സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Thursday, 23 October 2014

മുഹര്‍റം, അല്ലാഹുവിന്റെ മാസം

പ്രപഞ്ചത്തിന്റെ സ്രഷ്ടാവ് അല്ലാഹുവാണ്. ഭൂമിയും ആകാശവും സൂര്യ, ചന്ദ്ര, നക്ഷത്രാദികളും മനുഷ്യ, മൃഗ, പക്ഷി, മത്സ്യ, പ്രാണികളാദി ജീവജാലങ്ങളും സചേതനവും അചേതനവുമായ മുഴുവന്‍ വസ്തുക്കളും സൃഷ്ടികളില്‍പെടുന്നു. കാലവും സമയവുമെല്ലാം അല്ലാഹു സൃഷ്ടിച്ചവ തന്നെ. അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം ഇവയെല്ലാം തന്റെ സൃഷ്ടിയെന്ന നിലക്ക് സമമാണെങ്കിലും, സൃഷ്ടികളുമായി ബന്ധപ്പെടുത്തിക്കൊണ്ട് ചിലതിന് ചിലതിനേക്കാള്‍ സ്ഥാനമഹിമകള്‍ അവന്‍ നല്‍കിയിട്ടുണ്ട്. യുഗങ്ങള്‍ തമ്മില്‍ പോലും പദവിയുടെ കാര്യത്തില്‍ അന്തരമുള്ളതായി നബി(സ്വ) പറയുന്നു. “ഉത്തമ തലമുറ എന്റെ കാലക്കാരാണ്. പിന്നെ അവരോട് അടുത്തവരും ശേഷം അവരോട് തുടര്‍ന്നു വരുന്നവരും” (ബുഖാരി, മുസ്ലിം). മാസങ്ങള്‍ക്കിടയിലും വിവിധ ദിവസങ്ങള്‍ക്കിടയിലും സ്ഥാനവ്യത്യാസമുണ്ടെന്ന് ഖുര്‍ആന്‍, ഹദീസുകളില്‍ കാണാം. വിശുദ്ധ റമളാന്‍ ഖുര്‍ആന്‍ അവതരിച്ചതിന്റെയും പാപമോചനത്തിന്റെ യും മാസമെന്ന നിലയില്‍ പവിത്രമായതുപോലെ, റബീഉല്‍ അവ്വല്‍ നബി(സ്വ)യുടെ ജന്മമാസമെന്ന നിലയില്‍ പുണ്യമേറിയതാണ്.
“ജാഹിലിയ്യാ കാലത്തും തുടര്‍ന്ന് ഇസ്ലാമിലും ശാന്തിയുടെ മാസങ്ങളായി അംഗീകരിക്കപ്പെട്ടുപോന്ന മുഹര്‍റം, റജബ്, ദുല്‍ഖഅ്ദഃ, ദുല്‍ഹിജ്ജ എന്നീ നാലു മാസങ്ങളില്‍ ഏറ്റവും പ്രാധാന്യം മുഹര്‍റം മാസത്തിനാണ്. അതുകൊണ്ടാണ്, യുദ്ധം പാടില്ലാത്തവ നാലുണ്ടായിട്ടും ‘യുദ്ധം പാടില്ലാത്തത്’ എന്നര്‍ഥം വരുന്ന ‘അല്‍ മുഹര്‍റം’ എന്ന പേര് പ്രസ്തുത മാസത്തിന് മാത്രം നല്‍കപ്പെട്ടത്. മുഹര്‍റം മാസത്തില്‍ ഏറ്റവും കൂടുതല്‍ അച്ചടക്കവും സമാധാനാന്തരീക്ഷവും അനുസരണവും പ്രകടിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് ഈ നാമകരണം തന്നെ സൂചിപ്പിക്കുന്നു” (തുഹ്ഫ:8/453, നിഹായ:7/300).
നബി(സ്വ) പറയുന്നു: “മുഹര്‍റം തീര്‍ച്ചയായും അല്ലാഹുവിന്റെ മാസമാകുന്നു”(തുര്‍മുദി). “അല്ലാഹുവിന്റെ മാസം മുഹര്‍റം ആണ്”(മുസ്ലിം). “അല്ലാഹുവിന്റെ ശബ്ദരഹിതമായ മാസമാണ് മുഹര്‍റം. എന്തെന്നാല്‍, മുഹര്‍റം മാസത്തില്‍ ആയുധങ്ങളുടെ മുഴക്കം കേള്‍ക്കുന്നതല്ല”(ഗാലിയത്ത്:2/85). “മുഹര്‍റം മാസത്തിന്റെ പ്രത്യേക ബഹുമാനവും അത്യുന്നത പദവിയും പഠിപ്പിക്കാന്‍ വേണ്ടിയാണ് പ്രസ്തുത മാസത്തെ þ’ശഹ്റുല്ലാഹി’ (അല്ലാഹുവിന്റെ മാസം) എന്ന് വിളിക്കപ്പെടുന്നതെന്ന് ഇമാം അബൂ ഉ ബൈദ്(റ) പറഞ്ഞിട്ടുണ്ട്” (ഗാലിയതുല്‍ മവാഇള്:2/85).
നല്ല നാളുകളില്‍ സത്കര്‍മ്മങ്ങള്‍ വര്‍ദ്ധിപ്പിക്കുകയാണ് ഇസ്ലാമിക തത്വം. അതിനാല്‍, റമളാന്‍ ഉള്‍പ്പെടെയുള്ള പുണ്യമാസങ്ങളിലും ദിവസങ്ങളിലുമെല്ലാം സത്കര്‍മ്മങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ നബി(സ്വ) പ്രത്യേ കം പ്രത്യേകമായി നിര്‍ദ്ദേശിച്ചത് ഹദീസ് ഗ്രന്ഥങ്ങളില്‍ ധാരാളമായി കാണാം. രണ്ടു പെരുന്നാള്‍ ദിനങ്ങളും അയ്യാമുത്തശ്രീഖുമല്ലാത്ത മുഖ്യ പുണ്യദിനങ്ങളെയും സമുചിതമായി ആദരിക്കാനുള്ള മാര്‍ഗമായി നബി(സ്വ) നിര്‍ദ്ദേശിച്ചത് പ്രധാനമായും വ്രതാനുഷ്ഠാനമാണ്. റമളാനില്‍ നിര്‍ബന്ധ വ്രതാനുഷ് ഠാനം കല്‍പിക്കപ്പെട്ടെങ്കില്‍ മറ്റു പുണ്യദിനങ്ങളായ അറഫ, ആശൂറാഅ്, മിഅ്റാജ് പോലോത്ത ചരിത്രപ്രധാനവും സംഭവബഹുലവുമായ ദിനങ്ങളിലും നബി(സ്വ)യുടെ ജനനം കൊണ്ട് അനുഗ്രഹീതമായ തിങ്കളാഴ്ചകളിലും മറ്റും സുന്നത്തു നോമ്പുകള്‍ അനുഷ്ഠിക്കാന്‍ നിര്‍ദ്ദേശങ്ങളുണ്ടായി. മഹനീയ ദിനങ്ങളിലെ പുണ്യാരാധനകളില്‍ പ്രധാനമായത് വ്രതാനുഷ്ഠാനമാണെന്ന് ഇതില്‍ നിന്ന് തെളിയുന്നു. ആഴ്ചതോറുമുള്ള വിശേഷദിനമായ വെള്ളിയാഴ്ചകളില്‍ പ്രത്യേകമായ നോമ്പ് നിര്‍ദ്ദേശിക്കപ്പെട്ടിട്ടില്ല. അതിനാല്‍, നോമ്പ് നിര്‍ദ്ദേശിക്കപ്പെട്ട മറ്റെന്തെങ്കിലും കാരണം വെള്ളിയാഴ്ചകളിലാവുകയോ, തുടര്‍ച്ചയായി ചെയ്തുവരുന്നതിന്റെ ഭാഗമായി വെള്ളിയാഴ്ച ഉള്‍പ്പെടുകയോ ചെയ്താലല്ലാതെ, വെള്ളിയാഴ്ചയെന്ന നിലയില്‍ അന്നുമാത്രം വ്രതമനുഷ്ഠിക്കല്‍ കറാഹത്താണെന്ന് തുഹ്ഫ:3/458, നിഹായ:3/203 എന്നീ ഗ്രന്ഥങ്ങളില്‍ നിന്ന് സുതരാം വ്യക്തമാണ്.
മുഹര്‍റം മാസത്തിലും വ്രതാനുഷ്ഠാനം സുന്നത്താണ്. അലി(റ) പറയുന്നു: “ഒരാള്‍ നബി(സ്വ)യുടെ സമീപത്തു വന്ന് ചോദിച്ചു. റമളാനിനു ശേഷം ഏതു മാസമാണ് നോമ്പെടുക്കാന്‍ എന്നോട് നിങ്ങള്‍ നിര്‍ദ്ദേശിക്കുന്നത്? നബി(സ്വ) പറഞ്ഞു: മുഹര്‍റം തന്നെ. അതാണല്ലോ അല്ലാഹുവിന്റെ മാസം”(തിര്‍മിദി).
അബൂഹുറയ്റ(റ) പറയുന്നു: “റമളാന്‍ കഴിഞ്ഞാല്‍ നോമ്പുകള്‍ക്ക് വിശേഷം അല്ലാഹുവിന്റെ മാസമായ മുഹര്‍റം ആകുന്നുവെന്ന് നബി(സ്വ) പറഞ്ഞിട്ടുണ്ട്”(മുസ്ലിം). “യുദ്ധം നിരോധിക്കപ്പെട്ടിരുന്ന നാലു മാസങ്ങളാണ്, റമളാന്‍ കഴിഞ്ഞാല്‍ മറ്റു മാസങ്ങളില്‍ വെച്ച് നോമ്പിന് ഏറ്റവും ശ്രേഷ്ഠമായത്. ഇവയില്‍ പ്രഥമസ്ഥാനം മുഹര്‍റം മാസത്തിനും പിന്നെ റജബ് മാസത്തിനും ശേഷം ദുല്‍ഹിജ്ജഃ മാസത്തിനും അതുകഴിഞ്ഞാല്‍ ദുല്‍ഖഅ്ദഃ മാസത്തിനുമാണ്” (ഫത്ഹുല്‍ മുഈന്‍: 204).
മുഹര്‍റം മുഴുവന്‍ നോമ്പനുഷ്ഠിക്കല്‍ സുന്നത്താണ്. “മുഹര്‍റമിലെ ഓരോ ദിവസത്തെ നോമ്പിനും മുപ്പത് സാധാരണ ദിവസങ്ങളിലെ നോമ്പുകളുടെ പ്രതിഫലമുണ്ട്” (ഹദീസ്-þത്വബ്റാനീ).
മുഹര്‍റമില്‍ തന്നെ ആദ്യത്തെ പത്ത് ദിനങ്ങള്‍ക്ക് കൂടുതല്‍ പദവിയുണ്ട്. വിശുദ്ധ ഖുര്‍ആനില്‍ “വല്‍ ഫജ്രി വലയാലിന്‍ അശ്രിന്‍” എന്ന പ്രയോഗത്തിലെ പത്തു രാത്രികള്‍ മുഹര്‍റം മാസത്തിലെ ആദ്യ ത്തെ പത്താണെന്ന് ചില മുഫസ്സിറുകള്‍ പറയുന്നു (അല്‍ മദാരിക്:4/353, കലാന്‍:498). ഈ അഭിപ്രായം ധാരാളം മുഫസ്സിറുകള്‍ക്കുണ്ട് (ഗാലിയതുല്‍ മവാഇള്:2/85).
ഈ അഭിപ്രായപ്രകാരം, മുഹര്‍റമിലെ ആദ്യത്തെ പത്തു രാത്രികളെ എടുത്തു പറഞ്ഞുകൊണ്ട് അല്ലാഹു സത്യം ചെയ്തിരിക്കുകയാണല്ലോ. എന്തെങ്കിലും പ്രാധാന്യമുള്ളതിനെയാണ് സത്യം ചെയ്തു പറയാന്‍ അല്ലാഹു വിശുദ്ധ ഖുര്‍ആനില്‍ ഉപയോഗിക്കാറുള്ളതെന്ന് മഹാന്മാര്‍ പറയുന്നു. “അല്ലാഹു അവന്റെ സൃഷ്ടികളില്‍പ്പെട്ട ഏതെങ്കിലും കാര്യത്തെ ആദരിക്കണമെന്ന് ഉദ്ദേശിച്ചാല്‍ അതിനെ എടുത്ത് പറഞ്ഞ് അവന്‍ സത്യം ചെയ്യാറുണ്ട്” (ഫത്ഹുല്‍ ബാരി:14/339). അതിനാല്‍ മുഹര്‍റം മാസത്തിലെ ആദ്യത്തെ പത്തു നാളുകള്‍ക്ക് അല്ലാഹു പ്രാധാന്യം കല്‍പിച്ചിട്ടുണ്ട്. “മുസ്ലിംകള്‍ പണ്ടുപണ്ടേ ആദരിക്കുന്ന മൂന്നു പത്തുകളുണ്ട്. റമളാനിന്റെ ഒടുവിലത്തെയും ദുല്‍ഹിജ്ജഃ, മുഹര്‍റം മാസങ്ങളിലെ ആദ്യത്തെയും പത്തു നാളുകള്‍”(ഗാലിയത്ത്:2/86). “മുഹര്‍റം മാസത്തിലെ ആദ്യത്തെ പത്തു ദിവസം നോമ്പെടുക്കല്‍ സുന്നത്തുണ്ട്” (ഫത്ഹുല്‍ മുഈന്‍:204, ഖല്‍യൂബീ:2/73, നിഹായ:3/201,202, ശര്‍വാനീ:3/456, ഇബ്നു ഖാസിംþ-ഹാശിയതുത്തുഹ്ഫ:3/456).