സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Thursday, 23 October 2014

ചില സംശയങ്ങള്‍

മുഹര്‍റം പത്തിന് നബി(സ നോമ്പെടുക്കുകയും സ്വഹാബികളോട് കല്‍പ്പിക്കുകയും ചെയ്തപ്പോള്‍, ‘ഇത് ജൂത, ക്രൈസ്തവരുടെ പുണ്യദിനമല്ലേ?’ എന്ന് സ്വഹാബികള്‍ സംശയമുന്നയിച്ചു. നബി(സ്വ) പറഞ്ഞു: ‘നിശ്ചയം, വരും വര്‍ഷം ഞാന്‍ ബാക്കിയുണ്ടെങ്കില്‍ മുഹര്‍റം ഒമ്പതിനും നോമ്പനുഷ്ഠിക്കുന്നതാണ്’ (സ്വഹീഹു മുസ്ലിം). ഇതിന്റെ അടിസ്ഥാനത്തില്‍ ആശൂറാഇനു പുറമെ മുഹര്‍റം ഒമ്പതിനും നോമ്പ് സുന്നത്താണ്. അതാണ് താസൂആഅ്.
നബി(സ്വ) മദീനയിലേക്ക് ഹിജ്റ പോയപ്പോള്‍ ജൂതന്മാര്‍ ആശൂറാഅ് നോമ്പെടുക്കുന്നത് കാണുകയും അതിനെക്കുറിച്ച് അന്വേഷിച്ചറിഞ്ഞ ശേഷം മേല്‍പ്രകാരം നബി(സ്വ) പറയുകയും ആ വര്‍ഷം തന്നെ നബി(സ്വ) വഫാത്താകുകയും ചെയ്തുവെന്ന് തോന്നിപ്പിക്കുന്ന വിധത്തില്‍ ഈ വിഷയം അവതരിപ്പിക്കുന്ന ചിലരുണ്ട്. പ്രത്യക്ഷമായ മൂന്ന് സംശയങ്ങള്‍ ഇതിലുണ്ട്.
ഹിജ്റ സംഭവിച്ചത് റബീഉല്‍ അവ്വലിലാാണല്ലോ. റബീഉല്‍ അവ്വല്‍ ഒന്നിന് മക്കയില്‍ നിന്ന് യാത്ര തിരിച്ച് പന്ത്രണ്ടിന് മദീനയിലെത്തിച്ചേര്‍ന്നു. അന്ന് ജൂതന്മാര്‍ നോമ്പെടുത്തെങ്കില്‍ അതെങ്ങനെ മുഹര്‍റം പത്തി ന്റെ ആശൂറാഅ് നോമ്പാകും?
ഉത്തരം: ഹിജ്റ പോയി മദീനയിലെത്തിയ അന്നു തന്നെ ജൂതന്മാരെ നോമ്പുകാരായി കണ്ടെന്നും തദടിസ്ഥാനത്തില്‍ നബി(സ്വ) ആശൂറാഅ് നോമ്പ് നടപ്പിലാക്കിയെന്നും മേലുദ്ധരിച്ച ഹദീസിന് അര്‍ഥമില്ല. മദീനയിലെത്തി പത്തു മാസം കഴിഞ്ഞ് ജൂതന്മാര്‍ വിശിഷ്ട ദിനമായി നോമ്പെടുക്കുന്നതും ആഘോഷിക്കുന്നതും കണ്ടപ്പോള്‍ അന്വേഷിച്ചെന്നു മാത്രമെ അര്‍ഥമുള്ളൂ.
ജൂതന്മാരില്‍ നിന്ന് കണ്ടു പഠിച്ചിട്ടാണ് മുഹര്‍റം പത്തിന്റെ പ്രാധാന്യം നബി(സ്വ) ഉള്‍ക്കൊണ്ടതെന്ന് തോന്നിപ്പോകാമോ?
ഉത്തരം: പാടില്ല. യഥാര്‍ഥത്തില്‍ ആശൂറാഅ് ദിനത്തിന്റെ പ്രാധാന്യം നബി(സ്വ) നേരത്തെ തന്നെ ഉള്‍ ക്കൊണ്ടിരുന്നതും, മക്കയില്‍ വെച്ച് തന്നെ നോമ്പെടുത്ത് തുടങ്ങിയതുമാണ്. ആഇശ(റ) ഇത് ഉദ്ധരിച്ചിട്ടുണ്ട്. മദീനയില്‍ ജൂതന്മാര്‍ പ്രബല സമുദായമായിരുന്നു; മുസ്ലിംകള്‍ ന്യൂനപക്ഷവും. അത്തരമൊരു സാഹചര്യത്തില്‍ അവരുടെ ദൃഷ്ടിയിലുള്ള പുണ്യദിനത്തെ മുസ്ലിംകളും മാനിക്കുകയാണെന്ന് തോന്നിപ്പിക്കാനായി മാത്രം നബി(സ്വ) മേല്‍പറഞ്ഞ വിധത്തില്‍ അന്വേഷിച്ചതാണ്. അങ്ങനെയാണ് ആശൂറാഅ് ദിനത്തില്‍ നബി(സ്വ)യും സ്വഹാബികളും (ജൂതരോടൊപ്പം) നോമ്പുകാരായത്.
നബി(സ്വ)യുടെ അമ്പത്തിമൂന്നാം വയസ്സിലാണല്ലോ ഹിജ്റ. അടുത്ത വര്‍ഷം ഞാന്‍ ബാക്കിയുണ്ടെങ്കില്‍ ഒമ്പതിനും നോമ്പനുഷ്ഠിക്കുമെന്ന് നബി(സ്വ) പറഞ്ഞെന്നും പക്ഷേ, ആ വര്‍ഷം തന്നെ നബി(സ്വ) വഫാത്തായെന്നും പറയുമ്പോള്‍ അമ്പത്തിമൂന്നാം വയസ്സിലാണോ തങ്ങള്‍ വഫാത്തായത്?
ഉത്തരം: ഹിജ്റയുടെ ഒന്നാം വര്‍ഷത്തിലല്ല നബി(സ്വ) അപ്രകാരം പറഞ്ഞത്. രണ്ടാം ചോദ്യത്തിന്റെ ഉത്തരത്തില്‍ പറഞ്ഞതുപോലെ, ഹിജ്റയുടെ രണ്ടാം വര്‍ഷത്തില്‍, ‘ജൂതര്‍ക്കൊപ്പം മുഹര്‍റം പത്തിന് നോമ്പെടുക്കുക’ എന്നായിരുന്നു നബി(സ്വ)യുടെ കല്‍പന. ജൂതരോട് ഐക്യദാര്‍ഢ്യം തോന്നിപ്പിക്കാനും സൌഹൃദം നിലനിര്‍ത്താനുമായിരുന്നു അത്. അത്തരമൊരു ഘട്ടത്തില്‍ ‘ജൂതരോട് വ്യത്യസ്തത കാട്ടാന്‍ വേണ്ടി ഒമ്പതിനും നോമ്പെടുക്കുക’ എന്ന് നബി(സ്വ) പറയില്ലല്ലോ.
എട്ടു വര്‍ഷത്തോളം ഈ നില തുടര്‍ന്നു. പക്ഷേ, അതിനിടയില്‍ ബനൂ ഖൈനുഖാഅ്, ബനൂഖുറൈള, ബനുന്നളീര്‍ പോലുള്ള മദീനയിലെ ജൂത ഗോത്രങ്ങള്‍ നബി(സ്വ)യെ പലവട്ടം ചതിക്കുകയും ദ്രോഹിക്കുകയും മക്കാമുശ്രിക്കുകളുമായി ചേര്‍ന്ന് മുസ്ലിംകളെ നശിപ്പിക്കാനൊരുങ്ങുകയും ചെയ്യുകയുണ്ടായി. ജൂതരും മുസ്ലിംകളുമായി സംഘട്ടനം പോലും നടന്നു. ഇനിയുമൊരു രമ്യത സാധ്യമല്ലെന്ന ഘട്ടം വന്നപ്പോള്‍ മക്കാ ഫത്ഹിനു ശേഷം, നബി(സ്വ)യുടെ അറുപത്തിമൂന്നാം വയസ്സില്‍ (ഹിജ്റയുടെ പത്താം വര്‍ഷം) നബി(സ്വ) പറഞ്ഞു: “നിങ്ങള്‍ ജൂതരോട് എല്ലാ വിധേനയും എതിരാവുക. മുഹര്‍റം പത്തിന് അവര്‍ നോമ്പെടുക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ പത്തിനോടൊപ്പം അതിന്റെ മുമ്പും ശേഷവും നോമ്പെടുക്കുക” (ഇമാം അഹ്മദ് നിവേദനം ചെയ്ത ഹദീസിന്റെ ആശയ സംഗ്രഹം. ശര്‍വാനീ:3/456). ഇതേ വര്‍ഷം തന്നെയാണ്, ‘അടുത്ത വര്‍ഷം ഞാന്‍ ബാക്കിയുണ്ടെങ്കില്‍ ഒമ്പതിനും നോമ്പെടുക്കു’മെന്ന് നബി(സ്വ) പറഞ്ഞത്. പക്ഷേ, നബി(സ്വ) ബാക്കിയുണ്ടായില്ല.
ഇതെല്ലാം ഇമാം ഇബ്നു ഹജര്‍ അല്‍ അസ്ഖലാനീ(റ)യുടെ ഫത്ഹുല്‍ ബാരി എന്ന ഗ്രന്ഥത്തിലും (4/198þ-200) ഇമാം നവവീ(റ)യുടെ പ്രസിദ്ധ ഹദീസ് വ്യാഖ്യാന ഗ്രന്ഥമായ ശര്‍ഹു മുസ്ലിമിലും(1/359) വിവരിച്ചിട്ടുണ്ട്. യഹൂദികളുടെ ചതിദ്രോഹങ്ങള്‍ താരീഖു മുഹമ്മദ് റസൂലില്ലാഹി(സ്വ) എന്ന ചരിത്ര ഗ്രന്ഥത്തില്‍ (152þ-154, 181-183, 212-215, 235þ-237) കാര്യകാരണ സഹിതം പ്രതിപാദിച്ചിട്ടുണ്ട്.