സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Sunday, 19 October 2014

പള്ളിവിലക്ക് സ്വന്തം പാക്ഷികങ്ങളില്‍

ഖുര്‍ആനും തിരുസുന്നതും മുസ്ലിം സ്ത്രീകള്‍ക്ക് ആരാധനാ കര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ അനുശാസിച്ച സ്ഥലം സ്വന്തം വീടാണ്. വീട്ടിലുള്ള നിസ്കാരത്തിന് വര്‍ദ്ധിച്ച പ്രതിഫലവും ലഭിക്കുന്നു. പള്ളിയിലുള്ള നിസ്കാരത്തിന് സ്ത്രീക്ക് പ്രത്യേക പ്രതിഫലം ലഭ്യമല്ല. പള്ളിയില്‍ പോകാന്‍ അനുവാദം ചോദിച്ച ഉമ്മുഹുമൈദഃ(റ)നോട് നബി (സ്വ) പറഞ്ഞത് നീ വീടിന്റെയുള്ളിന്റെയുള്ളില്‍ നിസ്കരിക്കലാണ് ഗുണകരവും പ്രതിഫലാര്‍ഹവുമെന്നാണ്. ഇക്കാര്യം ഹദീസ് വ്യക്തവും സുദൃഢവുമാണ്. സ്ത്രീകള്‍ക്ക് വീടിനേക്കാള്‍ നല്ലത് പള്ളിയാണെന്ന് നബി(സ്വ) തങ്ങള്‍ പറഞ്ഞിട്ടില്ല.
സ്ത്രീകള്‍ക്ക് പള്ളിയേക്കാള്‍ ഗുണം വീടാണെന്ന് നബി(സ്വ) പഠിപ്പിച്ചു. അത് മറികടന്ന് സ്ത്രീകളെ പള്ളിയിലേക്ക് ആനയിക്കുന്നത് പ്രമാണവിരുദ്ധവും അനിസ്ലാമികവുമാണ്. സാഹചര്യങ്ങള്‍ നല്‍കിയ ഇളവുകളോ ഒറ്റപ്പെട്ട സംഭവങ്ങളോ ഇക്കാര്യത്തില്‍ പൊക്കിപിടിക്കുന്നത് ക്ഷന്തവ്യമല്ല. നിയമപ്രാബല്യത്തെയാണ് കണക്കിലെടുക്കേണ്ടത്. സ്വന്തമായ കസര്‍ത്തുകളും വളച്ചൊടിക്കലുകളും ഇസ്ലാം സാധൂകരിക്കുന്നില്ല. ഇലാഹീ നിയമങ്ങളുടെ മേലില്‍ കൈകടത്താന്‍ ആര്‍ക്കും അവകാശമില്ല. ഖുര്‍ആനും തിരുസുന്നതും പഠിപ്പിച്ചതെന്തോ അത് ജീവിതത്തില്‍ പകര്‍ത്തലാണ് മുസ്ലിമിന്റെ ബാധ്യത. സ്വയംകൃത നിയമങ്ങള്‍ക്ക് ഇസ്ലാം പച്ചക്കൊടി കാട്ടുന്നില്ല.
സ്ത്രീകളുടെ പള്ളിപ്രവേശത്തിന് വ്യക്തമായ കല്‍പന നല്‍കുന്ന ഒരു ഹദീസും ഉദ്ധരിക്കപ്പെട്ടിട്ടില്ല. പെണ്ണിനുവേണ്ടി വാദിക്കുന്നവര്‍ നിരത്തിയ തെളിവുകളാവട്ടെ ആരാധനാ കര്‍മങ്ങള്‍ക്ക് സ്ത്രീകള്‍ക്ക് ഗുണകരം വീടല്ല പള്ളിയാണെന്ന് സമര്‍ഥിക്കാന്‍ പോന്നവയുമല്ല. സൂക്ഷ്മ വീക്ഷണത്തില്‍ തീരെ നിലനില്‍പില്ലാത്തതാണവയൊക്കെയും. പള്ളിയില്‍ പോകാന്‍ സ്ത്രീകളോട് നബി(സ്വ) കല്‍പിച്ചിട്ടില്ല. നബി (സ്വ)യുടെ കാലത്ത് തന്നെ പള്ളിവിലക്ക് നിലനിന്നിരുന്നുവെന്നിരിക്കെ ആധുനിക യുഗത്തില്‍ വിലക്ക് കര്‍ക്കശമാകുമെന്നതില്‍ സംശയമില്ല. ചരിത്രഗ്രന്ഥങ്ങള്‍ ഇതിനു സാക്ഷിയാണ്. വിവിധ കാലങ്ങളിലായി കഴിഞ്ഞുപോയ നിരവധി പണ്ഢിതന്മാര്‍ അവരാരും തന്നെ സ്ത്രീകള്‍ ക്ക് നിസ്കാരാദികാര്യങ്ങള്‍ക്ക് വീടിനേക്കാള്‍ ഉത്തമം പള്ളിയാണെന്ന് സമര്‍ഥിച്ചിട്ടില്ല. അവരുടെ കാലത്തൊന്നും സ്ത്രീകള്‍ ജുമുഅഃ ജമാഅതിന് പള്ളിയില്‍ പോയിട്ടുമില്ല. കേരളത്തിലെ അവസ്ഥയും ഇതു തന്നെയായിരുന്നു.
പുരോഗമനവാദികളെന്ന് സ്വയം വിശേഷിപ്പിക്കുന്നവരുടെ പൂര്‍വകാല നേതാക്കളുടെ ഭാര്യമാരൊന്നും പള്ളിയില്‍ പോയിരുന്നില്ല. ഇന്നും ഈ നില തുടരുന്നു. സ്ത്രീകളുടെ പള്ളിയില്‍ പോക്ക് മതപരമായ നിര്‍ബന്ധിത നിയമമായിരുന്നെങ്കില്‍ എന്തുകൊണ്ട് സ്വന്തം തമ്പുരാട്ടികളെ അരമനയില്‍ തന്നെ ഇക്കാലമത്രയും തളച്ചിട്ടു. നിരാക്ഷേപം നടന്നുവന്നിരുന്ന കാര്യമായിരുന്നെങ്കില്‍ പിന്നെന്തിനു ഇത്ര കോലാഹലം സൃഷ്ടിക്കണം. തുടര്‍ന്നുപോരുന്ന ഒരു കാര്യത്തിന് ഇടക്കാലത്ത് വെച്ച് ജനപിന്തുണ തേടേണ്ട ആവശ്യമെന്തിന്? ഇസ്ലാം അനുശാസിച്ച ഒരു കാര്യം നടപ്പില്‍ വരുത്തലാണ് ലക്ഷ്യമെങ്കില്‍ അതിനേറ്റവും അര്‍ഹതപ്പെട്ടവര്‍ നബി(സ്വ)യായിരുന്നില്ലേ?
സ്ത്രീകള്‍ ജുമുഅഃ ജമാഅതിന് നിയമപ്രാബ്യലത്തോടെ പള്ളിയില്‍ പോയതിന് യാ തൊരു തെളിവുമില്ല. ചില ഒറ്റപ്പെട്ട സംഭവങ്ങള്‍, അതിന് നിയമസാധുത ഇസ്ലാം കല്‍ പിച്ചുമില്ല. ഇക്കാര്യം പുരോഗമനവാദികളുടെ കൃതികള്‍ തന്നെ തുറന്നു പറയുന്നു. പള്ളിവിലക്കിന് സ്വന്തം കൃതികളില്‍ തന്നെ മഷി പുരട്ടിയവര്‍ ആ മഷി ഉണങ്ങുന്നതിനു മുമ്പേ വീണ്ടും പേന കയ്യിലെടുത്തത് വിരോധാഭാസമല്ലാതെ മറ്റെന്താണ്? അല്ലെങ്കിലും, മതനിയമങ്ങള്‍ ഇവര്‍ക്ക് ചില അഭ്യാസങ്ങള്‍ കളിക്കാനുള്ള പഴുതുകളാണല്ലോ? സ്വന്തം പിഴച്ചവര്‍ മറ്റുള്ളവരെ കൂടി പിഴപ്പിക്കുന്നത് ഏറെ കഷ്ടം തന്നെ! വേണ്ട, അവര്‍ തന്നെ വിധിയെഴുതട്ടെ. ഇവരുടെ പൂര്‍വകാല വീക്ഷണം നമുക്ക് പരിശോധിക്കാം.
“സ്ത്രീകള്‍ക്ക് അവരുടെ വീട്ടില്‍ വെച്ച് നിസ്കരിക്കലാണ് ഉത്തമം. അവര്‍ക്കതിലാണ് കൂടുതല്‍ പ്രതിഫലം” പ്രബോധനം പു.6, ല. 11‏-16-1951).
“സ്ത്രീകളുടെ ഉത്തമമായ പള്ളി അവരുടെ ഗൃഹാന്തര്‍ഭാഗമാണ്” പ്രബോധനം. പു.23, ല.7).
“നബി(സ്വ)യുടെ പത്നിമാര്‍ ഇഅ്തികാഫി(ഭജന ഇരുത്തം)നിരുന്നത് മസ്ജിദുന്നബവിയിലായിരുന്നില്ല. തങ്ങളുടെ മുറികളിലായിരുന്നു. തിരുമേനിയുടെ പത്നിമാരില്‍ എല്ലാവരുടെയും മുറികള്‍ മസ്ജിദുന്നബവിയുടെ പാര്‍ശ്വങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്. എല്ലാവരുടെയും വാതിലുകള്‍ പള്ളിയിലേക്ക് തുറക്കുന്നതായിരുന്നു. നബി(സ്വ)ഏത് പത്നിമാരോടൊപ്പം താമസിച്ചാലും അവിടെ നിന്ന് നേരിട്ട് പള്ളിയിലേക്ക് പ്രവേശിക്കാമായിരുന്നു. അതിനാല്‍ നബി പത്നിമാര്‍ക്ക് പള്ളിയുടെ അകത്തേക്ക് വരേണ്ട ആവശ്യമുണ്ടായിരുന്നില്ല. അതുപോലെ സ്ത്രീകളുടെ ഇഅ്തി കാഫ് പള്ളിയിലായിരിക്കുകയില്ല, വീടുകളിലായിരിക്കും. അങ്ങനെ നബി(സ്വ)യുടെ പത്നിമാരും റമളാനിലെ അവസാനത്തെ പത്ത് നാളുകളില്‍ താന്താങ്ങളുടെ മുറികളില്‍ ഇഅ്തികാഫ് ഇരുന്നിരുന്നു” (അബുല്‍ അഅ്ലാ മൌദൂദി; പ്രബോധനം വാരിക, പു.20, ല.14, പേ.3, 31‏-5-1986).
“ജിഹാദ്, ജുമുഅഃ, ജമാഅത് നിസ്കാരങ്ങള്‍ തുടങ്ങി പുരുഷന് പ്രതിഫലങ്ങള്‍ വാരിക്കൂട്ടാനുള്ള അവസരങ്ങളെമ്പാടുമുണ്ടെന്നും സ്ത്രീക്ക് അതില്ലെന്നും പരാതിപ്പെട്ട വനിതക്ക് നബി(സ്വ) നല്‍കിയ മറുപടിയാണവള്‍ ഓര്‍ക്കുക. പ്രവാചകന്‍ പറഞ്ഞു: ഭര്‍ത്താവിനോടുള്ള സ്ത്രീയുടെ നല്ല പെരുമാറ്റം അവയ്ക്കൊക്കെ പകരം നില്‍ക്കും” (ആരാമം ‏- 1996, പു.13, ലക്കം.3, പേ.48).
“സ്ത്രീകള്‍ പള്ളിയില്‍ വെച്ചു നിസ്കരിക്കുന്നതിലേറെ ഉത്തമം അവര്‍ വീട്ടില്‍വെച്ചു നിസ്കരിക്കലാണ്. പിന്നെന്തിനാണവര്‍ ഉത്തമമായത് ഉപേക്ഷിച്ച് അതല്ലാത്തതിന് മുതിരുന്നു.” സ്ത്രീകളുടെ നിസ്കാരം രഹസ്യമാക്കുന്നതും രഹസ്യം കര്‍ക്കശമാക്കുന്നതും അവര്‍ക്ക് നല്ലതാണ്. ഇത് നിസ്കാര വിശുദ്ധിയെ പരിശുദ്ധമാക്കുന്നു (അഖ്ബാര്‍).
“ജുമുഅഃ ജമാഅത്തുകള്‍ക്കും ഇത് ബാധകമാണെങ്കിലും സ്ത്രീകള്‍ അവയില്‍ പങ്കെടുക്കുന്നത് നബി(സ്വ)നിരുത്സാഹപ്പെടുത്തുകയാണ് ചെയ്തിട്ടുള്ളതെന്നു കാണിക്കുന്ന ഹദീസുകളുണ്ട്”(മാധ്യമം 97, ഫെബ്രുവരി 7).
“സ്ത്രീകള്‍ക്ക് ഉത്തമം സ്വന്തം വീടുകളാണെന്ന് പറഞ്ഞുകൊണ്ട് അവരുടെ പള്ളിപ്രവേശനം നബി(സ്വ) നിരുത്സാഹപ്പെടുത്തിയിട്ടുണ്ട്. ശരിയാണ് നബി(സ്വ) പ്രോത്സാഹിപ്പിച്ചിട്ടില്ല” (മാധ്യമം 97, ഫെബ്രുവരി 7).
“കോഴിക്കോട് നഗരത്തിലെ ഒരു പ്രധാന പള്ളിയില്‍ നിന്ന് ബലിപെരുന്നാള്‍ നിസ്കാരം കഴിഞ്ഞ് പുറത്തിറങ്ങിയ സ്ത്രീകളുടെ ചിത്രം സ്ഥലത്തെ ഒരു പ്രധാന പത്രം പ്രസിദ്ധീകരിച്ചിരുന്നു. അത് കണ്ടപ്പോള്‍ നടുങ്ങിപ്പോയി. മതബോധമുള്ള ഏതൊരു മുസ്ലിമിന്റെയും മനഃസാക്ഷിയെ വ്രണപ്പെടുത്തുന്ന ചിത്രം. അണിഞ്ഞൊരുങ്ങി ഫാഷന്‍ പരേഡിനിറങ്ങിയ അത്യാധുനിക മഹിളകളാണെന്നേ തോന്നൂ.
പള്ളിയില്‍ കയറി ദൈവപ്രാര്‍ഥനയും നടത്തി ഒരു സരോപദേശ പ്രസംഗവും കേട്ട് പുറത്തിറങ്ങുന്ന ഭക്തകളുടെ ഒരു കോലം! ഇങ്ങനെയാണെങ്കില്‍ അവരെന്തിനു പള്ളിയില്‍ വരുന്നു. തനിക്കേറ്റവും വിലപ്പെട്ടതും മഹത്തായതും അല്ലാഹുവാണെന്നും താന്‍ അവന്റെ കല്‍പനയനുസരിച്ച് ജീവിക്കണമെന്നും പലവട്ടം പ്രതിജ്ഞ ചെയ്ത് ഭക്ത പള്ളിയില്‍ നിന്ന് പുറത്തിറങ്ങുമ്പോഴേക്ക് എങ്ങനെ മോഡേണ്‍ ഏജ് ലേഡിയായി മാറുന്നുവെന്നതാണ് മനസ്സിലാക്കാന്‍ കഴിയാത്തത്” (അല്‍മനാര്‍, പു.25, ല.3).
“ജുമുഅഃയെ സംബന്ധിച്ച നിര്‍ബന്ധകല്‍പന കുട്ടികള്‍, രോഗികള്‍, യാത്രക്കാര്‍, സ്ത്രീ കള്‍ എന്നീ നാല് കൂട്ടര്‍ക്ക് ബാധകമല്ലെന്ന് റസൂലുല്ലാഹി(സ്വ) പറഞ്ഞതായി തെളിയുമ്പോള്‍ ആ ഹദീസ് ഖുര്‍ആനിനെതിരാണെന്ന് പറയല്‍ നബി(സ്വ)യെ ധിക്കരിക്കലാണ്” (അല്‍മനാര്‍. പു.4, ല.10).
“മാന്യവായനക്കാരെ, നിങ്ങള്‍ സംശയിക്കേണ്ട, ആ ഹദീസില്‍ (സ്ത്രീകളെ) പള്ളിയിലേക്കയക്കുന്ന കാര്യം പറഞ്ഞിട്ടില്ല” (അല്‍മനാര്‍. പു.4, ല.5). സുന്നതുണ്ടെന്ന വാദം എം.സി.സി. ഇമാമുകളുടെ ഗ്രന്ഥങ്ങളില്‍ നിന്ന് തെളിയിക്കുമോ? (അല്‍മനാര്‍. പു.3, ല.23,24).
“പ്രാമാണികരായ മുഹദ്ദിസുകളുടെയും മുഫസ്സിറുകളുടെയും ധാരാളം വാചകങ്ങള്‍ ഞാന്‍ ഉദ്ധരിച്ചു. സ്ത്രീകള്‍ക്ക് ജുമുഅഃ വുജൂബില്ല എന്നത് ഇസ്ലാമിക ലോകത്ത് ആര്‍ക്കും തന്നെ അഭിപ്രായവ്യത്യാസമില്ലാത്ത വിഷയമാണ് എന്നാണ് ഇമാം ശൌഖാനി, ഇമാം നവവി, ഇമാം ഇബ്നുല്‍ മുന്‍ദിര്‍ ഇബ്നു റുശ്ദ്, ഇമാം സ്വന്‍ആനി, ഇമാം ഇബ്നു ഹസം മുതലായവര്‍ വ്യക്തമാക്കിയതെന്ന് വായനക്കാര്‍ കണ്ടുവല്ലോ!” (ഉമര്‍ മൌലവി, അല്‍മനാര്‍. പു.4, ല.2, 1953 മെയ് 5, പേ.4).
“വളരെ പ്രതിബന്ധങ്ങളുള്ളവരാണവര്‍, ചിലപ്പോള്‍ നിസ്കരിച്ചുകൊണ്ടിരിക്കുമ്പോള്‍ പെട്ടെന്ന് ആര്‍ത്തവം ഉണ്ടായെന്ന് വരാം. അത് പള്ളിയില്‍ വെച്ചായാല്‍ പള്ളി വൃത്തികേടാവും എന്നുള്ളത് മാത്രമല്ല. നാണക്കേട് സഹിക്കാന്‍ അവര്‍ക്കു കഴിയുകയുമില്ല. അവര്‍ അത്രയും അബലകളും ചപലകളുമാണ്. (അല്‍മനാര്‍. പു.4, ല.5, 1953 ജൂണ്‍ 20, പേ.4).
വിദ്യ അഭ്യസിപ്പിക്കാന്‍ നിര്‍ബന്ധിച്ചു എന്നുള്ളത് ശരി തന്നെ. പള്ളിയിലേക്കയക്കാന്‍ നിര്‍ബന്ധിച്ചു എന്നു പറയുന്നത് സത്യമല്ല (അല്‍മനാര്‍. 1953, ജൂലൈ 5)
…….ജുമുഅഃയും ജമാഅത്തും സ്ത്രീകള്‍ക്ക് നിര്‍ബന്ധമില്ലാത്തതുകൊണ്ട് മാത്രമാണ് അവര്‍ അതില്‍ അനിഷ്ടം ഭാവിച്ചത്. മതത്തില്‍ അത് നിര്‍ബന്ധമാണെങ്കില്‍ ഉമറുല്‍ ഫാറൂഖിനെ പോലുള്ള മഹാന്മാരായ സ്വഹാബികള്‍ അതില്‍ അനിഷ്ടം വെച്ചുകൊണ്ടിരിക്കുമെന്ന് എനിക്ക് വിചാരിക്കാന്‍ കഴിയുന്നില്ല. അവരുടെ ചരിത്രം അറിയുന്ന യാതൊരാള്‍ക്കും അങ്ങനെ വിചാരിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. (അല്‍മനാര്‍. പു.4, ല.6, 1953 ജൂലൈ 5, പേ.11).