സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Saturday, 25 October 2014

പലിശയുടെ വിവിധ ഇനങ്ങള്‍

ചോദ്യം: പലിശയുടെ വിവിധ ഇനങ്ങളെ കുറിച്ചു വിവരിച്ചാലും.
ഉത്തരം: പണമിടപാടിലെ പലിശ, ഏറ്റക്കുറവുള്ള കച്ചവടത്തിലെ പലിശ എന്നിങ്ങനെ രണ്ടുവിധമാണ് പലിശ. കടംകൊടുത്ത സംഖ്യയെക്കാള്‍ കൂടുതല്‍ വാങ്ങുന്ന തുകയാണ് കടത്തിലെ പലിശ. ഖുര്‍ആനും ഹദീസും ഇത് ശക്തിയായി നിരോധിച്ചിട്ടുണ്ട്. ഖുര്‍ആന്‍ പറയുന്നു: “വിശ്വസിച്ചവരെ, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക. നിങ്ങള്‍ യഥാര്‍ഥ വിശ്വാസികളാണെങ്കില്‍, പലിശയില്‍ ബാക്കിയുള്ളത് ഉപേക്ഷിക്കുകയും ചെയ്യുക. അ ങ്ങനെ നിങ്ങള്‍ ചെയ്തില്ലെങ്കില്‍ അല്ലാഹുവില്‍ നിന്നും അവന്റെ ദൂതനില്‍ നിന്നുമുള്ള യുദ്ധപ്രഖ്യാപനത്തെ കുറിച്ച് അറിഞ്ഞുകൊള്ളുക. എന്നാല്‍ നിങ്ങള്‍ പശ്ചാതപിച്ചാല്‍ മൂലധനം നിങ്ങള്‍ക്കുള്ളതാണ്. നിങ്ങള്‍ അക്രമം ചെയ്യരുത്. അക്രമിക്കപ്പെടുകയുമരുത്” (അല്‍ബഖറ).
കടംകൊടുത്ത മൂലധനത്തെക്കാള്‍ അധികമായി ഒന്നും തിരിച്ചുവാങ്ങരുതെന്ന് ഈ ആ യത്ത് വ്യക്തമാക്കുന്നു. അതെത്ര കൂടിയാലും കുറഞ്ഞാലും. മുന്‍കാലങ്ങളില്‍ ഒരു സാ ധനം കൊടുത്ത് മറ്റൊരു സാധനം വാങ്ങുന്ന സമ്പ്രദായം നടപ്പുണ്ടായിരുന്നു. ഈ രീതിയില്‍ ഒരേ ഇനത്തില്‍പ്പെട്ട ഭക്ഷണ സാധനങ്ങളോ, സ്വര്‍ണമോ വെള്ളിയോ ആണ് കൈ മാറുന്നതെങ്കില്‍ അത് മൂന്ന് നിബന്ധനകളോടെ ആയിരിക്കണം. ഈ നിബന്ധനകള്‍ ഇല്ലാതെ വരുമ്പോള്‍ അത് പലിശ ഇടപാടാകുന്നതുമാണ്.
ഒന്ന്: കൊടുക്കുന്നതും വാങ്ങുന്നതും തുല്യ അളവിലാവുക. രണ്ട് റൊക്കമായിരിക്കുക. മൂന്ന്: സദസില്‍ വെച്ച് തന്നെ കൈമാറ്റം നടക്കുക. അളവില്‍ ഏറ്റക്കുറച്ചിലുണ്ടാക്കാനോ ഒന്ന് റൊക്കവും ഒന്ന് കടവും ആകാനോ പാടില്ല. സാധാനം പരസ്പരം കൈമാറാതെ അവര്‍ വിട്ട്പിരിയാനും പാടുള്ളതല്ല. ഇത് ഹദീസുകളില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഹദീസില്‍ ഇങ്ങനെ കാണാം. ‘സ്വര്‍ണത്തിനുപകരം സ്വര്‍ണം, വെള്ളിക്കുപകരം വെള്ളി, ഗോതമ്പിനു പകരം ഗോതമ്പ്, ബാര്‍ലിക്കു പകരം ബാര്‍ലി, ഈത്തപ്പഴത്തിനു പകരം ഈത്തപ്പഴം, ഉപ്പിനുപകരം ഉപ്പ് ഇവയെല്ലാം തുല്യമായും റൊക്കമായും കൈമാറുക. ഇവയില്‍ വ്യത്യസ്ത ഇനങ്ങളില്‍ നിങ്ങളുദ്ദേശിക്കുന്ന പോലെ വില്‍ക്കാം, റൊക്കമാണെങ്കില്‍’ (മുസ്ലിം).
ഒരു ഇനത്തില്‍പ്പെട്ട ഭക്ഷണ സാധനം മറ്റൊരിനം ഭക്ഷണ സാധനത്തിന് പകരമോ (ഉദാ. ഗോതമ്പ് അരിക്കു പകരം) സ്വര്‍ണം വെള്ളിക്ക്/വെള്ളി സ്വര്‍ണത്തിന് പകരമോ വില്‍ ക്കുകയാണെങ്കിള്‍ അത് രണ്ട് നിബന്ധനകളോടെ ആയിരിക്കണം. ഈ നിബന്ധനകള്‍ ഇല്ലാതെ വരുമ്പോള്‍ അതും പലിശ ഇടപാടാകുന്നാണ്.
ഒന്ന്: റൊക്കമായിരിക്കുക. രണ്ട് : സദസില്‍ വെച്ച് തന്നെ കൈമാറ്റം നടക്കുക. അളവില്‍ ഏറ്റക്കുറച്ചിലുണ്ടാകുന്നതിന് വിരോധമില്ല. എന്നാല്‍ ഇവിടെയും ഒന്ന് റൊക്കവും ഒന്ന് കടവും ആകാനോ, സാധാനം പരസ്പരം കൈമാറാതെ വിട്ട്പിരിയാനോ പാടില്ല.
ഈ നിബന്ധന ഇല്ലാതാകുമ്പോള്‍ അത് പലിശ ഇടപാടാകുന്നതാണ്. അതാണ് ഏറ്റക്കുറച്ചിലുള്ള കച്ചവടത്തിന്റെ പലിശ. രണ്ട് സാധനത്തിനും നാണയവില നിശ്ചയിച്ച് ഇടപാട് നടത്തുക മുഖേന ഈ ദൂഷ്യം ഇല്ലാതാക്കാം.
മാറ്റ് വ്യത്യസ്തങ്ങളായ സ്വര്‍ണം, മുന്തിയതും താഴ്ന്നതുമായ ഇനം ധാന്യങ്ങള്‍ തുടങ്ങിയവ തമ്മില്‍ കച്ചവടം നടത്തുമ്പോള്‍ ഇപ്രകാരമാണ് ചെയ്യേണ്ടത്.