സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Thursday, 16 October 2014

ശീഇസവും വ്യതിയാന ചിന്തകളും




അലി(റ)വിന്റെ ഖിലാഫത്തിന് മുമ്പ് തന്നെ അദ്ദേഹത്തോട് പ്രത്യേക സ്നേഹാദരവുകള്‍ വെച്ചുപുലര്‍ത്തിയിരുന്ന ഒരു വിഭാഗം ഇസ്ലാമിക സമൂഹത്തിലുണ്ടായിരുന്നു. ഇവരുടെ ഈ ആദരവിനെ തെറ്റായ നിലയില്‍ ചൂഷണം ചെയ്യാനായിരുന്നു ഇബ്നു സബഉം കൂട്ടരും ശ്രമിച്ചു പോന്നിരുന്നത്. ഉസ്മാന്‍(റ)വിന്റെ വധത്തോടെ ഇസ്ലാമിക സമൂഹത്തില്‍ രാഷ്ട്രീയമായ ഭിന്നിപ്പ് ആരംഭിച്ചു. ഭൂരിപക്ഷം മുസ്ലിംകളും അലി(റ)വിന്റെ ഖിലാഫത്ത് അംഗീകരിച്ചുവെങ്കിലും മു ആവിയ(റ)വും സിറിയക്കാരും വിഘടിത പ്രതിപക്ഷമായി നിലകൊണ്ടു. അലീപക്ഷത്തെ ശീഅത്തു അലി എന്നും മുആവിയ പക്ഷത്തെ ശീഅത്തു മുആവിയ എന്നും വിളിച്ചു. സ്വിഫ്ഫീന്‍ യുദ്ധത്തിനു ശേഷമുണ്ടാക്കിയ മദ്ധ്യസ്ഥ കരാറിന്റെ പ്രഖ്യാപനത്തോടെ ശീഅത്തു അലി ഭിന്നിച്ച് ഖവാരിജ് എന്ന വേറൊരു വിഭാഗവും കൂടി ഉണ്ടായി. അലി(റ) വധിക്കപ്പെട്ടതോടെ ആധിപത്യം മുആവിയ(റ)വിനാവുകയും, ഖിലാഫത്ത് പിന്നീട് അദ്ദേഹത്തിന്റെ പിന്‍ഗാമികളുടെ കുടുംബാധിപത്യമാവുകയും ചെയ്തതോടെ മുസ്ലിം ബഹുജനങ്ങള്‍ക്ക് പിന്നെ അവരെ നിരുപാധികം പിന്തുണക്കേണ്ടിവന്നു. അതോടെ ശീഅത്തു മുആവിയ എന്ന പേര് ഇ ല്ലാതായി. ശീഅത്തു അലി മാത്രം അവശേഷിച്ചു. പിന്നീട് അത് ലോപിച്ച് വെറും ശിയ മാത്രമായി. ശീഅത്ത് എന്നത് അറബി വാക്കാണ്. കക്ഷി, പാര്‍ട്ടി എന്നൊക്കെയാണര്‍ഥം. ഇബ്നു സ ബഅ് പല തെറ്റായ സിദ്ധാന്തങ്ങളും പ്രചരിപ്പിച്ചിരുന്നുവെങ്കിലും ആദ്യ കാലത്ത് ശിയാക്കള്‍ അത്തരം തെറ്റായ ചിന്താഗതികളൊന്നും ഉള്‍ക്കൊണ്ടിരുന്നില്ല. അമവി ഭരണത്തിനു കീഴില്‍ ക്രൂ രമായ മര്‍ദ്ദനങ്ങളും നിരന്തരമായ അവഗണനകളും സഹിക്കേണ്ടിവന്നപ്പോഴാണ് ഇവര്‍ സു ന്നത്ത് ജമാഅത്തില്‍ നിന്നും പുറത്ത് പോയി ഇസ്ലാമിന് തന്നെ നിരക്കാത്ത വിശ്വാസങ്ങളും ആചാരങ്ങളും പ്രയോഗത്തില്‍ കൊണ്ടുവരാന്‍ തുടങ്ങിയത്.
അലി(റ)വിനെ സംബന്ധിച്ച് അദ്ദേഹവും ഇസ്ലാമും ഇഷ്ടപ്പെടാത്ത കാര്യങ്ങളാണ് അവര്‍ പ്രചരിപ്പിച്ചത്. അല്ലാഹുവിന്റെ പ്രവാചകനായ ഈസാ നബി(അ)നെ ദൈവപുത്രനാണെന്ന് ക്രിസ്ത്യാനികള്‍ വിളിച്ചത് പോലെ ഇവരും അലി(റ)വിനോടുള്ള അമിത സ്നേഹത്താല്‍ അദ്ദേഹത്തില്‍ പല അനാവശ്യ പദവികളും ആരോപിച്ചു തുടങ്ങി.
ചില ഹദീസുകള്‍ വ്യാഖ്യാനം ചെയ്ത് അലി(റ)വിന് ആദ്യത്തെ മൂന്ന് ഖലീഫമാരെക്കാളും ശ്രേഷ്ടതയുണ്ടെന്നും നബി(സ്വ)ക്ക് ശേഷം ഇസ്ലാമിക സമൂഹത്തിന്റെ ഇമാമത്തും ഖിലാഫത്തും അലി(റ)വിനും കുടുംബത്തിനും മാത്രം അര്‍ഹതപ്പെട്ടതാണെന്നും ആദ്യത്തെ മൂന്ന് ഖലീഫമാരും അത് തട്ടിയെടുക്കുകയാണ് ചെയ്തതെന്നും അവര്‍ വാദിച്ചു. അലിയേ, മൂസാ നബിക്ക് ഹാറൂന്‍ പോലെയാണ് താങ്കളെനിക്ക്, എന്നാല്‍ എന്റെ ശേഷം നബിയില്ല എന്ന ഹദീസും അലി എന്റെ സഹോദരനും എന്റെ കാര്യസ്ഥനും എന്റെ പിന്‍ഗാമിയുമാണ്, നിങ്ങള്‍ അ ദ്ദേഹത്തെ അനുസരിക്കണം എന്ന ഹദീസും നിങ്ങള്‍ അഹ്ലുബൈതിനെ പിന്തുടരണമെന്ന ഹദീസുമൊക്കെ തങ്ങളുടെ വാദങ്ങള്‍ക്ക് തെളിവുകളായി ശിയാക്കള്‍ ഉദ്ധരിക്കാന്‍ തുടങ്ങി.
അലി(റ)വിന്റെ മരണം വരെ ശിയ മതപരമായി അപകടകരങ്ങളായ ഭിന്ന വീക്ഷണങ്ങളൊന്നും പുലര്‍ത്തിയിരുന്നില്ല. എന്നാല്‍ പിന്നീട് അവര്‍ പല വിചിത്ര വാദങ്ങളും തൊടുത്തുവിട്ടു. അലി(റ) നബിയുടെ വസ്വിയ്യാണ്, അതായത് നബിക്ക് ശേഷം ഇസ്ലാമിക സമൂഹത്തിന്റെ ആത്മീയവും ഭൌതികവുമായ നേതൃത്വം അലിയിലും പിന്നീട് അദ്ദേഹത്തിന്റെ കുടുംബ പരമ്പരയിലുമാണെന്ന് നബി(സ്വ) വസ്വിയ്യത്ത് ചെയ്തിട്ടുണ്ട്, എന്നാണ് പ്രധാനമായും അവരുന്നയിച്ച വാദം. ഇതിന്റെ അടിസ്ഥാനത്തില്‍ അവര്‍ അബൂബക്ര്‍(റ), ഉമര്‍(റ), ഉസ്മാന്‍(റ) എന്നീ ഖലീഫമാരെ തള്ളിപ്പറഞ്ഞു.
പക്ഷേ, ഇതിന് ചരിത്രപരമായ മറ്റൊരു കാരണം കൂടിയുണ്ടായിരുന്നു. അലി(റ) മരണപ്പെട്ടതോ ടെ ഇറാഖുകാര്‍ അദ്ദേഹത്തിന്റെ മൂത്ത മകന്‍ ഹസന്‍(റ)വിനെ ഖലീഫയായി അവരോധിച്ചു. എന്നാല്‍ മുസ്ലിംകളുടെ രക്തം ചിന്തുന്നത് ഇഷ്ടപ്പെടാതിരുന്ന അദ്ദേഹം ഇസ്ലാമികൈക്യം നിലനിര്‍ത്താന്‍ സ്ഥാനം ഒഴിഞ്ഞു. ഭരണം മുആവിയ(റ)വിന് വിട്ടുകൊടുത്തു. അതോടെ ബനൂ ഉമയ്യത്ത് അജയ്യ ശക്തിയായി. അവര്‍ ഹാശിമികളോട് കടുത്ത ക്രൂരത കാണിച്ചുവന്നു. ഹസന്‍(റ) സംശയകരമായ സാഹചര്യത്തില്‍ മരണപ്പെടുകയും കര്‍ബലയില്‍ അലി(റ)വിന്റെ  രണ്ടാമ ത്തെ മകന്‍ ഹുസൈന്‍(റ)വും അദ്ദേഹത്തിന്റെ ചെറിയ അനുയായി വൃന്ദവും കൂട്ടക്കൊല ചെ യ്യപ്പെടുകയും ചെയ്തതോടെ മുസ്ലിം ബഹുജനങ്ങള്‍ക്ക് അലി കുടുംബത്തോട് അവാച്യമായ അനുകമ്പ തോന്നി. അലി കുടുംബത്തെ അധികാരത്തില്‍ കൊണ്ടുവരാനുള്ള തീവ്ര യത്നങ്ങള്‍ നടന്നു. പലപ്പോഴും ഈ ശ്രമങ്ങള്‍ പരാജയത്തില്‍ കലാശിച്ചെങ്കിലും, ചില പ്രവിശ്യകളില്‍ ഈ പക്ഷം അധികാരത്തിലെത്തുകയുണ്ടായി. അവിടങ്ങളില്‍ അധികാരം ഉപയോഗിച്ച് അവര്‍ ശീഇ സം നടപ്പാക്കി. ചില അമവികള്‍ ഖുത്വുബയില്‍ പോലും അലി(റ)വിന് ലഅ്നത്ത് ചൊല്ലുമായിരുന്നത്രെ. അതിന് തിരിച്ചടിയായി ആദ്യത്തെ മൂന്ന് ഖലീഫമാരുടെ പേരില്‍ ചില ശീഇകളും പ്ര തികാരം വീട്ടി.
മുസ്ലിം സമുദായത്തിലെ അര്‍ഹരായ ആര്‍ക്കും ഇസ്ലാമിക ഖലീഫയാകാമെന്ന് സുന്നികള്‍ സമ്മതിക്കുമ്പോള്‍ പിന്‍ഗാമിത്വം അലി കുടുംബത്തില്‍ പരിമിതമാണെന്ന് ശിയാക്കള്‍ വിശ്വസിക്കുന്നു.
ശിയാക്കളിലെ അവാന്തര വിഭാഗങ്ങള്‍
1. ഇമാമിയ്യ:
പല വിഭാഗങ്ങളിലായി ലോക മുസ്ലിംകളില്‍ 15 കോടിയോളം ശിയാക്കളുണ്ട്. ഇവര്‍ വ്യ ത്യസ്ത വിഭാഗങ്ങളായി വിഘടിച്ച് പലതരം പേരുകളിലാണ് ഇന്നറിയപ്പെടുന്നത്. ഈ വിഭാഗങ്ങളില്‍ കൂടുതല്‍ പ്രചാരമുള്ളത് ഇമാമിയ്യ വിഭാഗമാണ്. ഇമാമിയ്യ വിഭാഗം പില്‍ക്കാലത്ത് ഇസ്നാ അശ്രിയ്യ, ഇസ്മാഈലിയ്യ എന്നീ വിഭാഗങ്ങളായി വേര്‍പിരിഞ്ഞു. ഇറാനിലെ മുസ്ലിംകളില്‍ ബഹുഭുരിഭാഗവും ശിയാക്കളാണ്. അവരില്‍ ഭൂരിപക്ഷവും ഇസ്നാഅശ്രി വിഭാഗത്തില്‍ പെട്ടവരാണ്. അവരുടെ വാദങ്ങള്‍ ഇങ്ങനെ സംഗ്രഹിക്കാം: നബി(സ്വ) മരിക്കുന്നതിന്ന് മുമ്പ് തന്നെ സ്വന്തം പിന്‍ഗാമിയും സമുദായത്തിന്റെ ഇമാമും ആയി, തന്റെ മകളുടെ ഭര്‍ത്താവായ അലി(റ)വിനെ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അലി(റ)വിന്റെ സന്താനപരമ്പരയില്‍ പെട്ട പന്ത്രണ്ട് ഇമാമുകളില്‍ വിശ്വസിക്കല്‍ ഇസ്ലാമികമായി നിര്‍ബന്ധമാണ്.
മനുഷ്യനും ദൈവവുമായുള്ള ബന്ധം സ്ഥാപിക്കാനുള്ള വസീല(മാധ്യമം)യാണ് ഇമാമുകള്‍. നബിമാര്‍ക്ക് മുഅ്ജിസത്തുള്ള പോലെ ഇമാമുകള്‍ക്ക് കറാമത്ത്(അതിമാനുഷ സിദ്ധി) ഉണ്ടെന്ന് അവര്‍ വിശ്വസിക്കുന്നു. അമ്പിയാഇന്റെ മുഅ്ജിസാത്ത് മരണാനന്തരവും നിലനില്‍ക്കുന്നത് പോലെ ഇമാമുകളുടെ കറാമത്തും അവരുടെ മരണ ശേഷം നിലനില്‍ക്കും. ഇമാമുകള്‍ക്ക് അ ല്ലാഹുവില്‍ നിന്ന് ഇല്‍ഹാമ് (അതീന്ദ്രീയ ജ്ഞാനം) ലഭിക്കും. ഈ ഇല്‍ഹാം അനുസരിച്ചായിരിക്കും അവര്‍ ശരീഅത്ത് നിയമങ്ങളെ വ്യാഖ്യാനിക്കുക. അവരുടെ വ്യാഖ്യാനങ്ങളെ ചോദ്യം ചെയ്യാതെ അനുസരിക്കല്‍ മുസ്ലിംകളുടെ ബാദ്ധ്യതയത്രെ. അമ്പിയാക്കള്‍ മഅ്സ്വൂമുകളായ പോലെ ഇമാമുകള്‍ മഹ്ഫൂളുകളാണ്. അവര്‍ക്ക് അപ്രമാദിത്വമുണ്ട്.
അഞ്ചു ഇസ്ലാം കാര്യങ്ങളെ ഇവര്‍ എണ്ണുന്നത് ഇപ്രകാരമാണ്: 1. നിസ്കാരം 2. സകാത്ത്. 3. നോമ്പ് 4. ഹജ്ജ് 5. വിലായത്ത്. അഞ്ചുനേരത്തെ ബാങ്കുവിളിയില്‍ വിലായത്തിന്റെ പ്രഖ്യാപനം കൂടി അവര്‍ ഉള്‍പ്പെടുത്തുന്നുണ്ട്. അശ്ഹദുഅന്നമുഹമ്മദര്‍റസൂലുല്ലാ: എന്നതിനോടൊപ്പം അശ്ഹദുഅന്നഅലിയ്യന്‍വലിയ്യുല്ലാ: എന്നു കൂടി അവര്‍ കൂട്ടിപ്പറയുന്നു.
പ്രതികൂല സാഹചര്യങ്ങളില്‍ ശീഈ വിശ്വാസങ്ങള്‍ മറ്റുള്ളവരില്‍ നിന്ന് മറച്ച് പിടിച്ച് സുന്നിയായി അഭിനയിച്ച് നടക്കുന്നതിന് ശിയാക്കള്‍ക്ക് വിരോധമില്ല. ഇതിനെ അവര്‍ മതത്തിന്റെ സാ ങ്കേതിക ഭാഷയില്‍ തഖിയ്യ് എന്ന് പറയുന്നു. അലി(റ) ഇങ്ങനെ തഖിയ്യ് എന്ന തന്ത്രം സ്വീകരിച്ചാണ് ഇഷ്ടമില്ലാഞ്ഞിട്ടും ആദ്യം ഖലീഫമാരുമായി ബൈഅത്ത് ചെയ്ത് സമാധാനപരമായി ജീവിച്ചതെന്നാണ് ഇവരുടെ വാദം. ഒരു നിശ്ചിത തുക നല്‍കി നടത്തുന്ന താല്‍കാലിക വിവാ ഹം ഇവര്‍ക്ക് അനുവദനീയമാണ്. ഇതിനെ അവര്‍ മുത്അത് വിവാഹം എന്ന് പറയുന്നു. ഇമാം ജഅഫറുസ്സ്വാദിഖ്(റ)വിന്റെ മദ്ഹബാണ് തങ്ങള്‍ പിന്തുടരുന്നതെന്ന് അവര്‍ അവകാശപ്പെടുന്നു. അത്കൊണ്ട് അവരെ ജഅ്ഫരിയ്യ എന്ന് കൂടി വിളിക്കാറുണ്ട്. മുഹറം മാസത്തിലെ ആദ്യത്തെ പത്തു ദിവസങ്ങള്‍ അവര്‍ ദുണ്ടഃഖാചരണ ദിനങ്ങളായി ആചരിക്കുന്നു. കര്‍ബലയില്‍ ഇമാം ഹു സൈന്‍(റ) കൊല്ലപ്പെട്ടതിന്റെ അനുസ്മരണമായിട്ടാണ് അവര്‍ ഈ ദുഃഖാചരണം നടത്തുന്നത്. ഇതവര്‍ക്ക് മതാനുഷ്ഠാനങ്ങളുടെ ഭാഗമാണ്.
അഞ്ചുനേരത്തെ നിസ്കാരം സാധാരണഗതിയില്‍ തന്നെ ജംആക്കി നിര്‍വ്വഹിക്കുന്നതിന് ഇവര്‍ ക്ക് വിരോധമില്ല. ഇസ്ലാമിക സര്‍ക്കാറുള്ളേടത്തേ ഇവര്‍ക്ക് ജുമുഅ: നിര്‍ബന്ധമുള്ളു. അല്ലാ ത്ത രാജ്യങ്ങളില്‍ ജുമുഅ: സാധുവല്ലെന്നാണ് ഇവരുടെ വിശ്വാസം.
താഴെ പറയുന്നവരാണ് ഇസ്നാഅശ്രിവിഭാഗം ശിയാക്കള്‍ വിശ്വസിക്കുന്ന ഇമാമുകള്‍: 1)ഇമാം അലി(റ) 2)ഹസന്‍(റ) 3) ഹുസൈന്‍(റ) 4)സൈനുല്‍ആബിദീന്‍(റ) 5)മുഹമ്മദ്ബാഖിര്‍ 6)ജഅഫറുസ്സ്വാദിഖ് 7)മൂസല്‍ ഖാളിം 8)അലിയ്യുരിളാ 9)മുഹമ്മദ് തഖി 10)മുഹമ്മദ് നഖി 11) ഹസനുല്‍ അസ്കരി 12)അബൂഖാസിം.
ഇവരില്‍ 12ാമത്തെ ഇമാമായ മുഹമ്മദ് അബൂഖാസിം ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. ആദ്ദേഹം ഒളിച്ചിരിക്കുകയാണ്. ലോകാവസാനം അദ്ദേഹം ഭൂമിയില്‍ പ്രത്യക്ഷപ്പെട്ട് ഇസ്ലാമിക ഭരണം കാഴ് ചവെക്കുന്നതാണ്. ഇദ്ദേഹമാണ് ഇമാം മഹ്ദി. ഇദ്ദേഹം വരുന്നത് വരെയുള്ള കാലത്ത് അദ്ദേഹത്തിന്റെ പ്രതിനിധികളായിട്ടാണ് സമകാലിക ഇമാമുകള്‍ ഭരണം നടത്തുക. ഇവരെ ആയത്തു ല്ലാ: എന്ന് പറയുന്നു.
നബിയും ഇമാമുകളായി എണ്ണപ്പെട്ട പതിനൊന്ന് പേരും അവരുടെ പ്രതിയോഗികളായി ശിയാക്കള്‍ വിശേഷിപ്പിക്കുന്ന ആദ്യത്തെ മൂന്ന് ഖലീഫമാരും മുആവിയ(റ), യസീദ്(റ) തുടങ്ങിയ വരും പന്ത്രണ്ടാമത്തെ ഇമാമായ മഹ്ദിയുടെ ഭരണ കാലത്ത് അതായത് ലോകാന്ത്യ നാളുകളില്‍ പുനരുജ്ജീവിക്കപ്പെടുന്നതാണെന്ന് ഇസ്നാ അശ്രികള്‍ വിശ്വസിക്കുന്നു. എന്നിട്ട് പ്രതിയോഗികളെ ജനങ്ങളുടെ മുമ്പാകെ ശിക്ഷിച്ച് വീണ്ടും മരിപ്പിക്കുന്നതാണത്രെ. ഇതിന് ശേഷമേ ഖിയാമത്ത് നാള്‍ സംഭവിക്കുകയുള്ളുവെന്നാണ് അവരുടെ വിശ്വാസം.
സുന്നികളെപ്പോലെ ഇവരുടെയും പ്രമാണങ്ങള്‍ ഖുര്‍ആന്‍, ഹദീസ്, ഇജ്മാഅ്, ഖിയാസ് എ ന്നിവ തന്നെ. മദ്ഹബ് വിശ്വസിക്കല്‍ ഇവര്‍ക്ക് നിര്‍ബന്ധമാണ്. ഇസ്നാ അശ്രീ വിഭാഗം ജഅ്ഫരി മദ്ഹബാണ് പിന്തുടരുന്നത്. തങ്ങളുടെ ആറാമത്തെ ഇമാമായ ജഅ്ഫറുസ്സ്വാദിഖാണ് ഈ മദ്ഹബിന്റെ സ്ഥാപകന്‍ എന്നാണ് അവര്‍ അവകാശപ്പെടുന്നത്. ഹിജ്റ 83ല്‍ അദ്ദേഹം മദീനയി ല്‍ ജനിച്ചു. ഇമാം മുഹമ്മദ് ബാഖിറാണ് പിതാവ്. ഇമാം അബൂഹനീഫ(റ) ഇദ്ദേഹത്തിന്റെ ശി ഷ്യനാണ്. മദീന കേന്ദ്രമാക്കിയും ഇറാഖ് തുടങ്ങിയ നാടുകളില്‍ സഞ്ചരിച്ചും അദ്ദേഹം ദര്‍സ് നടത്തി. ഇദ്ദേഹം ഒരു വൈദ്യശാസ്ത്രജ്ഞനും കൂടിയായിരുന്നു. അബ്ബാസി ഭരണാധികാരി മന്‍ സ്വൂര്‍ അദ്ദേഹത്തെ തടവിലാക്കി. ഇമാമിനെ വിഷം കൊടുത്തു കൊല്ലാന്‍ മന്‍സ്വൂര്‍ രഹസ്യ നിര്‍ദ്ദേശം നല്‍കുകയുണ്ടായി. ഹിജ്റ 148 ശവ്വാല്‍ 25ന് മദീനയില്‍ വച്ച് അദ്ദേഹം രക്തസാക്ഷിയായി.
സുന്നികളില്‍ നിന്ന് വ്യത്യസ്തമായ ഹദീസ് ഗ്രന്ഥങ്ങളാണ് ശിയാക്കള്‍ സ്വീകരിച്ചുവരുന്നത്. അഹലുബൈത്തിന് പുറത്തുള്ള സ്വഹാബിമാര്‍ നിവേദനം ചെയ്യുന്ന ഹദീസുകളൊന്നും അവര്‍ ക്ക് സ്വീകാര്യമല്ല. സുന്നികളുടെ സ്വിഹാഹുസ്സിത്ത അവര്‍ അംഗീകരിക്കുന്നില്ല. പകരം വേറെ അഞ്ച് ഹദീസ് ഗ്രന്ഥങ്ങളാണ് അവരുടെ പ്രമാണങ്ങള്‍. കിതാബുല്‍കാഫി, മന്‍ലായസ്തഹ്സ്വിറല്‍ഫഖീഹ്, തഹ്ദീബ്, ഇസ്തിബ്സ്വാര്‍, നഹ്ജുല്‍ ബലാഗ എന്നിവയാണവ. ഇവയില്‍ നഹ് ജുല്‍ബലാഗ അലി(റ)വിന്റെ പ്രഭാഷണങ്ങളുടെ സമാഹരമാണ്.
ഇമാം ജഅ്ഫറുസ്സ്വാദിഖിനുശേഷം ഇമാമത്ത് ആര്‍ക്ക് എന്ന കാര്യത്തില്‍ തര്‍ക്കിച്ചുകൊണ്ട് ഇമാമിയ്യ വിഭാഗം പിളര്‍ന്നു. ഇസ്മാഈലിയ്യ എന്ന മറ്റൊരു കക്ഷി ഉടലെടുത്തു. ബാത്വിനികള്‍ എന്ന പേരിലും ഇവര്‍ അറിയപ്പെടുന്നു. ഇസ്മാഈലിയ്യ കക്ഷിയുടെ ഇമാമുകള്‍ രംഗത്ത് നിന്ന് മറഞ്ഞിരിക്കുന്നവരാണെന്നാണ് അവരുടെ വിശ്വാസം. അവര്‍ക്ക് വേണ്ടി അവരുടെ പ്രതിനിധികളാണ് ഭരണം നടത്തുക. ഇസ്നാഅശ്രീകള്‍ മൂസല്‍ കാളിമിനെ ഏഴാമത്തെ ഇമാമായി അം ഗീകരിക്കുമ്പോള്‍ ഇസ്മാഈലികള്‍ ജഅ്ഫറുബ്നുസ്സ്വാദിഖിന്റെ മൂത്ത പുത്രനായ മുഹമ്മദി ന്റെ മകന്‍ ഇസ്മാഈലിനെയാണ് ഇമാമായി അംഗീകരിച്ചു വരുന്നത്. ഇസ്നാഅശ്രികള്‍ അവരുടെ ഇമാമുകള്‍ക്ക് നബിമാരുടെ തൊട്ടടുത്ത സ്ഥാനം നല്‍കുമ്പോള്‍ ഇസ്മാഈലികള്‍ അവരുടെ ഇമാമുകള്‍ക്ക് ദിവ്യത്വം പോലും ചാര്‍ത്തുന്നുണ്ട്. സൊറാസ്ട്രീയര്‍ തുടങ്ങിയ മതങ്ങളില്‍ നിന്ന് പല സിദ്ധാന്തങ്ങളും സ്വീകരിച്ചു കൊണ്ട് ഇസ്ലാമില്‍ നിന്ന് ഏറെ അകന്ന വിഭാഗമാണ് ഇവര്‍. പാക്കിസ്ഥാന്‍, ബോംബെ, ലബനാന്‍, സിറിയ എന്നിവിടങ്ങളില്‍ ഇസ്മാഈലികള്‍ ധാരാളമുണ്ട്. ഭൂമി ശാസ്ത്രപരമായി ലോകത്ത് എല്ലായിടത്തും ഇവര്‍ വ്യാപിച്ചുകിടക്കുന്നു. എന്നാല്‍ ഇറാന്‍, ഇറാഖ്, ചെച്നിയ തുടങ്ങിയ നാടുകളില്‍ ബഹുഭൂരിപക്ഷവും ഇസ്നാഅശ്രീകളാണ്. ഖുമൈനിയും ഖാമിനിയുമൊക്കെ ഇവരുടെ ആത്മീയ നേതാക്കളാണ്. ക്രിസ്തീയ മതത്തിലെന്നപോലെ ശിയാക്കളിലെ എല്ലാ വിഭാഗങ്ങളും പൌരോഹിത്യത്തിലധിഷ്ഠിതമാണ്. താഴെക്കിടയിലുള്ള ആത്മീയ നേതാവിനെ അവര്‍ ശൈഖെന്ന് വിളിക്കുന്നു. അതിനു മീതെയാണ് ശൈഖുല്‍ ഇസ്ലാം. പിന്നീട് ഹുജ്ജത്തുല്‍ ഇസ്ലാം, അതിന് മീതെ ആയത്തുള്ള. ഖുമൈനി ആയത്തുള്ള, റൂഹുല്ലാ എന്നീ പദവികളാണ് അലങ്കരിച്ചിരുന്നത്. ഇത് കത്തോലിക്കാ മതത്തിലെ പ്രീസ്റ്റ്, ബിഷപ്പ്, കര്‍ദ്ദിനാള്‍, പോപ്പ് എന്നീ നിലയിലുള്ള ഒരു റിലീജ്യസ് ഹയറാര്‍ക്കിയാണ്. ഹറാമിനെ ഹലാലാക്കാനും മറിച്ചും ആയത്തുള്ളാമാര്‍ക്ക് പോപ്പിനെ പോലെത്തന്നെ അധികാരമുണ്ടെന്ന് ശീയാക്കള്‍ വിശ്വസിക്കുന്നു. ഇസ്നാഅശ്രീ വിഭാഗം താരതമ്യേനെ ഇസ്ലാമിനോട് അടുത്തു നില്‍ക്കുമ്പോള്‍ ഇസ്മാഈലികളും അവരിലെ അവാന്തര വിഭാഗങ്ങളും ഇസ്ലാമില്‍ നിന്നും ബഹുദൂരം അകന്നവരാണ്. ദറൂസികള്‍, ആഗാഖാനികള്‍, ബോറകള്‍ തുടങ്ങി ഇസ്മാഈലികള്‍ക്ക് ഒട്ടേറെ അവാന്തര വിഭാഗങ്ങളുണ്ട്. പേരുകൊണ്ട് മാത്രമെ ഇവരെയൊക്കെ ഇസ്ലാം ഗണത്തില്‍ ഉള്‍പ്പെടുത്താന്‍ ഒക്കുകയുള്ളു.
ഇസ്നാഅശ്രീ വിഭാഗം ആദ്യകാല ഖുലഫാഇനെ ആക്ഷേപിക്കാറില്ല. തങ്ങളുടെ ഇമാമുകളുടെ പേരുകള്‍ക്ക് ശേഷം അവര്‍ അലൈഹിസ്സലാം പറയുക പതിവാണെങ്കിലും അബുബക്ര്‍(റ) തുടങ്ങിയ ഖലീഫമാരുടെയും പല പ്രമുഖ സ്വഹാബിമാരുടെയും പേരുകള്‍ കേട്ടാല്‍ ഒന്നും പറയാതെ മൌനം പാലിക്കുകയാണ് ഇവര്‍ ചെയ്തുവരുന്നത്. ഈജിപ്തിലെ ശൈഖ് ശല്‍രൂത് ഒരു ഫത്വയില്‍ ഇസ്നാഅശ്രീ വിഭാഗത്തെ മുസ്ലിംകളായി അംഗീകരിച്ചിട്ടുണ്ട്. അവരുടെ ഫിഖ് ഹിനെ അഞ്ചാമത്തെ മദ്ഹബായും അദ്ദേഹം അംഗീകരിക്കുന്നു.
2. സൈദിയ്യ:
ഇത് പോലെ ശിയാക്കളിലെ മറ്റൊരു വിഭാഗമായ സൈദിയ്യയെയും സുന്നികള്‍ മുസ്ലിംകളായി അംഗീകരിച്ചുവരുന്നു. ഇമാം ഹുസൈന്‍(റ)വിന്റെ പുത്രനായ സൈനുല്‍ ആബിദീന്‍(റ)വിന്റെ പുത്രനായ സൈദ്(റ)വിന്റെ മദ്ഹബാണ് തങ്ങള്‍ പിന്തുടരുന്നതെന്നാണ് സൈദിയ്യ വിഭാഗം ശിയാക്കള്‍ അവകാശപ്പെടുന്നത്. സൈദ്(റ) മഹാ പണ്ഢിതനായിരുന്നുവെന്ന കാര്യത്തില്‍ സംശയമില്ല. മുഅ്തസിലി നേതാവായിരുന്ന വാസ്വിലുബ്നു അത്വാഅ്, ഇമാം അബൂഹനീഫ(റ) തുടങ്ങയവര്‍ ഇദ്ദേഹത്തിന്റെ ശിഷ്യന്മാരായിരുന്നു. അമവി ഭരണാധികാരിയായിരുന്ന ഹിശാമുബ്നു അബ്ദില്‍മാലികിന്റെ ദുര്‍ഭരണം കൊണ്ട് പൊറുതി മുട്ടിയപ്പോള്‍ ഹിജ്റ 122ല്‍ അദ്ദേ ഹം രാഷ്ട്രീയത്തിലിറങ്ങി. കൂഫക്കാരായ ശിയാക്കള്‍ അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് മുന്നോട്ടുവന്നു. എന്നാല്‍ യുദ്ധക്കളത്തില്‍ ഏറ്റുമുട്ടേണ്ട ഘട്ടമെത്തിയപ്പോള്‍ അവര്‍ അദ്ദേഹത്തോട് അബൂബക്ര്‍(റ), ഉമര്‍(റ), ഉസ്മാന്‍(റ) എന്നിവരെ നിന്ദിച്ച് സംസാരിക്കാന്‍ ആ വശ്യപ്പെട്ടു. അതിന് അദ്ദേഹം കൂട്ടാക്കിയില്ല. അപ്പോള്‍ അവര്‍ അദ്ദേഹത്തെ കയ്യൊഴിച്ചു. അദ്ദേ ഹം വേദനയോടെ അവരോട് പറഞ്ഞു: റഫള്തുമൂനീ, അയ്യോ, നിങ്ങളെന്നെ കയ്യൊഴിച്ചുവല്ലേ! ഇങ്ങനെയാണ് ശീഇകള്‍ക്ക് റാഫിളുകള്‍ എന്ന പേര്‍ വന്നത്. റാഫിളുകള്‍ ഖുലഫാഉര്‍റാശിദുകളില്‍ അലി(റ) ഒഴിച്ചുള്ളവരെ ശപിക്കുന്നവരാണ്. എന്നാല്‍ സൈദികള്‍ ഏറ്റവും മിതവാദികളായ ശിയാക്കളാണ്. അവര്‍ ഖുലഫാഉര്‍റാശിദുകളില്‍ ആരെയും ആക്ഷേപിക്കുന്നില്ല. യമനിലെ ശിയാക്കള്‍ സൈദികളാണ്. ശാഫിഈ മദ്ഹബിനോട് വലിയ അന്തരമില്ലാത്ത മദ്ഹബാണ് സൈദിയ്യ. ശീഇകളില്‍ ഇസ്ലാമില്‍ നിന്ന് അകലാത്ത വിഭാഗമാണ് ഇവരെന്ന് പറയാം. ഇസ്നാഅശ്രീകളുമായി സൈദ്(റ)വിന്റെ കാലത്ത് തന്നെ ഇവര്‍ തെറ്റിപ്പിരിഞ്ഞു. അവരുടെ തഖിയ്യ് വിശ്വാസം തെറ്റാണെന്ന് സൈദികള്‍ പറഞ്ഞു. ഇമാമുകള്‍ പാപമുക്തരാണെന്ന വിശ്വാസവും ഇവര്‍ക്കില്ല. സൈദിന്റെ ഫത്വകളുടെ സമാഹരമാണ് അല്‍മജ്മൂഉ്. സൈദിയ്യാ കര്‍മ്മ ശാസ്ത്രത്തിന്റെ അടിസ്ഥാനമായി ഈ ഗ്രന്ഥം പരിഗണിക്കപ്പെടുന്നു. എന്നാല്‍ ഇവരും പില്‍ ക്കാലത്ത് പല ഉപ വിഭാഗങ്ങളായി വേര്‍പിരിഞ്ഞു. അവരില്‍ പ്രമുഖ വിഭാഗങ്ങളാണ് ജാറൂദിയ്യ, സുലൈമാനിയ്യ, ഹരീരിയ്യ, ഇബ്തരിയ്യ, യമാനിയ്യ തുടങ്ങിയവ.
3. ദുറൂസികള്‍
അറബീ പേരുണ്ടെന്നതില്‍ കവിഞ്ഞ് ഇസ്ലാമുമായി പറയത്തക്ക ഒരു ബന്ധവുമില്ലാത്ത ഒരു ഇസ്മാഈലീ ഗ്രൂപ്പാണ് ദുറൂസികള്‍. ഹിജ്റ 5ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ജീവിച്ചിരുന്ന അബൂ അബ്ദില്ലാ മുഹമ്മദ്ബ്നു ഇസ്മാഈലുദുറൂസിയുടെ അനുയായികളെയാണ് ദുറൂസികള്‍ എന്ന് വിളിച്ചുവരുന്നത്. ഈജിപ്തിലെ ഫാത്വിമിയ്യ ഭരണകൂടത്തിലെ സുല്‍ത്വാന്‍ ഹാകിം ബി അംരില്ലാ ദൈവത്തിന്റെ അവതാരമാണെന്ന് ഇവര്‍ വിശ്വസിക്കുന്നു. ലബനാനിലാണ് ദുറൂസികളുള്ളത്. കമാല്‍ ജുംബുലാത്, ഖാലിദ് ജുംബുലാത്ത് തുടങ്ങിയവര്‍ ലബനാനില്‍ ഇവര്‍ക്ക് രാഷ്ട്രീയ നേതൃത്വം നല്‍കുന്നു. സിറിയയിലും ദുറൂസികളുണ്ട്. ആകെ ആറ് ലക്ഷത്തോളം ദുറൂസികളുള്ളതായി കണക്കാക്കപ്പെടുന്നു. ശിയാക്കളില്‍ ഭൂരിഭാഗവും വിശ്വസിക്കുന്ന തഖിയ്യ സിദ്ധാന്തത്തില്‍ ഇവരും വിശ്വസിക്കുന്നുണ്ട്.
തങ്ങളുടെ മത നിയമങ്ങള്‍ സാധാരണക്കാരെ പഠിപ്പിക്കാന്‍ ഇവര്‍ ശ്രമിക്കാറില്ല. ജ്ഞാനികള്‍ എന്ന് വിളിക്കപ്പെടുന്ന വിഭാഗം മാത്രമെ മതനിയമങ്ങള്‍ പഠിക്കേണ്ടതുള്ളുവെന്നാണ് അവരുടെ സിദ്ധാന്തം. മതം പഠിക്കാത്ത സാധാരണക്കാരെ ഇവര്‍ പാമരര്‍ (ജുഹ്ഹാല്) എന്നു വിളിക്കുന്നു.
ഹാകിം ബി അംറില്ലാ ആണ് ഇവരുടെ ഏക ഇലാഹ്. ഇവര്‍ ഇദ്ദേഹത്തെ ആരാധിക്കുന്നു. ഹിന്ദുക്കളെപ്പോലെ, ലോകത്ത് ശാന്തിയും സമാധാനവും നില നിര്‍ത്താനും ദുഷ്ടരെ കീഴ്പ്പെടുത്താനും ദൈവം മനുഷ്യനായി ഭൂമിയില്‍ അവതരിച്ചുകൊണ്ടിരിക്കുമെന്നാണ് ഇവരുടെ വിശ്വാസം. ഇങ്ങനെ ദൈവം ആദ്യം ആദമില്‍ അവതരിച്ചു. പിന്നെ അലിയില്‍, പിന്നെ ഹാകിമിന്റെ പിതാവ് അബ്ദുല്‍ അസീസിലും പിന്നെ മകന്‍ ഹാകിമിലും അവതരിച്ചു. സന്യാസം ജ്ഞാനികളുടെ ബാദ്ധ്യതയായിട്ടാണ് ഇവര്‍ കരുതുന്നത്. ഹിന്ദുക്കളെപ്പോലെ ആത്മാക്കളുടെ പുനര്‍ജന്മത്തിലും ദുറൂസികള്‍ വിശ്വസിക്കുന്നു. ഒരാള്‍ മരിച്ചാല്‍ അയാളുടെ ആത്മാവ് ഒരു നവജാത ശിശുവിലൂടെ വീണ്ടും ഭൂമിയില്‍ ജനനം കൊള്ളുന്നു. കഴിഞ്ഞ ജന്മത്തില്‍ പാപം  ചെയ്തവര്‍ക്ക് പുനര്‍ജന്മത്തിലൂടെ നല്ലവരാകാന്‍ ഇതുവഴി ദൈവം അവസരം നല്‍കുന്നുവെന്ന് അവര്‍ വിശ്വസിക്കുന്നു. നോമ്പ്, നിസ്കാരം തുടങ്ങിയ ആരാധനാ കര്‍മ്മങ്ങളില്‍ നിന്നെല്ലാം ഹാകിം, തങ്ങള്‍ക്ക് വിടുതി തന്നിട്ടുണ്ടെന്നാണ് ഇവരുടെ അവകാശവാദം.
4. ബോറകള്‍
ഇന്ത്യയിലെ ഇസ്മാഈലികളെ ബോറകള്‍ എന്ന് വിളിച്ചുവരുന്നു. വോഹോറൂന്‍ എന്ന ഗുജറാത്തി പദത്തില്‍ നിന്നാണ് ഈ പേരിന്റെ ഉത്ഭവം. ഹിന്ദുക്കളുടെ ഇടയില്‍ നിന്ന് ഇസ്ലാമിലേക്ക് വന്ന ഒരു വൈശ്യ സമുദായമാണ് ബോറകള്‍. ഇന്ത്യക്ക് പുറമെ കിഴക്കന്‍ ആഫ്രിക്ക, മൌറീഷ്യസ് എന്നിവിടങ്ങളിലും ബോറകളുണ്ട്. ഇന്ത്യയില്‍ ഇവര്‍ ദാവുദ്ബ്നുഖുത്വുബുഷായെ തങ്ങളുടെ നേതാവായി അംഗീകരിച്ചു. ഇവരെ ദാവൂദീബോറകള്‍ എന്ന് വിളിക്കുന്നു. യമനികളില്‍ ഭൂരിപക്ഷവും സുലൈമാനുബ്നുഹസന്‍ എന്ന നേതാവിനെ അംഗീകരിച്ചു. ഇവരെ സു ലൈമാനികള്‍ എന്ന് പറയുന്നു. ചിന്തകനും എഴുത്തുകാരനുമായ അസ്ഗര്‍ അലി എഞ്ചിനീയര്‍ ദാവൂദി ബോറകളില്‍പ്പെട്ട ഒരു ഉല്‍പതിഷ്ണുവാണ്. ഇവരുടെ ആത്മീയനേതാവിനെ ഇവര്‍ സയ്യിദുനാ എന്നാണ് വിളിക്കാറുള്ളത്.
5. ഇബാഹിയ്യ:
ശീഇകളില്‍പെട്ട ഒരു വിഭാഗമായി ഇവരെയും അംഗീകരിച്ചുവരാറുണ്ട്. ഇബാഹ (സര്‍വ്വ തന്ത്ര സ്വതന്ത്രരായി ജീവിക്കുക) എന്ന പദത്തില്‍ നിന്നാണ് ഇബാഹിയ്യയുടെ ഉത്ഭവം. മത നിയമങ്ങളൊന്നും അനുസരിക്കാതെ വ്യക്തി സ്വാതന്ത്യ്രത്തില്‍ വിശ്വസിക്കുന്ന ഒരു വിഭാഗമാണ് ഇവര്‍. വടക്കന്‍ പേര്‍ഷ്യയില്‍ അസര്‍ബൈജാന് സമീപം സ്ഥിതി ചെയ്യുന്ന ബാദ് കേന്ദ്രമാക്കി ഇസ്ലാമിന്റെ രൂപഭാവങ്ങള്‍ സ്വീകരിച്ചുകൊണ്ട് പ്രത്യക്ഷപ്പെട്ട സബ്ഇകളുടെ അവാന്തര വിഭാഗമായ അല്‍കറാമിതാ വിഭാഗത്തില്‍ പെട്ടവരാണിവര്‍ എന്ന് പറയപ്പെടുന്നു.
6. അഹ്ലുല്‍ ഹഖ്
ദൈവത്തിന് ഏഴു അവതാരമുണ്ടെന്ന് വിശ്വസിക്കുന്ന ഇവര്‍ ദുറൂസികള്‍, നുസൈരികള്‍ പോ ലെയുള്ള ഒരു ഇസ്മാഈലീ അവാന്തര വിഭാഗമാണ്. അലി ദൈവത്തിന്റെ ഒരു അവതാരമാണെന്ന് ഇവര്‍ വിശ്വസിക്കുന്നു. ഇവരും പുനര്‍ജന്മ സിദ്ധാന്തത്തില്‍ വിശ്വസിക്കുന്നു.
7. അലവികള്‍
കൃസ്തുവര്‍ഷം 880ല്‍ നിര്യാതനായ അബൂശുഹൈബ് മുഹമ്മദ്ബ്നുസൈര്‍ എന്നയാളുടെ അനുയായികളെയാണ് അലവികള്‍ എന്ന് വിളിച്ചുവരുന്നത്. ഇവരെ ആദ്യകാലത്ത് നുസൈരികള്‍ എന്നാണ് വിളിച്ചിരുന്നത്. ഇത് ഒരു സങ്കര മതമാണ്. ഇസ്ലാമും ക്രിസ്തുമതവും സൊരാഷ്ട്രീയന്‍ മതവും ഹിന്ദൂയിസവുമെല്ലാം അലവി മതത്തില്‍ സമ്മേളിക്കുന്നു. സിറിയ, ലബനാണ്‍, തുര്‍ക്കി എന്നിവിടങ്ങളില്‍ അലവികളെ കാണാം. കിതാബുല്‍ മജ്മൂഅ് എന്നൊരു പുണ്യഗ്രന്ഥം അവര്‍ക്കുണ്ട്.
8. ആഗാഖാനികള്‍
ശീഇകളിലെ ഇസ്മാഈലി വിഭാഗക്കാരുടെ ഇമാമിന്റെ സ്ഥാനപ്പേര് ആഗാഖാന്‍ എന്നാണ്. 46ാമത്തെ ഇമാം തൊട്ടാണ് ഈ പേര് പ്രചാരത്തില്‍ വന്നത്. മൂന്നാമത്തെ ആഗാഖാനായ സര്‍ മുഹമ്മദ് ഷാ 1877ല്‍ കറാച്ചിയില്‍ ജനിച്ചു. ഇസ്മാഈലികളുടെ മാത്രമല്ല മുസ്ലിം സമുദായത്തി ന്റെ പൊതുവായ പ്രശ്നങ്ങളിലും സജീവ താല്‍പര്യം പ്രകടിപ്പിച്ച അദ്ദേഹം ആള്‍ ഇന്ത്യാ മുസ്ലിംലീഗിന്റെ സമുന്നതനായ നേതാവായിരുന്നു. 1909 മുതല്‍ 1914 വരെ അദ്ദേഹം മുസ്ലിം ലീഗിന്റെ പ്രസിഡണ്ടായിരുന്നു. 1936ല്‍ മുസ്ലിംലീഗിന്റെ നേതൃത്വത്തിലേക്ക് വന്ന മുഹമ്മദലി ജിന്നയും ജന്മം കൊണ്ട് ഒരു ഇസ്മാഈലി ശിയയായിരുന്നു.
കര്‍ബല
ശീഇസത്തെക്കുറിച്ചുള്ള ഒരു പഠനത്തില്‍ കര്‍ബല എന്ന സ്ഥലത്തെയും കര്‍ബല യുദ്ധത്തെ യും പരാമര്‍ശിക്കാതെ പോകുന്നത് ശരിയായിരിക്കില്ല. സത്യാസത്യ വിവേചകമായ ബദ്റുല്‍ കുബ്റാ എന്ന യുദ്ധത്തിന് ഇസ്ലാമിക ചരിത്രത്തില്‍ മുസ്ലിംകള്‍ പൊതുവെ കല്‍പ്പിക്കുന്ന പ്രാധാന്യത്തെക്കാള്‍ വലുതാണ് ശീഇകള്‍ കര്‍ബലാ യുദ്ധത്തിന് നല്‍കുന്നത്. കര്‍ബലാ യുദ്ധ ത്തെ പ്രശംസിച്ച് കവിതയെഴുതിയതിന് അവര്‍ അല്ലാമാ ഇഖ്ബാലിനെ ഏറെ ആദരിക്കുന്നുണ്ട്.
നബി(സ്വ)യുടെ പൌത്രനായ ഹുസൈനുബ്നു അലി(റ)വും മുആവിയ(റ)യുടെ മകനായ യ സീദും തമ്മില്‍ നടന്ന യുദ്ധമാണ് കര്‍ബല യുദ്ധം. ഹിജ്റ 61 മുഹര്‍റം 10 നാണ് ഇത് നടന്നത്. 72 പേരടങ്ങുന്ന ഒരു കൊച്ചു സംഘവുമായാണ് സയ്യിദുശ്ശുഹദാഅ് ഹുസൈനുബ്നു അലി(റ) യസീദിന്റെ വന്‍ സൈന്യത്തെ നേരിട്ടത്. കര്‍ബലയില്‍ വച്ച് യസീദിന്റെ സേനാനായകനായ ഇബ്നുസിയാദ് ഹുസൈന്‍(റ)വിനെയും സൈന്യത്തെയും വളഞ്ഞു. യസീദിന്റെ ദുര്‍ഭരണം അവസാനിപ്പിക്കാന്‍ കൂഫക്കാരുടെ ക്ഷണം ലഭിച്ച് പുറപ്പെട്ടതായിരുന്നു ഹുസൈന്‍(റ). പക്ഷേ, അവര്‍ അദ്ദേഹത്തെ വഞ്ചിച്ചു കളഞ്ഞു.
യൂഫ്രട്ടീസ് നദിയില്‍ നിന്ന് വെള്ളമെടുക്കാന്‍ പോലും ശത്രുക്കള്‍ അദ്ദേഹത്തെ അനുവദിച്ചില്ല. സ്ത്രീകളും കുട്ടികളും ദാഹിച്ചു വലഞ്ഞു. മദീനയിലേക്ക് മടങ്ങാന്‍ അനുവദിക്കണമെന്ന് ഹു സൈന്‍(റ) അഭ്യര്‍ഥിച്ചു. പക്ഷേ, ഉബൈദുല്ലാഹിബ്നുസിയാദ് സമ്മതിച്ചില്ല. ഡമാസ്കസില്‍ പോയി യസീദിനെ കാണാനുള്ള അഭ്യര്‍ഥനയും അയാള്‍ ചെവിക്കൊണ്ടില്ല. യസീദിനെ ഖലീഫയായി അംഗീകരിച്ച് ബൈഅത്ത് ചെയ്യണമെന്ന ശത്രുക്കളുടെ ആവശ്യം മരണത്തോട് മുഖാമുഖം കണ്ട് നില്‍ക്കുന്ന അവസരത്തില്‍ പോലും അംഗീകരിക്കാന്‍ ധീരനായ ഇമാം ഹുസൈ ന്‍(റ) തയ്യാറായില്ല. യുദ്ധം ആരംഭിച്ചു. ആദ്യം ദ്വന്ദ്വയുദ്ധമായിരുന്നു. പിന്നിട് കൂട്ടപ്പടയായി. അതില്‍ ഹുസൈന്‍(റ)വിന്റെ അനുയായികള്‍ ഓരോന്നോരോന്നായി കൊല്ലപ്പെട്ടു. ഹുസൈന്‍ (റ)വിന്റെ തല അറുത്ത് കുന്തത്തില്‍ നാട്ടി ഇബ്നു സിയാദ് യസീദിന് എത്തിച്ചുകൊടുത്തു. നബി(സ്വ) പലതവണ ചുംബിച്ച ആ വിശുദ്ധ മുഖം യസീദിനെപ്പോലും കരയിച്ചത്രെ.
മുഹറം പത്ത് വിലാപ ദിനമായാണ് ശിയാക്കള്‍ ആചരിക്കുന്നത്. നെഞ്ചത്തടിച്ചും ശരീരത്തിന് പീഢനങ്ങളേല്‍പിച്ചും ഇസ്ലാമിക ചരിത്രത്തില്‍ നടന്ന അതിക്രൂരമായ ഈ സംഭവത്തെ ശി യാക്കള്‍ ആണ്ടുതോറും അനുസ്മരിക്കുന്നു.
മുഹറം ഒന്നു മുതല്‍ പത്ത് വരെ അശുഭ നാളുകളായാണ് അവര്‍ കരുതിവരുന്നത്. നല്ല ഒരു പ്ര വര്‍ത്തനവും ഈ നാളുകളില്‍ ആരംഭിക്കാന്‍ അവര്‍ തയ്യാറാകില്ല. മുഹറം പത്ത് കഴിയട്ടെ എ ന്ന് പറഞ്ഞ് മാറ്റിവെക്കലാണ് പതിവ്. ഇത്തരം ഒരു ചിന്താഗതി സുന്നികളിലും കണ്ടുവരുന്നു ണ്ട്. മുഹറം പത്ത് വരെ നഹ്സാണെന്ന വിശ്വാസം തീര്‍ത്തും അന്ധവിശ്വാസമാണ്. ഈ വി ശ്വാസത്തിന് ഇസ്ലാമില്‍ യാതൊരടിസ്ഥാനവുമില്ല. മുഹറം മാസത്തിലെ ദിവസങ്ങളുടെ ശ്രേ ഷ്ഠതകളെക്കുറിച്ചാണ് നബി(സ്വ) പറഞ്ഞിട്ടുള്ളത്. മുഹറം ഒമ്പതിനും പത്തിനും നോമ്പനുഷ്ഠിക്കാന്‍ നബി(സ്വ) കല്‍പിച്ചിട്ടുണ്ട്.
യൂഫ്രട്ടീസിന്റെ പടിഞ്ഞാറന്‍ തീരത്ത് സ്ഥിതി ചെയ്യുന്ന കര്‍ബല എന്ന പട്ടണത്തിന് മക്കയുടെ മഹത്വമാണ് ശിയാക്കള്‍ ചാര്‍ത്തുന്നത്. ഒരു വേള അതിലേറെ മഹത്വം അവരതിന് കല്‍പിക്കുന്നു. കര്‍ബലായിലെ ഹുസൈന്‍(റ)വിന്റെ മഖ്ബറക്ക് റൌളാ ശരീഫിനെപ്പോലെയുള്ള മഹത്വമാണ് അവര്‍ കല്‍പ്പിക്കുന്നത്. ഇത് ഒരു തീര്‍ഥാടന കേന്ദ്രമാണ്. ശീഇകളുടെ സാംസ്കാരിക കേന്ദ്രങ്ങളില്‍ അതിപ്രധാനപ്പെട്ട ഒന്നാണ് കര്‍ബല. നജഫും ഖൂമും ഇത് പോലെ ശീഈ സാം സ്കാരിക കേന്ദ്രങ്ങളാണ്.
1801ല്‍ ഹുസൈന്‍(റ)വിന്റെ മഖ്ബറ ഇബ്നു അദുല്‍ വഹ്ഹാബിന്റെ അനുയായികള്‍ നശിപ്പിക്കുകയുണ്ടായി. എന്നാല്‍ ഇറാനികളും ഇറാഖി ശീഇകളും ചേര്‍ന്ന് അത് വീണ്ടും പുനര്‍ നിര്‍ മിച്ചു. അലി(റ)വിന്റെ മഖ്ബറ നജഫിലാണെന്ന് ശിയാക്കള്‍ വിശ്വസിക്കുന്നത് കൊണ്ട് അതും ഒരു സിയാറത്ത് കേന്ദ്രമാണ്. ഹജ്ജിന് പോകുമ്പോള്‍ നജഫും കര്‍ബലയും സന്ദര്‍ശിക്കുന്നത് പുണ്യമായി അവര്‍ കരുതുന്നു.
തമ്മില്‍ ഭേദം
ശീഇകളില്‍ ഒട്ടനേകം അവാന്തര വിഭാഗങ്ങളുണ്ടെങ്കിലും അവരിലെ ഇസ്നാഅശ്രികളെയും സൈദികളെയും മുസ്ലിംകളായി അംഗീകരിച്ചുവരുന്നു. ആധുനിക ലോകത്ത് ഒരു ഇസ്ലാമിക് റിപ്പബ്ളിക്ക് സ്ഥാപിച്ചത് ഇറാനിലെ ഇസ്നാ അശ്രികളാണ്. അവരുടെ നേതാവ് ആയത്തുള്ളാ റൂഹുള്ളാ മുഹമ്മദ് മൂസവി ഖുമൈനിയാണ്. സുന്നികളുമായി വിശ്വാസപരമായും കര്‍മ്മ പരമായുമുള്ള അകല്‍ച്ച കഴിയുന്നത്ര കുറച്ചുകൊണ്ടുവരാന്‍ അദ്ദേഹം യത്നിച്ചു. ഇരുപതാം നൂറ്റാണ്ടില്‍ ഇസ്ലാമിക ഐക്യത്തിന് വേണ്ടി ശ്രമിച്ച വ്യക്തിയാണദ്ദേഹം. റബീഉല്‍ അവ്വലില്‍ നബിദിനാഘോഷം ഒരാഴ്ച നീട്ടിക്കൊണ്ട് മുസ്ലിം യുണിറ്റിക്കായി ആചരിക്കാന്‍ അദ്ദേഹം ഉത്തരവിട്ടിരുന്നു.
ഖുമൈനി
1902 സപ്തംബര്‍ 24ന് ഇറാന്‍ തലസ്ഥാനമായ ടെഹ്റാനിന്നടുത്തുള്ള ഖൂമിലാണ് അദ്ദേഹം ജനിച്ചത്. അതുകൊണ്ടാണദ്ദേഹത്തെ ഖുമൈനി എന്നു വിളിച്ചുവരുന്നത്. ഇറാനിലെ ശിയാക്കളുടെ പരമോന്നത മത നേതാവായി അദ്ദേഹം ഉയര്‍ന്നു. ആയത്തുള്ളാ: റൂഹുള്ളാ: എന്ന സ്ഥാനപ്പേരിന് അര്‍ഹനായി. മര്‍ജഉല്‍അഅ്ലാ എന്ന അത്യുന്നത സ്ഥാനത്തേക്ക് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. ഇത് ശിയാ വിശ്വാസപ്രകാരം ഉന്നതനായ മുജ്തഹിദിന്റെ സ്ഥാനമാണ്. ജഅ്ഫരീ മദ്ഹ ബു പ്രകാരം സമകാലിക മുസ്ലിംകള്‍ ജീവിച്ചിരിക്കുന്ന ഒരു മുജ്തഹിദിനെ പിന്‍പറ്റല്‍ നിര്‍ബന്ധമാണ്. അദ്ദേഹം മുത്വ്ലഖ് മുജ്തഹിദായിരിക്കില്ല. മദ്ഹബിലെ മുജ്തഹിദാണ്. ഖുമൈനിയെ ജഅ്ഫരി മദ്ഹബിലെ സമകാലിക മുജ്തഹിദായി ശിയാക്കള്‍ അംഗീകരിച്ചു.
ഖുമൈനി ദിക്റും ദുആഉം ദര്‍സ് നടത്തലുമായാണ് ആദ്യ കാലങ്ങളില്‍ ജീവിതം നയിച്ചത്. എ ന്നാല്‍ ഷാറിസാ പഹ്ലവിയുടെ നേതൃത്വത്തില്‍ ഇറാന്‍ ഒരു അമേരിക്കന്‍ കോളനി പോലെ പരിണമിക്കുന്നതും ജനത ഇസ്ലാമിക സംസ്ക്കാരം കയ്യൊഴിച്ച് പാശ്ചാത്യ പരിഷ്കാരത്തിന്റെ പുറകെ പോകുന്നതും നോക്കി നില്‍ക്കാന്‍ ആ പണ്ഢിത മനസ്സിന് സാധിച്ചില്ല. 1941 ല്‍ ആദ്ദേ ഹം കശ്ഫുല്‍ അസ്റാര്‍ എന്ന ഒരു പുസ്തകം പ്രസിദ്ധീകരിച്ചു. ഷായുടെ സ്വേഛാധിപത്യ ഭരണത്തെയും, അമേരിക്കന്‍ ജീവിത രീതികളോടുള്ള ഭ്രമത്തെയും, മതവിരുദ്ധ നിയമങ്ങളെയും അദ്ദേഹം അതിനിശിതമായ ഭാഷയില്‍ പ്രസ്തുത കൃതിയില്‍ വിമര്‍ശിച്ചു. പിന്നീട് ജനങ്ങളോട് ഷാക്കെതിരെ ജിഹാദിനിറങ്ങാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. ജനങ്ങള്‍ പ്രക്ഷോഭങ്ങളുമായി തെരുവിലിറങ്ങി. 1963 മാര്‍ച്ച് 22ന് പ്രകടനക്കാര്‍ക്കെതിരെ ബോംബ് വര്‍ഷിപ്പിച്ചുകൊണ്ട് ഷാ പ്രതികാരം വീട്ടി. പതിനായിരക്കണക്കിനാളുകള്‍ കൊല്ലപ്പെട്ടു. ഖുമൈനിയെ തടവിലാക്കി.
ജനരോഷം ആളിപ്പടര്‍ന്നു. 1964 ഏപ്രല്‍ 6ന് ഖുമൈനിയെ മോചിപ്പിക്കാന്‍ ഷാ നിര്‍ബന്ധിതനായി. ഖുമൈനി ശക്തനായ ഒരു രാഷ്ട്രീയ നേതാവായി മാറി. അദ്ദേഹത്തിന്റെ ജനപിന്തുണ അനുദിനം കൂടിവന്നു. 1946 നവമ്പര്‍ 4ന് ഖൂം നഗരം വളഞ്ഞ ഷായുടെ രഹസ്യ പോലിസ് ഖു മൈനിയെ അറസ്റ്റ് ചെയ്തു. തുര്‍ക്കിയിലേക്കു കൊണ്ടുപോയി. ഇതറിഞ്ഞ് ജനം ക്ഷുഭിതരായി. നാടൊട്ടുക്കും പണിമുടക്ക് നടന്നു. പ്രധാനമന്ത്രി മന്‍സ്വൂര്‍ കൊല്ലപ്പെട്ടു.
ഖുമൈനി ഒരു കൊല്ലത്തിന് ശേഷം ഇറാഖിലെ ശീഈ പുണ്യനഗരമായ നജഫിലെത്തി. 13 വര്‍ ഷം നജഫില്‍ ജിവിച്ച അദ്ദേഹം പ്രസംഗ കേസറ്റുകളിലൂടെ ഇറാനികളെ യുദ്ധ സന്നദ്ധരാക്കി. ഖുമൈനിക്ക് ഏറെനാള്‍ ഇറാഖില്‍ കഴിയാന്‍ പറ്റാതെയായി. ഇറാഖ് വിടാന്‍ ഗവര്‍മ്മെണ്ട് അദ്ദേഹത്തെ നിര്‍ബന്ധിച്ചു. ഒടുവില്‍ 1978 ഒക്ടോബര്‍ ആദ്യത്തില്‍ അദ്ദേഹം പാരീസില്‍ അഭയം തേടി. ഇതോടെ വിപ്ളവ പ്രവര്‍ത്തനങ്ങള്‍ പൂര്‍വ്വാധികം ശക്തിപ്പെടുത്താന്‍ ഖുമൈനിക്ക് കഴിഞ്ഞു. ഇറാനില്‍ വിപ്ളവങ്ങള്‍ നിത്യ സംഭവങ്ങളായി. ഒടുവില്‍ ഷാപൂര്‍ ഭക്തിയാറെ അധികാരം ഏല്‍പിച്ച് 1979 ജനുവരി 16ന് ഇറാനിലെ ഷാഇന്‍ഷാ, ഷാ റസാപഹ്ലവി നാടുവിട്ടു. 1979 ഫിബ്രവരി 1ന് ഖുമൈനി ഇറാനില്‍ തിരിച്ചെത്തി. ഫെബ്രുവരി 5ന് അദ്ദേഹം ഒരു താല്‍കാലിക ഗവര്‍ മ്മെണ്ട് രൂപികരിച്ചു. മഹ്ദീ ബാസര്‍ ഗാനെ പ്രധാനമന്ത്രിയായി നിയമിച്ചു. ഷായുടെ സേന ഖു മൈനിയുടെ ഭാഗത്തേക്ക് കൂറുമാറി. ഭക്തിയാര്‍ നാടുവിട്ടു. 1979 ഏപ്രില്‍ 1ന് ഇറാനില്‍ ഇസ്ലാമിക്ക് റിപ്പബ്ളിക്ക് സ്ഥാപിച്ചുകൊണ്ട് ഖുമൈനി പ്രഖ്യാപനം നടത്തി. പിന്നീട് അങ്ങോട്ട് അമേരിക്കയുടെ കുതന്ത്രങ്ങളായിരുന്നു. അസാധാരണമായ ആത്മ ധൈര്യത്തോടെ ഇറാനിയന്‍ ജനത ഈ കുതന്ത്രങ്ങളെ അതിജീവിച്ചു. വിപ്ളവങ്ങള്‍ കൊണ്ടും, പ്രക്ഷോഭങ്ങള്‍ കൊണ്ടും പരിക്ഷീണമായ ഇറാനെ അമേരിക്കയുടെ നിര്‍ദ്ദേശ പ്രകാരം സദ്ദാം അക്രമിച്ചു. കുട്ടികളെപ്പോലും പട്ടാളത്തില്‍ ചേര്‍ത്തുകൊണ്ടാണ് ഖുമൈനി ഈ ആക്രമണത്തെ നേരിട്ടത്.
ഇന്ന് ഇറാന്‍ പുരോഗതിയുടെ പാതയിലൂടെ ഏറെ മുന്നേറിക്കഴിഞ്ഞു. ഇസ്ലാമിക സംസ്കാരത്തിന്റെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കുന്ന ഒരു ജനതയായി ഇറാനികളെ മാറ്റി എടുക്കാന്‍ ഖുമൈനിക്ക് കഴിഞ്ഞു. 1989 ജൂണ്‍ 3ന് അദ്ദേഹം അന്തരിച്ചു. മറ്റു ശിയാ പണ്ഢിതന്മാരില്‍ നിന്ന് ഭിന്നമായി തന്റെ കൃതികളില്‍ അദ്ദേഹം ആദ്യത്തെ മൂന്നു ഖലീഫമാരെയും ഏറെ പ്രശംസിച്ചെഴുതിയിട്ടുണ്ട്. ശീഇസത്തില്‍ എന്തൊക്കെ തകരാറുകളുണ്ടെങ്കിലും ഇരുപതാം നൂറ്റാണ്ടില്‍ ഖുമൈനിയുടെ നേതൃത്വത്തില്‍ ഇറാനില്‍ അരങ്ങേറിയ ഈ വിപ്ളവത്തിന്റെ ഇസ്ലാമിക പരിവേഷത്തെ പുകഴ്ത്താതെ നിര്‍വ്വാഹമില്ല.