സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Wednesday 19 November 2014

മനുഷ്യ ജീവിതം: സാധ്യതയും പ്രയോഗവും







നുഷ്യന്‍ ഒരനന്തസാധ്യതയാണ്. അവന്റെ കര്‍മമേഖല ഊഹാതീതമാണ്. മുന്നേറ്റങ്ങള്‍ക്ക് അതിരുകെട്ടാന്‍ കഴിയില്ല. ഈ അടിസ്ഥാന വസ്തുതകള്‍ അംഗീകരിച്ചുകൊണ്ട് മനുഷ്യനെ പരിഗണിക്കുന്നതാണ് ആരോഗ്യകരമായ നിലപാട്. ഖുര്‍ആന്‍ മനുഷ്യര്‍ക്ക് അവരര്‍ഹിക്കുന്ന പരിഗണനയും ആദരവും അംഗീകരിക്കുന്നു. “നാം ആദമിന്റെ മക്കളെ ആദരിച്ചിരിക്കുന്നു. നാമവരെ കരയിലും കടലിലും വാഹനപ്പുറത്തേറ്റിയിരിക്കുന്നു. നാമവര്‍ക്ക് വിശിഷ്ട വിഭവങ്ങള്‍ നല്‍കി. നമ്മുടെ സൃഷ്ടികളില്‍ നാമവര്‍ക്ക് മഹത്വം കല്‍പിച്ചിരിക്കുന്നു” (വി.ഖു. 17/70). സര്‍വശക്തനും സര്‍വജ്ഞനുമായ മഹാശക്തിക്കു മാത്രമേ മൌലികപ്രധാനവും പ്രൌഢവുമായ ഈ നയം പ്രഖ്യാപിക്കാന്‍ കഴിയൂ. പ്രവാചകന്‍ മൂസാ (അ) ന്റെ മാര്‍ഗദര്‍ശനം ഇങ്ങനെ: “അല്ലാഹു അല്ലാത്ത ആരാധ്യനെ ഞാന്‍ നിങ്ങള്‍ക്കുവേണ്ടി അന്വേഷിക്കണമെന്നോ?; അവന്‍ നിങ്ങളെ ഇതരലോകരേക്കാള്‍ മഹത്വപ്പെടുത്തിയിരിക്കെ ” (വി.ഖു. 7/140).
മനുഷ്യനെ ആദരിക്കുകമാത്രമല്ല ആകാശഭൂമികളും പ്രകൃതിയും അവന്റെ പഠനപുരോഗമനത്തിനുള്ള തട്ടകമാണെന്നു കൂടി ഖുര്‍ആന്‍ വ്യക്തമായി പറയുന്നുണ്ട്. അതിലേക്കു ശ്രദ്ധക്ഷണിക്കുകയും ചെയ്യുന്നു. “നിങ്ങള്‍ കാണുന്നില്ലേ, നിശ്ചയം, അല്ലാഹു നിങ്ങള്‍ക്ക് ആകാശങ്ങളിലും ഭൂമിയിലുമുള്ളതെല്ലാം അധീനപ്പെടുത്തിത്തന്നിരിക്കുന്നു. അവന്‍ നിങ്ങള്‍ക്ക് ബാഹ്യവും ആന്തരികവുമായ അനുഗ്രഹങ്ങള്‍ പൂര്‍ണമായി നല്‍കിയിരിക്കുന്നു. അറിവില്ലാതെ, പ്രകാശിക്കുന്ന ഗ്രന്ഥമോ മാര്‍ഗദര്‍ശനമോ ഇല്ലാതെ അല്ലാഹുവിനെക്കുറിച്ച് തര്‍ക്കം പറയുന്ന ചിലര്‍ മനുഷ്യരിലുണ്ട്” (വി.ഖു. 31/20). മനുഷ്യന്‍ കൈവരിക്കുന്ന പുരോഗതിയെ ഖുര്‍ആന്‍ അസഹിഷ്ണുതയോടെ കാണുന്നില്ല. മനുഷ്യരുടെ പുരോഗമനക്കുതിപ്പില്‍ അല്ലാഹു അസൂയപ്പെടുന്നുമില്ല. മറിച്ച് അങ്ങേയറ്റം പ്രോത്സാഹനവും പ്രേരണയും നല്‍കുകന്നു. “എന്തെല്ലാമാണ് വാനങ്ങളിലും ഭൂമിയിലുമുള്ളതെന്ന് നിങ്ങള്‍ ചിന്തിക്കൂ” (വി.ഖു. 10/101). മനുഷ്യ പുരോഗതി കാലേക്കൂട്ടി പ്രവചിക്കുകയും പുലര്‍ച്ച കാത്തിരിക്കുകയുമാണ് വിശുദ്ധഖുര്‍ആന്‍. അതുവഴി മുന്നേറ്റശ്രമങ്ങള്‍ ഫലംകാണുമെന്ന ഉറച്ച ആത്മവിശ്വാസം കൂടെ മനുഷ്യര്‍ക്ക് ഖുര്‍ആന്‍ സമ്മാനിക്കുന്നു. ‘ചക്രവാളങ്ങളില്‍ നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നാമവര്‍ക്ക് കാണിക്കുന്നതായിരിക്കും; അവരുടെ ശരീരങ്ങളിലും. അങ്ങനെയവര്‍ക്ക് അത് (ഖുര്‍ആന്‍) സത്യസന്ദേശമാണെന്ന് വ്യക്തമാകും. അവന്‍ എല്ലാറ്റിനും സാക്ഷിയാണെന്നതു തന്നെ നിന്റെ നാഥനു മതിയായ മഹത്വമല്ലയോ” (വി.ഖു. 41/53). “അസ്തമയശോഭയാണെ സത്യം. രാവും അതില്‍ സമ്മേളിക്കുന്നവയും സത്യം. ചന്ദ്രന്‍ പൂര്‍ണതയിലെത്തുമ്പോള്‍ സത്യം. നിങ്ങള്‍ പടിപടിയായി മുന്നേറുകതന്നെ ചെയ്യുന്നതാണ്. എന്നിട്ടുമെന്തേ അവര്‍ വിശ്വസിക്കാതിരിക്കുന്നത്” (വി.ഖു. 84/16-20). വൈജ്ഞാനിക, ശാസ്ത്രീയ മുന്നേറ്റത്തില്‍ നിന്ന്  സത്യവിശ്വാസത്തിലേക്ക് വളരെ കുറഞ്ഞ അകലം മാത്രമേയുള്ളൂവെന്നുകൂടി ഈ വചനങ്ങള്‍ ഓര്‍മപ്പെടുത്തുന്നുണ്ട്. “അല്ലാഹു അവനുദേശിക്കുന്നവര്‍ക്ക് പരിധിയില്ലാതെ നല്‍കും” (വി.ഖു. 3/27). അവന്‍ നിങ്ങള്‍ക്ക് ശക്തിക്കുമേല്‍ ശക്തി നല്‍കും’ (11/52). മുതലായ വാക്യങ്ങളും മുന്നേറ്റങ്ങളുടെ അനന്തസാധ്യത തുറന്നിടുകയാണ്.
മനുഷ്യന്‍ മഹാസാധ്യതയാണെന്നുപറഞ്ഞല്ലോ.നന്മയില്‍ മാത്രമല്ല, തിന്മയിലും ഈ സാധ്യത നിലനില്‍ക്കുന്നുണ്ട്. ഒരാന മദമിളകിയാല്‍ അത് വരുത്തുന്ന നാശനഷ്ടങ്ങള്‍ക്ക് പരിധിയുണ്ട്. എന്നാല്‍ ഒരു മനുഷ്യനു ‘മദ’മിളകി സര്‍വസ്വതന്ത്രമായി തന്റെ ശക്തിപ്രയോഗിച്ചാല്‍ സംഭവി ക്കുന്ന നാശനഷ്ടങ്ങള്‍ അതിഭയാനകമായിരിക്കും. മനുഷ്യന്റെ ഏതൊരു മുന്നേറ്റവും തെറ്റായി ഉപയോഗപ്പെടുത്തിക്കൂടാ. അധര്‍മങ്ങള്‍ക്ക് ഏണിവെക്കാനുമായിക്കൂടാ. ആരോഗ്യകരവും മാന്യവുമായ പെരുമാറ്റച്ചട്ടം അനുസരിക്കേണ്ടതുണ്ട്. അതാണ് സ്രഷ്ടാവിന്റെ നിയമനിര്‍ദേശങ്ങള്‍. ഭൌതികമായി അത്യുന്നതി കൈവരിച്ചവര്‍ പെരുമാറ്റച്ചട്ടം ലംഘിക്കുകയും അല്ലാഹുവോട് നന്ദികേട് കാണിക്കുകയും ചെയ്താല്‍ അവര്‍ക്ക് പരലോകമോക്ഷം സാധ്യമല്ല. “ആരെങ്കിലും നന്ദികേട് കാണിക്കുന്നുവെങ്കില്‍ നീ ദുഃഖിക്കേണ്ടതില്ല. നമ്മിലേക്കാണവര്‍ തിരിച്ചെത്തുന്നത്. അപ്പോഴവരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് നാമവരോട് സംസാരിക്കും. നിശ്ചയം, അല്ലാഹു ഹൃദയ രഹസ്യങ്ങള്‍ അറിയുന്നവനാണ്. അവര്‍ക്ക് തുച്ഛമായ ഐഹിക വിഭവം നാം നല്‍കുന്നുണ്ട്. പിന്നീട് കഠിനശിക്ഷയിലേക്ക് തള്ളിവിടുന്നതുമാണ്” (വി.ഖു. 31/23, 24).
പുരാതന സമുദായങ്ങളില്‍ ഏറെ പുരോഗമിച്ച ചില വിഭാഗങ്ങളുണ്ടായിരുന്നു. അവരുടെ പര്യവസാനം ദാരുണമായിരുന്നു. അവര്‍ പ്രവാചകന്മാരെ നേരിട്ട് കാണുകയും കൃത്യമായ വിജ്ഞാനത്തിന്റെയും വ്യക്തമായ ദൃഷ്ടാന്തങ്ങളുടെയും വെളിച്ചത്തില്‍ തെളിഞ്ഞുകണ്ട മഹാസത്യങ്ങളെ വെല്ലുവിളിക്കുകയും ചെയ്തു. സ്രഷ്ടാവിനെ ധിക്കരിച്ചു. പ്രവാചകന്മാരെ കയ്യേറ്റം ചെയ്തു. കൊലപ്പെടുത്തി. ഈ സാഹചര്യത്തിലാണ് അവര്‍ നശിപ്പിക്കപ്പെട്ടത്.യഥാര്‍ഥത്തില്‍ അല്ലാഹു അവരെ നശിപ്പിക്കുകയായിരുന്നില്ല. അവര്‍ സര്‍വനാശം ചോദിച്ചുവാങ്ങുകയായിരുന്നു. അ    ല്ലാഹു നീതിമാനാണ്. ചരിത്രയാഥാര്‍ഥ്യങ്ങളും മുന്‍ഗാമികളുടെ അനുഭവങ്ങളും മനസ്സിലാക്കി സുരക്ഷിതമായി മുന്നോട്ടുനീങ്ങാന്‍ മാന്യമായ മുന്‍കരുതലെടുക്കാന്‍ മനുഷ്യര്‍ക്ക് ബാധ്യതയുണ്ട്. “അവര്‍ ഭൂമിയില്‍ സഞ്ചരിക്കുകയും അങ്ങനെ അവരുടെ മുന്‍ഗാമികളുടെ പര്യവസാനം എപ്രകാരമായിരുന്നെന്ന് മനസ്സിലാക്കുകയും ചെയ്യുന്നില്ലേ? അവര്‍ കൂടുതല്‍ ശക്തരായിരുന്നു. അവര്‍ ഭൂമിയെ ഉഴുതുമറിച്ചിരുന്നു. ഇവര്‍ ഭൂമിയെ പരിപാലിച്ചിരുന്നതിലേറെ അവര്‍ പരിപാലിച്ചിരുന്നു. സത്യദൂതന്മാര്‍ സുവ്യക്ത സന്ദേശങ്ങളുമായി അവരെ സമീപിച്ചു. അല്ലാഹു അവരെ അക്രമിച്ചില്ല. അവര്‍ അവരെത്തന്നെ അക്രമിക്കുകയായിരുന്നു” (വി.ഖു. 30/9).
മാതാപിതാക്കളെ, ഗുരുവര്യന്മാരെ, സഹായസഹകരണങ്ങള്‍ നല്‍കുന്നവരെ ആദരിക്കണമെന്ന് മനുഷ്യരെല്ലാം വിചാരിക്കുന്നുണ്ട്. അത് കേവലമര്യാദയാണ്. തന്റെ സ്രഷ്ടാവിനെ ആദരിക്കാന്‍ അതിലേറെ ബാധ്യതപ്പെട്ടവരാണു മനുഷ്യര്‍. ഉത്ഥാനപതനങ്ങളുടെ ഏതു സാഹചര്യങ്ങളിലും സ്രഷ്ടാവിനോട് അനാദരവ് കാണിക്കുന്നത് മര്യാദയല്ല. ശാസ്ത്രസാങ്കേതികരംഗത്തെ മികച്ച അറിവുകള്‍ അല്ലാഹുവിന്റെ സര്‍വമാന പരിപാലന ശക്തിവിശേഷം കൂടുതല്‍ തെളിമയോടെ ബോധ്യപ്പെടാനുള്ള അവസരം കൂടിയാണ്. “മനുഷ്യശരീരത്തിലെ ബാഹ്യവും ആന്തരവുമായ ഓരോ തന്മാത്രകളിലും ആകാശഭൂമികളിലെ ഓരോ കണികകളിലും അല്ലാഹുവിന്റെ സംഭ്രമാവഹമായ രഹസ്യ തത്വങ്ങളും അത്യത്ഭുതങ്ങളും അടങ്ങിയിട്ടുണ്ട്” (ഇമാം ഗസ്സാലി. ഇഹ്യ. 2/29). പ്രപഞ്ച സംവിധാനങ്ങളിലെ അമ്പരപ്പിക്കുന്ന വൈദഗ്ധ്യങ്ങള്‍ വിശ്വാസത്തെയും ഭക്തിയെയും ശക്തിപ്പെടുത്തുന്നവയാണ്. അതുകൊണ്ട് കൂടുതല്‍ പുരോഗമിച്ച മനുഷ്യന്‍ അല്ലാഹുവിനെ കൂടുതല്‍ അറിയാനും അനുസരിക്കാനും കൈവന്ന സുവര്‍ണാവസരം തിരസ്കരിക്കുന്നത് ഭൂഷണമല്ല. മറിച്ച് അല്ലാഹുവോട് ആരാധനാത്മകമായ അപാരവിധേയത്വം പുലര്‍ത്തി ഓരോ നിമിഷവും ധന്യമാക്കേണ്ടതാണ്.
“മനുഷ്യരേ, അല്ലാഹു നിങ്ങള്‍ക്ക് നല്‍കിയ അനുഗ്രഹങ്ങളെ ഓര്‍ക്കുവീന്‍. അല്ലാഹു അല്ലാതെ ഒരു സ്രഷ്ടാവുണ്ടോ? അവനാണ് നിങ്ങള്‍ക്ക് ആകാശത്തിലെയും ഭൂമിയിലെയും വിഭവങ്ങള്‍ നല്‍കുന്നത്. അവനല്ലാതെ ഒരാരാധ്യനില്ല. എങ്കില്‍ എങ്ങോട്ടാണ് നിങ്ങള്‍ വഴിതെറ്റിപ്പോകുന്നത്” (വി.ഖു. 35/3).