സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Monday, 3 November 2014

ആത്മ വിശുദ്ധി

രോഗ്യകരമായ സാമൂഹിക ജീവിതത്തിന് അനിവാര്യമാണ് ശുദ്ധമായ മനസ്സ്. മനസ്സ് ശുദ്ധം മാത്രമല്ല, വിശാലവുമായിരിക്കണം. യാതൊരു വിധ സങ്കുചിതത്വവും മനസ്സിന്റെ കവാടങ്ങളെ പൂട്ടിയിടാന്‍ അനുവദിക്കരുത്. അതോടൊപ്പം മററുള്ളവരെ ആകര്‍ഷിക്കുന്ന പെരുമാറ്റവും ഓരോ വ്യക്തിയിലുമുണ്ടാവണം. സംഘട്ടനങ്ങള്‍ക്കും കുഴപ്പങ്ങള്‍ക്കും ഭിന്നതകള്‍ക്കും കാരണമാക്കുന്ന അസൂയ, അഹങ്കാരം, പോര്, ദുഷ്ടത തുടങ്ങിയ വികാരങ്ങള്‍ മനസ്സില്‍ നിന്നു തുടച്ചു മാറ്റണം. സര്‍വനാശത്തിന്റെ മൂലഹേതുക്കളായ ഇത്തരം വികാരങ്ങള്‍ മനസ്സില്‍ കൊണ്ടു നടന്നാല്‍ സ്വയം ചെയ്യുന്ന കര്‍മങ്ങള്‍ പോലും നിഷ്ഫലമാവുമെന്ന് ഹദീസുകള്‍ മുന്നറിയിപ്പു നല്‍കുന്നു.
തന്നെ ഉപദേശിക്കണമെന്നു നബി (സ്വ) യോട് ഒരാള്‍ ആവശ്യപ്പെട്ടു. അയാള്‍ക്കു നബി (സ്വ) യുടെ ഉപദേശം ‘കോപിക്കരുത്’ എന്നായിരുന്നു. അയാള്‍ ചോദ്യമാവര്‍ത്തിച്ചപ്പോള്‍ ഇതേ മറുപടി തന്നെയാ ണ് അവിടുന്നു നല്‍കിയത്.
“കോപം വരുമ്പോള്‍ സ്വശരീരത്തെ അടക്കി നിര്‍ത്തുന്നവനാണ് ഏറ്റവും വലിയ ശക്തന്‍” (ബുഖാരി, മുസ്ലിം). എന്നും അവിടുന്നു പറഞ്ഞിട്ടുണ്ട്. കോപത്തിന്റെ പ്രത്യാഘാതങ്ങള്‍ അല്‍പം ആലോചിച്ചാല്‍ വ്യക്തമാവും. പരസ്പര ബന്ധത്തെ തകര്‍ക്കുന്നതിലും മഹാ ദുരന്തങ്ങള്‍ വരുത്തിവെക്കുന്നതിലും ആത്മനാശം പോലും സംഭവിച്ചു പോകുന്നതിലും കോപത്തിനുള്ള പങ്ക് വ്യക്തമാണല്ലോ.
കോപത്തെ അടക്കുന്നതാണു ക്ഷമ, സഹനം. സാമൂഹ്യ ജീവിതത്തില്‍ അനിവാര്യമായ ഗുണമാണിത്. റസൂല്‍ (സ്വ) സഹനത്തെ ഏറെ പുണ്യകരമായി എടുത്തു പറഞ്ഞിട്ടുണ്ട്. ഒരു ഹദീസ്: ചിലര്‍ നബി (സ്വ) യോട് യാചിച്ചു. അവര്‍ക്കു നബി (സ്വ) കുറെ കൊടുത്തു. അവര്‍ വീണ്ടും യാചിച്ചു. അപ്പോള്‍ കൈയിലുള്ളതെല്ലാം കൊടുത്തു. പിന്നെ പറഞ്ഞു: “നിങ്ങള്‍ക്കു തരാതെ ഞാനൊന്നും സംഭരിച്ചു വെക്കുകയില്ല. ആരെങ്കിലും യാചന ഉപേക്ഷിച്ചാല്‍ അല്ലാഹു അവനെ പരാശ്രയരഹിതനാക്കും. ഐശ്വര്യം പ്രകടിപ്പിച്ചാല്‍ ധന്യനാക്കും. ക്ഷമ കൈകൊണ്ടാല്‍ ക്ഷമാശീലനാക്കും. സഹനത്തേക്കാള്‍ വലുതായി ആര്‍ക്കും ഒന്നും ലഭിച്ചിട്ടില്ല” (ബുഖാരി, മുസ്ലിം).
മറ്റുള്ളവരോടു ക്ഷമിക്കാന്‍ കഴിയുക എന്നതു നല്ല മനുഷ്യന്റെ ലക്ഷണമാണ്. സഹനത്തോടൊപ്പം പ്രകടമാവുന്ന ഒരു ഗുണമാണു ദയ. ദയയുണ്ടെങ്കിലേ ക്ഷമിക്കാന്‍ കഴിയൂ എന്ന കാര്യവും വ്യക്തമാണ്. ഹദീസുകളില്‍ പലയിടത്തും ഇതു രണ്ടും പരസ്പരം ബന്ധപ്പെടുത്തിയതും കാണാം. “അല്ലാഹു ദയാലുവും എല്ലാ കാര്യത്തിലും ദയ ഇഷ്ടപ്പെടുന്നവരുമത്രെ” (ബു.മു). “പരുഷ സ്വഭാവത്തിനോ മറ്റേതെങ്കിലും കാര്യങ്ങള്‍ക്കോ നല്‍കാത്ത പ്രതിഫലം അല്ലാഹു ദയ കാണിച്ചതിനു നല്‍കുന്നതാണ്”(മുസ്ലിം). “ഏതു കാര്യത്തിനും ദയ അലങ്കാരമാണ്. അതില്ലാത്തതെല്ലാം വികൃതമാണ്” (മുസ്ലിം).
സാമൂഹിക ബന്ധസ്ഥാപനത്തിനു സഹായകമായ ഇത്തരം നിര്‍ദ്ദേശങ്ങള്‍ക്കുപുറമേ വ്യക്തമായിത്ത ന്നെ റസൂല്‍ (സ്വ) പറയുന്നതു കാണുക: “നിങ്ങള്‍ എളുപ്പമാര്‍ഗം സ്വീകരിക്കുക; പ്രയാസകരമായതുപേക്ഷിക്കുക. സന്തോഷമുണ്ടാകുന്ന വാക്കുകള്‍ പറയുക. വെറുപ്പിക്കാതിരിക്കുക” (ബു.മു). “ദയയെ തടഞ്ഞു വെക്കുന്നവന് അല്ലാഹു സര്‍വ നന്മകളും തടഞ്ഞുകളയും” (മുസ്ലിം). ദയയില്ലാത്തവര്‍ എത്ര സദ്വൃത്തരാണെങ്കിലും നല്ലവരായി ഗണിക്കപ്പെടില്ലെന്ന വ്യക്തമായ സൂചനയാണിത്. ദയയുടെയും സഹനത്തിന്റെയും ഉദാരമായ ഈ സമീപനങ്ങളാണ് വിശ്വാസിയുടെ പാഥേയമെന്നും അതാണു സ്വര്‍ഗ പ്രവേശത്തിന് നിദാനമെന്നും റസൂല്‍ (സ്വ) വ്യക്തമാക്കി. “നിങ്ങളില്‍ നരകത്തിനു നിഷിദ്ധമായവരോ നരകം നിഷിദ്ധമായവരോ ആരെന്നറിയണോ? ജനങ്ങളോട് അടുപ്പവും സൌമ്യ ശീലവും സഹിഷ്ണുതയും വിട്ടു വീഴ്ചാമനഃസ്ഥിതിയുമുള്ളവര്‍ക്കെല്ലാം നരകം നിഷിദ്ധമാണ്” (തുര്‍മുദി).
സാമൂഹിക ജീവിതത്തിന്റെ സുസ്ഥാപനത്തിന് അനിവാര്യമായ സ്വഭാവ ഗുണങ്ങളുടെ സാകല്യമാണീ ഹദീസില്‍ എടുത്തു പറഞ്ഞിരിക്കുന്നത്.