സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Tuesday, 4 November 2014

പരദൂഷണം

ഖില ലോക നിയന്താവും സംരക്ഷകനുമായ അല്ലാഹു മാനവസമുദായത്തിന് പ്രദാനം ചെയ്ത സത്യസുന്ദരവും സമാധാനദായകവുമായ പരിപൂര്‍ണ്ണ നിയമസംഹിതയാണ് പരിശുദ്ധ ഇസ്ലാം. വിശ്വാസപരവും ആചാരപരവും സാമ്പത്തികവും സാമൂഹികവും സാംസ്കാരികവും സാമുദായികവുമായ മുഴുവന്‍ വശങ്ങളെയും അത് സ്പര്‍ശിക്കുകയും പ്രതിപാദിക്കുകയും ചെയ്യുന്നു. ഇസ്ലാം വെട്ടിത്തെളിയിച്ചുതന്ന പാതയിലൂടെ ലോകം മുന്നോട്ട് ഗമിക്കുകയാണെങ്കില്‍ അസമാധാനങ്ങളും രക്തച്ചൊരിച്ചിലും ഭിന്നിപ്പുകളും എന്നെന്നേക്കുമായി ലോകത്തുനിന്ന് പമ്പകടന്നിരുന്നേനെ.
സമാധാന ദായകങ്ങളായ പദ്ധതികള്‍ ആസൂത്രണം ചെയ്തു നടപ്പില്‍ വരുത്തിയ ഇസ്ലാം അന്യന്റെ രക്തവും ധനവും പോലെ അവന്റെ മാനവും സംരക്ഷിക്കണമെന്ന് നിഷ്കര്‍ഷിക്കുന്നു. രക്തം ചിന്തലും ധനാപഹരണവും ഉണ്ടാക്കിത്തീര്‍ക്കുന്നതുപോലെ തന്നെയുള്ള അസമാധാനം ഒരാളുടെ മാനഹാനി വരുത്തല്‍ കൊണ്ടും സംജാതമായിത്തീരുന്നു. നബി (സ്വ) അരുള്‍ ചെയ്യുന്നു. ഒരുവന് ദോഷമായി തന്റെ മുസ്ലിം സഹോദരനെ അപമാനിക്കല്‍ മാത്രം മതി. ഏതൊരു മുസ്ലിമിനും മറ്റൊരു മുസ്ലിമിന്റെ ധനത്തിലും രക്തത്തിലും മാനത്തിലും കൈകടത്തല്‍ നിഷിദ്ധമാണ് (മുസ്ലിം).
ഈ ആജ്ഞ മുഖേന ഇസ്ലാം അതിന്റെ അനുയായികള്‍ തമ്മിലുള്ള രഞ്ജിപ്പിനെ അരക്കിട്ടുറപ്പിക്കുകയും അനൈക്യത്തിന്റെ നാരായവേര് അറുത്തുകളയുകയും ചെയ്യുന്നു. നബി (സ്വ) അരുള്‍ ചെയ്യുന്നു: “ആരുടെ നാവില്‍നിന്നും കൈയില്‍നിന്നും മുസ്ലിംകള്‍ക്ക് രക്ഷ ലഭിക്കുന്നുവോ അവന്‍ മാത്രമാണ് യഥാര്‍ഥ മുസ്ലിം (ബുഖാരി). ഈ പ്രവാചക വാക്യത്തില്‍ നാവിനു പ്രഥമസ്ഥാനവും കൈക്ക് ദ്വിതീയ സ്ഥാനവും നല്‍കിയതിന്റെ രഹസ്യം താഴെ വിവരിക്കും പ്രകാരമാണ്.
കൈകൊണ്ടുള്ള ആക്രമണത്തിന് സമകാലീനന്മാര്‍ മാത്രമേ വിധേയരാകുകയുള്ളൂ. നാവുകൊണ്ടുള്ള ആക്രമണത്തിനാകട്ടെ മൃതിയടഞ്ഞവരും ജീവിച്ചിരിപ്പുള്ളവരും ഭാവിയില്‍ ജീവിക്കാന്‍ പോകുന്നവരുമെല്ലാം തന്നെ ഒരുപോലെ വിധേയരായിത്തീരുന്നു. ഒരാള്‍ക്ക് മാനഹാനി വരുത്താനുള്ള ഒരു പ്രധാന ഏര്‍പ്പാടാണ് ഗീബത്ത് അഥവാ പരദൂഷണം പറയുക. ഗീബത്ത് പറയല്‍ ഏറ്റവും നീചമായൊരു കൃത്യമാണെന്ന് ഏവരും അറിയുമെങ്കിലും അതുപേക്ഷിക്കുന്നവര്‍ വിരളമാണെന്ന് പറയേണ്ടിയിരിക്കുന്നു. ഒരു ദിനചര്യ എന്നോളമുള്ള അഭേദ്യമായ ബന്ധമാണ് മിക്ക ആളുകള്‍ക്കും അതുമായിട്ടുള്ളത്. വീടുകളിലോ പള്ളികളിലോ ജനങ്ങള്‍ കൂടുന്ന മറ്റു സ്ഥലങ്ങളിലോ എവിടെ പോയി നോക്കിയാലും ഗീബത്തായിരിക്കും അവിടങ്ങളിലെല്ലാം പ്രധാന വിഷയം.
സമുദായത്തിന് മാര്‍ഗദര്‍ശനം നല്‍കാന്‍ ഉത്തരവാദപ്പെട്ടവരും മാതൃകാജീവിതം നയിക്കാന്‍ ബാധ്യതപ്പെട്ടവരുമായ ചിലര്‍തന്നെ ഈ നീചകൃത്യത്തിനു മുതിരുന്നതുകാണുമ്പോള്‍ ‘നിങ്ങള്‍ മറ്റുള്ളവരോട് സദുപദേശം ചെയ്യുകയും നിങ്ങളുടെ സ്വന്തം ശരീരങ്ങളെ വിസ്മരിക്കുകയും ചെയ്യുന്നോ’ എന്ന പരിശുദ്ധ ഖുര്‍ആന്റെ ഗൌരവമായ ചോദ്യത്തെ അവര്‍ തൃണവല്‍ഗണിച്ചു കളഞ്ഞുവെന്നാണ് തോന്നുന്നത്. സഹോദരന്റെ മൃതശരീരത്തില്‍ നിന്നു മാംസം മുറിച്ചു തിന്നുന്നതിനോടാണ് ഗീബത്തിനെ അല്ലാഹു ഉപമിക്കുന്നത്. പരിശുദ്ധ ഖുര്‍ആന്‍ ഇപ്രകാരം പറയുന്നു. ഹേ വിശ്വസിച്ചവരേ, മിക്ക ധാരണകളും നിങ്ങള്‍ വര്‍ജ്ജിക്കുക. നിശ്ചയമായും ചില ധാരണകള്‍ കുറ്റകരങ്ങളാണ്. നിങ്ങള്‍ ചാരവൃത്തി ചെയ്യരുത്. (മറ്റുള്ളവരുടെ കുറ്റങ്ങള്‍ ചുഴിഞ്ഞറിയാന്‍ ശ്രമിക്കരുത്) നിങ്ങളില്‍ ചിലര്‍ മറ്റുചിലരെ ദൂഷണം പറയുകയുമരുത്.
നിങ്ങളില്‍ ആരെങ്കിലും തന്റെ സഹോദരന്റെ മൃതശരീരം ഭക്ഷിക്കാനിഷ്ടപ്പെടുമോ? നിങ്ങള്‍ അത് വെറുക്കുകയാണ് ചെയ്യുക. അല്ലാഹുവിനെ നിങ്ങള്‍ സൂക്ഷിക്കുക. അവന്‍ അധികം പശ്ചാതാപം സ്വീകരിക്കുന്നവനും കരുണാനിധിയുമാകുന്നു (ഹുജുറാത്). ഒരാളെ അവഹേളിക്കല്‍ അവന്റെ ശരീരത്തെ വ്രണപ്പെടുത്തുന്നതുപോലെ തന്നെ വേദനാജനകമായൊരു ഏര്‍പ്പാടാണത.് അവന്റെ സാന്നിധ്യത്തില്‍ അവനെ ആക്ഷേപിക്കുന്നതായാല്‍ അതിന്റെ പ്രതികാരനടപടി അവന്‍ എടുത്തെന്നു വരാം. എന്നാല്‍ അവന്റെ അഭാവത്തില്‍ യാതൊരു പ്രതികാരനടപടിക്കും അവന് സാധ്യമല്ല. തന്നിമിത്തം അത് അവന്റെ ശവം ഭക്ഷിക്കുന്നത് പ്രകാരം തന്നെയാണ്. ഒരാളുടെ വസ്ത്രം, വംശം, സ്വഭാവം, തൊഴില്‍, ദിനചര്യ, ജീവിതരീതി, മതനിഷ്ഠ, ശരീരപ്രകൃതി മുതലായവയെ സംബന്ധിച്ച് അവനിഷ്ടപ്പെടാത്ത വാക്കുകള്‍ പറയുക എന്നതാണ് ഗീബത്തിന്റെ സാരം.
നബി (സ്വ) ഗീബത്തിനു നല്‍കിയ നിര്‍വചനം നോക്കുക. അബൂഹുറയ്റഃ (റ) പറയുന്നു: ‘ഗീബത്ത് എന്താണെന്ന് നിങ്ങള്‍ അറിയുമോ എന്ന് നബി (സ്വ) ചോദിച്ചു. അനുയായികള്‍ പറഞ്ഞു: ‘അല്ലാഹുവും റസൂലുമാണ് (അതിന്റെ വിവക്ഷ) അധികം അറിയുക. നബി (സ്വ) പറഞ്ഞു: നീ നിന്റെ സഹോദരനെക്കുറിച്ചു അവനിഷ്ടപ്പെടാത്തത് പറയുകയാകുന്നു. (ഗീബത്ത്) ഞാന്‍ പറയുന്നത് എന്റെ സഹോദരനില്‍ ഉള്ളതായിരുന്നാലോ എന്ന് നബിയോട് ഒരാള്‍ ചോദിച്ചു. നബി (സ്വ) ഇങ്ങനെ പറഞ്ഞു: ‘നീ പറയുന്നത് അവനിലുള്ളതായിരുന്നാല്‍ നീ അവനെക്കുറിച്ച് ഗീബത്ത് പറഞ്ഞു. ഇല്ലാത്തതായിരുന്നാല്‍ അവനെക്കുറിച്ച് കളവ് പറഞ്ഞു (മുസ്ലിം).
ഒരാളെ സംബന്ധിച്ച് അയാള്‍ക്കിഷ്ടപ്പെടാത്തത് പറയുന്നതാണ് ഗീബത്ത് എന്നത് നിങ്ങള്‍ ഗ്രഹിച്ചുവല്ലോ. വല്ലവരെയും സംബന്ധിച്ച് ഇങ്ങനെ ഒരാള്‍ സംസാരിക്കുമ്പോള്‍ നിങ്ങള്‍ എന്തിന് ഗീബത്ത് പറഞ്ഞുവെന്ന് അദ്ദേഹത്തോട് പറഞ്ഞാല്‍ ഞാന്‍ ഉള്ളതല്ലേ പറയുന്നത് എന്നാണ് അയാള്‍ പറയുക. ഇത് സാധാരണ നാം കണ്ടുവരാറുള്ളതാണ്. ഉള്ളത് പറയല്‍ ഗീബത്താവില്ലെന്ന് പലരും ധരിച്ചുപോയിട്ടുണ്ടെന്നാണ് ഇതില്‍ നിന്ന് മനസ്സിലാകുന്നത്. ഉള്ളതോ ഇല്ലാത്തതോ എന്നല്ല ഇഷ്ടപ്പെടുന്നതോ ഇഷ്ടപ്പെടാത്തതോ എന്നാണ് ഗീബത്തിന്റെ നോട്ടമെന്ന് മേല്‍ വിവരിച്ച നബിവചനം നമ്മെ പഠിപ്പിക്കുന്നുണ്ട്.
ഗീബത്തിന്റെ ഭയങ്കരാവസ്ഥ വിവരിക്കുന്ന നബിവചനങ്ങളില്‍ ചിലത് ഇവിടെ ഉദ്ധരിക്കാം: “അനസ് (റ) പറയുന്നു: ഒരു ദിവസം നബി (സ്വ) ഞങ്ങളെ അഭിമുഖീകരിച്ചുകൊണ്ട് ഒരു പ്രസംഗം ചെയ്തു. ആ പ്രസംഗത്തില്‍ പലിശ ഇടപാടിന്റെ ഗൌരവനില വളരെയധികം വിവരിച്ചു. അവിടുന്ന് ഇങ്ങനെ പറഞ്ഞു. പലിശ മുഖേന സമ്പാദിക്കുന്ന ഒരു ദിര്‍ഹം മുപ്പത്തിയാറു വ്യഭിചാരത്തേക്കാള്‍ കഠോരമാണ്. ഒരു മുസ്ലിമിനെ മാനഭംഗപ്പെടുത്തുന്നത് അതിഭയങ്കരമായപലിശയാണ്’ (ഇബ്നു അബിദുന്‍യാ).
അംറുബ്നുല്‍ ആസ്വീ (റ) പറയുന്നു: ‘നബി (സ്വ) ഒരു കോവര്‍ കഴുതയുടെ ശവത്തിന്റെ അരികില്‍ കൂടി നടന്നു. അവിടുന്ന് അനുയായികളോടിങ്ങനെ പറഞ്ഞു: മുസ്ലിം സഹോദരന്റെ മാംസം ഭക്ഷിക്കുന്നതിനേക്കാളുത്തമം ഈ ശവം ഭക്ഷിക്കലാണ്’ (ഇബ്നു ഹിബ്ബാന്‍).
അനസ് (റ) പറയുന്നു: ‘നബി (സ്വ) പറഞ്ഞു: ആകാശാരോഹണരാത്രിയില്‍ ചെമ്പിന്റെ നഖങ്ങളുള്ള കുറേയാളുകളെ ഞാന്‍ കണ്ടു. അവന്‍ തങ്ങളുടെ മുഖങ്ങളും നെഞ്ചുകളും മാന്തിപ്പൊളിക്കുന്നു. ഇവര്‍ ആരാണെന്ന് ചോദിക്കുകയും ഇവര്‍ മനുഷ്യടെ മാംസം ഭക്ഷിക്കുന്നവരും അവഹേളിക്കുന്നവരുമാണെന്ന് ജിബ്രീല്‍ (അ) മറുപടി പറയുകയും ചെയ്തു (അബൂദാവൂദ്).
ഉസ്മാന്‍ (റ) പറയുന്നു: ‘നബി (സ്വ) ഇങ്ങനെ പറഞ്ഞു. ആട്ടിടയന്‍ ആടുകള്‍ക്ക് ഭക്ഷിക്കാനായി വൃക്ഷക്കൊമ്പുകള്‍ വെട്ടിമുറിക്കും പ്രകാരം ഏഷണിയും പരദൂഷണവും സത്യവിശ്വാസത്തെ വെട്ടിമുറിച്ചു കളയുന്നതാണ് (ഇസ്ബഹാനി).
അബൂഹുറയ്റഃ (റ) പറയുന്നു. ഞങ്ങള്‍ നബികരീം (സ്വ) യുടെ കൂടെ ഇരിക്കവേ ഒരാള്‍ മറ്റൊരാളെ സംബന്ധിച്ച് അധിക്ഷേപിച്ചു സംസാരിച്ചു. അപ്പോള്‍ നബി (സ്വ) പല്ലിന്റെ ഇട വൃത്തിയാക്കുക എന്നു പറഞ്ഞു. അതിനു ഞാന്‍ മാംസം ഭക്ഷിച്ചിട്ടില്ലല്ലോ (പിന്നെ എന്തിനാണ് പല്ലിന്റെ ഇട വൃത്തിയാക്കുന്നത്) നബി (സ്വ) പറഞ്ഞു. നിന്റെ സഹോദരന്റെ മാംസം നീ ഭക്ഷിച്ചിട്ടില്ലേ (ത്വബ്റാനി).
ശുഫയ്യുബ്നു മാതിഅ ് (റ) പറയുന്നു: നബി (സ്വ) ഇങ്ങനെ പറഞ്ഞു. നരകവാസികള്‍ നരകത്തില്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന ശിക്ഷകള്‍ക്കുപുറമെ നാലാളുകള്‍ അവരെ ബുദ്ധിമുട്ടിച്ചുകൊണ്ടിരിക്കും. (പ്രസ്തുത നാലാളുകള്‍) നരകത്തിന്റെയും മാഉല്‍ഹമീമിന്റെയും (നരകവാസികള്‍ക്ക് നല്‍കപ്പെടുന്ന ഒരിനം ചൂടു പാനീയം) ഇടയില്‍ക്കൂടി നാശമേ എന്നാ ര്‍ത്തു വിളിച്ചുകൊണ്ട് ഓടി നടക്കും. നരകവാസികള്‍ അന്യോന്യം പറയും. നാമനുഭവിക്കുന്ന ശിക്ഷകള്‍ക്ക് പുറമെ പിന്നെയും നമ്മെ ഇവര്‍ ശല്യപ്പെടുത്തിക്കൊണ്ടിരിക്കുകയാണല്ലോ. (എന്തൊരു കഷ്ടമാണിത്) ഒന്നാമത്തെ ആള്‍ ചുട്ടുപഴുത്ത നരകാഗ്നിയില്‍ നിര്‍മിക്കപ്പെട്ട പെട്ടിയില്‍ അടച്ചുപൂട്ടപ്പെട്ടിരിക്കും. രണ്ടാമത്തെ ആളുടെ വായില്‍ നിന്ന് രക്തവും ചലവും ഒഴുകിക്കൊണ്ടിരിക്കും. മൂന്നാമത്തെ ആള്‍ സ്വന്തം ശരീരത്തിലെ മാംസം ഭക്ഷിച്ചുകൊണ്ടിരിക്കും. നാലാമത്തെ ആള്‍ ആമാശയം ഇഴച്ചുവലിച്ചു നടക്കും.
ധനസംബന്ധമായ ഉത്തരവാദിത്വം ഏറ്റെടുക്കുകയും അത് നിര്‍വഹിക്കാതെ മരിക്കുകയും ചെയ്തവനാണ് ആദ്യത്തെ ആള്‍. രണ്ടാമത്തെ ആള്‍ ചീത്ത വാക്കുകള്‍ പറയുന്നതില്‍ അഭിരുചിയുള്ളവനാണ്. മൂത്രം ശുചീകരിക്കുന്നതില്‍ അശ്രദ്ധ കാണിക്കുന്നവനാണ് ആമാശയം ഇഴച്ചുവലിക്കുന്നത്. സ്വന്തം ശരീരത്തിലെ മാംസം ഭക്ഷിക്കുന്നവന്‍ ഏഷണിയും പരദൂഷണവുമായി നടക്കുന്നവനാണ് (ത്വബ്റാനി).
അബൂഹുറയ്റഃ (റ) പറയുന്നു: ‘അസ്ലം ഗോത്രക്കാരനായ ഒരാള്‍ വ്യഭിചരിക്കുകയും നബി    (സ്വ) യുടെ സന്നിധിയില്‍ വന്നു കുറ്റം സമ്മതിക്കുകയും ചെയ്തതിന്റെ ഫലമായി അദ്ദേഹത്തെ എറിഞ്ഞുകൊല്ലാന്‍ അവിടുന്നാജ്ഞാപിക്കുകയും ആ ആജ്ഞ നടപ്പില്‍ വരുത്തുകയും ചെയ്തു.
രണ്ടാളുകള്‍ അദ്ദേഹത്തെ ആക്ഷേപിച്ച് ഇങ്ങനെ സംസാരിച്ചു. ഇവന്‍ രഹസ്യമായി വ്യഭിചരിക്കുകയും എന്നിട്ടത് സ്വമനസ്സാ പരസ്യമാക്കുകയും വഴി പട്ടിയെ എറിഞ്ഞുകൊല്ലുംപോലെ എറിഞ്ഞുകൊല്ലാന്‍ ഇടവന്നു. (ഇവന്‍ എന്തൊരു വിഡ്ഢിത്തമാണ് പ്രവര്‍ത്തിച്ചത്.) ഈ ആക്ഷേപം കേട്ട് നബി (സ്വ) മൌനമവലംബിച്ചു. പിന്നെ അവിടുന്ന് അല്‍പ്പം നടന്നു. വഴിയില്‍ കോവര്‍ കഴുതയുടെ ശവം കിടക്കുന്നതായി കണ്ടു. ആക്ഷേപ വാക്കു പറഞ്ഞ ആളുകളെ വിളിച്ചു നബി (സ്വ) ഇങ്ങനെ പറഞ്ഞു: ഈ ശവം നിങ്ങള്‍ രണ്ടുപേരും ഭക്ഷിച്ചുകൊള്ളുക. ഈ ശവം ആര്‍ ഭക്ഷിക്കും എന്നായിരുന്നു അവരുടെ മറുപടി. നബി (സ്വ) പറഞ്ഞു. നിങ്ങള്‍ ഗീബത്ത് പറഞ്ഞത് ഇതു ഭക്ഷിക്കുന്നതിനെക്കാള്‍ കുറ്റകരമായതാണ് (ഇബ്നുഹിബ്ബാന്‍).
ജാബിര്‍ (റ) പറഞ്ഞു: ഞങ്ങള്‍ നബി (സ്വ) യുടെ കൂടെ നടന്നുകൊണ്ടിരിക്കവെ ദുസ്സഹമായൊരു ദുര്‍ഗന്ധം അനുഭവപ്പെട്ടു. നബി (സ്വ) പറഞ്ഞു. ഇത് എവിടുന്നാണ് വരുന്നത്. നിങ്ങള്‍ക്കറിയാമോ? ഇത് പരദൂഷണം പറയുന്നവരുടെ വായില്‍നിന്നുള്ള ഗന്ധമാണ് (അഹ്മദ്). നബി (സ്വ) പറയുന്നു: ‘മിഅ്റാജ് രാത്രിയില്‍ ശവം ഭക്ഷിച്ചുകൊണ്ടിരിക്കുന്ന ചില ആളുകളെ ഞാന്‍ നരകത്തില്‍ കണ്ടു. ‘ഇവര്‍ ഗീബത്ത് പറയുന്ന ആളുകളാണ്.’ ജിബ്രീല്‍ (അ) എന്നോട് പറയുകയും ചെയ്തു (അഹ്മദ്).
റാശിദുബ്നു സഅദ് പറയുന്നു: നബി (സ്വ) പറഞ്ഞു: “അഗ്നിയാലുള്ള കത്രികകള്‍ കൊണ്ട് ചര്‍മ്മങ്ങള്‍ കത്രിക്കപ്പെടുന്ന ആളുകളുടെ അടുക്കല്‍ക്കൂടി മിഅ്റാജ് രാത്രി ഞാന്‍ നടന്നു. ഇവര്‍ ആരാണെന്ന് ഞാന്‍ ജിബ്രീലിനോട് ചോദിച്ചു: വ്യഭിചാരത്തിനായി (ശരീരം) അലങ്കരിച്ചുനില്‍ക്കുന്ന പുരുഷന്മാരാണവരെന്ന് ജിബ്രീല്‍ (അ) മറുപടി പറഞ്ഞു. പിന്നെ ശക്തിയായ ദുര്‍ഗന്ധം ബഹിര്‍ഗമിച്ചുകൊണ്ടിരിക്കുന്ന ഒരു കിണറിനരികെ ഞാന്‍ നടന്നു. അതില്‍ നിന്ന് ഉച്ചത്തിലുള്ള ശബ്ദം കേള്‍ക്കുന്നുണ്ട് എന്റെ ചോദ്യത്തിന്റെ ഉത്തരമായി (അതിലുള്ളത്) വ്യഭിചാരത്തിനായി (സന്നദ്ധത പ്രകടിപ്പിച്ച്) അലങ്കാരം ധരിച്ച സ്ത്രീകളാണെന്ന് ജിബ്രീല്‍ (അ) പറഞ്ഞു. പിന്നെ മുലകളോട് ബന്ധപ്പെട്ട ചില സ്ത്രീ പുരുഷന്മാരുടെ അരികില്‍ കൂടി ഞാന്‍ നടന്നു. അവര്‍ ആംഗ്യങ്ങള്‍ മുഖേനയും സംസാരം മുഖേനയും ജനങ്ങളെ അപമാനിക്കുന്നവരാണെന്നാണ് ജിബ്രീലിനോട് ഞാന്‍ ചോദിച്ചതിന് ലഭിച്ച ഉത്തരം (ബൈഹഖി).
അബൂഹുറയ്റഃ (റ) പറയുന്നു: നബി (സ്വ) ഇങ്ങനെ ചോദിച്ചു: ദാരിദ്യ്രത്തിന്റെ പരമകാഷ്ട പ്രാപിച്ചവന്‍ ആരാണ്? ജീവിതോപകരണ വസ്തുക്കളും വെള്ളിയും കയ്യിലില്ലാത്തവന്‍ എന്ന് അനുയായികള്‍ മറുപടി പറഞ്ഞു: നബി (സ്വ) പറഞ്ഞു: എന്റെ സമുദായത്തില്‍പ്പെട്ട ചിലര്‍ നിസ്കാരം, വ്രതം, ദാനധര്‍മ്മം മുതലായ സല്‍ക്കര്‍മങ്ങളുമായി പരലോകത്ത് വരും. അസഭ്യം, ധനാപഹരണം, രക്തം ചിന്തല്‍, വ്യാജാരോപണം മുതലായ നിരവധി കുറ്റങ്ങള്‍ അവന്റെ പേരില്‍ ചുമത്തിയും കൊണ്ട് മറ്റു ചിലരും അവനെ അനുഗമിക്കും. അവന്റെ സല്‍ക്കര്‍മങ്ങള്‍ മുഴുവനും അവരുടെ ഇടയില്‍ വിഭജിച്ചുകൊടുക്കുകയും അതു കൊണ്ടും കണക്കു തീരാത്ത പക്ഷം അവരുടെ ദുഷ്കര്‍മ്മങ്ങള്‍ അവന്റെ മേല്‍ വഹിപ്പിക്കപ്പെടുകയും  അവസാനം അവനെ നരകത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്യും. അവനാണ് യഥാര്‍ഥ ദരിദ്രന്‍ (മുസ്ലിം).
മനുഷ്യന്‍ ഈ ലോകത്തുവെച്ചു വളരെയധികം ക്ളേശങ്ങളും യാതനകളും അനുഭവിച്ചുകൊണ്ട് വിവിധ രൂപത്തിലുള്ള സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും അതെല്ലാം അവന് പരലോകത്തുവെച്ചുപകരിക്കുമെന്നുള്ള പ്രതീക്ഷയോട് കൂടി അവിടെ ചെന്നുനോക്കുമ്പോള്‍ സംഗതി മറിച്ചായിത്തീരുകയും കൂടാതെ മറ്റുള്ളവരുടെ പാപങ്ങള്‍ പേറി നരകത്തില്‍ കിടക്കാനിടവരികയും ചെയ്യുന്നതിനെക്കാള്‍ വ്യസനകരമായ സംഗതി മറ്റെന്താണ്?
ഇത്തരം ആളുകളെ സംബന്ധിച്ചു പരിശുദ്ധഖുര്‍ആന്‍ പറയുന്നത് കാണുക: ‘സത്യവിശ്വാസികളേ, നിങ്ങളില്‍ ആര്‍ക്കെങ്കിലും ഈത്തപ്പനയുടെയും മുന്തിരിയുടെയും ഒരു തോട്ടമുണ്ടെന്ന് വിചാരിക്കുക. അതിന്റെ താഴ് ഭാഗത്ത് കൂടി നദികള്‍ ഒഴുകുന്നുണ്ട്. കൂടാതെ എല്ലാ ഇനത്തിലും പെട്ട പഴങ്ങളും അതിലുണ്ട്. അങ്ങനെ അവനെ വാര്‍ധക്യം ബാധിച്ചു. അധ്വാനിക്കാന്‍ കെല്‍പ്പില്ലാത്ത അശക്തരായ കുറേ സന്താനങ്ങളും അവനുണ്ട്. ഒരു ദിവസം പെട്ടെന്ന് അഗ്നിയോടുകൂടിയ ഒരു ചുഴലിക്കാറ്റ് അതിനെ ബാധിച്ചു. അങ്ങനെ അത് കരിഞ്ഞുപോയി. ഈ  അവസ്ഥ നേരിടുന്നത് നിങ്ങളില്‍ ആരെങ്കിലും ഇഷ്ടപ്പെടുമോ? (ഖുര്‍ആന്‍ അല്‍ബഖറ 266).
ഗീബത്ത് മുതലായ ദുര്‍വൃത്തികള്‍ കൊണ്ട് സല്‍ക്കര്‍മ്മങ്ങള്‍ ദുരുപയോഗപ്പെടുത്തിക്കളയുന്ന ആളുകള്‍ ഈ പരിശുദ്ധ വാക്യത്തെപ്പറ്റി വളരെയധികം ചിന്തിക്കേണ്ടിയിരിക്കുന്നു.