കരഞ്ഞുകൊണ്ടാണ് കുഞ്ഞ് ജനിക്കുന്നത്. പരമനിസ്സഹായതയുടെ വിലാപമാണത്. ഒന്നിനും കഴിയാതെ, പിറന്നുവീണ കുഞ്ഞ് പയ്യെ വളരുന്നു. മാതാവിന്റെ മടിത്തട്ടില്‍ നിന്നു തുടങ്ങിയ വളര്‍ച്ച വീട്ടുമുറ്റത്തിലൂടെ ഗ്രൌണ്ടിലൂടെ പരീക്ഷണാലയങ്ങളിലൂടെ ബഹിരാകാശം വരെ ഉയരുന്നു. ശാരീരികവും ഭൌതികവുമായ പുരോഗതിയുടെ ക്രമത്തില്‍ തന്നെ ആത്മതലങ്ങളിലെ പുരോഗമനവും സാധ്യമാണ്. ആത്മീയ മാതാവും പിതാവും ആത്മീയ പരിശീലന പരീക്ഷണങ്ങളും ആത്മീയ ബഹിരാകാശവും ഉണ്ട്.
പ്രവാചകതിരുമേനി (സ്വ) ആത്മീയപിതാവാണ്. അവിടുത്തെ പത്നിമാര്‍ ആത്മീയ മാതാക്കളുമത്രെ. ഈ വസ്തുത വിശുദ്ധഖുര്‍ആനിന്റെ ആശയമാണ്. “പ്രവാചകരോടു സത്യവിശ്വാസികള്‍ സ്വശരീരങ്ങളേക്കാള്‍ കടപ്പെട്ടിരിക്കുന്നു. അവിടുത്തെ പത്നിമാര്‍ അവരുടെ മാതാക്കളുമത്രെ” (വി.ഖു. 33/6). ‘വഹുവ അബുല്ലഹും’ അവിടുന്ന് അവര്‍ക്ക് പിതാവുമാണ് എന്ന പാഠഭേദം (തഫ്സീര്‍ ഖുര്‍ത്വുബി 9/68) ഈ യാഥാര്‍ഥ്യം സ്പഷ്ടമാക്കുകയും ചെയ്യുന്നു.
ആത്മീയപിതാവും ലോകത്തിന്റെ മഹാഗുരുവുമായ മുഹമ്മദ് (സ്വ) ആത്മീയ ‘ബഹിരാകാശം’ വിജയകരമായി കീഴടക്കുകയുണ്ടായി. അതാണ് മിഅ്റാജ്. ബഹിരാകാശാരോഹണം. മിഅ് റാജ് കഴിഞ്ഞ് അവിടുന്ന് തിരിച്ചുവരുന്നത് മഹാപാരിതോഷികവുമായാണ്. അവിടുത്തെ വത്സല മക്കള്‍ക്ക് ബഹിരാകാക യാത്ര നിര്‍വഹിക്കാനാവശ്യമായ ഏറ്റവും ലളിതവും എന്നാല്‍ ഗൌരവതരവുമായ വിദ്യയാണത്. അഥവാ നിസ്കാരകര്‍മം. ‘നിസ്കാരം സത്യവിശ്വാസിയുടെ മിഅ്റാജാണ്.’ ആത്മീയ വളര്‍ച്ചയിലും വ്യക്തിത്വമേന്മയിലും താല്‍പര്യമുള്ളവര്‍ ആദ്യം സജ്ജീകരിക്കേണ്ടത് വിശുദ്ധ വിശ്വാസമാണ്. ഇസ്ലാമിക പ്രബോധനമാരംഭിച്ച പ്രവാചകശ്രേഷ്ഠര്‍ ഒരു പതിറ്റാണ്ടിലേറെ കാലം ചെലവഴിച്ചത് വിശ്വാസ സംസ്കരണത്തിനായിരുന്നു. ആ കാലയളവില്‍ നിസ്കാരം, നോമ്പ്, ഹജ്ജ്, സകാത് തുടങ്ങിയ നിര്‍ബന്ധ കര്‍മാനുഷ്ഠാനങ്ങള്‍ പോലും നിയമമാക്കപ്പെട്ടിരുന്നില്ല. വിശ്വാസ വിശുദ്ധിയുടെ വിട്ടുവീഴ്ചയില്ലാത്ത പ്രാധാന്യം മനസിലാക്കാന്‍ ഇതില്‍പ്പരമെന്തുവേണം?
കേവലവിശ്വാസം മതിയാവില്ല; സമഗ്രവും സമ്പൂര്‍ണവും സംശുദ്ധവുമായ സത്യവിശ്വാസമാണിവിടെ ആവശ്യമായിവരുന്നത്. “സത്യവിശ്വാസം സ്വീകരിച്ചവര്‍, തങ്ങളുടെ വിശ്വാസത്തില്‍ അതിക്രമം കലര്‍ത്താതിരുന്നവര്‍; അവര്‍ക്ക് നിര്‍ഭയത്വമുണ്ട്. അവര്‍ സന്മാര്‍ഗികളുമാണ്” (വി.ഖു. 6/82). കേവല മുസ്ലിമായതുകൊണ്ട് ആത്മീയമായി പുരോഗമിക്കില്ല. വിശ്വാസ വൈകല്യത്തിന്റെ വിഷാംശം ഒട്ടും ബാധിക്കാത്ത മുസ്ലിമായിരിക്കണം. മുസ്ലിംകള്‍ എഴുപത്തിമൂന്ന് വിഭാഗങ്ങളായി പിരിയുമെന്ന് ദീര്‍ഘദര്‍ശനം ചെയ്ത നബി (സ്വ) അവയില്‍ എഴുപത്തിരണ്ടും നരകത്തിലാണെന്ന് തീര്‍ത്തുപറയുന്നു.
“നിശ്ചയം, ഈ സമുദായം എഴുപത്തിമൂന്ന് കക്ഷികളായി ഭിന്നിക്കുന്നതാണ്. അവയില്‍ എഴുപത്തിരണ്ടും നരകാവകാശികളും ഒരു വിഭാഗം സ്വര്‍ഗാവകാശികളുമാണ്” (അഹ്മദ്, അബൂദാവൂദ് 2641, സ്വഹീഹുത്തര്‍ഗീബ് 49).
മുസ്ലിം സമുദായത്തില്‍ വിഭാഗീയതയും തര്‍ക്കങ്ങളും വ്യാപിച്ചപ്പോള്‍ യഥാര്‍ഥ ഇസ്ലാമിക പാതയില്‍ തെറ്റിദ്ധാരണകളുടലെടുത്തു. ഘനീഭവിച്ചു. സംഭ്രമിച്ചുനിന്ന പലരും എല്ലാം ശരി എന്ന നിലപാടു വെച്ച് പുലര്‍ത്തി. മറ്റുചിലര്‍ പ്രസംഗകരുടെയും മറ്റും വലയില്‍ കുരുങ്ങുകയും വഴിതെറ്റിയവരുടെ പക്ഷപാതികളായിത്തീരുകയും ചെയ്തു. ഇത്തരം നിലപാടുകള്‍ ആത്മീയ പുരോഗതിക്കും പരലോകമോക്ഷത്തിനും തടസമാണ്. മേല്‍ ഹദീസ് അതാണ് ഓര്‍മപ്പെടുത്തുന്നത്. വിശുദ്ധ ഖുര്‍ആനും അതുതന്നെ ഉദ്ബോധിപ്പിക്കുന്നു. ‘നിശ്ചയം ഇതെന്റെ നേരായ മാര്‍ഗമാണ്. നിങ്ങള്‍ അതനുഗമിക്കുവീന്‍. വിവിധ വഴികള്‍ നിങ്ങള്‍ അനുഗമിക്കരുത്. അങ്ങനെ ചെയ്യുന്നപക്ഷം നിങ്ങള്‍ അവന്റെ സത്യപാതയില്‍നിന്ന് ചിന്നിച്ചിതറുന്നതാണ്. അവന്‍ നിങ്ങളെ ഉപദേശിക്കുന്നതിങ്ങനെയാണ്; നിങ്ങള്‍ ഭക്തരാകുന്നതിനുവേണ്ടി” (വി.ഖു. 6/153).
നിസ്കരിക്കൂ എന്നല്ല യഥാവിധി നിസ്കരിക്കൂ (ഇഖാമതുസ്വലാത്) എന്നാണ് ഖുര്‍ആന്‍ കല്‍പന. ഇപ്രകാരംതന്നെ ദീന്‍ സ്വീകരിക്കുക എന്ന സാമാന്യ കല്‍പനയല്ല. കുറ്റമറ്റരീതിയില്‍ ദീന്‍ യഥാവിധി നിലനിര്‍ത്തുക എന്ന പ്രത്യേക കല്‍പനയാണ് ഖുര്‍ആന്‍ നല്‍കുന്നത്. “നിങ്ങള്‍ ദീന്‍ യഥാവിധി നിലനിര്‍ത്തുവീന്‍. വിവിധ പാര്‍ട്ടികളാകാതിരിക്കിന്‍” (വി.ഖു. 42/13). തെറ്റായ മുഴുവന്‍ ചിന്താഗതികളില്‍നിന്നും മുക്തമാകുവാന്‍ ഖുര്‍ആന്‍ പ്രത്യേകം കല്‍പിക്കുന്നു.
“അബദ്ധധാരണകളില്‍ നിന്നെല്ലാം മുക്തമായി നിന്റെ മുഖത്തെ ദീനിനുനേരെ നിര്‍ത്തിക്കൊള്ളണം; അല്ലാഹു മനുഷ്യരെ സൃഷ്ടിച്ച ശുദ്ധപ്രകൃതിയില്‍. അവന്റെ സൃഷ്ടിയില്‍ മാറ്റമില്ല. അതാണ് ശരിയായ ദീന്‍. ഏറെ പേരും അതറിയുന്നില്ല” (വി.ഖു. 30/30). സത്യവിശ്വാസം എല്ലാവിധ വൈകല്യങ്ങളില്‍നിന്നും സമ്പൂര്‍ണമായി സംശുദ്ധമായിരിക്കേണ്ടത് അങ്ങേയറ്റം പ്രാധാന്യമര്‍ഹിക്കുന്ന കാര്യമാണ്. ഇസ്ലാം, മുസ്ലിം എന്ന് നാമുപയോഗിക്കുന്ന എല്ലാവിധ കാഴ്ചപ്പാടുകളും പാര്‍ട്ടികളും സത്യവാഹകരാണെന്ന ധാരണ ഭീമാബദ്ധവും അപകടകരവുമാണ്. വിശ്വാസ വിശുദ്ധി കൈവന്നാല്‍ കര്‍മങ്ങള്‍ കരുപ്പിടിപ്പിക്കാം. കര്‍മപരമായ വളര്‍ച്ച വിവിധ തലങ്ങളിലൂടെ സാധ്യമാകും. കര്‍മങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചും വണ്ണം വര്‍ധിപ്പിച്ചുമാകാം. രണ്ടും ഒരുമിച്ചുമാവം.
“അവന്‍ ഉദ്ദേശിക്കുന്നപക്ഷം നിങ്ങളെ ഒരൊറ്റ സമുദായമാക്കുമായിരുന്നു. പക്ഷേ, അവന്‍ നല്‍കിയതില്‍ നിങ്ങളെ പരീക്ഷിക്കുകയാണ്. അതിനാല്‍ പുണ്യങ്ങളിലേക്ക് ദ്രുതഗതിയില്‍ മുന്നേറുക”(വി.ഖു.5/48). “അപ്പോള്‍ അണുഅളവ് നന്മചെയ്തവര്‍ അത് കാണും” (വി.ഖു. 99/7) തുടങ്ങിയ വചനങ്ങള്‍ കര്‍മങ്ങള്‍ വര്‍ധിപ്പിക്കാന്‍ നിര്‍ദേശിക്കുന്നു. പുണ്യകര്‍മങ്ങളാല്‍ വയറു നിറഞ്ഞതായി ഒരിക്കലും വിശ്വാസിക്കു തോന്നില്ല” (തിര്‍മുദി 2687).
“എന്റെ അടിമ ഐച്ഛിക പുണ്യകര്‍മങ്ങളിലൂടെ എന്നോട് അടുത്തുകൊണ്ടിരിക്കും” (ബുഖാരി) തുടങ്ങിയ അനവധി നബിവചനങ്ങളും ഇതേ നിര്‍ദേശമാണ് മുന്നോട്ടുവെക്കുന്നത്. “പ്രവാചകതിരുമേനി (സ്വ) അവിടുത്തെ തൃപ്പാദങ്ങളില്‍ നീരുവന്നു വീര്‍ക്കുവോളം രാത്രിയില്‍ ഉറക്കമിളച്ച് ആരാധനാനിരതരാവാറുണ്ടായിരുന്നു” (ബുഖാരി, മുസ്ലിം).
“സ്വഹാബികളുടെ സുന്നത്ത് നിസ്കാരങ്ങളുടെ ഏറ്റവും കുറഞ്ഞ എണ്ണം നൂറ് റക്അത്തായിരുന്നു” (ഇഹ്യ 1/359). കര്‍മങ്ങള്‍ വര്‍ധിപ്പിക്കുന്നതിന്റെ മികച്ച ഉദാഹരണങ്ങളാണിത്തരം ചരിത്രവസ്തുതകള്‍. കര്‍മങ്ങളുടെ വണ്ണം അഥവാ ഗുണം മെച്ചപ്പെടുത്തുന്ന രീതി ആപേക്ഷികമായി സൌകര്യപ്രദവും കരണീയവുമാണ്; തിരക്കുപിടിച്ച ജീവിത ചുറ്റുപാടുള്ളവര്‍ക്ക് പ്രത്യേകിച്ചും. ഈ രീതിയുടെ വിവരണം ക്ഷിപ്രസാധ്യമല്ല. കാരണം, ആത്മീയ അനുഭവങ്ങളും ആനന്ദങ്ങളും വ്യക്തിപരവും വ്യത്യസ്തവുമായിരിക്കും.
ഖുര്‍ആന്‍ പാരായണം സൃഷ്ടിക്കുന്ന വ്യത്യസ്ത അനുഭവങ്ങള്‍ ഖുര്‍ആന്‍ തന്നെ വരച്ചുകാണിക്കുന്നുണ്ട്. ഒന്ന്: പാരായണത്തിലൂടെ വിശ്വാസം വര്‍ധിപ്പിക്കുന്നവര്‍ (9/124). രണ്ട്: മനമലിഞ്ഞ് കരയുന്നവര്‍ (5/83, 19/58). മൂന്ന്: ഭക്തിപാരവശ്യത്തില്‍ സുജൂദില്‍ വീഴുന്നവര്‍ (17/107,109). നാല്: ചര്‍മംപോലും വലിഞ്ഞുമുറുകുന്ന തീവ്ര ഭക്തിയാല്‍ കടുത്ത അന്തക്ഷോഭമുണ്ടാകുന്നവര്‍’ (39/23).
ഇടക്കൊരു ചോദ്യം: ഖുര്‍ആന്‍ പാരായണത്തിലൂടെ താങ്കള്‍ക്ക് എന്തെങ്കിലും ആത്മാനുഭവം സാധിക്കുന്നുണ്ടോ? ആത്മസുഖത്തിന്റെ മധുരം? ദുഃഖത്തിന്റെ നീറ്റല്‍? അല്ല, കുറേനേരം പാരായണം ചെയ്തുകഴിഞ്ഞാല്‍ മുഷിപ്പാണോ ഉണ്ടാവുന്നത്? അതുമല്ലെങ്കില്‍ തീരേ താല്‍പര്യക്കുറവ് അനുഭവപ്പെടുന്നോ? ആരാധന ഒരു സാധനയാവണം. ഏകാഗ്രമായ ആത്മീയ പ്രക്രിയ ആയിരിക്കണം. ശരീരവും മനസും ത്രസിക്കുന്ന ആത്മീയാനുഭൂതിയായിത്തീരണം. പടിപടിയായി വളരാന്‍ പ്രചോദനമായിരിക്കണം.
വിരസമായ പൂജാമുറയല്ല ഇസ്ലാമിക ആരാധനാകര്‍മങ്ങള്‍.മാനുഷിക ധര്‍മത്തിന്റെ തെളിമയും ചൈതന്യവുമാണത്. ആവേശകരമായ മാനസിക പ്രക്രിയയാണ്.ആത്മീയാനുഭൂതിയാണ്. യാഥാര്‍ഥ്യബോധത്തോടെ, ആരാധന നിര്‍വഹിക്കുമ്പോള്‍ തന്നെ ഉത്തരോത്തരം അഭിവൃദ്ധിപ്പെടാനുള്ള വഴികള്‍ ചിന്തിക്കണം. ഒരു സാമ്പിള്‍ പറയാം.
എന്തിനാണ് കര്‍മധര്‍മാനുഷ്ഠാനങ്ങള്‍? അസഹ്യവും ഭയാനകവുമായ നരകശിക്ഷയില്‍ നിന്ന് രക്ഷ കാംക്ഷിക്കുന്നതുകൊണ്ടുമാത്രമാണോ? അങ്ങനെയാവാം.ഖുര്‍ആന്‍ പറയുന്നു:”നിഷേധികള്‍ക്ക് തയ്യാറാക്കപ്പെട്ടിരിക്കുന്ന നരകത്തെ നിങ്ങള്‍ സൂക്ഷിച്ചുകൊള്ളുക”(വി.ഖു. 3/131). മോഹനമായ സ്വര്‍ഗീയ സൌഭാഗ്യങ്ങള്‍ കൊതിച്ചുകൊണ്ടാണോ കര്‍മധര്‍മങ്ങള്‍? അങ്ങനെയുമാകാം. ഇത് കുറച്ചുകൂടി ഉയര്‍ന്ന ചിന്താഗതിയാണ്. “വിശ്വസിച്ചു സല്‍ക്കര്‍മങ്ങളെടുത്തവര്‍ സ്വര്‍ഗാവകാശികളാണ്. അവരതില്‍ സ്ഥിരവാസികളുമാണ്” (വി.ഖു. 2/82).
നരകം ഭയപ്പെടുക, സ്വര്‍ഗം കൊതിക്കുക എന്നിവയേക്കാള്‍ മികച്ച മറ്റൊരു ലക്ഷ്യവുമാകാം. അതെന്താണെന്നോ? സര്‍വശക്തനായ ഏകഇലാഹിന്റെ പ്രീതി മാത്രം കാംക്ഷിക്കലാണത്. നരകമോചനമോ സ്വര്‍ഗലഭ്യതയോ അല്ല ഇവിടെ മുഖ്യലക്ഷ്യം. മറിച്ച് അല്ലാഹുവിന്റെ പ്രീതി മാത്രം. ആശയുടെയോ ആശങ്കയുടെയോ സമ്മര്‍ദം മൂലമനുഷ്ഠിക്കപ്പെടുന്ന കര്‍മങ്ങളേക്കാള്‍ അത്യുത്തമമാണ് ഇലാഹീപ്രീതിക്കായി ദാഹിച്ചുകൊണ്ടുള്ള കര്‍മങ്ങള്‍.
“അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ച് സ്വയം സമര്‍പിക്കുന്ന ചിലര്‍ ജനങ്ങളിലുണ്ട്. അല്ലാഹു അടിയാറുകളോട് കൃപാലുവത്രെ’(വി.ഖു. 2/207). സുലൈമാന്‍ നബിയുടെ മാതൃകായോഗ്യമായ പ്രാര്‍ഥന ഇങ്ങനെ:
“എന്റെ നാഥാ, എനിക്കും മാതാപിതാക്കള്‍ക്കും നീ ചെയ്ത അനുഗ്രഹങ്ങള്‍ക്ക് കൃതജ്ഞത കാണിക്കാന്‍ എനിക്ക് നീ പ്രചോദനം പ്രദാനം ചെയ്യണമേ; നീ തൃപ്തിപ്പെടുന്ന കര്‍മങ്ങള്‍ അനുഷ്ഠിക്കുവാനും. സജ്ജന ദാസരില്‍ എന്നെയും ഉള്‍പ്പെടുത്തേണമേ” (വി.ഖു. 27/19). അതെ. നരകത്തില്‍ നിന്നു സംരക്ഷിക്കുന്ന കര്‍മങ്ങള്‍ എന്നല്ല. നിന്റെ പൊരുത്തത്തിനുള്ള കര്‍മങ്ങള്‍ എന്നാണ് സുലൈമാന്‍ നബി പ്രാര്‍ഥനാപൂര്‍വം താല്‍പര്യപ്പെടുന്നത്.