സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Thursday 2 October 2014

പുഞ്ചിരിയോടുകൂടി സംസാരിയ്ക്കുക


  • നിന്റെ സഹോദരന്റെ മുഖത്തുനോക്കി പുഞ്ചിരിക്കുന്നത്‌ നിനക്ക്‌ ധര്‍മ്മമാണ്. ( ബുഖാരി (റ) റിപ്പോര്‍ട്ട്‌ ചെയ്ത ഹദീസ്‌ )
  • പുഞ്ചിരിയില്ലാതെ നബി (സ ) ഒരു വര്‍ത്തമാനവും പറയാറില്ല. ( അബുദര്‍ദാ അ (റ) ല്‍ നിന്ന് അഹ്‌മദ്‌ (റ) റിപ്പോര്‍ട്ട്‌ ചെയ്തത്‌)

വിവരണം:
മറ്റുള്ളവരുമായി സംസാരിയ്ക്കുമ്പോള്‍ പുഞ്ചിരിയോടെയും തെളിവാര്‍ന്ന മുഖത്തോടെയും ആയിരിക്കണം. ഇത്‌ ഏത്‌ കഠിന ഹൃദയരെയും സന്തോഷിപ്പിക്കും. നബി (സ) അപ്രകാരമാണു സംസാരിച്ചിരുന്നത്‌. അതിനാല്‍ തന്നെ വ്യക്തിപരമായി നബി(സ)യെ ആരും വെറുത്തിരുന്നില്ല, എന്ന് മാത്രമല്ല നബി(സയുടെ സംസാരം ശത്രുക്കള്‍ക്ക്‌ പോലും ഗുണം ചെയ്തിട്ടുണ്ട്‌. തന്റെ സഹോദര‍ന്റെ മുഖത്ത്‌ നോക്കി ഒന്ന് പുഞ്ചിരിക്കുന്നത്‌പോലും ധര്‍മ്മമാണെന്ന് പഠിപ്പിക്കുമ്പോള്‍ പുഞ്ചിരിയോടെ സംസാരിക്കുന്നതിന്റെ മഹത്വം വിവരിക്കേണ്ടതില്ല.

കുറിപ്പ്‌:
അധുനിക യുഗത്തില്‍ ജീവിക്കുന്ന മനുഷ്യന്‍ പലപ്പോഴും മറന്നുപോകുന്ന കാര്യമാണു ഒരു പുഞ്ചിരി ചുണ്ടില്‍ വിടര്‍ത്തുക എന്നത്‌. എല്ലാ മുഖങ്ങളിലും ഗൗരവം. പൊട്ടിച്ചിരിപ്പിക്കാനുതകുന്ന തമാശ കേട്ടാലും ഒരു ചെറുചിരിയുതിര്‍ക്കാതെ ശ്വസം പിടിച്ചിരിക്കുന്നവരെ കാണാം. ചിരിച്ചാല്‍ തന്റെ ഇമേജിനു കോട്ടം തട്ടുമോയെന്ന് ഭയപ്പെടുന്ന പൊങ്ങച്ചസംസ്കാരത്തിനു അടിമയായവര്‍. പരിചയമുള്ളവരായാല്‍ തന്നെ കണ്ടുമുട്ടിയാല്‍ ഒരു ചെറുചിരി സമ്മാനിക്കാന്‍ നില്‍ക്കാതെ നടന്നകലുന്നവര്‍. യാതൊരു ചിലവുമില്ലാതെ എന്നാല്‍ തനിക്കു തന്നെ ആരോഗ്യപരമായും മാനസികപരമായും വളരെ നല്ലതെന്ന് ആധുനിക ആരോഗ്യശാസ്ത്രം വരെ വിധിയെഴുതിയ നിര്‍ദോശമായ രണ്ടു ചുണ്ടുകളുടെ അനക്കം അടക്കി ഗൗരവം നടിക്കുന്നവര്‍. ചിലരുണ്ട്‌, അവര്‍ സമൂഹത്തില്‍ / വീടിനു വെളിയില്‍ വളരെ നല്ല രീതിയില്‍ ആളുകളുമായി ഇടപഴകുകയും തമാശകള്‍ പറയുകയും ചെയ്യും. എന്നാല്‍ വീടിന്റെ പടിക്കലെത്തിയാല്‍ വേറൊരു കപട ഗൗരവത്തിന്റെ മുഖമണിയുന്നു. പിന്നെ ചിരിയുമില്ല.. തമാശയുമില്ല.! ചിരിച്ചാല്‍ താന്‍ ഭാര്യയുടെയും മക്കളുടെയും മുന്നില്‍ ചെറുതാവുമെന്ന ഭയം.
പുഞ്ചിരിക്കുന്നതില്‍ പുണ്യമുണ്ടെന്ന് പഠിപ്പിച്ച പ്രവാചകന്റെ അധ്യാപനം നമുക്ക്‌ മാത്യകയാക്കാം. പരസ്പരം പുഞ്ചിരിച്ച്‌ ,മുഖ പ്രസാദത്തോടെ നമുക്ക്‌ സംവദിയ്ക്കാം.. നാഥന്‍ തുണയ്ക്കട്ടെ . ആമീന്‍