സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Tuesday 14 October 2014

ആരാണ് മുസ്ലിം?

പ്രസിദ്ധങ്ങളായ ചില ഹദീസുകളില്‍  മുസ്ലിമിന്റെ ചില സവിശേഷതകള്‍ നബി(സ്വ) വിശദമാക്കിയിട്ടുണ്ട്. അബ്ദുല്ലാഹിബ്നു അംറ്(റ) നിവേദനം ചെയ്യുന്നു: നബി(സ്വ)  പറഞ്ഞു: ആരുടെ നാവില്‍ നിന്നും കയ്യില്‍ നിന്നും മുസ്ലിംകള്‍ സുരക്ഷിതരാകുന്നുവോ അവനാണ് മുസ്ലിം. അബൂമൂസാ(റ)യില്‍ നിന്നുള്ള നിവേദനം പറയുന്നു: ഇസ്ലാമിന്റെ നടപടികളില്‍ ഏതാണ് ഉല്‍ കൃഷ്ടം? സ്വഹാബിമാര്‍ നബി(സ്വ)യോട് ചോദിച്ചു. റസൂല്‍(സ്വ) പറഞ്ഞു: ആരുടെ നാവില്‍ നിന്നും കയ്യില്‍ നിന്നും മുസ്ലിംകള്‍ സുരക്ഷിതരായിരിക്കുന്നുവോ(അവന്റെ നടപടിയാണ് ഏറ്റവും ഉല്‍കൃഷ്ടം) അവനാണ് യഥാര്‍ഥ മുസ്ലിം.
അബ്ദുല്ലാഹിബ്നുഅംറി(റ)ന്റെ മറ്റൊരു നിവേദനത്തില്‍ ഇപ്രകാരം കാണാം: ഇസ്ലാമിന്റെ നടപടികളില്‍ ഏതാണേറ്റവും ഉത്തമമെന്ന് ഒരാള്‍ നബിയോടന്വേഷിച്ചു. നബി പറഞ്ഞു: നീ ആ ഹാരം നല്‍കുക. നിനക്ക് പരിചയമുള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും സലാം പറയുകയും ചെയ്യു ക. തനിക്കിഷ്ടപ്പെടുന്നത് സഹോദരനുവേണ്ടിയും ഇഷ്ടപ്പെടുന്നത് വരെ നിങ്ങളില്‍ ആരും സ ത്യവിശ്വാസിയാകയില്ലെന്നും റസൂല്‍(സ്വ) പറഞ്ഞിട്ടുണ്ട്.
അനസ്(റ) ഒരു ഹദീസില്‍ മുസ്ലിമിന്റെ ലക്ഷണം വിവരിക്കുന്നത് ഇപ്രകാരമാണ്: നാം നിസ്ക രിക്കും പോലെ നിസ്കരിക്കുകയും നമ്മുടെ ഖിബ്ലയെ അംഗീകരിക്കുകയും  നാം അറുത്തത് ഭക്ഷിക്കുകയും ചെയ്യുന്നവനാരോ അവനത്രെ മുസ്ലിം. അവന് അല്ലാഹുവിന്റെയും അവന്റെ ദൂതന്റെയും സംരക്ഷണത്തിന് അവകാശമുണ്ട്. അതുകൊണ്ട് അല്ലാഹു ഏറ്റെടുത്തിരിക്കുന്ന സംരക്ഷണോത്തരവാദത്തില്‍ ലംഘനം പ്രവര്‍ത്തിക്കരുത്. ഈ ഹദീസുകളെല്ലാം ഇമാം ബു ഖാരി(റ) തന്റെ സ്വഹീഹില്‍ ഉദ്ധരിച്ചിട്ടുണ്ട്.
ആരാധനക്ക് പുറമെ മാനുഷിക മര്യാദകള്‍ പാലിക്കുന്നതിലും മുസ്ലിം സദാ ജാഗ്രത പുലര്‍ ത്തണമെന്ന് ഖുര്‍ആനും സുന്നത്തും ഗൌരവമായിത്തന്നെ അനുശാസിച്ചിട്ടുണ്ട്. ഖുര്‍ആനിലെ 49ാമത്തെ അദ്ധ്യായമായ സൂറതുല്‍ ഹുജുറാതില്‍ പെരുമാറ്റ മര്യാദകളെക്കുറിച്ച് ധാരാളം പരാമര്‍ശങ്ങളുണ്ട്. 13 ാം സൂക്തം ഏകമാനവികതയും മാനവിക സമത്വവും ഊന്നിപ്പറയുന്നു. അല്ല യോ മനുഷ്യരെ, ഒരേ ആണില്‍ നിന്നും പെണ്ണില്‍ നിന്നുമാണ് നാം നിങ്ങളെ സൃഷ്ടിച്ചിരിക്കുന്നത്. നിങ്ങളെ സമുദായങ്ങളും ഗോത്രങ്ങളുമാക്കിയത് നിങ്ങള്‍ പരസ്പരം തിരിച്ചറിയാന്‍ വേ ണ്ടി മാത്രമാണ്. നിങ്ങളില്‍ ജീവിതത്തില്‍ ഏറ്റവും  കൂടുതല്‍ സൂക്ഷ്മത പാലിക്കുന്നവരാണ് അല്ലാഹുവിങ്കല്‍ ഏറ്റവും ആദരണീയര്‍ (ഖു 49:13).
അല്‍ബഖറ 177 ാം സൂക്തം പറയുന്നു: നിങ്ങളുടെ മുഖങ്ങളെ കിഴക്കോട്ടോ പടിഞ്ഞാറോട്ടോ തിരിക്കലല്ല പുണ്യം. മറിച്ച് അല്ലാഹുവിലും അന്ത്യദിനത്തിലും മലകുകളിലും വേദങ്ങളിലും പ്ര വാചകന്മാരിലും വിശ്വസിക്കുകയും അല്ലാഹുവിനോടുള്ള സ്നേഹത്തിന്റെപേരില്‍ തന്റെ പ്രിയപ്പെട്ട ധനം ബന്ധുക്കള്‍ക്കും അനാഥര്‍ക്കും അഗതികള്‍ക്കും യാത്രക്കാര്‍ക്കും സഹായമര്‍ഥിക്കുന്നവര്‍ക്കും അടിമകളെ മോചിപ്പിക്കുന്നതിനും ചിലവഴിക്കുകയും നിസ്കാരം നിലനിര്‍ത്തുകയുയും സകാത്ത് നല്‍കുകയും ചെയ്യുന്നതൊക്കെയാണ് പുണ്യം. കരാര്‍ ചെയ്താല്‍ അത് പാലിക്കുകയും  പ്രതിസന്ധികളിലും  ആപത്തുകളിലും  കഷ്ടതകളിലും സഹനമവലംബിക്കുകയും ചെയ്യുന്നവരാണ് പുണ്യവാന്മാര്‍. അവരാണ് സത്യവാന്മാര്‍. അവര്‍ തന്നെയാണ് ഭക്തന്മാരും (ഖു 2:177).
അദ്ധ്യായം 17 സൂറതുല്‍ ഇസ്രാഇല്‍ 23,24 സൂക്തങ്ങള്‍ കുടുംബ മര്യാദകളെന്തൊക്കെയാണെന്ന് പഠിപ്പിക്കുന്നു. ദൈവാരാധനക്കൊപ്പം മാതാപിതാക്കളോടുള്ള ബാധ്യതയാണ് ഖുര്‍ആന്‍ ഓര്‍മ്മിപ്പിക്കുന്നത്. നിന്റെ നാഥന്‍ വിധിച്ചിരിക്കുന്നു: നിങ്ങള്‍ അവന് മാത്രമല്ലാതെ മറ്റാര്‍ക്കും ആരാധന ചെയ്യരുത്. മാതാപിതാക്കളോട് നല്ല നിലയില്‍ വര്‍ത്തിക്കണം. അവരില്‍ ആരെങ്കി ലും,  അഥവാ രണ്ടു പേരും നിങ്ങളോടൊപ്പമായിരിക്കെ വാര്‍ദ്ധക്യം പ്രാപിച്ചാല്‍ നിങ്ങള്‍ അവരോട് ഛെ എന്ന് പോലും പറയരുത്. അവരോട് പരുഷമായി സംസാരിക്കരുത്. മറിച്ച് ആദരപൂര്‍വ്വം സംസാരിക്കുക. അവരുടെ മുമ്പില്‍ കനിവോടും കാരുണ്യത്തോടും കൂടി വിനീതരായി വര്‍ത്തിക്കുക. നാഥാ എന്റെ കുട്ടിക്കാലത്ത് അവരെന്നെ സ്നേഹപൂര്‍വ്വം വളര്‍ത്തിയപോലെ നീ അവരോട് കാരുണ്യം കാണിക്കണമേ! എന്ന് പ്രാര്‍ഥിക്കുകയും ചെയ്യുക (ഖു 17:23,24). വി ശ്വാസികളെല്ലാം സഹോദര്‍ന്മാരാണെന്നും അതിനാല്‍ നിങ്ങളുടെ സഹോദരന്മാര്‍ക്കിടയിലുള്ള ബന്ധങ്ങള്‍ നന്നാക്കുവിന്‍ എന്നും 49:10 ല്‍ ഖുര്‍ആന്‍ ഉദ്ബോധിപ്പിക്കുന്നു. പരദൂഷകനും ദുഷ്പ്രചരണം നടത്തുന്നവനും നാശമാണെന്ന് 104ാം അദ്ധ്യായത്തില്‍ പറയുന്നു. ആളുകളെ മു ഖത്ത് നോക്കി ആക്ഷേപിക്കുന്നതും മറഞ്ഞു നിന്ന് കുറ്റം പറയുന്നതും ശീലമാക്കിയവര്‍ക്ക് മ ഹാനാശം (ഖു 104:1).
സൂറത്തുല്‍ ഹുജുറാതില്‍ തന്നെ പറയുന്നു: വിശ്വാസികളെ, നിങ്ങളില്‍ ചിലര്‍ മറ്റു ചിലരെ പരി ഹസിക്കാതിരിക്കുവീന്‍, ഒരുപക്ഷേ, അവര്‍ മറ്റവരെക്കാള്‍ ശ്രേഷ്ഠരായിരിക്കാം….നിങ്ങള്‍ പരസ്പരം കളിയാക്കാതിരിക്കുകയും അന്യോന്യം പരിഹാസ നാമങ്ങള്‍ പറഞ്ഞ് വിളിക്കാതിരിക്കുകയും ചെയ്യുവീന്‍…. കഴിയുന്നിടത്തോളം സന്ദേഹങ്ങളെ ദൂരീകരിക്കുവീന്‍; എന്തുകൊണ്ടെന്നാല്‍ സന്ദേഹം ചിലപ്പോള്‍ പാപമായി പരിണമിക്കുന്നു. നിങ്ങള്‍ ചുഴിഞ്ഞന്വേഷിക്കരുത്. നിങ്ങളില്‍ ആരും ആരെക്കുറിച്ചും പരദൂഷണം പറയരുത്. നിങ്ങളില്‍ ആരെങ്കിലും മരിച്ച സഹോദരന്റെ മാംസം തിന്നാനിഷ്ടപ്പെടുമോ? ഇല്ല, നിങ്ങളത് വെറുക്കുമെന്നത് തീര്‍ച്ചയാണ് (ഖു 49:11,12). ഖുര്‍ആന്‍ 17:34  ആഹ്വാനം ചെയ്യുന്നു: എല്ലാ കാരാറുകളും പാലിക്കുക.
17:35 ല്‍ പറയുന്നു: നിങ്ങള്‍ അളന്ന് കൊടുക്കുമ്പോള്‍ ശരിയായി അളക്കുകയും കൃത്യമായ തുലാസുകൊണ്ട് തൂക്കുകയും ചെയ്യുവീന്‍. 17:33 ല്‍ അന്യായമായ വധം നിരോധിച്ചുകൊണ്ട് ഉത്തരവു പുറപ്പെടുവിക്കുന്നു.തുല്യമായ പ്രതികാര നടപടിക്ക് അനുവാദം നല്‍കുന്നതോടൊപ്പം തന്നെ മാപ്പു നല്‍കുന്നതിന്റെയും രമ്യതയുണ്ടാക്കുന്നതിന്റെയും മഹത്തായ പ്രതിഫലം 42:40 എടുത്തുദ്ധരിക്കുന്നു. 17:32ല്‍ വ്യഭിചാരം വിലക്കുന്നു. എന്തുകൊണ്ടെന്നാല്‍ അത് മ്ളേച്ചതയും അതിന്റെ മാര്‍ഗം നീചവുമാകുന്നു.
ഖുര്‍ആന്‍ 25:63 അല്ലാഹുവിന്റെ നല്ലവരായ അടിമകളെ പരിചയപ്പെടുത്തിക്കൊണ്ടു പറയുന്നു: കരുണാമയനായ ദൈവത്തിന്റെ ദാസന്മാര്‍ ഭൂമിയില്‍ വിനീതരായി നടക്കുന്നവരാണ്. അവിവേകികള്‍ അവരെ നേരിട്ടാല്‍ അവര്‍ സമാധാനം ആശംസിച്ച് പിന്തിരിയും…. ചിലവഴിക്കുമ്പോള്‍ അവര്‍ ധൂര്‍ത്തടിക്കുകയോ ലുബ്ധരാവുകയോ ഇല്ല, പ്രത്യുത അവര്‍ ഇതു രണ്ടിനുമിടയില്‍ മി തത്വം പാലിക്കുന്നവരായിരിക്കും (ഖു 25:67). അന്യഭവനങ്ങളില്‍ പ്രവേശിക്കുന്നത് അനുവാദം കൂടാതെ പാടില്ലെന്ന് 24:27 പറയുന്നു. ഇങ്ങനെ ഒരു മുസ്ലിം ജീവിതത്തില്‍ പാലിക്കേണ്ട നിരവധി ആചാര മര്യാദകളെക്കുറിച്ച് ഖുര്‍ആനിലെ വിവിധ സൂക്തങ്ങള്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു. ഇങ്ങനെ വിശ്വാസവും ആരാധനയും സല്‍ക്കര്‍മ്മങ്ങളുമൊന്നിച്ച് ചേരുമ്പോഴാണ് ഒരു വ്യക്തി യഥാര്‍ഥ മുസ്ലിമാകുന്നത്.