സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Sunday, 24 January 2016

ഹദീസിലെ സാമൂഹിക പാഠങ്ങള്‍

തിരുനബി (സ്വ) പ്രകീര്‍ത്തിക്കപ്പെട്ടു; ആകാശത്തിലും ഭൂമിയിലും. മറ്റേതു ലോകമുണ്ടോ അവിടെയൊക്കെയും. അവിടുന്നു വിണ്ണേറി; ദൈവിക സന്നിധിയില്‍ വിരുന്നു ചെന്നു. ആത്മീയതയുടെ ഉത്തുംഗതയില്‍ വിരാചിച്ചു. ആത്മീയ ലോകത്തു നിന്നു വിശിഷ്ട മാലാഖ കടന്നു വന്നാണ് അവിടുത്തെ പ്രവാചകത്വത്തിന്റെ അത്യുന്നത പദവിയിലേക്കാനയിച്ചത്. ആ മാലാഖ തിരുനബി (സ്വ) യുടെ നിത്യ സന്ദര്‍ശകനായിരുന്നു. ആത്മീയ ലോകങ്ങള്‍ നബിയുടെ മുമ്പില്‍ തുറന്നു വെക്കപ്പെട്ടു. സാധാരണ മനുഷ്യര്‍ കാണാത്തത് തിരുനബി (സ്വ) കണ്ടു; കേള്‍ക്കാത്തതു കേട്ടു, അറിയാത്തത് അറിഞ്ഞു. ആത്മീയ ലോകവുമായി അവിടുന്നു സദാ സംവദിച്ചു. സര്‍വത്ര ആത്മീയ മയം.
അല്ലാഹുവില്‍ നിന്നു മാനവതക്കുള്ള മാര്‍ഗ ദര്‍ശനമാണ് ഇസ്ലാം. മണ്ണിന്റെ മക്കള്‍ക്കുള്ള സന്ദേശം. അതു എത്തിച്ചു തരുന്നതാവട്ടെ, ആത്മീയതയുമായി സദാ സംവദിക്കുന്ന റസൂല്‍ മുഹമ്മദ് മുസ്തഫാ (സ്വ). സ്വാഭാവികമായും ധരിക്കാനിടയുണ്ട്; ആ സന്ദേശങ്ങള്‍ പൂര്‍ണമായും ആത്മീയമായിരിക്കുമെന്ന്. ദൈവവുമായുള്ള മനുഷ്യന്റെ ഇടപാട്. അതിലെവിടെ പച്ച മനുഷ്യന്റെ ജീവിത വ്യഥകള്‍ക്കും ജീവിതാഭിലാഷങ്ങള്‍ക്കും സുഖ സൌകര്യങ്ങള്‍ക്കുമിടം? മണ്ണിന്റെ മക്കളുടെ പ്രകൃതിപരമായ തേട്ടങ്ങളും  ആത്മീയ ലോകത്തിന്റെ സങ്കല്‍പങ്ങളും പരസ്പര വിരുദ്ധമാണെന്ന തോന്നല്‍ ഇതോടെ വേരുറയ്ക്കുന്നു. ആത്മ പീഢനത്തിലൂടെ നേടിയെടുക്കേണ്ടതാണു ആത്മീയ ലോക മോക്ഷം എന്ന ധാരണ കടന്നു വരുന്നു. ഇവിടെ ആത്മീയതയും ഭൌതികതയും സംഘട്ടനത്തിലാവുന്നു. ഇനി അനുരഞ്ജനത്തിലായാല്‍ തന്നെ പലരുടെയും വീക്ഷണത്തില്‍ ആത്മീയതയുടെ വഴി മറ്റൊന്നാണ്. നിത്യ ജീവിതവുമായി അധികം ബന്ധമില്ലാത്ത വേറിട്ടൊരു വഴി. അതു സ്വകാര്യമാണ്. ജീവിതപ്പെരുവഴിയില്‍ നിന്നു മാറി ചിലരെങ്കിലും പ്രയാസത്തോടെ കടന്നു ചെല്ലാന്‍ ശ്രമിക്കുന്ന സ്വകാര്യ വഴി. ഇവിടെ മതവും മനുഷ്യന്റെ പച്ചയായ ജീവിതവും വഴി പിരിയുന്നു. ‘ദൈവത്തിനുള്ള ദൈവത്തിന്, സീസര്‍ക്കുള്ളത് സീസര്‍ക്ക്’ എന്ന വികലമായ ചൊല്ല് ഉറച്ചു പോയതങ്ങനെയാണ്. എന്തൊക്കെ പറഞ്ഞാലും സാധാരണക്കാരുടെ – അവരേതു മത വിശ്വാസിയാണെങ്കിലും – മനസ്സില്‍ മതത്തെക്കുറിച്ച സങ്കല്‍പം ഇപ്പോഴും ഇങ്ങനെയാണ്. അതു കൊണ്ടു തന്നെ ആത്മീയ മോക്ഷത്തിന്നവര്‍ ചില ചടങ്ങുകള്‍ മാറ്റി വയ്ക്കുന്നു. നിത്യ ജീവിതത്തിലെ വ്യവഹാരങ്ങള്‍ക്കും കര്‍മങ്ങള്‍ക്കും ബന്ധങ്ങള്‍ക്കുമൊന്നും പ്രത്യേക നിബന്ധനകളൊ ന്നും കാണുന്നില്ല. ഉണ്ടെങ്കില്‍ തന്നെ അതു കേവലം അനുകരണങ്ങളാണ്. പൊരുളറിയാത്ത ആചാരങ്ങളുടെ പരിവേഷമാണവയ്ക്ക്.
ഇന്നു നിലവിലുള്ള പല മതങ്ങളുടെയും മതാനുയായികളുടെയും  അവസ്ഥ ഇതാവാം. എന്നാല്‍ മുഹമ്മദ് നബി (സ്വ) പ്രബോധനം ചെയ്ത ഇസ്ലാമിന്റെയും അതില്‍ വിശ്വസിക്കുന്ന മുസ്ലിംകളുടെയും അവസ്ഥ ഇതാണോ? മുസ്ലിംകള്‍ക്കും ഇങ്ങനെയാവാമോ? ഗഹനമായ ചിന്തക്ക് ഇവിടെ പ്രസക്തിയുണ്ട്. മുഹമ്മദ് നബി (സ്വ) യെ പഠിക്കേണ്ടത് ഇതിന്നനിവാര്യമാണ്. കേവലമൊരു ജനന മരണ റിപ്പോ ര്‍ട്ടുകളല്ല, നബിയുടെ ജീവിതം, ചലനങ്ങള്‍, സന്ദേശങ്ങള്‍ സൂക്ഷ്മമായി, സമഗ്രമായി പഠിക്കണം. വിശ്വാസി അതിനു ബാധ്യതപ്പെട്ടിരിക്കുന്നു എന്ന കാര്യത്തില്‍ സംശയമേയില്ല. അറിയില്ല എന്ന ഒഴിവുകഴിവു പറയലിന്നു പ്രസക്തിയില്ലെന്നു ചുരുക്കം.
ലോകത്തിലെ മറ്റൊരു മനുഷ്യനും ഇത്ര സമഗ്രമായി പഠിക്കപ്പെട്ടിട്ടില്ല. നിരീക്ഷിക്കപ്പെട്ടിട്ടില്ല. പകര്‍ത്തപ്പെട്ടിട്ടില്ല. അനുകരിക്കപ്പെട്ടിട്ടില്ല. ഭൂമിക്ക് ഉപരിതലത്തിലൂടെ നടക്കുന്ന  ഒരു സാധാരണ മനുഷ്യനായും ആത്മീയ ലോകവുമായി സംവദിക്കുന്ന ഒരസാധാരണ വ്യക്തിത്വമായും അവിടുന്നു വിലയിരുത്തപ്പെട്ടു. ആത്മീയതയെയും ഭൌതികതയെയും സമന്വയിപ്പിച്ച പ്രവാചകനാണവിടുന്ന്. ആ സമന്വയത്തിലൂടെ ഐഹിക ജീവിതത്തിന്റെ സൌഖ്യവും സംതൃപ്തിയും അനുഭവ വേദ്യമാക്കിക്കൊടുക്കാന്‍ തിരുനബി     (സ്വ) ക്കു കഴിഞ്ഞു. മനുഷ്യനെ മാനുഷിക തലത്തില്‍ നിര്‍ത്തി ആത്മീയതയുടെ സായൂജ്യം നുകരുന്ന അനിര്‍വചനീയമായ അവസ്ഥയിലേക്കുയര്‍ത്തിയ അത്യത്ഭുതമാണു തിരുനബി (സ്വ) കാണിച്ചത്. അതിനു മാതൃക സ്വന്തം ജീവിതം തന്നെയായിരുന്നു. ‘എന്റെ ജീവിതമാണെന്റെ സന്ദേശം’ എന്ന അവകാശ വാക്കുകളില്‍ പൊള്ളയൊന്നുമില്ലെന്നു തെളിയിച്ച ഏക മനുഷ്യനാണവിടുന്ന്. അല്ലാഹുവിന്റെ സന്ദേശത്തിന്റെ ഭൂമിയിലെ പ്രതീകമായിരുന്നു നബി. ‘തിരുനബി (സ്വ) യുടെ സ്വഭാവം ഖുര്‍ആനായിരുന്നു’ എന്ന പത്നി ആയിശാ (റ) യുടെ വാക്കുകള്‍ ഇതിനു സാക്ഷിയാണ്. ആ ജീവിതത്തിന്റെ സമഗ്രതയാണു ഹദീസ്.
ഈ ആമുഖത്തോടെ വേണം ‘ഹദീസുകളിലെ സാമൂഹികത’ എന്ന വിഷയം പരിശോധിക്കാന്‍. ‘മതം വ്യക്തിപരമാണ്. സ്വകാര്യതയാണ്’ എന്നൊക്കെയുള്ള ചിന്തകള്‍ മുകളിലുദ്ധരിച്ച ധാരണകളുടെ അടിസ്ഥാനത്തിലാണു രൂപം കൊണ്ടത്. മുഹമ്മദ് നബി (സ്വ) പ്രബോധനം ചെയ്ത, ജീവിതത്തിലൂടെ മാതൃക കാണിച്ച മതം ഒരിക്കലും സ്വകാര്യതയല്ല. വ്യക്തിയിലധിഷ്ഠിതമല്ല. ദൈവവുമായുള്ള സ്വകാര്യ ഇടപാടുമല്ല. അതിലെ ഓരോ അംശവും സാമൂഹ്യമാണ്. അതേ സമയം ആത്മീയമാണ്. ദേവാലയത്തിനകത്ത്, ജനശൂന്യമായ വനാന്തരത്തില്‍, ഇരുളടഞ്ഞ ഗുഹകളില്‍ ആത്മീയ സായൂജ്യം തേടുന്നത് ഈ മതത്തില്‍ പ്രോത്സാഹിക്കപ്പെടുന്നേയില്ല. ജീവിതത്തിലെ ഓരോ കര്‍മ്മത്തോടും ബന്ധത്തോടും വ്യവഹാരത്തോടും ചിന്തയോടും  വൈകാരിക ചോദനകളോടും ഒട്ടിനിന്നു വേണം മോക്ഷത്തിന്റെ കവാടത്തില്‍ മുട്ടാന്‍ എന്നാണു തിരുചര്യ പഠിപ്പിക്കുന്നത്. കേവലം അലങ്കാരികമായ ഒരു പ്രസ്താവമല്ല ഇത്. തിരുനബി (സ്വ) യുടെ ചര്യ പരിശോധിച്ചാല്‍, ഹദീസുകള്‍ പരതിയാല്‍ ഇക്കാര്യം വ്യക്തമാവും. ജീവിത സാഹചര്യങ്ങളോട്, ബന്ധങ്ങളോട്, സാമൂഹ്യ പ്രതിബദ്ധതയോട് കൂറു പുലര്‍ത്താനാവശ്യപ്പെടുന്ന ഹദീസുകളാണധികവും. എല്ലാ വഴികളും അടയുമ്പോള്‍ മാത്രമേ കേവലമൊരു ഒളിച്ചോട്ടത്തിന്റെ പ്രതീതിയുണര്‍ത്തുന്ന വനവാസം ആവശ്യമായി വരുന്നുള്ളൂ. അങ്ങനെ വന്നാല്‍ തന്നെ ജീവിതത്തി ന്റെ കാതലായ അംശങ്ങളിലൂടെ നേടിയെടുക്കേണ്ട പുണ്യങ്ങള്‍ അവര്‍ക്കു നഷ്ടമാവുന്നു എന്ന സൂച ന കൂടി ഹദീസുകള്‍ നല്‍കുന്നുണ്ട്.
സാമൂഹികശാസ്ത്രം (Sociology) എന്നൊരു ശാസ്ത്ര വിഭാഗം ഉടലെടുക്കുന്നതിനു പതിമൂന്നു നൂറ്റാണ്ടു മുമ്പാണു അത്യന്തം ശാസ്ത്രീയമായ ഒരു സാമൂഹിക വ്യവസ്ഥ തിരുനബി (സ്വ) പ്രയോഗത്തില്‍ കാണിച്ചു കൊടുത്തത് എന്ന കാര്യമോര്‍ക്കണം. അതില്‍ സാഹോദര്യമുണ്ട്. കുടുംബമുണ്ട്, രാഷ്ട്രമുണ്, മറ്റു സകല ബന്ധങ്ങളുമുണ്ട്. ആധുനിക മനഃശാസ്ത്രജ്ഞരെപ്പോലും അത്ഭുതപ്പെടുത്തും വിധമാണ് തിരുനബി സമുദായത്തിന്റെ പ്രശ്നങ്ങളെ നിര്‍ദ്ധാരണം ചെയ്തത്. പരിഹാരങ്ങള്‍ നിര്‍ദേശിച്ചത്. സാന്ത്വനിപ്പിച്ചത്. പ്രചോദനങ്ങള്‍ നല്‍കിയത്. സാമൂഹിക രാഷ്ട്രീയ  സംഭവ വികാസങ്ങള്‍ വിലയിരുത്തിയത്. ജീവിതത്തില്‍ സമാധാനവും ശാന്തിയും നിലനില്‍ക്കാന്‍, കഷ്ടപ്പാടുകളും ദുരിതങ്ങളും ഇല്ലാതാക്കാന്‍, സുഭിക്ഷതയും ഐശ്വര്യവും കളിയാടാന്‍, സ്നേഹവും സൌഹൃദവും നില നില്‍ക്കാന്‍ ആവശ്യമായ ഉപദേശ നിര്‍ദേശങ്ങള്‍ തിരുനബി (സ്വ) നല്‍കി. അവയുടെ പൂര്‍ണ പ്രായോഗികതക്ക് കേവല ഭൌതികനേട്ടങ്ങള്‍ മാത്രമല്ല, ശാശ്വതമായ പാരത്രിക മോക്ഷവും അവിടുന്നു വാഗ്ദാനം ചെയ്തു. ഭൌതികാധിഷ്ഠിത പ്രത്യയ ശാസ്ത്രങ്ങളുടെ പരിമിതിയും പരാജയവും ഈ ആത്മീയതയുടെ അഭാവമാണെന്ന കാര്യം സാന്ദര്‍ഭികമായോര്‍ക്കുക. സാമൂഹികമായ സുസ്ഥിതിക്കു വേണ്ടി ചെയ്യുന്ന ഓരോ കര്‍മത്തിനുമുള്ള ഇരട്ട പ്രതിഫലം, പരസ്യവും രഹസ്യവുമായ പ്രവര്‍ത്തനങ്ങളിലെ ഏകത്വം, ആത്മ സംതൃപ്തിയെക്കുറിച്ച വാഗ്ദാനം തുടങ്ങിയവ ഉത്തമ സമൂഹത്തെ വാര്‍ത്തെടുക്കുന്നതില്‍ വമ്പിച്ച വിജയം തന്നെയുണ്ടാക്കി. മഹത്തായ പരിവര്‍ത്തനം സൃഷ്ടിച്ച തിരുചര്യയിലെ, ഹദീസുകളിലെ ഏതാനും ഉദാഹരണങ്ങളുദ്ധരിച്ച് ഇക്കാര്യം വിശകലനം ചെയ്യാം:
വ്യക്തി സംസ്കരണത്തിലൂടെ ഉത്തമ സമൂഹ സൃഷ്ടി എന്നതാണ് ഇത്തരം ഹദീസുകളുടെ മുഖ്യ ലക്ഷ്യം. സമൂഹത്തിലെ ഓരോ വ്യക്തിക്കും തന്റെ ഉത്തരവാദിത്വത്തെക്കുറിച്ചും ബാധ്യതയെക്കുറിച്ചും പെരുമാറ്റ രീതികളെക്കുറിച്ചും സമൂഹത്തില്‍ വ്യക്തിയുടെ സ്ഥാനത്തെക്കുറിച്ചുമുള്ള വ്യക്തമായ അവബോധം സൃഷ്ടിക്കാന്‍ പര്യാപ്തമാണ് ആ ചര്യകള്‍. അതേ സമയം ഹദീസുകളിലെ മിക്ക സംബോധനയും വ്യക്തികളോടാണെങ്കിലും കാലദേശാതീതമായി വിശാലമായ മനുഷ്യ സമൂഹത്തെ മുഴുവന്‍ മുമ്പില്‍ കാണുന്നുവെന്നതും അതിന്റെ സവിശേഷതയാണ്. തന്റെ മുമ്പിലിരിക്കുന്ന വ്യക്തിയോടാണ് തിരുനബി സംസാരിക്കുന്നതെങ്കിലും വിശാലമായ സമൂഹത്തിലെ ഓരോ വ്യക്തിയും ഇവിടെ അഭിസംബോധിതനാണ് എന്ന് ചുരുക്കം.
മണ്ണിലാണു മനുഷ്യന്‍ ജീവിക്കുന്നത്. ഇവിടെയുള്ള വിഭവങ്ങളെ അനുഭവിച്ചു കൊണ്ടാണവന്‍ ജീവിക്കേണ്ടത്. പാരത്രിക ജീവിതത്തിലെ സൌഖ്യം മോഹിച്ച് ഇവിടുത്തെ ജീവിതം ക്ളേശ പൂര്‍ണമാക്കുന്നതിനെ റസൂല്‍ (സ്വ) അനുകൂലിച്ചിരുന്നില്ല. ഒരു സംഭവത്തിനുള്ള പ്രതികരണത്തിലൂടെ ഇക്കാര്യം വ്യക്തമാക്കുന്നതു കാണുക.
മൂന്നു സ്വഹാബികള്‍ നബി (സ്വ) യുടെ ജീവിതചര്യയെക്കുറിച്ച് അവിടുത്തെ ഭാര്യമാരോടന്വേഷിച്ചു. ‘പാപങ്ങളേ ചെയ്യാത്ത നബി (സ്വ) ഇത്രയും ആരാധനകള്‍ നിര്‍വ്വഹിക്കുന്നെങ്കില്‍ നാമെത്ര ചെയ്യണം.’ അവര്‍ പരസ്പരം തങ്ങളുടെ പോരായ്മകള്‍ പങ്കുവച്ചു. അവരില്‍ ഒരാള്‍ പ്രതിജ്ഞയെടുത്തു. “ഞാ നിനി രാത്രിമുഴുവന്‍ നിസ്കരിക്കും” മറ്റൊരാള്‍: “ഞാനെല്ലാ ദിവസവും നോമ്പനുഷ്ഠിക്കും. നോമ്പു മുറിക്കുകയില്ല”. മൂന്നാമന്‍: “ഞാനൊരിക്കലും വിവാഹം കഴിക്കില്ല.” ഇതറിഞ്ഞ റസൂലിന്റെ പ്രതികരണമിങ്ങനെ : “അറിയുക, അല്ലാഹുവാണേ, ഞാനാണു നിങ്ങളില്‍ ഏറ്റം ഭക്തന്‍. പക്ഷേ, ഞാന്‍ വ്രതമനുഷ്ഠിക്കുകയും മുറിക്കുകയും ചെയ്യുന്നു. നിസ്കരിക്കുകയും ഉറങ്ങുകയും ചെയ്യുന്നു. വിവാഹം കഴിക്കുന്നു. എന്റെ ചര്യ ഇതാണ്. ഈ ചര്യ ഉപേക്ഷിക്കുന്നവന്‍ എന്റെ അനുയായിയല്ല.”
ആരാധനാ കര്‍മ്മങ്ങളാണെങ്കിലും താങ്ങാന്‍ വയ്യാത്ത ഭാരം മനുഷ്യന്‍ പേറേണ്ടതില്ല. ജീവിത്തിന്റെ ആസ്വാദ്യതകളില്‍ അനുവദനീയമായതു ഭുജിച്ചുകൊണ്ടു തന്നെയായിരിക്കണം മുമ്പോട്ടുള്ള യാത്ര. അതിനു പറ്റിയ സാഹചര്യം സൃഷ്ടിക്കണം. ആ സാഹചര്യ സൃഷ്ടിയാണ് ഹദീസുകളിലൂടെ തെളി ഞ്ഞു കാണുന്നത്.
ഹദീസുകളിലെ നിര്‍ദ്ദേശങ്ങള്‍ വ്യക്തിപരവും സമൂഹപരവുമുണ്ട്. പ്രത്യക്ഷവും പരോക്ഷവുമുണ്ട്. ഏതായിരുന്നാലും ഉത്തമ സമൂഹ സൃഷ്ടിയാണ് ആത്യന്തിക ലക്ഷ്യം എന്നു കണ്ടെത്താന്‍ പ്രയാസമില്ല. ജീവിതത്തിന്റെ ഓരോ മേഖലയെയും അതു വ്യക്തമായി പരാമര്‍ശിക്കുന്നു. ചിലതുമാത്രം ഉദ്ധരിക്കാം.
“ഇഹലോകം മധുരതരവും അലങ്കാര സമൃദ്ധവുമാണ്. അതില്‍ നിങ്ങളെ അല്ലാഹു പ്രതിനിധികളാക്കി നിശ്ചയിച്ചിരിക്കുന്നു. നിങ്ങളെന്തു ചെയ്യുന്നുവെന്ന് അവന്‍ വീക്ഷിക്കുന്നുണ്ട്” (മുസ്ലിം). “സത്യ വിശ്വാസിക്കു സ്വശരീരത്തിലും സന്താനത്തിലും സമ്പത്തിലും പരീക്ഷണമുണ്ടായിക്കൊണ്ടിരിക്കും. അവസാനം അവന്‍ പാപരഹിതനായി സ്വര്‍ഗത്തില്‍ പ്രവേശിക്കും”(ഹദീസ് ഹസന്‍). ഐഹിക വിഭവങ്ങളാണു സ ന്താനം, സമ്പത്ത്, ആരോഗ്യമുള്ള ശരീരം തുടങ്ങിയവ. അവ അവഗണിക്കാനല്ല, അവയിലൂടെ സ്വര്‍ഗം നേടാനാണു ശ്രമിക്കേണ്ടതെന്നു വ്യക്തം. അതെങ്ങനെയെന്നും തിരുനബി (സ്വ) വിശദീകരിച്ചു തന്നി ട്ടുണ്ട്.