സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Friday 3 October 2014

ഉത്തമ സ്വഭാവം

ഇസ്ലാം മനുഷ്യനെ ഉന്നത സ്വഭാവത്തിലേക്ക് ക്ഷണിക്കുന്നു. ഇസ്ലാമിക വിശ്വാസ പ്രമാണങ്ങളും കര്‍മങ്ങളുമെല്ലാം ഒരുത്തമ സമൂഹത്തെ സ്ഥാപിക്കുകയും നിലനിര്‍ത്തുകയുമാണ് ചെയ്യുന്നത്. പ്രവാചകന്‍ മുഹമ്മദ് നബി (സ്വ) പറഞ്ഞു: ‘ഉത്തമ സ്വഭാവങ്ങളുടെ സമ്പൂര്‍ണത സ്ഥാപിക്കാനാണ് ഞാന്‍ നിയുക്തനായത്.’ മുഹമ്മദ് നബി(സ്വ) സല്‍സ്വഭാവങ്ങളുടെ സംസ്ഥാപനത്തിനുവേണ്ടി ത്യാഗം സഹിച്ചു മനുഷ്യനെ മാനസികമായും ശാരീരികമായും ശുദ്ധീകരിക്കുകയും വിജ്ഞാനത്തിന്റെ കൊട്ടിയടക്കപ്പെട്ട കവാടങ്ങള്‍ തുറന്നുകൊടുത്ത് വിദ്യയുടെയും ചിന്തയുടെയും ലോകത്തേക്കാനയിക്കുകയുമായിരുന്നു. ഇസ്ലാമിക വിശ്വാസപ്രമാണങ്ങളും നിര്‍ബന്ധ കര്‍മാനിഷ്ഠാനങ്ങളുമെല്ലാം ഓരോന്നെടുത്ത് പരിശോധിക്കുമ്പോള്‍ ഇക്കാര്യം സ്പഷ്ടമാകും.
ഏകദൈവവിശ്വാസമാണ് ഇസ്ലാമിന്റെ അടിസ്ഥാനശില. ‘ലാഇലാഹ ഇല്ലല്ലാഹ്’ ‘അ ല്ലാഹു അല്ലാതെ ആരാധനക്കര്‍ഹനില്ല’ എന്ന് ഓരോ മുസ്ലിമും വിശ്വസിക്കുന്നു. ഈ വിശ്വാസ പ്രഖ്യാപനവും അതനുസരിച്ചുള്ള ജീവിതവുമാണ് ഒരാളെ ഇസ്ലാമില്‍ നിലനിര്‍ത്തുന്നത്. മനുഷ്യന്‍ ഉന്നത സൃഷ്ടിയാണ്. ബുദ്ധിയും സുന്ദര രൂപവും താനുദ്ദേശിക്കുന്നത് പ്രവര്‍ത്തിക്കാനും തനിക്ക് ഹിതമെന്നു തോന്നുന്നതു തിരഞ്ഞെടുക്കാനുമുള്ള കഴിവും മനുഷ്യന് നല്‍കപ്പെട്ടു. മുന്നില്‍ കണ്ടതിലൂടെ കാണാത്തതിനെ കണ്ടെത്താന്‍ മനുഷ്യന് കഴിയുന്നു. ഒരു ചെറിയ ബിന്ദു ക്രമപ്രവൃദ്ധമായ തന്റെ പ്രവര്‍ത്തനത്തിലൂടെ മഹാഗോളമായിവളര്‍ത്തി യെടുക്കാന്‍, പ്രപഞ്ചത്തിലെ നിസ്സാര വസ്തുക്കളെടുത്ത് അത്ഭുതകരമായ കണ്ടെത്തലുകള്‍ നടത്താന്‍ മനുഷ്യന് കഴിയുന്നു. ഭൂമിയില്‍ ജനിച്ച് മരിച്ച് തീരുന്ന മനുഷ്യന്‍ അന്യ ഗ്രഹങ്ങളെ കീഴ്പ്പെടുത്താനും അണ്ഡകടാഹത്തെ കയ്യിലൊതുക്കാനും മാത്രം വളര്‍ന്നെങ്കില്‍ ഇത് മനുഷ്യന്റെ സവിശേഷതയാണ്. മറ്റൊരുസൃഷ്ടിക്കും ഈ ഗവേഷണ പാടവവും അന്വേഷണതൃഷ്ണയും ബുദ്ധിയും ലഭിച്ചിട്ടില്ല.
അതുകൊണ്ടുതന്നെ മനുഷ്യന്‍ തന്നെക്കാള്‍ താഴ്ന്നതോ തന്റെ സ്വഭാവ ഗുണങ്ങളുള്ളതോ ആയ ഒരു വസ്തുവിനെയും ആരാധിച്ചുകൂടാ. ആരാധന ഒരുതരം അടിമത്തമാണ്. മനുഷ്യന്‍ ഒരു സൃഷ്ടിയുടെയും അടിമയായിക്കൂടാ. അടിമത്തം തൃപ്തിപ്പെടുകയും സൃഷ്ടിയെ ആരാധിക്കുകയും ചെയ്യുന്നതോടെ മനുഷ്യന്‍ തന്റെ ഉന്നത സ്ഥാനത്തു നിന്ന് താഴോട്ടിറങ്ങുകയായി. തനിക്ക് ഉടമസ്ഥനായി സ്രഷ്ടാവ് മാത്രം. സൃഷ്ടാവിനല്ലാതെ മറ്റാരോടും തനിക്ക് യഥാര്‍ഥമായ കടപ്പാടില്ല. മറ്റാരുടെയും മുന്നില്‍ തലകുനിക്കാനും തന്റെ അമൂല്യസമ്പത്തായ ഹൃദയത്തെ പണയപ്പെടുത്താനും സാധ്യമല്ല. ഏകദൈവ വിശ്വാസത്തിന്റെ ആശയമിതാണ്. ഈ ഏകദൈവവിശ്വാസം മനുഷ്യഹൃദയത്തെ എല്ലാതരം അന്ധവിശ്വാസങ്ങളില്‍ നിന്നും ചൂഷക വര്‍ഗങ്ങളില്‍ നിന്നും മോചിപ്പിക്കുന്നു. മനസ്സില്‍ മാറാല കെട്ടിക്കിടക്കുന്ന തിന്മകള്‍ തുടച്ചുമാറ്റി സ്ഫുടം ചെയ്യുന്നു.
കല്ലിനും കരടിനും കാഞ്ഞിര മുരടിനും മുന്നില്‍, രാമനും കൃഷ്ണനും യേശുവിനും മറിയത്തിനും മുന്നില്‍ അവയുടെ പ്രതികമള്‍ക്കും ചിത്രങ്ങള്‍ക്കും മറ്റു സങ്കല്‍പ്പ കഥാ പാത്രങ്ങള്‍ക്കു മുന്നില്‍ ആരാധനയര്‍പ്പിക്കുന്ന മനുഷ്യരുടെ മനസ്സില്‍ ഒരുതരം അപകര്‍ഷ ബോധമില്ലേ. തന്നെപ്പോലുള്ള മനുഷ്യന്‍, അല്ലെങ്കില്‍ തന്നെപ്പോലെ മാംസവും മജ്ജയും അല്‍പ്പം കൌശലവുമുള്ള ഒരു കലാകാരന്‍ വരച്ചുണ്ടാക്കിയ ചിത്രം, പ്രകൃതിയില്‍ മുളച്ച് വളര്‍ന്ന മരവും ചെടിയും, കരിങ്കല്ലിലും വെണ്ണക്കല്ലിലും സ്വര്‍ണ്ണത്തിലും മറ്റു ലോഹങ്ങളിലും ശില്‍പ്പികള്‍ കൊത്തിയുണ്ടാക്കിയ രൂപങ്ങള്‍. അവക്കുമുന്നില്‍ തലകുനിക്കുമ്പോള്‍ തന്റെ ഔന്നത്യബോധം നഷ്ടപ്പെടുന്നില്ലേ. ഈ വസ്തുതകളുടെ മുന്നില്‍ തലകുനിക്കാനും ഇവക്ക് ആരാധനയര്‍പ്പിക്കാനും മുതിരുന്നവര്‍ ഇവയുടെ അര്‍ഹതയെക്കുറിച്ചു ചിന്തിക്കാറുണ്ടോ?
ഈ വസ്തുതകള്‍ക്കു എന്തു പ്രത്യേകതയാണുള്ളത്. ഒരു മനുഷ്യന്‍, ഒരു ചിത്രം. ഒരു വൃക്ഷം, ഒരു ശാല. ഏതര്‍ഥത്തിലാണ് പരമവിനയവും വിധേയത്വവും കാണിച്ചു അവയുടെ മുന്നില്‍ വണക്കം ചെയ്യുന്നത്. അവ ഏതു വിധത്തിലാണ് ആരാധനക്കര്‍ഹത നേടിയത്? നമ്മെ സൃഷ്ടിച്ചത് രാമനോ കൃഷ്ണനോ ആണോ? യേശു വല്ലതിനെയും സൃഷ്ടിച്ചിട്ടുണ്ടോ. മനുഷ്യസ്ത്രീകളല്ലേ അവരെ പ്രസവിച്ചത്. ഗര്‍ഭാവസ്ഥയും ശൈശവ ദശയും ബാല്യകാലവും കഴിഞ്ഞു മനുഷ്യര്‍ക്കുണ്ടാകാറുള്ള പ്രായവ്യത്യാസങ്ങളും സുഖദുഃഖങ്ങളുമെല്ലാം അനുഭവിച്ചവരല്ലേ അവര്‍. ദൈവം ഒരു ശുശിവായി ജനിച്ചെന്നോ ഈ ശിശുവിന്റെ ജനനത്തിനു മുമ്പുള്ള ആളുകള്‍ ആരെയായിരുന്നു ആരാധിച്ചിരുന്നത്. ഓരോ തലമുറക്കും ഓരോ ദൈവങ്ങളാണെന്നോ. ശ്രീരാമന്‍ സരയൂ നദിയില്‍ മുങ്ങി സ്വയം മരണം വരിക്കുകയും യേശുവിനെ ശത്രുക്കള്‍ കുരിശിലേറ്റുകയും ചെയ്തുവെന്നാണല്ലോ വിശ്വാസം. മരണപ്പെട്ടവരെ ആരാധിക്കുകയോ ദൈവം മരിച്ചെന്ന് കരുതുകയോ ചെയ്യാമോ? മാനുഷിക വികാരങ്ങളും സ്വഭാവ ഗുണങ്ങളും ഇവര്‍ക്കെല്ലാമുണ്ടായിരുന്നു. എല്ലാ അര്‍ഥത്തിലും അവര്‍ മനുഷ്യരായിരുന്നു. മനുഷ്യര്‍ മനുഷ്യരെ ആരാധിക്കുന്നതിന്റെ ഔചിത്യമെന്താണ്? ഒരുപക്ഷേ, അവര്‍ വിശുദ്ധരും വിവരസ്ഥരും പുണ്യാത്മാക്കളുമായിരിക്കാം. എങ്കില്‍ നമുക്കവരെ ബഹുമാനിക്കാം. പക്ഷേ, ആരാധന ചെയ്തുകൂട.
സ്രഷ്ടാവ്, സര്‍വശക്തന്‍, സര്‍വജ്ഞന്‍, അനാദ്യന്‍, അനന്ത്യന്‍, പരാശ്രയ രഹിതന്‍, സ്വന്തമായ ഉദ്ദേശ്യവും കഴിവുമുള്ളവന്‍, എല്ലാം കാണാനും കേള്‍ക്കാനും കഴിവുള്ളവന്‍, മരണമില്ലാത്തവന്‍ തുടങ്ങിയ ഗുണങ്ങളുള്ള ഒരു മഹാശക്തിയുണ്ടല്ലോ ഈശ്വരന്‍. അല്ലാഹു അവനെ മാത്രമേ ആരാധിക്കാന്‍ പാടുള്ളൂ. അല്ലാത്തതെല്ലാം കഴിവുകേടിന്റെയും അറിവില്ലായ്മയുടെയും പരാശ്രയത്തിന്റെയും പ്രതീകങ്ങള്‍. അവര്‍ ഒരര്‍ഥത്തിലുള്ള ആരാധനയും അര്‍ഹിക്കുന്നില്ല. മനുഷ്യന്‍ എന്ന മഹാസൃഷ്ടി ഇവക്കുമുന്നില്‍ ആരാധനയര്‍പ്പിക്കുന്നത് ബുദ്ധിശൂന്യതയാണ്.
ഈ ബഹുദൈവാരാധനയും പൌരോഹിത്യവുമെല്ലാം സത്യത്തില്‍ പൌരാണിക ചൂഷകവര്‍ഗത്തിന്റെ സൃഷ്ടിയാണ്. ശൂദ്രനു വേദം പഠിക്കാന്‍ പാടില്ലെന്നും വേദം കേട്ട ശൂദ്രന്റെ കാതില്‍ ഇയ്യം ഉരുക്കിപ്പാരണമെന്നും സിദ്ധാന്തിച്ചു സമൂഹത്തിലെ അദ്ധ്വാനിക്കുന്ന ജനവിഭാഗത്തെ അടിമകളാക്കി വെക്കുകയും ജാതിയുടെ അതിര്‍ വരമ്പുകല്‍ നിര്‍മ്മിച്ചു ഐത്തവും തീണ്ടലും പടച്ചുണ്ടാക്കി ഒരുകൂട്ടം മനുഷ്യരെ നിന്ദ്യരും നീചരുമാക്കി തള്ളിക്കളയുകയും അവര്‍ണ്ണന്‍ സവര്‍ണ്ണന്റെ സേവകരാണെന്നു സിദ്ധാന്തിക്കുകയും ചെയ്ത പൌരോഹിത്യത്തിന്റെയും ആഡ്യവര്‍ഗത്തിന്റെയും കൂട്ടുകെട്ടാണ് ദൈവങ്ങളുടെ നീണ്ട പരമ്പര തീര്‍ത്തത്. മനുഷ്യമനസ്സില്‍ സ്വാതന്ത്യ്ര വാഞ്ച ഉയിരെടുക്കാതിരിക്കാനുള്ള ചൂഷക വര്‍ഗത്തിന്റെ ആസൂത്രിത പദ്ധതിയായിരുന്നു ഇത്. തന്നെക്കാള്‍ താഴ്ന്ന വസ് തുക്കളെ ആരാധിക്കാനും മുതലാളിയുടെ അടിമവൃത്തിയാണ് തന്റെ ധര്‍മ്മമെന്ന് വിശ്വസിക്കാനും തയ്യാറുള്ള മനുഷ്യര്‍ക്ക് അവകാശബോധങ്ങളുണ്ടാകില്ലല്ലോ.
ശാസ്ത്രവും പഠനവും ക്രൈസ്തവ യൂറോപ്പ് വിലക്കിനിര്‍ത്തി. അനേകായിരം ശാസ്ത്രജ്ഞരെ അവര്‍ ചുട്ടുകൊന്നു. പുരോഹിതരും മുതലാളിമാരും പടച്ചുണ്ടാക്കിയ നിയമങ്ങളായിരുന്നു ഇതിനവരെ പ്രേരിപ്പിച്ചത്. ഈ മതങ്ങളുടെ ചൂഷണം സഹിക്കവയ്യാതെ ശ്വാസം മുട്ടിയ സാഹചര്യത്തിലാണ് മതനിഷേധ പ്രസ്ഥാനമായ കമ്യൂണിസം ഉടലെടുത്തതെന്നോര്‍ക്കുക. മതത്തിന്റെ പേരിലുള്ള ചൂഷണം അവസാനിപ്പിച്ച് മതമില്ലായ്മയുടെ പേരിലുള്ള പുത്തന്‍ ചൂഷണ വ്യവസ്ഥയായിരുന്നു കമ്യൂണിസമെന്ന് ഏതാണ്ടെല്ലാവര്‍ക്കും മനസ്സിലായി ക്കഴിഞ്ഞിട്ടുണ്ട്. ജനിച്ച മണ്ണില്‍ ഒരു നൂറ്റാണ്ടു പോലും ജീവിക്കാന്‍ കഴിയാതെ മരിച്ചുപോയ ആ പ്രസ്ഥാനത്തെ ഇത്രകാലമെങ്കിലും പിടിച്ചുനില്‍ക്കാന്‍ സഹായിച്ചത് പൌരോഹിത്യവും മതത്തിന്റെ പേരിലുള്ള വികല സംവിധാനങ്ങളുമാണെന്നോര്‍ക്കുക.
ഏകദൈവ സിദ്ധാന്തം മനുഷ്യമനസ്സില്‍ സമത്വഭാവനയുണ്ടാക്കുന്നു. യഥാര്‍ഥ ദൈവം, അല്ലാഹുമാത്രമാണ് ആരാധ്യനെന്ന് വിശ്വസിക്കുന്ന വ്യക്തിയുടെ ഹൃദയത്തില്‍ മറ്റാര്‍ക്കും ഇടമില്ല. അല്ലാഹു മഹാശക്തനും കാരുണ്യവാനുമാണ്. അവന്‍ ഉദ്ദേശിച്ചതു മാത്രമേ സംഭവിക്കുകയുള്ളൂ. എല്ലാ കാര്യങ്ങളുടെയും നിയന്ത്രണം അവനാണ്. സുഖവും ദുഃഖവും ക്ഷാമവും ക്ഷേമവുമൊക്കെ സ്രഷ്ടാവില്‍ നിന്നാണ്. മറ്റാര്‍ക്കും ഇതിലൊന്നും പങ്കില്ല എന്ന് വിശ്വസിക്കുന്ന മനുഷ്യന്‍ ഭൌതികലോകത്തെ തന്റെ അവകാശങ്ങളെക്കുറിച്ച് ബോധവാനാണ്. മുതലാളിയെ നിരുപാധികം അനുസരിക്കാനോ പുരോഹിതനെ അന്ധമായി അംഗീകരിക്കാനോ മനുഷ്യര്‍ പടച്ചുണ്ടാക്കിയ ആചാരങ്ങളും നിയമച്ചട്ടങ്ങളും വേദവാക്യമായി ഗണിക്കാനോ തയ്യാറാവുകയില്ല.
ഈ അവസ്ഥ പ്രാപിക്കുന്നതോടെ വ്യക്തിയുടെ മനസ്സ് സ്വതന്ത്രമാവുകയും താന്‍ ഉന്നതസൃഷ്ടിയാണെന്ന ബോധവും ആത്മാഭിമാനവും വളരുകയും ചെയ്യുന്നു. സ്വന്തമായ അസ്ഥിത്വം വളര്‍ത്തിയെടുക്കാനും വ്യക്തിത്വം ആര്‍ജ്ജിക്കാനും മനുഷ്യന് കഴിയുന്നത് ഈ അവസ്ഥ പ്രാപിക്കുമ്പോഴാണ്.
നോക്കൂ അറബികള്‍. എഴുതാനും വായിക്കാനും അറിയാത്ത ജനങ്ങള്‍, കണ്ണും പെണ്ണും അവരുടെ ജീവിതത്തിന്റെ സര്‍വ്വസ്വമായിരുന്നു. കളവും ചതിയും അവരുടെ ശീലമായിരുന്നു. കൊള്ളയായിരുന്നു അറേബ്യയുടെ പ്രധാന വരുമാനം. കച്ചവട സംഘങ്ങളെ കൊള്ളചെയ്ത സാധനങ്ങള്‍ എടുത്തുപയോഗിക്കുകയും കച്ചവടക്കാരെ അടിമച്ചന്തയില്‍ കൊണ്ടുപോയി വിറ്റു കാശാക്കുകയും ചെയ്യുന്നു. സ്ത്രീകളെ അടിമകളായി ലൈംഗികാവശ്യങ്ങള്‍ക്കുപയോഗിക്കുന്നു. പിന്നീട് വില്‍പ്പനയും നടത്തുന്നു. നിസ്സാര കാര്യങ്ങള്‍ക്ക് വഴക്കടിച്ച് ഘോരയുദ്ധങ്ങള്‍ നടത്തുന്നു.
മദീനയിലെ രണ്ട് ഗോത്രങ്ങള്‍, ഔസ്, ഖസ്റജ്, ജ്യേഷ്ഠാനുജന്മാരുടെ സന്താനപരമ്പര. ഒരു ഒട്ടകത്തിന്റെ കയറിനെച്ചൊല്ലി അവര്‍ക്കിടയിലുണ്ടായ വഴക്ക് ഘോരയുദ്ധമായി മാറി. ഒരു നൂറ്റാണ്ടോളം അത് നീണ്ടുനിന്നു. അനേകായിരങ്ങളുടെ മരണത്തിനും സ്വത്തുനാശത്തിനും ഹേതുവായി.