സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Saturday, 25 October 2014

ബേങ്ക് പലിശ

ചോദ്യം: ബേങ്കില്‍ പണം നിക്ഷേപിക്കുമ്പോള്‍ കൂടുതല്‍ സംഖ്യ തിരിച്ചുനല്‍കണമെന്ന ഉപാധി വെക്കാത്തത് കൊണ്ട് അത് പലിശ ആകുന്നില്ലെന്നും മറിച്ച് കടം തിരിച്ചുനല്‍കുമ്പോള്‍ കൂടുതല്‍ നല്‍കല്‍ പുണ്യമാണെന്ന ഇനത്തിലാണ് അത് ഉള്‍പ്പെടുക എന്നും ചിലര്‍ വാദിക്കുന്നു. ഇത് ശരിയാണോ?
ഉത്തരം: ഈ വാദം തികച്ചും അബദ്ധമാണ്. ബേങ്ക് ഇടപാട് നടത്തുമ്പോള്‍ നിശ്ചിത ഫോമുകള്‍ പൂരിപ്പിക്കുകയും ഒപ്പുനല്‍കുകയും ചെയ്യണം. നിക്ഷേപിക്കുന്ന പണം പലിശ ഇല്ലാതെ തിരിച്ചുവാങ്ങാനാണ് ഉദ്ദേശ്യമെങ്കില്‍(കറന്റ് എക്കൌണ്ട്) അതിനു നി ശ്ചിത ഫോമുണ്ട്. നിശ്ചിത ശതമാനം പലിശയോടെ തിരിച്ചുവാങ്ങാനാണ് ഉദ്ദേശ്യമെങ്കില്‍ (സേവിംഗ് എക്കൌണ്ട്) അതിന് മറ്റൊരു ഫോമാണുള്ളത്. ബേങ്കിടപാട് എഴുത്ത് മുഖേനയാണ് നടക്കുന്നത് എന്നുവ്യക്തം. ഈ ഫോമുകളില്‍ പലിശ സംബന്ധമായ വി വരങ്ങളുണ്ട്. നിശ്ചിത ഫോമിലാണ് ഒപ്പിട്ടതെങ്കില്‍ പലിശ കൊടുക്കാന്‍ ബേങ്ക് അധികൃതര്‍ നിര്‍ബന്ധിതരായിത്തീരുന്നു.
ചുരുക്കത്തില്‍, ബേങ്കുമായി പലിശ ഇടപാട് നടത്തുമ്പോള്‍ പലിശ നല്‍കണമെന്ന ഉപാ ധി ഇടപാടില്‍ തന്നെ ഉള്‍ക്കൊള്ളുന്നുണ്ട്. എഴുത്ത് മുഖേനയാണെന്നു മാത്രം. വാക്ക് മുഖേന ഉപാധി വെച്ചാലേ നിഷിദ്ധമായ പലിശയാകൂ എന്നും എഴുത്ത് മുഖേന ഉപാധിവെച്ചാല്‍ അങ്ങനെയാകില്ലെന്നും ഇസ്ലാമിന്റെ ഒരു ഗ്രന്ഥത്തിലുമില്ല.
ബേങ്കില്‍ നിന്നുള്ള ഒപ്പും ഇടപാട് (അഖ്ദ്) ആണ്. ഉദ്യോഗസ്ഥന്റെ അടുക്കല്‍ കൊടുക്കലും വാങ്ങലും കൈമാറ്റം (ഖബ്ള്) ആണ്. ഇതുരണ്ടും ഒന്നല്ല, രണ്ടാണ്. എഴുത്ത് മുഖേന ഇടപാടുകളാകാമെന്ന് ഫിഖ്ഹിന്റെ മിക്ക ഗ്രന്ഥങ്ങളിലും വിവരിച്ചിട്ടുണ്ട്. ചുരുക്കത്തില്‍ ബേങ്കിംഗ് ഇടപാട് നടത്തുമ്പോള്‍ തന്നെ ഉപാധി വെക്കുന്നുണ്ട്. തെറ്റിദ്ധാരണക്ക് മറ്റൊരു കാരണം സ്വര്‍ണത്തിലും വെള്ളിയിലും ഭക്ഷ്യവസ്തുക്കളിലും മാത്രമേ പലിശയുള്ളൂ എന്ന് പറയുന്നതാണ്. ആ പറഞ്ഞത് കച്ചവടപ്പലിശയെക്കുറിച്ചാണ്. ബേ ങ്കില്‍ നടത്തുന്ന ഇടപാട് കച്ചവടമല്ല. മറിച്ച് കടം കൊടുക്കലും വാങ്ങലുമാണ്. കടമിടപാട് നടത്തുമ്പോള്‍ ഏത് വസ്തുക്കളാണെങ്കിലും(മേല്‍പറയപ്പെട്ട വസ്തുക്കളോ അല്ലാത്തതോ) തിരിച്ചുനല്‍കുമ്പോള്‍ കൂടുതല്‍ നല്‍കണെ എന്ന ഉപാധിയുണ്ടെങ്കില്‍ അത് നിഷിദ്ധമായ പലിശ ഇടാപാടാണ് എന്നതില്‍ മുസ്ലിം ലോകത്തിന് അഭിപ്രായവ്യത്യാസമില്ല. പണ്ടുണ്ടായിരുന്ന സ്വര്‍ണം, വെള്ളി നാണയത്തിന്റെ സ്ഥാനത്ത് തന്നെയാണ് ഇന്നുള്ള കടലാസ് നാണയങ്ങള്‍ എന്നുള്ളതും സംശയത്തിനിട നല്‍കുന്നതല്ല. ചുരുക്കത്തില്‍ ബേങ്ക് പലിശ കടുത്ത തെറ്റും കുറ്റവും വന്‍ദോഷങ്ങളില്‍ പെട്ടതുമാണ്. നിര്‍ബന്ധാവസ്ഥയില്‍ മനുഷ്യനതുമായി ബന്ധപ്പെടുകയാണെങ്കിലും അത് പന്നിമാംസം ഭക്ഷിക്കുന്നത് പോലെയാണ്.