സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Thursday, 6 November 2014

ഇരുമുഖ നയം

ദീനില്‍ ആദര്‍ശനിഷ്ഠയില്ലാത്ത ചിലരില്‍ കാണാറുള്ള ഒരു ദുഷ്ചെയ്തിയാണിത്. പരസ്പരം വിദ്വേഷത്തിലും ഭിന്നിപ്പിലും വര്‍ത്തിക്കുന്ന രണ്ട് കക്ഷികളുടെ മദ്ധ്യത്തില്‍ പ്രവേശിച്ചു ഓരോ കക്ഷിയെയും പ്രീണിപ്പിക്കുകയും മറുകക്ഷിയെ ആക്ഷേപിക്കുകയും ചെയ്യുന്ന ചിലരുണ്ട്. ചിലര്‍ രണ്ട് കക്ഷികളെയും സമീപിച്ചു ഓരോരുത്തരും സ്വീകരിച്ച നിലപാട് ന്യായീകരിക്കും. അതല്ലെങ്കില്‍ ഓരോ കക്ഷിയോടും സഹായ വാഗ്ദത്തം ചെയ്യും. അല്ലെങ്കില്‍ ഒരാളുടെ സാന്നിധ്യത്തില്‍ അയാളെ പ്രശംസിക്കുകയും അഭാവത്തില്‍ ദുഷിച്ചു പറയുകയും ചെയ്യും. ഈ സ്വഭാവങ്ങളെല്ലാം തന്നെ വര്‍ത്തമാനത്തില്‍ ഇരുമുഖനയം സ്വീകരിക്കുക എന്നതില്‍ ഉള്‍പ്പെടുന്നു. സ്വാര്‍ഥ താത്പര്യം സംരക്ഷിക്കുകയെന്ന ഉദ്ദേശ്യത്തില്‍ നിന്നും കാപട്യത്തില്‍ നിന്നുമാണ് പ്രസ്തുത സ്വഭാവം ഉടലെടുക്കുന്നത്.

കപടവിശ്വാസികളുടെ ദുര്‍ഗുണങ്ങള്‍ വിവരിക്കുകയും അവര്‍ സ്വീകരിച്ച വഞ്ചനാത്മകങ്ങളായ നടപടികളെ അധിക്ഷേപിക്കുകയും ചെയ്തുകൊണ്ട് പരിശുദ്ധ ഖുര്‍ആന്‍ ഇങ്ങനെ പറയുന്നു: സത്യവിശ്വാസം സ്വീകരിച്ച ആളുകളെ അവര്‍ (കപടവിശ്വാസികള്‍) കാണുമ്പോള്‍ ഞങ്ങള്‍ (ആത്മാര്‍ഥമായി) വിശ്വസിച്ചിരിക്കുന്നുവെന്ന് അവര്‍ പറയും. (അനന്തരം) അവരുടെ പിശാചുക്കളെ (വഴിപിഴപ്പിക്കുന്ന നേതാക്കളെ) തനിച്ചു കാണുമ്പോള്‍ ഞങ്ങള്‍ നിങ്ങളുടെ കൂടെ തന്നെയാണ്. ഞങ്ങള്‍ അവരെ (മുസ്ലിംകളെ) പരിഹസിക്കുക മാത്രമാണ് ചെയ്യുന്നത് എന്നു പറയുകയും ചെയ്യും. അല്ലാഹു അവരെ പരിഹസിക്കുകയും (അവരുടെ പരിഹാസത്തിനനുയോജ്യമായ ശിക്ഷ നല്‍കുകയും) അന്ധരായിക്കൊണ്ട് അവരുടെ അതിക്രമപ്രവര്‍ത്തനങ്ങളില്‍ വിഹരിച്ചുകൊള്ളാന്‍ അവര്‍ക്ക് ഇടകൊടുക്കുകയും ചെയ്യും. സന്മാര്‍ഗ്ഗത്തെ വിറ്റു ദുര്‍മാര്‍ഗത്തെ പകരം വാങ്ങിയവരത്രെ അവര്‍ (അത് വലിയൊരു നേട്ടമാണെന്ന് അവര്‍ വിചാരിക്കുന്നുണ്ടെങ്കിലും) അവരുടെ കച്ചവടം ലാഭകരമായിട്ടില്ല. അവര്‍ സന്മാര്‍ഗ പ്രാപ്തരാകയും ചെയ്തില്ല (സൂറഃ അല്‍ബഖറ, 13 മുതല്‍ 16 വരെ).

മുസ്ലിംകളായ നിങ്ങളുടെ സ്ഥിതിഗതികള്‍ ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നവരാണവര്‍ (മുനാഫിഖുകള്‍) അതായത് അല്ലാഹുവിന്റെ പക്കല്‍ നിന്ന് വല്ല വിജയവും നിങ്ങള്‍ക്ക് ലഭിച്ചാല്‍ (നിങ്ങളുടെ സഹായികളാണവരെന്ന് തോന്നിക്കുമാറ്) അവര്‍ പറയും. ഞങ്ങളും നിങ്ങളുടെ കൂടെ ആയിരുന്നില്ലേ. (അതുകൊണ്ട് ഈ വിജയത്തില്‍ ഞങ്ങളും പങ്കാളികളാണ്. സത്യനിഷേധികള്‍ക്കാണ് വിജയത്തിന്റെ വല്ല അംശവും ലഭിച്ചതെങ്കില്‍ ഇക്കൂട്ടര്‍ തങ്ങളുടെ സേവനം പൊക്കിപ്പിടിച്ചുകൊണ്ട്) അവരോട് പറയും. (മുസ്ലിം പക്ഷത്തു ചേര്‍ന്നുകൊണ്ട്) നിങ്ങളെ ജയിച്ചടക്കാന്‍ ഞങ്ങള്‍ക്ക് കഴിവുണ്ടായിട്ടും അതിന് ഒരുമ്പെടാതിരിക്കുകയും അവരില്‍ നിന്നു ഞങ്ങള്‍ നിങ്ങളെ രക്ഷിക്കുകയും ചെയ്തില്ലേ? എന്നാല്‍ അല്ലാഹു സത്യവിശ്വാസികുടെയും കപടവിശ്വാസികളുടെയുമിടയില്‍ പുനരുത്ഥാനദിവസം വിധി കല്‍പ്പിക്കുന്നതാണ്. (ഈ കപടവിശ്വാസികള്‍ എത്രതന്നെ പരിശ്രമിക്കട്ടെ) സത്യവിശ്വാസികള്‍ക്കെതിരായി (വിജയം നേടേണ്ടതിന്) സത്യനിഷേധികള്‍ക്ക് അല്ലാഹു വഴി തുറന്നുകൊടുക്കുകയില്ല. കപടവിശ്വാസികള്‍ അവരുടെ ഇരുമുഖ പ്രവര്‍ത്തനങ്ങള്‍ മൂലം അല്ലാഹുവിനെ വഞ്ചിക്കാമെന്ന് കരുതുന്നു. അല്ലാഹു അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തക്കതായ ശിക്ഷ നല്‍കുന്നതാണ്. അവര്‍ നിസ്കാരത്തിനു നിന്നാല്‍ അലസന്മാരായിട്ടാണ് നില്‍ക്കുക. നിസ്കരിക്കുകയാണെന്ന് അവര്‍ ജനങ്ങളെ കാണിക്കും. എന്നാല്‍ അല്‍പ്പം മാത്രമല്ലാതെ അല്ലാഹുവിനെ അവര്‍ സ്മരിക്കുകയില്ല. (മാത്രമല്ല) ഈ കക്ഷിയിലും ആ കക്ഷിയിലും പെടാതെ അത് രണ്ടിനുമിടയില്‍ അവര്‍ ആടിക്കൊണ്ടു നില്‍ക്കുന്നതാണ്. അല്ലാഹു വല്ലവനെയും വഴിപിഴപ്പിച്ചാല്‍ അവനെ നന്നാക്കാനുള്ള മാര്‍ഗം നീ കാണുകയില്ല’ (സൂറഃ നിസാഅ് 141 – 143).

കപടവിശ്വാസികള്‍ സ്വീകരിച്ച ഇരു മുഖ നടപടികളെയാണ് മേല്‍ വചനങ്ങള്‍ സൂചിപ്പിക്കുന്നത്. മുസ്ലിംകളുടെ അടുക്കല്‍ ചെന്നാല്‍ ഒരു നിലപാടും അവിശ്വാസികളുടെ അടുക്കല്‍ ചെന്നാല്‍ അതില്‍ നിന്നു വ്യത്യസ്തമായ മറ്റൊരു നിലപാടുമാണ് അവര്‍ കൈക്കൊണ്ടിരുന്നത്. ശത്രുക്കളുമായുണ്ടായ യുദ്ധത്തില്‍ മുസ്ലിംകള്‍ക്ക് വിജയം കൈവന്നാല്‍ വിജയത്തിന്റെ ആനുകൂല്യങ്ങളില്‍ പങ്കു ലഭിക്കാന്‍ അവര്‍ മുസ്ലിംകളായിച്ചമയുന്നു. നേരെമറിച്ച് അമുസ്ലിംകള്‍ക്കാണ് വിജയമെങ്കില്‍ ഞങ്ങളും നിങ്ങളുടെ കക്ഷിയില്‍പ്പെട്ടതിനാല്‍ നിങ്ങളുടെ വിജയത്തിന് ഞങ്ങളാണ് കാരണഭൂതരെന്നും തന്നിമിത്തം നിങ്ങളുടെ വിജയാനൂകൂല്യങ്ങളില്‍ ഞങ്ങ ള്‍ക്കും പങ്കുണ്ടായിരിക്കണമെന്നും അവര്‍ വാദിക്കുന്നു.

ഇത്തരം ഇരുമുഖ നടപടികള്‍ സ്വീകരിക്കുന്ന പലരെയും ഇന്ന് സമുദായത്തില്‍ കാണാന്‍ കഴിയുന്നതാണ്. ഇവരാണ് സമുദായത്തിന്റെ യഥാര്‍ഥ ശത്രുക്കള്‍. ഇവരില്‍ നിന്ന് സംഭവിച്ചേക്കാവുന്ന ആപത്തുകള്‍ തുലോം ഗുരുതരമായിരിക്കും. ഭൂതകാലത്ത് ഇത്തരക്കാരുടെ കയ്യാല്‍ സമുദായത്തിന് നിരവധി നാശങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഭാവിയിലും അനുഭവം അതുതന്നെയായിരിക്കും. നബി (സ്വ) ഇങ്ങനെ അരുള്‍ ചെയ്യുന്നു ഇരുമുഖ നടപടി കൈക്കൊള്ളുന്നവരെ പുനരുത്ഥാന ദിവസം ഏറ്റവും നികൃഷ്ടരായ അടിമകളുടെ കൂട്ടത്തില്‍ കാണാവുന്നതാണ് (ബുഖാരി, മുസ്ലിം).

അബൂഹുറയ്റഃ (റ) പറയുന്നു: ‘ഇരുമുഖന്മാര്‍ ഒരിക്കലും അല്ലാഹുവിന്റെ പക്കല്‍ വിശ്വസ്തരായിരിക്കയില്ല (ഇഹ്യാ).

ഇബ്നുമസ്ഊദ് (റ) പറയുന്നു: ‘നിങ്ങള്‍ കാറ്റുവീശുന്ന ഭാഗത്തേക്കെല്ലാം ആടിക്കൊണ്ടിരിക്കുന്ന അവസര സേവകന്മാരാകരുത്. ഇബ്നു ഉമര്‍ (റ) വിനോട് ഒരാള്‍ ഇങ്ങനെ പറഞ്ഞു: ഞങ്ങള്‍ ഭരണകര്‍ത്താക്കളുടെ സാന്നിധ്യത്തില്‍ ഒരു രൂപത്തിലും അവരുടെ അഭാവത്തില്‍ മറ്റൊരു രൂപത്തിലും സംസാരിക്കാറുണ്ട്. ഇബ്നു ഉമര്‍ (റ) പറഞ്ഞു: ‘നബി (സ്വ) യുടെ കാലത്ത് ഇത്തരം നിലപാട് കപടവിശ്വാസത്തിന്റെ ഒരിനമായിട്ടായിരുന്നു ഞങ്ങള്‍ കണക്കാക്കിയിരുന്നത് (ത്വബ്റാനി).

അന്യന്മാരെ ആക്ഷേപിച്ചു സംസാരിക്കുന്നത് വമ്പിച്ച തെറ്റായത് ഒരാളെ സ്തുതിച്ചു പറയുന്നതു കൊണ്ടും ചില ഭവിഷ്യത്തുകള്‍ സംഭവിക്കാനിടയുണ്ട്. ഒരാള്‍ മറ്റൊരാളെ സ്തുതിച്ചു പറയുന്ന ആളില്‍ നാലും സ്തുതിക്കു വിധേയമാകുന്ന ആളില്‍ രണ്ടും അനര്‍ഥങ്ങള്‍ സംഭവിക്കുന്നു.

സ്തുതിക്കുന്ന ആളെ ബാധിക്കുന്ന അനര്‍ത്ഥങ്ങള്‍ : (1) (സ്തുതിയില്‍ അതിര്‍ത്തി ലംഘിക്കുകയും തദ്വാരാ വ്യാജ വര്‍ണനയില്‍ പ്രവേശിച്ചു പോകയും ചെയ്യുന്നു. മഹാനായ ഖാലിദുബ്നു മഅ്ദാന്‍ (റ) പറയുന്നു: ഒരാള്‍ ഭരണാധികാരിയെയോ അല്ലെങ്കില്‍ മറ്റു വല്ലവരെയോ വ്യാജ വര്‍ണന ചെയ്താല്‍ അവന്‍ തന്റെ നാവു കൊണ്ട് തടഞ്ഞുവീഴുന്ന നിലയില്‍ പരലോകത്ത് വരുന്നതാണ് (ഇഹ്യാ, പേജ് 156, വാല്യം 3). (2) അവന്റെ ഹൃദയത്തിലില്ലാത്ത സ്നേഹം ബാഹ്യമായി പ്രകടിപ്പിക്കുക നിമിത്തം ജനങ്ങളെ കാണിക്കാനായി പ്രവര്‍ത്തിക്കുന്ന മുനാഫിഖുകള്‍ ഉള്‍പ്പെടുന്നു. (3) സൂക്ഷ്മമായി അറിയാത്ത സംഗതികള്‍ കൈകാര്യം ചെയ്തുവെന്ന അപരാധത്തിനു അവന്‍ പാത്രമായിത്തീരുന്നു.

പരിശുദ്ധഖുര്‍ആനില്‍ ഇങ്ങനെ പറയുന്നു: നിനക്ക് സൂക്ഷ്മമായി അറിവില്ലാത്ത വിഷയത്തെ നീ പിന്‍പറ്റരുത്. നിന്റെ ചെകിടും കണ്ണും ഹൃദയവുമെല്ലാം തന്നെ ചോദ്യം ചെയ്യപ്പെടുന്നതാണ് (സൂറഃ ഇസ്റാഅ്).

മറ്റൊരാളെ സ്തുതിച്ചു പറയുന്നത് മഹാനായ ഉമറുല്‍ഫാറൂഖ (റ) കേള്‍ക്കുകയുണ്ടായി. അപ്പോള്‍ ഉമര്‍ (റ) അദ്ദേഹത്തോട് ഇങ്ങനെ ചോദിച്ചു. നീ അദ്ദേഹമൊന്നിച്ചു യാത്ര ചെയ്തിട്ടുണ്ടോ? അദ്ദേഹം പറഞ്ഞു. ഇല്ല. ഉമര്‍: നീ അവനുമായി വല്ല ഇടപാടിലും ഏര്‍പ്പെട്ടിട്ടുണ്ടോ? അദ്ദേഹം: ഇല്ല. ഉമര്‍ (റ) പറഞ്ഞു: അല്ലാഹുവാണ് സത്യം. നിനക്ക് അദ്ദേഹത്തെ അറിയാമെന്ന് ഞാന്‍ വിചാരിക്കുന്നില്ല.

(4) സ്തുതിക്ക് വിധേയനാകുന്ന ആള്‍ ചിലപ്പോള്‍ ദുര്‍വൃത്തനോ അക്രമിയോ ആയിരിക്കും. അങ്ങനെയുള്ളവരെ സന്തോഷിപ്പിക്കുന്നത് മതദൃഷ്ട്യാ വിരോധിക്കപ്പെട്ടതാണ്. നേരെമറിച്ചു അവരെ ദുഃഖിപ്പിക്കുകയാണ് വേണ്ടത്. നബി (സ്വ) അരുള്‍ ചെയ്യുന്നു. ദുര്‍നടപ്പുകാരനെ സ്തുതിക്കുന്നത് അല്ലാഹുവിനെ കുപിതനാക്കിത്തീര്‍ക്കുന്നതാണ് (ബൈഹഖി).

ഹസന്‍ (റ) പറയുന്നു: അക്രമിയുടെ ദീര്‍ഘായുസ്സിനായി പ്രാര്‍ഥിക്കുന്നവന്‍ ഭൂമിയില്‍ തെറ്റുചെയ്യുന്നത് വര്‍ധിക്കേണമെന്നാഗ്രഹിക്കുന്നവനാണ്.

സ്തുതിക്ക് വിധേയനായ ആളില്‍ ഉണ്ടായിത്തീരുന്ന അനര്‍ത്ഥങ്ങള്‍: (1) അവനില്‍ നാശഹേതുക്കളായ അഹംഭാവം: പെരുമ, പൊങ്ങച്ചം മുതലായ ദുര്‍ഗുണങ്ങള്‍ സംജാതമായിത്തീരുന്നു. മനുഷ്യനെ നാശ ഗര്‍ത്തത്തില്‍ ആപതിപ്പിക്കാന്‍ അവ തന്നെ മതി. ഉമര്‍ (റ) അടക്കമുള്ള ഒരു സദസ്സില്‍ ജാറൂദ്ബ്നുല്‍ മുന്‍ദിര്‍ (റ) വരികയുണ്ടായി. അദ്ദേഹത്തെ കണ്ടപ്പോള്‍ ഒരാള്‍ ഇങ്ങനെ പറഞ്ഞു. ഇതാ റബീഅ ഗോത്രത്തിന്റെ നേതാവ് വരുന്നു. ഉടന്‍ തന്നെ ഉമര്‍ (റ) തന്റെ കയ്യിലുണ്ടായിരുന്ന വടി കൊണ്ട് ജാറൂദിനെ തല്ലുകയുണ്ടായി. പരിഭ്രമചിത്തനായിക്കൊണ്ട് ജാറൂദ് ചോദിച്ചു. അല്ലയോ ഖലീഫഃ അവര്‍കളേ, നിരപരാധിയായ എന്നെ അവിടുന്ന്എന്തിന് തല്ലുന്നു. ഉമര്‍ (റ) പറഞ്ഞു. നിന്നെ ഒരാള്‍ പുകഴ്ത്തിയപ്പോള്‍ നിന്റെ ഹൃദയത്തില്‍ അഹംഭാവം കടന്നുകൂടിപ്പോയോ എന്നു സംശയിച്ചു. അങ്ങനെയാണെങ്കില്‍ അത് ഹൃദയത്തില്‍ നിന്ന് പോകട്ടേയെന്ന് കരുതിയിട്ടാണ് ഞാനിങ്ങനെ ചെയ്തത് (ഇഹ്യ).

(2) ഞാന്‍ പരിപൂര്‍ണനും സ്തുത്യര്‍ഹനുമായിത്തീര്‍ന്നിരിക്കുന്നുവെന്നുള്ള ഒരു ധാരണ അവനില്‍ ഉടലെടുക്കുകയും തന്നിമിത്തം പുരോഗമനേച്ഛ അവനില്‍ നിന്ന് പമ്പ കടക്കുകയും ചെയ്യുന്നു. ഞാന്‍ അപൂര്‍ണനാണെന്ന് വിശ്വസിച്ചാല്‍ മാത്രമാണല്ലോ മുന്നോട്ടുള്ള കാല്‍വെപ്പ് തുടര്‍ന്നുകൊണ്ട് ഉന്നതാവസ്ഥ കരസ്ഥമാക്കാന്‍ മുതിരുക.

നീ നിന്റെ സഹോദരന്റെ കഴുത്ത് മുറിച്ചുവെന്ന് നബി (സ്വ) പറഞ്ഞത് ഈ സംഗതിയാണ് സൂചിപ്പിക്കുന്നത്.