സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Sunday 12 October 2014

സംത്യപ്തിയാണ് ഐശ്വര്യം

''പരിവാരങ്ങള്‍ അധികരിക്കുന്നതല്ല ഐശ്വര്യം ; മനസ്സിന്റെ സംത്യപ്തിയാണ് യഥാര്‍ത്ഥ ഐശ്വര്യം /സമ്പത്ത്‌ '' ( അബൂ ഹുറൈറ (റ) വില്‍ നിന്ന് മുസ്‌ ലിം (റ) നിവേദനം ചെയ്ത ഹദീസ്‌ )
''മനസ്സിന്റെ ത്യപ്തി (സംത്യപ്തി )യുള്ളവനാണ് ശരിയായ സമ്പന്നന്‍/ ഐശ്വര്യം ഉള്ളവന്‍'' ( ബുഖാരി (റ) നിവേദനം ചെയ്ത ഹദീസ്‌ )
വിവരണം:
കുറെ ധനമോ, സ്വാധീനമോ ഉള്ളത്‌ കൊണ്ട്‌ ഒരാള്‍ യഥര്‍ത്ഥത്തില്‍ സമ്പന്നനാവുന്നില്ല. ഉള്ളത്‌ കൊണ്ട്‌ ത്യപ്തിപ്പെട്ട്‌ മനസംത്യപ്തിയോടെ ജീവിക്കുന്നവനാണ് ശരിയായ സമ്പന്നന്‍ (ഐശ്വര്യവാന്‍ ). സംത്യപ്തിയില്ലാതെ ജീവിക്കുന്നവര്‍ എത്ര വലിയ ധനാഢ്യരാണെങ്കിലും അവര്‍ യഥാര്‍ത്ഥത്തില്‍ ദരിദ്രരായിരിക്കും.

കുറിപ്പ്‌:
എത്ര ധനമുണ്ടായാലും എല്ലാവിധ ജീവിതസൗകര്യങ്ങള്‍ ഉണ്ടായാലും മതിവരാതെ / സംത്യപ്തിയില്ലാതെ വീണ്ടും വീണ്ടും സമ്പാദിച്ചു കൂട്ടാനുള്ള ത്വരയോടെ, ശരിയായി ഭക്ഷണം പോലും കഴിക്കാന്‍ നേരമില്ലാതെ, തന്റെ ഭാര്യയും മക്കളുമായി ചിലവഴിക്കാന്‍ സമയം നീക്കിവെക്കാതെ, അവരുടെ ന്യായമായ ആവശ്യങ്ങള്‍പോലും ( ഒരു ഭര്‍ത്താവെന്ന നിലക്കും, പിതാവെന്ന നിലക്കും ) നിവര്‍ത്തിച്ചുകൊടുക്കാന്‍ താത്പര്യമെടുക്കാതെ നെട്ടോട്ടമോടുന്നവരെ നമുക്ക്‌ എത്രയോകാണാം. എന്നെങ്കിലും ഇത്തരക്കാര്‍ക്ക്‌ ഒരു മതി വരുമെന്ന് തോന്നുന്നില്ല. ഈ ഓട്ടത്തിനിടയില്‍ നഷ്ടപ്പെടുന്ന മനസ്സമാധാനം/സംത്യപ്തിയാണു യഥാര്‍ത്ഥസമ്പത്ത്‌ /ഐശ്വര്യം എന്ന തിരിച്ചറിവ്‌ ലഭിക്കുമ്പോഴേക്കും ഏറെ വൈകിയിരിക്കും പലപ്പോഴും.

സ്വയം നഷ്ടപ്പെടുന്നതിനൊപ്പം, സമ്പാദിക്കണം സമ്പാദിക്കണം എന്ന ഈ അടങ്ങാത്ത ത്വര മനുഷ്യനെ അരുതാത്ത വഴിയിലും നടത്തി മറ്റുള്ളവരുടെ ജീവിതം നഷ്ടത്തിലാക്കാനും അഥവാ മറ്റ്‌ ജീവിതങ്ങള്‍ ചവിട്ടി മെതിക്കാനും ഇടയാക്കാനും അത്‌ വഴി രണ്ട്‌ ലോകവും (വിശ്വാസിയെ സംബന്ധിച്ചിടത്തോളം) നഷ്ടമാവാനും ഇടയാക്കുന്നു.

പുലര്‍കാലം മുതല്‍ സായാഹ്നം വരെ അളന്നേടുക്കാനാവുന്ന ഭൂമിയെല്ലാം താങ്കള്‍ക്ക്‌ സ്വന്തമാക്കാമെന്ന രാജാവിന്റെ വാഗ്ദത്തില്‍, കഴിയാവുന്നത്ര ഭൂമി സ്വന്തമാക്കാനുള്ള അത്യാഗ്രഹത്താല്‍ വിശ്രമമില്ലാതെ ഓടി ഓടി അവസാനം കിതച്ച്‌ കിതച്ച്‌ ജീവന്‍ നഷ്ടമായി ആറടി മണ്ണുമാത്രം സ്വന്തമാക്കിയ ഒരു അത്യാഗ്രഹിയുടെ കഥ ഇവിടെ ഓര്‍ക്കട്ടെ.

സമ്പാദിച്ച്‌ കൂട്ടുന്നതിലല്ല ..മനസ്സിന്റെ സംത്യപ്തിയിലാണു ഐശ്വര്യം എന്ന തിരിച്ചറിവോടെ ഉള്ളത്‌ കൊണ്ട്‌ ഒരുമയായി ജീവിക്കാന്‍ നമ്മെ എല്ലാവരെയും ജഗന്നിയന്താവ്‌ അനുഗ്രഹിക്കട്ടെ.. എന്ന പ്രാര്‍ത്ഥനയോടെ.