സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Wednesday 19 November 2014

ആത്മാവ്- ശരീരം ബന്ധം എന്ത്?

നമ്മുടെ ശരീരത്തെക്കുറിച്ച് പഠിക്കുമ്പോള്‍ നമുക്ക്‌ മനസ്സിലാവുന്ന ഒരു വസ്തുതയാണ് ഇതിനു കൂടുതല്‍ പഴക്കമോ വയസ്സോ ഇല്ല എന്ന യാഥാര്‍ത്ഥ്യം.ഈ ശരീരത്തെ ഒരിക്കലും മനുഷ്യനെന്ന് വിലയിരുത്താനോ പേര് പറയാനോ പറ്റില്ല.ഇതു നാമുമായി ബന്ധമുള്ള വസ്തു എന്നല്ലാതെ യഥാര്‍ത്ഥത്തില്‍ മനുഷ്യന്‍ അവന്റെ ആത്മാവും ശരീരവും കൂടി ചേരുന്ന ഒരവസ്ഥയാണ്.ഏതു നിമിഷം ആത്മാവ് വിടപറയുന്നുവോ ആ നിമിഷം മുതല്‍ അത് വെറും ശരീരാവയവങ്ങളോ ശവമോ ആയി മാറുന്നു.നമ്മുടെ ശരീരം എന്തായിരുന്നുവെന്ന് വിശുദ്ധ ഖുര്‍ആനിലൂടെ അല്ലാഹു വ്യക്തമാക്കുന്നു.
هل أتي على الإنسان حين من الدّهر لم يكن شيئا مذكورا (الدّهر:01)
       "നിശ്ചയം മനുഷ്യന്നു അവന്‍ പറയപ്പെടുന്ന ഒരു വസ്തു അല്ലാതിരുന്ന കാലഘട്ടം വന്നിരുന്നു"(അവന്‍ പറയപ്പെടാത്ത ഒരു കളിമണ്‍മൂശ മാത്രമായിരുന്നു.മനുഷ്യന്‍ എന്നാല്‍ വര്‍ഗ്ഗവും സമയം എന്നാല്‍ ഗര്‍ഭകാലവുമാണ് വിവക്ഷ.) ഇല്ലായ്മയില്‍ നിന്നാണ് ഇന്ന് ഈ കാണുന്ന നമ്മുടെ ശരീരം ഉണ്ടായത്‌.ഇനി ഒരി അപ്രതീക്ഷിത നിമിഷത്തില്‍ റൂഹു ശരീരത്തോട് വിട ചൊല്ലിയാല്‍ നമ്മുടെ ശരീരം വീണ്ടും ഒന്നുമല്ലാതായ്‌ തീരുകയും ചെയ്യുന്നു.നമ്മുടെ ഈ ശരീരം മുന്പുണ്ടായിരുന്നതല്ല.മരിച്ചു കഴിഞ്ഞാല്‍ പിന്നെ അതിനു നിലനില്പ്പുമില്ല.പിന്നീട് അത് മണ്ണോടു ചേര്‍ന്ന് ഇല്ലാതായിത്തീരുന്നു.എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമായി അമ്പിയാക്കള്‍, ഖാരിഈങ്ങള്‍,അലാഹുവിന്റെ മാര്‍ഗ്ഗത്തിലെ രക്തസാക്ഷികള്‍ തുടങ്ങി പന്ത്രണ്ടോളം വിഭാഗങ്ങളുടെ ശരീരം നശിക്കില്ലെന്നു വിശുദ്ധ ഹദീസിലൂടെ മനസ്സിലാക്കാന്‍ സാധിക്കും.
            നമ്മുടെ ശരീരത്തെയും ആത്മാവിനെയും നമുക്ക് മുത്തിനോടും ചിപ്പിയോടും സാദൃശ്യപ്പെടുത്താവുന്നതാണ്.മുത്ത്‌ ചിപ്പിയിലുണ്ടാവുമ്പോഴാണ് ആ ചിപ്പിക്ക് മൂല്യമുണ്ടാവുന്നത്.അത്പോലെ തന്നെയാണ് ശരീരമാവുന്ന ചിപ്പിക്ക് മൂല്യം കൈവരുന്നത് ആത്മാവ് ആകുന്ന മുത്ത്‌ അതില്‍ കുടികൊള്ളുമ്പോഴാണ്.അല്ലാത്തപക്ഷം അത് നിസ്സാരമായ ചിപ്പിപോലെ വെറും ഒരു പുറന്തോട് മാത്രമാണ്.നമ്മുടെ ശരീരത്തിന്റെ ഉത്ഭവസത്ത തന്നെ വളരെ നിസ്സാരമാണ്.ആദിപിതാവായ ആദം നബിയെ (അ) വളരെ നിസ്സാരമായ മണ്ണില്‍ നിന്ന് സൃഷ്ടിച്ചു.അവിടത്തെ മക്കളായ നമ്മെ മനുഷ്യ ശരീരത്തില്‍ നിന്നുണ്ടാവുന്ന മ്ലേച്ഛമായ ഇന്ദ്രിയത്തുള്ളിയില്‍ നിന്ന് സൃഷ്ടിച്ചു.വിശുദ്ധ ഖുര്‍ആന്‍ ഇവ്വിഷയങ്ങളെ തനതായ ശൈലിയില്‍ വിശദീകരിക്കുന്നു.
"ولقد خلقنا الإنسان من سلالة من طين" (المؤمنون:12)
            "നിശ്ചയമായും മനുഷ്യനെ നാം കളിമണ്ണിന്റെ സത്തില്‍ നിന്നും സൃഷ്ടിച്ചു"മണ്ണില്‍ നിന്ന് സൃഷ്ടിക്കപ്പെട്ട ആദം നബി (അ)ന്റെ മക്കള്‍ മണ്ണ് പോലെ നിസ്സാരവും അതിലേറെ വെറുക്കപ്പെടുന്നതുമായ ഇന്ദ്രിയത്തുള്ളിയില്‍ നിന്ന് സൃഷ്ടിക്കപ്പെട്ടു.പരിശുദ്ധ ഖുര്‍ആന്‍ പറയുന്നത് കാണുക.
ثمّ نسله من سلالة من ماء مهين" (السّجدة: 08
"അനന്തരം ഹീനമായ ഒരു ജലത്തിന്റെ (ഇന്ദ്രിയം) സത്തില്‍ നിന്ന് (രക്തക്കട്ട) യില്‍ അവരുടെ സന്താനങ്ങളെ അവന്‍ സൃഷ്ടിക്കുന്നു." അപ്പോള്‍ നമ്മുടെ ശരീരത്തിന്റെ അടിസ്ഥാനം നീചവും നിന്ദ്യവുമായ ഒരു ജലത്തുള്ളിയാണെന്നു നാം കണ്ടുകഴിഞ്ഞു. അതോടൊപ്പം മരണത്തോടെ ഈ ശരീരം ദിവസങ്ങള്‍ക്കുള്ളില്‍ വെറുക്കപ്പെട്ടതായി മാറുന്നു.വളരെ സ്പഷ്ടമായ ഈ വിശുദ്ധ ഖുര്‍ആനിക സൂക്തങ്ങളില്‍ നിന്നു ഉരുത്തിരിയുന്ന ഒരു യാഥാര്‍ത്ഥ്യം നാം മനസ്സിലാക്കേണ്ടതുണ്ട്.അഥവാ നമ്മുടെ ശരീരം നാം ഒരിക്കലും അമിതമായി പ്രാധാന്യം നല്‍കേണ്ട വസ്തുവല്ല.മറിച്ച് നമ്മുടെ ആത്മാവിന്റെ പാരമ്പര്യം അറിയുകയും അതിന്റെ പ്രാധാന്യം അറിഞ്ഞു നാം പ്രവര്‍ത്തിക്കുകയും വേണം.ആത്മാവിനെക്കുറിച്ച് അറിയുമ്പോള്‍ ഈ ശരീരം പോലെയല്ല ആത്മാവ് എന്നും അത് വളരെ പഴക്കമുള്ള വസ്തുവാണെന്നും നമുക്ക്‌ ബോധ്യമാവും.പ്രപഞ്ചത്തിന്റെ തുടക്കം തന്നെ ആത്മാവ് കൊണ്ടാണെന്നു പുണ്യ റസൂല്‍ കരീം (സ) തങ്ങളുടെ വിശുദ്ധ വചനങ്ങള്‍ അരക്കിട്ടുറപ്പിക്കുന്നു.അവിടുന്ന് (സ) പറഞ്ഞു.
"أول ما خلق الله روحي"
"അല്ലാഹു ആദ്യമായി സൃഷ്ടിച്ചത് എന്റെ റൂഹാണ്". മറ്റൊരു ഖുദ്സിയായ ഹദീസിലൂടെ നബി (സ) നമ്മെ പഠിപ്പിക്കുന്നു.
"خلقت الأرواح قبل الأجساد قبل ألفي عام"
"ആത്മാവുകളെ ശരീരങ്ങള്‍ സൃഷ്ടിക്കുന്നതിന്റെ രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ ഞാന്‍ സൃഷ്ടിച്ചു." ഇവിടെ രണ്ടായിരം എന്നത് കൃത്യമായ കണക്കിനെയല്ല സൂചിപ്പിക്കുന്നത്,മറിച്ച് ശരീരത്തേക്കാള്‍ ആത്മാവിനു പഴക്കവും പ്രായക്കൂടുതലുമുണ്ടെന്നു അറിയിക്കാനാണ്.മറ്റൊരു ഹദീസിലൂടെ ഇത് വളരെ വ്യക്തമായി തെളിഞ്ഞു നില്‍ക്കുന്നുണ്ട്.ഈ ഹദീസില്‍ നിന്നും ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ.ആത്മാവിന്റെ സൃഷ്ടിപ്പ് നടന്നിട്ടുണ്ടെന്ന് മനസ്സിലാക്കാന്‍ കഴിയും.മഹാനായ നബി (സ) തങ്ങള്‍ മിഅ്റാജിന്റെ രാത്രി ആകാശലോകത്ത് കൂടി സഞ്ചരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു വിഭാഗം മലക്കുകള്‍ മറ്റൊരു വിഭാഗം മലക്കുകളുടെ അടുത്തേക്ക്‌ നീങ്ങിക്കൊണ്ടിരിക്കുന്നു.അവര്‍ അവരുടെ സഞ്ചാരം തുടരുന്നുണ്ടെങ്കിലും ലക്ഷ്യത്തിലേക്ക് എത്തുന്നില്ല.അപ്പോള്‍ നബി (സ) ജിബ്‌രീല്‍ (അ) മിനോട് ചോദിച്ചു.ജിബ്രീലെ,ഇക്കൂട്ടര്‍ ആരാണ്?ഇവരുടെ അവസ്ഥ എന്താണ്?.ജിബ്‌രീല്‍ (അ) പറഞ്ഞു.എനിക്കും അവരെ കുറിച്ച് വ്യക്തമായി അറിയുകയില്ല.കാലങ്ങളായി അവര്‍ എങ്ങനെ നടന്നു കൊണ്ടിരിക്കുന്നു.നബിയും (സ) ജിബരീലും (അ) അവരുടെ കൂട്ടത്തില്‍ നിന്ന് ഒരു മലക്കിനെ വിളിച്ചു കാര്യമന്വേഷിച്ചു.ആ മലക്ക് പറഞ്ഞു.എന്റെ ആയുസ്സിനെ ക്കുറിച്ച് എനിക്ക് യാതൊരു തിട്ടവുമില്ല.എങ്കിലും ഈ സഞ്ചാരത്തിനിടയില്‍ നാലായിരം വര്ഷം തികയുമ്പോള്‍ ഞാന്‍ ഒരു നക്ഷത്രത്തെ കാണാറുണ്ട്‌.ആ നക്ഷത്രത്തെ എന്റെ സഞ്ചാരത്തിനിടയില്‍ നാല് ലക്ഷം പ്രാവശ്യം കണ്ടിട്ടുണ്ട്.ആ നക്ഷത്രം ഹബീബായ നബി (സ) യുടെ പ്രകാശമാണ്.ഈ ഹദീസില്‍ നിന്നും ആത്മാവിന്റെ പഴക്കം എത്രത്തോളമാണെന്ന് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും.