മക്കളെ നല്ലവരോ ചീത്തയോ ആക്കുന്നത് മാതാപിതാക്കളാണ്. തിരുനബി തന്നെ പറഞ്ഞുവല്ലോ “എല്ലാ സന്താനങ്ങളും സത്യത്തെ സ്വീകരിക്കാവുന്ന പക്വതയിലാണ് സ്രിഷ്ടിക്കപെടുന്നത്. അവരുടെ മാതാപിതാക്കള്‍ അവനെ ക്രിസ്താനിയോ യഹൂദിയോ അഗ്നിയാരാധകനോ ആക്കിതീര്‍ക്കുന്നു. കുട്ടികളെ സംസ്കരിക്കുന്ന ജോലി പ്രധാനമായും മാതാവിനാണ്. സംസ്കാരസമ്പന്നമായ മാതാവിനേ മക്കളെ നന്നാക്കാനാകൂ. ഉമ്മയാണല്ലോ പ്രഥമ പാഠശാല, പിതാവാണ് സുപ്പര്‍വൈസര്, പിതാവ് നിയന്ത്രിക്കണം, പഠിപ്പിക്കണം, ഉപദേശിക്കണം, നിര്‍ദ്ദേശിക്കണം, സഹായിക്കണം, സംരക്ഷിക്കണം.
കുട്ടികള്‍ സദ്‌വൃത്തരാകാനും കുടുംബത്തില്‍ ഐശ്വര്യം നിലനില്‍ക്കുവാനും ആഹാരം ഹലാലായിരിക്കല്‍ അനിവാര്യമാണ്, അറബിയുടെ പണം കവര്‍ന്നും അശ്ളീല സാഹിത്യങ്ങളും കാസറ്റുകളും സി.ഡി.കളും വിറ്റു മക്കളെ പോറ്റുന്നവര്‍ നിഷിദ്ധമായ പണംകൊണ്ടാണ് കുടുംബത്തെ ഊട്ടുന്നത്, ബാങ്കില്‍ ജോലിചെയ്യുന്നവരും, ലോട്ടറി വില്‍ക്കുന്നവരും, റമളാനിന്റെ പകലില്‍ ഹോട്ടല്‍ നടത്തുന്നവരും… ഹറാമായ പണമാണ് സമ്പാദിക്കുന്നത്. ഹറാം തിന്നുവളരുന്ന കുട്ടി നേരെയാവില്ല.
മക്കളെ നന്നായി വളര്‍ത്തിയില്ലെങ്കില്‍ വാര്‍ദ്ധക്യം വരുമ്പോള്‍ വിരല്‍ കടിക്കേണ്ട്യ വരും, മകന്‍ തന്നെ ഓവുചാലില്‍ തള്ളും, വൃദ്ധസദനത്തില്‍ പാര്‍പ്പിക്കും, ആട്ടും തുപ്പലുമേറ്റു സ്വഗൃഹത്തിന്‍റെ മുറിക്കുള്ളില്‍ പുളയേണ്ടി വരും. വേദനിക്കുമ്പോള്‍ തിരിഞ്ഞുനോക്കില്ല, ജീവിതം നരകമാകും, മരിച്ചുകഴിഞ്ഞാലും ദുഷിച്ച മക്കള്‍ ഉപകരിക്കില്ല. ആറടി മണ്ണിനടിയില്‍ ആരാരുമില്ലാതെ പരിഭവിക്കുമ്പോള്‍ ഒരു ഫാത്തിഹ പോലും നമുക്ക് കിട്ടില്ല. നമുക്ക് ഒരു തുള്ളി വെളിച്ചം നല്‍കാന്‍ ഒരു തരി അരിമാണിപോലും അവര്‍ ദാനം ചെയ്യില്ല. അവര്‍. മുതലിനുവേണ്ടി കടിപിടി കൂടായിരിക്കും, പള്ളികാട്ടില്‍ ഏകാകിയായി കിടക്കുമ്പോള്‍ നമുക്കരികിലൂടെ കടന്നുപോകുന്ന മക്കള്‍ ഒരു സലാം തരാനുള്ള മനസ്സുണ്ടാകില്ല. മഹ്ശറയിലെ സ്ഥിതിയോ? കത്തുന്ന മഹ്ശറയില്‍ തങ്ങളെ വഴിപിഴപ്പിച്ചതിനെതിരെ മക്കളുടെ മുദ്രാവാക്യം “ഞങ്ങളെ വഴിപിഴപ്പിച്ച ഞങ്ങളുടെ മാതാപിതാക്കളെ കാണിച്ചുതരൂ! ഞങ്ങളുടെ പാദങ്ങള്‍ അവരുടെ നെഞ്ചില്‍ വെക്കട്ടെ”
നല്ല സന്താനങ്ങളെ നാളേക്ക് ഉപകരിക്കൂ എന്ന പ്രവാചകാധ്യാപനം മറക്കാതിരിക്കുക. കുട്ടികളെ ആത്മീയമായും ഭൗതികമായും സംസ്കരിച്ചു പോറ്റി വളര്ത്തേണ്ട കടമ മാതാപിതാക്കള്‍ക്കുള്ളതാണ്. അതിലേക്കു നിങ്ങളെ പ്രാപ്തരാക്കാന്‍ സഹായിക്കുന്ന കുറെ ഓര്മ്മപെടുത്തലുകള്‍ :-
കുട്ടി വളര്‍ന്നു തുടങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ടവ :
-
രണ്ട് വയസ്സിന് താഴെയുയുള്ള കുഞ്ഞുങ്ങള്‍ക്ക് ദിവസം 10 മുതല്‍ 13 മണിക്കൂര്‍ വരെ ഉറക്കം ആവശ്യമാണ്. പകല്‍ സമയത്ത് മാത്രം മൂന്ന് മണിക്കൂറെങ്കിലും ഉറങ്ങാന്‍ അവരെ അനുവദിക്കുക. പകല്‍ കൂടുതല്‍ നേരം ഉറങ്ങാന്‍ അനുവദിക്കരുത്, രാത്രി ഉറങ്ങാതെ അത് നിങ്ങളെ ശല്യപ്പെടുത്താം.
-
കുട്ടികളുടെ പാല്‍ക്കുപ്പി ഇടക്കിടെ ചൂടുവെള്ളത്തില്‍ കഴുകി അണുവിമുക്തമായി സൂക്ഷിക്കുക. (മുലയൂട്ടുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ )
-
സന്നി വന്ന കുട്ടിയെ തലചെരിഞ്ഞിരിക്കത്തക്കവണ്ണം കിടത്തണം. ഉമിനീര്, ഭക്ഷണത്തിന്‍റെ അവശിഷ്ടങ്ങള്‍ എന്നിവ ശ്വാസനാളത്തില്‍ കടന്ന് ശ്വാസ തടസമുണ്ടാകാതിരിക്കാനാണ് ഈ കരുതല്‍.
-
ഇഴഞ്ഞു കളിക്കുന്ന പ്രായത്തിലെ കുട്ടികളുള്ള വീട്ടിലെ മുറികളുടെ തറ എപ്പോഴും വൃത്തിയായിരിക്കാന്‍ ശ്രദ്ധിക്കണം.
-
അഞ്ച് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് കൂടുതല്‍ ആന്‍റി ബയോട്ടിക്കുകള്‍ കൊടുക്കരുത്. ,കുട്ടികള്‍ക്ക് യഥാസമയം നഖം വെട്ടിക്കൊടുക്കണം. കുട്ടി ജനിച്ച് ഒമ്പത് മാസത്തിനകം ചെവി പരിശോധന നടത്തുക.
-
കുട്ടികള്‍ക്ക് തണുത്ത വെള്ളം കൊടുക്കാതിരിക്കുക. പലപ്പോഴും അത് കുട്ടികളുടെ ആരോഗ്യത്തിന് പ്രശ്നം സൃഷ്ടിച്ചേക്കും.
-
കുട്ടികളെ മസാജ് ചെയ്യാന്‍ ഒലിവ് ഓയിലും ബദാം ഓയിലും വളരെ നല്ലതാണ്. കുട്ടിയെ കുളിപ്പിക്കുന്ന സ്ഥലം പൂര്‍ണ്ണ ശുദ്ധിയുള്ളതാവണം, കുട്ടിയുടെ മുഖത്ത് ഒരിക്കലും സോപ്പ് തേയ്ക്കരുത്. എണ്ണ തേയ്ച്ച് കുളിപ്പിക്കുന്നത് കുട്ടികളുടെ രക്തയോട്ടം വര്‍ദ്ധിപ്പിക്കും.
-
കുട്ടിയ്ക്ക് 18 മാസം പ്രായം ആകുമ്പോള്‍ തന്നെ കുഞ്ഞിന്റെ പല്ല് തേയ്പ്പിച്ച് തുടങ്ങേണ്ടതാണ്.
-
സോപ്പ്, മണ്ണെണ്ണ, കീടനാശിനി തുടങ്ങിയ സാധനങ്ങള്‍ കുട്ടികളുടെ കൈയെത്താത്തിടത്ത് സൂക്ഷിക്കുക. ഗുളികകളും മരുന്നുകളും കുട്ടികളില്‍ നിന്ന് അകലെ സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്.
-
കുട്ടികളെ ഒറ്റയ്ക്കാക്കി മാതാപിതാക്കള്‍ ദീര്‍ഘ യാത്രയ്ക്ക് പോകരുത്.. കുട്ടികളെയും കൊണ്ട് ദീര്‍ഘയാത്ര ചെയ്യരുത്..
-
കുട്ടികളുടെ കരച്ചില്‍ അവഗണിക്കരുത്. അവര്‍ക്കെന്തെങ്കിലും അസ്വസ്ഥത കാരണമാകും ഇത്..
ആത്മീയ സംസ്കരണം :
-
നിങ്ങളുടെ കുഞ്ഞിന് നബി(സ) തങ്ങളുടെ പേരും ജന്മസ്ഥലവും അവിടുത്തെ ജീവിതത്തിലെ സുപ്രധാന സംഭവങ്ങളും പഠിപ്പിക്കുക, സ്വഹാബിവര്യരുടെയും അമ്പിയാക്കളുടെയും കഥകള്‍ പകര്‍ന്നുകൊടുക്കുക
-
സ്പഷ്ടമായി ദിക്റും സ്വലാത്തും ചൊല്ലാന്‍ ശീലിപ്പിക്കുക, 7 വയസ്സായാല്‍ നിസ്കരിപ്പിക്കാന്‍ ശീലിപ്പിക്കുക, 10 വയസ്സായാല്‍ നിസ്കരിക്കാത്തതിന്റെ പേരില്‍ അടിക്കുക.ഖുര്‍ആന്‍ ഓതാന്‍ ശീലിപ്പിക്കുക.
-
കുട്ടിയുടെ കൂട്ടുകാരെ കുറിച്ച് അറിയുകയും അവര്‍ നല്ലവരാണെന്നു ഉറപ്പു വരുത്തുകയും ചെയ്യുക, സിഗരറ്റ് , പാന്‍ പരാഗ്, കഞ്ചാവ് മദ്യം തുടങ്ങി ദുശീലമുള്ളവരുമായി ഇടപഴകുന്നില്ലെന്നു ഉറപ്പാക്കണം.
-
ബിദഈ കക്ഷികളുമായുള്ള സഹവാസം നിരുത്സാഹപെടുത്തുക, മുന്‍ കഴിഞ്ഞ മഹാന്മാരുടെ മഹത്വവും അവരുടെ ചര്യയും പകര്‍ന്നു കൊടുക്കുക.
-
കലാലയത്തില്‍ പോകുമ്പോളും വരുമ്പോളും മക്കള്‍ നിങ്ങളോട് സലാം ചൊല്ലാറുണ്ടോ…? അവരെ സ്വുബഹിക്ക് വിളിച്ചുണര്‍ത്താറുണ്ടോ…? തുടങ്ങിയ ശീലിപ്പിക്കുക
-
ഓരോ സന്ദര്‍ഭങ്ങളിലും ചൊല്ലാനുള്ള ദിക്റുകള്‍ ശീലിപ്പിക്കുക. (പോകുമ്പോള്‍ വരുമ്പോള്‍ ഉറങ്ങുമ്പോള്‍ ഉണരുമ്പോള്‍ ഭക്ഷണം കഴിക്കുമ്പോള്‍ ഭക്ഷണത്തിന് ശേഷം.. തുടങ്ങിയ ദിക്റുകള്‍ ശീലിപ്പിക്കുക)
ഭൗതിക സംസ്കരണം :
-
അമിത ലാളനയും കാര്‍ക്കശ്യമും അരുത് . കഴിവതും കുട്ടികളെ തല്ലാതിരിക്കാന്‍ ശ്രമിക്കണം, തെറ്റുകള്‍ കര്‍ശനമായി തടയാന്‍ ശ്രമിക്കുമ്പോള്‍ നല്ല കാര്യങ്ങള്‍ക്ക് അഭിനന്ദിക്കാന്‍ മറക്കരുത്. അവര്‍ക്ക് കഴിവുണ്ടെന്ന് അവരെ ബോധ്യപ്പെടുത്തുക. ചെയ്യാൻ കഴിയാത്തതും തെറ്റായതുമായ വാഗ്ദാനങ്ങൾ നല്കരുത് .
-
കുഞ്ഞിന്റെ ബേഗും പുസ്തകവും ഇടക്ക് ചെക്ക് ചെയ്യുകയും പൈങ്കിളി സാഹിത്യങ്ങള്‍ വായിക്കുന്നില്ലെന്നും , പ്രേമരോഗത്തിന് പിടിപെട്ടിട്ടില്ലെന്നും ഉറപ്പുവരുത്തുക.
-
ടി വി കാണുന്നില്ലെന്നും സിനിമക്ക് പോകാറില്ലെന്നും ഉറപ്പാക്കണം, ടി വി കാണുന്ന കുട്ടികള്‍ക്ക് സമയത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തുക. റിമോട്ട് ഉപയോഗിക്കുന്നതും, ടി വി കാണുന്ന സമയത്ത് ആഹാരം കഴിക്കുന്നതും തടയുക.
-
വീട്ടില്‍ മറ്റാരുമില്ലാത്തപ്പോള്‍ ഇന്‍റര്‍നെറ്റ് ഉപയോഗിക്കാന്‍ കുട്ടികളെ അനുവദിക്കരുത്. കുട്ടികള്‍ സന്ദര്‍ശിച്ച സൈറ്റുകള്‍, തിരഞ്ഞ വിവരങ്ങള്‍ എന്നിവ എന്തെന്ന് അന്വേഷിക്കണം.
-
പെണ്‍കുട്ടികള്‍ക്ക് ഒമ്പത് വയസ്സായാൽ അവരെ പ്രത്യേകം ശ്രദ്ധിക്കുകയും, അവർക്ക് പ്രത്യേകം മുറികൾ അനുവദിക്കുക ചെയ്യുക, അന്യരുമായുള്ള സഹവാസം അനുവദിക്കരുത്. തുന്നൽ (തയ്യൽ), പാചകം തുടങ്ങിയവ പരിശീലിപ്പിക്കുക. പൊതുവേദികളിൽ പാടാനും ആടാനും അനുവദിക്കരുത് .
-
മക്കൾ സ്ക്കൂൾ / കോളേജ് ക്ലാസ്സുകളിൽ എത്തുന്നുണ്ടോ? അവരുടെ കൂട്ടുകാർ ആര്? അവർ പോകുകയും വരികയും ചെയ്യുന്ന വഴികൾ ഏത്? അവർ ഉപയോഗിക്കുന്ന മൊബൈലുകൾ, വാട്ട്സ് അപ്പ്, ഫേസ് ബുക്ക്, ഗൂഗിൾ തുടങ്ങിയവയുടെ വിവരങ്ങൾ, അവര്‍ക്ക് വരുന്ന മെസ്സജുകൾ തുടങ്ങി എല്ലാം നിരീക്ഷിക്കപെടേണ്ടതുണ്ട്.
-
പെണ്‍കുട്ടികള്‍ക്ക് അംഗലാവണ്യം പ്രദര്‍ശിപ്പിക്കുന്ന വസ്ത്രങ്ങള്‍ വാങ്ങികൊടുക്കരുത് , വെളിയില്‍ വിഹരിക്കാന്‍ അനുവദിക്കരുത്, വീട്ടിനുള്ളില്‍ അന്യരെ വിഹരിക്കാനയക്കരുത്. മദ്രസ്സ ഏഴ് കഴിഞ്ഞാലും സ്ത്രീകള്‍ അറിഞ്ഞിരിക്കേണ്ടവ പുസ്തകങ്ങളും സി ഡി കളും വാങ്ങിച്ചു പഠിപ്പിക്കണം.
-
പെണ്‍കുട്ടികള്‍ക്ക് വിവാഹ പ്രായമായാൽ ഇണയെ കണ്ടെത്തുകയും വൈകാതെ വിവാഹം നടത്തുക. ദീനി ബോധമില്ലാത്തവരുമായും ബിദഈ ആശയക്കാരുമായും ബന്ധം ചേർക്കാതിരിക്കുക.
-
കുട്ടികളുടെ പഠനം അനായാസമാക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കുക. ഹോംവര്‍ക്കുകള്‍ ചെയ്യാന്‍ കുട്ടിയെ സഹായിക്കാം. എന്നാല്‍, ഹോംവര്‍ക്കുകള്‍ ചെയ്‌തു കൊടുക്കരുത്. പരീക്ഷയ്ക്ക് മാര്‍ക്ക് കുറഞ്ഞതിന്റെ പേരില്‍ ശിക്ഷിക്കരുത്.
-
പ്രവാസ ജീവിതം നയിക്കുന്ന രക്ഷിതാക്കള്‍ നിര്‍ബന്ധമായും തന്റെ മക്കള്‍ പഠിക്കുന്ന നാട്ടിലെ കലാലയവുമായി ഇടയ്ക്കിടയ്ക്ക് ബന്ധപെടുകയും മക്കളുടെ സ്ഥിതിഗതികള്‍ ആരായുകയും ചെയ്യണം.
-
കുട്ടികളോട് വെറുതെയിരിക്കാന്‍ പറയാതെ അവര്‍ക്കെപ്പോഴും വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുക.
-
തിരിച്ചറിവായ കുട്ടികള്‍ക്ക് പ്രത്യേക മുറികള്‍ കൊടുക്കാവുന്നതാണ്. മുറികള്‍ വൃത്തിയാക്കാന്‍ കുട്ടികളെ ശീലിപ്പിക്കുക
-
സമപ്രായക്കാരുമായി ഇടപഴകാന്‍ കുഞ്ഞിനെ അനുവദിക്കുക. ഇത് കുട്ടിയില്‍ സമഭാവന വളര്‍ത്താന്‍ സഹായിക്കും. മറ്റുള്ളവരുടെ കഴിവുകളുമായി താരതമ്യപ്പെടുത്തി അവരുടെ കഴിവുകളെ വിലകുറച്ച് കാണിക്കാതിരിക്കുക.
-
കുട്ടികളുമായി കളികളില്‍ ഏര്‍പെടുവാനും, അവര്‍ക്ക് പ്രയോജനപെടുന്ന മഹാന്മാരുടെ കഥകള്‍ പറഞ്ഞു രസിപ്പിക്കുവാനും മാതാപിതാക്കള്‍ സമയം കണ്ടെത്തുക.
-
മൊബൈല്‍ ഫോണ്‍ കുട്ടികള്‍ക്ക് കൊടുക്കാതിരിക്കുക. അത്യാവശ്യമാണെങ്കില്‍ ഒരു നമ്പറില്‍ മാത്രം വിളിക്കാവുന്ന കോള്‍ബാറിങ്ങ് സമ്പ്രദായമുള്ള മൊബൈല്‍ നല്‍കുക. മക്കളുടെ മൊബൈല്‍ ഫോണുകളും കമ്പ്യൂട്ടറുകളും ഇടക്കൊന്നു പരിശോധിക്കുക. കമ്പ്യൂട്ടറുകള്‍ സ്വകാര്യത ഇല്ലാത്ത മുറികളില്‍ സ്ഥാപിക്കാന്‍ ശ്രദ്ധിക്കണം.
കുട്ടിയുടെ ആരോഗ്യം- ആഹാരത്തില്‍ ശ്രദ്ധിക്കേണ്ടവ:
-
സ്കൂളില്‍ നിന്നു വന്നാല്‍ കുട്ടികളുടെ കൈകാലുകളും മുഖവും സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുക.
-
ആരോഗ്യപരമായ എല്ലാ കാര്യങ്ങളും മാതാപിതാക്കള്‍ കുട്ടികളെ പഠിപ്പിക്കേണ്ടതും പരിശീലിപ്പിക്കേണ്ടതും അത്യാവശ്യമാണ്. ദിവസവും ഒരു മണിക്കൂറെങ്കിലും തുറന്ന സ്ഥലത്തുള്ള ഓട്ടവും ചാട്ടവും കുട്ടികള്‍ക്ക് നിര്‍ബന്ധമാക്കണം.
-
കുട്ടികള്‍ക്ക് തടിച്ച ശരീര പ്രകൃതിയുണ്ടെങ്കില്‍ കൊളസ്ട്രോള്‍ പരിശോധന നടത്തണം. രണ്ടുവയസ്സിനു ശേഷം ആഹാര നിയന്ത്രണം വേണം. ഫാസ്റ്റ്ഫുഡ്, പാക്കറ്റ് ഭക്ഷണങ്ങള്‍, എണ്ണയും ഉപ്പും അമിതമായി കലര്‍ന്നവ, വറുത്ത പൊരിച്ച ഭക്ഷണങ്ങള്‍ തുടങ്ങിയവ നിയന്ത്രിക്കണം.
-
കുഞ്ഞിന് വായു മലിനീകരണം മൂലമുണ്ടാകുന്ന ശാരീരിക പ്രശ്നങ്ങള്‍ അകറ്റാന്‍ ദിവസേന ഒരു ആപ്പിള്‍ വീതം നല്‍കുക. ഇത് ശ്വാസകോശത്തെ സംരക്ഷിക്കും. കുട്ടികള്‍ക്ക് ഒരു ടീ സ്പൂണ്‍ മുന്തിരി നീര് നല്‍കുന്നത് മലബന്ധം മാറാന്‍ സഹായിക്കും.
-
സ്കൂളില്‍ പോകുന്ന കുട്ടികള്‍ക്ക് ഭക്ഷണത്തിന് കൃത്യമായ നിഷ്ഠയുണ്ടാക്കുക. പ്രഭാതഭക്ഷണം ഒഴിവാക്കാന്‍ അനുവദിക്കരുത്. ഒരു രാത്രിയുടെ ഇടവേളക്കു ശേഷം ഭക്ഷണം ശരീരത്തിന് അത്യാവശ്യം.
-
കുട്ടികള്‍ക്കുള്ള ടിഫിന്‍ ഉണ്ടാക്കുന്ന ദോശയുടെ മാവില്‍ പച്ചക്കറികളോ കൊത്തിയരിഞ്ഞ ഇറച്ചിയോ ചേര്‍ത്താല്‍ വ്യത്യസ്‌തയും സ്വാദും പോഷകങ്ങളും കിട്ടും.
-
കുട്ടികള്‍ക്ക് ഐസ്‌ക്രീം, ബേക്കറി പലഹാരങ്ങള്‍ എന്നിവ വാങ്ങി നല്‍കുന്നത് ഒരു ശീലമാക്കരുത്. ഇടയ്‌ക്കെപ്പോഴെങ്കിലും കൊതി മാറ്റുന്നതിന് മാത്രം വാങ്ങി നല്‍കാം.
-
വാഴപ്പഴം, മാമ്പഴം, പപ്പായ, പേരയ്ക്ക എന്നിങ്ങനെ ഏതെങ്കിലും ഒരു പഴവര്‍ഗം ദിവസവും കുട്ടികളുടെ ആഹാരത്തില്‍ ഉള്‍പ്പെടുത്തണം.
-
വൈവിധ്യമുള്ള പാചക രീതികളിലൂടെ കുട്ടികളില്‍ സസ്യാഹാരത്തോട് കൂടുതല്‍ ഇഷ്‌ടമുണ്ടാക്കാം. പഴവര്‍ഗങ്ങള്‍ കൂടുതല്‍ ഉള്‍പ്പെടുത്താം.