സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Tuesday, 9 September 2014

കണ്ടുപിടിത്തങ്ങള്‍ക്ക് പിന്നില്‍



കണ്ടുപിടിത്തങ്ങളുടെ ലോകത്താണല്ലോ നാം ജീവിക്കുന്നത്. മനുഷ്യര്‍ നടത്തിയ ഓരോ കണ്ടുപിടിത്തവും ലോകത്തിന്റെ ഗതി തന്നെ മാറ്റിമറിച്ചിട്ടുണ്ട്. എന്നാല്‍ മനുഷ്യര്‍ നടത്തിയ പല കണ്ടുപിടിത്തങ്ങളും ഭൂമിയിലെ പല ജീവികള്‍ക്കും സഹജമായ കഴിവുകളിലൂടെ നേരത്തെ തന്നെ അറിയാമായിരുന്നു. ഇതാ ചില ഉദാഹരണങ്ങള്‍.
മനുഷ്യന്‍ കണ്ടുപിടിച്ച ഏറ്റവും വലിയ നേട്ടമാണ് വൈദ്യുതി. എന്നാല്‍ ഇലക്ട്രിക്ക് ഈല്‍ എന്ന മത്സ്യത്തിന് വൈദ്യുതി വിദ്യ നേരത്തെ തന്നെ അറിയാമായിരുന്നു. നാം വീട്ടില്‍ ഉപയോഗിക്കുന്നത് 230 വോള്‍ട്ട് കറന്റാണെങ്കില്‍ ഇലക്ട്രിക്ക് ഈല്‍ ഉണ്ടാക്കുന്നത് 650 വോള്‍ട്ട് കറന്റാണ്. ചില തിരണ്ടിമീനുകള്‍ക്കും വൈദ്യുതി ഉണ്ടാക്കാന്‍ കഴിയും. ഇരയെ പിടിക്കാനും ശത്രുക്കളില്‍ നിന്ന് രക്ഷപ്പെടാനുമാണിവര്‍ ഇത് ഉപയോഗിക്കുന്നത്.
ലോകത്തിലെ ആദ്യത്തെ നെയ്ത്തുകാര്‍ എട്ടുകാലികളാണ്. വലനെയ്യാന്‍ അവ ഉപയോഗിക്കുന്ന നൂലുകള്‍ ഓരോന്നും പല ഇഴകള്‍ ചേര്‍ന്നതാണ്. ഇതില്‍ ഒരു ഇഴയ്ക്ക് 1/3000 മില്ലിമീറ്റര്‍ മാത്രമേ വ്യാസമുണ്ടാവൂ. ഒരു എട്ടുകാലിക്ക് നാല് കിലോമീറ്റര്‍ നീളത്തില്‍ നൂലുണ്ടാക്കാന്‍ കഴിയും.
ഇന്ന് നാം കാണുന്ന കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ ഉണ്ടാക്കാന്‍ നമ്മെ പഠിപ്പിച്ചത് ചിതലുകളാണ്. ചിലയിനം ചിതലുകള്‍ നിര്‍മ്മിക്കുന്ന പുറ്റുകള്‍ക്ക് ഇരുപത് അടിവരെ ഉയരമുണ്ടാവും. ഇത്തരമൊരു പുറ്റിന്റെ നിര്‍മ്മാണത്തിന് ടണ്‍ കണക്കിന് ചെളിയും മണ്ണും ഉപയോഗിക്കുമത്രെ.
ലോകത്ത് ആദ്യമായി പള്‍പ്പ് (ജൌഹു) ഉല്പാദിപ്പിച്ചത് കടന്നലുകളാണ് പള്‍പ്പുപയോഗിച്ച് ബഹുനില കൂടു നിര്‍മ്മിച്ച് അവയിലാണ് കടന്നലുകള്‍ താമസിക്കുന്നത്.
ഇഞ്ചക്ഷന്‍ വിദ്യപഠിപ്പിച്ചത് തേനീച്ചകളും കടന്നലുകളുമാണ്. സിറിഞ്ചിന്റെ ഉപയോഗം പഠിപ്പിച്ചതാകട്ടെ രക്തം വലിച്ചെടുത്ത് കുടിക്കുന്ന കൊതുകുകളാണ്. പനി വന്നാല്‍ ശരീരത്തി ന്റെ ഊഷ്മാവ് അളക്കാന്‍ തെര്‍മോമീറ്റര്‍ വെച്ചു നോക്കാറില്ലേ. മാലിഫൌള്‍ എന്ന ഇനം പക്ഷിയാണ് തെര്‍മോമീറ്ററിന്റെ കണ്ടുപിടിത്തത്തിനു പിന്നിലെ കാരണക്കാര്‍. ഈ പക്ഷി മുട്ടയിട്ട ശേഷം ചപ്പുചവറുകള്‍ അവയ്ക്കു മീതെയിട്ട് മുട്ട വിരിയാനാവശ്യമായ ചൂട് നല്‍കും. ഇടയ്ക്കിടക്ക് തന്റെ കൊക്ക് ചപ്പിനടിയില്‍ വെച്ച് ചൂട് നോക്കിക്കൊണ്ടിരിക്കും. ചൂട് കൂടിയാല്‍ ചപ്പ് കുറച്ചും കുറഞ്ഞാല്‍ ചപ്പ് കൂടുതല്‍ വെച്ചും കൊടുക്കും.
മീന്‍ പിടിക്കാന്‍ ചൂണ്ടയിടുന്ന വിദ്യ നമ്മെ പഠിപ്പിച്ചത് ബോള എന്നയിനം ചിലന്തികളും ആംഗ്ളര്‍ ഫിഷ് എന്ന മത്സ്യവുമാണ്. പെണ്‍ബോള ചിലന്തികള്‍ ഒരു തരം രാസവസ്തുക്കള്‍ പുറപ്പെടുവിക്കുമ്പോള്‍ അതുവഴി പോകുന്ന ശലഭങ്ങള്‍ ചിലന്തിയുടെ അടുത്തെത്തുന്നു. ഈ സമയം ബോള ഒരു നീളന്‍ നൂല്‍ ശലഭത്തിന്റെ മുന്നിലേക്കിടുന്നു. ശലഭം അതില്‍ പിടിച്ച് കുരുക്കിലാവുമ്പോള്‍ ചിലന്തി നൂല്‍ വലിച്ചെടുത്ത് അതിനെ അകത്താക്കുകയും ചെയ്യും. ആംഗ്ളര്‍ ഫിഷ് എന്ന മീനുകള്‍ക്ക് തലക്കു മുകളില്‍ നീളമുള്ള വള്ളിയും വള്ളിയുടെ തലപ്പത്ത് തിളക്കമുള്ള ഒരു വസ്തുവുമുണ്ടായിരിക്കും. തിളക്കം കണ്ട് ചെറിയ മീനുകള്‍ അതില്‍ കടിക്കുമ്പോള്‍ ആംഗ്ളര്‍ ഫിഷ് അവയെ വലിച്ചെടുത്ത് ശാപ്പിടും.
തോക്ക്വിദ്യ നമ്മളെ പഠിപ്പിച്ചത് ആര്‍ചര്‍ ഫിഷ് അഥവാ വില്ലാളി മീനുകളാണ്. വെള്ളത്തിലൂടെ നീന്തുന്ന ഇവയുടെ നോട്ടം എപ്പോഴും മുകളിലേക്കായിരിക്കും. വെള്ളത്തിനു മുകളിലൂടെ ചെറിയ ജീവികള്‍ പറന്നു പോകുന്നതോ ചെടിയിലിരിക്കുന്നതോ കണ്ടാല്‍ ഇവ വെള്ളത്തിനു മുകളിലേക്ക് വരികയും വായില്‍ വെള്ളം നിറച്ച് ജീവിക്കുനേരെ ചീറ്റുകയും ചെയ്യും. ശക്തിയില്‍ ചീറ്റിവരുന്ന ജലധാര ജീവികള്‍ക്കുമേല്‍ ഊക്കില്‍ വന്നു പതിക്കുമ്പോള്‍ അവ വെള്ളത്തില്‍ വീഴുന്നു ആര്‍ച്ചര്‍ ഫിഷ് അവയെ പിടികൂടി ഭക്ഷണമാക്കുന്നു.
പാരച്യൂട്ട് വിദ്യ നമുക്കുമുമ്പേ പരീക്ഷിച്ചവര്‍ പറക്കും അണ്ണാന്മാരാണ്. ഇവയുടെ കൈകളും പാദങ്ങളും തമ്മില്‍ ബന്ധിപ്പിക്കുന്ന ചര്‍മ്മങ്ങള്‍ വിടര്‍ത്തി വായുവിലൂടെ തെന്നിപ്പറക്കുന്ന വിദ്യതന്നെയാണ് പാരച്ച്യൂട്ട് വിദ്യയും.
തടികളില്‍ ദ്വാരമിടുന്ന ഡ്രില്ലര്‍ വിദ്യ വീവില്‍ എന്ന ഷഡ്പദങ്ങള്‍ മുമ്പേ ഉപയോഗിച്ചിരുന്നു. ഇവയുടെ മുഖത്ത്, നീളമുള്ള ഒരു കൊമ്പും കൊമ്പിന്റെ അറ്റത്തായി പല്ലുകള്‍പോലെ മൂര്‍ച്ചയുള്ള ഒരു ഭാഗവുമുണ്ട്. കട്ടിയുളള കായകളില്‍ ഇവ കൊമ്പുവെച്ചു വലത്തോട്ടും ഇടത്തോട്ടും തിരിയുമ്പോള്‍ കായകളില്‍ ദ്വാരമുണ്ടാവുകയും അതില്‍ മുട്ടയിടുകയും ചെയ്യുന്നു. നമ്മുടെ ഉളിവിദ്യ മരം കൊത്തി പക്ഷികളും കത്രിക പ്രയോഗം ചിലതരം തത്തകളും നേരത്തെത്തന്നെ പ്രയോഗിച്ചു വരുന്നതാണ്.
നമ്മുക്ക് മുമ്പേ കിണര്‍ കുഴിച്ചത് ആനകളും കംഗാരുകളുമാണ്. വെള്ളമുണ്ടോയെന്നറിയാന്‍ സ്ഥാനം നോക്കുന്ന ഏര്‍പ്പാട് ആനകളില്‍ നിന്നാണ് നമുക്ക് ലഭിച്ചത്. ദാഹിച്ചാല്‍ ആനകള്‍ വെള്ളമുണ്ടോയെന്നറിയാന്‍ തുമ്പിക്കൈ ഭൂമിയില്‍ വെച്ചുനോക്കും. വെള്ളമുണ്ടെന്ന് മനസ്സിലായാല്‍ അവിടെ കുഴികുത്തുകയും വെള്ളമെടുക്കുകയും ചെയ്യുന്നു. കംഗാരു വെള്ളത്തിനായി നാലടിയോളം താഴ്ചയുള്ള കുഴികള്‍ കുഴിക്കാറുണ്ട്.
യുദ്ധരംഗത്ത് റഡാര്‍ വിദ്യ പ്രയോഗിക്കുന്നത് കേട്ടിട്ടില്ലേ? റഡാറില്‍ നിന്നുള്ള വൈദ്യു ത കാന്തിക തരംഗങ്ങള്‍ ശത്രുവിമാനത്തില്‍ ചെന്ന് തട്ടി തിരികെ വരുന്നത് പരിശോധിച്ചാണ് അവയുടെ വേഗതയും സ്ഥാനവും മറ്റും മനസ്സിലാക്കുന്നത്. എന്നാല്‍ മനുഷ്യര്‍ റഡാര്‍ കണ്ടുപിടിക്കും മുമ്പേ ഈ വിദ്യ പ്രയോഗിച്ചവരാണ് വവ്വാലുകളും തിമിംഗലങ്ങ ളും. മനുഷ്യര്‍ക്ക് കേള്‍ക്കാന്‍ കഴിയാത്ത അള്‍ട്രാസോണിക്ക് ശബ്ദ തരംഗങ്ങള്‍ പുറപ്പെടുവിപ്പിക്കുവാന്‍ വവ്വാലുകള്‍ക്ക് കഴിയും. അവ മുമ്പിലുള്ള വസ്തുവില്‍ തട്ടി തിരികെ വവ്വാലിന്റെ ചെവിയിലെത്തും. അതു മനസ്സിലാക്കിയാണ് മുന്നിലുള്ള വസ്തുക്കളില്‍ തട്ടാതെ ഇവ പറക്കുകയും ഇര പിടിക്കുകയും ചെയ്യുന്നത്.
മൊബൈല്‍ ഫോണ്‍ നമ്മുടെ കൈവശം എത്തും മുമ്പേ ഈ വിദ്യ പ്രയോഗിച്ചവരാണ് ആനകള്‍. ആനകളുടെ തലച്ചോറിലെ പ്രത്യേക ഭാഗത്തുള്ള പേശികള്‍ ചലിപ്പിച്ച് നമുക്ക് കേള്‍ക്കാന്‍ പറ്റാത്ത ശബ്ദ തരംഗങ്ങള്‍ പുറപ്പെടുവിച്ചാണ് അവ പരസ്പരം ആശയങ്ങള്‍ കൈമാറുന്നത്. കിലോമീറ്ററുകള്‍ക്കപ്പുറം വരെ പരസ്പരം ആശയ വിനിമയം നടത്താന്‍ ഈ വിദ്യകൊണ്ട് ആനകള്‍ക്ക് കഴിയും.
അണക്കെട്ടുകള്‍ നിര്‍മ്മിക്കാനുള്ള വിദ്യ പഠിപ്പിച്ചത് ബീവര്‍ എന്ന ജീവികളാണ്. കാട്ടിലെ എഞ്ചിനീയര്‍മാര്‍ എന്നറിയപ്പെടുന്ന ബീവറുകള്‍ വലിയ മരങ്ങള്‍ കരണ്ടുമുറിച്ച് പുഴകള്‍ക്കു കുറുകെയിട്ടു വെള്ളം തടഞ്ഞു നിര്‍ത്തി നിര്‍മ്മിക്കുന്ന കൂടുകളാണ് നമ്മുടെ അണക്കെട്ടുകളുടെ മുന്‍ഗാമികള്‍.
ഇത്തരം ധാരാളം വിദ്യകള്‍ ജീവികള്‍ക്ക് സഹജമായുണ്ട്. ഓരോ ജീവിയുടേയും ജീവിത രീതി നോക്കിയാല്‍ ഇനിയും ധാരാളം കണ്ടുപിടിത്തങ്ങള്‍ നടത്താന്‍ നമുക്ക് കഴിയും.