സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Sunday 30 November 2014

ഇമാം നവവി (റ), ഇമാം റാഫിഈ (റ) എന്നിവര്‍ക്കെതിരായി ഭൂരിപക്ഷത്തിനഭിപ്രായമുണ്ടാവുമോ?.


ഉത്തരം: പ്രത്യക്ഷത്തില്‍ ഭൂരിപക്ഷത്തിന്റെ അഭിപ്രായം രണ്ടു പേര്‍ക്കുമെതിരാണന്ന് തോന്നാമെങ്കിലും യഥാര്‍ഥത്തില്‍ അത് ഭൂരിപക്ഷമായിരിക്കില്ല. ഒരുദാഹരണത്തിലൂടെ ഇത് വ്യക്ത മാക്കാം. ഇമാം ശാഫിഈ (റ) യുടെ ശിഷ്യരില്‍ പെട്ട അബൂഹാമിദ് (റ) ഭൂരിപക്ഷത്തിനെതിരെ ഒരഭിപ്രായം രേഖപ്പടുത്തുന്നു. അവരുടെ ശിഷ്യ പരമ്പര കാലാന്തരത്തില്‍ വര്‍ധിക്കുകയും ഇമാം ശാഫിഈ (റ) യുടെ ശിഷ്യരില്‍ പെട്ട മറ്റുള്ളവരുടെ ശിഷ്യ പരമ്പര  കുറഞ്ഞ് വരികയും ചെയ്താല്‍ അബൂഹാമിദ് (റ) യുടെ അഭിപ്രായങ്ങള്‍ ഏറ്റു പറയാന്‍ ഒരു മഹാഭൂരിപക്ഷമു ണ്ടാകും. അതിനു മുമ്പില്‍ ഇമാം ശാഫിഈ (റ) യുടെ ശിഷ്യരില്‍ പെട്ടവരുടെ അഭിപ്രായം നിഷ്പ്രഭമാകും. ഈ സാഹചര്യത്തില്‍ പില്‍കാലത്തുള്ളവര്‍ അബൂഹാമിദ് (റ) ന്റെ അഭിപ്രായം ഭൂരിപക്ഷത്തിന്റെതാണന്ന് തെറ്റായി ധരിക്കും. പക്ഷേ, പ്രത്യക്ഷത്തിലുള്ള ഈ ഭൂരിപക്ഷം നിമിത്തമായി അബൂഹാമിദ് (റ) യുടെ അഭിപ്രായം പ്രഭലമാകില്ല. പ്രസ്തുത മസ്അലയില്‍ അബൂ ഹാമിദ് (റ) യുടെ അഭിപ്രായം ഏറ്റുപറയുക മാത്രമാണ് ഈ ഭുരിപക്ഷം ചെയ്തിട്ടുള്ളത്. ഈ മസ്അലയില്‍, ഇമാം ശാഫിഈ (റ) യുടെ തന്നെ  ശിഷ്യരില്‍പെട്ട ഭുരിപക്ഷം തന്നോട് വിയോജിക്കുന്നവരാണ്. ആപേക്ഷികമായി ഇവര്‍ക്കു  ശിഷ്യ പരമ്പര കുറഞ്ഞു പോയതിനാല്‍ അവരുടെ ശബ്ദം പില്‍കാലത്തേക്ക് എത്തിയില്ലന്നു മാത്രം. ഈ വസ്തുതകളെല്ലാം വിലയിരു ത്തിയ ശേഷം, ഇമാം ശാഫിഈ (റ) യുടെ  ശിഷ്യരില്‍ പെട്ട ഭുരിപക്ഷത്തെയാണ് ഇമാം നവവി (റ), ഇമാം റാഫിഈ (റ) യും പ്രഭലമാക്കുക. അതിനാല്‍ അബൂഹാമിദ് (റ) ന്റെ അഭിപ്രായം ഒറ്റപ്പെട്ടതു മാത്രമാകും.
ഇമാം ഇബ്നു ഹജര്‍ (റ) ഇങ്ങനെ തുടരുന്നു.” അതു കൊണ്ട് ഇവര്‍ രണ്ടുപേരും പ്രബലമാക്കിയത് സ്യീകരിക്കുകയേ നിര്‍വാഹമുള്ളൂ. സൂക്ഷ്മത, മന:പാഠം, മസ്അലകള്‍ ഉറപ്പിച്ച് മനസ്സി ലാക്കല്‍, ആധികാരികത, പൂര്‍ണ്ണ ജ്ഞാനം, സമര്‍ഥനം തുടങ്ങിയവയില്‍ പില്‍കാലത്തുള്ളവര്‍ എത്താത്ത സ്ഥാനം ഇവര്‍ കൈവരിച്ചിരിക്കുന്നു. അതിനാല്‍ ഏറ്റവും  സൂക്ഷ്മമും അര്‍ഹവു മായത് അവര്‍ രണ്ട് പേരുടേയും വാക്കുകള്‍ അവലംബിക്കലാവുന്നു. അതിനെ എതിര്‍ക്കുന്നവരെ അവഗണിക്കല്‍ ഇജ്തിഹാദിന്റെ ഒരു പദവിയിലും എത്തിയിട്ടില്ലാത്ത എല്ലാ ശാഫിഇ കളുടെയും ധര്‍മ്മമാണ്” (ഫതാവല്‍ കുബ്റ: 4:324,325).
ഇബ്നു ഹജര്‍ (റ) യുടെ ശറഹുല്‍ ഉബാബില്‍ നിന്ന് ഇമാം കുര്‍ദി (റ) ഉദ്ധരിക്കുന്നു. “ഫത്വ നല്‍കേണ്ടത് ഇമാം നവവി (റ), ഇമാം റാഫിഈ (റ) യും ഏകോപിച്ച അഭിപ്രായം കൊണ്ടും അതില്ലെങ്കില്‍ ഇമാം നവവി (റ) യുടെ അഭിപ്രായം കൊണ്ടുമാണെന്നും ഭൂരിപക്ഷത്തിന്റെ അഭിപ്രായമോ അല്‍ഉമ്മിന്റെ നസ്സ്വ് കൊണ്ടോ അവര്‍ രണ്ടു പേരുടേയും മേല്‍ ആക്ഷേപമു ന്നയിച്ച് ഫത്വ നല്‍കാന്‍ പാടില്ലെന്നും പരിണത പ്രക്ജ്ഞരായ പണ്ഢിതന്മാര്‍ ഏകോപിച്ച് പറഞ്ഞിട്ടുണ്ട്. ഇമാം ശാഫിഈ (റ) യുടെയും അനുയായികളുടെയും എല്ലാ കിതാബുകളും പരിശോധിച്ച് വിലയിരുത്തുന്നവര്‍ക്ക് ഒരു കാര്യം വ്യക്തമാകും.  ഇമാം ശാഫിഈ (റ) യുടെ ഏതെങ്കിലും നസ്സ്വിന് എതിരായി ഏതെങ്കിലും മസ്അല ഇവര്‍ പ്രബലമാക്കിയിട്ടുണ്ടങ്കില്‍ ആ നസ്സ്വിനെക്കാള്‍ പ്രബലമായ മറ്റൊരു നസ്സ്വ് കണ്ടതു കെണ്ട് മാത്രമായിരിക്കും അതു ചെയ്തി രിക്കുക” (അല്‍ ഫവാഇദുല്‍ മദനിയ്യ: പേജ് 19,20).