലപ്പോള്‍ സ്ത്രീകളുടെ ആര്‍ത്തവരക്തവുമായി ബന്ധപ്പെട്ട ഒരു മസ്അല കുരുക്കഴിക്കുന്നതിന്റെ വ്യഗ്രതയായിരുന്നു. എന്നാല്‍ അതെങ്ങനെ നിസ്‌കരിക്കാന്‍ പോലും വിമുഖത കാട്ടുന്ന തന്റെ അനിയന്‍ കണ്ടെത്തി? ഏത് അദൃശ്യശക്തിയാണ് അവന്റെ ഈ കണ്ടെത്തലിനെ സഹായിച്ചത്? അങ്ങനെ അദ്ദേഹം തുടങ്ങിവെച്ച സഹോദരന്റെ രഹസ്യവിജ്ഞാനങ്ങളുടെ വാതായനങ്ങളെ കുറിച്ചുള്ള അന്വേഷണം അദ്ദേഹത്തെ ആത്മജ്ഞാനത്തിന്റെ ഗിരിശൃംഖങ്ങളിലേക്കുയര്‍ത്തുക തന്നെ ചെയ്തു. അങ്ങനെയാണ് അനുജന്റെ ഗുരുനാഥനായ സ്വൂഫിവര്യന്‍ മുഹാസിബിനെ അദ്ദേഹം കണ്ടെത്തുന്നത്. പില്‍ക്കാലത്ത് അനുജന്റെ കഴിവുകളെ കുറിച്ച് ബോധ്യമായ അദ്ദേഹം അവനെ മദ്‌റസാ നിസാമിയ്യയുടെ ഉത്തരവാദിത്വം ഭരമേല്‍പിച്ച് സുദീര്‍ഘമായ ആധ്യാത്മിക പര്യവേക്ഷണങ്ങള്‍ ആരംഭിച്ചു. സ്വന്തം ഗുരുവര്യനായിരുന്ന ഇമാമുല്‍ ഹറമൈനി അബുല്‍ മുആലി അബ്ദുല്‍ മലികി(റ)നു പോലും കൈയെത്തിപ്പിടിക്കാനാവാത്ത ഉയരങ്ങള്‍ അദ്ദേഹം വൈജ്ഞാനിക ചക്രവാളത്തില്‍ കീഴടക്കിയിരുന്നു. ‘ക്ഷോഭിക്കുന്ന സമുദ്രം’ എന്ന് അദ്ദേഹം ഗുരുവര്യന്റെ നാമധേയത്താല്‍ തന്നെ ശ്രുതിപെടുകയും ചെയ്തിരുന്നു. എന്നാല്‍ ആ മഹത്വവും കീര്‍ത്തിയും ഉപേക്ഷിച്ചാണ് ഗസ്സാലി ഇമാം യാത്രകള്‍ക്ക് തുടക്കം കുറിച്ചത്. ആ വഴിയില്‍ സുഹൃത്തും സഹപാഠിയുമായിരുന്ന രാഷ്ട്രീയ നേതാവ് നിസാമുല്‍ മുല്‍ക് ത്വൂസി വെച്ചു നീട്ടിയ സ്ഥാനമാനങ്ങളും ധാരാളമുണ്ടായിരുന്നു.
പണ്ഡിതരുടെ മേഖലയില്‍ അധര്‍മത്തെ വ്യവസ്ഥാപിക്കുന്ന ‘ഉലമാഉസ്സൂഅ്’ എന്ന ഒരു വിഭാഗം ഉണ്ടെന്നും എന്നാല്‍ സത്യത്തെ സംസ്ഥാപിക്കുന്ന ‘അല്‍ ഉലമാഉല്‍ ഹഖ്ഖ്’ എന്ന വിഭാഗമാണ് മതകീയജ്ഞാനങ്ങളുടെ ഉജ്ജീവനത്തിന് വഴിയാധാരമാകുന്നതെന്നും അദ്ദേഹം നിദര്‍ശിച്ചു. എന്നാലിത് ആസ്ഥാന- കൊട്ടാര ആശ്രിതരായിരുന്ന മഹാഭൂരിപക്ഷം ആളുകളെയും ഇളകിമറിച്ചു. അവര്‍ അദ്ദേഹത്തിനു നേരെ വാളെടുത്ത് ഉറഞ്ഞുതുള്ളുമ്പോഴും അദ്ദേഹം ഉച്ചത്തില്‍ അവരോടു ചോദിച്ചു:
‘വ ഹല്‍ അഫ്‌സദ ദ്ദീന ഇല്ലല്‍ മുലൂകു വര്‍റുഹ്ബാന്‍? (ഇത്തരം രാജാക്കന്‍മാരും അവരുടെ റാന്‍മൂളികളുമായ പുരോഹിതന്‍മാരും തന്നെയല്ലേ ദീനിനെ നശിപ്പിച്ചത്?)’
ഇഹ്‌യാ ഉലൂമിദ്ദീനില്‍ അദ്ദേഹം പറയുന്നത് കാണുക: ‘ഭരണകര്‍ത്താക്കള്‍ ചീത്തയായതു കാരണം പ്രജകളും, പണ്ഡിതന്‍മാര്‍ ജീര്‍ണിച്ചതു കാരണം ഭരണകര്‍ത്താക്കളും നാഥന്‍മാരില്ലാത്തവരായിത്തീര്‍ന്നിരിക്കുന്നു. ആലിമീങ്ങള്‍ പിഴച്ചു പോകാന്‍ കാരണം സ്ഥാനമാനങ്ങളോടും പണത്തോടുമുള്ള ആര്‍ത്തി അവരുടെയും സത്യത്തിന്റെയും ഇടയില്‍ മറയിട്ടതാണ്.’
വളരെ ചെറുപ്പത്തില്‍ തന്നെ ഇങ്ങനെ വിപ്ലാവാത്മകവും ചടുലവുമായ വാഗ്വിലാസം കൊണ്ട് വഴിപിഴച്ച യുക്തിവിചാരങ്ങളെയും തത്ത്വശാസ്ത്രങ്ങളെയും നേരിട്ടതു കൊണ്ടു തന്നെയാണ് അദ്ദേഹം ക്ഷോഭിക്കുന്ന സമുദ്രം എന്ന അപരാഭിധാനത്തിന് അര്‍ഹനായിത്തീര്‍ന്നത്. അദ്ദേഹത്തെ കുറിച്ചും അദ്ദേഹത്തിന്റെ കൃതികളെ കുറിച്ചും ആഴത്തില്‍ പഠിച്ച ഫ്രഞ്ച് തത്ത്വചിന്തകന്‍ ദെവു ഫ്രാങ്കോയിസ് അഭിപ്രായപ്പെട്ടത് ഇങ്ങനെയാണ്: ‘ഇസ്‌ലാമിക വിജ്ഞാനശാസ്ത്രങ്ങളെ അതിന്റെ ഉറവിടങ്ങളിലേക്ക് തിരിച്ചെത്തിച്ച് അവയെ അനാഥമാകാതിരിക്കാന്‍ സമരം ചെയ്ത മാന്യദേഹമാണ് ഇമാം ഗസ്സാലി.’
സല്‍ജൂഖ് രാജവംശം ഭരിച്ചു കൊണ്ടിരിക്കുന്ന കാലത്ത് നൈസാബൂരിലെ വളരെ ദരിദ്രമായ ഒരു കുടുംബപശ്ചാത്തലത്തില്‍ ജനിച്ച അദ്ദേഹം പതിനാറാമത്തെ വയസ്സില്‍ തന്നെ ഒരു അധ്യാപകനും കൂടിയായി മാറി. ഉപജീവനത്തിനു വേണ്ടിയായിരുന്നുവെങ്കിലും ആ മേഖല അദ്ദേഹത്തെ പ്രസിദ്ധനാക്കി. ഇരുപത്തേഴാം വയസ്സോടു കൂടി അദ്ദേഹത്തിന്റെ ഖ്യാതി ലോകമൊട്ടുക്കും പ്രചരിച്ചു. വിദൂരദേശങ്ങളില്‍ നിന്നുള്ള പണ്ഡിതര്‍ വരെ അദ്ദേഹത്തെ ഒരു റഫറല്‍ സോഴ്‌സ് ആയി കണ്ട് സന്ദര്‍ശിക്കാന്‍ തുടങ്ങി. അവരില്‍ യഹൂദ- ക്രിസ്തീയ വേദ- വചന പണ്ഡിതര്‍ വരെ ഉള്‍പ്പെടും. സല്‍ജൂഖികളുടെ പേര്‍ഷ്യന്‍ പ്രധാനമന്ത്രി നിസാമുല്‍ മുല്‍ക് ത്വൂസിയുടെ അഭ്യര്‍ത്ഥന മാനിച്ചാണ് മുപ്പത്തിനാലാം വയസ്സില്‍ നിസാമിയ്യയുടെ റെക്ടര്‍ സ്ഥാനം ഏറ്റെടുക്കുന്നത്. ലൗകിക സ്ഥാനമാനങ്ങളും പ്രശസ്തിയും അങ്ങേയറ്റം ഉയര്‍ന്നിരുന്നെങ്കിലും അതിലൊന്നും അദ്ദേഹം സംതൃപ്തനായിരുന്നില്ല. തന്റെ നിയോഗം അതിനെല്ലാമപ്പുറത്ത് കിടക്കുന്ന മറ്റെന്തോ ആണെന്ന് അദ്ദേഹത്തിന് ഉറപ്പുണ്ടായിരുന്നു. പ്രത്യക്ഷത്തില്‍ താനനുഭവിക്കുന്ന വസ്തുതകളുടെ (ള്വാഹിര്‍) അപ്പുറത്തുള്ള (ബാത്വിന്‍) സത്യതിരുദ്ഭവനം കണ്ടെത്തലാണ് തന്റെ ഇസ്‌ലാമിക നിയോഗം (ഹുജ്ജതുല്‍ ഇസ്‌ലാം) എന്ന് അദ്ദേഹം സ്വയം തീര്‍ച്ചപ്പെടുത്തി.
കൊട്ടാരങ്ങളുടെയും പള്ളികളുടെയും അകത്തളങ്ങളില്‍ പോലും സിന്‍ദീഖുകള്‍ എന്നറിയപ്പെട്ട അക്കാലത്തെ യുക്തിവിചാരകന്‍മാര്‍ കയറിക്കൂടി വിശ്വാസത്തിന്റെ ശരിയായ നിര്‍ണയങ്ങളെ വചനശാസ്ത്രവും (ഇല്‍മുല്‍കലാം), യുക്തിവാദവും ഫിലോസഫിയും ഇടകലര്‍ത്തി മലീമസമാക്കിക്കൊണ്ടിരുന്നപ്പോള്‍ അദ്ദേഹം ഗ്രീക്ക് തത്ത്വജ്ഞാനത്തിന്റെ വ്യാമൂഢതകളെ പിഴുതെറിയുന്ന കണ്ഠകോടാലിയായി വര്‍ത്തിച്ചു. യവനപരീഷന്‍മാര്‍ക്ക് അടിയറവു പറഞ്ഞിരുന്ന മുസ്‌ലിംജ്ഞാനികളെ കൂടി കൂടെക്കൂട്ടി അദ്ദേഹം സംവാദസദസ്സുകളിലേക്ക് നിര്‍ഭീതനായി കയറിച്ചെന്നു. അദ്ദേഹം പകര്‍ന്നു നല്‍കിയ ജ്ഞാനോത്കര്‍ഷവും വചനത്തിന്റെ ഇസ്‌ലാമിക സംക്ഷേപങ്ങളും അന്നത്തെ വിശ്വാസികളുടെ മാനംകാത്തു. ‘ഫൈസലുത്തഫ്‌രീഖ ബൈന സന്‍ദഖതി വല്‍ ഇസ്‌ലാം’ എന്ന അദ്ദേഹത്തിന്റെ കൃതിക്ക് മറുപടിയെഴുതാന്‍ ആവശ്യപ്പെട്ട് ഫ്രഞ്ച് പിരണീസിലെ മഠാധിപതികള്‍ പ്രഖ്യാപിച്ച ഇനാം ഏറ്റുവാങ്ങാനും ഒരു കൈനോക്കാനും അക്കാലത്ത് ആളില്ലാതായി.
പക്ഷേ, ഇമാം ഗസ്സാലി സ്വന്തത്തിന്റെ കാര്യത്തില്‍ അപ്പോഴും അസംതൃപ്തനായിരുന്നു. പ്രത്യക്ഷീകരിക്കുന്ന അറിവുകളും സിദ്ധാന്തങ്ങളും അണിയിച്ചു തരുന്ന ഭൗതികാലങ്കാരങ്ങളും പദവികളും മറഞ്ഞിരിക്കുന്ന മഹാജ്ഞാനങ്ങളെയും സൂക്ഷ്മരഹസ്യങ്ങളെയും അന്വേഷിക്കുന്നതില്‍ നിന്ന് തന്നെ തടയുന്നതായി അദ്ദേഹത്തിനു തോന്നി. ഒരു ദിവസം അദ്ദേഹം ഇറങ്ങിപ്പുറപ്പെട്ടു. ആ പുറപ്പാട് അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ജ്ഞാന മണ്ഡലത്തെ രണ്ടായി പകുത്തു. ഒന്നാമത്തേത് കേവലവിജ്ഞാനത്തിന്റെയും ഫിലോസഫിയുടെയും ചെറിയ ലോകം. രണ്ടാമത്തേത് രഹസ്യജ്ഞാനങ്ങളുടെയും മഹത്തായ അറിവുകളുടെയും ദൈവശാസ്ത്രത്തിന്റെയും അറ്റം കാണാത്ത ആധ്യാത്മലോകം.
ആ പുറപ്പാടിനു പിറകിലും അദ്ദേഹം തന്റെ നിയോഗം അന്വേഷിച്ചതിന്റെ പിറകിലും വാസ്തവത്തില്‍ മറ്റൊരു സംഭവകഥയുണ്ട്; ഇമാമിന് ഒരു രഹസ്യ ഗുരുനാഥനെ അസംതൃപ്തമായ ജീവിതപാതകള്‍ക്കിടക്കു വെച്ച് കണ്ടുമുട്ടാന്‍ കഴിഞ്ഞിരുന്നു. ഒട്ടും പ്രശസ്തനല്ലാത്ത സയ്യിദ് മുഹമ്മദുല്‍ ബാദിഗാനി(റ) എന്ന ഒരു ഉമ്മിയ്യ് (നിരക്ഷരന്‍) ആയിരുന്നു അതെന്ന് ഇമാം ഗസ്സാലിയുടെ സമകാലികനും സുഹൃത്തുമായിരുന്ന ഇമാം ശഅ്‌റാനി പറഞ്ഞിട്ടുണ്ട്. വിജ്ഞാനലോകത്തിന്റെ വെള്ളിമേഘങ്ങളുടെ പുറത്ത് അത്യുന്നതങ്ങളില്‍ സവാരി നടത്തുമ്പോഴും അദ്ദേഹത്തിനു കിട്ടാതെ പോയ സംതൃപ്തി മനസ്സിന്റെ ചില വാതായനങ്ങള്‍ തുറന്നുകിട്ടാത്തതു കൊണ്ടായിരുന്നു എന്ന് ശൈഖ് ഹാരിസുല്‍ ബാദിഗാനി അദ്ദേഹത്തിന് പറഞ്ഞു കൊടുക്കുന്നതായും, അവ തുറന്നു കിട്ടാന്‍ പുണ്യകേന്ദ്രങ്ങളായ ഹറമുകളിലും മഖാമുകളിലും മശ്ഹദുകളിലും അന്വേഷകനായി ചെല്ലാന്‍ ആ ഗുരു പ്രേരിപ്പിച്ചിരുന്നതായും ഇന്ത്യയിലെ മഹാപണ്ഡിതനും സാത്വികനുമായിരുന്ന അബുല്‍ഹസന്‍ അലി നദ്‌വി എഴുതിയിട്ടുണ്ട്. ആ ആഹ്വാനം ചെവികൊണ്ടാണ് ഗസ്സാലി ഇമാം പ്രയാണമാരംഭിക്കുന്നത്.
മഹാവിജ്ഞാനങ്ങളുടെ കിളിവാതിലുകളില്‍ നിന്ന് അരിച്ചെത്തുന്ന ജ്ഞാനപ്രകാശം മരുഭൂമികളുടെ പാഴടഞ്ഞ ഊഷരതകളെയും ഗുഹാന്തര്‍ഭാഗങ്ങളിലെ ഇരുട്ടിനെയും എല്ലാം പ്രകാശധന്യമാക്കുമെന്ന ഉണ്‍മയുടെ ജ്ഞാനസംഗീതം അദ്ദേഹത്തില്‍ അലയടിച്ചു. മഹാന്‍മാര്‍ക്ക് ബോധാമൃതവും ഉള്‍സാരങ്ങളും ലഭിച്ച മഖാമുകളിലും മശ്ഹദുകളിലും അദ്ദേഹം മുറാഖബയിരുന്നു. വെളിച്ചം കെട്ട് മൃതമായിക്കിടക്കുന്നു എന്ന് അദ്ദേഹം സ്വയം വിശ്വസിച്ചിരുന്ന അദ്ദേഹത്തിലെ അറിവുകള്‍ അങ്ങനെ പ്രകാശിച്ചു തുടങ്ങി. അവിടം തൊട്ടാണ് ഇഹ്‌യാഅ് ഉലൂമിദ്ദീന്‍ ആരംഭിക്കുന്നതെന്ന് അദ്ദേഹത്തിന് മനസ്സിലായി. അദ്ദേഹം മനസ്സില്‍ രൂഢമൂലമായ അറിവുകളെ ആ സുദീര്‍ഘമായ അലച്ചിലിനിടയില്‍ എഴുതിയിടാന്‍ തുടങ്ങി. ഇസ്‌ലാമിക ജ്ഞാനവ്യവഹാരങ്ങളുടെ മനുഷ്യസാധ്യമായ മേഖലയില്‍ നിന്ന് ഊതിക്കാച്ചിയെടുത്ത എക്കാലത്തെയും അദ്വിതീയവും സുതാര്യവുമായ വെട്ടിത്തിളങ്ങുന്ന അമൂല്യരത്‌നമായ അല്‍ ഇഹ്‌യാഉ ഉലൂമിദ്ദീന്‍ എന്ന ലോകൈകകൃതി ഒരു നിയോഗം പോലെ അങ്ങനെയാണ് ഉടലെടുക്കുന്നത്.
എന്താണോ മനസ്സിലുള്ളത് അതാണ് പ്രത്യക്ഷീകരിക്കുക, എന്താണോ ഹൃദയത്തിലുള്ളത് അതിലേക്കാണ് ചെന്നെത്തുക, ഹൃദയത്തിന്റെ സൈനികരും നേതാക്കളും പട നയിച്ചെത്തുന്ന സത്യത്തിന്റെ വഴികളാണ് ഒരാളുടെ ജീവിതത്തെ പ്രഭാപൂരിതമാക്കുന്നത്, ദര്‍പ്പണതയാണ് സൃഷ്ടിയിലെ യദാര്‍ത്ഥ വെളിപാട്, അകത്ത് ഒളിച്ചു കിടക്കുന്ന രഹസ്യത്തെ പുറത്തെത്തിക്കണമെന്ന അദമ്യമായ ആഗ്രഹവും ഇഖ്‌ലാസും ഒരാള്‍ക്കുണ്ടെങ്കില്‍ അയാളുടെ മുഴുവന്‍ ജീവിതവും ശരീരം തന്നെയും അയാളുടെ ആഗ്രഹത്തിന്റെ കണ്ണാടിയായി പ്രതിഫലിക്കും. കണ്ണാടിയുടെ ദര്‍പ്പണതയില്ലാത്ത മുഖവും ശരീരവും കാപട്യത്തിന്റെ കെടുജീവിതമായി പരിണമിക്കും,… എന്നൊക്കെ തുടങ്ങുന്ന അദ്ദേഹം നിരത്തുന്ന ആധ്യാത്മപ്രഫുല്ലമായ ജ്ഞാനഭാഗങ്ങള്‍ അങ്ങനെ മതവിജ്ഞാനങ്ങളുടെ പുനരുജ്ജീവനതയായി ലോകത്തെ തുടിപ്പിച്ചു.
മനുഷ്യജീവിതത്തിന്റെ സംഘര്‍ഷഭരിതമായ സാമൂഹ്യജീവിതത്തിന്റെ ഓരതീരങ്ങള്‍ പരിത്യജിച്ച് ഇമാം അങ്ങനെ ഖിന്നനായ പരിവ്രാജകനായി പന്ത്രണ്ട് വര്‍ഷം ലോകത്തലഞ്ഞു. ബഗ്ദാദിന്റെ മനംകുളിര്‍പ്പിക്കുന്ന മനോഹാരിതകളെയും സുഖസൗകര്യങ്ങളെയും വിസ്മരിച്ച് അദ്ദേഹം സിറിയയിലും ഹലബിലും ഫലസ്തീനിലും അറേബ്യയിലെ ഹിജാസിലും ജ്ഞാനചിത്തനായി പള്ളികളിലും വിശുദ്ധകേന്ദ്രങ്ങളിലും മരുമടക്കുകളിലും മലമുകളിലും മാറിമാറി അലഞ്ഞുതിരിഞ്ഞു. ജ്ഞാനവൃദ്ധനായ ബാദിഗാനി(റ) പരിചയപ്പെടുത്തിക്കൊടുത്ത ആത്മവീക്ഷാധ്യാനമാര്‍ഗ്ഗമായ ‘മുറാഖബ’ അനുഷ്ഠിച്ച് അദ്ദേഹം പ്രപഞ്ചത്തിന്റെ പൊരുള്‍പരതയില്‍ ലയിച്ചിരുന്നു. ദിവസങ്ങളോളം അന്നപേയങ്ങള്‍ പോലുമില്ലാതെ മുറാഖബയില്‍ അഭിരമിച്ചുകൊണ്ടിരിക്കുന്ന തന്റെ ഗുരുനാഥനെ ജബലു ഖുബൈസിന്റെ പാര്‍ശ്വത്തില്‍ വെച്ച് കണ്ടെടുത്ത മുഹൂര്‍ത്തം സുപ്രസിദ്ധ ശിഷ്യന്‍ ഇബ്‌നുത്വുമര്‍ത്ത് രേഖപ്പെടുത്തിയിട്ടുണ്ട്. ഒരിക്കല്‍ അദ്ദേഹം മുറാഖബയില്‍ നിന്നുണര്‍ന്ന് മുറാഖബയിലൂടെ ലബ്ധമാകുന്ന ഇല്‍ഹാമുകളുടെ ആനന്ദജ്ഞാനത്തെക്കുറിച്ച് ഇങ്ങനെ ഒരു വചനം ആലപിച്ചു: ‘ദിവ്യബോധനമായ വഹ്‌യിനെക്കാളും ഇല്‍ഹാമിനെക്കാളും പ്രാമാണികമായ മറ്റൊരു ഉറവിടവുമില്ല.’
പക്ഷേ, ഇമാമിന്റെ ആധ്യാത്മലോകത്തേക്കുള്ള പ്രവേശവും പ്രത്യക്ഷ ഭൗതികലോകത്തു നിന്നുള്ള തിരോധാനവും അക്കാലത്തെ പണ്ഡിതന്‍മാര്‍ തെറ്റുധരിച്ചതായി ഇമാം ശഅ്‌റാനി പറയുന്നുണ്ട്. ഒരിക്കല്‍ ശഅ്‌റാനി തന്നെ അദ്ദേഹത്തെ വളരെയധികം പണിപ്പെട്ടു കണ്ടെത്തിയ ശേഷം അദ്ദേഹത്തോട് പ്രത്യക്ഷവിജ്ഞാനങ്ങളുടെ ലോകത്തേക്കു തിരിച്ചു വരാനും സ്വയം ഉണ്ടാക്കിയ വിടവ് അദ്ദേഹം തന്നെ നികത്താനും ആവശ്യപ്പെട്ടു. അപ്പോള്‍ ഉജ്ജ്വലമായ ഉദ്ഗ്രഥനത്തിന്റെ ഉച്ചിയില്‍ നിന്നുകൊണ്ട് ഇമാം പാടി: ‘ളയ്യഅ്തു ഉംരീ ഫില്‍ ബത്വാലാ….’ ‘പരമസത്യത്തിന്റെ ജ്ഞാനത്തെ അന്വേഷിക്കാതെ ഞാനെന്റെ ആയുസ്സിനെ പാഴാക്കിയിരിക്കുന്നു. തിരോധാനമെന്നു ആളുകള്‍ പറയുന്ന ഈ അവസ്ഥ തന്നെയാണ് എനിക്ക് നന്നായി ചേരുന്നതെന്ന് ലോകം മുഴുക്കെ തിരുത്തിപ്പറയുന്ന കാലം വരും….’
ഇമാമിന്റെ ശിഷ്യനായിരുന്ന ഖാദി അബൂബക്‌റുബ്‌നുല്‍ അറബി(റ) എന്ന വിശ്രുതനായ മുഹദ്ദിസ് പറയുന്നു: ‘ഇമാമിനെ ഒരിക്കല്‍ ഞാന്‍ ശാമില്‍ വെച്ച് അപ്രതീക്ഷിതമായി കണ്ടുമുട്ടി. ദമസ്‌കസിലെ ആ വിജനമായ മരുഭൂമിയിലൂടെ കണ്ടംവെച്ച കോട്ടും ധരിച്ച് ഒരു തുകല്‍പാത്രത്തില്‍ കുറച്ചു വെള്ളവുമെടുത്ത് വടിയും കുത്തിപ്പിടിച്ചു കൊണ്ടുള്ള അദ്ദേഹത്തിന്റെ ആ പോക്കു കണ്ടപ്പോള്‍ എന്റെ മനസ്സു തകര്‍ന്നു. ഹൃദയഭാജനമായിരുന്ന എന്റെ ഗുരുനാഥനെ തടുത്തു നിര്‍ത്തി ഞാന്‍ ചോദിച്ചു:
‘പണ്ഡിതപ്രഭോ, അങ്ങേക്ക് ബഗ്ദാദിലെ രാജകീയത മുറ്റി നില്‍ക്കുന്ന ആ ദര്‍സ് തന്നെയായിരുന്നില്ലേ ഇതിലും ഉചിതം? ഖലീഫയും അദ്ദേഹത്തിന്റെ രാജ്യതന്ത്രജ്ഞരായ മുഖ്യ സചിവരും, ഇസ്‌ലാമിക രാഷ്ട്രത്തിലെ പണ്ഡിത പ്രവരന്‍മാരുമൊക്കെ അടങ്ങുന്ന ആ വിദ്വല്‍സദസ്സിന്റെ പുറത്ത് നാനൂറിലധികം പേര്‍ ദിവസവും തലപ്പാവുകള്‍ ഊരിവെച്ച് പ്രവേശിക്കുന്നതായി ഞാന്‍ കണ്ടിട്ടുണ്ട്. താങ്കളെ കൊണ്ടുള്ള പ്രയോജനം താങ്കള്‍ വിസ്മരിച്ചിരിക്കുകയാണോ?’
സ്വൂഫിസത്തിന്റെ സ്വരധാരകളിലെ എക്കാലത്തെയും ശിരോന്‍മകുടദീപമായ ആ വാഗ്ബിംബം അനര്‍ഗളമായി ഉടന്‍ പുറത്തുവന്നു: ‘ലമ്മാ ത്വലഅ ഖമറുസ്സആദഃ ഫീ ഫലകില്‍ ഇറാദഃ വ ജനഹത് ശംസുല്‍ വുസ്വൂലി ഇലാ ആലമില്‍ ഉസൂല്‍…’ (പരമോത്കൃഷ്ടനായ പ്രപഞ്ചാധിപതിയുടെ ഉദ്ദിഷ്ടസൂത്രത്തിന്റെ പ്രഭാമണ്ഡലത്തില്‍ സൗഭാഗ്യചന്ദ്രന്‍ ഉദിച്ചപ്പോള്‍, ആത്മലയത്തിന്റെ സൂര്യജ്യോതിസ് അതിന്റെ ആസ്ഥാനമണ്ഡലത്തിലേക്ക് പറന്നുപോയി…)
ഒരിക്കല്‍ മുറാഖബയില്‍ നിന്നുണര്‍ന്ന് അദ്ദേഹം പാടി: ‘തറക്തു ഹവാ ലൈലാ വ സുഅ്ദാ ബി മഅ്‌സിലി/ വ ഖുംതു ഇലാ തസ്വ്ഹീഹി അവ്വലി മന്‍സിലി/ വ നാദത് ബിയല്‍ അശ്‌വാഖു മഹ്‌ലന്‍ ഫ ഹാദിഹി/ മനാസിലു മന്‍ തഹ്‌വാ റുവൈദക ഫന്‍സിലീ..’ (അഴിച്ചുവെക്കേണ്ടതെല്ലാം അഴിച്ചു വെച്ച ഞാന്‍ ലൈലയോടും സുഅ്ദയോടുമുള്ള എന്റെ പ്രേമാഭിനിവേശവും ഉപേക്ഷിച്ചു. ഒന്നാമത്തെ പ്രവേശനസ്ഥാനത്ത് ചൊവ്വായി പ്രവേശിക്കാന്‍ ഞാന്‍ കാത്തു നിന്നു. പ്രണയസാക്ഷാത്കാരത്തിന്റെ യഥാര്‍ത്ഥത്തിലുള്ള വിളി എന്നെ മാടി വിളിച്ചു. വരൂ! നീ സത്യത്തില്‍ വന്നു നില്‍ക്കുന്നത് പരിധിയില്ലാതെ പ്രേമിക്കുന്നവന്റെ പ്രണയകുടീരത്തിലാണ്. കടന്നുവരൂ…)
അങ്ങനെ സ്രഷ്ടാവിനോടുള്ള അതുല്യപ്രണയവുമായി ഇമാം ഗസ്സാലി വീണ്ടും യഥാര്‍ത്ഥ വിജ്ഞാനങ്ങളുടെ ഉള്‍വെളിച്ചവുമായി സമൂഹത്തിലേക്ക് കടന്നുവന്നു. അദ്ദേഹത്തിന്റെ പ്രിയശിഷ്യനായിരുന്ന ഇബ്‌നുത്തുമര്‍ത്വ് മൊറോക്കോ കേന്ദ്രമാക്കി ഇമാം ഗസ്സാലിയുടെ അധ്യാപനങ്ങളുടെ ഒരു വ്യാവഹാരികലോകം തന്നെ പണിതെടുത്ത ആളാണ്.
സാധാരണക്കാരായ ജനങ്ങള്‍ക്കും സൈനികര്‍ക്കും കച്ചവടക്കാര്‍ക്കും കര്‍ഷകര്‍ക്കും എല്ലാം ലളിതസുന്ദരമായി മനസ്സിലാകും വിധത്തില്‍ അദ്ദേഹം ഇഹ്‌യാഇന്റെ വചസ്സാരങ്ങള്‍ നിയമപ്രമാണമായി നിശ്ചയിച്ച് ആഫ്രിക്കയിലെ മൊറോക്കോയില്‍ ‘ഖിലാഫതുല്‍ മുവഹ്ഹിദീന്‍’ എന്ന പേരില്‍ ഒരു ഭരണസംവിധാനം തന്നെ ഇബ്‌നുത്തുമര്‍ത്വ് ഏര്‍പ്പെടുത്തുകയുണ്ടായി. ഈ അല്‍ മുവഹ്ഹിദീന്‍ വിഭാഗത്തിലൂടെയും ഇബ്‌നുത്തുമര്‍ത്വിലൂടെയുമാണ് ഇമാമിന്റെ തത്ത്വജ്ഞാനങ്ങള്‍ ടാന്‍ജീര്‍ വഴി സ്‌പെയ്‌നിലേക്കും അവിടെ നിന്ന് ഫ്രാന്‍സിലേക്കും പിന്നീട് യൂറോപ്പിലേക്കും പ്രവഹിക്കുന്നത്. പേര്‍ഷ്യന്‍ ഭാഷ സംസാരിക്കുന്നവര്‍ക്കു വേണ്ടി ഇഹ്‌യാഇനെ അദ്ദേഹം തന്നെ സംഗ്രഹിച്ച് എഴുതിയ അല്‍ കീമിയാഉസ്സആദ എന്ന ഗ്രന്ഥവും യൂറോപ്യന്‍ ജ്ഞാനാന്വേഷകര്‍ക്ക് അങ്ങേയറ്റം പരിചയമുള്ളതാണ്. ജാബിറുബ്‌നു ഹയ്യാന്‍ ശ്രുതിപ്പെടുത്തിയ ആല്‍കെമിയുടെ പുരാധാരം കൂടിയാണ് ഈ ഗ്രന്ഥം. ഭാഷയും വിജ്ഞാനവും അതീന്ദ്രിയമായ സൗഭാഗ്യത്തിന്റെ ഒരു രസതന്ത്രം വികസിപ്പിക്കുന്നുണ്ട് എന്ന് അദ്ദേഹം സമര്‍ത്ഥിക്കുന്നു. അതാണ് അല്‍കീമിയാഉസ്സആദ (സൗഭാഗ്യ രസതന്ത്രം)
അവസാനകാലത്ത് അദ്ദേഹം തന്റെ പ്രയാണങ്ങള്‍ എല്ലാം അവസാനിപ്പിച്ചു. ബഗ്ദാദില്‍ അദ്ദേഹം ഒരു സ്വൂഫീ പര്‍ണശാല പണിതു. തന്റെ കൈയില്‍ അവശേഷിച്ച സമ്പത്ത് മുഴുവന്‍ ചെലവഴിച്ച് ആ കേന്ദ്രം ഈടുറ്റ ഒരു വിജ്ഞാനകേന്ദ്രമാക്കാനും അതിനെ പ്രയോജനപ്പെടുത്താനും അദ്ദേഹം തന്റെ ശിഷ്യന്‍മാരോടും മറ്റു ആധ്യാത്മജ്ഞാനികളോടും ആഹ്വാനം ചെയ്തു.
ഇമാം സുയൂത്വിയുടെ ജീവചരിത്രം പരിശോധിച്ചാലും സമാനമായ ധാരാളം ഉദാഹരണങ്ങള്‍ നമുക്ക് കണ്ടെത്താന്‍ കഴിയും. കേരള മുസ്‌ലിംകളിലെ പരമോത്കൃഷ്ട പണ്ഡിത സൂര്യനായ അഹ്മദ് കോയ ശാലിയാത്തിയും മറ്റൊന്നല്ല നമുക്ക് കാണിച്ചു തന്നിട്ടുള്ളത്. ഫിഖ്ഹ് ഗ്രന്ഥങ്ങളെക്കാള്‍ തസ്വവ്വുഫിന്റെ ഗ്രന്ഥങ്ങള്‍ രചിക്കുന്നതിലായിരുന്നു ശൈഖ് സൈനുദ്ദീന്‍ മഖ്ദൂമിനെപ്പോലുള്ളവര്‍ക്ക് കൂടുതല്‍ താത്പര്യം. മൗലിദുകളും, മനാഖിബുകളും, നഅ്തുകളും നിറഞ്ഞ ഒരു ആധ്യാത്മിക സ്വൂഫീ സംഗീതികാതലം കേരളത്തിന്റെ പൂര്‍വകാലം നന്നായി അടയാളപ്പെടുത്തിയിട്ടുണ്ട്.
ഇതായിരുന്നു പൂര്‍വകാല മുസ്‌ലിം ലോകത്തിലെ ദീനിന്റെ സ്ഥിതി. എങ്കില്‍ പിന്നെയെങ്ങനെയാണ് അത് കേവലം ഫിഖ്ഹിലേക്കു മാത്രം കേന്ദ്രീകരിക്കപ്പെടുന്നത്? തൊട്ടാല്‍ പൊള്ളുന്ന ചില മറുപടികളിലാണ് അത് ചെന്നെത്തുന്നത് എന്നതിനാല്‍ അവ കൂടുതല്‍ വിശദീകരിക്കാന്‍ ഈ ലേഖകന് ധൈര്യമില്ല. വളരെ ചുരുക്കിമാത്രം ചില കാരണങ്ങള്‍ എണ്ണിയെണ്ണി പറയാം.
1. ഉസ്മാനിയാ ഖിലാഫത്തിന്റെ തകര്‍ച്ച ആധുനിക മുസ്‌ലിം ലോകത്തെ വല്ലാതെ അലോസരപ്പെടുത്തിയിട്ടുണ്ട്. ഖിലാഫത്തിനല്ല റസൂലുല്ലാഹിക്കാണ് നാം ബൈഅത്ത് ചെയ്തിരിക്കുന്നത് എന്ന ചിന്തയില്ലാതെ മുസ്‌ലിം ലോകം അക്കാര്യത്തില്‍ കാണിച്ചിരുന്ന ആശയശൂന്യത ആത്മീയപ്രേരണകള്‍ നിറഞ്ഞ ഹസ്രത്ത് ഖാജാ മുഈനുദ്ദീന്‍ ഛിശ്തി(റ), നിസാമുദ്ദീന്‍ ഔലിയ(റ), ബാബാ ഫരീദ് ശക്ര്‍ഗഞ്ച്, മമ്പുറം തങ്ങന്‍മാര്‍, ഉമര്‍ ഖാദി(റ), മൗലാനാ അശ്ഫഖുല്ലാ ഖാന്‍(റ), ശാഹ് വലിയുല്ലാഹിദ്ദഹ്‌ലവി(റ) പോലെയുള്ള മഹത്തുക്കളുടെ താവഴിയില്‍ നിന്നും മുസ്‌ലിംകളെ പുറകോട്ടു വലിച്ചു.
2. ബ്രിട്ടീഷുകാരുടെ കാലം ക്ഷയിച്ചു തുടങ്ങിയതോടു കൂടി കേരളത്തില്‍ മാത്രമല്ല ലോകത്തെല്ലായിടത്തും സ്വൂഫികളായ മശാഇഖുകളുടെ നേതൃത്വം എന്നതില്‍ നിന്ന് സംഘടനാ നേതൃത്വം എന്നതിലേക്ക് പറിച്ചു നടപ്പെട്ടു. അഥവാ ശൈഖ്, മുരീദ്, ഹല്‍ഖ, ഹള്‌റ, മഖാം, മൗലിദ് എന്നിവയുമായി അഭേദ്യമായി ബന്ധപ്പെട്ടു നിന്നിരുന്ന മുസ്‌ലിംകള്‍ കര്‍ശനമായ ചിട്ടകളും വ്യവസ്ഥകളുമുള്ള സംഘടനാബാന്ധവങ്ങളെ പുല്‍കി. എന്നാല്‍ സംഘടനയുടെ ആദ്യകാല നേതൃത്വം സ്വൂഫികളായിരുന്നു. അവര്‍ അവരുടെ സ്വൂഫീ ബാന്ധവും ഗുരുത്വവഴിയും ത്വരീഖത്ത് വഴിയും തുറന്നു കാട്ടിയിരുന്നു. പക്ഷേ, അവരുടെ അനുയായികള്‍ നേതൃത്വത്തിലേക്ക് വന്നപ്പോഴേക്ക് മുന്‍കാല നേതാക്കള്‍ പഠിപ്പിച്ച കുറച്ച് അമലുകളും ഔറാദുകളിലും മാത്രമായി അത് ഒതുങ്ങി. മൂന്നാം തല മുറയെത്തിയപ്പോഴേക്ക് അതും നഷ്ടപ്പെട്ട് മഖാമുകള്‍ സന്ദര്‍ശിക്കുകയും മൗലിദ് പാരായണവും മാത്രമായി മാറി. ഇതിനിടയിലെല്ലാം സാമാന്യജനത്തിന് കര്‍മങ്ങളുടെ ചൈതന്യലോകം അപ്രാപ്യമായി എന്ന വലിയ ദുരന്തം സംഭവിച്ചു. അതോടെ ഫിഖ്‌ഹെങ്കിലും സംരക്ഷിച്ച് ജനങ്ങളെ അത്യാവശ്യം ഇസ്‌ലാമിക ജീവിതം പഠിപ്പിച്ചാല്‍ മതിയെന്ന നിലയുമായി.
3. പുത്തന്‍ പ്രസ്ഥാനങ്ങളുടെ ആവിര്‍ഭാവം. അതുണ്ടായപ്പോള്‍ പരമ്പരാഗത സ്വൂഫീ മാര്‍ഗത്തില്‍ ഉറച്ചു നിന്നിരുന്നെങ്കില്‍ ഭൂരിഭാഗം സുന്നികളായ ആളുകളുടെ ഇടയില്‍ അവര്‍ക്ക് പ്രവര്‍ത്തിക്കാന്‍ സാധ്യമാകുമായിരുന്നില്ല. എന്നാല്‍ സംഘടനാശൈലിയെ ഭദ്രമാക്കിക്കൊണ്ടാണ് സുന്നികള്‍ അതിനെ നേരിട്ടത്. ഫലമോ അതിനെക്കാള്‍ കെട്ടുറപ്പുള്ള സംഘടനാരീതികളോടെയും പ്രവര്‍ത്തനത്തിലെ അച്ചടക്കത്തോടെയും സമുദായത്തില്‍ വന്‍തോതിലുള്ള ആശയപരമായ വിള്ളലുണ്ടാക്കാന്‍ പുത്തന്‍ പ്രസ്ഥാനങ്ങള്‍ക്കു കഴിഞ്ഞു. അതു മാത്രമല്ല, അത്തരം പ്രസ്ഥാനങ്ങളുടെ ശൈലികള്‍ പോലും കടമെടുത്ത് നിര്‍ലജ്ജം പ്രവര്‍ത്തനഗോദയിലേക്കിറങ്ങാന്‍ ഇക്കാലത്തുള്ള സുന്നികള്‍ അറക്കുന്നേയില്ല. ഈയുള്ളവനെപ്പോലെ ജമാഅത്തെ ഇസ്‌ലാമിയെ ഊരിയെറിഞ്ഞ മറ്റൊരു സുഹൃത്ത് ഒരിക്കല്‍ രസാവഹമായി അതിങ്ങനെ സംക്ഷേപിച്ചു:
സുന്നികളും പുത്തന്‍ പ്രസ്ഥാനങ്ങളും തമ്മിലുള്ള വ്യത്യാസമെന്താണ്?
ഉത്തരം: ‘രണ്ടു വര്‍ഷം…!’
4. കേവലം ആശയങ്ങളുടെ മാത്രം പ്രയോക്താക്കളായ അത്തരം സംഘടനകളുടെയും പില്‍ക്കാലത്ത് ബ്രിട്ടീഷുകാരും ഒടുവില്‍ ഇന്ത്യയിലെ ദേശീയ നേതാക്കള്‍ തന്നെയും മുന്നോട്ടു വെച്ച ആധുനിക വിദ്യാഭ്യാസ സമ്പ്രദായം കൂടി ആയതോടെ വിജ്ഞാനത്തിന്റെ സ്വൂഫീ താവഴിയെങ്കിലും സൂക്ഷിച്ചിരുന്ന ദര്‍സുകള്‍ നമുക്ക് ആത്മാവില്ലാത്ത കേവലജ്ഞാനത്തിന്റെ മേഖലയായി മാറി. ദര്‍സുകളെ കേവലരൂപത്തിലെങ്കിലും നിലനിര്‍ത്താനാണ് പിന്നീട് പലരും പരിശ്രമിച്ചത്. അതോടെ കേരളത്തില്‍ പ്രസിദ്ധമായ രൂപത്തില്‍ മാതൃകാപരമായി കൈകാര്യം ചെയ്യപ്പെട്ടിരുന്ന നൂറുല്‍ അബ്‌സ്വാര്‍, ഹിദായതുല്‍ അദ്കിയാഅ്, കിഫായതുല്‍ അദ്കിയാഅ്, അസ്സൈ്വറു വസ്സുലൂക്, രിസാലതുല്‍ ഖുശൈരി, ഇബ്‌രീസ്, ഇഹ്‌യാഅ് എന്നിങ്ങനെയുള്ള തസ്വവ്വുഫ് ഗ്രന്ഥങ്ങളും ജൗഹറതുത്തൗഹീദിനെപ്പോലുള്ള അഖീദഃ ഗ്രന്ഥങ്ങളും ഒഴിവാക്കപ്പെട്ടു. ഫിഖ്ഹ്, ഭാഷ, വ്യാകരണം, ചരിത്രം എന്നിവയില്‍ മാത്രം ഇന്ന് ദര്‍സുകള്‍ ഒതുക്കപ്പെട്ടു. വ്യാകരണത്തോടൊപ്പം അകമിയങ്ങളും ചൊല്ലിക്കൊടുത്തിരുന്ന അല്‍ഫിയ്യകള്‍ കൂടി തഴയപ്പെട്ടതോടെ ദര്‍സുകളിലെ ആത്മികജ്ഞാനം പൂര്‍ണമായും കുഴിച്ചുമൂടപ്പെട്ടു. ദര്‍സുകളുടെ ആത്മാവ് നഷ്ടപ്പെടാത്ത രീതിയില്‍ ഒരു വിജ്ഞാനവും ഒഴിവാക്കാതെ ഒരു പരിഷ്‌കാരം നടത്താന്‍ മുസ്‌ലിംകളുടെ നേതൃത്വമേറ്റെടുത്ത സംഘടനാവക്താക്കള്‍ക്ക് കഴിയാതെ പോയി. ഈ ലേഖകന്റെ പരിശോധനയില്‍ നിലവിലുള്ള സുന്നി പാഠ്യപദ്ധതികളും ബിദഈ പാഠ്യപദ്ധതികളും തമ്മില്‍ കേവലം ആശയപരവും കോഴ്‌സ് ഡിസൈനിംഗിലുമുള്ള വ്യത്യാസമേ കാണപ്പെടുന്നുള്ളൂ. അഖീദാപരമായ(ആദര്‍ശപരമായ) വ്യത്യാസങ്ങളോ താവഴിയിലുള്ള വ്യത്യാസങ്ങളോ ഒട്ടും തന്നെ അനുഭവപ്പെടുന്നില്ല!
5. ജമാഅത്തെ ഇസ്‌ലാമിയുടെ ശൈലി അനുവര്‍ത്തിച്ച് കമ്യൂണിസത്തെയും അതിന്റെ കൂടെ ഓറിയന്റലിസം മുതല്‍ പിടിച്ച ആശയരൂപങ്ങളെ കൂടി മുസ്‌ലിംകള്‍ ഭയപ്പെടാന്‍ തുടങ്ങിയതോടെ മുസ്‌ലിം ചെറുപ്പക്കാരുടെ ആത്മീയബോധം കുറയുകയും പകരം കൃത്രിമമായ ഒരു ധൈഷണികവ്യായാമം അവരുടെ ചിന്താപരിസരത്ത് മുളപൊട്ടുകയും ചെയ്തു. സമകാലിക ലോകത്ത് കാമ്പുള്ള ചര്‍ച്ചകള്‍ക്ക് വിരുന്നൊരുക്കാതെയുള്ള ആശയ- ധൈഷണിക മാത്സര്യങ്ങളുടെ പിറകെ മുസ്‌ലിം യുവത അവരുടെ പത്രമാധ്യമങ്ങളിലൂടെയും വൈജ്ഞാനിക ബഹുത്വങ്ങളിലൂടെയും ഓടിനടന്ന് മസ്തിഷ്‌കം കൊണ്ട് കുരക്കുമ്പോള്‍ മേല്‍പറഞ്ഞ ആശയങ്ങളുടെ പ്രണേതാക്കള്‍ അപഹാസ്യപൂര്‍വം നമ്മെ നോക്കിക്കാണുകയാണ്.
പ്രായോഗികവും ഭാവിയെ പ്രണയിക്കുന്നതുമായ വീക്ഷണങ്ങളില്ലാതെ യുവത്വം ഉഴറുമ്പോള്‍ പണ്ഡിതനേതൃത്വം കര്‍മവിതുരതകള്‍ക്ക് സ്ഫുടജ്ഞാനമോ, മനോധ്യാനമോ പകര്‍ന്നു കൊടുക്കാനില്ലാതെ അതിഭീകരമായ ജ്ഞാനവന്ധ്യംകരണത്തിനും അകര്‍മണ്യതക്കും വിധേയമായിക്കൊണ്ടേയിരിക്കുകയാണ്. ദ് ഫ്യൂച്വര്‍ ഓഫ് ഇസ്‌ലാമിക് സൊസൈറ്റി എന്ന ഗ്രന്ഥത്തിലൂടെ ലോകപ്രസിദ്ധ ഇസ്‌ലാമിക ചിന്തകനും ഫ്യൂച്വറോളജിസ്റ്റുമായ ഡോ. സിയാവുദ്ദീന്‍ സര്‍ദാര്‍ അത് വല്ലാതെ വരച്ചു കാട്ടുന്നുണ്ട്. സയ്യിദ് ഹുസൈന്‍ നസ്വ്ര്‍, നഖീബുല്‍ അത്ത്വാസ് എന്നിങ്ങനെയുള്ള ആധുനിക സ്വൂഫീ പണ്ഡിതരും ഈ അപകടത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുകയും അതില്‍ കരകയറാനുള്ള ലോജിക്കലായുള്ള ചില സിലബസുകള്‍ മുസ്‌ലിം യുവാക്കള്‍ക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്. പക്ഷേ, കേരളീയ മുസ്‌ലിം യുവതയും അവരുടെ നേതൃത്വവും ഇപ്പോള്‍ പോലും കേവലമായ ബുദ്ധിജീവിതങ്ങളെ കൈയൊഴിഞ്ഞ് അത്തരം കാമ്പുള്ള കാര്യങ്ങള്‍ വായിച്ചു തുടങ്ങിയിട്ടില്ല.
6. ഒരു കെടുതിയുടെ ആരംഭം പോലെ മുസ്‌ലിം സംഘടനകളും പ്രവര്‍ത്തകരും കൊണ്ടു നടക്കുന്ന അതികൃത്രിമവും അനാവശ്യവുമായ പ്രവര്‍ത്തനനിരതതയും കര്‍മബാഹുല്യവും പരസ്പരം തുലനം ചെയ്തു കൊണ്ടു നടക്കേണ്ട വൈയക്തിക- സാമൂഹിക ജീവിതക്രമങ്ങളുടെ അനുപാതത്തെ അട്ടിമറിച്ചിരിക്കുന്നു. ഫലമോ? മുസ്‌ലിംകള്‍ക്ക് വളരെ അനുപേക്ഷണീയമായ സ്വാകാര്യതയും ആത്മാവബോധവും നിറഞ്ഞ ജീവിതത്തിന് അല്‍പം പോലും ഇടം കൊടുക്കാതെ അധികപേരും ഇന്ന് സാമൂഹികമായി ജീവിക്കാനുള്ള തത്രപ്പാടിലാണ്.
സ്വകാര്യത വെറുക്കുകയും അനാവശ്യസാമൂഹികത ഇഷ്ടപ്പെടുകയും ചെയ്യുന്ന ഈ കൃത്രിമ ജീവിതക്രമത്തിനിടയില്‍ ആത്മീയ ചിന്ത പരിപൂര്‍ണമായും അന്യം നിന്നു പോവുകയും പകരം കിബ്‌റ്, രിയാഅ്, കസ്‌റതുല്‍ അറള്, നമീമത്ത്, ഗീബത്ത്, ജുസുസ്, ശനആന്‍ എന്നിങ്ങനെ തുടങ്ങുന്ന സാമൂഹികദുര്‍ഗുണങ്ങളുടെ വ്യാവഹാരികലോകമാണ് മുസ്‌ലിം ലോകത്ത് ഏറ്റവും കൂടുതല്‍ പ്രത്യക്ഷീഭവിക്കുന്നത്. മുസ്‌ലിംകള്‍ പരാജിതരാണെന്നും തീവ്രവാദികളാണെന്നും പിന്തിരിപ്പന്‍മാരാണെന്നും മുദ്രയടിക്കപ്പെടാന്‍ ഇതെല്ലാം കാരണം നാം സ്വയം മറ്റുള്ളവരെ പ്രേരിപ്പിക്കുകയും ചെയ്യുന്നുണ്ട്. എന്നല്ല ആരോപണങ്ങളെ ഇസ്സത്ത്, ഹിമ്മത്ത്, ഇആനത്ത് എന്നിങ്ങനെയുള്ള ഗുണങ്ങളിലൂന്നി നേരിടാന്‍ കഴിയാതെ നാം പരസ്പരം പഴയകാലത്തുള്ള ശുഊബിയ്യത്തിന്റെ ശൈലിയിലാണ് നേരിടുന്നത്.
7. അഹ്‌ലുല്‍ ബൈത്ത് എന്താണെന്ന് തിരിച്ചറിയാതെ വെറുമൊരു ആചാരം മാത്രമായി നാം അത് ശീലിപ്പിക്കുന്നു. അതുപോലെ ശുഹദാക്കളുടെയും സ്വാലിഹുകളുടെയും മൗലിദുകളും പൂര്‍ണമായും ആചാരങ്ങളില്‍ ഒതുങ്ങിപ്പോയിരിക്കുന്നു. മധ്യമലബാറില്‍ ഏറ്റവും കൂടുതല്‍ ആചരിക്കപ്പെടുന്ന ഒമാനൂര്‍ ശുഹദാക്കളുടെ നേര്‍ച്ചയില്‍ ഒരിടത്തു പോലും ശുഹദാക്കളെ കുറിച്ച് ആരുമൊന്നും ഉരിയാടാറില്ല. പകരം നേര്‍ച്ചയുടെ കര്‍മപരമായ രീതി, മഖാമുകള്‍ സിയാറത്ത് ചെയ്യുമ്പോഴുള്ള മര്യാദകള്‍, അഹ്‌ലുബൈത്തിനോടുള്ള ആദരവും അദബും എങ്ങനെയാകണം എന്നു തുടങ്ങിയ ഫിഖ്ഹാണ് അവയിലും പരിപാലിക്കപ്പെടുന്നത്.
8. ഇസ്‌ലാമില്‍ ശരീഅത്തിനും ഫിഖ്ഹിനുമുള്ള സ്ഥാനം ചോദ്യം ചെയ്യപ്പെടാവതല്ല. എന്നാല്‍ സമകാലിക ലോകത്ത് മുസ്‌ലിംകളുടെ പൊതുവായ ഫിഖ്ഹ്, മദ്ഹബ്, ശറഅ് എന്നതിനു പകരം സംഘടനാ രീതികള്‍ കൂടിയാണ് വ്യവസ്ഥാപിതപ്പെടുത്തുന്നത്. അതോടെ ഫിഖ്ഹിനെക്കുറിച്ച് ചിന്തിച്ചിട്ടെങ്കിലും അവയുടെ ആത്മാവന്വേഷിച്ച് തസ്വവ്വുഫിലേക്ക് കൂടി കടക്കാനുള്ള അവസരങ്ങള്‍ നിഷേധിക്കപ്പെടുകയാണ്.
ഇനിയും കുറച്ചു കാര്യങ്ങള്‍ മനസ്സിലുണ്ട്. പക്ഷേ, അതു കൂടി പ്രകടിപ്പിച്ചു കഴിഞ്ഞാല്‍ ഈ എളിയവന്റെ ഉള്ളിലും നാമ്പിടുന്ന ആത്മീയാന്വേഷണത്തിന്റെ അവസാനതരിമ്പും അപ്രത്യക്ഷമാകും. അതിനാലത് ഗുണകാംക്ഷാപൂര്‍വം മനസ്സില്‍ സൂക്ഷിക്കുന്നു. ബിരുദവും സംവാദങ്ങളിലെ വിജയവും കൈവരിക്കാന്‍ ഒരുപക്ഷേ, ഫിഖ്ഹുള്‍പ്പെടെയുള്ള മറ്റു ജ്ഞാനങ്ങള്‍ കൊണ്ട് കഴിഞ്ഞേക്കാം. എന്നാല്‍ ആത്മീയമായി രക്ഷപ്പെടണമെങ്കില്‍ തസ്വവ്വുഫ് കൂടിയേ കഴിയൂ.
ചര്‍ച്ചയില്‍ പ്രാധാന്യമര്‍ഹിക്കുന്ന മറ്റൊരു കാര്യം വിട്ടു കളഞ്ഞിട്ടുള്ളത് വിവിധ ത്വരീഖത്തുകളെയും അതതുകളുടെ മഹാന്‍മാരെയും കുറിച്ചുള്ള പരാമര്‍ശങ്ങളാണ്. അത് മനഃപൂര്‍വമാണ്. ഒന്ന് ചരിത്രവും അവയുടെ പാരമ്പര്യവും കണ്ണിപ്പൊരുത്തവും വിശദീകരിക്കുന്ന പുസ്തകങ്ങള്‍ ധാരാളം ലഭ്യമാണ്. രണ്ട്, അവ വിശദീകരിക്കുമ്പോള്‍ ഏതേതിനു മുന്‍ഗണന കൊടുക്കണമെന്നത് പ്രശ്‌നാധിഷ്ഠിതമാണ്. അതിനാല്‍ വിവാദം കൊഴുപ്പിക്കാന്‍ ഇവിടെ ഉദ്ദേശിക്കുന്നില്ല. ആവശ്യമുള്ളവര്‍ സ്വയം പഠിക്കട്ടെ.
ശരീഅത്തും, ത്വരീഖത്തും, ഹഖീഖത്തും പരസ്പരബന്ധിതമാവുന്നതെങ്ങനെയെന്ന് വരികള്‍ക്കിടയിലൂടെ പറഞ്ഞിട്ടുണ്ട്. നമുക്കിടയില്‍ തസ്വവ്വുഫിന്റെ കാര്യത്തില്‍ നടക്കാറുള്ള പ്രധാന പിടിവലിയും അതിലുണ്ട്. ആ വഴി പോയാല്‍ ശരീഅത്ത് ശരിയാകുമോ? ഈ വഴിക്ക് പോയാല്‍ ശരീഅത്തല്ലേ ഉണ്ടാവുകയുള്ളൂ? ത്വരീഖത്ത് എങ്ങനെ കിട്ടും? ഇത് അങ്ങേയറ്റം വഷളായ കാമ്പില്ലാത്ത വിഷയമാണ്.
ശരീഅത്തില്‍ ത്വരീഖത്തും ത്വരീഖത്തില്‍ ശരീഅത്തും ഉണ്ടായിരിക്കല്‍ അനിവാര്യമാണ്. ഇവ രണ്ടിന്റെയും സാക്ഷാത്കാരമാണ് ഹഖീഖത്ത്. ഇവ മൂന്നും പരസ്പരബന്ധിതമായാല്‍ മാത്രമേ പരിശുദ്ധദീനിന്റെ പുഷ്പവാടികള്‍ ആത്മാവില്‍ തളിരിടുകയുള്ളൂ. അതിന്റെ സംയുക്തമാണ് തസ്വവ്വുഫ്. അതല്ലാത്തതൊന്നും തസ്വവ്വുഫല്ലെന്ന് ആധ്യാത്മഗുരുക്കന്‍മാര്‍ പറയുന്നു. മഹാനായ ഒരു സ്വൂഫി ഗുരു പറഞ്ഞു: ‘തടിമരമാണ് ശരീഅത്ത്. ചില്ലകള്‍ ത്വരീഖത്തും പഴങ്ങള്‍ ഹഖീഖത്തുമാണ്. തടിമരം ഇല്ലാതായിക്കഴിഞ്ഞാല്‍ പിന്നെ കൊമ്പും കായും പേരിനുപോലും ഉണ്ടാവുകയില്ല. അതിനാല്‍ ഇവ മൂന്നിനെയും വിഭജിക്കുക സാധ്യമല്ല. വിഭജിച്ച് മൂന്നാക്കി അതില്‍ വല്ലതും ഇല്ലാതാക്കുന്നവന് അവ മൂന്നും ലഭിക്കില്ല. അഥവാ ദീനും ലഭിക്കില്ല.’
ശരീഅത്തിനെയും ത്വരീഖത്തിനെയും ഹഖീഖത്തിനെയും മൂന്നായിക്കാണുന്നതാണ് തെറ്റ്. യഥാര്‍ത്ഥത്തില്‍ ശരീഅത്തില്‍ തന്നെ മൂന്നും കണ്ടെത്താന്‍ കഴിയും. അഥവാ അവ മൂന്നും ശറഈ കര്‍മങ്ങളുടെ അന്തര്‍ധാരയില്‍ കുടികൊള്ളുന്നുണ്ട്. അവ കണ്ടെത്തുക തന്നെ വേണം. ജ്ഞാനികള്‍ അതിനെ ഉദാഹരിച്ചത് പാലിനോടാണ്. വെണ്ണയും നെയ്യും അതില്‍ തന്നെയുണ്ട്. കടയാന്‍ ഉപകരണമുള്ളവര്‍ക്ക് അവയെ വേര്‍തിരിച്ചെടുക്കാമെന്നു മാത്രം. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ അതിങ്ങനെയാണ്; മരുഭൂമിയില്‍ അങ്ങകലെ എന്തോ അനങ്ങുന്നതായി നഗ്നനേത്രത്തിന്റെ പ്രാഥമികദൃഷ്ടിയില്‍ പെടുന്നു. അതൊരു ജീവിയാണെന്ന് ആദ്യമേ തന്നെ മനസ്സിലായി. കുറച്ച് അതിനോട് നടന്നടുത്തപ്പോള്‍ അതൊരു മനുഷ്യനാണെന്ന് തോന്നി. എന്നാല്‍ വളരെ അടുത്തപ്പോള്‍ അത് ഇന്നയാളാണെന്നും, പുരുഷനാണെന്നും, ഇന്നയിന്ന ഗുണങ്ങളുള്ളവനാണെന്നും തിരിച്ചറിഞ്ഞു.
ഇവിടെ മൂന്ന് ദൃഷ്ടിയിലും ആള്‍ ഒന്നു തന്നെ കാണുന്നവന്റെ ദൃഷ്ടിയടുപ്പത്തിലേ മാറ്റമുള്ളൂ. അതുപോലെ ഉപരിപ്ലവമായ കാഴ്ചയില്‍ ഇസ്‌ലാം ദീന്‍ നിയമങ്ങളുടെ കര്‍ക്കശപരതയാണ്. അതാണ് ശരീഅത്ത്. എന്നാല്‍ മനസാ വായിച്ചാല്‍ അതിന്റെ സൗന്ദര്യവും യുക്തിഭദ്രതയും തിരിച്ചറിയാനാവും. അതാണ് ത്വരീഖത്തിന്റെ തലം. ഉള്‍ക്കണ്ണു തുറന്ന് യാഥാര്‍ത്ഥ്യത്തെ അനുഭവിക്കുമ്പോള്‍ അതിന്റെ സാക്ഷാത്കാരമായിത്തീരുന്നു. അതാണ് ഹഖീഖത്ത്. മൂന്നും സമന്വയിപ്പിക്കുന്നവനാണ് ബുദ്ധിമാന്‍.
ഫിഖ്ഹും തസ്വവ്വുഫും, അഖീദഃയും തത്വജ്ഞാനവുമെല്ലാം അതതിന്റെ സ്ഥാനത്തുവെച്ച് കൈകാര്യം ചെയ്യാന്‍ കെല്‍പുള്ള നാഫിഅത്തായ ജ്ഞാനം നേടുന്നവരില്‍ ഈ പ്രശ്‌നത്തെക്കുറിച്ച് ചിന്തിക്കുന്നവര്‍ ഉള്‍പ്പെടുമാറാകട്ടെ. ആമീന്‍!