അജ്ഞതാന്ധകാരത്തില്പ്പെട്ട് നട്ടം തിരിയുന്ന ജനസമൂഹത്തിന് വിജ്ഞാനത്തിന്റെ പ്രകാശം നല്‍കുന്ന പണ്ഢിതര്‍, പൈശാചികമായ വികാരങ്ങള്‍ക്കും സ്വേച്ഛകള്‍ക്കും അടിമപ്പെട്ടു ജീവിക്കുന്ന ദുര്‍ബുദ്ധികളെ തട്ടിയുണര്‍ത്തി ആത്മചൈതന്യവും ഭയഭക്തിയും പകര്‍ന്നു കൊടുക്കുന്ന ശൈഖുമാര്‍, പരിശുദ്ധഖുര്‍ആനും നബി (സ്വ) യുടെ മഹല്‍ ചര്യകളും മുറുകെ പിടിച്ചുമാതൃകായോഗ്യവും ആദരണീയവുമായ ജീവിതം നയിക്കുകയും പരിശുദ്ധ ദീനുല്‍ ഇസ്ലാമിനെ പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്ന ഔലിയാക്കള്‍, പ്രപഞ്ചത്തിന്റെ നിറപ്പകിട്ടുകളില്‍ വഞ്ചിതരാകാതെ പാരത്രിക സന്നാഹ ശേഖരണത്തില്‍ അഹോരാത്രം വ്യാപൃതരായ സൂഫി വര്യന്മാര്‍, വിദ്യാസാഗരങ്ങളും ആത്മപരിശുദ്ധി നേടിയവരുമായ ആരിഫുകള്‍ എന്നിങ്ങനെയുള്ളമഹാത്മാക്കള്‍ ഏതു കാലത്തും ഉണ്ടായിരിക്കുന്നതാണ്. അത്തരക്കാരുടെ കാല്‍പ്പാടുകള്‍ പിന്തുടര്‍ന്നു ജീവിക്കുകയും അവര്‍ക്കര്‍ഹമായ പദവി കല്‍പ്പിച്ചു ബഹുമാനിക്കുകയും ചെയ്യുകയെന്നത് ഏതൊരു മുസല്‍മാന്റെയും കടമയാണ്. അവരുടെ ഉന്നത പദവികള്‍ ഇടിച്ചു താഴ് ത്തലും അവരെ പുച്ഛദൃഷ്ട്യാ വീക്ഷിക്കലും അല്ലാഹുവിന്റെ ശാപത്തിനും കോപത്തിനും നിന്ദാവഹമായ പര്യവസാനത്തിനും ഇടവരുത്തുന്നതുമാണ്.
എന്നാല്‍ കൃഷിയില്‍ കളയെന്നതുപോലെ പ്രസ്തുത മഹാന്മാരുടെ വേഷം ധരിച്ചു ഇല്ലാത്ത പദവികള്‍ കെട്ടിച്ചമച്ചു വാദിച്ചു നടക്കുന്ന കപട തന്ത്രക്കാരെ നാം കരുതിയിരിക്കുകയും അവരുടെ ദംഷ്ടമേറ്റ് ആത്മീയമായി മൃതിയടഞ്ഞു പോകുന്നതിനെ വളരെയധികം സൂക്ഷിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു. വിവിധ ഘട്ടങ്ങളിലായി ഇത്തരം ആളുകള്‍ സമുദായമദ്ധ്യേ നുഴഞ്ഞു കയറുകയും പലവിധ അപകടങ്ങള്‍ക്കും ഇടവരുത്തുകയും ചെയ്ത അനുഭവങ്ങള്‍ ധാരാളമുണ്ട്. ബുദ്ധിശൂന്യരും വിദ്യാവിഹീനരുമായ ആളുകളുടെ ഇടയില്‍ ഏതൊരു പിഴച്ച വാദവും വിലപ്പോകാതിരിക്കയില്ല.
ഈസായും മഹ്ദിയും രാമനും കൃഷ്ണനുമെല്ലാം കൂടിയാണ് താനെന്നു വാദിച്ച കള്ളപ്രവാചകനായ മീര്‍സാഗുലാമിനെ ഒരു വിഭാഗം ആളുകള്‍ സ്വീകരിക്കുന്നു. ദൈവവും ആദം നബിയും മുഹമ്മദ് നബിയും എല്ലാം കൂടി സമ്മിശ്രമായ ഒരു ശരീരമാണ് താനെന്ന്പുലമ്പിയ ചില കള്ള ശൈഖുമാരെ ചിലര്‍ സ്വാഗതം ചെയ്യുന്നു. അന്ത്യകാലത്ത് ദജ്ജാല്‍, താന്‍ റബ്ബാണെന്ന് വാദിച്ചുകൊണ്ട് രംഗത്തിറങ്ങുകയും ചില അത്ഭുത സംഭവങ്ങളെല്ലാം കാണിക്കുകയും ചെയ്യുമ്പോള്‍ അവനുവേണ്ടുന്ന പ്രോത്സാഹനങ്ങള്‍ നല്‍കുവാനും ഒരു വമ്പിച്ച ജനത തയ്യാറാകുമെന്നത് പ്രബലമായ തെളിവുകളാല്‍ സ്ഥിരപ്പെട്ട സംഗതിയാണ്.
മഹാനായ ശൈഖ് അബ്ദുല്‍ വാരിസ് (റ) പറയുന്ന ഒരു സംഭവമാണിവിടെ ഓര്‍മവരുന്നത്. മുന്‍കാലത്ത് ഒരാള്‍ അറിവില്ലാത്ത ഒരു ജനവിഭാഗത്തിനിടയില്‍ ചെന്നു ഞാന്‍ ജിബ്രീല്‍ ആണെന്ന് വാദിച്ചു. അവനില്‍ എന്തോ ചില അസാധാരണത്വങ്ങള്‍ പ്രകടമായിരുന്നു. അവന്റെ വാദത്തെ അവര്‍ വകവെച്ചു കൊടുത്തു. രോഗബാധിതരായ പലരും ഈ കൃത്രിമ ജിബ്രീലിനെ സമീപിച്ചു. അവന്‍ നല്‍കുന്ന ചികിത്സാ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുകയും അവരുടെ രോ ഗത്തിന് ശമനം ലഭിക്കുകയും ചെയ്തു.
കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ അതിസമര്‍ഥനായ ഒരു മാന്യന്‍ അവന്റെ അടുക്കല്‍ ചെന്ന് ഇങ്ങനെ അപേക്ഷിച്ചു. അങ്ങയുടെ ഒരു സേവകനായി ഇവിടെ ഇരുന്നുകൊള്ളാന്‍ ഈയുള്ളവനെ അനുവദിച്ചാലും. അദ്ദേഹത്തിന്റെ അപേക്ഷ കൃത്രിമ ജിബ്രീല്‍ സ്വീകരിച്ചു. അങ്ങനെ അദ്ദേഹവും അവിടെ താമസിക്കാന്‍ തുടങ്ങി. ഒരു ദിവസം അദ്ദേഹം ഇങ്ങനെ പറഞ്ഞു: ‘അല്ലാഹുവിന്റെ സാമീപ്യം സമ്പാദിച്ച ജിബ്രീല്‍ (അ) ന്റെ പേരു പറഞ്ഞ് ജനങ്ങളെ വഞ്ചിക്കുന്നതില്‍ നിനക്ക് ലജ്ജയില്ലാതെ പോയല്ലോ, ആശ്ചര്യം. അതിന് അവന്‍ പറഞ്ഞ മറുപടി ഇങ്ങനെയാണ്. നീ ആരോടും എന്റെ രഹസ്യം പറയരുതേ, ഞാനീ സാധുക്കളെ വഞ്ചിച്ചു ഇങ്ങനെ കഴിഞ്ഞുകൂടട്ടെ. നീ മറ്റൊരു നാട്ടില്‍ പോയി ഞാന്‍ ‘മീകാഈലാണെ’ന്ന് പറഞ്ഞുകൊള്ളുക (ഹിദായത്തുല്‍ മുതലത്ത്വിഖ്, ഭാഗം 14).
ഇത്തരം കൃത്രിമ വാദക്കാരെ സംബന്ധിച്ചു പരിശുദ്ധ ഖുര്‍ആന്‍ ഇപ്രകാരം അരുള്‍ ചെയ്യുന്നു. തങ്ങള്‍ പ്രവര്‍ത്തിച്ച (കാപട്യങ്ങളിലും വഞ്ചനാത്മകങ്ങളായ ചെയ്തികളിലും) സന്തുഷ്ടരാകയും തങ്ങള്‍ പ്രവര്‍ത്തിക്കാത്ത മഹല്‍ ഗുണങ്ങളാല്‍ പ്രകീര്‍ത്തനം ചെയ്യപ്പെടാനിഷ്ടപ്പെടുകയും ചെയ്യുന്നവര്‍ ശിക്ഷയില്‍ നിന്നും വിമോചിതരാണെന്ന് നീ ധരിച്ചു പോകരുത്. അവര്‍ ക്കാണ് വേദനാജനകമായ ശിക്ഷയുള്ളത്(സൂറഃ ആലുഇംറാന്‍ 188). കപടവേഷധാരികളായി ഇല്ലാത്ത ഗുണങ്ങള്‍ അഭിനയിക്കുന്ന മുഴുവന്‍ കൃത്രിമക്കരും ഈ പരിശുദ്ധ വചനത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുന്നതാണെന്ന് മഹാനായ ഇമാം സ്വാവി (റ) പറയുന്നു: നബി (സ്വ) ഇങ്ങനെ പറയുന്നു: ‘തനിക്കു ലഭിക്കാത്ത ഭക്ഷണം കൊണ്ട് വയര്‍ നിറച്ചുവെന്ന് അഭിനയിക്കുന്ന ആളുകള്‍ കാപട്യത്തിന്റെ രണ്ട് വസ്ത്രം ധരിച്ചവനെ പോലെയാണ്” (ബുഖാരി, മുസ്ലിം). ഇല്ലാത്ത അവസ്ഥകള്‍ ഉണ്ടെന്നു കാണിക്കുകയെന്നതാണ് ലഭിക്കാത്ത ഭക്ഷണം കൊണ്ട് വയര്‍ നിറച്ചുവെന്ന് അഭിനയിക്കുക എന്നതിന്റെ വിവക്ഷ.
മഹാനായ ഇമാം ഗസ്സാലി (റ) ഇങ്ങനെ എഴുതുന്നു: ‘പിശാചിന്റെ ദുര്‍ബോധനങ്ങളില്‍ വഞ്ചിതരായ മൂന്നാമത്തെ വിഭാഗം കൃത്രിമ സൂഫികളാണ്. വേഷം, ആകൃതി, സംസാരം, സാങ്കേതിക പദപ്രയോഗം, ശുദ്ധീകരണം, നിസ്കാരപ്പായകളില്‍ ചിന്താനിമഗ്നരായി തലകീഴ്പ്പോട്ടാക്കി ഇരിക്കുക, നെടുവീര്‍പ്പിടുക, നേരിയ ശബ്ദത്തില്‍ സംസാരിക്കുക എന്നിങ്ങനെയുള്ള സംഗതികളില്‍ മഹാന്മാരും പരിശുദ്ധാത്മാക്കളുമായ നിസ്വാര്‍ഥ സൂഫികളെ അവര്‍ അനുകരിച്ചു. എന്നാല്‍, ശരീരേച്ഛകളോടുള്ള സമരം, ആരാധനയിലുള്ള പരിശീലനം, ആന്തരികവും ബാഹ്യവുമായ പാപങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുക മുതലായ തസ്വവ്വുഫിന്റെ പ്രാഥമിക ചിട്ടകള്‍ കൂടി അനുസരിക്കാന്‍ അവര്‍ തയ്യാറെടുത്തില്ല. ഹറാമുകളും ശുബ്ഹത്തുകളുമായ സമ്പാദനങ്ങള്‍ ക്കായി അവര്‍ ഭഗീരഥ പ്രയത്നം ചെയ്യുന്നു.
റൊട്ടിക്കഷ്ണങ്ങള്‍, ധാന്യമണികള്‍, ചില്ലിക്കാശുകള്‍ മുതലായവക്ക് കൂടി അവര്‍ അടിപിടി കൂടുന്നു. തങ്ങളുടെ അഭീഷ്ടങ്ങള്‍ക്ക് വഴങ്ങാത്ത ആളുകളെ അവര്‍ അപമാനിക്കുകയും നിസ്സാരകാര്യങ്ങളില്‍ക്കൂടി അവര്‍ അസൂയ പ്രകടിപ്പിക്കുകയും ചെയ്യുന്നു.
ഇവരെ ഇപ്രകാരം ഉപമിക്കാം: ‘ധീരരായ പടയാളികളുടെ ലിസ്റ്റ് തയ്യാറാക്കപ്പെടുന്നുണ്ടെന്നും രാഷ്ട്രത്തിന്റെ കീഴിലുള്ള കുറേ ഭൂമികള്‍ അവര്‍ക്ക് പാരിതോഷികമായി നല്‍കാന്‍ ഭരണകര്‍ത്താവ് തീരുമാനിച്ചിട്ടുണ്ടെന്നുമുള്ള വിവരം അവശയായി കിടക്കുന്ന ഒരു കിഴവിയുടെ അറിവില്‍പ്പെട്ടു. പ്രസ്തുത പാരിതോഷികങ്ങളില്‍ ഒരു പങ്ക് തനിക്കും കിട്ടണമെന്ന് അവള്‍ ആഗ്രഹിച്ചു. അനന്തരം പട്ടാളക്കാരുടെ ചില ഗാനങ്ങളും മറ്റും അവള്‍ ശീലിച്ചു. ഉരുക്ക് തൊപ്പിയും കവചവും ധരിച്ചു കൊണ്ട് അവള്‍ പരിശോധന ഉദ്യോഗസ്ഥരെ സമീപിച്ചു. വസ്ത്രങ്ങളും മറ്റും അഴിപ്പിച്ചു പരിശോധന നടത്തിയപ്പോള്‍ അവള്‍ കൃത്രിമക്കാരിയാണെന്നനുഭവപ്പെട്ടു. ഭരണാധികാരിയെയും ഉയര്‍ന്ന ഉദ്യോഗസ്ഥന്മാരെയും അപമാനിച്ചുവെന്ന കുറ്റത്തിന്റെ ശിക്ഷയായി അവളെ ആനയുടെ മുമ്പിലേക്കെറിഞ്ഞു കൊടുക്കുകയും അവള്‍ അന്ത്യം വരിക്കുകയും ചെയ്തു. സംഗതികളുടെ യാഥാര്‍ഥ്യങ്ങള്‍ വെളിക്കു വരുന്ന പുനരുത്ഥാന ദിവസം അഭിനയ സൂഫികളുടെയും അനുഭവം ഇതുതന്നെയായിരിക്കും.
മറ്റൊരു വിഭാഗം ആളുകള്‍, അല്ലാഹുവിനെ സംബന്ധിച്ചുള്ള വിജ്ഞാനം, ഹൃദയം കൊണ്ടുള്ള ദര്‍ശനം, ജംഉല്‍ ജംഅ്, വുസ്വൂല്‍, മുഹബ്ബത്, ഫനാഅ് മുതലായ ഉന്നതാവസ്ഥകള്‍ വാദിക്കുകയും തങ്ങളുടെ നിലപാടുകള്‍ അത്യധികം ഉയര്‍ന്നതാണെന്നു പറഞ്ഞു ജനങ്ങളെ കബളിപ്പിക്കുകയും ചെയ്തു. വാസ്തവത്തില്‍ ചില സാങ്കേതിക പദങ്ങള്‍ മനഃപാഠമാക്കിയെന്നതില്‍ കവിഞ്ഞു മറ്റൊരറിവും അവര്‍ക്കില്ല. മുന്‍ഗാമികളും പിന്‍ഗാമികളുമായ സര്‍വ്വരെക്കാളും തങ്ങള്‍ ശ്രേഷ്ഠരായി കഴിഞ്ഞുവെന്നതാണ് അവര്‍ ധരിക്കുന്നത്.
ഫുഖആഅ് (കര്‍മശാസ്ത്രജ്ഞന്മാര്‍) മുഫസ്സിറുകള്‍ (ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍), മുഹദ്ദിസുകള്‍ (ഹദീസ് പണ്ഢിതന്മാര്‍) മുതലായവരെയും മറ്റു സാധാരണക്കാരെയും അവര്‍ അവഹേളിക്കുന്നു. ഇബാദത്തു കൊണ്ട് ദേഹാധ്വാനമില്ലാതെ യാതൊരു ഫലവുമില്ലെന്നും ഉലമാക്കള്‍ക്ക് അവരുടെ ജ്ഞാനം അല്ലാഹുവുമായുള്ള ബന്ധത്തിനു തടസ്സമാണെന്നും അവര്‍ ജല്‍പ്പിക്കുന്നു.
വാസ്തവത്തില്‍ ഈ കൃത്രിമക്കാര്‍ അല്ലാഹുവിന്റെ പക്കല്‍ മുനാഫിഖുകളായ ധിക്കാരികളും ചിന്തകന്മാരുടെ പക്കല്‍ വിഡ്ഢികളുമാണ്. ശരീരേച്ഛകള്‍ പിന്തുടര്‍ന്നു ജീവിക്കലും അര്‍ഥം അറിയാത്ത ചില പദങ്ങള്‍ പ്രയോഗിക്കലുമല്ലാതെ മറ്റൊന്നും അവരുടെ പക്കലില്ല (ഇഹ്യാ: കിതാബു ദമ്മുല്‍ ഗുറൂറ്, വാല്യം 3, പേജ് 391, 392).