സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Friday, 28 November 2014

എന്തിനാണ് വിദ്യ?



ന്തിനാണ് വിദ്യ? എന്തിനാണ് പഠനം? തൊഴിലിനും സ്ഥാനമാനങ്ങള്‍ക്കും വേണ്ടിയാണോ? ഒരിക്കലുമല്ല. ഇതൊന്നും വിദ്യാസമ്പാദനത്തിന്റെ ലക്ഷ്യമല്ല. പിന്നെ? വ്യക്തിത്വ വിശുദ്ധിക്കും വികസനത്തിനുമാണ് വിദ്യ. വ്യക്തിത്വ വിശുദ്ധിയുടെ നിര്‍ണായക ഘടകം ധാര്‍മികതയാണ് …. അഥവാ ഇലാഹീസേവനം. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍….. അല്ലാഹുവിന്റെ സര്‍വശക്തിയും ഗാംഭീര്യ മാഹാത്മ്യങ്ങളും മനസിലാക്കാനും അതുവഴി മനസിനെ സമര്‍പണത്തിന് പാകപ്പെടുത്താനുമുള്ള ശക്തമായ ഉപാധിയാണ് വിദ്യ. മതപാഠശാലകളില്‍ വിദ്യയഭ്യസിക്കുന്നവര്‍ക്കുമാത്രമല്ല, ഏതുതരം വിജ്ഞാനമഭ്യസിക്കുന്നവര്‍ക്കും ഇത് ബാധകമാണ്. വൈദ്യശാസ്ത്രം, ഗണിതശാസ്ത്രം, ഗോളശാസ്ത്രം, ജീവശാസ്ത്രം, ഭൂമിശാസ്ത്രം, കമ്പ്യൂട്ടര്‍ സയന്‍സ്….. ഏതു തരം വിജ്ഞാനവും അല്ലാഹുവിന്റെ ആസ്തിക്യവും മാഹാത്മ്യവും മനസിലാക്കാന്‍ പര്യാപ്തമാണ്.

ഉദാഹരണത്തിന് ഒരു തുള്ളി രക്തമെടുക്കുക. 25 കോടിയില്‍പരം അരുണാണുക്കളും മൂന്ന് ലക്ഷത്തില്‍പരം ശ്വേതാണുക്കളും ഇതിലുണ്ടെന്ന് പഠിക്കുന്ന വിദ്യാര്‍ഥി അതിലൂടെ അല്ലാഹുവിന്റെ മാഹാത്മ്യം വിലയിരുത്തേണ്ടതാണ്. ഒരു തുള്ളി രക്തത്തില്‍ ഇത്രയും അത്ഭുതകരമായ ക്രമീകരണം നടത്തിയത് സര്‍വശക്തനായ അല്ലാഹുവാണെന്നു മനസിലാക്കുമ്പോഴാണ് ആ ജ്ഞാനം പൂര്‍ണമാകുന്നത്. ഖുര്‍ആന്‍ പ്രസ്താവിക്കുന്നു:”നിങ്ങളുടെ ശരീരങ്ങളിലും അവന്റെ ദൃഷ്ടാന്തങ്ങളുണ്ട്. നിങ്ങള്‍ ചിന്തിക്കുന്നില്ലേ?” (വി.ഖു. 51/21).
“ചക്രവാളങ്ങളിലും അവരുടെ ശരീരങ്ങളിലും നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നാമവര്‍ക്കു കാണിക്കുന്നതാണ്. അങ്ങനെ അവര്‍ക്ക് അവന്‍ യാഥാര്‍ഥ്യമാണെന്ന് ബോധ്യപ്പെടും.”(വി.ഖു. 41/53). അതിസങ്കീര്‍ണമായ ഇത്തരം ക്രമീകരണത്തെക്കുറിച്ചു മനസ്സിലാക്കുമ്പോള്‍ ചിന്തിക്കുന്നവര്‍ അല്ലാഹുവിനെ അറിയുക മാത്രമല്ല, ഭക്തിപാരവശ്യത്തോടെ അവന്റെ മുമ്പില്‍ തലകുനിച്ചു പോവുകയും ചെയ്യും. സൂറഃ ആലുഇംറാനിലെ നൂറ്റിത്തൊണ്ണൂറ് മുതലുള്ള ഏതാനും വാക്യങ്ങള്‍ ശ്രദ്ധിക്കുക:
“തീര്‍ച്ച! ആകാശഭൂമികളുടെ സൃഷ്ടിയില്‍, രാപ്പകലുകള്‍ മാറിമാറി വരുന്നതില്‍ ബുദ്ധിശാലികള്‍ക്ക് പാഠങ്ങളുണ്ട്; ഇരുന്നും കിടന്നും നിന്നും അല്ലാഹുവിനെ സ്മരിക്കുന്നവര്‍ക്ക്. അവര്‍ ആകാശങ്ങളുടെ, ഭൂമിയുടെ സൃഷ്ടിപ്പില്‍ ചിന്തിക്കുന്നു. ഞങ്ങളുടെ നാഥാ, ഇവയെ നീ വൃഥാസൃഷ്ടിച്ചതല്ല. നിന്റെ വിശുദ്ധി ഞങ്ങള്‍ വാഴ്ത്തുന്നു. നരകശിക്ഷയില്‍ നിന്നു നീ ഞങ്ങളെ സംരക്ഷിക്കേണമേ. ഞങ്ങളുടെ നാഥാ, നിന്റെ നരകത്തില്‍ പ്രവേശിപ്പിക്കുന്നവരെ നീ നിന്ദ്യനാക്കിത്തീര്‍ക്കുന്നു. അതിക്രമികള്‍ക്ക് സഹായികളാരുമില്ല. ഞങ്ങളുടെ നാഥാ, ‘നിങ്ങളുടെ രക്ഷിതാവില്‍ വിശ്വസിക്കൂ’ എന്ന കല്‍പന ഞങ്ങള്‍ ശ്രവിച്ചു. ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. ഞങ്ങളുടെ നാഥാ ഞങ്ങളുടെ പാപങ്ങള്‍ പൊറുക്കേണമേ. തെറ്റുകള്‍ മാപ്പാക്കേണമേ. സജ്ജനങ്ങളൊന്നിച്ച് മരിപ്പിക്കേണമേ” (വി.ഖു. 3/190-193).
സ്വര്‍ഗനരകങ്ങളെക്കുറിച്ചോ രക്ഷാശിക്ഷകളെക്കുറിച്ചോ നിസ്കാരാദികര്‍മങ്ങളെക്കുറിച്ചോ പഠിക്കുമ്പോഴുള്ള മനഃപരിവര്‍ത്തനമല്ല, ഭൌതികസ്വഭാവമുള്ള ആകാശം, ഭൂമി, രാപ്പകലുകള്‍ മുതലായവയെക്കുറിച്ച് പഠിക്കുമ്പോഴുണ്ടാകുന്ന വിശുദ്ധമനോഭാവമാണ് ഖുര്‍ആന്‍ ഇവിടെ എടുത്തുകാണിക്കുന്നത്. ഭൌതികപ്രധാന വിഷയങ്ങള്‍ പഠിക്കുമ്പോള്‍ ആത്മീയ മനോഭാവം ശക്തിപ്പെടുന്നതായി കാണുന്നു. ഏതു വിജ്ഞാനശാഖ പഠിക്കുന്നതും അല്ലാഹുവിന്റെ അജയ്യതയെക്കുറിച്ച് മനസ്സിലാക്കാന്‍ അവസരമൊരുക്കുന്നു. വിജ്ഞാനാര്‍ജനത്തിന്റെ ലക്ഷ്യമാണിവിടെ ഖുര്‍ആന്‍ സൂചിപ്പിക്കുന്നത്. മുസ്ലിം വിദ്യാര്‍ഥികള്‍ ഈ ലക്ഷ്യബോധമുള്‍ക്കൊള്ളണം. ഗൌരവപൂര്‍വം വിലയിരുത്തണം. ഏതൊരുവിദ്യയും ആത്മീയചിന്തക്കും ഭക്തിക്കും ഉപയോഗപ്പെടുത്തണം.
“മഴയുടെ മുന്നേ സന്തോഷദായകമായ കാറ്റിനെ നിയോഗിക്കുന്നത് അവനാണ്. അവ ഭാരിച്ച കാര്‍മുകിലുകളെ വഹിക്കുമ്പോള്‍ നാമതിനെ നിര്‍ജീവ രാജ്യത്തിലേക്ക് തെളിക്കുന്നു. അവിടെ നാം മഴചൊരിയുന്നു. അങ്ങനെ നാം എല്ലാവിധ ഫലങ്ങളുമുല്‍പ്പാദിപിക്കുന്നു. അപ്രകാരമാണ് നാം മരണമടഞ്ഞവരെ പുനരുദ്ധരിക്കുന്നത്. നിങ്ങള്‍ ഉദ്ബുദ്ധരാകുന്നതിനു വേണ്ടിയാണിത്” (വിഖു. 7/57). മഴ, മാരുതന്‍, മേഘം, ഭൂമി, കനികള്‍ മുതലായ ഭൌതികവസ്തുക്കളെ അധികരിച്ചുള്ള പഠനം മരണാനന്തര പുനരുത്ഥാനത്തിലെത്തി നില്‍ക്കുന്ന കാഴ്ചയാണിവിടെ അനാവരണം ചെയ്യുന്നത്.
അഭ്യസിക്കുന്ന ഏതു വിജ്ഞാനവും ആത്മീയമായും മതകീയമായും പ്രയോജനപ്പെടുത്താന്‍ വിശ്വാസിക്ക് കഴിയണം. സുപ്രധാന കടമയാണിത്. ഭൌതികപഠനലക്ഷ്യം തന്നെ ഇതാണെങ്കില്‍ മതവിദ്യയുടെ ലക്ഷ്യം പറയേണ്ടതില്ലല്ലോ. ആത്മീയ, ഭക്തി പരിപോഷണത്തിന് ഉപയോഗിക്കപ്പെടാത്ത വിദ്യവ്യര്‍ഥവും വര്‍ജ്യവുമാണ്. നബി (സ്വ) പ്രാര്‍ഥിക്കുന്നു. “ഉപകാരപ്പെടാത്ത വിജ്ഞാനത്തില്‍ നിന്ന് ഞാനല്ലാഹുവില്‍ ശരണം തേടുന്നു” (ഇബ്നുമാജഃ). മാത്രമല്ല. അത്തരം വിദ്യകള്‍ ഒരര്‍ഥത്തില്‍ അജ്ഞതതന്നെയാണ്. “നിശ്ചയം, ചില വിജ്ഞാനങ്ങളില്‍ അജ്ഞതയുണ്ട്” (നബിവചനം, അബൂദാവൂദ്).
ഒരു വ്യക്തിയുടെ ചുറ്റും ജനങ്ങള്‍ തടിച്ചുകൂടി നില്‍ക്കുന്നു. അദ്ദേഹത്തിന്റെ സമീപത്തുകൂടെ നടന്നുപോകവേ അവിടെ എന്താണ് വിശേഷമെന്ന് നബി (സ്വ) അന്വേഷിച്ചു. തികഞ്ഞ ഒരു പണ്ഢിതനവിടെയുണ്ടെന്ന് ജനങ്ങള്‍ പറഞ്ഞു. ഏതു വിഷയത്തിലാണദ്ദേഹത്തിന്റെ പാണ്ഢിത്യമെന്ന് നബി ആരാഞ്ഞു. അവര്‍ പറഞ്ഞു: ‘കവിതകള്‍, അറബി കുടുംബപരമ്പരകള്‍.’ അപ്പോള്‍ നബി (സ്വ) പ്രതികരിച്ചതിങ്ങനെ:’ഉപകാരമില്ലാത്ത അറിവ്, ഉപദ്രവകരമല്ലാത്ത അ ജ്ഞത’ (ഇബ്നു അബ്ദില്‍ ബര്‍റ്).
വിദ്യാഭ്യാസം മഹത്തരമായിരിക്കണമെങ്കില്‍ അത് ധാര്‍മികമായി ഉപയോഗപ്പെടുന്നതാകണം. സര്‍ട്ടിഫിക്കറ്റും പെരുമയും മഹത്വത്തിന്റെ മാനദണ്ഡമല്ല. അറേബ്യയിലെ പ്രമുഖരെക്കുറിച്ച് ചോദ്യം വന്നപ്പോള്‍ നബി (സ്വ) മറുപടി പറഞ്ഞതിപ്രകാരമാണ്. “അജ്ഞതായുഗത്തിലെ മാന്യന്മാര്‍ ഇസ്ലാമിക കാലഘട്ടത്തിലും മാന്യന്മാരാണ്; അവര്‍ക്ക് മതവിജ്ഞാനമുണ്ടെങ്കില്‍” (ബുഖാരി). “വിജ്ഞാനമെന്നാല്‍ കുറേ റിപ്പോര്‍ട്ടുകളല്ല. മറിച്ച് മനസില്‍ നിക്ഷേപിക്കപ്പെടുന്ന പ്രകാശമാണ്” ഇബ്നുമസ്ഊദ് (റ). വിന്റെ പ്രസ്താവനയാണിത്. “നീ എല്ലാവിദ്യയും അഭ്യസിച്ചാല്‍ പോലും അല്ലാഹുവിനെ അറിയുന്നതുവരെ, കാരണങ്ങളുടെ കാരണവും എല്ലാറ്റിന്റെയും സ്രഷ് ടാവും അവനാണെന്ന് മനസിലാക്കുന്നതുവരെ നീ എന്തെങ്കിലും അഭ്യസിച്ചിട്ടുണ്ടെന്ന് ധരിക്കേണ്ട” (ഇഹ്യാഉലൂമിദ്ദീന്‍).
“അല്ലാഹുവിന്റെ പ്രീതി കാംക്ഷിക്കപ്പെടുന്ന ഏതു വിജ്ഞാനവും ഉപകാരപ്രദവും ഉന്നതവുമായിത്തീരുന്നു” (ഇമാം ഗസ്സാലി, ഇഹ്യാ 1/59). യാതൊരു ആത്മീയ സ്വാധീനവും ചെലുത്താത്ത വിദ്യ അതെത്ര നൂതനവും ഗംഭീരവുമാണെങ്കില്‍ പോലും അന്തിമവിശകലനത്തില്‍ ഉപകാരശൂന്യവും ഉപദ്രവകരവുമായിരിക്കും. വിജ്ഞാനത്തിന്റെ നിറകുടമായിരുന്ന ബല്‍ആം ശ്വാന തുല്യനാണെന്നാണ് വിശുദ്ധഖുര്‍ആന്‍ (7/176) വ്യക്തമാക്കിയതെന്നോര്‍ക്കുക.