ഈ ലോകത്ത് രണ്ട് മുഖമുള്ളവന്‍ ആരോ അവനു ഖിയാമ നാളില്‍ ( അന്ത്യ നാളില്‍ ) തീ കൊണ്ടുള്ള രണ്ട് നാവുകളുണ്ടായിരിക്കുന്നതാണ് ( അബൂദാവൂദ് (റ) റിപ്പോര്‍ട്ട് ചെയ്ത ഹദീസ് )
സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്ക് വേണ്ടി സാഹചര്യത്തിനും ജനങ്ങള്‍ക്കുമൊത്തും
സംസാരിച്ച് എല്ലാവരുടെയും പ്രീതി സമ്പാദിയ്ക്കാന്‍ ശ്രമിയ്ക്കുന്ന രണ്ട്
മുഖക്കാരായ ( ഒന്ന് മനസ്സില്‍ വെച്ച് മറ്റൊന്ന് പറയുന്നവര്‍ )
മനസ്സാക്ഷിയില്ലാത്ത ജനങ്ങളെ എവിടെയും കാണാം. അത്തരക്കാരെ കുറിച്ചാണു ഈ
ഹദീസുകള്‍ (നബി വചനങ്ങള്‍ ) സൂചിപ്പിക്കുന്നത്. അത്തരം സ്വഭാവം വളരെ
മോശമാണെന്നും ശിക്ഷാര്‍ഹമാണെന്നും നബി (സ) പഠിപ്പിക്കുന്നു.
വര്‍ത്തമാന കാലഘട്ടത്തില്‍ ഏറെയൊന്നും വിശദീകരണം ആവശ്യമില്ലാത്ത
കാര്യമാണു രണ്ടു മുഖവുമായി വര്‍ത്തിക്കുന്നവരുടേ കാര്യം.പുറമെ അലക്കി തേച്ച
ചിരിയും കൂപ്പുകൈകളുമായി ജനങ്ങളെ സമീപിച്ച് മോഹന വാഗ്ദാനങ്ങള്‍ നല്‍കി
പിന്തുണ ഉറപ്പിക്കുന്ന രാഷ്ട്രീയക്കാര്‍ മുതല്‍ സാധാരണ കുടുംബങ്ങളില്‍ വരെ,
ഭാര്യയും ഭര്‍ത്താവും തമ്മില്‍ , സഹോദരങ്ങള്‍ തമ്മില്‍, സുഹൃത്തുക്കള്‍
തമ്മില്‍ എല്ലാം തങ്ങളുടെ യഥാര്‍ത്ഥ മുഖം ഒളിപ്പിച്ച് കാപട്യത്തിന്റെ മുഖം
മൂടിയണിന്‍ഞ്ഞ് പകല്‍ മാന്യരായി നടക്കുന്നവര്‍. ഇത്തരക്കാര്‍ അവസരം
കിട്ടുമ്പോള്‍ അവരുടെ യഥാര്‍ത്ഥ മുഖം പുറത്തെടുക്കുന്നു. അതിന്റെ പരിണിത
ഫലങ്ങള്‍ സമൂഹത്തില്‍ നാം കണ്ട് അനുഭവിക്കുകയും ചെയ്യുന്നു. മത സാംസ്കാരിക
സാഹ്യത്യ മണ്ഡലങ്ങളിലെല്ലാം ഇക്കൂട്ടര്‍ അധികരിച്ചിരിക്കയാണ്.
മറ്റുള്ളവരുടെ കയ്യടി വാങ്ങാന്‍ ആദര്‍ശം പണയം വെക്കുന്ന, നല്ല പേരു നില
നിര്‍ത്താന്‍ അനീതി കണ്ടാലും പ്രതികരിക്കാതെ ചെരുപ്പിനനുസരിച്ച് കാലു
മുറിച്ച് പാകപ്പെടുത്തുന്നവര്‍. ഇവരൊക്കെ സൂക്ഷിക്കുന്ന പൊയ്മുഖങ്ങള്‍ ഒരു
നാളില്‍ മറനീക്കി പുറത്ത് വരിക തന്നെ ചെയ്യും. അഭിപ്രായം തുറന്ന്
പറയാനും, നല്ലതിനെ അഭിനന്ദിക്കാനും നമ്മുടെ വ്യക്തി ബന്ധങ്ങളും മറ്റും
ഒരിയ്ക്കലും തടസ്സമാവരുത്.