സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Tuesday, 19 January 2016

ശൈഖ് ജീലാനി(റ): ജീവിതവും സന്ദേശവും

ഭൌതികാധിപതികള്‍ ജനജഡങ്ങളെ ഭരിക്കുമ്പോള്‍ ആത്മീയാധിപതികള്‍ ജനമനങ്ങളെയാണ് ഭരിക്കുന്നത്. അതിനാല്‍ ഇവര്‍ക്ക് പരിപാലകരുടെ ആവശ്യമില്ല. ആത്മീയ ലോ കത്തെ അടക്കിഭരിക്കാന്‍ പാണ്ഢിത്യവും പ്രാഗത്ഭ്യവുമുള്ള ഇത്തരം ആത്മീയ ഭിഷഗ്വരന്മാരെ കുറിച്ചു നബി(സ്വ) പ്രസ്താവിച്ചത് “എന്റെ സമുദായത്തിലെ പണ്ഢിതന്മാര്‍ ഇസ്രാഈല്‍ വംശത്തിലെ പ്രവാചകന്മാര്‍ക്കു തുല്യരാണെന്നാണ്.”
ഭൌതികതയുടെ ആര്‍ത്തിരമ്പുന്ന മഹാസാഗരം, കല്ലോല ജാലങ്ങള്‍ പരസ്പരം മുഖത്തടിച്ചു കലഹിക്കുന്ന ഭീകരസാഗരം, കൂരിരുട്ടിലകപ്പെട്ടു നാവികരും യാത്രക്കാരും സംഭീതരാകുന്ന കരകാണാ സാഗരം. ഭൌതികന്മാര്‍ സൃഷ്ടിച്ച ഭീകര സാഗരത്തില്‍ അങ്ങിങ്ങായി, കൊച്ചു കൊച്ചു ദ്വീപുകള്‍ കാണാം. പഥികര്‍ക്കു ആശ്വാസം പകരുന്ന മരുപ്പച്ചകള്‍ കണക്കെ.
ആത്മീയഗുരുക്കളാണ് ഈ ദ്വീപുകളുടെ സ്രഷ്ടാക്കള്‍. തമോസാഗരത്തിലെ ദീപസ്തംഭങ്ങളെ പോലെ. ഈ ഗുരുമഹാരഥന്മാര്‍, ഈ കൊച്ചു ദ്വീപുകളില്‍ പരിലസിക്കുന്നു. ജനങ്ങള്‍ക്കു ആത്മീയ ശിക്ഷണവും സംരക്ഷണവും നല്‍കിക്കൊണ്ട്. ഈ ദ്വീപുകള്‍ ആദ്ധ്യാത്മിക കോളനികളാണ്. ഇവിടെ വര്‍ഗദേശ വിവേചനമില്ല. എല്ലാ ഇനം മനുഷ്യരെയും ഇവിടെ കാണാം.
“ഒരു വശത്ത് ഭൌതികാധിപത്യം സ്വാധീനം ചെലുത്തുമ്പോള്‍ മറുവശത്ത്, ഈ കോളനികള്‍ കേന്ദ്രമാക്കി, ആത്മീയാധിപത്യവും സ്വാധീനം ചെലുത്തുന്നു. ഈ കോളനികളിലെ ആത്മീയ ചക്രവര്‍ത്തിമാര്‍ക്കു മുമ്പില്‍ ഭൌതിക ചക്രവര്‍ത്തിമാര്‍ പലപ്പോഴും സാദരം നമ്രശിരസ്കരാകുന്ന മാസ്മരിക കാഴ്ച കാണാം. മുഴുലോകത്തിന്റെയും മേപ്പ് ഇവരുടെ കൈയിലുണ്ട്. വിവിധ സ്ഥലങ്ങളില്‍ ഇവര്‍ക്ക് എമ്പസികളും അമ്പാസിഡര്‍മാരുമുണ്ട്’ (മാദാ ഖസ്വിറല്‍ ആലം, പേജ് 253).
ഭൌതികാധിപതികള്‍ ജനജഡങ്ങളെ ഭരിക്കുമ്പോള്‍ ഈ ആത്മീയാധിപതികള്‍ ജനമനങ്ങളെയാണ് ഭരിക്കുന്നത്. അതുകൊണ്ട് ഇവര്‍ക്ക് പോലീസിന്റെയോ പട്ടാളത്തിന്റെയോ ആയുധത്തിന്റെയോ നിയമപാലകരുടെയോ കോടതികളുടെയോ ജയിലറകളുടെയോ ആവശ്യമില്ല. ഇവ്വിധം ആത്മീയലോകത്തെ അടക്കിഭരിക്കാന്‍ മാത്രം പാണ്ഢിത്യവും പ്രാഗത്ഭ്യവുമുള്ളവരായിരിക്കും ഈ ജനനേതാക്കള്‍. ഈ ആത്മീയ ഭിഷഗ്വരന്മാരെക്കുറിച്ചാണ് ‘എന്റെ സമുദായത്തിലെ പണ്ഢിതന്മാര്‍ ഇസ്രായേല്‍ വംശത്തിലെ പ്രവാചകന്മാര്‍ക്ക് തുല്യമാണെന്ന് നബി(സ്വ) പ്രസ്താവിച്ചിട്ടുള്ളത്.
ഇവര്‍ കേവലം വലിയ്യുമാരല്ല. വലിയ്യുമാരുടെ നായകരും നേതാക്കളുമാണ്. ‘അല്ലാഹുവെക്കുറിച്ചു ശരിയായ വിവരമുള്ളവരും ആരാധനാനിരതരും ആരാധനകളില്‍ പൂര്‍ണ നിഷ്കളങ്കരുമായ സത്യവിശ്വാസികള്‍ക്കാണ് വലിയ്യ് എന്നുപറയുന്നത്’(ഫത്ഹുല്‍ബാരി 11/342). ഒരു മേഖലയിലെ വലിയ്യുമാരുടെ നേതാവ് ‘ഖുത്വുബ്’ എന്നപേരിലും ഖുത്വുബുമാരുടെ ലോകനേതാവ് ‘ഖുത്വുബുല്‍ അഖ്ത്വാബ്’ എന്നപേരിലും അറിയപ്പെടുന്നു. ഒരു ഖുത്വുബ് മതവിജ്ഞാനവും തദനുസാരമുള്ള ഇബാദത്തുകളും നിറഞ്ഞുനില്‍ക്കുന്ന ആളായിരിക്കും (ശര്‍വാനി).
വിശ്വാസത്തിന്റെ പരമോന്നതപടിയില്‍ എത്തിനില്‍ക്കുന്നവരാണിവര്‍. ഇവരുടെ മനോവാക്കര്‍മ്മങ്ങള്‍ ഒരിക്കലും റബ്ബിന്റെ ഇംഗിതത്തിനു പുറത്തുപോകില്ല. “വിശ്വാസമാണ് കര്‍മ്മധര്‍മ്മങ്ങളുടെ മൂലസ്രോതസ്സ്. അതിന്റെ ഏറ്റം ഉയര്‍ന്നപടി വിശ്വാസത്തില്‍ നിന്നും തജ്ജന്യമായ കര്‍മ്മങ്ങളില്‍ നിന്നും ഉത്ഭവിക്കുന്ന ഒരു മനോസിദ്ധിയാണ്. അത് ഹൃദയത്തെ സ്വാധീനിച്ചു നിയന്ത്രിക്കുന്നു. അവയവങ്ങളെ അനുസരിപ്പിക്കുന്നു. എല്ലാ പ്രവ ര്‍ത്തനങ്ങളും അതിന്റെ അനുസരണയില്‍ അലിഞ്ഞുചേരുന്നു. ഈ അത്യുന്നത വിശ്വാസപദവിയിലെത്തിയ ഒരു വ്യക്തിയില്‍ നിന്നു ചെറുതോ വലുതോ ആയ ഒരു പാപവും മനഃപൂര്‍വ്വം സംഭവിക്കുകയില്ല” (മുഖദ്ദിമ, ഇബ്നുല്‍ഖല്‍ദൂന്‍, പേജ് 46).
ഇസ്ലാമിക ചരിത്രത്തിന്റെ ഗതിവിഗതികളെ നിയന്ത്രിച്ച മഹാഖുത്വുബുമാരില്‍ ഏറ്റവും പ്രശസ്തനാണ് ശൈഖ് അബ്ദില്‍ഖാദിര്‍ ജീലാനി (ഖ.സി). നിര്‍ജ്ജീവമായിത്തീര്‍ന്നിരുന്ന ഇസ്ലാമിക രംഗം അത്യധികം സജീവമാക്കുകയും അസംഖ്യം മനുഷ്യരെ അവിശ്വാസ ത്തിന്റെയും അസാന്മാര്‍ഗികതയുടെയും നീര്‍ച്ചുഴിയില്‍ നിന്നും രക്ഷപ്പെടുത്തുകയും ചെയ്തുകൊണ്ടാണ് മുഹ്യിദ്ദീന്‍ എന്ന അപരാഭിധാനത്തില്‍ ശൈഖ് വിഖ്യാതനായത്.
ഒരു പ്രവചിത പരിഷ്കര്‍ത്താവായിരുന്നു ശൈഖ് ജീലാനി(റ). അദ്ദേഹത്തിന്റെ ആഗമനം കേവലം യാദൃശ്ചികമായിരുന്നില്ല. ജനനത്തിനു ഉദ്ദേശം ഒരു നൂറ്റാണ്ട് മുമ്പ് തന്നെ അദ്ദേഹത്തിന്റെ ആഗമനത്തെക്കുറിച്ചു നിരവധി ആത്മീയ ദീര്‍ഘദര്‍ശിമാര്‍ പ്രവചിച്ചതായി വിവിധപരമ്പരയിലൂടെ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട് (ഫതാവല്‍ ഹദീസിയ്യ, പേജ് 315 നോക്കുക).
നബികുടുംബത്തിലെ സമുന്നത മാതാപിതാക്കളില്‍ നിന്നും ജന്മംകൊണ്ട ശൈഖ്, ശൈ ശവത്തിലും ബാല്യത്തിലും അസാധാരണത്വം പുലര്‍ത്തിക്കൊണ്ടാണ് വളര്‍ന്നുവന്നത്. വിജ്ഞാനത്തിലും ആരാധനയിലും അടങ്ങാത്ത ദാഹം കാണിച്ച ഈ വിശിഷ്ട ബാലന്‍ കൌമാരത്തില്‍ തന്നെ വിശ്രുത പണ്ഢിതനായിക്കഴിഞ്ഞിരുന്നു. വിജ്ഞാനം വിശ്വാസത്തിനുവേണ്ടി, വിശ്വാസം ആരാധനക്കും ആരാധന ദൈവസാമീപ്യത്തിനു വേണ്ടിയും. അതിനായി യത്നിക്കുക, മരണം വരെ വിശ്രമമില്ലാത്ത യത്നം. ഇതാണ് ശൈഖ് ജീലാനി(റ) യുടെ മഹാജീവിതത്തില്‍ നിന്നും ലഭ്യമാകുന്ന സന്ദേശം.
പതിമൂന്നു വിജഞാന ശാഖകളില്‍ ആധികാരികമായി സംസാരിക്കാനും ക്ളാസ് നടത്താനും കഴിവുനേടിയ അദ്വിതീയ പണ്ഢിതനായിരുന്നു കഥാപുരുഷന്‍. ശാഫിഈ മദ്ഹബിലും ഹമ്പലീ മദ്ഹബിലും ഫത്വ കൊടുക്കാറുണ്ടായിരുന്നു. മതനിയമങ്ങളുടെ ബന്ധനങ്ങളില്‍ നിന്നും പുറത്തുചാടാനുള്ള വളയമാണ് വിലായത്ത് എന്ന തെറ്റിദ്ധാരണക്ക് കത്തിവെക്കുകയും അത് പൈശാചിക പ്രേരിതമാണെന്നു പഠിപ്പിക്കുകയും ചെ യ്യുന്നു ജീലാനി ചരിത്രം.
‘ഞാന്‍ നിന്റെ റബ്ബ്, ഇന്ന് എല്ലാ നിഷിദ്ധ കാര്യങ്ങളും നിനക്ക് ഞാന്‍ അനുവദനീയ മാക്കിയിരിക്കുന്നു’ എന്ന് അന്തരീക്ഷത്തില്‍ നിന്നും ഒരിക്കല്‍ ഒരു അശരീരി കേട്ടു. ഇത് പൈശാചിക വഞ്ചനയാണെന്നു മനസ്സിലാക്കി, ശൈഖ് അവര്‍കള്‍ ഉടനെ ശാപശരങ്ങള്‍ കൊണ്ട് അതിനെ നേരിടുകയാണുണ്ടായത്.
കൌതുകങ്ങളോടല്ല, മനസ്സുകളോടായിരുന്നു അദ്ദേഹത്തിന്റെ സംസാരം. പാപാധിക്യം കൊണ്ട് നൈരാശ്യവും അപകര്‍ഷതയുംപൂണ്ട് പാപഗ്രസ്ഥരെ നാശഗര്‍ത്തത്തില്‍ നിന്നും കൈപിടി ച്ചുയര്‍ത്തുകയും അലസമാനസരെ ആരാധനായോധനത്തില്‍ ഊര്‍ജസ്വലരാക്കുകയും ആരാധനാകുതുകികളെ ഔല്‍കൃഷ്ട്യത്തിന്റെ പാരമ്യത്തിലെത്തിക്കുകയും ചെയ്യുന്നവരായിരുന്നു ശൈഖിന്റെ ഊഷ്മളോപദേശങ്ങള്‍.
ആ ഉപദേശ പാരാവാരത്തിലെ ഒരു കണിക മാത്രം ഇവിടെ കുറിക്കട്ടെ. “നിന്റെ മനസ്സില്‍ ഒരു വ്യക്തിയോട് കോപമോ സ്നേഹമോ ജനിച്ചാല്‍, അവന്റെ കര്‍മ്മങ്ങളെ ഖുര്‍ആനിന്റെയും സുന്നത്തിന്റെയും വെളിച്ചത്തില്‍ പരിശോധിക്കുക. എന്നിട്ട് ഇഷ്ടകരമെങ്കില്‍ അവനെ സ്നേഹിക്കുക. അനിഷ്ടകരമെങ്കില്‍ അവനെ വെറുക്കുക. സ്വേച്ഛാനുസാരം ഒരാളെയും സ്നേഹിക്കുകയോ വെറുക്കുകയോ ചെയ്യരുത്. അല്ലാഹു പറയുന്നു: ‘സ്വേച്ഛയെ നീ അനുധാവനം ചെയ്യരുത്. ഇത് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് നിന്നെ വ്യതിചലിപ്പിച്ചു കളയും.’ ഒരാളെയും അല്ലാഹുവിനുവേണ്ടിയല്ലാതെ വെടിയരുത്. അവന്‍ മഹാപാപം ചെയ്യുകയോ ചെറുദോഷം പതിവായി ചെയ്യുകയോ ചെയ്യുന്നുവെങ്കില്‍ അവനെ വെറുക്കുക. അത് അല്ലാഹുവിനുവേണ്ടിയുള്ള സ്നേഹത്യാഗമാണ്’ (ത്വബഖാതുശ്ശഅ്റാനി).