സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Sunday, 30 November 2014

ഖത്തപ്പുര കെട്ടലും ജമാഅത് ഒഴിവാക്കലും


ചോദ്യം:
ഖബറിന്മേല്‍ ഖത്തപ്പുര കെട്ടി ഖുര്‍ആന്‍ പാരായണം ചെയ്യുന്നതിന്റെ വിധിയെന്ത്? മുന്‍ഗാമികള്‍ ഇത് ചെയ്തിട്ടുണ്ടോ?
ഉത്തരം:
ഖബറിന്മേല്‍ തണലിന് വേണ്ടിയുള്ള പുര ഉണ്ടാക്കല്‍ കറാഹത്താണെന്നാണ് കര്‍മശാസ്ത്രത്തിന്റെ പൊതുനിയമം. പക്ഷേ, ഈ പറഞ്ഞത് ഖബറിന്മേല്‍ ഖുര്‍ആന്‍ ഓതുന്നവര്‍ക്ക് ചൂട്, തണുപ്പ് എന്നിവ തടുക്കുക പോലുള്ള നല്ല ഉദ്ദേശ്യത്തോട് കൂടിയല്ലെങ്കിലാണ്. അങ്ങനെയാണെങ്കില്‍ അതില്‍ കറാഹത്തില്ല (ശര്‍വാനി 3/197).
ബഹു. ഇബ്നു അബീശൈബ(റ) മുഹമ്മദുബ്നുല്‍ മുന്‍കദിര്‍(റ) വഴിയായി നിവേദനം ചെയ്യുന്നു: ബഹു. ഉമര്‍(റ) സൈനബ(റ)യുടെ ഖബറിന്മേല്‍ കൂടാരം വെച്ച് കെട്ടിയിരുന്നു. ഇബ്നുഅബീശൈബ(റ) തന്നെ അബൂഅത്വാഇ(റ)ല്‍ നിന്ന് നിവേദനം: ഇബ്നുഅബ്ബാസ്(റ) വഫാത്തായപ്പോള്‍ ഞാന്‍ അവിടെയുണ്ടായിരുന്നു. ബഹു. ഇബ്നുല്‍ ഹനഫിയ്യ(റ)യാണ് ജനാസ സംസ്കരണത്തിന് നേതൃത്വം നല്‍കിയത്. ഖബറടക്കം ചെയ്തശേഷം അവര്‍ ഖബറിന്മേല്‍ പുരകെട്ടുകയും മൂന്നുദിവസം അത് ശേഷിക്കുകയും ചെയ്തു. (മുസ്വന്നഫു ഇബ്നു അബീശൈബ 3/335). ഇതുതന്നെയാണ് ഹനഫീ മദ്ഹബിന്റെയും വീക്ഷണം. റദ്ദുല്‍ മുഖ്താര്‍ 1/946 നോക്കുക.
അബൂമഅ്ശര്‍(റ) മുഹമ്മദുബ്നുല്‍ മുന്‍കദിര്‍(റ) വഴിയായി നിവേദനം ചെയ്യുന്നു: “സൈനബ ബിന്‍ത് ജഹ്ശി(റ)ന്റെ ഖബര്‍ കുഴിക്കുന്ന ചൂടുള്ള ദിവസത്തില്‍ ഉമര്‍(റ) ശ്മശാനത്തില്‍ നിന്നുകൊണ്ട് ഇവരുടെ മേല്‍ ഞാനൊരു കൂടാരം കെട്ടിയെങ്കില്‍ എന്നുപറയുകയും കൂടാരം പണിയുകയും ചെയ്തു. ജന്നത്തുല്‍ ബഖീഇലെ ഖബറിന്മേല്‍ ആദ്യമുണ്ടായിരുന്ന കൂടാരം അതായിരുന്നുവെന്ന് മറ്റൊരു നിവേദനത്തിലും കാണാം.
മുഹമ്മദുബ്നു ഇബ്റാഹിം(റ) തന്റെ പിതാവില്‍ നിന്ന് ഉദ്ധരിക്കുന്നു: “ചൂട് കഠിനമായതുകൊണ്ട് സൈനബ(റ)യുടെ ഖബറിന്മേല്‍ കൂടാരം പണിയാന്‍ ഉമര്‍(റ) കല്‍പ്പിച്ചു. ബഖീഇലെ ഖബറിന്മേല്‍ ആദ്യമുണ്ടായിരുന്ന കൂടാരം അതായിരുന്നു” (ത്വബഖാതു ഇബ്നിസഅദ് 8/113).
ബഹു. ഇബ്നു അസാകിര്‍(റ) തബ്യീനു കദ്ബില്‍ മുഫ്തരി പേജ് 287ല്‍ പറയുന്നു: “ശൈഖ് അബുല്‍ ഫത്ഹ്(റ) ഇങ്ങനെ പറയുന്നതായി ഞാന്‍ കേട്ടു. ശൈഖ് നസ്വ് റുബ്നു ഇബ്റാഹീമി(റ)ന്റെ ഖബറിന്മേല്‍ ഞങ്ങള്‍ ഏഴുദിവസം ഖുര്‍ആന്‍ പാരായണം ചെയ്തു. ഓരോ ദിവസവും ഇരുപത് ഖത്തം ഓതിയിരുന്നു. ഇത് ബഹു. സുയൂത്വി(റ) തന്റെ ഫതാവ 2/194ല്‍ ഉദ്ധരിച്ചിട്ടുണ്ട്.
ഇമാം സുയൂത്വി തന്റെ ഫതാവാ 2/194ല്‍ പറയുന്നു: ഇത് പോലെ ധാരാളം ഇമാമുകളുടെ താരീഖില്‍ ഞാന്‍ കണ്ടിട്ടുണ്ട്.
ബഹു. അബൂജഅ്ഫരില്‍ ഹമ്പലി(റ) വഫാത്തായപ്പോള്‍ അഹ്മദുബ്നു ഹമ്പലി(റ)ന്റെ ഖബറിനരികില്‍ മറവു ചെയ്യുകയും ജനങ്ങള്‍ അവിടെവെച്ച് പതിനായിരം ഖത്തം ഓതിത്തീര്‍ക്കുകയും ചെയ്തിരുന്നുവെന്ന് ബഹു. ഇബ്നുകസീര്‍(റ) തന്റെ അല്‍ബിദായതു വന്നിഹായ 12/119ല്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
മാത്രമല്ല, ഇതുപോലെ അന്‍സ്വാരികളായ സ്വഹാബികള്‍ ചെയ്തിരുന്നുവെന്ന് ഖല്ലാല്‍ തന്റെ ജാമിഇല്‍ ശഅബി(റ)ല്‍ നിവേദനം ചെയ്തിട്ടുണ്ട് (മിര്‍ഖാത് 2/382).
ഇമാം നവവി(റ)തന്നെ പറയട്ടെ: “ഖബറിനരികില്‍ വെച്ച് സൌകര്യമുള്ളത്ര ഖുര്‍ആന്‍ പാരായണം നടത്തലും ശേഷം ഖബറാളികള്‍ക്ക് വേണ്ടി പ്രാര്‍ഥന നടത്തലും സുന്നത്താണ്. ഇമാം ശാഫിഈ(റ) വ്യക്തമാക്കിയതാണ് ഇക്കാര്യം. അവിടുത്തെ അസ്വ്ഹാബ് ഇതിന്റെ മേല്‍ ഏകോപിച്ചിട്ടുണ്ട്” (ശര്‍ഹുല്‍ മുഹദ്ദബ് 5/311).
ഇതുകൊണ്ടുതന്നെയാണ് ഇമാം റാസി(റ) തനിക്ക് മരണമാസന്നമായപ്പോള്‍ തന്റെ ഖബറിന്റെ മേല്‍ ഖുര്‍ആന്‍ പാരായണം ചെയ്യാന്‍ വസ്വിയ്യത് ചെയ്തത് (സുബ്കി(റ)യുടെ ത്വബഖാത് 8/92 നോക്കുക).
ഇങ്ങനെയുള്ള ധാരാളം തെളിവുകളാല്‍ സ്ഥിരപ്പെട്ടതും സ്വഹാബികള്‍ അടക്കമുള്ള സജ്ജനങ്ങള്‍ അനുഷ്ഠിച്ചതുമാണ് ഖബറിന്റെമേല്‍ (ഖത്തപ്പുരകെട്ടി) ഖുര്‍ആന്‍ പാരായണം ചെയ്യല്‍. അതുകൊണ്ട് തന്നെയാണ് ശാഫിഈ ഇമാമും അല്ലാത്തവരും ഖബറിടത്തില്‍ ഖുര്‍ആന്‍ പാരായണം ചെയ്യല്‍ സുന്നത്താണെന്ന് തറപ്പിച്ചുപറഞ്ഞത് (സുയൂത്വി(റ)യുടെ ശറഹുസ്സുദൂര്‍ പേജ് 123).
ഇതുപോലെ മറ്റു ഫിഖ്ഹീ കിതാബുകളിലും കാണാവുന്നതാണ്. ധാരാളം ഹദീസുകള്‍ കൊണ്ട് ഇത് സുന്നത്താണെന്ന് ബഹു. ഐനി(റ) ഉംദതുല്‍ഖാരി 3/118ല്‍ സ്ഥാപിച്ചിട്ടുണ്ട്.
ഇമാം നവവി(റ) പറയുന്നു: “ഖബറിനരികില്‍ ഖുര്‍ആന്‍ ഓതുന്നത് സംബന്ധമായി ഖാളി അബുത്വയ്യിബി(റ)നോട് ചോദ്യമുന്നയിക്കപ്പെട്ടപ്പോള്‍ അവിടുന്നിപ്രകാരം മറുപടി നല്‍കി. ഓതിയവന് പ്രതിഫലം ലഭിക്കും. അതിന്റെ പുണ്യവും അനുഗ്രഹവും മയ്യിത്തിനും പ്രതീക്ഷിക്കപ്പെടാം. ഈ ആവശ്യത്തിനുവേണ്ടി ഖുര്‍ആന്‍ പാരായണം ചെ യ്യല്‍ സുന്നത്ത് തന്നെയാണ്. മാത്രമല്ല ഖുര്‍ആന്‍ പാരായണാനന്തരം ദുആ ചെയ്യല്‍ ഉത്തരം ലഭിക്കാന്‍ ഏറ്റവും അടുത്ത മാര്‍ഗമാണ്. ദുആഅ് മയ്യിത്തിന് ഫലം ചെയ്യുന്നതുമാണ്” (റൌള 1/657).
ഖുര്‍ആന്‍ പാരായണം മുറിയാതിരിക്കാന്‍ ജുമുഅ ജമാഅത് ഒഴിവാക്കല്‍
ഖത്തപ്പുരയില്‍ ഓതുന്ന വ്യക്തി ഓത്ത് മുറിയാതിരിക്കാന്‍ ജുമുഅ ജമാഅത് ഒഴിവാക്കുന്നതിന് വല്ല വിടുതിയുമുണ്ടോ?
ഉത്തരം: ഖത്തപ്പുരയില്‍ ഓതുന്നവന്‍ കൂലിക്കാരനായത് കൊണ്ട് സുന്നത്തായ ജമാഅത്തില്‍ സംബന്ധിക്കേണ്ടതില്ല. ജുമുഅ അവനും നിര്‍ബന്ധമായതുകൊണ്ട് അതില്‍ സംബന്ധിക്കേണ്ടതു തന്നെയാണ്. കൂലിക്കാരന് ജുമുഅയല്ലാത്ത ജമാഅത്തുകളില്‍ പള്ളിയില്‍ പങ്കെടുക്കാന്‍ അനുമതി കൊടുക്കല്‍ നിര്‍ബന്ധമൊന്നുമില്ലെന്ന് ഇമാം അദ്റഇ(റ) പ്രസ്താവിച്ചിട്ടുണ്ട്. പള്ളി അകലെയാകുമ്പോഴും ഇമാമ് നിസ്കാരം ദീര്‍ഘിപ്പിക്കുമ്പോഴും ഇപ്പറഞ്ഞതില്‍ ഒരു സന്ദേഹവുമില്ലെന്നും അദ്റഇ(റ) പറയുന്നു. സാധാരണ നിസ്കാരം സാധുവാകാന്‍ ജമാഅത്ത് നിബന്ധനയല്ലാത്തത് കൊണ്ട് ഒറ്റക്ക് നിസ്കരിച്ചാലും ബാധ്യത വീടുന്നതുപോലെയല്ലേല്ലാ ജുമുഅ. കാരണം ജുമുഅക്ക് ജമാഅത്ത് നിബന്ധനയാണല്ലോ. ഇതാണ് ജുമുഅയും മറ്റു ജമാഅത്തുകളും തമ്മിലുള്ള വ്യത്യാസം (തുഹ്ഫ 2/406 ശര്‍വാനി സഹിതം നോക്കുക.)