പ്രശ്‌നം:
ഇന്നു ചിലര്‍ നമസ്‌കാരത്തിലെ തശഹ്‌ഹുദില്‍ ഉയര്‍ത്തിയ ചൂണ്ടുവിരല്‍ സലാം വിട്ടുന്നതുവരെ ചലിപ്പിക്കുന്നതുകാണാം. അറബുനാടുകളിലും ഇതു കാണുന്നുണ്ട്. ഇങ്ങനെ ചലിപ്പിക്കല്‍ സുന്നത്താണെന്നു വേറെ വല്ല മദ്‌ഹബിലുമുണ്ടോ? അതോ ബിദഇകളുടെ ഒറ്റപ്പെട്ട വല്ല രീതിയുമാണോ? വിശദീകരിച്ചാലും.
✅ഉത്തരം:
ഇവിടെ നടന്നുവരുന്ന ആചാരങ്ങള്‍ക്കും സമ്പ്രദായങ്ങള്‍ക്കും വിരുദ്ധമായി വല്ലതും അറബുനാടുകളിലോ മറ്റോ കണ്ടാല്‍ ഇങ്ങു കേരളത്തിലേക്കും അതിനെ എഴുന്നള്ളിക്കുന്ന ഒരു സ്വഭാവം പുത്തന്‍വാദികള്‍ക്കുണ്ട്. അങ്ങനെയാണു പ്രശ്‌നത്തിലുന്നയിച്ച ചൂണ്ടുവിരല്‍ ചലിപ്പിക്കല്‍ ഇവിടെ ചിലരില്‍ കാണാനിടയായത്. കേരളത്തില്‍ ബഹുഭൂരിപക്ഷവും ശാഫിഈ മദ്‌ഹബുകാരും അവശേഷിച്ചവര്‍ ഹനഫീ മദ്‌ഹബുകാരുമാണ്. ഈ രണ്ടു മദ്‌ഹബിലും അത്തഹിയ്യാത്തില്‍ ഉയര്‍ത്തിയ വിരല്‍ ചലിപ്പിക്കരുതെന്നാണു നിയമം. മാലികീ മദ്‌ഹബില്‍ മാത്രം ഇങ്ങനെ ചലിപ്പിക്കണമെന്നുണ്ട്. സുഊദി പോലുള്ള അറബുനാടുകളില്‍ പ്രസ്‌തുത മദ്‌ഹബുകാരാകാം അങ്ങനെ ചലിപ്പിക്കുന്നത്. ഇതു കണ്ടുവന്നുകൊണ്ടാണ് ഇവിടെ വഹാബികളില്‍ ചിലര്‍ ഇങ്ങനെ ചലിപ്പിക്കല്‍ സുന്നത്താണെന്നും അതാണു നബിചര്യയെന്നും വാദിക്കാന്‍ തുടങ്ങിയത്.
യഥാര്‍ത്ഥത്തില്‍ ഇവരുദ്ധരിക്കുന്ന വിരല്‍ചലിപ്പിക്കലിന്റെ ഹദീസ് ശാഫിഈ, ഹനഫീ, ഹമ്പലീ മദ്‌ഹബുകളിലെ ഇമാമുകള്‍ കാണാതെയല്ല. ഇവ്വിഷയകമായി വന്ന ഹദീസുകളെല്ലാം ചേര്‍ത്തുവായിച്ചു നിരൂപണം നടത്തിയാണ് വിരല്‍ ചലിപ്പിക്കരുതെന്ന മദ്‌ഹബിന്റെ നിയമം അവരെല്ലാം സമര്‍ത്ഥിച്ചത്. നബി(സ)തങ്ങള്‍ അത്തഹിയ്യാത്തില്‍ ചലിപ്പിക്കാതെയായിരുന്നു വിരല്‍ ചൂണ്ടിയിരുന്നതെന്ന് അബ്‌ദുല്ലാഹിബ്‌നു സുബൈര്‍(റ) പ്രസ്‌താവിച്ചതായി ഇമാം അബൂദാവൂദ് സ്വഹീഹായ സനദിലൂടെ നിവേദനം ചെയ്‌തിട്ടുണ്ട്. എന്നാല്‍ വാഇലുബ്‌നു ഹുജ്‌റിനെ(റ)ത്തൊട്ടുള്ള ഒരു ഹദീസിലാണു വിരല്‍ ചലിപ്പിക്കുന്ന കാര്യമുള്ളത്. നബി(സ)തങ്ങള്‍ അത്തഹിയ്യാത്തില്‍ രണ്ടു കൈകളും കാല്‍തുടകളില്‍ വച്ച കാര്യം പറഞ്ഞശേഷം ആ ഹദീസില്‍ ഇങ്ങനെ പരാമര്‍ശമുണ്ട്. പിന്നീട് നബി(സ) തന്റെ(മുസബ്ബിഹ) വിരലിനെ ഉയര്‍ത്തി. നബി പ്രാര്‍ത്ഥിക്കുന്നവരായിക്കൊണ്ട് ആ വിരലിനെ അനക്കുന്നതു തത്സമയം ഞാന്‍ കണ്ടു എന്ന്. ഇമാം ബൈഹഖിയാണ് ഇതു നിവേദനം ചെയ്‌തത്. ഇതിന്റെ നിവേദക പരമ്പരയും സ്വഹീഹാണ്. പക്ഷേ, ഇതില്‍ പറഞ്ഞ അനക്കലിന്റെ ഉദ്ദേശ്യം പ്രസ്‌തുത വിരല്‍ ചൂണ്ടുമ്പോളുണ്ടാകുന്ന അനക്കലായിരിക്കാമെന്നും അനക്കിക്കൊണ്ടേയിരിക്കുക എന്നായിരിക്കണമെന്നില്ലെന്നും ഇമാം ബൈഹഖീ തന്നെ വിശദീകരിക്കുന്നുണ്ട്. അങ്ങനെവരുമ്പോള്‍ മേല്‍പറഞ്ഞ ഇബ്‌നുസ്സുബൈറിന്റെ സ്വഹീഹായ ഹദീസുമായി ഈ റിപ്പോര്‍ട്ട് ഇടയുന്ന പ്രശ്‌നവുമില്ല. രണ്ടു ഹദീസുകളും സംയോജിപ്പിച്ച് ഇങ്ങനെ വായിക്കാനാകും: കൈകള്‍ അത്തഹിയ്യാത്തില്‍ വച്ചിടത്തു നിന്ന് വലതു കൈയിന്റെ മുസബ്ബിഹവിരല്‍ ഉയര്‍ത്തിയപ്പോള്‍ ആ വിരല്‍ വച്ചിടത്തു നിന്നു ചലിപ്പിക്കുന്നതു ഞാന്‍ കണ്ടുവെന്നു വാഇലുബ്‌നുഹുജ്‌ര്‍(റ) പ്രസ്‌താവിച്ചു. അത്തഹിയ്യാത്തില്‍ വിരല്‍ ചൂണ്ടുമ്പോള്‍ നബി(സ) ആ വിരല്‍ ചലിപ്പിച്ചു കൊണ്ടേയിരുന്നില്ല എന്ന് ഇബ്‌നുസുബൈറും പ്രസ്‌താവിച്ചു. അപ്പോള്‍ കൈവിരല്‍ ഉയര്‍ത്തുമ്പോളുള്ള ചലിപ്പിക്കലല്ലാതെ അതു ചൂണ്ടിക്കൊണ്ടിരിക്കെ നബി(സ) വിരല്‍ ചലിപ്പിച്ചുകൊണ്ടിരിക്കുമായിരുന്നില്ല എന്ന ആശയം സിദ്ധമാകും. പരസ്‌പരവിരുദ്ധമായിത്തോന്നുന്ന രണ്ടു സ്വഹീഹായ ഹദീസുകളെ ഇങ്ങനെ സംയോജിപ്പിച്ചു കൊണ്ടാണ് ശാഫിഈ, ഹനഫീ, ഹമ്പലീ മദ്‌ഹബുകള്‍ അത്തഹിയ്യാത്തില്‍ ഉയര്‍ത്തിയ വിരല്‍ ചലിപ്പിക്കാതിരിക്കയാണു വേണ്ടതെന്നു നിയമം പറഞ്ഞത്.
അവയവങ്ങള്‍ ചലിപ്പിച്ചുകൊണ്ടിരിക്കാതെ അടക്കിയൊതുക്കി വയ്‌ക്കുകയെന്നതാണു നമസ്‌കാരത്തിലെ പൊതുരീതി. ചൂണ്ടിയ വിരല്‍ ചലിപ്പിച്ചുകൊണ്ടിരിക്കല്‍ ഈ പൊതുരീതിക്കു വിരുദ്ധമാണ്. തന്മൂലം അതു ഹറാമാണെന്നും അതുകൊണ്ട് നമസ്‌കാരം അസാധുവാകുമെന്നും ഇബ്‌നുഅബീഹുറൈറ(റ)യെപ്പോലെ ചിലര്‍ക്ക് അഭിപ്രായവുമുണ്ട്. ഇതുകൂടി പരിഗണിക്കുമ്പോള്‍ പ്രസ്‌തുത രണ്ടു ഹദീസുകളെ അങ്ങനെ സംയോജിപ്പിച്ചു മനസ്സിലാക്കേണ്ടതുണ്ട്. ഇതാണു നമ്മുടെ മദ്‌ഹബിന്റെ രീതി. ഇതുപ്രകാരം അത്തഹിയ്യാത്തില്‍ ഉയര്‍ത്തിയ ചൂണ്ടുവിരല്‍ മാത്രം ചലിപ്പിച്ചുകൊണ്ടിരുന്നാല്‍ നിസ്‌കാരം ബാത്വിലാകയില്ലെങ്കിലും ഇതു കറാഹത്താണെന്നാണ് പ്രബലമെന്നും മദ്‌ഹബിന്റെ വക്താക്കളായ ബഹുഭൂരിപക്ഷം ഇമാമുകളും ഈ വീക്ഷണം മാത്രം ഖണ്ഡിതമായി പ്രസ്‌താവിച്ചിട്ടുണ്ടെന്നും നമ്മുടെ ഫിഖ്‌ഹ് ഗ്രന്ഥങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ശര്‍ഹുല്‍മുഹദ്ദബ് 3-434, തുഹ്‌ഫ: 2-80 എന്നിവ നോക്കുക.
ഇതൊന്നും കാണാതെയും പഠിക്കാതെയുമാണ് അറബുനാടുകളില്‍ കാണുന്ന ഇതരമദ്‌ഹബുകാരുടെ പ്രവൃത്തി നമ്മുടെ നാട്ടിലേക്കും ചിലര്‍ എഴുന്നള്ളിക്കുന്നതും തന്നിഷ്‌ടത്തിനൊത്ത് അതിനു ഹദീസുകളുദ്ധരിക്കുന്നതും. ഇതു ബിദ്‌അത്തുകാരുടെ ഒറ്റപ്പെട്ട രീതി തന്നെയാണ്.
മൗലാനാ നജീബ് ഉസ്താദിന്റെ പ്രശ്നോത്തരം