സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Wednesday 19 November 2014

നബി(സ്വ) ചെയ്തിട്ടില്ലാത്ത സുന്നത്ത്







ചോദ്യം:
നബി(സ്വ) ചെയ്തിട്ടില്ലെന്ന് വെച്ച് ഒരു കാര്യം സുന്നത്തല്ലെന്ന് അനുമാനിക്കാവതല്ലെന്നതിന് തെളിവായി ചിലര്‍ ഇങ്ങനെ പറയാറുണ്ട്. നബി(സ്വ) ബാങ്ക് വിളിച്ചതായി ഹ ദീസിലൊന്നും വന്നിട്ടില്ല. ബാങ്ക് വിളി സുന്നത്താണെന്നതില്‍ തര്‍ക്കവുമില്ല. ഇത് ശരിയാണോ?
ഉത്തരം:
ഒരുകാര്യം നബി(സ്വ) ചെയ്തിട്ടില്ലെന്ന് വെച്ച് അത് സുന്നത്തല്ലെന്ന് അനുമാനിക്കാവുന്നതല്ലെന്നത് ശരിതന്നെ. അതിന് ധാരാളം തെളിവുകളുണ്ട്. ഇമാം ഖസ്ത്വല്ലാനി (റ) പറയുന്നു: “്നിശ്ചിതമായൊരു കാര്യം നബി(സ്വ) ഉപേക്ഷിച്ചുവെന്നത് അത് പാടില്ലെന്നതിന് രേഖയല്ല” (ഇര്‍ശാദുസ്സാരി 2/297).
പക്ഷേ, നബി(സ്വ) ബാങ്ക് വിളിച്ചതായി ഹദീസിലൊന്നും വന്നിട്ടില്ലെന്ന് പറയുന്നത് ശരിയല്ല. ഇമാം തിര്‍മുദി(റ) അംറുബ്നു ഉസ്മാന്‍(റ) വഴിയായി നിദേനം ചെയ്ത ഒരു ഹദീസില്‍, നബി(സ്വ) ബാങ്ക് വിളിച്ചതായി ഉദ്ധരിച്ചിട്ടുണ്ട് (ജാമിഉത്തിര്‍മുദി 2/266 നോക്കുക).
ഇതിന്റെ നിവേദക പരമ്പര സ്വഹീഹാണെന്ന് അബ്ദുല്‍ഹഖും(റ) ഹസന്‍ ആണെന്ന് ഇമാം നവവി(റ)യും പറഞ്ഞിട്ടുണ്ട് (അലിയ്യുശ്ശിബ്റാമുല്ലസി(റ)യുടെ ഹാശിയതുന്നിഹായ 1/416).
മുഗ്നി 1/139ല്‍ പറയുന്നു: “ഈ ഹദീസിന്റെ നിവേദക പരമ്പര നല്ലതാണ്. നബി(സ്വ) മറ്റൊരു പ്രാവശ്യവും കൂടി ബാങ്ക് വിളിച്ചതായി പറയപ്പെട്ടിട്ടുണ്ട്.” യാത്രാവേളയില്‍ ഒരു പ്രാവശ്യം നബി(സ്വ) ബാങ്ക് വിളിച്ചുവെന്ന് സ്വഹീഹായി വന്നതായി തുഹ്ഫ 1/474ലും പറയുന്നു.
ഒരു പ്രാവശ്യമെങ്കിലും നബി(സ്വ) ബാങ്ക് വിളിച്ചതായി ഞാന്‍ അറിയുന്നില്ലെന്ന് ബദ്റുസ്സാരി 2/167ല്‍ പറഞ്ഞത് കൊണ്ടായിരിക്കാം ചിലര്‍ അങ്ങനെ പറയുന്നത്. അങ്ങനെ പറഞ്ഞവന്‍ നിശ്ചയം അശ്രദ്ധയിലകപ്പെട്ടുപോയെന്ന് ഇമാം സുയൂത്വി(റ) പറഞ്ഞിട്ടുണ്ട് (ഹാശിയതുന്നിഹായ 1/416).
എന്നാല്‍ ഹാഫിള് ഇബ്നുഹജര്‍(റ) പറയുന്നത് കാണുക: “നബി(സ്വ) ബാങ്ക് വിളിച്ചത് സംബന്ധമായി ധാരാളം ചോദ്യങ്ങള്‍ വന്നിട്ടുണ്ട്. ഒരു യാത്രാവേളയില്‍ നബി(സ്വ) ബാങ്ക് വിളിക്കുകയും സ്വഹാബാക്കളൊന്നിച്ച് നിസ്കരിക്കുകയും ചെയ്തതായി സു ഹൈലി(റ)യുടെ അരികില്‍ സംഭവിച്ചിട്ടുണ്ട്. അംറുബ്നുറമാഹിനെ ആശ്രയിക്കുന്ന ഒരു നിവേദക പരമ്പരയിലൂടെ അബൂഹുറയ്റ(റ) വഴിയായി ഇമാം തിര്‍മുദി(റ) ഇത് നിവേദനം ചെയ്തിട്ടുണ്ട്. യഥാര്‍ഥത്തില്‍ ഇത് അബൂഹുറയ്റ(റ)യുടെ ഹദീസല്ല. മറിച്ച് യഅ് ലബ്ുനു മുര്‍റത്തി(റ)ന്റേതാണ്. യാത്രാവേളയില്‍ നബി(സ്വ) ഒരു പ്രാവശ്യം ബാങ്ക് വിളിച്ചതായി ഇമാം നവവി(റ)യും ഉറപ്പിച്ചുപറയുന്നു. ഇമാം തിര്‍മുദി(റ)യിലേക്കാണ് അദ്ദേഹവും ഇതിനെ ചേര്‍ത്തിയിട്ടുള്ളത്. എങ്കിലും ഇമാം തിര്‍മുദി(റ) നിവേദനം ചെയ്ത വഴിക്കുതന്നെ ഈ ഹദീസ് ഇമാം അഹ്മദുബ്നു ഹമ്പല്‍(റ) മുസ്നദില്‍ നിവേദനം ചെയ്തതായി നാം എത്തിച്ചു. അതിന്റെ വാചകം ഇപ്രകാരമാണ്. “അങ്ങനെ നബി(സ്വ) ബിലാലി(റ)നോട് ബാങ്ക് വിളിക്കാന്‍ വേണ്ടി കല്‍പ്പിക്കുകയും ബിലാല്‍(റ) ബാങ്ക് വിളിക്കുകയും ചെയ്തു.” ഇതില്‍ നിന്നും ഇമാം തിര്‍മുദി(റ)യുടെ നിവേദനത്തില്‍ ചുരുക്കം സംഭവിച്ചിട്ടുണ്ടെന്ന് ഗ്രഹിക്കാനാകും. നബി(സ്വ) വിളിച്ചുവെന്ന വാക്കിനര്‍ഥം ബാങ്ക് വി ളിക്കാന്‍ ആജ്ഞാപിച്ചു എന്നാകണമെന്നും ഗ്രഹിക്കാം. ഭരണാധികാരി ഇന്നാലിന്ന പണ്ഢിതന് ആയിരങ്ങള്‍ സമ്മാനം നല്‍കി എന്ന് പറയും പോലെ. യഥാര്‍ഥത്തില്‍ ഭരണാധികാരിയുടെ ആജ്ഞ പ്രകാരം തന്റെ പ്രതിനിധിയാകും കൊടുത്തത്” (ഫത്ഹുല്‍ ബാരി 2/101).
ഹാശിയതുന്നിഹായ 1/416ല്‍ എഴുതുന്നു: “ഉപര്യുക്ത ഹദീസ് അതേവഴിക്ക് തന്നെ ഇമാം ദാറഖുത്വ്നി(റ)യും നിവേദനം ചെയ്തിട്ടുണ്ട്. അതിന്റെ വാചകം ഇപ്രകാരമാണ്. മുഅദ്ദിനിനോട് ബാങ്ക് വിളിക്കാന്‍ കല്‍പ്പിച്ചു. ഇപ്രകാരം തന്നെയാണ് ഇമാം അഹ്മദുബ്നു ഹമ്പലിന്റെ അരികിലുമുള്ളത്. ഈ നിവേദനമാണ് ഇമാം സുഹൈലി(റ) പ്രബലമാക്കിയിട്ടുള്ളതും. തിര്‍മുദി(റ)യുടെ നിവദനത്തില്‍ അവ്യക്തമാക്കിയതിനെ ഇത് വ്യ ക്തമാക്കുന്നുവെന്നതാണ് കാരണം.”
ഇഖ്നാഇന്റെ വ്യാഖ്യാനത്തില്‍ ബുജൈരിമി(റ) എഴുതുന്നു: “ഇമാമത്ത് നില്‍ക്കാറുള്ള നബി(സ്വ) എന്തുകൊണ്ട് ബാങ്ക് വിളിച്ചില്ലെന്ന് ചോദിക്കുന്ന പക്ഷം മറുപടി ഇപ്രകാരമാണ്. ബാങ്കിനെക്കാള്‍ മുഖ്യമായ പ്രശ്നങ്ങള്‍ കൊണ്ടുള്ള ജോലിയിലായിരുന്നു നബി (സ്വ). മാത്രമല്ല നബി(സ്വ) ബാങ്ക് വിളിക്കുന്ന പക്ഷം അതുകേട്ട ഏതൊരു വ്യക്തിക്കും ഹാജരാകല്‍ നിര്‍ബന്ധമാകുമായിരുന്നു. അപ്പോള്‍ റൊട്ടി ചുട്ടുകൊണ്ടിരിക്കുന്നവര്‍ അത് ഉപേക്ഷിച്ച് പള്ളിയില്‍ വരേണ്ടിവരും” (ഹാശിയതുല്‍ ഇഖ്നാഅ് 2/48).
ബഹു. ഇസ്സുദ്ദീനുബ്നു അബ്ദിസ്സലാമി(റ)ന്റെ വാക്കുകള്‍ കാണുക: “്നിശ്ചയം നബി (സ്വ) ബാങ്ക് വിളിച്ചിട്ടില്ല. ഇതിനുകാരണം നബി(സ്വ) ഒരു അമല്‍ ചെയ്താല്‍ അതിനെ നിലനിര്‍ത്തലാണ് പതിവ്. അല്ലാഹുവിന്റെ സന്ദേശമെത്തിച്ച് കൊടുക്കലെന്ന ഭാരിച്ച ഉത്തരവാദിത്വമുള്ളത് കൊണ്ട് എപ്പോഴും ബാങ്ക് കൊണ്ട് ജോലിയാകാന്‍ നബി(സ്വ)ക്ക് ഒഴിവ് ലഭിക്കില്ല. ഖിലാഫത് (ഭരണാധികാരം) ഇല്ലായിരുന്നുവെങ്കില്‍ ഞാന്‍ ബാങ്ക് വിളിക്കുമായിരുന്നുവെന്ന് ഉമര്‍(റ) പറഞ്ഞത് പോലെയാണിത്” (ശൈഖ് ശിബ്ലന്‍ജി(റ)യുടെ നൂറുല്‍ അബ്സ്വാര്‍, പേജ് 42).