സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Tuesday, 7 October 2014

ദുഷിച്ച നേതാക്കളെ എതിർക്കണം


''പിന്നീട്‌ നിങ്ങളിൽ ചില നേതാക്കളുണ്ടാകും, നിങ്ങളുടെ ആഹാര മാർഗങ്ങളെ അവർ കരസ്ഥമാക്കും. നിങ്ങളോട്‌ സംസാരിക്കുമ്പോൾ അവർ കളവ്‌ പറയും. അവർ പ്രവർത്തിക്കും, ആ പ്രവൃത്തിയെ അവർ ചീത്തയാക്കും. (‌ ആക്ഷേപകരമായ പ്രവൃത്തി അവർ ചെയ്യും). അവരുടെ കളവിനെ നിങ്ങൾ സത്യമാണെന്ന് സമ്മതിക്കുകയും അവരുടെ ചീത്ത പ്രവൃത്തികളെ നിങ്ങൾ നന്നാക്കി പറഞ്ഞ്‌ കൊടുക്കുകയും ചെയ്താലല്ലാതെ നിങ്ങളിൽ നിന്ന് ഒന്നും അവർ തൃപ്തിപ്പെടുകയില്ല. അപ്പോൾ അവർക്ക്‌ അവകാശപ്പെട്ടത്‌ നിങ്ങൾ കൊടുക്കുവിൻ. അവരത്‌ കൊണ്ട്‌ തൃപ്തിപ്പെട്ടാൽ അങ്ങിനെ. അല്ലെങ്കിൽ, (അതായത്‌ അതിരുവിട്ട്‌ പ്രവൃത്തിച്ചാൽ )എതിർക്കണം. അതിൽ കൊല്ലപ്പെട്ടവൻ ആരോ അവൻ രക്തസാക്ഷിയാണ്‌''
( ത്വബ്‌റാനി (റ) റിപ്പോർട്ട്‌ ചെയ്ത ഹദീസ്‌ ,അബീസലമ (റ) യിൽ നിന്ന് നിവേദനം )

കൊച്ചു ഗ്രാമം /പ്രദേശം മുതൽ അന്തരാഷ്ട്ര തലം വരെയുള്ള നേതാക്കളുടെ സ്വഭാവമാണ്‌ ഈ ഹദീസിൽ വരച്ച്‌ കാട്ടുന്നത്‌. നീചമായ പ്രവർത്തനങ്ങളും കാപട്യങ്ങൾ നിറഞ്ഞ വാക്കുകളും സ്വാർത്ഥമായ ആഗ്രഹങ്ങളും ഉദ്ധേശ്യങ്ങളും വ്യക്തി താത്പര്യങ്ങളും തോന്ന്യാസങ്ങളുമെല്ലാം ജനങ്ങൾ ശരിവെക്കണം , സമ്മതിച്ച്‌ കൊടുക്കണം. എന്നാലല്ലാതെ അവർ തൃപ്തരാവുകയില്ല. ഏതെങ്കിലും കാര്യത്തിൽ നാം ഈ നേതാക്കളോട്‌ മുഖം കറുപ്പിച്ചാൽ പിന്നെ തന്റെ അധികാരവും സ്വാധീനവും ഉപയോഗിച്ച പരമാവധി ദ്രോഹിക്കുകയും നമ്മുടെ ജീവിത മാർഗങ്ങളെ വരെ തടയുകയും ..സമാധാന ജീവിതം നയിക്കാൻ കഴിയാത്ത രൂപത്തിലാക്കി തീർക്കുകയും ചെയ്യും. ഇതിനു എത്രയോ ഉദാഹരണങ്ങൾ നമുക്ക്‌ എല്ലാ തുറകളിലും കാണാൻ സാധിക്കും. കേവലം ഒരു പഞ്ചായത്ത്‌ മെമ്പറുടെ നേരെ നിന്ന് നിങ്ങൾ ചെയ്യുന്നത്‌ നീതികേടാണെന്ന് വിളിച്ച്‌ പറയാൻ നമുക്കിന്ന് ഭയമാണ്‌ . അങ്ങിനെ ചെയ്ത്‌ കഴിഞ്ഞാൽ നളെ നമ്മുടെ വീട്ടിൽ അക്രമം അഴിച്ച്‌ വിടാൻവരെ ഇവർ തയ്യാറാകും. നമ്മെ ഒറ്റപ്പെടുത്താനല്ലാതെ കൂടെ നിൽക്കാൻ അധികമാരുമുണ്ടവുകയുമില്ല. എന്തിനു ഞാൻ അതിൽ ഇടപ്പെട്ട്‌ എന്റെ മനസമാധാനം ഇല്ലാതാക്കണം എന്ന ചിന്തയിൽ ആരും തിരിൻഞ്ഞു നോക്കുകയില്ല.
പക്ഷെ ഇത്തരക്കാരോട്‌ രാജിയാവുകയല്ല എതിർക്കുക തന്നെ വേണമെന്ന് നമ്മെ പഠിപ്പിക്കുന്നു ഇവിടെ. സാധുജനങ്ങളെ ഉപദ്രവിച്ചും ഉപയോഗിച്ചും നേതാവായി നടക്കുന്നവരെ പല്ലും നഖവുമുപയോഗിച്ച്‌ എതിർക്കേണ്ടതുണ്ട്‌. അങ്ങിനെയുള്ള ചെറുത്തു നിൽപ്പിൽ മരണപ്പെട്ടാൽ അവന്‌ രക്തസാക്ഷിയുടെ സ്ഥാനം ലഭിക്കുമെന്ന് ഈ ഹദീസ്‌ സാക്ഷ്യം വഹിക്കുന്നു.

എന്നാൽ ഇന്ന് കുട്ടിനേതാക്കളെ മുതൽ അന്തരാഷ്ട്ര തലത്തിലുള്ള നേതാക്കളെ വരെ അവർ എന്ത്‌ അനീതി പ്രവർത്തിച്ചാലും നീച കൃത്യങ്ങൾ ചെയ്താലും പച്ചക്കള്ളം പറഞ്ഞാലും അവർക്ക്‌ റാൻ മൂളി സന്തോഷിപ്പിച്ച്‌ നടക്കുന്നവരെയാണ്‌ നാം കാണുന്നത്‌.

ജനങ്ങളെ ദ്രോഹിക്കുന്ന നേതാക്കൾ ക്കും അവരെ സന്തോഷിപ്പിച്ച്‌ തൻകാര്യം നേടുന്നവർക്കും ഈ ഹദീസ്‌ ഒരു പാഠമാവട്ടെ..

കൂട്ടി വായിക്കാൻ
വലിയാ വാഗ്ദാനങ്ങളും തേനൂറുന്ന വാക്കുകളുമായി വരുന്ന നേതാക്കൾ ഇന്നലെ പറഞ്ഞിരുന്നതിനെ പറ്റി അവരെ ഓർമ്മിപ്പിക്കേണ്ട സമയം. വാഗ്ദത്ത ലംഘനവും കാപട്യവും ഇന്നിന്റെ രാഷ്ടീയക്കാരന്റെ മുഖമുദ്രയായി മാറിയിരിക്കയാണ്‌. രാജ്യതാത്പര്യമോ ജനങ്ങളുടെ സുരക്ഷിതത്വമോ സമാധാന ജീവിതമോ ഇവർക്ക്‌ വിഷയമല്ല. രാജ്യം വെട്ടി മുറിച്ച്‌ വിറ്റിട്ടാണെങ്കിലും പോക്കറ്റ്‌ വീർപ്പിക്കുക എന്ന ലക്ഷ്യം മാത്രം. നിഷ്കളങ്കമായ സേവനം ചെയ്യുന്നവർ ഉണ്ടാവാം. എന്നാൽ അവർ വേദിയിലെത്താൻ അവസരം കിട്ടാതെ എന്നും കഴിയേണ്ട അവസ്ഥയാണുള്ളത്‌. മൂല്യങ്ങൾക്ക്‌ വേണ്ടി നിലകൊള്ളുന്നവർ ഒരു പാർട്ടിയിലും ഇല്ലാതായ അവസ്ഥയാണിപ്പോൾ. സാർത്ഥരായ നേതാക്കളെ ജനാധിപത്യ രീതിയിൽ എതിർക്കാൻ കിട്ടുന്ന ഏറ്റവും നല്ല അവസരത്തിൽ വോട്ടാകുന്ന ആയുധം തേച്ച്‌ മിനുക്കി തയ്യാറാവുക. പ്രലോഭനങ്ങളിൽ വീഴാതെ ആയുധം ഉപയോഗിക്കുക. ..ആശംസകൾ