സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Thursday, 23 October 2014

മുഹര്‍റം ഒമ്പതും പതിനൊന്നും

ആശൂറാഇനോടൊപ്പം മുഹര്‍റം ഒമ്പതിനും പതിനൊന്നിനും നോമ്പെടുക്കല്‍ സുന്നത്താണ്. പത്തിന് ജൂതന്മാരും നോമ്പനുഷ്ഠിക്കുന്നുണ്ട്. ആയതിനാല്‍, അവരുമായി വ്യത്യാസപ്പെടുന്നതിനു വേണ്ടി ഒമ്പതിനു നോമ്പെടുക്കാന്‍ നബി(സ്വ) കല്‍പിച്ചതായി ഇമാം ബൈഹഖി(റ) നിവേദനം ചെയ്യുന്നു. ഒമ്പതിനും പതിനൊന്നിനും നോമ്പ് നിര്‍ദ്ദേശിച്ചതായി ഇമാം അഹ്മദും(റ) റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് (ഇര്‍ശാദ്:75, ഇആനത്ത്:2/266) ജൂതരോടുള്ള നിസ്സഹകരണമാണല്ലോ ഒമ്പതിന് നോമ്പെടുക്കുന്നതിന്റെ രഹസ്യം. അതിനാല്‍ മുഹര്‍റം പതിനൊന്നിനും നോമ്പ് സുന്നത്തുണ്ട്(ഫത്ഹുല്‍ മുഈന്‍:203, ഖല്‍യൂബീ:2/173, തുഹ ഫ: & ശര്‍വാനീ:3/456).
ആശൂറാഅ് നോമ്പിനു വിവിധ പദവികളുണ്ടെന്ന് പണ്ഢിതലോകം വിവരിക്കുന്നു. മുഹര്‍റം 9, 10, 11 എ ന്നീ മൂന്നു ദിവസങ്ങളും നോല്‍ക്കലാണ് ഒന്നാം പദവി. ഒമ്പതും പത്തും മാത്രം നോല്‍ക്കല്‍ രണ്ടാമതും പത്തുമാത്രം നോല്‍ക്കല്‍ മൂന്നാമതും നില്‍ക്കുന്നു (ഫിഖഹുസ്സുന്ന:1/518). ഒമ്പതിന് നോമ്പനുഷ്ഠിക്കാത്തവര്‍ക്കും അനുഷ്ഠിച്ചവര്‍ക്കും പത്തിനോടൊപ്പം പതിനൊന്നിന് നോമ്പെടുക്കല്‍ സുന്നത്താണ് (തുഹ്ഫ: & ശര്‍വാനീ:3/456, നിഹായ:3/201, ഫത്ഹുല്‍ മുഈന്‍:203, ശര്‍ഹു ബാഫള്ല്‍:2/199). പത്തിനോടൊപ്പം ഒമ്പതോ പതിനൊന്നോ, ഏതെങ്കിലും ഒന്നുമാത്രം അനുഷ്ഠിക്കുന്നവര്‍ക്ക് ഒമ്പതാണുത്തമം. കാരണം: ജൂതരോട് എതിരാകാന്‍ വേണ്ടിയുള്ള ആശൂറാഇന്റെ അനുബന്ധമെന്നതിനു പുറമെ, മുഹര്‍റം മാസത്തിലെ ആദ്യത്തെ പത്ത് ദിവസങ്ങള്‍ക്കുള്ള പ്രത്യേക ശ്രേഷ്ഠതയിലും ഒമ്പത് ഉള്‍പ്പെടുന്നുണ്ട്. പതിനൊന്നിന് ഈ ശ്രേഷ്ഠതയില്ലല്ലോ. തുഹ്ഫ: & ശര്‍വാനീ:3/455,456, ഫത്ഹുല്‍ മുഈന്‍:203, 204, ശര്‍ഹു ബാഫള്ല്‍ & കുര്‍ദീ:2/199 മുതലായവ വിലയിരുത്തിയാല്‍ ഇത് ബോധ്യപ്പെടും.
ഒമ്പതും പതിനൊന്നുമില്ലാതെ പത്തിനു മാത്രം നോമ്പനുഷ്ഠിച്ചാല്‍ യാതൊരു കറാഹത്തുമില്ല (ശര്‍വാനി & ഇബ്നുഖാസിം:3/455, നിഹായ:3/202, ഫത്ഹുല്‍ മുഈന്‍:203, ശര്‍ഹുബാ ഫള്ല്‍:2/199).
മുഹര്‍റം ഒന്നുമുതല്‍ പത്തുവരെ നോമ്പെടുക്കല്‍ പൊതുവെ സുന്നത്തായതിനു പുറമെ എട്ടിനു നോമ്പെടുക്കല്‍ പ്രത്യേകം പുണ്യമാണെന്ന് ഖല്‍യൂബീ 2/73ല്‍ പറയുന്നു. സൂക്ഷ്മതയാണിതിനു നിദാനം. മാസപ്പിറവി നിര്‍ണയത്തിലോ മറ്റോ അറിയാതെ സംഭവിച്ചേക്കാവുന്ന പിഴവും നമ്മുടെ ധാരണപ്പിശകും മൂലം ദിവസവ്യത്യാസത്തിന് വിദൂര സാധ്യതയെങ്കിലുമുണ്ടല്ലോ. ഇവിടെ സൂക്ഷ്മത പാലിക്കാനാണ് എട്ടിന്റെ നോമ്പ് നിര്‍ദ്ദേശിക്കുന്നത്.