അല്ലാഹുവിലും
അന്ത്യനാളിലുമുള്ള വിശ്വാസത്തിനു ഉലച്ചില്‍ തട്ടുകയും നശ്വരവും
ക്ഷണഭംഗുരവുമായ പ്രാപഞ്ചിക സുഖസന്തോഷങ്ങളിലുള്ള
ദുരാഗ്രഹങ്ങള്‍ക്കടിമപ്പെട്ടു ജീവിക്കുകയും ചെയ്യുന്ന അധമന്മാരില്‍
നിന്നാണ് ഈ ദുഷിച്ച സമ്പ്രദായമുണ്ടായിത്തീരുക. പണ്ഢിത
പാമര ഭേദമന്യേ പലരെയും ഈ മഹാവ്യാധി ബാധിക്കാറുണ്ട്.
സാമ്പത്തികമായോ മറ്റു വിധേനയോ ഔന്നത്യം ലഭിച്ചിട്ടുള്ള
ചിലര്‍ എന്തുതന്നെ അക്രമങ്ങളും അനീതികളും പ്രവര്‍ത്തിക്കുന്നതിനോ മര്യാദ
രഹിതമായി വാക്കുകള്‍ പറയുന്നതിനോ മടിക്കാറില്ല.
എല്ലാവരും തങ്ങളുടെ അടിമകളും പാദസേവകരുമായി
ജീവിച്ചുകൊള്ളണമെന്നും തങ്ങള്‍ ചെയ്യുന്ന അനീതികളെയും
അക്രമങ്ങളെയും പ്രതിഷേധിക്കാന്‍ ആര്‍ക്കുംതന്നെ അധികാരവും
അവകാശവുമില്ലെന്നുമാണ് അവരുടെ വെപ്പ്. മറിച്ചു
പ്രവര്‍ത്തിക്കുന്ന ആളുകള്‍ നിരവധി മര്‍ദ്ദനങ്ങള്‍ക്കും യാതനകള്‍ക്കും
വിധേയരാകേണ്ടിവരും. അനുഭവങ്ങള്‍ തന്നെ ഇപ്പറഞ്ഞതിന് സാക്ഷ്യം
വഹിക്കുന്നുണ്ട്. ഇത്തരക്കാരുടെ അഭീഷ്ടത്തിനു വഴങ്ങി
അവരുടെ റാന്‍മൂളികളായി ജീവിക്കുകയും അവരെ മുക്തകണ്ഠം പ്രശംസിക്കുകയും
അവരുടെ ദുഷ്ചെയ്തികളെ ന്യായീകരിക്കുകയും ചെയ്യുന്ന പൈശാചിക
സമ്പ്രദായം.
മക്കയിലെ വിഗ്രഹാരാധകരുടെ പിഴച്ച
സമ്പ്രദായങ്ങളെ ന്യായീകരിക്കുകയും അവരുടെ അഭീഷ്ടത്തിനൊത്ത്
മുസ്ലിംകളെ അധിക്ഷേപിക്കുകയും ചെയ്ത ജൂതപണ്ഢിതനെ സൂചിപ്പിച്ചുകൊണ്ട്
പരിശുദ്ധ ഖുര്‍ആന്‍ പറയുന്നത് കാണുക: “ഗ്രന്ഥത്തിന്റെ
(ദിവ്യസന്ദേശങ്ങളുടെ) ഒരംശം നല്‍കപ്പെട്ടവരെ നബി
കണ്ടിട്ടില്ലേ? ബിംബങ്ങളിലും പിശാചുക്കളിലും അവര്‍ വിശ്വസിക്കുന്നു.
(മാത്രമല്ല സത്യനിഷേധികളെ ചൂണ്ടിയിട്ട്, മുഹമ്മദില്‍)
വിശ്വസിക്കുന്ന ആളുകളെക്കാള്‍ ഇവരാണ് കൂടുതല്‍ നേര്‍മാര്‍ഗം പ്രാപിച്ചവര്‍
എന്നു പറയുകയും ചെയ്യുന്നു. അവരെയാണ് അല്ലാഹു
ശപിച്ചിട്ടുള്ളത്. വല്ലവനെയും അല്ലാഹു ശപിച്ചുകഴിഞ്ഞാല്‍
അവന് നീ യാതൊരു സഹായിയെയും കാണുകയില്ല’ (സൂറഃ നിസാഅ് 51 –
53).
മക്കയിലെ മുശ്രിക്കുകള്‍ ജൂതപണ്ഢിതനായ
കഅ്ബുബ്നു അശ്റഫിനോട് ഇങ്ങനെ ചോദിച്ചു: ‘താങ്കള്‍
മതഗ്രന്ഥങ്ങള്‍ വായിക്കുന്ന ആളാണ്. ഞങ്ങള്‍ക്കാണെങ്കില്‍ അക്ഷരപരിജ്ഞാനം
കൂടിയില്ല. മുഹമ്മദിന്റെ കക്ഷിയോ അല്ല ഞങ്ങളോ ആരാണ്
കൂടുതല്‍ നേര്‍വഴി പ്രാപിച്ചവര്‍?’ ‘നിങ്ങളാണ് കൂടുതല്‍
സന്മാര്‍ഗ പ്രാപ്തരെന്നായിരുന്നു കഅ്ബിന്റെ മറുപടി. (തഫ്സീര്‍ സ്വാവി) ഈ
സംഭവവും അതിനെ തുടര്‍ന്ന് അവന്‍ അനുഭവിക്കേണ്ടിവന്ന
ശിക്ഷയുമാണ് മേലുദ്ധരിച്ച പരിശുദ്ധവചനം
സൂചിപ്പിക്കുന്നത്. ധനാഢ്യരും പ്രമാണിമാരും ചെയ്യുന്ന ഏതു പ്രവൃത്തിയെയും
അനുകൂലിക്കുന്ന വളരെയധികം ആളുകളെ നമുക്കിന്ന് കാണാന്‍
കഴിയും.
ഒരു അറബി കവി പറഞ്ഞത് വളരെ ചിന്താര്‍ഹമാണ്.
(1) ഒരാളുടെ കയ്യില്‍ അല്‍പ്പം വെള്ളിക്കാശ് ഉണ്ടാകുമ്പോള്‍
വിവിധ രൂപത്തിലുള്ള സംസാരപാടവം അവന് ലഭിക്കുകയും അങ്ങനെ അവന്‍
സംസാരിക്കുകയും ചെയ്യുന്നു. (2) അവന്റെ സമകാലികന്മാരെ
കവച്ചുവെച്ചുകൊണ്ട് അവന്‍ മുന്നോട്ട് ഗമിക്കുകയും അവന്റെ
സംസാരം ജനങ്ങള്‍ സശ്രദ്ധം ശ്രവിക്കുകയും ആനന്ദതുന്ദിലനായി അവന്‍
ജീവിക്കുകയും ചെയ്യുന്നു. (3) പ്രസ്തുത വെള്ളിക്കാശ്
അവന്റെ കയ്യിലുണ്ടായിരുന്നില്ലെങ്കില്‍ അവന്‍ ഏറ്റവും
താഴ്ന്ന ജീവിതം നയിക്കേണ്ടിവരുമായിരുന്നു. (4) ധനികന്‍ തെറ്റുപറയുമ്പോള്‍
ജനങ്ങള്‍ അത് ശരിവെക്കുകയും അവന്‍ പറയുന്നത്
അസംഭവ്യമായിരുന്നാല്‍ക്കൂടി അത് സംഭവ്യമാണെന്ന്
തലകുലുക്കി സമ്മതിക്കുകയും ചെയ്യുന്നു. (5) ദരിദ്രന്‍ പറയുന്നത്
എത്രതന്നെസത്യമായിരുന്നാലും അതിനെ അവര്‍
വ്യാജമായിക്കണക്കാക്കുകയും നിഷേധിക്കുകയും ചെയ്യുന്നു (ജവാഹിറുല്‍ അദബ്).
ഈ സംഗതി നിത്യമെന്നോണം നാം
കണ്ടുകൊണ്ടിരിക്കുന്ന പരമാര്‍ഥം മാത്രമാണ്. അനീതിയും അക്രമവും കാണുമ്പോള്‍
പതറാതെ, മുഖം നോക്കാതെ, യാതൊരു ആക്ഷേപകന്റെയും ആക്ഷേപം
വകവെക്കാതെ, സുധീരം മല്ലിട്ടെതിര്‍ക്കുകയും തന്നിമിത്തം
വന്നുഭവിക്കാവുന്ന കഷ്ടനഷ്ടങ്ങള്‍ സസന്തോഷം
സ്വീകരിക്കുകയും ചെയ്യുകയെന്നുള്ളതാണ് യഥാര്‍ഥ വിശ്വാസിയുടെ സ്വഭാവം.
ത്യാഗം വരിക്കാതെ സ്വര്‍ഗത്തില്‍ പോയി സുഖിക്കാമെന്ന്
കരുതുന്നത് വ്യാ മോഹം മാത്രമാണ്. പരിശുദ്ധ ഖുര്‍ആന്‍
പറയുന്നു: “സത്യവിശ്വാസികളേ, പൈശാചിക ശക്തികളുമായുള്ള
സമരത്തില്‍ വമ്പിച്ച ത്യാഗങ്ങള്‍ക്ക് സന്നദ്ധരായികൊള്ളുക. അതല്ല
(മുസ്ലിമെന്നതുകൊണ്ട് മാത്രം) നിങ്ങളുടെ മുമ്പ്
കഴിഞ്ഞുപോയിട്ടുള്ളവര്‍ അനുഭവിച്ച ഭയങ്കരാവസ്ഥകള്‍ നിങ്ങളും അനുഭവിക്കാതെ
സ്വര്‍ഗത്തില്‍ പ്രവേശിച്ചുകളയാമെന്ന് നിങ്ങള്‍ കരുതുന്നോ
(അങ്ങനെ ഒരിക്കലും വിചാരിക്കണ്ട) സാമ്പത്തിക ദുരിതങ്ങളും
(അതോടൊപ്പം മറ്റു ഭയങ്കര) വിപത്തുകളും അവരെ ബാധിച്ചു. (അങ്ങനെ
അവരിലുണ്ടായിരുന്ന പരീക്ഷണങ്ങളുടെ കാഠിന്യം മൂലം) അവര്‍
വിറപ്പിക്കപ്പെട്ടുപോയി. (അവസാനം പരീക്ഷണങ്ങളുടെ ഉഗ്രത
സഹിക്കുവാനുള്ള ഞെരുക്കം മൂലം, ഞങ്ങള്‍ക്ക്) എപ്പോഴാണ്
അല്ലാഹുവിന്റെ സഹായം എത്തിച്ചേരുക എന്ന് അല്ലാഹുവിന്റെ ദൂതനും
അദ്ദേഹത്തോടൊപ്പമുള്ള സത്യവിശ്വാസികളും പറഞ്ഞുപോകത്തക്ക
ഘട്ടം വരെ എത്തി. അപ്പോള്‍ അദൃശ്യലോകത്തിന്റെ കവാടം
പൊടുന്നനവെ തുറന്നു. അവരെ ഇങ്ങനെ സമാശ്വസിപ്പിച്ചു. (പരിഭ്രമിക്കണ്ട)
അല്ലാഹുവിന്റെ സഹായം (ഇതാ) അടുത്തിരിക്കുന്നു.” (സൂറഃ
അല്‍ബഖറ 214).
ഖുര്‍ആന്‍ ശരീഫില്‍ മറ്റൊരിടത്ത് ഇങ്ങനെ
പറയുന്നു: ‘വിവിധ തരത്തിലുള്ള പരീക്ഷണങ്ങള്‍ക്ക് വിധേയരാകാതെ ഞങ്ങള്‍
വിശ്വസിച്ചുവെന്ന് പറഞ്ഞതുകൊണ്ട് മാത്രം വിട്ടയക്കപ്പെടുമെന്ന്
ജനങ്ങള്‍ ധരിച്ചുപോയോ? പൂര്‍വ്വികന്മാരെ വിവിധ
പരീക്ഷണങ്ങള്‍ മുഖേന സത്യവിശ്വാസികളെയും കപടവിശ്വാസികളെയും നാം
തരംതിരിച്ചുകാണും (സൂറഃ അന്‍കബൂത് 2).
സത്യവിശ്വാസികളെ അഗ്നികുണ്ഠത്തില്‍ ഇടുകയും
അതുകണ്ടാനന്ദിച്ചു ചുറ്റും ഇരിക്കുകയും ചെയ്തവര്‍
ശപിക്കപ്പെട്ടു. സ്തുത്യര്‍ഹനും പ്രതാപശാലിയും
ആകാശഭൂമിയുടെഅധിപനുമായഅല്ലാഹുവില്‍
വിശ്വസിച്ചുവെന്നല്ലാതെ അവര്‍ക്ക് ആ സത്യവിശ്വാസികളുടെ മേല്‍
യാതൊരാക്ഷേപവുമുണ്ടായിരുന്നില്ല (സൂറഃ ബുറൂജ് 4 -9).
അസ്വ്ഹാബുല്‍ കഹ്ഫി (ഗുഹാവാസികള്‍) നെ
സംബന്ധിച്ച് പരിശുദ്ധ ഖുര്‍ആന്‍ ഇപ്രകാരം പറയുന്നു: ‘നിശ്ചയമായും
അവര്‍ തങ്ങളുടെ നാഥനില്‍ വിശ്വസിക്കുകയും നാം സന്മാര്‍ഗ പ്രാപ്തി
വര്‍ധിപ്പിച്ചുകൊടുക്കുകയും ചെയ്ത യുവാക്കളാണ്. (ദുഷ്ടനും
സ്വേച്ഛാധിപതിയുമായ ഭരണ കര്‍ത്താവിന്റെ മുമ്പില്‍ അവര്‍)
നില്‍ക്കുകയും ‘ഞങ്ങളുടെ നാഥന്‍ ആകാശഭൂമിയുടെ സംരക്ഷകനായ
അല്ലാഹു മാത്രമാണ്. അവനെ വിട്ടുകൊണ്ട് ഞങ്ങള്‍ മറ്റൊരാരാധ്യനെ
സ്വീകരിക്കുകയില്ല. (മറ്റൊരാരാധ്യനുണ്ടെന്നു നാം
പറഞ്ഞാല്‍) വളരെ അതിക്രമമായ വാക്ക് നാം പറഞ്ഞവരായി’ എന്നിങ്ങനെ
പറഞ്ഞപ്പോള്‍ അവര്‍ക്ക് നാം മനോദാര്‍ഢ്യം
നല്‍കിയിരിക്കുന്നു’ (സൂറഃ കഹ്ഫ് 13, 14).
നബി (സ്വ) അരുള്‍ ചെയ്യുന്നു: ‘ക്രൂരനായ
ഭരണാധികാരിയുടെ മുമ്പില്‍വെച്ചു സത്യം തുറന്നു പറയുകയെന്നതാണ്
അതിശ്രേഷ്ഠമായ സമരം (അബൂദാവൂദ്, തിര്‍മുദി).