“നിശ്ചയമായും അല്ലാഹുവും അവന്റെ മലകുകളും പ്രവാചകനെ ആശീര്‍വദിക്കുന്നു. അല്ലയോ വിശ്വാസികളേ, നിങ്ങളും അദ്ദേഹത്തെ ആശിര്‍വദിക്ക. അദ്ദേഹത്തിന് സമാധാനത്തിന്റെ ഭദ്രത നേരുക” (ഖുര്‍ആന്‍ 33/56).
അല്ലാഹുവിന്റെ വചനവാഹകരില്‍ അന്തിമനായ മുഹമ്മദ്നബി(സ്വ) തിരുമേനിക്ക് ആ ശീര്‍വാദം നേരാനും എന്നാളും എപ്പോഴും അവിടുത്തെമേല്‍ പ്രശാന്തപൂര്‍ണമായ സമാധാനത്തിന്റെ ഭദ്രതയുണ്ടാകട്ടെ എന്നു പ്രാര്‍ഥിക്കാനും ഖുര്‍ആന്‍ വിശ്വാസികളോട് ഉദ് ബോധനം നടത്തുകയാണ് മേല്‍ സൂക്തത്തില്‍. അല്ലാഹുവും അവന്റെ മലകുകളും പ്രവാചകനെ ആശീര്‍വദിച്ചുകൊണ്ടിരിക്കുന്നു എന്നതിന്റെ പേരിലാണിത്. അസ്തിത്വത്തിന്റെ സ്രോതസ്സായ പാരമാര്‍ഥികസത്യത്തില്‍ നിന്നുള്ള ആശീര്‍വാദത്തിന്റെ നൈരന്തര്യം മനുഷ്യന്റെ പ്രതിമാനമായ പ്രവാചകന് മേല്‍ ക്ഷണനേരം പോലും മുടങ്ങാതെ ഉണ്ടായിരിക്കേണമേ എന്ന പ്രാര്‍ഥനയാല്‍ സജ്ജമായിരിക്കണം ഒരു വിശ്വാസിയുടെ ഹൃദയം എപ്പോഴും എന്നതിനാലാണത്. സ്രഷ്ടാവായ റബ്ബില്‍ നിന്ന് സൃഷ്ടിയിലേക്കാകെയുമുള്ള അനുഗ്രഹ പ്രവാഹത്തിന്റെ പ്രതീകാത്മകമായ സ്വീകരണമാണ് അന്ത്യപ്രവാചകന്‍ തന്റെ അസ്തിത്വത്തിലൂടെ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നത്. മനുഷ്യോല്‍പ്പത്തിക്ക് ശേഷം കാലപ്രവാഹത്തില്‍ ചരിത്രത്തിന്റെ ഒരു നിര്‍ണിത മുഹൂര്‍ത്തത്തില്‍ പ്രത്യക്ഷനായ ഒരു ചരിത്രപുരുഷന്‍ എന്നനിലക്കല്ല ഈശ്വരനില്‍ നിന്നും ഈ ആശീര്‍ വാദമുണ്ടാകുന്നത്. മനുഷ്യന്റെ എന്നല്ല, സൃഷ്ടിയുടെയാകെയും തന്നെ ആവിഷ്കരണത്തിന്റെ പ്രഥമ മുഹൂര്‍ത്തത്തില്‍ സ്രഷ്ടാവില്‍ നിന്നുണ്ടായ വാക്കാകുന്നു സ്വലാത്ത്. മുഹമ്മദ്(സ്വ) എന്ന പ്രവാചകന്‍ ചരിത്രപരമായി രംഗത്തുവന്നപ്പോള്‍ ജനതക്കുവേണ്ടി അവരുടെ ഭാഷയില്‍ അദ്ദേഹം ഏറ്റുവാങ്ങിയ ദിവ്യവെളിപാടിലൂടെ അത് പരസ്യമാക്കപ്പെടുകയായിരുന്നു. പ്രപഞ്ചാത്മാവിനെ പ്രതീകവത്കരിക്കുന്ന ഉത്തമപുരുഷന്‍ എന്ന അമൂര്‍ത്തമായ അസ്തിത്വത്തിന്റെ ഘട്ടത്തിലെന്ന പോലെ ഭൌമാന്തരമായ അസ്തിത്വഘട്ടത്തിലേക്കും എത്തിനില്‍ക്കുന്നതാണ് അല്ലാഹുവില്‍ നിന്നുള്ള ഈ സ്വലാത്ത്. അഭംഗുരമായ ദൈവികാനുഗ്രഹത്തിന്റേതായ സുരക്ഷിത വലയമാണ് ഇത് പ്രവാചകവ്യക്തിത്വത്തിന് നല്‍കുന്നത്. അത് ഈശ്വരനില്‍നിന്നുള്ള അനുഗ്രഹാശിസ്സിന്റെ കാര്യം. എന്നാല്‍ വിശ്വാസിയില്‍ നിന്നുമുണ്ടാകേണ്ട സ്വലാത്തിന്റെ പ്രകൃതമെന്താണ്? ഹൃദയം നിറഞ്ഞുനില്‍ക്കുന്ന ഒരു പ്രാര്‍ഥനയായിരിക്കും വിശ്വാസിക്ക് സ്വലാത്ത് എന്നാണ് കാണേണ്ടത്.
സ്വലാത്ത് എന്ന അറബി ശബ്ദത്തിന് ചേരുന്ന
ഏറ്റവും ഉചിതമായ ഭാഷാന്തരം എന്ന നിലക്കാണ് ആശീര്‍വാദം
എന്നുപയോഗിച്ചതിവിടെ. എന്നാല്‍ സ്വലാത്ത് എന്ന ശബ്ദത്തിന്
വേറൊരു അര്‍ഥകല്‍പ്പനയുമുണ്ട്. അതീവമായ താഴ്മയോടെ അടിമയുടെ
ഭാഗത്തുനിന്ന് ഉടമയായ തമ്പുരാന് നേരെയുണ്ടാകുന്ന
സ്വത്വസമര്‍പ്പണത്തിന്റേതായ ഉപാസനയുടെ പേരാണതവിടെ. ദിവസങ്ങളില്‍
അഞ്ചുനേരമെങ്കിലും വിശ്വാസി മുടങ്ങാതെ അ നുഷ്ഠിക്കേണ്ട നിസ്കാരം
എന്ന ആരാധനാ മുറ. ഈ രണ്ട് അര്‍ഥകല്‍പ്പനകളിലും ഉള്‍ക്കൊള്ളിക്കപ്പെട്ട
ഒരു തത്വമുണ്ട്. മനുഷ്യന്‍ എന്ന ജീവിയിലെ താന്‍ എന്ന ഭാവത്തെയും
തനിക്കു മാത്രം എന്ന ആശയെയും നിഹനിക്കുക എന്നതാണത്. നിസ്കാരം
എന്ന അര്‍ഥത്തിലുള്ള സ്വലാത്തില്‍ അടിമ തന്റെ സ്വാത്മസ്വത്വത്തെയാകെയും
തന്റെ ഉടമയും തമ്പുരാനുമായ പാരമാര്‍ഥിക സത്യത്തിന് മുമ്പില്‍
സമര്‍പ്പണം ചെയ്യുന്നതിലൂടെ വിശുദ്ധമായ ഒരു സ്വത്വനാശത്തിലേക്കാണ്
കടന്നുവരുന്നത്. പ്രത്യേകിച്ചും നിസ്കാരത്തിലെ സുജൂദ് എന്ന
ഘട്ടത്തില്‍ അവനെത്തി പ്പെടുമ്പോള്‍. സ്വൂഫി ഭാഷയില്‍ ഫനാഅ്
എന്നു പറയുന്ന അവസ്ഥയാണിത്.
എന്നാല്‍ പ്രവാചകന്റെ പേരില്‍ സ്വലാത്ത് ചൊല്ലുമ്പോള്‍
ഒരാള്‍ ത്യജിക്കുന്നത് തനിക്കുമാത്രം എന്ന സ്വാര്‍ഥതയുടെ ആശയത്തെയാണ്.
കാരണം പ്രവാചക വ്യക്തിത്വത്തിന് അനുഗ്രഹം നേരുമ്പോള്‍ അയാള്‍
തേടുന്നത് താനടക്കമുള്ള മുഴുവന്‍ പ്രപഞ്ചത്തിന്റെയും
നിലനില്‍പ്പിനുവേണ്ടിയുള്ള ദൈവാനുഗ്രഹത്തിന് വേണ്ടിയാണ്.
കുറച്ചു വിശദീകരണം അര്‍ഹിക്കുന്നുണ്ട് ഇപ്പറഞ്ഞത്.വാസ്തവത്തില്‍ സ്വലാത് എന്നത് അല്ലാഹുവില്‍ നിന്നും ഉണ്ടായിക്കൊണ്ടേയിരിക്കുന്നതാണ്. വിശ്വാസിയുടെ സ്വലാത്താകട്ടെ ആയതിന്റെ നൈരന്തര്യത്തിന് വേണ്ടിയുള്ള പ്രാര്‍ഥനയുമാണ്. എന്നാല്‍ വിശ്വാസി -മനുഷ്യന്‍- മറ്റൊരു പ്രാര്‍ഥന കൂടി നടത്താന്‍ ഉപദേശിക്കപ്പെടുന്നു. സലാം എന്നതാണത്. പ്രശാന്തിയുടെ ഭദ്രത നേര്‍ന്നുകൊണ്ടുള്ള ഒരു അഭിവാദ്യമാണ് സലാം. സകല വിഭ്രാന്തികളില്‍ നിന്നും തകര്‍ച്ചകളില്‍ നിന്നും കാലുഷ്യങ്ങളില്‍ നിന്നുമുള്ള മുക്തിയെക്കുറിക്കുന്ന സമ്പൂര്‍ണമായ സമാധാനം പ്രവാചകന് ഉണ്ടാകട്ടേ എന്നു പറയുമ്പോള്‍, താനടക്കമുള്ള സര്‍വ്വ ചരാചരങ്ങള്‍ക്കും ബാധകമാകുന്ന സുരക്ഷിതത്വത്തിനും ഭദ്രതക്കും വേണ്ടിയാണ് ഒരാള്‍ പ്രാര്‍ഥിക്കുന്നത്. തനിക്കുമേലേക്ക് തന്നെ പതിക്കുന്ന ശീതളമായ അനുഗ്രഹവര്‍ഷത്തെയും പ്രശാന്തിയുടെ പേമാരിയെയുമാണ് അയാള്‍ വാസ്തവത്തില്‍ ക്ഷണിച്ചുവരുത്തുന്നത്. എങ്ങനെ എന്ന് ചോദിച്ചാല്‍ അതിനുത്തരമാണ് പ്രവാചകന്‍ എന്ന മാധ്യമം എന്നത്. കാരണം അദ്ദേഹം മനുഷ്യന്റെ പ്രതിമാനമാകുന്നു. പ്രപഞ്ചാത്മാവിനെ പ്രതീകവത്കരിക്കുന്ന പ്രഥമമായ ആവിഷ്കരണത്തിന്റെ ചരിത്രപരമായ വെളിപ്പെടലാകുന്നു. അദ്ദേഹത്തിലൂടെയാണ് മനുഷ്യാനുഭവ ചരിത്രത്തിന് മുന്നോട്ട് പോകാനുള്ളത്. അദ്ദേഹത്തില്‍ എത്തിപ്പെടാന്‍ വേണ്ടിയാണ് അതുവരേയ്ക്കുമുള്ള ആദം(സ) എന്ന ആദ്യപിതാവ് മുതല്‍ക്കുള്ള മനുഷ്യശൃംഖല ജൈവപരമായും ചരിത്രപരമായും വളര്‍ന്നുവന്നത്. അതുപോലെ തന്നെ, മനുഷ്യനെയും അവന്റെ ചരിത്രാനുഭവത്തെയും സംബന്ധിക്കുന്ന എല്ലാ കെട്ടിക്കൂടുക്കുകളും അഴിയുന്നതും എല്ലാ സങ്കീര്‍ണതകളും ഇഴപിരിയുന്നതും എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടുന്നതും ആയൊരു വ്യക്തിത്വത്തിലൂടെയാണ്. അദ്ദേഹം മനുഷ്യലോകത്തെ സംബന്ധിച്ചിടത്തോളം ദൈവത്തിലേക്കുള്ള വഴി (വസീല)യും ദൈവത്തില്‍ നിന്നുള്ള മനുഷ്യരുടെ സാക്ഷിയുമാകുന്നു.
വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: “അല്ലയോ നബീ, തീര്‍ച്ചയായും ഞാന്‍ താങ്കളെ സാക്ഷിയായും സുവിശേഷമറിയിക്കുന്നവനായും അല്ലാഹുവിന്റെ അനുവാദത്തോടെ അവനിലേക്ക് ക്ഷണിക്കുന്നവനായും പ്രകാശം പരത്തുന്ന ദീപമായും നിശ്ചയിച്ചിരിക്കുന്നു” (33/46).
ഈ നിലക്കെല്ലാം ചിന്തിക്കുമ്പോള്‍ ഈ ഒരു ഒറ്റ വ്യക്തിത്വത്തിന് മേല്‍ ചൊരിയപ്പെടുന്ന ഈശ്വരീയമായ പ്രസാദവും അനുഗ്രഹവും, അതുപോലെ, അതിനു നല്‍കപ്പെടുന്ന സമാധാനത്തിന്റേതായ ഭദ്രതയും മുഴുവന്‍ മനുഷ്യരാശിക്കും ലഭ്യമാകുന്ന അനുഗ്രഹവും പ്രസാദവും ഭദ്രതയും തന്നെയായി ഭവിക്കുമെന്ന് മനസ്സിലാക്കാന്‍ പ്രയാസമില്ല. തിരുനബി തന്നെ ആ ആശയം പഠിപ്പിച്ചുതന്നത് ഇങ്ങനെയാണ്. “ഒരാള്‍ എന്റെ മേല്‍ ഒരു സ്വലാത്ത് ചൊല്ലിയാല്‍ അല്ലാഹു അവന്റെ മേല്‍ പത്ത് സ്വലാത്ത് ചൊല്ലും.”
അല്ലാഹുവും അവന്റെ മലകുകളും പ്രവാചകനെ ആശീര്‍വദിച്ചുകൊണ്ടിരിക്കുന്നു എന്നതിനര്‍ഥം അല്ലാഹുവില്‍ നിന്ന് ഈ മാനുഷിക പൂര്‍ണിമയിലേക്ക് വരുന്ന അനുഗ്രഹങ്ങള്‍ രൂപാതീതാവിഷ്കാരം എന്ന് സ്വൂഫി തത്വദര്‍ശനത്തില്‍ വിശേഷിപ്പിക്കപ്പെടുന്ന മാലാഖവൃന്ദത്തി(മലാഇകത്)ലൂടെ പുലര്‍ന്നുകൊണ്ടിരിക്കുന്നു എന്നതാണ്. സ്രഷ്ടാവായ അല്ലാഹുവിന്റെ ഹിതം എന്നത് അതേപടി നടപ്പിലാക്കാന്‍ മാത്രം സാധിക്കുന്ന -അതിന് എതിരുനില്‍ക്കാന്‍ ഒരുവിധേനയും സാധിക്കാത്ത- അതീവ വിശുദ്ധമായ ഒരു പ്രാപഞ്ചിക ഭരണക്രമത്തിന്റെയും നിയമത്തിന്റെയും നിര്‍വഹണോപാധിയാകുന്നു മലകുകള്‍. അവരെപ്പറ്റി പ്രകാശസൃഷ്ടികളാണ്- ചലിച്ചുകൊണ്ടിരിക്കുന്ന പ്രപഞ്ചത്തിലെ ഓരോ കണത്തിലും അണുവിലും അന്തസ്ഥമായിരിക്കുന്ന അദൃശ്യവും അനിര്‍വചനീയവുമായ ഊര്‍ജ പ്രകാശ സംവിധാനം എന്നും മറ്റും പറയുന്നത് മലാഇകതിന്റെ നിര്‍വചനമാകില്ലെങ്കിലും അതിനെ മനുഷ്യബുദ്ധിയോട് അടുപ്പിച്ചുകൊണ്ടുവരാന്‍ സാധിക്കുന്ന വിശദീകരണമായി പരിഗണിക്കാം. ഏതായാലും അദൃശ്യം(ഗയ്ബ്) എന്നും അനിര്‍വചനീയം എന്നും പറയാന്‍ പറ്റുമാറ് മനുഷ്യബുദ്ധിക്ക് പിടികൊടുക്കാതെ നില്‍ക്കുന്ന രഹസ്യമാകുന്നു മലക്. അല്ലാഹുവില്‍ നിന്നുള്ള സ്വലാത്ത് ആരിലൂടെ നിര്‍വഹണക്ഷമമാകുന്നു എന്നുമാത്രം മനസ്സിലാക്കുക. അതില്‍ തന്നെയും ദിവ്യവെളിപാടിന്റെ മാധ്യമമായ ജിബ്രീല്‍(അ) എന്ന മലകിന്റെ സ്വലാത്തിന് പ്രത്യേകമായ പ്രാധാന്യമുണ്ട്. പ്രവാചകന്‍ പറഞ്ഞു: മലകുകളുടെ മുഖ്യനായ ജിബ്രീല്‍(അ) എന്റെ അടുത്തുവന്നു പറഞ്ഞു. അല്ലയോ പ്രവാചകരേ, താങ്കളുടെ സമുദായത്തിലെ ഒരാള്‍ പോലും താങ്കള്‍ക്ക് സ്വലാത് ചൊല്ലിയതായിട്ടുണ്ടാവില്ല. ഞാന്‍ അതിന്റെ പേരില്‍ അയാള്‍ക്ക് പത്ത് സ്വലാത്ത് ചൊല്ലാതെ.”
ഇവിടെ, അനന്ത വിസ്തൃതമായ പ്രപഞ്ചത്തില്‍, അസ്തിത്വത്തിന്റെ സ്രോതസ്സും ഈശ്വരനുമായിരിക്കുന്ന അല്ലാഹു, തന്റെ സൃഷ്ടി പ്രപഞ്ചമെന്ന മഹാകാശത്തിലെ ഒരൊറ്റ ബിന്ദുവില്‍ കേന്ദ്രീകരിച്ച് സംസാരിക്കുന്നതാണ് ഈ ഒരു ആയത്തിലൂടെ ലോകം ശ്രവിക്കുന്നത്. അതുകൊണ്ട് തന്നെയും ഈ ഒരു ബിന്ദു പ്രപഞ്ച വിസ്തൃതിയാകെയും തന്നെ ഉള്‍ക്കൊള്ളുമാറ് ശ്രേഷ്ഠമായിരിക്കണം. ഉണ്ടായതായ എല്ലാറ്റിന്റെയും ആകെത്തുക എന്നു വിശേഷിപ്പിക്കാന്‍ പറ്റുമാറ് ശ്രേഷ്ഠമായിരിക്കണം. അല്ലെങ്കില്‍ ഈ ഒരു ഒറ്റ ബിന്ദുവിന്റെ വ്യാപനമാകുന്നു സര്‍വ്വവും എന്നപോലെ മര്‍മ്മപ്രധാനം. അതുകൊണ്ടുതന്നെ ദൈവത്തില്‍ നിന്നും അതിലേക്ക് വന്നുപതിയുന്ന അനുഗ്രഹത്തിന്റെ ആകെ യും തന്നെ നിലനില്‍പ്പിന് വേണ്ടിയുള്ളതായി പരിഗണിക്കപ്പെടുകയും ചെയ്യണം. ജീവജാലങ്ങള്‍ക്ക് പ്രാണവായു എന്നപോലെയാണ് അസ്തിത്വത്തിന്റെ സ്രോതസ്സില്‍ നിന്നും ഈ കേന്ദ്രത്തിലേക്ക്, ഈ ബിന്ദുവിലേക്ക് ധാരമുറിയാതെ ഒഴുകിക്കൊണ്ടിരിക്കുന്ന അനുഗ്രഹ പ്രവാഹം. ഈ സ്വലാത്ത് ചെന്നു പതിയുന്ന വ്യക്തിത്വം സംസ്തുതാഖ്യനാകുന്നു. അതായത് മുഹമ്മദ്(സ്വ).
വാഴ്ത്തപ്പെടുന്നവന്‍, സ്തുതിക്കപ്പെടുന്നവന്‍ എന്നൊക്കെയുള്ള ഭാഷാന്തരങ്ങള്‍ മുഹമ്മദ് എന്ന ശബ്ദത്തിന് ചേരും. സൃഷ്ടിയുടെ പ്രാദുര്‍ഭാവം മുതല്‍ അതിന്റെ ഒടുക്കം വരെക്കും നീളുന്ന പ്രശംസയുടെ ഏറ്റുവാങ്ങലാണ് മുഹമ്മദ്(സ്വ) എന്ന മാനുഷിക പൂര്‍ണിമയിലൂടെ സാധിക്കുന്നത്. മുഹമ്മദ് ആവിഷ്കരണത്തിലെ ആദ്യത്തെ പ്രകാശമായിരുന്നു. വെളിച്ചം ശ്രേഷ്ഠം എന്നു കര്‍ത്താവ് കണ്ടു. അതിനെ അവന്‍ വാഴ്ത്തി. അ ങ്ങനെയത് ഒരു വാഴ്ത്തപ്പെട്ട ശോഭ (നൂര്‍മുഹമ്മദ്) ആയി ഭവിച്ചു. ആശിര്‍വാദം (സ്വലാത്) എന്നതിന്റെ തുടക്കം അവിടെ നിന്നാണ്. പ്രകാശം എന്ന ആദിമമായ ആവിഷ്കരണത്തില്‍ നിന്ന്. പിന്നെയാണ് എല്ലാം ഉണ്ടായത്.
ഉണ്ടായതിനെല്ലാം വെളിച്ചമേകുന്ന സൂര്യന്‍ എന്നപോലെയായിരുന്നു മുഹമ്മദ്(സ്വ). മുഹമ്മദി(സ്വ)ന് മറ്റൊരു പേരുകൂടിയുണ്ട്. അഹ്മദ് എന്ന്. മസീഹായ ഈസാ നബിയിലൂടെ അന്ത്യപ്രവാചകന്‍ ഖുര്‍ആനില്‍ പരിചയപ്പെടുത്തുന്നത് ഈ അഭിധാനത്തിലാണ് (61/6) അഹ്മദ് എന്ന അറബി ശബ്ദത്തിനര്‍ഥം ഏറ്റവും കൂടുതലായി അല്ലാഹുവെ സ്തുതിച്ചുകൊണ്ടിരിക്കുന്നവന്‍ എന്നാണ്(ഹാമിദ് എന്നതിന്റെ ഇസ്മുത്തഫ്ദീല്‍ രൂപമാണിത്). അല്ലാഹുവെ പൂര്‍വഭൌമികമായ അസ്തിത്വത്തിന്റെ ഘട്ടത്തില്‍ പോലും നിരന്തരമായി സ്തുതിച്ചുകൊണ്ടിരുന്ന ദാസന്റെ പേരാകുന്നു ഇത്. അദ്ദേഹത്തില്‍ നിന്നുള്ള ഈശ്വര പ്രകീര്‍ത്തനത്തിനും സ്തോത്രത്തിനും തന്റെ ജൈവപരമായ അസ്തിത്വത്തിന്റെയും ചരിത്രപരമായ ആഗമനത്തിന്റെയും പ്രായത്തെക്കാള്‍ പ്രായമുണ്ടെന്നര്‍ഥം. അതായത് ഇവിടെ ക്രിയയുടെ ശേഷമാണ് അതിന്റെ കര്‍ത്താവ് ആ രംഗത്തെത്തുന്നത് എന്നര്‍ഥം. ക്രിയയുടെ ശേഷം വരുന്നത് ക്രിയ ചെന്നു പതിയുന്ന കര്‍മം ആവുക എന്നതും സ്വാഭാവികമാണല്ലോ. അങ്ങനെയാണ് ഈശ്വരനെ പ്രശംസിച്ച ഒരു അസ്തിത്വം ഈശ്വരനില്‍ നിന്നുള്ള പ്രശംസ കൊണ്ട് നിറയുന്ന ഒരു പാത്രമായി ഭവിക്കുന്നത്. ദൈവത്തില്‍ നിന്നുവരുന്ന പ്രശംസ എന്നത് അവിടെ നിന്നുവരുന്ന അനുഗ്രഹ പ്രവാഹം തന്നെയാണ്. ആ നിലക്ക് മുഹമ്മദ്(സ്വ) എന്ന തിരുനാമത്തിന് തന്നെയും ദൈവികമായ സ്വലാത് എപ്പോഴും കിട്ടിക്കൊണ്ടിരിക്കുന്ന വ്യക്തിത്വം എന്ന അര്‍ഥം ലഭിക്കുന്നുണ്ട്. പ്രവാചകന്‍ അഹ്മദ് ആയിക്കൊണ്ട് ആദ്യമേ ഒരു കര്‍മയോഗിയായാണ് വരുന്നത്. ഈശ്വര സ്തോത്രം എന്ന കര്‍മാനുഷ്ഠാനം അദ്ദേഹത്തിന്റെ ധര്‍മ്മമായിരുന്നു. പൂര്‍വഭൌമമായ അസ്തിത്വത്തിന്റെ പ്രാരംഭത്തില്‍ തന്നെ. അതായത് അദ്ദേഹം അന്നേ അഹ്മദ് ആയിരുന്നു. എന്നാല്‍ മുഹമ്മദ് എന്നത് ഒരു അഭിധാനമാണ്. ഈശ്വരനില്‍ നിന്നുള്ള ഒരു പ്രശംസാപത്രം. ഒരു വിളി. അതുകൊണ്ട് ആ നാമം ഒരു സമ്മാനമാണ്. ഒരു പ്രതിഫലമാണ്. അഹ്മദ് എന്ന ശബ്ദം കര്‍മാനുഷ്ഠാനത്തിലൂടെയുള്ള ഒരു വിതയെയാണ് സൂചിപ്പിക്കുന്നതെങ്കില്‍, മുഹമ്മദ് എന്നത് കുറിക്കുന്നത് ഒരു വിളയെടുപ്പിനെയാകുന്നു. നന്മയുടെ പ്രതിഫലം നന്മയെന്നതല്ലാതെയുണ്ടോ?” (ഖുര്‍ആന്‍ 55/60).
അഹ്മദ് എന്നത് സൃഷ്ടി എന്ന പ്രക്രിയയില്‍ ആദ്യമായി ആവിഷ്കൃതമാകുന്ന സുകര്‍മ്മാവാണ്. അല്ലാഹുവെ സ്തുതിക്കുക എന്നതാണ് അവിടുത്തെ ധര്‍മ്മം. എന്നാല്‍ മുഹമ്മദ് എന്നതാകട്ടെ അന്തിമം എന്നതിലൂടെ പൂര്‍ണതയെ പ്രതീകവത്കരിക്കുന്ന ചരിത്രപരമായ ഒരു ആവിഷ്കരണമാണ്.
ചരിത്രം എന്ന മനുഷ്യാനുഭവ പ്രവാഹത്തില്‍ അവിടന്ന് നില്‍ക്കുമ്പോള്‍ മനുഷ്യാനുഭവത്തെ സംബന്ധിക്കുന്ന സങ്കീര്‍ണതകളുടെയാകെയും കെട്ടുകള്‍ സ്വയം അഴിയുന്നു. (തന്‍ഹല്ലുബിഹില്‍ ഉഖ്വദ്) ഇരുട്ട് പോയ് മറയുന്നു. കാലുഷ്യം അകലുന്നു. അതേ, മുഹമ്മദ്(സ്വ) വെളിച്ചം പ്രസരിപ്പിക്കുന്ന വിശുദ്ധ ദീപമായി ജ്വലിച്ചുകത്തുന്നു. അവിടുത്തെ സാന്നിധ്യത്തിന്റെ സമര്‍പ്പണം എത്തിച്ചേരാത്ത കോണുകളുണ്ടാവില്ല ഭൂവില്‍. അങ്ങനെ കാളിമക്കെതിരായി സജ്ജമായി നില്‍ക്കുന്ന വിന്യസിക്കപ്പെട്ട സേനയെപ്പോലെയാണ് ആ വ്യക്തി പ്രഭാവത്തിന്റെ അംശങ്ങള്‍. അതെല്ലാം തന്നെയും പ്രകാശമാകുന്നു. അപ്പോള്‍ ആ നിയോഗത്തിലൂടെ മനുഷ്യജാതിയുടെ ചരിത്രപരവും അല്ലാത്തതുമായ ആവശ്യങ്ങളെല്ലാം നിര്‍വ്വഹിക്കപ്പെടുകയുണ്ടായി(തുഖ്ദാബിഹില്‍ ഹവാഇജ്). മാനവികമായ സുന്ദര സ്വപ്നങ്ങളും പ്രതീക്ഷകളും ആഗ്രഹങ്ങളുമെല്ലാം അങ്ങനെ യാഥാര്‍ഥ്യവത്കരിക്കപ്പെടുന്നു (വതുനാലുബിഹിര്‍റഗാഇബ്). അതെ, ഇശ്വരന്‍ മരുപ്പറമ്പാമുലകത്തില്‍ നടുന്ന ഉറ്റവൃക്ഷമാകുന്നു മുഹമ്മദ്. സ്വല്ലല്ലാഹു അലൈഹി വസല്ലം, വ ആലിഹി….
അതിന്റെ വേരുകള്‍ മേലേയാകുന്നു. ശിഖരങ്ങളത്രയും വേദപ്പൊരുള്‍. ശിഖരങ്ങളില്‍ നിന്ന് താഴോട്ടിറങ്ങി വരുന്ന വേരുകള്‍ അടിത്തട്ടില്‍ ഭൂമിയെ സ്പര്‍ശിച്ചുകൊണ്ട് നിലകൊള്ളുന്നു. കര്‍മാനുബന്ധിനി. അതിഗംഭീരമായ സംസാര വൃക്ഷം. അത് ഇലയ്ക്കുന്നു. പൂക്കുന്നു. കായ്ക്കുന്നു. അതിന്റെ ചുവടെയാണ്, അവിടെ മാത്രമാണ് മനുഷ്യകുലത്തിന് വിശ്രമം. ആ മരത്തിനായിക്കൊണ്ടാണ് മഴ പെയ്യുന്നത്. ആ വിശുദ്ധന്റെ വദനപ്രസാദം എന്നത് മഴമേഘങ്ങളില്‍ ജലം നിറയാനുള്ള കാരണമാണ്. അല്ലെങ്കില്‍ ഭൂമിയിലേക്ക് മഴയിറങ്ങേണ്ട കാര്യമില്ല. അവന്റെ അഭാവത്തില്‍ മരുഭൂമിയും മലര്‍വാടിയുമൊരുപോലെയായിരിക്കും. അവന് വേണ്ടിയാണ് ഭൂമി ഹരിതാഭമാകുന്നത്(വയുസ്ത്സ്ഖവല്‍ ഗമാമു ബിവജിഹിഹില്‍ കരീം). അതാണ് അല്ലാഹുവില്‍ നിന്നും തിരുനബിയുടെ മേല്‍ ചൊരിയപ്പെട്ടുകൊണ്ടിരിക്കുന്ന സ്വലാത്തിന്റെ പ്രകൃതം. അനുഗ്രഹീതമായൊരു പെയ്തിറങ്ങലായിരുന്നു അത്.
സംസാരവൃക്ഷത്തെ നിലനിര്‍ത്തുന്ന പൂമഴ. അതിലൂടെയാണ് ജീവന്‍ നിലനിര്‍ത്തപ്പെടുന്നത്. അതിനാല്‍, ആയതിന് വേണ്ടി പ്രാര്‍ഥിക്കുന്നവര്‍ അക്കാരണത്താല്‍ തന്നെ യഥാര്‍ഥത്തില്‍ തങ്ങളുടേത് കൂടിയായ നന്മക്ക് വേണ്ടിയാണ് തേടുന്നത്. പതിന്മടങ്ങായി പെരുക്കപ്പെടുന്ന സ്വലാത്തിന്റെ പ്രസര്‍പ്പണം മനുഷ്യാനുഭവത്തെ പുഷ്കലമാക്കിക്കൊണ്ടിരിക്കയാണ് സര്‍വ്വദാ. അതിന്റെ ഗുണഭോക്താക്കളാകുന്നു ഈ വിശുദ്ധ വൃക്ഷച്ചുവട്ടില്‍ വിശ്രമിക്കുന്ന ഏതൊരുവനും. അതിന്റെ അഭംഗുരമായ പ്രവാഹത്തിനുവേണ്ടി പ്രാര്‍ഥിക്കുന്നവരത്രയും അനുഗ്രഹീതരാകുന്നു. അല്ലാഹു വും അവന്റെ മലകുകളും സര്‍വ്വവിശുദ്ധരും അവരെയും ആശീര്‍വദിച്ചുകൊണ്ടിരിക്കും. മഹിതമായ പ്രസാദത്തിന്റെ തണലില്‍ അവര്‍ ജീവിക്കും.
ഏറ്റവും അപ്പുറത്തുനിന്നുള്ള ഒരു നക്ഷത്രത്തിന്റെ വെളിച്ചം ഇടക്കുള്ള അനേകമറകളെ തുളച്ചുകീറി ഇവിടെ ഭൂമിയില്‍ ഇരുട്ടില്‍ കഴിയുന്ന മാനുഷിക സാഹചര്യത്തില്‍ എത്തിപ്പെട്ട് ചരിത്രത്തിന്റെ ഗതി നിര്‍ണയിക്കുക എന്നതാണ് മുഹമ്മദ്(സ്വ) എന്ന മനുഷ്യപുത്രന്റെ ആഗമനത്തോടെ സാധിക്കുന്നത്. അഹ്മദ് എന്ന നക്ഷത്രം മുഹമ്മദ് എന്ന പ്രകാശകിരണമായി ഭൂമിയില്‍ എത്തുന്നു! അഹ്മദിലെ ‘അലിഫും’ മുഹമ്മദിലെ ‘മീമും’ ആദ്യാന്തങ്ങളുടെതായ ഒരു പ്രണവ തത്വത്തെയാണ് വ്യജ്ഞിപ്പിക്കുന്നത്. വേദം തുറക്കുമ്പോള്‍ പ്രാര്‍ഥന(അല്‍ഫാതിഹ) കഴിഞ്ഞ് വായിക്കുന്ന ആദ്യ സൂക്തത്തിന്റെ നാദത്തില്‍ നിന്ന് നമുക്ക് കിട്ടുന്ന ഒരു ധ്വനിയും ഇതുതന്നെയല്ലേ. ‘അലിഫ്- ലാം- മീം’ എന്ന വിശുദ്ധ മന്ത്രത്തിന്റെ ധ്വനി. അലിഫ് എന്ന അതിലെ ആദ്യാക്ഷരം ഈശ്വരന്റെ ഏറ്റവും ശ്രേഷ്ഠ നാമമായ ‘അല്ലാഹു‘ എന്നതിലെ ആദ്യാക്ഷരമാകുന്നു എന്നപോലെ ‘അഹ്മദ്‘ എന്ന നാമത്തിലെയും ആദ്യാക്ഷരമാണല്ലോ. ‘അഹദ്’ എന്ന ശബ്ദമാകട്ടെ ഇടക്ക് ഒരു ‘മീമും’ ഉള്‍ക്കൊള്ളുന്നുണ്ട്. ആ ‘മീം’ ആകുന്നു ‘മുഹമ്മദ്’ ആയി വികസിക്കുന്ന ‘മീം’! അതുപോലെ അഹ്മദ് എന്നതില്‍ നിന്ന് ആ ‘മീം’ എടുത്തുമാറ്റിയാല്‍ ബാ ക്കിയാകുന്നതെന്താണ്? ദ്വിതീയതക്ക് സ്ഥാനമില്ലാത്ത ദിവ്യമായ ഏകത്വത്തെ കുറിക്കു ന്ന ‘അഹദ്’ എന്ന ശബ്ദമല്ലേ അത്. അതായത് അല്ലാഹുവിന്റെ വിശേഷണം. അതില്‍ ഒരു ‘മീം’ വരുമ്പോള്‍ അല്ലാഹുവിനെ പ്രഥമമായി പ്രകീര്‍ത്തിക്കുന്ന ഒരു സൃഷ്ടി ആവിഷ്കൃതമാകുന്നു. ആ സൃഷ്ടിയെയാകട്ടെ അവന്‍ തന്റെ അനുഗ്രഹത്താല്‍ (സ്വലാത്തിനാല്‍) വലയം ചെയ്യുകയും ചെയ്യുന്നു.(അഹ്മദ് എന്നതില്‍ ‘മീം’ എന്ന അക്ഷരം ഉള്‍ ക്കൊള്ളിക്കപ്പെട്ട പോലെ) അതിനര്‍ഥം ഇത്തരം ഒരു ‘മീം’ (സൃഷ്ടിയാകെയും തന്നെ അതിന്റെ പ്രകാശനമാണ്) നിലനില്‍ക്കുന്നില്ല; അല്ലാഹുവിന്റെ സര്‍വ്വത്ര വലയം ചെയ്യു ന്ന അനുഗ്രഹകടാക്ഷത്തോടുകൂടിയല്ലാതെ എന്നാണ്. അല്ലാഹു തആലായുടെ ഖ്വയ്യൂം എന്നും സ്വമദ് എന്നും മറ്റുമുള്ള വിശേഷണങ്ങള്‍ നല്‍കുന്ന സൂചനയും അതുതന്നെയാണ്. അതായത് സ്രഷ്ടാവായ പടച്ചവന്‍ സ്വയം നിലനില്‍ക്കുന്നവനാണെങ്കില്‍, സൃഷ്ടി പ്രതിഭാസത്തിന് അവനെ കൂടാതെ അസ്തിത്വമില്ലെന്ന്. അവനെ കൂടാതെ സ്വയം നിലനില്‍ക്കാന്‍ കഴിയുന്ന ഒരു അസ്തിത്വമായി സൃഷ്ടിയെ വേര്‍പ്പെടുത്തിയെടുത്തു വായിക്കുമ്പോള്‍ അസ്തിത്വത്തിലെ ഏകത്വം എന്ന തൌഹീദ് വീക്ഷണത്തില്‍ കലര്‍പ്പുണ്ടാവുകയും ശിര്‍ക്ക്(പങ്കാളിത്തം)എന്ന അപഭ്രംശത്തില്‍ മനുഷ്യന്‍ ചെന്നുവീഴുകയും ചെയ്യുന്നു.
സ്രഷ്ടാവായ അല്ലാഹുവിന്റെ മഹിതമായ ഹിതത്തില്‍ നിന്ന് കുന്‍(ഭവിക്കുക)എന്ന വചനത്തിലൂടെ ആവിഷ്കൃതമാകുന്ന പ്രഥമമായ പ്രകാശം! അതാകുന്നു അഹ്മദ്. അനേകം മറകള്‍ അപ്പുറത്ത് ഒരു മുഹൂര്‍ത്തത്തില്‍ അത് ആവിഷ്കരിക്കപ്പെട്ടു. അന്നേരം തന്നെ അത് അതിന്റെ സ്വാഭാവികമായ ധര്‍മ്മത്തില്‍ നിമഗ്നമാവുകയും ചെയ്തു. സ്രഷ്ടാവിനുള്ള നിരന്തരമായ സ്തോത്രമായിരുന്നു ആ ധര്‍മ്മം.
എന്നാല്‍ ചരിത്രം അതിനെ കാണുന്നത് (എത്രയോ കോടി പ്രകാശവര്‍ഷങ്ങള്‍ക്ക് മുമ്പ് ഉദയം ചെയ്തൊരു നക്ഷത്രത്തിന്റെ പ്രഭ ഇങ്ങ് ഭൂമിയില്‍ എത്തുംപോലെ) അനേകമറകള്‍ താണ്ടി ഇരുട്ടിനെ തുളച്ചുകയറി, മനുഷ്യന്റെ ചരിത്രാനുഭവത്തിലെ ഒരു നിര്‍ണായക ഘട്ടത്തില്‍ പകലിന് മുന്നോടിയായി വരുന്ന വെള്ളിനക്ഷത്രമെന്നപോലെയാണ്. ഖുര്‍ആന്‍ തന്നെയും അതങ്ങനെയാണ് അവതരിപ്പിക്കുന്നത്.
“ആകാശവും നിശീഥിനിയില്‍ വരുന്നും സാക്ഷി
നിശീഥിനിയില്‍ വന്നെത്തുന്നത്
എന്ത് എന്ന് എന്താണ് നിനക്കറിയിക്കുന്നത്!
തുളച്ചുകയറുന്ന ഒരു നക്ഷത്രമത്രെ അത്” (86/1-3).
ഒരേയവസരത്തില്‍ ഒന്നാമത്തേത് എന്നും ഒടുവിലത്തേത് എന്നുമുള്ള ദ്വന്ദ്വാത്മകമെന്ന് തോന്നിക്കുന്ന അത്ഭുത പ്രതിഭാസമാകുന്നു ഈ വെളിപ്പെടല്‍. എന്തുകൊണ്ടിതു സംഭവിക്കുന്നു എന്നതിനുത്തരമം നിരന്തരമായി അതിന് അതിന്റെ സ്രഷ്ടാവില്‍ നിന്നും ലഭിച്ചുകൊണ്ടിരുന്ന ആശീര്‍വാദത്താല്‍ എന്നാണ്. ഈ ആശീര്‍വാദം (സ്വലാത്) അസ്തിത്വത്തിന്റെ സ്രോതസ്സായ അല്ലാഹുവില്‍ നിന്ന് തുടങ്ങി മാലാഖമാരുടെതായ അദൃശ്യലോകത്തേക്കും അവിടെ നിന്ന് പിന്നെയും താഴോട്ടുവന്ന് മനുഷ്യരുടെ ലോകത്തും എത്തിനില്‍ക്കുന്നു. മുഹമ്മദ്(സ്വ) എന്ന ചരിത്രപുരുഷന്റെ ജൈവപരമായ പ്രാരംഭം കുറിക്കു ന്ന ആദം(അ) എന്ന പ്രവാചകന്‍ തന്റെ വംശപരമ്പരയിലെ ഈ മാനുഷിക പൂര്‍ണിമക്ക് ആശിസ്സുകള്‍ നേര്‍ന്നതായി ചില രേഖകളില്‍ കാണുന്നു. അപ്പറഞ്ഞതിന്റെ പൊരുളിലേക്കിറങ്ങി ചിന്തിക്കുന്ന ഒരാളിന് അതൊക്കെ ഖുറാഫത്തായി കണ്ട് തള്ളേണ്ട കാര്യമുണ്ടാവില്ല. ആദം(അ) എന്ന പുരുഷപ്രജക്ക് അവനില്‍ നിന്നുതന്നെയുള്ള ഇണയായി ദൈവം പുറത്തെടുത്ത ഹവ്വായെ നല്‍കുമ്പോള്‍ മഹ്റായി നിശ്ചയിക്കപ്പെട്ടത് നബിയുടെ മേല്‍ സ്വലാത് ചൊല്ലുക എന്നതായിരുന്നു എന്നു പറഞ്ഞാലും അതൊരു കെട്ടുകഥയായി പരിഗണിക്കേണ്ട കാര്യം ജ്ഞാന ദൃഷ്ടിയുള്ളവര്‍ക്കുണ്ടാകില്ല. എന്നല്ല, എത്ര ഗംഭീരമായൊരു ആശയമാണ് അപ്പറഞ്ഞത് ഉള്‍ക്കൊള്ളുന്നത് എന്നതിനാലാണ് വിസ്മ യം കൂറിപ്പോവുക.
മനുഷ്യരായ ആദ്യത്തെ ആണും പെണ്ണും ജൈവപരമായ ഇണചേരുമ്പോള്‍, അത് അവര്‍ക്കു മുമ്പ് ഭൂമിയില്‍ ഉണ്ടായിരുന്ന നാലുകാലിലും ഇരുകാലിലും തന്നെ നടക്കാന്‍ കഴിവുള്ള നിത്യക്കുകളുടെ പ്രജനനം പോലെയുള്ള ഒന്നാകാന്‍ പാടില്ല എന്ന ആശയമാണ് അതുള്‍ക്കൊള്ളുന്നത്. അതൊരു മഹത്തായ ഉദ്ദേശ്യം മുന്‍നിര്‍ത്തിയായിരിക്കണം. മനുഷ്യന്‍ എന്നതിന്റെ പൂര്‍ണതയെ പുറത്തുകൊണ്ടുവരാന്‍ വേണ്ടിയായിരിക്കണം. ആ പൂര്‍ണിമയാകുന്നു മുഹമ്മദ്(സ്വ). ആ വ്യക്തിത്വത്തിലൂടെ മാത്രമേ ആദമി(അ)ന്, ഭൂമിയില്‍ അല്ലാഹുവിന്റെ പ്രതിനിധി എന്ന സ്ഥാനം ലഭിക്കാന്‍ പോകുന്നുള്ളൂ. ആ പൂര്‍ണിമയിലൂടെ മാത്രമേ നഷ്ടപ്പെട്ട പറുദീസ ആദമി(അ)ന് തിരിച്ചുകിട്ടാന്‍ പോകുന്നുള്ളൂ. അതുകൊണ്ട് ആ പൂര്‍ണിമക്കുമേല്‍ അനുഗ്രഹത്തിന്റെ ആശിസ്സ് നേര്‍ന്നുകൊണ്ട് ആദമും ഹവ്വയും മനുഷ്യന്‍ എന്ന ജീവിയുടെ ജൈവപരവും ഒപ്പം അധ്യാത്മികവുമായ ഇണചേരലിനെ സ്വയം പരിശുദ്ധമാക്കിക്കൊണ്ട് അതൊരു പുണ്യകര്‍മ്മമായി ദൈവത്തിന് സമര്‍പ്പിക്കുകയായിരുന്നു. ആ സമര്‍പ്പണം അല്ലാഹു സ്വീകരിച്ചുകൊണ്ട് ആദം(അ)മിന്റേതായ ഈ സന്തതിക്ക് വേണ്ടി മനുഷ്യചരിത്രത്തെ ആവിഷ്കരിക്കുകയും ചെയ്തു. ആ വിശുദ്ധമായ പൊരുളിന്റെ പുലര്‍ച്ചക്കുവേണ്ടി കാത്തിരിക്കാന്‍ ചരിത്രത്തോട് ദൈ വം ഉത്തരവായി.
ആദം(അ)മിന്റെ സന്തതികളില്‍ ഇബ്റാഹിം എന്നൊരു പ്രവാചകന്‍ ഈ വിശിഷ്ട സ്വലാത്തിന്റെ സ്വീകരണിയായി ചരിത്രത്തിന്റെ അരങ്ങില്‍ വന്നു നിറഞ്ഞുനിന്നു. തന്റെ വംശപരമ്പരയില്‍ ജനിക്കാനിരിക്കുന്ന വിശുദ്ധന്റെ പേരിലുള്ള ആശിസ്സ് അദ്ദേഹം ഏറ്റുവാങ്ങി. അതവിടെ നിന്ന് തന്റെ രണ്ടു താവഴികളിലൂടെയുമുള്ള വചനവാഹകന്മാരിലേക്കാകെയും വ്യാപിപ്പിച്ചു. അങ്ങനെ മുഹമ്മദി(സ്വ)ന് മുമ്പ് തന്നെ ആ സ്വലാത്ത് ചരിത്രഗതിയില്‍ ശോഭയാര്‍ന്ന തുടക്കങ്ങള്‍ക്ക് നിമിത്തമായി. അനേക പ്രവാചകന്മാര്‍. അവരില്‍ തന്നെ എടുത്തുപറയേണ്ട മൂസാ(അ), ഈസാ(അ) എന്നീ വിശിഷ്ടര്‍. ഇവരെല്ലാവരും തന്നെ തങ്ങളുടെ സ്വന്തം നിലയിലും വരാന്‍ പോകുന്ന മഹാജ്യോതിസ്സിന് ആശീര്‍വാദങ്ങള്‍ നേര്‍ന്നവരായിരുന്നു.
എങ്ങനെയാണ് സ്വലാത് ചൊല്ലേണ്ടത് എന്ന് ആരാഞ്ഞപ്പോള്‍ നബി പഠിപ്പിച്ച സ്വലാത്തി ന്റെ വചനത്തില്‍ ഇബ്റാഹിം(അ)ന്റെയും കുടുംബത്തിന്റെയും പേരിലുള്ള സ്വലാത്തി ന്റെ വചനവും ഉള്‍ക്കൊള്ളിച്ച് സമാനമാക്കി അവതരിപ്പിച്ചത് ശ്രദ്ധിക്കേണ്ട ഒരു പോയിന്റാണ്. സ്വലാത് ഏറ്റുവാങ്ങുന്നതാന്‍ ഒരു സുപ്രഭാതത്തില്‍ അതുമായി ചരിത്രത്തിലേക്ക് യദൃശ്ചയാ എത്തിപ്പെടുകയല്ല. മറിച്ച് അതിവിശുദ്ധമായ ഒരു ആശീര്‍വാദത്തിന്റെ അഭംഗുരമായ നൈരന്തര്യത്തില്‍ കേന്ദ്രബിന്ദുവായിത്തീരുകയാണ് എന്നു പഠിപ്പിക്കുകയാണ് ഇതിലൂടെ നബി(സ്വ).
അന്തിമവചനവാഹകരായ വിശുദ്ധ തിരുമേനിക്ക് മുമ്പായി ബനീ ഇസ്രാഈലില്‍ വന്ന രണ്ട് പ്രവാചക ശ്റേഷ്ഠരാണ് മൂസായും ഈസായും -അലൈഹിമസ്സലാം. അവരിരുവരും മുഹമ്മദ്(സ്വ) എന്ന പ്രവാചക വ്യക്തിത്വത്തിന് മേല്‍ ആശിസ്സുകള്‍ നേര്‍ന്നിരുന്നതായി യഹൂദക്രൈസ്തവ പ്രമാണങ്ങളുടെ സൂക്ഷ്മ പാരായണത്തില്‍ നിന്ന് മനസ്സിലാകും. ഇബ്നുഅബ്ബാസ്(റ) ഉദ്ധരിക്കുന്നതായി ഒരു കൃതിയില്‍ വായിച്ചു. അല്ലാഹു മൂസാനബി(അ)യോട് പറഞ്ഞു. പതിനായിരം കാതുകള്‍ നിനക്ക് ഞാന്‍ നല്‍കി. അങ്ങനെയാണ് നീ എന്നെ ശ്രവിച്ചത്. അതുപോലെ പതിനായിരം നാക്കുകളും നിനക്ക് ഞാന്‍ നല്‍കി. അതിലൂടെയാണ് നീ എന്നോട് പ്രതിവചിച്ചത്. എന്നാല്‍ നീ എനിക്ക് ഏറ്റവും പ്രിയങ്കരനാകാന്‍ ഒന്നുകൂടി വേണം. മുഹമ്മദ്(സ്വ) എന്ന പ്രവാചകന് നീ ആശിസ്സുകള്‍ നേരണം.
തന്നെപ്പോലെയുള്ള ഒരു പ്രവാചകന്‍ നിങ്ങളുടെ സഹോദരസമുദായത്തില്‍ നിന്നും വരും. അദ്ദേഹത്തെ നിങ്ങള്‍ അനുസരിക്കണം എന്ന് മൂസ(അ) പ്രവാചകന്‍ സ്വസമുദായത്തോട് പറഞ്ഞത് ബൈബിള്‍ പഴയ നിയമത്തില്‍ വായിക്കുമ്പോള്‍ അദ്ദേഹം ആ പ്രവാചകനെ ആശീര്‍വദിച്ചുകൊണ്ട് പൂര്‍ണത നേടണമെന്ന് ദൈവനിര്‍ദേശമുണ്ടായിരുന്നു എന്ന് പറയുന്നതില്‍ അസ്വാഭാവികത കണ്ടെത്താനാവുകയില്ല. അത്തരം ഒരു നിവേദനത്തിന്റെ ബലാബലം പരിശോധിക്കേണ്ട ആവശ്യവും തന്മൂലം ഉത്ഭവിക്കുന്നില്ല.
ഈസാ(അ), അദ്ദേഹത്തെ വിശേഷിപ്പിച്ചത് “സത്യത്തിന്റെ ആത്മാവ്” എന്നാണെന്ന് യോഹന്നാന്‍ എഴുതിയ സുവിശേഷത്തിലും വായിക്കാം. പ്രശംസനീയന്‍ എന്നര്‍ഥം വരുന്ന പ്രയോഗവും ഈസാ(അ)മിന്റേതായിട്ടുണ്ട്. എന്നല്ല, ഇബ്രാഹീമീ പരമ്പരിലെ എല്ലാ ധര്‍മ്മ സരണികള്‍ക്കും വേണ്ടിയുള്ള ഒരേയൊരു മസീഹ് ആയി പരിചയപ്പെടുത്തപ്പെട്ട ഈസാനബി(അ) തനിക്കുശേഷം വരാനിരിക്കുന്ന ദൂതനെ അഹ്മദ് എന്നുതന്നെ വിശേഷിപ്പിച്ചത് നമുക്ക് ലഭിക്കുന്നത് ഖുര്‍ആനില്‍ നിന്നാണ്.
അതിനാല്‍ നമ്മളും, മലകുകളോടും ആദം(അ) മുതല്‍ ഈസാ(അ) വരെയെത്തുന്ന വിശുദ്ധ പ്ര വാചകന്മാരോടും നന്മ നിറഞ്ഞ സകല ചരാചരങ്ങളോടുമൊപ്പം അന്ത്യപ്രവാചകരുടെ അനുഗ്രഹത്തിന്റെ ആശിസ്സുകള്‍ നേര്‍ന്ന് സ്വയം ധന്യരായിത്തീരുക. അല്ലാഹുവില്‍ നിന്നുള്ള അനുഗ്രഹത്തിന്റെയും പ്രശാന്തിയുടേതായ ഭദ്രതയുടെയും അഭംഗുരമായ പ്രസാദം എന്നാളും നമുക്ക് നേതാവായ വിശുദ്ധ തിരുമേനിക്കുണ്ടാകട്ടെ. സ്വല്ലല്ലാഹു അലൈഹി വആലിഹീ വസല്ലം.