സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Saturday, 8 November 2014

കാരുണ്യം

അബ്ദുല്ലാഹിബിന്‍ അംറ് (റ) അല്ലാഹുവിന്റെ തിരുദൂതര്‍ പറഞ്ഞതായി ഉദ്ധരിക്കുന്നു:”ക രുണ കാണിക്കുന്നവരോടു പരമ കാരുണികനായ അല്ലാഹു കരുണ കാണിക്കും. ഭൂമിയിലുള്ളവരോട് നിങ്ങള്‍ കരുണ കാണിക്കുക. എന്നാല്‍ ആകാശത്തുള്ളവര്‍ നിങ്ങളോടു കരുണ കാണിക്കും” (തുര്‍മുദി 1924, അബൂദാവൂദ് 4920).
ജരീറുബിന്‍ അബ്ദില്ലാഹി (റ) പറയുന്നു: അല്ലാഹുവിന്റെ തിരു ദൂതര്‍ പ്രസ്താവിച്ചു: “ജനങ്ങളോടു വല്ലവനും കരുണ കാണിച്ചില്ലെങ്കില്‍ മഹാനും പ്രതാപിയുമായ അല്ലാഹു അവനോട് കരുണ കാണിക്കുകയില്ല”(മുസ്ലിം 2319).”വല്ലവനും കരുണ കാണിച്ചില്ലെങ്കില്‍ അവനു ക    രുണ ലഭിക്കില്ല” (ബുഖാരി 6013).
ഹത്തിലും പരത്തിലും രാവും പകലും ചെറുപ്പത്തിലും വലിപ്പത്തിലും മനുഷ്യന് അല്ലാഹുവിന്റെ കാരുണ്യം ആവശ്യമാണ്. അവന്റെ കരുണാ കടാക്ഷമില്ലാതെ ഒരു നിമിഷം പോലും ജീ വിക്കാന്‍ കഴിയില്ല. വിശ്വാസിക്കും അവിശ്വാസിക്കും ഭൌതിക ലോകത്ത് അവന്‍ നല്‍കുന്ന പൊ തുവായ അനുഗ്രഹത്തിനു പുറമേ അവന്റെ ഇഷ്ടദാസന്മാര്‍ക്ക് അവന്‍ നല്‍കുന്ന അനശ്വരമായ, അമൂല്യമായ, അതിമഹത്തായ കാരുണ്യമുണ്ട്. അത് ലഭിക്കാന്‍ മുസ്ലിമാകണം, നിഷ്കളങ്കനായ മുസ്ലിം.
പരമകാരുണികനായ അല്ലാഹു, കാരുണ്യത്തിന്റെ കേദാരമായ പ്രവാചകന്‍ മുഖേന കാരുണികരായ ദാസന്മാരെ വാര്‍ത്തെടുക്കാന്‍ വേണ്ടി അവതരിപ്പിച്ചിട്ടുള്ള കാരുണ്യത്തിന്റെ സന്ദേശമാണ് ഇസ്ലാം. അല്ലാഹു കാരുണ്യവാനാണ്; കരുണാനിധിയാണ്; പരമകാരുണികനാണ്. അവന്റെ തിരുനാമങ്ങളില്‍ ‘റഹ്മാന്‍’ ‘റഹീം’ എന്നീ നാമങ്ങളാണ് ‘അല്ലാഹു’ എന്ന നാമം കഴിച്ചാല്‍ ഏറ്റവും പ്രസിദ്ധങ്ങളായിട്ടുള്ളത് ‘റഹ്മാന്‍’ എന്ന നാമം അവന്റെ സകല ലോക വിശാലമായ അനുഗ്രഹത്തെ കാണിക്കുമ്പോള്‍ ‘റഹീം’ എന്ന നാമം അവന്റെ ഇഷ്ടദാസന്മാരോടുള്ള സവിശേഷ കാരുണ്യത്തെക്കുറിക്കുന്നു. വിശുദ്ധ ഖുര്‍ആനിലെ 114 അധ്യായങ്ങളില്‍ 113 ഉം ‘ബിസ്മി’ കൊണ്ടാണ് തുടങ്ങിയിട്ടുള്ളത്. ഓരോ ബിസ്മിയും അല്ലാഹുവിന്റെ അതുല്യ കാ രുണ്യം കാണിക്കുന്ന റഹ്മാന്‍, റഹീം എന്നീ നാമങ്ങള്‍ ഉള്‍ക്കൊള്ളുന്നു. അഞ്ച് നേരത്തെ നിര്‍ ബന്ധ നിസ്ക്കാരങ്ങളിലെ ഓരോ റക്അത്തിലും ഫാതിഹ സൂറത്ത് നിര്‍ബന്ധമാണ്. ഓരോ ഫാതിഹയിലും കാരുണ്യത്തെ വാഴ്ത്തുന്ന പദങ്ങള്‍ നാലു തവണ വരുന്നു. റഹ്മാന്‍ രണ്ടു തവണയും റഹീം രണ്ടു തവണയും. ഓരോ ദിവസത്തെയും നിര്‍ബന്ധ നിസ്ക്കാരങ്ങളില്‍ 17 റക്അത്തിലായി 68 തവണ അല്ലാഹുവിന്റെ കാരുണ്യത്തെ വാഴ്ത്താന്‍, ഇതു മുഖേന ഓരോ വിശ്വാസിയും നിര്‍ബന്ധിതനാകുന്നു. ഐഛികമായി നിര്‍വ്വഹിക്കുന്ന സുന്നത്തു നിസ്ക്കാരങ്ങളില്‍ ഇതിലേറെയും ആവര്‍ത്തിക്കപ്പെടുന്നു.
എന്തിനാണീ ആവര്‍ത്തനം? അല്ലാഹു ഈ നാമങ്ങള്‍ ആവര്‍ത്തിച്ചിട്ടുള്ളത് മനുഷ്യന്‍ കാരുണ്യത്തിലേക്കുള്ള ആവശ്യം വളരെ കൂടുതലാണെന്നും കാരുണ്യത്തില്‍ ശ്രദ്ധ പതിക്കേണ്ടതു വളരെ ആവശ്യമാണെന്നും ഉണര്‍ത്താന്‍ വേണ്ടിയാണ് (തഫ്സീര്‍ ഖാസിന്‍ 1:29). അപ്പോള്‍ അല്ലാഹുവിന്റെ കാരുണ്യം അടിമയുടെ കണ്ണില്‍ ഏറ്റവും വലുതായിരിക്കണം. പാപത്തിന്റെ ഗൌരവമോ ആധിക്യമോ അവനെ ആ രക്ഷിതാവിന്റെ കാരുണ്യത്തെക്കുറിച്ചു  നിരാശനാക്കാന്‍ പാടില്ല. “തന്റെ രക്ഷിതാവിന്റെ കാരുണ്യത്തെക്കുറിച്ചു വഴിതെറ്റിയവരല്ലാതെ മറ്റാരാണു ഭഗ്നാശരാവുക?”(വി:ഖു: 15:56). യജമാനന്‍ കൈവെടിഞ്ഞാല്‍ അടിമകള്‍ക്കു പിന്നെവിടെയാണു രക്ഷ? അതു കൊണ്ടു പാപഭാരത്തില്‍ ഭഗ്നാശരാകാതെ ഖേദ പൂര്‍വ്വം തെറ്റു തിരുത്തി ദുഃഖ – വിനയ- വിലാപത്തോടെ യജമാനന്റെ കാരുണ്യത്തിന്റെ പടിവാതില്‍ക്കല്‍ കിടന്നു മാപ്പിരക്കണം. എങ്കില്‍ അല്ലാഹു മാപ്പരുളും, മോചനം നല്‍കും, കാരുണ്യം കൊണ്ടു തഴുകും, സ്നേഹം ചൊരിക്കും. “പറയുക, സ്വന്തം ആത്മാക്കളോട് അമിതമായി അക്രമം പ്രവര്‍ത്തിച്ചു പോയ എന്റെ ദാസന്മാരേ, അല്ലാഹുവിന്റെ കാരുണ്യത്തെക്കുറിച്ചു നിങ്ങള്‍ നിരാശപ്പെടരുത്. തീര്‍ച്ചയായും അല്ലാഹു പാപങ്ങളെല്ലാം പൊറുക്കുന്നതാണ്. അവന്‍ അത്യധികം പൊറുക്കുന്നവനും കരുണ ചെയ്യുന്നവനും തന്നെ; നിശ്ചയം” (വി:ഖു 39:53).
അടിമ യജമാനന്റെ കാരുണ്യ നാമങ്ങള്‍ ഇത്രയധികം ആവര്‍ത്തിക്കുന്നതെന്തിന്? അല്ലാഹുവിന്റെ മഹദ് സ്വഭാവങ്ങള്‍ നിങ്ങള്‍ സ്വീകരിക്കണമെന്നു നബി തിരുമേനി (സ്വ) പറഞ്ഞിട്ടുണ്ട്. അല്ലാഹുവിന്റെ തിരുനാമങ്ങളില്‍ നിന്ന് അടിമയോടു യോജിക്കുന്ന ആശയ വിഹിതം അവനുള്‍കൊള്ളണമെന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാം. അപ്പോള്‍ റഹ്മാന്റെ തിരുനാമങ്ങളില്‍ നിന്ന് അവന്‍ ഉള്‍ക്കൊള്ളേണ്ട വിഹിതം ഇതാണ്: അവന്‍ തന്നോടും മറ്റുള്ളവരോടും കൂടുതല്‍ കാരുണ്യം പുലര്‍ത്തണം. അവനോട് ഏറ്റവും അടുത്തവരാണ് അവന്റെ കാരുണ്യത്തിന് ഏറ്റവും അവകാശപ്പെട്ടവര്‍. ഒരാളോട് ഏറ്റവും അടുത്തത് അവന്റെ സ്വന്തം ആത്മാവു തന്നെ. അതുകൊണ്ട് പ്രഥമവും പ്രധാനവുമായ കാരുണ്യം സ്വന്തത്തോടാണു വേണ്ടത്. വിവരം നേടി അജ്ഞത നീക്കിയും സദ്സ്വഭാവം കൈവരിച്ചും ആഹാര പാനീയങ്ങളിലും ധന വ്യയത്തിലും മിതത്വം പാലിച്ചു കൊണ്ടുമാണു സ്വന്തത്തോടു കാരുണ്യം പുലര്‍ത്തേണ്ടത്. അപരരോടുള്ള കാരുണ്യമാകട്ടെ; അവര്‍ക്കു നന്മ വരുത്താനും അവരില്‍ നിന്നു തിന്മ തടുക്കാനും ഉള്ള ആത്മാര്‍ഥമായ പരിശ്രമമാണ് (ശര്‍ഹു അസ്മാഇല്‍ ഹുസ്നാ : ഇമാം റാസി പേജ്: 178-179).
ഇമാം ഗസ്സാലി (റ) പറയുന്നു: റഹ്മാന്‍ എന്ന നാമത്തില്‍ നിന്ന് അടിമ നേടേണ്ട വിഹിതം അല്ലാഹുവിന്റെ ദാസന്മാരില്‍ നിന്ന് അശ്രദ്ധരായ ആളുകളെ ദയാപൂര്‍വ്വം ഉപദേശ നിര്‍ദ്ദേശങ്ങള്‍ നല്‍കി ആ വഴിയില്‍ നിന്ന് അല്ലാഹുവിലേക്കു തിരിച്ചുവിടുകയാണ്. പാപികളെ കാരുണ്യത്തിന്റെ ദൃഷ്ടിയോടെ നോക്കണം. ലോകത്തുണ്ടാകുന്ന ഓരോ തെറ്റും തന്റെ പക്കല്‍ നിന്നുണ്ടായത് പോലെ കാണണം. അതു നിഷ്ക്കാസനം ചെയ്യാന്‍ പരമാവധി യത്നിക്കണം. തെറ്റുകാരന്‍ അല്ലാഹുവിന്റെ ക്രോധത്തിനു വിധേയനാവുകയോ അവന്റെ സമീപത്തുനിന്ന് അകറ്റപ്പെടുകയോ ചെയ്യാന്‍ ഇടവരരുത് എന്ന കാരുണ്യബോധം ഏതൊരു പാപിയോടും അവന്‍ പുലര്‍ത്തണം. റഹീം എന്ന നാമത്തില്‍ നിന്ന് അവനുള്‍ക്കൊള്ളേണ്ട വിഹിതം ദരിദ്രരുടെയും പാവപ്പെട്ടവരുടെയും പ്രശ്നങ്ങള്‍ പരിഹരിക്കുകയെന്നതാണ്. തന്റെ ദൃഷ്ടിയില്‍ പെടുന്ന ഏതൊരു ആവശ്യക്കാരനെയും തന്റെ കഴിവനുസരിച്ച് ആവശ്യ നിര്‍വ്വഹണത്തില്‍ സഹായിക്കണം. തന്റെ സമീപത്തോ നാട്ടിലോ ഉള്ള ഏതൊരു ദരിദ്രനെയും തന്റെ ധനം കൊണ്ടോ സ്വാധീനം കൊണ്ടോ ശിപാര്‍ശ കൊണ്ടോ രക്ഷിക്കണം. അതിനൊന്നും സാധിക്കാതെ വന്നാല്‍ അവനു വേണ്ടി പ്രാര്‍ഥിക്കുകയും അവനോടു സഹതാപം കാണിക്കുകയും ചെയ്യണം (അല്‍ മഖ്സ്വിദുല്‍ അസ്നാ ഫീ ശര്‍ഹി അസ്മാഇല്ലാഹില്‍ ഹുസ്നാ: ഇമാം ഗസ്സാലി).
അല്ലാഹുവിന്റെ ഏറ്റവും വലിയ കാരുണ്യമാണു മനുഷ്യന് അനശ്വര ലോകത്ത് ശാശ്വത സൌഭാഗ്യത്തിന് അവസരം സൃഷ്ടിച്ചു എന്നത്. ഈ സൌഭാഗ്യത്തിന്റെ കവാടം അവന്‍, അവന്റെ വിശാല കാരുണ്യം നിമിത്തം എല്ലാവര്‍ക്കുമായി തുറന്നു വെച്ചിരിക്കുന്നു. ഇവിടെ യാതൊരു സങ്കുചിതത്വവും ഇല്ല. ഈ സൌഭാഗ്യം വേണ്ടെന്നു വെക്കാനുള്ള സ്വാതന്ത്യ്രം മനുഷ്യര്‍ക്കുണ്ട്. സ്വര്‍ഗവും സ്വര്‍ഗത്തിലെ അനശ്വര സൌഭാഗ്യങ്ങളും വേണ്ടന്നു വെച്ചവര്‍ അല്ലാഹുവിന്റെ കാരുണ്യത്തെ വിഗണിച്ച ധിക്കാരികളാണ്. അവര്‍ക്കു ഈ മഹാഭാഗ്യം വിലക്കപ്പെടുന്നത് അല്ലാഹുവിന്റെ വിശാല കാരുണ്യത്തിനു വിരുദ്ധമല്ല. അല്ലാഹു അവന്റെ കാരുണ്യത്തിന്റെ വസതിയിലേക്ക് നിത്യാസ്വാദനത്തിനു വേണ്ടി തന്റെ അടിമകളെ ക്ഷണിക്കാന്‍ ദൂതന്മാരെ നിയോഗിച്ചു. അവരുടെ ക്ഷണം സ്വീകരിച്ചവര്‍ അല്ലാഹുവിന്റെ ക്ഷണം സ്വീകരിച്ചവരാണ്. അത് തിരസ്ക്കരിച്ചവരാകട്ടെ; അല്ലാഹുവിന്റെ ക്ഷണം തിരസ്ക്കരിച്ചവരും. അല്ലാഹുവിന്റെ ക്ഷണം തിരസ്കരിച്ചവര്‍ക്ക് അവന്റെ സവിശേഷാനുഗ്രഹവും അനുഗ്രഹ വസതിയും വിലക്കപ്പെടും. അല്ലാഹു പറയുന്നു: “എന്റെ കാരുണ്യം സകല വസ്തുക്കളെയും ഉള്‍ക്കൊള്ളും വിധം വിശാലമായിരിക്കുന്നു. ധര്‍മനിഷ്ഠ പാലിക്കുകയും സക്കാതു കൊടുക്കുകയും നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ വിശ്വസിക്കുകയും ചെയ്യുന്നവര്‍ക്ക് അതു ഞാന്‍ രേഖപ്പെടുത്തുന്നതാണ് (വി:ഖു: 7:237).
അപ്പോള്‍ അല്ലാഹുവിന്റെ കാരുണ്യത്തിനു പരിധിയില്ല. വിവേചനമില്ല. പക്ഷേ, കാരുണ്യം വേ ണ്ടെന്നു തീരുമാനിച്ചാലോ? അവന് അത് ലഭിക്കില്ലെന്നു പറയേണ്ടതില്ലല്ലോ? താഴെ ക്കൊടുത്ത ഉദാഹരണം ശ്രദ്ധേയമാണ്:”നബിതിരുമേനിക്ക് ഒരു സ്വപ്നം ഉണ്ടായി. മലകുകള്‍ തിരു ചാരത്തു നിന്നു പ്രവാചകരെ സംബന്ധിച്ച് ഒരുപമ പ്രയോഗിച്ചു. ഒരാള്‍ ഒരു വീട് പണിതു; അവിടെ സദ്യ ഒരുക്കി. എന്നിട്ടു ക്ഷണിക്കാനൊരു ദൂതനെ വിട്ടു. ദൂതന്റെ ക്ഷണം സ്വീകരിച്ചവരൊക്കെ വീട്ടില്‍ കടന്നു. സദ്യകഴിച്ചു. ക്ഷണം സ്വീകരിക്കാത്തവരോ? വീട്ടില്‍ കടന്നില്ല. സദ്യ കഴിച്ചതുമില്ല. വീടു സ്വര്‍ഗമാണ്. (അതു പണിത യജമാനന്‍ ലോക രക്ഷിതാവും) ക്ഷണിക്കുന്ന ദൂതന്‍ മുഹമ്മദ് നബിയും” (ബുഖാരി : 7281). നബി തിരുമേനി (സ്വ) യുടെ ഒരു പ്രസ്താവന കൂടി കാണുക: “എന്റെ സമുദായം മുഴുവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കും; പ്രവേശിക്കാന്‍ വിസമ്മതിച്ചവരൊഴികെ’. സ്വഹാബിമാര്‍ ചോദിച്ചു: “പ്രവാചകരേ, വിസമ്മതം പ്രകടിപ്പിക്കുന്നവരാരാണ്?” അവിടുന്ന് പറഞ്ഞു: “എന്നെ അനുസരിച്ചവന്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ചു. അനുസരിക്കാത്തവന്‍ വിസമ്മതം പ്രകടിപ്പിച്ചു” (ബുഖാരി 7250).
‘റഹ്മത്’ എന്ന പദം 79 തവണ വിവിധ സന്ദര്‍ഭങ്ങളിലായി വിശുദ്ധ ഖുര്‍ആനില്‍ വന്നിട്ടുണ്ട്. കാരുണ്യം എന്നാണ് റഹ്മതിന്റെ അര്‍ഥം. ഈ വിശാലാര്‍ഥത്തിലും അതിന്റെ ചില പ്രത്യേക ഇനങ്ങളിലും ഖുര്‍ആന്‍ റഹ്മത് പ്രയോഗിച്ചിട്ടുണ്ട്. സ്വര്‍ഗം 4/175, ഇസ്ലാം 2/105, ഈമാന്‍ 11/28, പ്രവാചകത്വം 43/32, ഖുര്‍ആന്‍ 17/82, മഴ 7/57, ആഹാരം 17/100, അനുഗ്രഹം 4/113, സൌഖ്യം 39/38, സഹായം 33/172, ഔദാര്യം 38/46, കനിവ് 57/27, പാപമോചനം 6/54, ഐശ്വര്യം 2/178, സ്നേഹം 48/29, പാപസുരക്ഷിതത്വം 12/53 എന്നിങ്ങനെ പ്രത്യേക അര്‍ഥങ്ങളില്‍ റഹ്മത് ഉപയോഗിച്ചത് കാണാം. അവയെല്ലാം റഹ്മതിന്റെ വിശാലാര്‍ഥത്തില്‍ പെട്ടത് തന്നെ.
അല്ലാഹുവിന്റെ കാരുണ്യം മുകളില്‍ പറഞ്ഞ പോലെ അനന്ത വിശാലമാണ്. ഓരോ വിശ്വാസിയും വിശാല കാരുണ്യമുള്‍ക്കൊണ്ട് പരമാവധി വിശാല മനസ്കനാകണം. നബി തിരുമേനിയും സ്വഹാബിമാരും ഒരിക്കല്‍ നിസ്കരിച്ച് കൊണ്ടിരിക്കെ ഒരു കുഗ്രാമവാസി ഇങ്ങനെ പ്രാര്‍ഥിച്ചു: “അല്ലാഹുവേ, എനിക്കും മുഹമ്മദിനും കരുണ ചെയ്യണം. ഞങ്ങളോടൊപ്പം മറ്റൊരാള്‍ക്കും കരുണ ചെയ്യരുത്”. സലാം വീട്ടി നിസ്കാരത്തില്‍ നിന്നു വിരമിച്ചപ്പോള്‍ നബി (സ്വ) അയാളോടു പറഞ്ഞു: “അതി വിശാലമായ ഒന്നിനെ നീ സങ്കുചിതമാക്കിക്കളഞ്ഞുവല്ലോ.” അല്ലാഹുവിന്റെ വിശാല കാരുണ്യത്തെയാണു തിരുമേനി വിവക്ഷിക്കുന്നത് (ബുഖാരി : 6010).