സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Wednesday 13 January 2016

സനദ് തേടുന്നവരോട് വിനയ പൂര്‍വ്വം


മര്‍കസിലെ ശഅറ് മുബാറകിന്റെ സനദ് സുന്നി പ്രസിദ്ധീകരണങ്ങളില്‍ പ്രസിദ്ധീകരിക്കാനും ടെലഫോണില്‍ പറഞ്ഞ് കൊടുക്കാനും  ആവശ്യപ്പെട്ടുള്ള പ്രസംഗങ്ങള്‍  പലയിടത്തും  നടന്നു. സനദ് തിരു ശേഷിപ്പ് കേന്ദ്രത്തിലുണ്ടെന്നും വേണ്ടവര്‍ക്ക് അത് നേരില്‍ കാണാന്‍ സാധിക്കുന്നതുമാണ്. പക്ഷെ  ഖേദകരമെന്ന് തന്നെ പറയാം വിമര്‍ശകര്‍ സനദ് കാണണമെന്ന്  പറഞ്ഞ് മര്‍കസിലേക്ക് ഔദ്യോഗികമായി വരികയോ,ലെറ്റര്‍ കൈമാറുകയോ ചെയതിട്ടില്ലെന്ന് സമസ്ത ഓഫീസിലിലേക്ക്  വിളിച്ചന്വേഷിച്ചപ്പോള്‍ മനസ്സിലാക്കാന്‍ സാധിച്ചു.
    സനദ് വ്യക്തമാക്കേണ്ടതിന്റെ ആവശ്യകത എന്താണെന്ന് അറിയേണ്ടതുണ്ട്. സനദിലുള്ള രിജാലുകളെ(ആളുകളെ)കുറിച്ച് അന്വേഷിച്ച് അതിലെ യോഗ്യരേയും അയോഗ്യരേയും  തീരുമാനിച്ച് തീര്‍പ്പ് കല്‍പ്പിക്കാനാണോ ?... എങ്കില്‍ 15ാംനൂറ്റാണ്ടില്‍  അതിന് കഴിവുള്ള ആരെങ്കിലും ഉണ്ടോ ? കഴിഞ്ഞ 15 നൂറ്റാണ്ടിന്റെ ചരിത്രം ഉള്‍കൊണ്ടവര്‍ക്ക് തന്നെ അതിലെ വ്യക്തികളെ സംബന്ധിച്ച് പഠനം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ സാധിക്കുമോ ? ഏഴാം നൂറ്റാണ്ടില്‍ ജീവിച്ച ഹദീസ് പണ്ഡിതരിലെ പ്രമുഖനായ ഇമാം ഇബ്നുസ്സ്വലാഹ് (റ) പറയുന്നത് നോക്കൂ.
    സനദുകള്‍ പരിശോദിച്ച് സ്വഹീഹിനെ മനസ്സിലാക്കാന്‍ കഴിയുന്നവര്‍ ഈകാലഘട്ടത്തില്‍ വളരെകുറവാണ്’ (മുഖദ്ദിമത്തു ഇബ്നിസ്സ്വലാഹ് പേ 23)
    ഇമാം സുയൂത്വി(റ)ഇതിനെ വിശദീകരിച്ച് പറയുന്നത് നോക്കൂ.ചുരുക്കത്തില്‍  സനദ്  പരിശേദിച്ച് സ്വഹീഹാക്കാനോ ഹസനാക്കാനോ ളഈഫ് ആക്കാനോ കഴിവുള്ളവരുടെ കാലം അസ്തമിച്ചിരിക്കുന്നു വെന്ന് പ്രഖ്യാപിക്കുകയാണ് ഇമാം ഇബ്നുസ്വലാഹ്(റ)ചെയതത്’ (തദ്രീബുര്‍റാവി-1/149)
    ഹിജ്റ:ഏഴാം നൂറ്റാണ്ടില്‍ തന്നെ ഇമാം സുയൂത്വി(റ) പ്രഖ്യാപിച്ച ഒരുകാര്യമാണ് സനദ് പരിശോധിച്ച് തീര്‍പ്പ് കല്‍പ്പിക്കാന്‍ കഴിയുന്നവരില്ല. അത് കൊണ്ട് തന്നെ സനദ്  ആവശ്യപ്പെടുന്നവര്‍ സനദ് പറയട്ടെ- അതൊന്ന് ഞങ്ങള്‍ പരിശോധിക്കട്ടെ എന്ന് പറയുന്നത്  അജ്ഞത കൊണ്ട് മാത്രമാണ്.
    മാത്രമല്ല; ഇത് തബര്‍റുകിന്റെ വിഷയമാണ്.തബര്‍റുകാത്തുകള്‍ക്ക് സനദ് വേണോ? ആരെങ്കിലും വേണമെന്ന് പറഞ്ഞിട്ടുണ്ടോ ? പണ്ഡിതോചിതമായി ഈ വിഷയവും പഠിക്കാതെയാണ് വിമര്‍ശിക്കുന്നത്. തിരു നബി (സ) യുടെ ആസാറുകളെ സംബന്ധിച്ച് തന്‍സീഹുല്‍ മുസ്വ്ത്വഫല്‍മുഖ്താര്‍ അമ്മാലം യസ്ബുത് മിനല്‍ ആസാര്‍’ എന്നൊരു ഗ്രന്ഥം തന്നെ ഹിജ്റ:1086ല്‍ വഫാതായ അഹ്മദുല്‍ അജമീ രചിച്ചിട്ടുണ്ട്. അതില്‍ ഇബ്നു തൈമിയ്യയുടെ ചുവടുപിടിച്ച് ആസാറുകളെ അദ്ദേഹം വിമര്‍ശിച്ചിട്ടുണ്ട്. ഇബ്നു തൈമിയ തിരു ശേഷിപ്പുകളെ വിമര്‍ശിച്ചതിനെ സംബന്ധിച്ച് അല്ലാമാ: അബ്ദുല്‍ഗനിയ്യുന്നാബല്‍സി (റ) അവിടത്തെ രിഹ്ലത്തുല്‍ ഹിജാസിയ്യയില്‍ രേഖപ്പെടുത്തിയത് നോക്കൂ.
    ‘ഇബ്നുതൈമിയ്യ അവിടത്തെ തിരു ശേഷിപ്പുകളെ വിമര്‍ശിച്ചതില്‍ നീ അത്ഭുത പ്പെടേണ്ടതില്ല. അതിനദ്ദേഹം പറഞ്ഞത് അവകള്‍ക്ക് സനദില്ലന്നും ജനങ്ങള്‍ക്കിടയിലെ  പ്രസക്തി മാത്രമാണ് അതിനുള്ള അവലംബം എന്നുമാണ്’.
    ഇതിന് ശേഷം അല്ലാമ നാബല്‍സി പറയുന്നു. ‘തിരു നബി (സ) യുടെ കാല്‍ പാടുകളും മറ്റു തിരു ശേഷിപ്പുകളും സ്ഥിരപ്പെടുന്നതിന് പ്രസിദ്ധി തന്നെ മതി എന്ന് നിനക്ക്   അറിയാം. കാരണം ഇത് കൊണ്ട് ഒരു മതവിധി സ്ഥിരപ്പെടുന്നില്ല. എന്നങ്കിലല്ലേ സനദ് പരിശോധിക്കുന്നതിന്റെ ആവശ്യമുള്ളൂ. എന്തിനാണിവര്‍ മതവിധികള്‍ക്ക്  സനദ്  ആവശ്യപ്പെടുന്നത് പ്പോലെ ഇത്തരം വിഷയങ്ങക്ക് സനദ് ആവശ്യപ്പെടുന്നത്’. (ജവാഹിര്‍ 3/506/507)
    തിരു ശേഷിപ്പുകളുടെ സനദ് ചോദിക്കുന്നത് തനി അബന്ധം തന്നെയാണെന്നാണ് മഹാന്‍ സമര്‍ത്ഥിക്കുന്നത്. മാത്രമല്ല സനദ് ചോദിക്കുന്നത് തന്നെ പുത്തന്‍ വാദികകളുടെ നേതാവായ ഇബ്നുതൈമിയ്യയുടെ  സൃഷ്ടിയാണെന്നും അദ്ദേഹം പിഴവ് പറ്റിയ വ്യക്തിത്വമാണെന്ന്  ഇമാം നാബല്‍സി മാത്രമല്ല,  അദ്ദേഹത്തിന്റെ മുമ്പുള്ള ഇമാം സുബ്കി  മുതലുള്ള മുഴുവന്‍ ഇമാമീങ്ങളും പറഞ്ഞിട്ടുണ്ട്.
    പതിനാലാം നൂറ്റാണ്ടില്‍ ജീവിച്ച ലോകം അംഗീകരിച്ച ഏറ്റവും വലിയ പണ്ഡിതനാണല്ലോ അല്ലാമ:ഇമാം റസാഖാന്‍ ബറേല്‍വി(ഖ.സ) അവര്‍കള്‍  വടക്കെ ഇന്ത്യയില്‍ സുന്നത്ത് ജമാഅത്തിന്റെ അഖീദ സ്ഥാപിക്കുകയും തബ്ലീഗുകാരടക്കമുള്ള മുഴുവന്‍ പുത്തന്‍ വാദികളെയും മുട്ടുക്കുത്തിക്കുകയും ചെയ്ത മഹാപണ്ഡിതന്‍-മാത്രമല്ല സമസ്തയുടെ ഖുബ്ബാങ്കിത പതാകയുടെ ശില്‍പിയുമായ അല്ലാമ: അഹ്മദ് റസാഖാന്‍ ബറേല്‍വി സനദ് സംബന്ധമായ സംശയത്തിന് തന്റെ ബദ്റുല്‍ അന്‍വാറില്‍ മറുപടി പറയുന്നത് നോക്കൂ.
    ‘സനദ് സ്ഥിരപ്പെടാത്ത വിശുദ്ധമായ തിരു ശേഷിപ്പുകള്‍ ഉണ്ട്. അവ സിയാറത്ത്  ചെയ്യാന്‍ പറ്റുമോ? അതോ ഇല്ലേ?..... ഇവയൊക്കെ വ്യാജമാണെന്ന് ചിലര്‍ പറയുന്നുണ്ട്. അവരുടെ ഈ വാക്കിന്റെ വിധി എന്താണ്? സന്ദര്‍ശകര്‍ വല്ലതും ഹദ്യ ചെയ്താല്‍ അത് സ്വീകരിക്കാന്‍ പറ്റുമോ?.........
    ഉത്തരം. തിരു നബി(സ)യുടെ തിരു ശേഷിപ്പുകള്‍ ആദരിക്കലും  അവകൊണ്ട് ബറകത്ത് എടുക്കലും മുസ്ലിംകള്‍ക്ക് അനിവാര്യമാണ്. ഇവയുടെ സനദ് ആവശ്യമില്ലന്ന് ഇമാമുകള്‍ വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല തിരു നബി(സ)യുമായി ബന്ധപ്പെട്ട് പ്രസിദ്ധമായ എന്തും ബഹുമാനിക്കപ്പെടേണ്ടതാണെന്ന് ഇമാം ഖസ്ത്വല്ലാനി മവാഹിബുല്ലദുന്നിയയിലും ഇമാം ഖാളി ഇയാള്(റ) തന്റെ ശിഫായിലും ശാഹ്വലിയുല്ലാഹിദ്ദഹാലവി തന്റെ മദാരിജിലും രേഖപ്പെടുത്തിയിട്ടുണ്ട്.         ഇമാമുകളുടെ പ്രസ്താവനയില്‍ നിന്നും തിരു ശേഷിപ്പുകളുടെ വിഷയത്തില്‍ ഉറപ്പ് വരുത്തേണ്ടതില്ലെന്നും സനദ് പരിശോധിക്കേണ്ടതില്ലെന്നും വ്യക്തമാകുന്നു. മാത്രമല്ല; തിരുശേഷിപ്പന്റെ  പ്രസിദ്ധിതന്നെ ധാരാളം മതിയായതാണ്.
    സനദ് ഇല്ലാത്തതിന്റെ  പേരില്‍  ആദരിക്കാത്തവരുടെ ഹൃദയത്തിന്  രോഗമുണ്ട്. അവര്‍ക്ക് തിരുനബി(സ)യുടെ മഹത്വം ഉള്‍കൊള്ളാനായില്ല. സനദ്  കാണിച്ചിട്ടും  ആദരിക്കാന്‍ ഒരുക്കമല്ലാത്തവര്‍ പരസ്യമായ അവിശ്വാസിയോ  കപട വിശ്വാസിയോ ആയിരിക്കും.     
    തിരു ശേഷിപ്പുകള്‍ വ്യാജമാണെന്ന് പറയുന്നവര്‍ മൊത്തത്തില്‍ ആരെയും ഉദ്ദേശിക്കുന്നല്ലങ്കില്‍ അതിന് വിരോധമില്ല. എന്നാല്‍ വ്യക്തവും മതപരവുമായ തെളിവുകളില്ലാതെ ഒരു വ്യക്തിയുടെ കയ്യിലുള്ളത് വ്യാജമാണ് എന്ന് പറയുന്നത് അനുവദനീയമല്ല; ഹറാമാണെന്നതില്‍ സന്ദേഹമില്ല. മോശമായ ധാരണയാണ് ഈ പ്രഖ്യാപനത്തിന് പിന്നില്‍. മോശമായ ധാരണയേക്കാള്‍ ഏറ്റവും വലിയ മറ്റൊരു കളവില്ല. നബി(സ) പറഞ്ഞു. തെറ്റിദ്ധാരണ നിങ്ങള്‍ ഏറ്റവും കൂടുതല്‍ സൂക്ഷിക്കുക. കാരണം അതാണ് ഏറ്റവും വലിയ കളവ്. മാത്രമല്ല; ഇമാമുകള്‍ പറയുന്നു. മോശം ധാരണ ഉത്ഭവിക്കുന്നത് മോശം ഹൃദയങ്ങളില്‍ നിന്നാണ്.
    സന്ദര്‍ശകരില്‍ നിന്ന് തബര്‍റുകാത്തിന്റെ പേരില്‍ പണം വാങ്ങുന്നത് വളരെ മോശമായ പ്രവര്‍ത്തനമാണ്. എന്നാല്‍ സന്ദര്‍ശകര്‍ ഹദ്യയായി വല്ലതും നല്‍കുന്നുവെങ്കില്‍ അതിന് കുഴപ്പമില്ല. (ബദ്റുല്‍ അന്‍വാര്‍ ഫീ ആദാബില്‍ ആസാര്‍ പേ 42-47)
    ഇമാം ബറേല്‍വി (റ) പറയുന്നത് സനദ് ചോദിക്കുന്നതും ബോധ്യപ്പെട്ടതേ അംഗീകരിക്കുകയുള്ളൂ എന്നും തിരു ശേഷിപ്പിന്റെ കാര്യത്തില്‍ വാശിപിടിക്കുന്നത് ശരിയല്ലന്നും അവര്‍ക്ക് തിരു നബി(സ) യുടെ മഹത്വം ഉല്‍കൊള്ളാന്‍ കഴിഞ്ഞിട്ടില്ലന്നുമാണ്.
    അല്ലാമ: അബ്ദുല്‍ ഹലീമില്ലക്നവീ തന്റെ നൂറുല്‍ ഈമാന്‍ എന്ന ഗ്രന്ഥത്തില്‍ പറയുന്നു. തിരു നബി(സ)യുടെ തിരുശേഷിപ്പുകളായി പ്രസിദ്ധമായവകൊണ്ടും ബറകത്ത് എടുക്കേണ്ടതാണ്. തിരുശേഷിപ്പുകളായി പ്രസിദ്ധമായവ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് സ്ഥിരപ്പെടുത്താന്‍ ഉതകുന്ന രേഖകള്‍ ഇല്ലാത്തവയാണെന്ന് ഇമാം മുല്ലാ അലിയ്യുല്‍ ഖാരി (റ) പറഞ്ഞിട്ടുണ്ട്. (നൂറുല്‍ ഈമാന്‍ ബി സിയാറത്തി ആസാരി ബബീബി ര്‍റഹ്മാന്‍. പേ 9)
    ചുരുക്കത്തില്‍ തിരു ശേഷിപ്പുകളുടെ വിഷയത്തില്‍ സനദ് അന്വേഷിച്ച് ഇറങ്ങിയവര്‍ അവരുടെ അജ്ഞത സമൂഹത്തെ ബോധ്യപ്പെടുത്തുകയാണ് വാസ്തവത്തില്‍ ചെയ്തത്. തിരു ശേഷിപ്പുകളെ ആദരിക്കാനും തബര്‍റുക് എടുക്കാനും അവസരം ലഭിക്കുമ്പോള്‍ അതില്‍ നിന്നും സത്യ വിശ്വാസികളെ അകറ്റി നിറുത്താന്‍ ഉപചാപങ്ങള്‍ മെനയുന്നത് മാന്യതയുള്ളവര്‍ക്ക് ചേര്‍ന്നതല്ല. പണ്ഡിതന്മാര്‍ പണ്ഡിതോചിതമായി കാര്യങ്ങള്‍ വിലയിരുത്താതെ തെരുവുകള്‍ മലീമസമാക്കിയത് തിരു നബി(സ)യോടുള്ള വിരോധം കൊണ്ട് അല്ലങ്കിലും നീതീകരിക്കാനാവാത്ത വങ്കത്തമായിരുന്നു എന്ന് പറയേണ്ടി വന്നതില്‍ ഖേദമുണ്ട്.