സിദ്ധീഖ് (റ) ന്റെ പുത്രിയും മഹതി ആഇശ(റ) യുടെ ജേഷ്ട സഹോദരിയും ധീരനായ സുബൈർ (റ) ന്റെ പത്നിയും മഹാനായ അബ്ദുല്ലാഹിബ്‌നു സുബൈർ (റ) ന്റെ മാതാവുമായ മഹതി അസ്‌മാഅ് (റ) .ഇസ്‌ലാമിൽ പ്രവേശിച്ച പതിനെട്ടാമത്തെ വ്യക്തിയായിരുന്നു അവർ.
നബി(സ)യും അബൂബക്കർ സിദ്ധീഖ് (റ)വും മദീനയിൽ എത്തിച്ചേർന്ന ശേഷം ഇരുവരുടെയും കുടുംബത്തെ കൂട്ടിവരുവാൻ ആളെ അയച്ചു. അസ്‌മാഅ് (റ) പൂർണ്ണ ഗർഭവതിയായിരുന്നു. ഒരു സ്ത്രീയുടെ ജീവിതത്തിൽ വിഷമം നിറഞ്ഞ സമയം. പ്രസവം വരെ കാത്ത് മക്കയിൽ താമസിച്ചാൽ എന്ത് സംഭവിക്കുമെന്നറിയില്ല. ഇസ്‌ലാമിന്റെ രക്ഷാർത്ഥം വേണ്ടിവന്നാൽ നാടു വിടുന്നതിനോ വഴിമധ്യേയുള്ള പ്രസവ വേദനയോ വീരമൃത്യുവോ അവർ പ്രശ്നമാക്കിയില്ല. അസ്‌മ(റ) യും കുടുംബത്തോടൊപ്പം പുറപ്പെടുക തന്നെ ചെയ്തു. അവർക്ക് മദീനയിൽ എത്തിച്ചേരാൻ കഴിഞ്ഞില്ല. ‘ഖുബാ’ യിൽ എത്തിയപ്പോൾ പ്രസവ വേദന അനുഭവപ്പെട്ടു. അവിടെ വെച്ചുതന്നെ പ്രസവവും നടന്നു. ഹിജ്‌റക്ക് ശേഷം മുഹാജിറുകൾക്ക് പിറന്ന ഒന്നാമത്തെ സന്താനമായിരുന്നു അത്. ധീരനായ അബ്‌ദുല്ലാഹിബ്‌നു സുബൈർ(റ) ആയിരുന്നു ആ ശിഷു.
അക്കാലത്ത് മുസ്‌ലിംകൾക്കുണ്ടായിരുന്ന വിഷമങ്ങളും ദാരിദ്ര്യവും പരക്കെ പ്രസിദ്ധമത്രെ. എന്നിട്ടും ജീവിതത്തിന്റെ അത്യാപൽഘട്ടത്തിൽ പ്രസ്‌തുത മഹതി പ്രകാശിപ്പിച്ച ഈ ത്യാഗബോധവും അതിൽ പ്രകടമായി കാണുന്ന മനോവീര്യവും എത്ര ശ്രമകരം !.
അസ്‌മാ(റ)ന്റെ ജീവിത രീതി അവർ തന്നെ വിവരിക്കുന്നത് കാണുക : സുബൈർ (റ) ഞാനുമായി ദാമ്പത്യ ബന്ധത്തിലേർപ്പെട്ട അവസരം സ്വത്തുക്കളോ മറ്റ് ധനമോ ജോലിക്കാരോ ഒന്നുമില്ലാത്ത ആളായിരുന്നു. ആകെയുള്ള സമ്പാദ്യം വെള്ളം ചുമന്ന് കൊണ്ട് വരാൻ ഉപയോഗിച്ചിരുന്ന ഒരു ഒട്ടകവും ഒരു കുതിരയും മാത്രമായിരുന്നു. ഒട്ടകത്തിന് പുല്ലും മറ്റും കൊണ്ട് വരികയും ഈത്തപ്പഴക്കുരു ഇടിച്ച് തീറ്റുകയും മറ്റും ചെയ്യേണ്ട ജോലി ഞാൻ തന്നെ ഏറ്റെടുക്കുകയാണ് ചെയ്തത്. വെള്ളം നിറക്കുക, വെള്ളം കോരുന്ന തോൽ പാത്രം കീറിയാൽ തയ്ക്കുക മുതലായ ജോലികളും ഞാൻ തന്നെ ചെയ്തു പോന്നു. കുതിരക്ക് പുല്ലും മറ്റും കൊടുത്ത് ശുശ്രൂഷിക്കുകയും മറ്റു വീട്ടു ജോലികൾ നിർവ്വഹിച്ചിരുന്നതും ഞാൻ തന്നെയായിരുന്നു. കുതിരയെ അന്വേഷിച്ച് നടക്കുന്ന ജോലിയായിരുന്നു ഇതിലെല്ലാം വെച്ച് എനിക്ക് പ്രയാസമായി തോന്നിയിരുന്നത്. റൊട്ടി പാകം ചെയ്യുന്നതിൽ നല്ല പരിചയമില്ലായ്‌കയാൽ പൊടികുഴച്ച് അടുത്തുള്ള അൻസാരികളായ സ്‌ത്രീകളുടെ വീട്ടിൽ കൊണ്ട് പോവുക പതിവായിരുന്നു. സൽസ്വഭാവത്തിൽ പേരെടുത്ത ആ മഹതികൾ എന്നെ സഹായിക്കുകയും റൊട്ടി പാകം ചെയ്ത് തരികയും ചെയ്യുമായിരുന്നു. കുറെ കാലം കഴിഞ്ഞ ശേഷം നബി കരീം (സ) കൊടുത്തിരുന്ന ഒരു വേലക്കാരനെ എന്റെ പിതാവ് അബൂബക്കർ (റ) എനിക്കയച്ച് തന്നു. അത് കാരണം കുതിരയുടെ പരിപാലന ജോലിയിൽ നിന്ന് എനിക്ക് മോചനം കിട്ടി. ഒരു ബന്ധനത്തിൽ നിന്ന് വിമുക്‌തമായ പ്രതീതിയായിരുന്നു പ്രസ്‌തുത ഭൃത്യനെ ലഭിച്ചപ്പോൾ എന്നിൽ ഉളവായിരുന്നത്.
സ്ഥിര ചിത്തതയുടെ മാതൃക :
സിദ്ധീഖ് (റ) മദീനയിലേക്ക് നബി(സ) യുടെ കൂടെ പുറപ്പെട്ടപ്പോൾ കുടുംബത്തെ മക്കയിൽ നിർത്തിയായിരുന്നു പാലായനം ചെയ്തതെന്ന് മനസ്സിലായല്ലോ. വിവരം പട്ടണത്തിലറിഞ്ഞതോടെ സിദ്ധിഖ് (റ) ന്റെ പിതാവും അന്ന് മുസ്‌ലിമായിട്ടില്ലാത്ത ആളുമായ അബൂഖുഹാഫ(റ) (പിന്നീട് മുസ്‌ലിമായി ) സന്തതികളെ ആശ്വസിപ്പിക്കാനും സ്ഥിതികൾ അന്വേഷിക്കാനും വീട്ടിലേക്ക് ചെന്നു. കാഴ്ച നഷ്ടപ്പെട്ടിരുന്ന അബൂഖുഹാഫ മനസ്‌താപം പ്രകടിപ്പിക്കുന്നതിനിടയിൽ പൌത്രികളോട് ചോദിച്ചു. ‘ അബൂബക്കർ നാടു വിട്ടു കൊണ്ട് നിങ്ങളെയും നമ്മെയും വേദനപ്പെടുത്തി. എന്നാൽ അദ്ധേഹം സമ്പാദിച്ച ധനം മുഴുവനും എടുത്തുകൊണ്ടുപോയി ജീവിതയാതനകൾക്കും നിങ്ങളെ വിധേയമാക്കിയോ ?’ ( വാസ്‌തവത്തിൽ നബി(സ)യുടെ കൂടെ പുറപ്പെടുന്ന ആ മഹാൻ വഴിയിൽ വെച്ച് നബി(സ)ക്ക് വല്ല വിഷമവും വന്ന് പോകുന്നതിനെ ഭയന്ന് കയ്യിലുണ്ടായിരുന്ന അഞ്ചാറായിരം ദിർഹം മുഴുവൻ കൂടെ കൊണ്ട് പോയിരുന്നു. ) എന്നാൽ പിതാവിന്റെ വിലാപം കേട്ട് അദ്ദേഹത്തെ ആശ്വസിപ്പിക്കനായി ധൈര്യം അവലംബിച്ച് കൊണ്ട് അസ്‌മാ(റ) ഒരു പൊടിക്കൈ ഉപയോഗിച്ചാണ് ആ വിഷണ്ണത മാറ്റിയത്. പിതാവ് പണം സൂക്ഷിക്കാറുള്ള ചുവരിലെ ഒരു തുളയിൽ കുറെ ചെറിയ കല്ലുകൾ ഇട്ട് അതിന്മേൽ തുണിയിട്ട് മൂടുകയും പിതാമഹന്റെ കൈ പിടിച്ച് അതിന്മേൽ വെച്ച് കൊണ്ട് അവർ പറയുകയുണ്ടായി. ‘ ഞങ്ങളുടെ ആവശ്യത്തിന് നല്ല ഒരു തുക ഇവിടെ സൂക്ഷിച്ചാണ് പിതാവ് പോയിട്ടുള്ളത്. ആകയാൽ ഞങ്ങൾക്ക് യാതൊരു വിഷമവും ഇല്ല തന്നെ’. ഇത് കേട്ട് ആശ്വസിച്ച അബൂ ഖുഹാഫ പറഞ്ഞു. ‘ നല്ലത് തന്നെ ,നിങ്ങളുടെ ജീവിതമെങ്കിലും അത് കൊണ്ട് നിവർത്തിക്കാമല്ലോ’ .!
അസ്‌മാഅ് (റ) പറയുന്നു. ‘ അല്ലാഹുവിൽ സത്യം. അവിടെ യാതൊന്നും ഉണ്ടായിരുന്നില്ല. പിതാവിന്റെ ദു:ഖം തീർക്കാനും മനസ്സമാധാനം ഉണ്ടാക്കാനുമായിരുന്നു ഞാൻ അപ്രകാരം ചെയ്‌തത്. എന്തൊരു ദൃഢ നിശ്ചയം ! പതറാത്ത മനോദാർഢ്യം ! പിതാമഹനേക്കാൾ കൂടുതൽ ദു:ഖിക്കേണ്ടിയിരുന്ന, ഗർഭിണിയും നിരാലംബയുമായി തീർന്ന സ്ത്രീ ബാഹ്യമായി മറ്റൊരു മാർഗ്ഗമില്ലാതെ വലയുകയും പിതാമഹനോട് ന്യായമായും ആവലാതിപ്പെടുകയും ചെയ്യേണ്ട സ്ഥാനത്ത് ഇസ്‌ലാമിന്റെ പേരിൽ വിലപിക്കുന്ന ആ അവിശ്വാസിയായ പിതാവിന്റെ മുമ്പിൽ ചൂളിപ്പോകാതെ മനോധൈര്യമവലംബിച്ച് സർവ്വസ്വവും അല്ലാഹുവിൽ സമർപ്പിച്ച് സമാശ്വസിക്കാൻ മുതിർന്നത് എത്ര മാതൃകായോഗ്യം !
സ്‌ത്രീ പുരുഷ ഭേതമന്യേ അത്തരം ധീരതയും സ്ഥിരചിത്തതയും അവരുടെ പുണ്യം കൊണ്ട് അല്ലാഹു നമുക്കെല്ലാം പ്രദാനം ചെയ്യുമാറാകട്ടെ. ആമീൻ