സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Wednesday, 12 November 2014

അനീതിയുടെ ഇരുട്ട്




ബ്ദുല്ലാഹിബിന്‍ ഉമര്‍ (റ) ഉദ്ധരിക്കുന്നു. അല്ലാഹുവിന്റെ തിരുദൂതര്‍ പറഞ്ഞു: “നിശ്ചയം, അനീതി അന്ത്യദിനത്തില്‍ അന്ധകാരങ്ങളാകുന്നു”(ബുഖാരി 2447, മുസ്ലിം 2579, തുര്‍മുദി 2030).
അല്ലാഹു നീതിമാനാണ്. അല്ലാഹുവിന്റെ പ്രവാചകനായ മുഹമ്മദ് മുസ്തഫാ (സ്വ) നീതിയുടെ പ്രബോധകനും പ്രയോക്താവുമാണ്. ഇസ്ലാം നീതിയുടെ സന്ദേശവും. അല്ലാഹുവിന്റെ പ്രഖ്യാപനം നബി (സ്വ) ഉദ്ധരിക്കുന്നു: “ഞാന്‍ എനിക്കും എന്റെ ദാസന്മാര്‍ക്കും അനീതി നിഷിദ്ധമാക്കിയിരിക്കുന്നു. അതുകൊണ്ട് നിങ്ങള്‍ പരസ്പരം അനീതി ചെയ്യരുത് (മുസ്ലിം).
വാക്കുകൊണ്ടോ പ്രവൃത്തി കൊണ്ടോ സമ്പത്തു കൊണ്ടോ സ്വാധീനം കൊണ്ടോ ആരെയും ഉപദ്രവിക്കാന്‍ പാടില്ല. അക്രമം, സൃഷ്ടികളെയും സ്രഷ്ടാവിനെയും ശത്രുക്കളാക്കി മാറ്റും. അക്രമികള്‍ക്ക് ഉറ്റ ബന്ധുവോ സ്വീകാര്യനായ ശുപാര്‍ശകനോ ആയി ആരും തന്നെ ഉണ്ടായിരിക്കില്ല (വിശുദ്ധ ഖുര്‍ആന്‍ 40/18). അക്രമികള്‍ക്ക് സഹായിയായി ഒരാളുമുണ്ടാ യിരിക്കില്ല (വി.ഖു. 22/72). അക്രമത്തിന്റെ തിക്ത ഫലം മനുഷ്യന്‍ ഇഹലോകത്തുവെച്ചു തന്നെ അനുഭവിക്കേണ്ടിവരും. മര്‍ദ്ദിതന്റെ പ്രാര്‍ഥന, അവനാരായിരുന്നാലും, കുറിക്കുകൊള്ളും. അല്ലാഹുവിന്റെ നീതിക്കു ദാക്ഷിണ്യമില്ല. നബി തിരുമേനി (സ്വ) പറയുന്നു: “മര്‍ദ്ദിതന്റെ പ്രാര്‍ഥന നീ സൂ ക്ഷിക്കുക. കാരണം അതിന്റെയും അല്ലാഹുവിന്റെയും ഇടയ്ക്കു യാതൊരു മറയുമില്ല(ബുഖാരി, മുസ്ലിം).
ഒരു വിശ്വാസി അവിശ്വാസിയെ അക്രമിച്ചാലും ദ്രോഹിതന്‍ മര്‍ദ്ദകനെതിരെ നടത്തുന്ന പ്രാര്‍ഥന അല്ലാഹു സ്വീകരിക്കും. അപ്പോള്‍ അല്ലാഹുവിന്റെ ഇഷ്ടദാസന്മാരെ അക്രമിച്ചാല്‍ അതെത്രമേല്‍ ഗുരുതരമായിരിക്കുമെന്ന് ഊഹിക്കാമല്ലോ. ഒന്നുരണ്ട് ഉദാഹരണങ്ങള്‍ ഹദീസു ഗ്രന്ഥങ്ങളില്‍ നിന്ന് ഉദ്ധരിക്കാം. പ്രമുഖ സ്വഹാബിയായ സഅദുബിന്‍ അബീവഖാസ് (റ) കൂഫയിലെ ഗവര്‍ണ്ണറായിരിക്കെ നാട്ടുകാരില്‍ ചിലര്‍ അദ്ദേഹത്തെ സംബന്ധിച്ച്  ഇസ്ലാമിക സാമ്രാജ്യത്തിന്റെ ഖലീഫയായ ഉമര്‍ബിന്‍ ഖത്താബിനോട് പരാതിപ്പെട്ടു. അദ്ദേഹം സഅദിനെ വരുത്തി. വിചാരണ നടത്തി. അദ്ദേഹത്തിന്റെ നിരപരാധിത്വം മനസ്സിലാക്കി. സൂക്ഷ്മാന്വേഷണത്തിനു വേണ്ടി അദ്ദേഹത്തോടൊപ്പം തന്നെ ഒരു ഏകാംഗ കമ്മീഷനെ കൂഫയിലേക്കു വിട്ടു.  അദ്ദേഹം ഓരോ പള്ളിയിലും ചെന്ന് ജനങ്ങളോട് അന്വേഷണം നടത്തി. എല്ലാവരും മഹാനായ സഅദിനെ പ്രശംസിക്കുകയും വാഴ്ത്തുകയുമാണുണ്ടായത്. അവസാനം അബ്സ് ഗോത്രക്കാരുടെ ഒരു പള്ളിയില്‍ അന്വേഷണം നടത്തിയപ്പോള്‍ ഒരാള്‍ എഴുന്നേറ്റ് ഇപ്രകാരം പറഞ്ഞു: താങ്കള്‍ ചോദിച്ചതുകൊണ്ടു ഞാന്‍ പറയട്ടെ. സഅദ് ഒരു സൈന്യത്തോടും സഹചരിക്കുകയില്ല. അവകാശങ്ങള്‍ തുല്യമായി പങ്കിടുകയില്ല. വിധിയില്‍ നീതി പാലിക്കുകയുമില്ല.’ തികച്ചും സത്യ വിരുദ്ധമായ ഈ ആരോപണം സഅദിനെ നടുക്കിക്കളഞ്ഞു. പ്രവാചക ശിഷ്യന്‍ എന്ന നിലക്കും ഇത്രയും കാലം നാടുഭരിച്ച ഒരു ഭരണാധിപന്‍ എന്ന നിലക്കും തന്റെ സത്യാവസ്ഥ വെളിപ്പെടുത്തേണ്ടത് അദ്ദേഹത്തിന്റെ ബാധ്യതയായിരുന്നു. എല്ലാവരും  തനിക്കനുകൂലമായി പ്രസ്താവിച്ചുവെങ്കിലും ഒരു സദസ്സില്‍ ഒരു വ്യക്തി തനിക്കെതിരെ ഒറ്റയടിക്കു മൂന്ന് ആരോപണങ്ങള്‍ തൊടുത്തുവിട്ടിരിക്കുകയാണ്. വ്രണിതഹൃദയനായ സഅദ് (റ) ആ സഭയില്‍ വച്ചു തന്നെ പറഞ്ഞു: “അല്ലാഹു തന്നെ സത്യം, ഞാന്‍ മൂന്നു കാര്യങ്ങള്‍ കൊണ്ടു പ്രാര്‍ഥിക്കുകയാണ്. അല്ലാഹുവേ, നിന്റെ ഈ ദാസന്‍ (ആരോപകന്‍) പ്രശസ്തിക്കും പ്രകടനത്തിനും വേണ്ടി എഴുന്നേറ്റു നിന്നു വ്യാജം പറഞ്ഞവനെങ്കില്‍ അവന്റെ ആയുഷ്കാലം നീട്ടിക്കൊടുക്കുക. അതോടൊപ്പം അവന്റെ ദാരിദ്യ്രവും വര്‍ദ്ധിപ്പിച്ചുകൊടുക്കുക. അവനെ വിപത്തുകള്‍ക്കു വിധേയനാക്കുകയും ചെയ്യുക”. ഉസാമഃ എന്നായിരുന്നു ഇയാളുടെ പേര്. സഅദിന്റെ പ്രാര്‍ഥന സഫലമായി. ഉസാമഃ വൃദ്ധനായി. പടുവൃദ്ധനായി. വാര്‍ധക്യം നിമിത്തം ഇരു പുരികങ്ങളും കണ്ണിണകളില്‍ വീണു. ദാരിദ്യ്രത്തിന്റെ നീരാളിപ്പിടുത്തത്തില്‍ അദ്ദേഹം കഷ്ടപ്പെട്ടു. ബഹുമുഖ വിപത്തുകള്‍ക്കും പരീക്ഷണങ്ങള്‍ക്കും അദ്ദേഹം വിധേയനായി. വിവരമന്വേഷിക്കുന്നവരോട് അദ്ദേഹത്തിനു പറയാനുണ്ടായിരുന്നത് ഒരു വാക്കു മാത്രമാണ്. ആപത്തിലകപ്പെട്ട പടുവൃദ്ധനാണു ഞാന്‍. സഅദിന്റെ പ്രാര്‍ഥന എന്നെ ഗ്രസിച്ചിരിക്കുന്നു! ഈ സംഭവം ബുഖാരിയും (196) മുസ്ലിമും (453) ഉദ്ധരിച്ചിട്ടുണ്ട്.
മറ്റൊരു പ്രമുഖ സ്വഹാബിയായ സഈദുബ്ന്‍ സൈദ് ദ്രോഹിക്കപ്പെട്ടപ്പോള്‍ മനം നൊന്തു നടത്തിയ ഒരു പ്രാര്‍ഥനയുടെ ഫലവും കൂടി കാണുക: സഈദ് തന്റെ സ്ഥലത്തില്‍ ഒരു ഭാഗം പിടിച്ചടക്കിയിട്ടുണ്ടെന്ന് അര്‍വ എന്ന ഒരു സ്ത്രീ മര്‍വാനിന്റെ കോടതിയില്‍ കേസ് കൊടുത്തു. മറ്റൊരാളുടെ സ്ഥലം അപഹരിച്ചെടുക്കുന്നവനു പരലോകത്തു ലഭിക്കുന്ന ഭയാനക ശിക്ഷയെക്കുറിച്ചു നബി (സ്വ) നടത്തിയിട്ടുള്ള പ്രസ്താവന തിരുമുഖത്തു നിന്ന് നേരിട്ടു കേട്ടിരിക്കെ, ഞാന്‍ അങ്ങനെ ചെയ്യുമോ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സത്യവിരുദ്ധമായ ഈ ആരോപണത്തില്‍ മനസ്സു വേദനിച്ച സഈദ് (റ) ഇപ്രകാരം പ്രാര്‍ഥിക്കുകയുണ്ടായി. അല്ലാഹുവേ, അവള്‍ അസത്യവാദിനിയെങ്കില്‍ അവളെ അന്ധയാക്കുകയും അവളെ ആ സ്ഥലത്തുവെച്ചു തന്നെ വധിക്കുകയും ചെയ്യേണമേ. സഈദിന്റ പ്രാര്‍ഥന യാഥാര്‍ഥ്യമായി. മരിക്കുംമുമ്പു തന്നെ അര്‍വായുടെ ദൃഷ്ടി നഷ്ടപ്പെട്ടു. തപ്പിത്തടഞ്ഞായിരുന്നു അവള്‍ നടന്നിരുന്നത്. ഒരു ദിവസം ആ വിവാദ സ്ഥലത്തൂടെ തപ്പിത്തടഞ്ഞ് അവള്‍ നടന്നുകൊണ്ടിരിക്കുമ്പോള്‍ ഒരു കുഴിയില്‍ വീഴുകയും മൃതിയടയുകയും ചെയ്തു (ബുഖാരി 211, മുസ്ലിം 1610).
അനീതിക്കും അക്രമത്തിനുമുള്ള ഭൌതിക ശിക്ഷാ സൂചനകളുടെ ചില ഉദാഹരണങ്ങള്‍ മാത്രമാണിത്. യഥാര്‍ഥമായ ശിക്ഷ പരലോകത്താണ്. അത് അതീവ കഠിനവും അസഹ്യവുമാണെന്നു പറയേണ്ടതില്ലല്ലോ. എല്ലാ അപഹൃതങ്ങളും തിരിച്ചുകൊടുത്ത് മരണത്തിനു മുമ്പു തന്നെ കൈ കഴുകണം. ഇല്ലെങ്കില്‍ പരലോകത്ത് അതു തിരിച്ചു നല്‍കേണ്ടി വരും. നബി തിരുമേനി (സ്വ) പറയുന്നു. “സകല അവകാശങ്ങളും അതിന്റെ അവകാശികള്‍ക്ക് അന്ത്യദിനത്തില്‍ തിരിച്ചു നല്‍കപ്പെടുക തന്നെ ചെയ്യും.  കൊമ്പില്ലാത്ത ആടിനു കൊമ്പുള്ള ആടിനോടു പ്രതികാരം വീട്ടാനുള്ള സാഹചര്യം വരെ നല്‍കപ്പെടും (മുസ്ലിം 2582).
പലരെയും പലവിധം ദ്രോഹിക്കുകയും വേദനിപ്പിക്കുകയും ചെയ്താല്‍ അതിനൊക്കെ പകരം നല്‍കാന്‍ പരലോകത്ത് ഒരു കൈമുതലുണ്ടാവില്ല. അപ്പോള്‍ അക്രമി ഇതികര്‍ത്തവ്യതാ മൂഢനും സംഭ്രമ ചിത്തനുമായിത്തീരും. അബൂ ഹുറൈറഃ (റ) പ്രവാചകരില്‍ നിന്നുദ്ധരിക്കുന്നു. വല്ല വ്യക്തിയുടെ സമീപത്തും തന്റെ സഹോദരന് അവന്റെ അഭിമാനത്തില്‍ നിന്നോ മറ്റുവല്ല വസ്തുക്കളില്‍ നിന്നോ വല്ല അപഹൃതവും കൊടുക്കാനുണ്ടെങ്കില്‍ ഇന്നുതന്നെ, ദീനാറും ദിര്‍ഹമും ഇല്ലാത്ത അവസ്ഥ വരും മുമ്പു തന്നെ അതിന് അവന്‍ പരിഹാരമുണ്ടാക്കിക്കൊള്ളട്ടെ. അവനു സദ്കര്‍മ്മമുണ്ടെങ്കില്‍ അപഹൃതത്തിന്റെ അളവനുസരിച്ച് അതില്‍ നിന്നു പിടിച്ചെടുത്ത് അവകാശിക്കു നല്‍കപ്പെടും. സദ്കര്‍മ്മങ്ങളില്ലെങ്കിലോ? അവകാശിയുടെ തിന്മകളില്‍ നിന്ന് അപഹൃതത്തിന്റെ അളവു പിടിച്ചെടുത്ത് അവന്റെ മേല്‍ ചുമത്തപ്പെടും (ബുഖാരി 2449).
അബൂഹുറൈറഃ (റ) തന്നെ ഉദ്ധരിച്ച മറ്റൊരു ഹദീസ് കൂടി കാണുക: പാപ്പരായ ഹതാശന്‍ ആരാണെന്നു നിങ്ങള്‍ക്കറിയാമോ എന്നു തിരുമേനി ചോദിച്ചു. നാണയവും ചരക്കുമില്ലാത്തവനാണ് ഞങ്ങളുടെ കൂട്ടത്തില്‍ പാപ്പരായവനെന്ന് സ്വഹാബിമാര്‍ മറുപടി പറഞ്ഞു. തദവസരത്തില്‍ തിരുമേനി പറഞ്ഞു: “എന്റെ സമുദായത്തിലെ പാപ്പരായ നിരാശന്‍ അന്ത്യദിനത്തില്‍ നിസ്കാരം, നോമ്പ്, സകാത് ആദിയായ സല്‍കര്‍മ്മങ്ങളോടു കൂടി വരുന്നവനാണ്. പക്ഷേ, അവന്‍ ഒരാളെ ചീത്ത പറഞ്ഞിട്ടുണ്ട്. മറ്റൊരാളെ ദുരാരോപണം നടത്തിയിട്ടുണ്ട്. വേറെ ഒരാളുടെ ധനാപഹരണം നടത്തിയിട്ടുണ്ട്. ഇനിയും ഒരാളെ അക്രമിച്ചു രക്തമൊഴുക്കിയിട്ടുണ്ട്. മറ്റൊരു വ്യക്തിയെ പ്രഹരിച്ചിട്ടുമുണ്ട്. ഈ നിലയിലാണ് അവന്‍ മഹ്ശറയില്‍ വരുന്നത്. അപ്പോള്‍ ഓരോ അവകാശിക്കും ഇയാളുടെ സല്‍ക്കര്‍മ്മങ്ങളില്‍ നിന്നു നല്‍കപ്പെടുന്നു. അവകാശങ്ങള്‍ മുഴുവന്‍ കൊടുത്തു വീട്ടും മുമ്പ് അവന്റെ സത്കര്‍മ്മങ്ങള്‍ തീര്‍ന്നുപോയാല്‍ അവരുടെ പാപങ്ങള്‍ പിടിച്ചെടുത്ത് അവന്റെ മേല്‍ ചുമത്തപ്പെടുന്നു. അനന്തരം അവന്‍ നരകത്തില്‍ എറിയപ്പെടുകയും ചെയ്യുന്നു” (മുസ്ലിം 2581).
ചുരുക്കത്തില്‍ അക്രമം അന്ധകാരമാണ്. അല്ല അന്ധകാരങ്ങളാണ്. അതു പരലോകത്ത് അവന്റെ നാനാഭാഗങ്ങളിലും കൂരിരുട്ട് സൃഷ്ടിക്കുന്നു. മേല്‍ക്കുമേല്‍ കുമിഞ്ഞ് കൂടുന്ന ഇരുട്ടുകള്‍ അവനെ നിസ്സഹായനും ഹതാശനുമാക്കി മാറ്റുന്നു. നമുക്ക് പ്രഥമ പ്രവാചകോക്തിയിലേക്കു മടങ്ങാം. അല്ലാഹുവിന്റെ തിരുദൂതര്‍ പറഞ്ഞു: “നിശ്ചയം അനീതി അന്ത്യദിനത്തില്‍ അന്ധകാരങ്ങളാകുന്നു.”