സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Wednesday 12 November 2014

യാത്രക്കാരന്റെ നിസ്കാരം


യാത്രയിലായാലും അല്ലെങ്കിലും നിസ്കാരം സമയത്ത് തന്നെ ചെയ്ത് തീർക്കൽ നിർബന്ധമാ‍ണ്. നിസ്കാര സമയം വാഹനത്തിലോ മറ്റൊ യാത്ര ചെയ്യുകയാണെങ്കിൽ നിസ്കാര സമയം തീരുന്നതിനു മുമ്പ് വാഹനം നിറുത്തി വാഹനത്തിൽ നിന്നിറങ്ങി നിസ്കരിക്കൽ നിർബന്ധമാണ്.

വാഹനത്തിൽ നിന്നിറങ്ങാനും മറ്റും സാധിക്കാതെ വന്നാൽ വാഹനത്തിൽ നിന്നു തന്നെ നിസ്കരിക്കേണ്ടതാണ്. ഖ്വിബ്‌ലക്ക് അഭിമുഖമായി നിസ്കരിക്കാൻ കഴിയുന്ന കപ്പൽ, നിർത്തിയിട്ട ട്രെയിൻ പോലുള്ള വാഹനങ്ങളിൽ സാധ്യമായാൽ ഖ്വിബ്‌ലക്ക് അഭിമുഖമായി ഫർളുകളെല്ലാം പൂർത്തീകരിച്ച് അധികചലനങ്ങളില്ലാതെ നിസ്കരിക്കേണ്ടതാണ്. മറ്റു നിബന്ധനകളെല്ലാം മേളിച്ചാൽ ആ നിസ്കാ‍രം മടക്കേണ്ടതില്ല.

ബസ്സിലോ വിമാനത്തിലോ മറ്റ് വാഹനങ്ങളിലോ യാത്ര ചെയ്യുമ്പോൾ വാഹനത്തിൽ നിന്നിറങ്ങാൻ പറ്റാത്ത സാഹചര്യത്തിൽ കഴിയുന്നത് പോലെ നിസ്കരിക്കണം. ഖ്വിബ്‌ലക്ക് അഭിമുഖമാകാതെയോ ഫർളുകൾ പൂർത്തീ‍കരിക്കാതെയോ നിസ്കരിച്ചതാണെങ്കിൽ അത് മടക്കി നിസ്കരിക്കണം.

തന്റെ നാട്ടിൽ നിന്നു ബാങ്ക് കേൾക്കാത്ത ഒരിടത്തേക്ക് യാത്ര ചെയ്യുന്നവന്, നടന്ന് കൊണ്ടോ വാഹനത്തിലിരുന്ന് കൊണ്ടോ സുന്നത്ത് നിസ്കരിക്കാവുന്നതാണ്. പക്ഷെ അനാവശ്യമായി അധിക പ്രവൃത്തികൾ ചെയ്യാനോ മനപ്പൂർവ്വം നജസിൽ ചവിട്ടാനോ പാടില്ല. നടന്ന് കൊണ്ട് നിസകരിക്കുന്നവൻ തക്‌ബീറത്തുൽ ഇഹ്‌റാം , സുജൂദ് ,രണ്ട് സുജൂദിനിടയിലെ ഇരുത്തം എന്നിവ ഖ്വിബ്‌ലക്ക് അഭിമുഖമായി തന്നെ ചെയ്യണം. അകാരണമായി ഖ്വിബ്‌ലയുടെ ഭാഗത്തേക്കല്ലാതെ തിരിയാൻ പാടില്ല.

ഫർളുകൾ പൂർത്തീകരിച്ച് ചെയ്യാനും നിസ്കാരത്തിൽ തീർത്തും ഖ്വിബ്‌ലക്ക് മുന്നിടാനും സാ‍ധിക്കാത്ത കാർ, ബസ്സ് തുടങ്ങിയ വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ സുന്നത്ത് നിസ്കരിക്കുന്നുവെങ്കിൽ തക്ബീറത്തുൽ ഇഹ്‌റാമിന്റെ സമയത്ത് സാധിക്കുമെങ്കിൽ ഖ്വിബ്‌ലക്ക് മുന്നിടണം. റുകൂഇനും സുജൂദിനും വേണ്ടി കുനിഞ്ഞാൽ മതി. സുജൂദിനു വേണ്ടി റുകൂഇനേക്കാൾ കൂടുതൽ കുനിയുകയും വേണം. കപ്പൽ , നിർത്തിയിട്ട ട്രെയിൻ തുടങ്ങിയ വാഹനങ്ങളിൽ സുന്നത്ത് നിസ്കരിക്കുമ്പോൾ ഫർളുകൾ പൂർത്തിയാക്കി നിസ്കരിക്കുകയും ഖ്വിബ്‌ലക്ക് അഭിമുഖമായി തന്നെ നിസ്കരിക്കുകയും വേണം. കപ്പിത്താന് ഇത് ബാധകമല്ല. മറ്റു വാഹനങ്ങളിൽ നിസ്കരിക്കും വിധത്തിലാണ് അയാൾ നിസ്കരിക്കേണ്ടത്. ജുമുഅ നിർബന്ധമാവുന്നവർക്ക് പ്രഭാത ശേഷം അനിവാര്യമല്ലാത്ത യാത്ര ചെയ്യൽ ഹറാമാണ്. (ജുമുഅ നഷ്ടപ്പെടുമെന്ന് ഭയന്നാലാണിത് )

ജംഉം ഖസ്വ്‌റും


ചില പ്രത്യേക സാഹചര്യങ്ങളിൽ രണ്ട് സമയത്തെ നിസ്കാരങ്ങൾ അവയിലൊന്നിന്റെ സമയത്ത് നിസ്കരിക്കുന്നതിനാണ് ‘ ജംഅ്’ എന്ന് പറയുന്നത്.

ളുഹ്‌റ്, അസ്വ്‌റ് എന്നിവ രണ്ടാലൊന്നിന്റെ സമയത്തും ,മഗ്‌രിബ്, ഇശാഅ് എന്നിവ രണ്ടാലൊന്നിന്റെ സമയത്തും നിസ്കരിക്കാം. അപ്പോൾ അസ്വ്‌റിനെ മഗ്‌രിബിലേക്കോ, തിരിച്ചോ, ഇശാഇനെ സുബ്‌ഹിയിലേക്കോ, തിരിച്ചോ സുബ്‌ഹിയെ ളുഹ്‌റിലേക്കോ തിരിച്ചോ ജംആക്കാൻ പാടുള്ളതല്ല.

നാല് റക്‌അത്തുള്ള നിസ്കാരങ്ങളെ രണ്ട് റക്‌അത്തുകളായി ചുരുക്കി നിസ്കരിക്കുന്നതിന് ‘ഖസ്വ്‌റ്’ എന്നു പറയുന്നു. സുബ്‌ഹിയിലും മഗ്‌രിബിലും ഖസ്വ്‌റില്ല. അവ സാധാരണ പോലെതന്നെ നിസ്കരിക്കണം.

ളുഹ്‌റ് , അസ്‌റ് എന്നിവ ളുഹറിന്റെ സമയത്തും മഗ്‌രിബ് , ഇശാ‍അ് എന്നിവ മഗ്‌രിബിന്റെ സമയത്തും നിസ്കരിക്കുന്നതിനെ ‘മുന്തിച്ച് ജംഅ് ആക്കുക’ എന്നു പറയുന്നു.

ളുഹ്‌റ് , അസ്വ്‌റ് എന്നിവ അസ്വ്‌റിന്റെ സമയത്തും , മഗ്‌രിബ് , ഇശാ‍അ് എന്നിവ ഇശാഇന്റെ സമയത്തും നിസ്കരിക്കുന്നതിനെ ‘പിന്തിച്ചു ജംആക്കുക’ എന്നും പറയുന്നു.

ജുമുഅയും അസ്വ്‌റും കൂടെ ജംആക്കുകയാണെങ്കിൽ മുന്തിച്ച് ജംഅ് ആക്കൽ മാത്രമേ സ്വഹീഹാകൂ. ജുമുഅയെ അസ്‌റിലേക്ക് ജംആക്കിയാൽ സാധുവാകുന്നതല്ല.

യാത്രക്കാർക്ക് അല്ലാഹു അനുവദിച്ച അനുകൂല്യങ്ങളാണ് ജംഉം, ഖസ്വ്‌റും. ഒരു മുസ്‌ലിം നിസ്കാരം നിർവ്വഹിക്കാതിരിക്കുന്ന സാഹചര്യം ഒരു തരത്തിലും ഉണ്ടാവാതിരിക്കാനാണിത്.

ഇവയുടെ നിയമങ്ങൾ മുഴുവനും ഒത്തിണങ്ങിയാൽ ജംഉം ഖസ്വ്‌റുമാണ് യാ‍ത്രക്കാരന് ഉത്തമം.

 പൊതു നിബന്ധനകൾ

ജംഉം ഖസ്വ്‌റും അനുവദനീയമാകാൻ, ഹലാലായ യാത്രയായിരിക്കണം. 132 കി.മീറ്ററെങ്കിലും ദൈർഘ്യമുള്ള യാത്രയിലായിരിക്കുകയും വേണം. 82 കി.മി ഉണ്ടായാൽ മതി എന്ന അഭിപ്രായവുമുണ്ട്. ഈ ദൂരം ഏതാനും നിമിഷങ്ങൾ കൊണ്ട് പിന്നിടുന്നതായാലും ജംഉം ഖസ്വ്‌റും അനുവദനീയമാണ്. സ്വന്തം നാടിന്റെ അതിർത്തി പിന്നിട്ട ശേഷമേ ജം ഉം ഖസ്വ്‌റും അനുവദനീയമാവുകയുള്ളൂ. തിരിച്ച് വരുമ്പോൾ സ്വന്തം നാടിന്റെ പരിധിയിലെത്തുന്നതോടെ ആനുകൂല്യം ഇല്ലാതാവുകയും ചെയ്യും.

മുന്തിച്ച് ജംഅ് ആക്കാനുള്ള നിബന്ധനകൾ

1) തർതീബ് : ജംഅ് ആക്കപ്പെടുന്ന രണ്ട് നിസ്കാരങ്ങളിൽ ആദ്യത്തെത് തന്നെയാവണം ആദ്യം നിർവഹിക്കേണ്ടത്.

2) ആദ്യത്തെ നിസ്കാരം അവസാനിക്കുന്നതിനു മുന്നെ രണ്ടാ‍മത്തെ നിസ്കാരം ഇതിലേക്ക് ജംഅ് ആക്കി നിസ്കരിക്കുന്നു എന്ന് കരുതണം. ആദ്യ നിസ്കാരത്തിന്റെ നിയ്യത്തിൽ തന്നെ ഇങ്ങിനെ കരുതലാണ് ഉത്തമം. മറന്ന് പോയാൽ ആദ്യത്തെ നിസ്കാരത്തിന്റെ സലാം വീട്ടുന്നതിനു മുന്നെ മനസ്സിൽ കരുതിയാൽ മതി. സലാം വീട്ടുന്നത് വരെ കരുതിയില്ലെങ്കിൽ രണ്ടാമത്തെ നിസ്കാരം അതിന്റെ സമയത്ത് തന്നെ നിർവഹിക്കൽ നിർബന്ധമാണ്.

3) ആദ്യത്തെ നിസ്കാരം കഴിഞ്ഞ ഉടനെ തന്നെ രണ്ടാമത്തെ നിസ്കാരം നിർവഹിക്കുക. രണ്ട് നിസ്കാരങ്ങളുടെ ഇടയിൽ കൂടുതൽ സമയ ദൈർഘ്യം ഉണ്ടാവാൻ പാ‍ടില്ല. അപ്പോൾ രണ്ടിനുമിടയിൽ മയ്യിത്ത് നിസ്കാരമോ മറ്റ് സുന്നത്തുകളോ നിസ്കരിക്കാൻ പാടില്ല. തയമ്മും, ഇമാമത്ത് കൊടുക്കൽ പോലുള്ള ദീർഘമല്ലാത്ത ഇടവേള പ്രശ്നമല്ല. രണ്ടിനുമിടയിൽ കൂടുതൽ സമയമുണ്ടായാൽ രണ്ടാം നിസ്കാരം അതിന്റെ സമയത്ത് തന്നെ നിർവഹിക്കൽ നിർബന്ധമാണ്.

4) ഒന്നാമത്തെ നിസ്കാരത്തിൽ നിന്ന് വിരമിച്ച് രണ്ടാമത്തേതിൽ പ്രവേശിക്കുന്നത് വരെ യാത്ര അവസാനിക്കാതിരിക്കുക. അഥവാ അവസാനിച്ചിട്ടുണ്ടെങ്കിൽ രണ്ടാമത്തേത് അതിന്റെ സമയത്ത് തന്നെ നിർവഹിക്കണം. രണ്ടാം നിസ്കാരത്തിനിടയിലോ അതിന്റെ ശേഷമോ ആണ് യാത്ര അവസാനിക്കുന്നതെങ്കിൽ പ്രശ്നമില്ല.

5) ഒന്നാം നിസ്കാരം സാധുവായിട്ടുണ്ടെന്ന് അയാ‍ൾക്ക് ധാരണയുണ്ടാകുക. ആദ്യത്തെ നിസ്കാരം കഴിഞ്ഞപ്പോൾ തന്നെ അത് ശരിയായിട്ടില്ലെന്ന് അയാൾക്ക് ബോധ്യപ്പെട്ടാൽ അത് മടക്കി നിസ്കരിക്കണം. അതിനു ശേഷമേ രണ്ടാമത്തേത് നിർവഹിക്കാനാവൂ. രണ്ട് നിസ്കാരവും കഴിഞ്ഞതിനു ശേഷമാണ് ഒന്നാം നിസ്കാരം ബാത്വിലായിരുന്നുവെന്ന് ബോധ്യപ്പെട്ടതെങ്കിൽ രണ്ടും മടക്കി നിർവഹിക്കണം മടക്കി നിസ്കരിക്കലും ജംഅ് ആക്കിത്തന്നെ നിർവഹിക്കാം.

പിന്തിച്ച് ജംഅ് ആക്കുന്നതിന്റെ നിബന്ധനകൾ :

1) ആദ്യ നിസ്കാരത്തിന്റെ സമയത്ത് ഈ നിസ്കാരത്തെ അടുത്ത നിസ്കാരത്തിന്റെ കൂടെ ജംഅ് ആക്കി നിസ്കരിക്കാൻ പിന്തിക്കുന്നു. എന്ന് കരുതുക

2) യാത്ര അവസാനിക്കുന്നതിനു മുമ്പ് രണ്ടാമത്തെ നിസ്കാരം നിർവഹിക്കുക

സുന്നത്തുകൾ

പിന്തിച്ച് ജംഅ് ആക്കുമ്പോൾ തർത്തീ‍ബ് സുന്നത്തുണ്ട്. അഥവാ, ഒന്നാം നിസ്കാരം നിർവഹിച്ചതിനു ശേഷം രണ്ടാം നിസ്കാരം നിർവഹിക്കുക. അതിനു വിരുദ്ധം ചെയ്താലും നിസ്കാരം സാധുവാകും.

ഒന്ന് കഴിഞ്ഞയുടനെ മറ്റേത് നിർവഹിക്കലും സുന്നത്താണ്. ( ദീർഘമായ ഇടവേളയുണ്ടായാലും നിസ്കാരം സാധുവാകും ) ജംഅ് ആക്കുന്നു എന്ന് ഒന്നാം നിസ്കാരത്തിൽ കരുതലും സുന്നത്തുണ്ട്.

ഖസ്വ്‌റാക്കി നിസ്കരിക്കുന്നതിന്റെ നിബന്ധനകൾ :

1) യാത്രയുടെ ദൂരം 132 കി.മീ. ഉണ്ടായിരിക്കുക.
2 ) യാത്ര ഹലാലായിരിക്കുക
3) പൂർത്തിയായി നിസ്കരിക്കുന്നവനോട് തുടരാതിരിക്കുക (ഖസ്വ്‌റാക്കി നിസ്കരിക്കുന്നവനോട് പൂർത്തിയാക്കി നിസ്കരിക്കുന്നവന് തുടരാവുന്നതാണ് , ഇമാം സലാം വീ‍ട്ടിയതിനു ശേഷം ബാക്കിയുള്ളത് പൂർത്തിയാക്കിയാൽ മതി)
4) നിയ്യത്തിൽ ഖസ്വ്‌റാക്കലിനെ കരുതുക.
5) നിസ്കാരം കഴിയുന്നത് വരെ യാത്ര അവസാനിക്കാതിരിക്കുക

നിയ്യത്ത് :

മുന്തിച്ച് ജംഅ് ആക്കി നിസ്കരിക്കുമ്പോഴുള്ള നിയ്യത്ത്
:
ഉദാ :- അസ്‌ർ എന്ന ഫർള് നിസ്കാരത്തെ ളുഹ്‌റിലേക്ക് മുന്തിച്ച് ജംഅ് ആക്കി ഖസ്വ്‌റായിട്ട് അല്ലാഹുവിനു വേണ്ടി ഞാൻ നിസ്കരിക്കുന്നു. ജമാ അത്താണെങ്കിൽ ‘ഇമാമിനോട് കൂടെ‘ എന്നും ചേർക്കുക.

പിന്തിച്ച് ജംഅ് ആക്കി ഖസ്വ്‌റാക്കി നിസ്കരിക്കുമ്പോഴുള്ള നിയ്യത്ത്
:
ഉദാ: - ളുഹർ എന്ന ഫർള് നിസ്കാരത്തെ അസറിനോട് കൂടെ പിന്തിച്ച് ജംഅ് ആക്കി ഖസ്വ്‌റാക്കി അല്ലാഹുവിന് വേണ്ടി ഞാൻ നിസ്കരിക്കുന്നു ( ജമാഅത്തായിട്ടാണെങ്കിൽ ‘ ഇമാമിനോട് കൂടെ’ എന്നും കൂടെ ചേർക്കുക )
 
ജംഉം ഖസ്വ്‌റും ആയി നിസ്കരിക്കുന്നതിനെ കുറിച്ച് , നല്ലവരായ വായനക്കാരുടെ ചില സംശയങ്ങൾ പ്രസക്തമായി തോന്നിയതിനാൽ താഴെയുള്ള വിശദീകരണം കൂടെ വായിക്കുക

യാത്രക്കാരന് ജംഅ്, ഖസ്വ്‌റ് എന്നീ ആനുകൂല്യങ്ങൾ യാത്ര അവസാനിക്കുന്നത് വരെ മാത്രമേ ഉണ്ടാവൂ.

യാത്രയിൽ ഒരു സ്ഥലത്ത് എത്തുകയും ഒന്നും കരുതാതെ അവിടെ താമസിക്കൽ കൊണ്ടും നാലു ദിവസം അവിടെ താമസിക്കലിനെ കരുതി നിൽക്കൽ കൊണ്ടും യാത്ര അവസാനിക്കും

എന്നാൽ ഒരു സ്ഥലത്ത് നാലിൽ കുറഞ്ഞ ദിവസം നിൽക്കലിനെ കരുതി നിൽക്കൽ കൊണ്ട് യാത്ര അവസാനിക്കുന്നില്ല. പ്രസ്തുത ദിവസങ്ങളിലെല്ലാം ജം ഉം ഖസ് റും ആക്കാവുന്നതാണ്. ആവശ്യം എപ്പോഴും വീടപ്പെടും എന്നുണ്ടെങ്കിൽ പ്രസ്തുത യത്രികന് 18 ദിവസം വരെ ഖസ്‌റാക്കാമെങ്കിലും പൂർത്തിയായി നിസ്കരിക്കലാണ് ഉത്തമം.