സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Monday, 8 September 2014

വിദ്യഭ്യാസ വായ്പ







بِسْمِ اللهِ الرَّحْمٰنِ الرَّحِيمِ
اَلْحَمْدُ ِلله رَبِّ الْعَالَمِينَ° اَللَّهُمَّ صَلِّ عَلَى الْمُصْطَفَى حَبِيبِ اللهِ سَيِّدِنَا مُحَمَّدِ نِ النَّبِيِّ الْأُمِّيِّ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ°
നൊന്തുപെറ്റ അമ്മയെ വ്യഭിചരിക്കാൻ ഇരുകാലിൽ പിറന്ന മനുഷ്യൻ തയ്യാറാകുമോ ? സമൂഹം ഏവവും അറപ്പോടും വെറുപ്പോടും കൂടീ കാണുന്ന ഒന്നാണ് വ്യഭിചാരം. അത് കൊണ്ടു തന്നെ സ്വന്തം അമ്മയുടെ ചാരിത്ര്യത്തിൽ ഒരു  മകനും കൈവെക്കില്ല. ലോകത്തൊരാളും സഹിക്കാത്ത കൊടും കൃത്യമാണിത്. എന്നാൽ അമ്മയെ വ്യഭിചരിക്കുന്നതിനേക്കാൾ നീചമാണ് പലിശയിടപാട് എന്നാണ് ഇസ്ലാമിന്റെ വീക്ഷണം. സ്ലാമെന്ന് മാത്രമല്ല ഹിന്ദു, കൃസ്ത്യൻ, ജൂതർ തുടങ്ങി സനാതന മൂല്യങ്ങളിൽ വിശ്വസിക്കുന്ന ഒരു പ്രത്യയ ശാസ്ത്രവും പലിശ സമ്പ്രദായത്തെ അനുകൂലിക്കുന്നില്ല.
ഖേദകരമെന്ന് പറയട്ടെ, ഇന്ന് ലോകത്ത് നിലവിലുള്ള ഏറ്റവും വലിയ ചൂഷണോപാധിയാണ് പലിശ. വ്യക്തികളും സർക്കാറുകളും അന്തരാഷ്ട്ര സംവിധാനങ്ങളുമൊക്കെ പലിശയുടെ വക്താക്കളും ഏജന്റുമാരുമാണ്. “പലിശയുടെ പൊടിപടലമേൽക്കാത്തവരായി ലോകത്ത് ഒരാളുമുണ്ടാകാത്ത കാലം വരുമെന്ന്” 1400 വർഷങ്ങൾക്ക് മുമ്പ് പ്രവചകർ മുഹമ്മദ് () മുന്നറിയിപ്പ് നൽകിയ യുഗത്തിലാണ് നാം ജീവിക്കുന്നതെന്ന് വേണം കരുതാൻ. അത്രമേൽ പലിശയുടെ കരാള ഹസ്തങ്ങളിൽ  മനുഷ്യൻ വരിഞ്ഞു മുറുക്കപ്പെട്ടിരിക്കുന്നു. ലോകം ഇന്ന് അഭിമുഖീകരിക്കുന്ന പട്ടിണിയുടെയും സാമ്പത്തിക ഞെരുക്കത്തിന്റെയും മൂല കാരണം പലിശ തന്നെ. ദരിദ്രനെ കൂടുതൽ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുകയും സമ്പന്നനെ കൂടുതൽ സമ്പന്നനാക്കുകയുമാണ് പലിശ ചെയ്യുന്നത്.
മലയാളികളെ സംബന്ധിച്ചിടത്തോളം കാര്യങ്ങൾ ഏറെ കൈവിട്ടു പോയിരിക്കുന്നു. എല്ലാ അസാംസ്കാരിക പ്രവർത്തനങ്ങളിമുമെന്ന പോലെ പലിശയുടെ കാര്യത്തിലും നമ്മൾ വളരെ മുന്നിലാണ്. കേരളം പലിശദുരന്തത്തിന്റെ ആഴങ്ങളിലേക്ക് മുങ്ങിക്കൊണ്ടിരിക്കുന്ന ദുരവസ്ഥയാണ്. വാഹന വായ്പ , കാർഷിക വായ്പ, ഭവന വായ്പ, വ്യാവസായിക വായ്പ തുടങ്ങി പലിശ മലയാളികളെ ഗ്രസിച്ചിട്ടില്ലാത്ത ഒരു മേഖലയും ഇല്ല തന്നെ. സമൂഹത്തിന് മാതൃകയാണെന്ന് പറയപ്പെടുന്ന മുസ്ലിം പ്രമാണിമാർ പോലും ബേങ്കുകൾ വിലക്ക് വാങ്ങി പലിശയിടപാട് നടത്തുന്ന ദുരന്തമാണ് നമ്മുടേത്.
നിസ്സാര കാര്യങ്ങൾക്ക് വേണ്ടി പോലും ബേങ്ക് ലോണുകൾക്ക് പിന്നാലെ ഓടുന്ന മലയാളികൾ ഭവിച്ചു കൊണ്ടിരിക്കുന്ന ദുരന്തത്തെക്കുറീച്ച് തീരെ ബോധവാന്മാരല്ല. അത്യാവശ്യങ്ങൾക്ക് വേണ്ടി വായ്പയെടുക്കുന്നവർ നന്നേ വിരളം. അനാവശ്യങ്ങൾക്കും ആർഭാടങ്ങൾക്കും വേണ്ടിയാണ് പലരും ലക്ഷങ്ങൾ കടമെടുക്കുന്നത്. പതിനായിരം രൂപ ലോണെടുത്താൽ കൊല്ലം കൊല്ലം തികയുമ്പോൾ പതിനൊന്നായിരം നൽകിയാലും കാര്യം സാധിക്കുമല്ലോ എന്ന് കരുതി മോഹന പ്രതീക്ഷകളുമായി പലിശക്ക് വായ്പയെടുക്കുന്നവരിൽ ഭൂരിഭാഗവും വായ്പ തിരിച്ചെടുക്കാനാവാതെ പലിശക്ക് മേൽ പലിശ നൽകി ജീവിതം തുലക്കുന്ന കാഴ്ചയാണ് പിന്നീട് കാണുന്നത്.
 വർധിച്ചു കൊണ്ടിരിക്കുന്ന ആഢംബര ത്വരതയും പൊങ്ങച്ചവുമാണ് കേരളീയ സമൂഹത്തിൽ പലിശയെ ഇത്രമേൽ സർവവ്യാപിയാക്കിയത്.
അഞ്ചുകാശ് കയ്യിലില്ലാത്തവരുടെ വീട്ടുമുറ്റത്തും മുന്തിയയിനം കാറുകളും മറ്റു സുഖസൌകര്യങ്ങളുമാണ്.  ചോദിച്ചാൽ എല്ലാവർക്കും ഒരേയൊരു മറുപടിയേയുള്ളൂ..  ‘ബേങ്ക് ഫൈനാൻസ്”
ഭവന നിർമാണം, കാർഷിക വൃത്തി തുടങ്ങിയ ആവശ്യങ്ങൾക്ക് ബേങ്ക് വായ്പയെടുത്തു പണം തിരിച്ചടക്കാനാവാതെ ജപ്തി നടപടിക്കിരയാവർ പതിനായിരക്കണക്കിനാണ്. നാട്ടിൻ പുറങ്ങളിൽ വ്യാപകമായി നടന്നു വരുന്ന വട്ടിപ്പലിശ, ലേലചിട്ടി, സേട്ടു അടവ് തുടങ്ങിയ കറക്കു കമ്പനിക്കാരുടെ വലയത്തിൽ പെട്ടു ജീവിതം ഹോമിക്കപ്പെട്ടവർ ഓരോ പ്രദേശത്തും നൂറുകണക്കിനാണ്. ഇങ്ങനെ പലിശ കണ്ണീരും സങ്കടവും തീർത്ത കുടുംബങ്ങൾക്ക് കണക്കില്ല.
ഇതിന്നിടയിലാണ് ഞെട്ടിക്കുന്ന മറ്റൊരു വസ്തുത പുറത്ത് വന്നിരിക്കുന്നത്. വിദ്യഭ്യാസ വായ്പയെന്ന ഓമനപ്പേരിലുള്ള പലിശക്കെണി കൌമാരക്കാരായ കേരളത്തിന്റെ വിദ്യാർത്ഥി സമൂഹത്തെ വലയം ചെയ്തിരിക്കുകയാണ്. നാലു ലക്ഷത്തോളം വിദ്യാർത്ഥികൾ ഇതിന്നകം എടുത്തിരിക്കുന്ന വായപ 8295 കോടി രൂപയാണ്. വളരെ കുറഞ്ഞ കാലമേ കേരളത്തിൽ വിദ്യഭ്യാസ വായ്പ വന്നിട്ടായുള്ളൂവെങ്കിലും  830 കോടി രൂപ ഇപ്പോൾ തന്നെ കിട്ടാക്കടമായി ( NPC ) മാറിക്കഴിഞ്ഞുവെന്നാണ് ബേങ്കുകൾ നൽകുന്ന കണക്ക്.
പഠന നിലവാരത്തിൽ മുന്നിലുള്ള ദരിദ്രവിദ്യാർത്ഥിയുടെ പഠനമ പണമില്ലാത്തതിന്റെ പേരിൽ തടസ്സപ്പെട്ടു കൂട എന്ന ലക്ഷ്യത്തോടെ സർക്കാർ കൊണ്ടുവന്ന ‘ആശ്വാസ സംവിധാനമാണ്’  ഇത്തരമൊരു വൻ ദുരന്തത്തിലേക്ക് കേരളത്തെ കൊണ്ടു ചെന്നെത്തിച്ചത്. കൂണുകൾ പോലെ സംസ്ഥാനത്തിനകത്തും പുറത്തും മുളച്ച് പൊങ്ങിക്കൊണ്ടിരിക്കുന്ന സ്വകാര്യ വിദ്യഭ്യാസ സ്ഥാപനങ്ങൾക്കാണ് ഇതിന്റെ നേട്ടമത്രയും. ‘ബേങ്ക് ലോൺ അപേക്ഷകൾ’ വച്ചു നീട്ടിയാണ് ഇത്തരം സ്ഥാപനങ്ങൾ വിദ്യാർത്ഥികളെ വലവീശുന്നത് തന്നെ. വിദ്യഭ്യാസ വായ്പക്ക അപേക്ഷിച്ച ഒരാളുടെയും അപേക്ഷ നിരസിക്കരുതെന്ന് ബേങ്കുകൾക്ക് സർക്കാരിന്റെ കർശനമായ നിർദേശവും. ഇതുവഴി വിദ്യാർത്ഥി പഠിച്ചാലും പഠിച്ചില്ലെങ്കിലും (പഠിപ്പിച്ചാലും പഠിപ്പിച്ചില്ലെങ്കിലും ) സ്വകാര്യ സ്ഥാപനങ്ങൾക്ക് തങ്ങളുടെ ഫീസ് യഥാവിധം എകൌണ്ടിലേക്ക് വന്നു കൊണ്ടിരിക്കും.
ഫീസ്‌, താമസം, ഭക്ഷണം, പഠനോപകരണങ്ങൾ എന്നിവക്കായി നാല്‌ ലക്ഷം മുതൽ പത്ത്‌ ലക്ഷം രൂപ വരെയാണ്‌ വിദ്യാഭ്യാസ വായ്പ. പഠനം കഴിഞ്ഞു ഒരു വർഷം മുതൽക്കോ, ജോലി ലഭിച്ചു ആറു മാസം മുതൽക്കോ തിരിച്ചടവു തുടങ്ങണം. പൊൻപ്രതീക്ഷകളുമായി മക്കളുടെ പഠനത്തിന്‌ വായ്പയെടുക്കുന്ന മാതാപിതാക്കൾ പിന്നീട്‌ വരാനിരിക്കുന്നതൊന്നും ഗൗനിക്കുന്നില്ല.  പലിശക്ക്‌ പണം കടമെടുത്ത്‌ മക്കളെ പഠിപ്പിക്കുന്നത്‌ ഹറാമാണെന്നതിന്‌ പുറമെ പ്രസ്തുത മക്കളിൽ നിന്നുണ്ടാവുന്ന വരുമാനത്തിലും അവരുടെ കുടുംബത്തിലും ഒരു അനുഗ്രഹവും പുരോഗതിയും ഉണ്ടാകില്ലെന്നും പരലോകത്ത്‌ കഠോരമായ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും രക്ഷിതാക്കൾ മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഇമാം തിർമുദി നിവേദനം ചെയ്ത ഹദീസിൽ പ്രവാചകൻ (സ) പറയുന്നു. ഹറാമിൽ നിന്ന്‌ മുളച്ചുണ്ടായ എല്ലാ മാംസവും നരകത്തോടാണ്‌ ഏറ്റവും ചേർന്നു നിൽക്കുന്നത്‌ !
ഏറ്റവും കുറഞ്ഞ പലിശനിരക്കാണ്‌ വിദ്യാഭ്യാസവായ്പക്കെന്നാണ്‌ ധാരണ. എന്നാൽ ഇതെത്രയന്നല്ലേ. 13.5 ശതമാനം. പത്ത്‌ വർഷം മുതൽ 15 വർഷം വരെയാണ്‌ തിരിച്ചടവിന്നുള്ള സമയം. പത്ത്‌ വർഷത്തെ അവധിക്ക്‌ നാല്‌ ലക്ഷം രൂപ വായ്പയെടുത്ത വിദ്യാർത്ഥി 120 മാസഘടുക്കളായി 6,092 വീതം 7,30,917 രൂപ തിരിച്ചടക്കണം. ഇതേ വായ്പ തന്നെ 15 വർഷത്തേക്കാണെങ്കിൽ 180 ഘടുക്കളായി 5,193 വീതം 9,34,789 രൂപയാണ്‌ തിരിച്ചടക്കേണ്ടത്‌. 10 ലക്ഷം രൂപ വായ്പ പത്ത്‌ വർഷം കൊണ്ടു തിരിച്ചടക്കുകയാണെങ്കിൽ പ്രതിമാസം 15,227 വീതം 18,27,291 രൂപയും 15 വർഷം കൊണ്ടാണെങ്കിൽ  12,983 വീതം 23,36,973 രൂപയുമാണ്‌ തിരിച്ചടക്കേണ്ടത്‌. (അവലംബം SBI Loan Calculator )
അടവ്‌ തെറ്റിക്കാതെ കൃത്യമായി വായ്പ തിരിച്ചടക്കുന്നവരെ സംബന്ധിച്ച കണക്കാണ്‌ മുകളിൽ പറഞ്ഞത്‌. എന്നാൽ അടവുകൾ തെറ്റുന്ന മുറക്ക്‌ പലിശക്ക്‌ മുകളിൽ പലിശ കുമിഞ്ഞു കൂടുകയും ((Compount Interest) തിരിച്ചടവ്തുക ഗണ്യമായി വർധിക്കുകയും ചെയ്യുന്നു.
കേരളത്തിലെ ഇന്നത്തെയവസ്ഥ പരിഗണിക്കുകയാണെങ്കിൽ വൻദുരന്തമാണ്‌ അഭ്യസ്ഥവിദ്യരായ യുവതലമുറയെ കാത്തിരിക്കുന്നത്‌. 2013-ലെ കണക്കനുസരിച്ചു സംസ്ഥാനത്തെ സ്വകാര്യ പ്രൊഫഷണൽ കോളേജുകളിൽ 60,000­ൽപരം സീറ്റുകളുണ്ട്‌. ഇതിൽ 26,000 സർക്കാർകോട്ട കിഴിച്ചാൽ 34,000 സീറ്റുകളും സ്വകാര്യക്കാരുടെ കച്ചവടത്തിനുള്ളതാണ്‌. സർക്കാർ എഞ്ചിനീയറിംഗ്‌ കോളേജുകളിലെ വിദ്യാർത്ഥികൾ വേറെയും. അന്യ­സംസ്ഥാനങ്ങളിൽ നിന്ന്‌ പ്രതിവർഷം പുറത്ത്‌ വരുന്ന എഞ്ചിനീയർമാർ 60,000-ന്‌ മീതെയാണത്രെ. നഴ്സിംഗ്‌ ഉൾപ്പടെയുള്ള പാരാമെഡിക്കൽ മേഖലയിലെ വിദ്യാർത്ഥികൾ ഇത്‌ കൂടാതെയുമുണ്ട്‌.
കാർഷികവായ്പകളും മറ്റു കടക്കെണികളും കാരണം ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആത്മഹത്യാനിരക്കുള്ള സംസ്ഥാനമായ കേരളത്തിൽ വിദ്യാഭ്യാസവായ്പ സൃഷ്ടിക്കുന്ന ഗുരുതരമായ ഭവിഷത്ത്‌ വരാനിരിക്കുന്നതേയുള്ളു. നാല്‌ ലക്ഷത്തോളം വിദ്യാർത്ഥികൾ ഇതിനകം വായ്പയെടുത്തതായാണ്‌ കണക്കെങ്കിൽ ഇതിൽ 30 ശതമാനം മാത്രമാണ്‌ തിരിച്ചടവിന്‌ സമയമെത്തിയവർ. 70 ശതമാനം വിദ്യാർത്ഥികളും പഠനത്തിലോ പഠനം കഴിഞ്ഞു ഒരു വർഷം പൂർത്തിയാക്കാത്തവരോ ആണെന്നർത്ഥം. ഇവരുടെ തിരിച്ചടവ്‌ സമയം കൂടി ആസന്നമാകുന്നതോടെ സ്ഥിതി അത്യന്തം വഷളാകുമെന്നുറപ്പ്‌. കേരളത്തിലെ തൊഴിൽ കമ്പോളങ്ങളിൽ നിന്നുള്ള വാർത്തകൾ ശുഭകരമല്ല താനും. 2012-13­ലെ കണക്ക്‌ പ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ തൊഴിൽരഹിതരുള്ള (39.78 ലക്ഷം) രണ്ടാമത്തെ സംസ്ഥാനമാണ്‌ കേരളം. ഇതിലുപരി ജോലി ലഭിക്കുന്നവരിൽ മഹാഭൂരിപക്ഷവും വായ്പ തിരിച്ചടക്കാൻ മതിയായ ശമ്പളം ലഭിക്കാത്തവരുമാണ്‌.
   
കോടിക്കണക്കിന്‌ രൂപ കോർപ്പറേറ്റ്‌ മുതലാളിമാർക്കും വൻവ്യവസായികൾക്കും വേണ്ടി എഴുതിത്തള്ളുന്ന കേന്ദ്ര സംസ്ഥാന സർക്കാറുകൾ ദരിദ്രവിദ്യാർത്ഥികൾക്ക്‌ അവരുടെ പലിശയെങ്കിലും ഇളവു ചെയ്തുകൊടുക്കാൻ സന്നദ്ധമാവുകയാണെങ്കിൽ അൽപമെങ്കിലും ആശ്വാസമായേനെ. സ്വകാര്യ സ്ഥാപനങ്ങളെ കടിഞ്ഞാണിടുകയും സർക്കാർ മേഖലയിൽ കൂടുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിച്ചു പാവപ്പെട്ട വിദ്യാർത്ഥികൾക്ക്‌ ഫീസ്‌ ഇളവുകളും ആനുകൂല്യങ്ങളും ലഭ്യമാക്കുകയുമാണ്‌ ഇതിന്നു പരിഹാരം.
പലിശയെ നിഷിദ്ധവും നീചവുമായി കണ്ടിരുന്ന സാമൂഹമായിരുന്നു കേരളത്തിലേത്‌. മത വർഗ വൈചാത്യങ്ങളില്ലാതെ ഏല്ലാവരും പലിശയെ എതിർത്തു പോന്നു. ഹിന്ദുവും കൃസ്ത്യാനിയും മുസൽമാനും പലിശയിടപാടുകാരെ അറപ്പോടും പുഛത്തോടും കൂടിയായിരുന്നു    വീക്ഷിച്ചത്‌. പാവപ്പെട്ടവന്റെ അധ്വാനം ഊറ്റിക്കുടിക്കുന്ന ഈ ദുഷിച്ച വ്യവസ്ഥ ബ്രിട്ടീഷുകാരാണ്‌ ഔദ്യോഗിക സംവിധാനങ്ങളോടെ ലോകത്ത്‌ നടപ്പാക്കിയത്‌. ഇന്ന്‌ പലിശയെന്ന ചൂഷണസംവിധാനം ലോകവ്യാപകമായി പടർന്നു പന്തലിച്ചിരിക്കുന്നു.
എല്ലാ വിധ ചൂഷണങ്ങൾക്കുമെതിരെ കർശനമായി വാളോങ്ങിയ ഇസ്ലാം പലിശയെ ഏഴ്‌ മഹാ പാപങ്ങളിലൊന്നായാണ്‌ എണ്ണിയത്‌. പലിശയുമായി ബന്ധപ്പെട്ട അക്കൗണ്ടിംഗ്‌ ജോലികൾ പോലും ഇസ്ലാം നിഷിദ്ധമാക്കിയിരിക്കുന്നു. പലിശ തിന്നുന്നവൻ പിശാചുബാധ​‍േയറ്റു മറിഞ്ഞു വീഴുന്നവൻ എഴുന്നേൽക്കുന്നവനെപ്പോലെയല്ലാതെ എഴുന്നേൽക്കുകയില്ല..(2-275) എന്നും പലിശയിടപാടിൽ നിന്നു പി​‍ാറാൻ നിങ്ങൾ സന്നദ്ധമാകാത്ത പക്ഷം അല്ലാഹുവിന്റെയും തിരുദൂതരുടെയും ഭാഗത്ത്‌ നിന്നുള്ള സമരപ്രഖ്യാപനം പ്രതീക്ഷിച്ചു കൊള്ളുക..(2-279) എന്നും പലിശയുടെ കെടുതികളെക്കുറിച്ചു വിശുദ്ധ ഖുർആൻ നൽകുന്ന താക്കീത്‌ അതീവ ഗൗരവതരമാണ്‌.
ആകയാൽ നീചവും നികൃഷ്ഠവുമായ ഈ സാമൂഹിക ദുരന്തത്തിനെതിരെ നമുക്കൊന്നായി പൊരുതാം. ! പലിശ: നീചം, നിശിദ്ധം ! എന്നതാകട്ടേ നമ്മുടെ മുദ്രാവാക്യം. എല്ലാവിധ പലിശയിടപാടുകളിൽ നിന്നും വിട്ടു നിൽക്കാൻ നാം പ്രതിജ്ഞയെടുക്കുക. പലിശ കലർന്ന ആഹാരം മക്ക­ളുടെ വയറ്റിലെത്തിക്കാതിരിക്കാൻ ജാഗ്രത്താവുക. വ്യക്തിപരമായ ആർഭാഢങ്ങളും അനാവശ്യങ്ങളുമൊഴിവാക്കാൻ നാമോരോരുത്തരും സന്നദ്ധരായാൽ തന്നെ വിപ്ളവകരമായ മാറ്റങ്ങൾ പ്രതീക്ഷിക്കാം. മതനേതാക്കളും സാമുദായിക രാഷ്ട്രീയ സംഘടനകളും പലിശയുടെ ഭീകര വിപത്തിൽ നിന്നു സമൂഹത്തെ രക്ഷിക്കാനുള്ള ബോധവൽക്കരണ പ്രവർത്തനങ്ങളും പദ്ധതികളുമായി മുന്നോട്ട്‌  വരേണ്ടതുണ്ട്‌.
ഇസ്ലാമിന്റെ ഒന്നാം നൂറ്റാണ്ടിൽ സച്ചരിതരായ ഖലീഫമാരുടെ കാലത്ത്‌ ലോകം പരീക്ഷിച്ചു വിജയം വരിച്ച പലിശ രഹിത ധന വിനിമയ സംവിധാനം ഇന്ന്‌ ലോകത്ത്‌ അതിശീഘ്രം വളർന്നു  കൊണ്ടിരിക്കുകയാണ്‌ ഈ സംവിധാനത്തെ കുറിച്ചു പഠിക്കാനും അത്‌ പ്രാവർത്തികമാക്കാനും ആധുനിക സമൂഹം മുന്നോട്ട്‌ വരുന്ന പക്ഷം ചൂഷണ മുക്തമായ ഒരു സമൂഹത്തെ വാർത്തെടുക്കാൻ നമുക്ക്‌ സാധിക്കും. തീർച്ച.