സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Tuesday 5 January 2016

വായനക്കുവേണ്ടി ഈ പുതുവര്‍ഷം


എഴുത്തും വായനയും അറിയാത്ത തീര്‍ത്തും നിരക്ഷരരായ ഒരു ജനതയില്‍ നിരക്ഷരനായ ദൂതനെ നിയോഗിച്ച് വായിക്കാനുള്ള ആഹ്വാനം നല്‍കി അവരെ ഔന്നത്യത്തിന്റെ ഉത്തുംഗതയിലേക്ക് വഴി നടത്തിയ അല്ലാഹു തന്നെ ഔന്നത്യത്തിന്റെ അധിപതി. അറിവില്ലായ്മ മനുഷ്യനെ നിര്‍ജീവമാക്കുമെന്നും സാംസ്‌കാരികവും നാഗരികവുമായ ഉയര്‍ത്തെഴുന്നേല്‍പ്പിന് വിജ്ഞാനീയങ്ങളുടെ താക്കോലാകുന്ന വായനയിലൂടെ മാത്രമേ കഴിയൂവെന്നും പ്രപഞ്ച നാഥന്‍ മനുഷ്യനെ ഇതിലൂടെ തെര്യപ്പെടുത്തുകയായിരുന്നു. ‘നിരക്ഷര സമൂഹത്തിനിടയില്‍ തന്റെ സൂക്തങ്ങള്‍ അവരെ ഓതിക്കേള്‍പ്പിക്കുകയും സംസ്‌കരിക്കുകയും വേദവും തത്ത്വജ്ഞാനവും പഠിപ്പിക്കുകയും ചെയ്യാന്‍ അവരില്‍ നിന്നു തന്നെയുള്ള ദൂതനെ നിയോഗിച്ചവനാണവന്‍. നേരത്തെ സ്പഷ്ടമായ വഴികേടില്‍ തന്നെയായിരുന്നു അവര്‍ (അല്‍ ജുമുഅ- 2).
ഖുര്‍ആനിന്റെ അവതരണം ആരംഭിക്കുന്നത് തന്നെ ‘വായിക്കുക’ എന്ന ആഹ്വാനവുമായിട്ടാണ്. ‘വായിക്കുക; സൃഷ്ടിച്ചവനായ നിന്റെ രക്ഷിതാവിന്റെ നാമത്തില്‍. മനുഷ്യനെ അവന്‍ ഭ്രൂണത്തില്‍ നിന്ന് സൃഷ്ടിച്ചിരിക്കുന്നു. വായിക്കുക; നിന്റെ രക്ഷിതാവ് അത്യുദാരനത്രെ. പേന കൊണ്ട് അവന്‍ പഠിപ്പിച്ചു. മനുഷ്യന് അറിഞ്ഞു കൂടാത്തത് അവന്‍ പഠിപ്പിച്ചിരിക്കുന്നു’ (അല്‍ അലഖ്: 1-5).
ധിഷണാശാലികളെ ഇരുത്തിച്ചിന്തിപ്പിച്ചിട്ടുണ്ട് ഖുര്‍ആനിന്റെ ഈ അവതാരിക. ആവര്‍ത്തിച്ചുള്ള വായനയുടെ കല്‍പനയും അറിവിന്റെ ലക്ഷ്യവും മര്യാദയും സൃഷ്ടിപ്പിന്റെ ഉള്ളറകളും മനുഷ്യന്റെ ദുര്‍ബലതകളും എഴുത്തിന്റെയും പേനയുടെയും സാധ്യതകളും എല്ലാമെല്ലാം ഉള്‍ക്കൊള്ളുന്നുണ്ട് ഈ ലളിത മനോഹര പഞ്ചവചനങ്ങള്‍.
അജ്ഞതയുടെ ഘനാന്ധകാരത്താല്‍ അന്ധത ബാധിച്ചിരുന്ന ഒരു യുഗത്തെ തിമിര ശസ്ത്രക്രിയക്ക് വിധേയമാക്കി ഖുര്‍ആനിന്റെ പ്രഖ്യാപനം. അക്ഷര ജ്ഞാനം നേടിയിട്ടില്ലാത്ത, പൂര്‍വ വേദങ്ങള്‍ വായിച്ചിട്ടില്ലാത്ത മുഹമ്മദ്(സ)യെ അല്ലാഹു അമാനുഷിക ദൗത്യമായി ദിവ്യജ്യോതിസ്സിന്റെ പ്രവാചകനും പ്രചാരകനുമാക്കി. ‘അപ്രകാരം അങ്ങേക്ക് നാം വേദഗ്രന്ഥം അവതരിപ്പിച്ചു തന്നിരിക്കുന്നു. അപ്പോള്‍ നാം മുമ്പ് വേദഗ്രന്ഥം നല്‍കിയിട്ടുള്ളവര്‍ ഇതില്‍ വിശ്വസിക്കുന്നതാണ്. ഇക്കൂട്ടരിലും അതില്‍ വിശ്വസിക്കുന്നവരുണ്ട്. അവിശ്വാസികളല്ലാതെ നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിഷേധിക്കുകയില്ല. ഇതിനു മുമ്പ് അങ്ങ് വല്ല ഗ്രന്ഥവും പാരായണം ചെയ്യുകയോ അങ്ങയുടെ വലതുകൈ കൊണ്ട് അത് എഴുതുകയോ ചെയ്തിരുന്നില്ല. അങ്ങനെയാണെങ്കില്‍, സത്യനിഷേധികള്‍ക്ക് സംശയിക്കാമായിരുന്നു’ (അല്‍ അന്‍കബൂത്- 47, 48).
പ്രവാചകര്‍ (സ) സമൂഹത്തെ വായിക്കാന്‍ പ്രേരിപ്പിച്ചു. എഴുത്തും വായനയും പഠിച്ച മുസ്‌ലിംകള്‍ ലോകത്തെ അറിവിന്റെ വെളിച്ചത്തിലേക്ക് നയിച്ചു. വായിക്കാന്‍ അറിയുമായിരുന്ന സൈദ് ബിന്‍ സാബിത്(റ)ന് പ്രവാചക സദസ്സില്‍ ഉന്നത പദവി ലഭിച്ചിരുന്നു. നബി തങ്ങള്‍ക്ക് അവതരിക്കപ്പെടുന്ന ഖുര്‍ആന്‍ വചനങ്ങളും ദൈവിക വെളിപാടുകളും എഴുതി വെക്കാനുള്ള ദൗത്യവും അദ്ദേഹത്തിന് ലഭിച്ചിരുന്നു. ഖുര്‍ആന്‍ പഠിച്ച സഹചാരികളെ വിവിധ നാടുകളിലേക്ക് അവരെ പഠിപ്പിക്കാനുള്ള ചുമതലയുമായി നബി (സ) തങ്ങള്‍ നിയോഗിച്ചിരുന്നു. ‘ഒരു വചനമെങ്കിലും എന്നില്‍ നിന്ന് നിങ്ങള്‍ അവര്‍ക്ക് എത്തിച്ചു കൊടുക്കുക’ എന്ന് തങ്ങള്‍ പറയുമായിരുന്നു (ബുഖാരി).
സ്വഹാബാക്കള്‍ വായനയുടെയും അറിവിന്റെയും മേഖലകളില്‍ മത്സരിച്ചു മുന്നേറി. മുസ്‌ലിം ഹൃദയങ്ങളില്‍ വായനയോടുള്ള പ്രമത്തത രൂഢമൂലമായി. വിജ്ഞാനീയങ്ങളുടെ ചക്രവാളങ്ങള്‍ തേടി അവര്‍ സഞ്ചാരം നടത്തി. ഗ്രന്ഥ രചനകളുടെ മഹാ വിപ്‌ളവത്തിന് ലോകം സാക്ഷിയായി. ഇസ്‌ലാമിക നാഗരികതയുടെ പൊന്‍തൂവലുകളായി വന്‍ പുസ്തക ശേഖരങ്ങളുടെ ലൈബ്രറികള്‍ ലോകത്തുടനീളം ഉയര്‍ന്നു വന്നു. മക്ക, മദീന, കൈറോ, ബഗ്ദാദ്, ഡമസ്‌കസ്, കൊര്‍ദോവ, സിവെല്ലെ, ഗ്രാനഡ തുടങ്ങിയ ലൈബ്രറികള്‍ എഴുത്തിനും വായനക്കും ഒരു സമുദായം നല്‍കിയ പ്രാധാന്യത്തിന്റെ വിളംബരമായി. ‘യൂറോപ് സൂര്യാസ്തമയത്തോടെ ഇരുളടയുമ്പോള്‍ കൊര്‍ദോവയിലെ തെരുവുകള്‍ ആയിരക്കണക്കായ വിളക്കുകളാല്‍ പ്രകാശിക്കുകയായിരുന്നു. യൂറോപ്യര്‍ വൃത്തിഹീനരായി ജീവിച്ചിരുന്നപ്പോള്‍ കൊര്‍ദോവയില്‍ വൃത്തിയുടെ നിദര്‍ശനങ്ങളായി അനവധി കുളങ്ങളും കുളിപ്പുരകളും ഉണ്ടായിരുന്നു. യൂറോപ്പിലെ പ്രഭുക്കള്‍ക്ക് ഒപ്പിടാന്‍ അറിഞ്ഞു കൂടാതിരുന്നപ്പോള്‍ സ്‌പെയിന്‍കാര്‍ ശാസ്ത്രീയ ഗവേഷണങ്ങളില്‍ ഉത്സുകരായിരുന്നു. യൂറോപ്പിലെ ചര്‍ച്ചുകളില്‍ മൊത്തം പന്ത്രണ്ടു പുസ്തകങ്ങളുണ്ടായിരുന്ന കാലം ഇമാം തൂസിയുടെ മറാകാ നിരീക്ഷണാലയത്തില്‍ മാത്രം നാലു ലക്ഷം പുസ്തകങ്ങളുണ്ടായിരുന്നു.
വായനയാണ് അറിവിന്റെ കണ്ണ്. വായനയുടെ പ്രാധാന്യമാണ് ഖുര്‍ആനിന്റെ വിളംബരം. വായന എന്നര്‍ത്ഥം വരുന്ന ‘ഖിറാഅ:’ എന്ന ധാതുവില്‍ നിന്നാണ് ഖുര്‍ആന്‍ എന്ന നാമം തന്നെ നിഷ്പന്നമായിരിക്കുന്നത്. വായിക്കപ്പെടുന്നത്, പാരായണം ചെയ്യപ്പെടുന്നത് എന്ന് ഇതര്‍ത്ഥമാക്കുന്നു. നാമം സൂചിപ്പിക്കുന്നതു പോലെ തന്നെ ലോകത്ത് ഇത്രയധികം പാരായണം ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന മറ്റൊരു ഗ്രന്ഥമില്ല.
അല്ലാഹു ആകാശ-ഭൂമികളുടെ വെളിച്ചം. അറിവ് വെളിച്ചമാകുന്നത് അത് യാഥാര്‍ത്ഥ്യത്തിന്റെ പ്രതലത്തിലെത്തുമ്പോഴാണ്. മാനുഷ്യകത്തെ ഇരുളില്‍ നിന്ന് വെളിച്ചത്തിലേക്ക് നയിക്കാന്‍ വന്ന ദൈവദൂതര്‍ അറിവിന്റെയും ചിന്തയുടെയും ലോകത്തിലേക്കുള്ള വാതായനമാണ് തുറന്നു നല്‍കിയത്. മുഹമ്മദ് (സ) യുടെ ജീവിതം ഖുര്‍ആനിന്റെ വ്യാഖ്യാനമായിരുന്നു. എഴുത്തിന്റെയും പേനയുടെയും ആദ്യ പാഠത്തില്‍ നിന്നു തന്നെ നബിതങ്ങളുടെ ജീവിതം അത്ഭുതകരമാം വിധം രേഖപ്പെടുത്തപ്പെട്ടു. വര്‍ത്തമാനങ്ങള്‍ മാത്രമല; ചലനങ്ങളും മൗനങ്ങളും വരെ തലമുറകള്‍ക്ക് അക്ഷര വെളിച്ചത്തിന്റെ നിബിഢ നിധിയായി സംരക്ഷിക്കപ്പെട്ടു.
നേരറിവിന്റെ വെളിച്ചത്തില്‍ സര്‍വശക്തനായ സ്രഷ്ടാവിന്റെ അത്ഭുത സൃഷ്ടിയെന്നോണം പ്രപഞ്ചത്തെ നോക്കിക്കണ്ട മനുഷ്യന്‍ ഇരുണ്ട യുഗത്തിന് അറുതി വരുത്തി വൈവിധ്യങ്ങളായ ശാസ്ത്ര ശാഖകളുടെ രൂപീകരണത്തിലൂടെ പല കോണുകളില്‍ നിന്ന് യാഥാര്‍ത്ഥ്യത്തിന്റെ നിഗൂഢതകള്‍ തേടിയുള്ള പ്രയാണമായി. ‘അല്ലാഹു അങ്ങേക്ക് വേദവും ജ്ഞാനവും അവതരിപ്പിച്ചു തരികയും അങ്ങേക്ക് അറിവില്ലാതിരുന്നത് പഠിപ്പിക്കുകയും ചെയ്തിരിക്കുന്നു. അങ്ങയുടെ മേല്‍ അല്ലാഹുവിന്റെ അനുഗ്രഹം മഹത്തായതാകുന്നു (അന്നിസാഅ്- 113).
അറിവിന്റെ വര്‍ധനക്കായി പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കാന്‍ നബി(സ)യോട് അല്ലാഹു കല്‍പ്പിച്ചു (ത്വാഹാ- 114). അറിവു തേടല്‍ മുസ്‌ലിമിന്റെ നിര്‍ബന്ധ ബാ ധ്യതയായി തിരുദൂതര്‍ (സ) പരിചയപ്പെടുത്തി. അറിവു തേടിയുള്ള വഴി സ്വര്‍ഗത്തിലേക്കുള്ളതാണെന്ന് തങ്ങള്‍ പ്രോത്സാഹിപ്പിച്ചു.
വായന ബുദ്ധിയുടെ വികാസത്തിനാണ്. ചിന്തയുടെ ഊര്‍ജത്തിനാണ്. വിവേകത്തിന്റെ വളര്‍ച്ചക്കാണ്. സ്വത്വത്തിന്റെ അഭിവൃദ്ധിക്കാണ്. സംസ്‌കാരത്തിന്റെ സമ്പാദനത്തിനാണ്, സദ്ഗുണ സമ്പന്നതക്കും. അതിനാല്‍ ‘വായിക്കുന്നിടത്ത് പിശുക്കേണ്ടതില്ല. തരം തിരിക്കേണ്ടതില്ല. നല്ലതെന്തും വായിക്കണം. എല്ലാ മേഖലകളും അറിയണം.
ഖുര്‍ആന്‍ പാരായണത്തിനു വിധേയമാക്കുന്നതിലൂടെ വിശ്വാസി സ്വര്‍ഗീയ പടവുകളാണ് കയറുന്നതെന്ന് പ്രവാചകര്‍ (സ) പഠിപ്പിച്ചു. അല്ലാഹുവിന്റെ വചനങ്ങളോടൊപ്പം യാത്ര ചെയ്യുന്നവനെ സ്രഷ്ടാവിന്റെ കാരുണ്യ സ്പര്‍ശം തൊട്ടുണര്‍ത്തും. വിചാരങ്ങളെ വിമലീകരിക്കുകയും ജീവിതത്തെ ചിട്ടപ്പെടുത്തുകയും ചെയ്യും. ഹദീസ് ഗ്രന്ഥങ്ങളും സച്ചരിതരുടെ ചരിത്ര പുസ്തകങ്ങളും മാറും. ജീവിത ക്രയ-വിക്രയങ്ങളെ സ്വാധീനിക്കുകയും ശുദ്ധീകരിക്കുകയും ചെയ്യും.
പുതുവര്‍ഷപ്പുലരിയുടെ ആരവങ്ങളിലാണിന്ന് ലോകം. ആനന്ദത്തിന്റെയും ആഘോഷത്തിന്റെയും നേരംപോക്കുകളില്‍ സമയം കളയുന്നതിന് പകരം 2016 വര്‍ഷം നമ്മുടെ ആയുഷ്‌കാലത്തിലെ ഉണര്‍വിന്റെയും ഓജസ്സിന്റെയും അടയാളപ്പെടുത്തലാവാന്‍ വായനക്കു വേണ്ടി പ്രത്യേകം കരുതി വെക്കാനാണ് യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് നമ്മോട് ആവശ്യപ്പെടുന്നത്. പുസ്തക പാരായണത്തിനും അറിവിന്റെ പ്രചാരണത്തിനും രാജ്യം നടപ്പാക്കുന്ന പദ്ധതികളിലൊക്കെയും സര്‍വാത്മനാ സഹകരണം നാം ഉറപ്പു വരുത്തുക.