സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Saturday, 13 September 2014

ഒളിച്ചോടുന്ന പെണ്‍കൊടികള്‍

111222
33
44

എവിടെ പിഴച്ചു? 

നാം ഏവരും ചിന്തിക്കുക, എവിടെ പിഴച്ചു? എന്തു പ്രതിവിധി? നമ്മുടെ കുടുംബത്തില്‍ നാം എന്തൊക്കെ ശ്രദ്ധിക്കണം? നമ്മുടെ സമൂഹത്തിലും മഹല്ലുകളിലും നമുക്ക് ഇവ്വിഷയകമായി എന്ത്ചെയ്യാനാവും? ഇന്ന് മുസ്‌ലിം സ്ത്രീകള്‍ ഓടിപോകുന്നത് നിത്യ സംഭവമായിരിക്കുന്നു. മുസ്ലിംകളും അമുസ്ലിംകളുമായ കാമുകന്മാര്‍, സ്ത്രീ ലംബടന്മാര്… ഇവര്‍ക്ക് പിറകെ പോവാനൊന്നും, ചെറുപ്പക്കാരും മധ്യ വയസ്കരുമായ നമ്മുടെ പെണ്ണുങ്ങള്‍ക്ക്‌, അവരുടെ മതമോ, കുടുംബമോ, മക്കളോ ഒന്നും തടസ്സമാകുന്നില്ല. പണ്ടൊക്കെ കല്യാണം കഴിയാത്ത പെണ്കുട്ടികളുടെ ഒറ്റപ്പെട്ട സംഭവങ്ങളായിരുന്നു കേട്ടിരുന്നത്. ഇന്ന് മൂന്നും നാലും മക്കളുള്ള പെണ്ണുങ്ങളാണ് ഈ കെണികളില്‍ പെട്ടുപോകുന്നവരില്‍ അധികവും. 

ഗള്‍ഫുകാരുടെ ഭാര്യമാര്‍.. ഭര്ത്താക്കന്മാര്‍… വഴിവിട്ടു വളര്ത്തിയത് കൊണ്ട് കൊണ്ടാണ് അധികവും ഇങ്ങനെ സംഭവിക്കുന്നതെന്ന് വിലയിരുത്തുന്നവരുണ്ട്, എന്നാല്‍ ഇന്ന് ജോലിക്ക് പോയ ഭര്ത്താവ് വൈകുന്നേരം വീട്ടിലേക്ക് വരുമ്പോള്‍ ഭാര്യയും മക്കളെയും അപ്രത്യക്ഷമാകുന്ന വാര്ത്തകള്‍ പലതും നാം കേള്‍ക്കുന്നു. ഉന്നത കുടുംബങ്ങളിലെ മക്കള്‍ വരെ ഇവരുടെ വലയില്‍ പെട്ട് കൊണ്ടിരിക്കുന്നു. ഈ അടുത്ത കാലത്തായി വീട് വിട്ടിറങ്ങി ഏതെന്കിലും ആണുങ്ങളുടെ കൂടെ ഒളിച്ചോടി ജീവിതം സ്വയം തന്നെ കുളം തോണ്ടുന്ന മുസ്ലിം പെണ്‍കുട്ടികളുടെ എണ്ണം കൂടി വരുന്നു. ഒരു അന്വേഷണത്തില്‍ കണ്ടെത്തിയത്‌ ഇത്തരം പെണ്‍കുട്ടികളില്‍ 98 ശതമാനവും അവരവരുടെ വീട്ടില്‍ സ്ത്രീകള്‍ക്ക് പുരുഷന്മാരുടെ നിയന്ത്രണം ഇല്ലാത്തവര്‍ ആയിരുന്നു എന്നാണു. ഇവരൊക്കെ സാദാരണ പര്‍ദ്ദ ധരിക്കും, മക്കന ധരിക്കും, പക്ഷെ അതും അവര്‍ക്കൊരു ഫാഷന്‍ ആയിരിക്കും. ധാര്‍മികത എന്നാ ഒന്ന് അവരുടെ ജീവിതത്തില്‍ ഇല്ലാതെ പോയതാണ് മുഖ്യ കാരണം. 

ആത്മഹത്യയിലും സമീപകാലത്ത് മുസ്ലിംകളുടെ എണ്ണം കൂടി കൂടി വരുന്നു. ബിസിനസ്സിലും മറ്റും വരുന്ന പരാജയങ്ങള്‍ രോഗം, മനോവിഷമങ്ങള്‍ ഇതൊന്നും താങ്ങാനാവാതെ പ്രേമ നൈരാശ്യത്താല്‍ ഭര്ത്താവിനോട്, ഉമ്മയോട് പിണങ്ങി അവള്‍/അവന്‍ ആത്മഹത്യ ചെയ്യുന്നു. നല്ല മത ചിട്ടയുള്ളവാരായി കരുതപ്പെട്ടവര്‍ വരെ കൂട്ട ആത്മഹത്യ ചെയ്യുന്നു. ഇമാനിന്റെ ബാലഹീനതയെല്ലേ ഇതിനൊക്കെ കാരണം ? ധാര്‍മിക ശിക്ഷണത്തിന്റെ കുറവും. 

ആരൊക്കെയാണ് ഉത്തരവാദികള്‍ ?

മുസ്‌ലിം കുടുംബങ്ങളിലെ മതകീയ നിഷ്ടകള്‍ ദൈനംദിനം ക്ഷയിച്ചു കൊണ്ടിരിക്കുന്നു. വീട്ടില്‍ ആരും കയറി വരാവുന്ന, നമ്മുടെ മക്കളും ഭാര്യമാരും ആരുമായും ബന്ധപ്പെടാവുന്ന അവസ്ഥ!! ഒരു മിസ്സ്‌ കാള്‍ മതി, ഇന്ന് എല്ലാം നശിപ്പിക്കാന്. ഇന്റര്നെറ്റിലെയും മറ്റും അശ്ലീല രംഗങ്ങള്‍ നമ്മുടെ കുട്ടികളില്‍ ഇന്ന് വലിയ പ്രചാരമാണ് നേടുന്നത് . പുരോഗമനം കൂടി കൂടി വരുന്നു. പക്ഷെ, മതം വഴി മാറി കൊടുക്കണോ…? ചിന്തിക്കുക.. ഉണര്ന്നു ചിന്തിക്കുക. 

വില്‍ക്കപ്പെടുന്ന സ്ത്രീ സൗന്ദര്യം 

വരുന്ന യുവതലമുറക്കും ലക്കും ലഗാനുമില്ലാതെ ഓടുന്നതിനിടയില്‍ ഫ്രീയായി കാണുന്ന ഒന്നാണ് സ്ത്രീ സൗന്ദര്യം. സംസ്കാരം പണയപ്പെടുത്തും വിധമുള്ള ഉടയാടകളും കണ്ണിന്‍റെ വെട്ടി നിരത്തുന്ന നോട്ടങ്ങളും മൃദുല വികാരങ്ങളെ ഇക്കിളിപ്പെടുത്തുന മോഡേണ്‍ പെണ്‍കുട്ടികള്‍ അവരാണ് ഇന്ന് സമൂഹത്തില്‍ അധാര്‍മികത്തിനു വിത്ത് പാകുന്നത്. നബി(സ)പറയുന്നു” വസ്ത്രം ധരിക്കുകയും എന്നാല്‍ ഇസ്ലാമിന്‍റെ വീക്ഷണത്തില്‍ പൂ൪ണ്ണത വരാതിരിക്കുകയും അങ്ങുമിങ്ങും ചായുന്ന ഒട്ടകത്തിന്‍റെ പൂന്നപോലെ ചാഞ്ചാടി നടക്കുകയും അന്യ പുരുഷന്മാരെ ആക൪ഷിക്കുകയും ചെയ്യുന്ന സ്ത്രീകള്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല. അതിന്‍റെ സുഗന്ധം പൊലും ആസ്വദിക്കുകയില്ല”(മുസ്ലിം) 

അല്ലാഹു പറയുന്നു “സ്ത്രീകള്‍ അവരുടെ മുഖമക്കനകള്‍ ‍മാറിലൂടെ താഴ്ത്തിയിടട്ടെ(24.31). മുഖമക്കനകള്‍ പിരടിയില്‍ ചുറ്റിക്കെട്ടാനുള്ളതല്ല. മാറിലൂടെ താഴ്ത്തി ഇടേണ്ടതാണ് എന്നല്ലേ അല്ലാഹു പഠിപ്പിക്കുന്നത്‌. ആഭരണ ഭ്രമമോ അല്ലെങ്കില്‍ ഫാഷന്‍ ഭ്രമം കാരണം ഇസ്ലാമിക വസ്ത്രധാരണം ഈ കാലഘട്ടത്തില്‍ അതൊന്നും നടപ്പില്ല എന്ന ചിന്തയാണോ ഹറാമായ വസ്ത്ര ധാരണത്തിന് നിങ്ങളെ പ്രേരിപ്പിക്കുന്നത്? സഹോദരി, അല്ലാഹുവിനെ വെല്ലുവിളിച്ച് നിങ്ങള്‍‍ക്ക് രക്ഷപ്പെടാനാകുമോ? ഇത് വായിച്ച് കഴിയുന്നതിന്നു മുമ്പ് നമ്മുടെയല്ലാം മയ്യിത്ത്‌ പൊതിയാന്‍ തുണിവങ്ങേണ്ടി വരില്ലെന്നാരറിഞ്ഞു …..!! 

പ്രിയപ്പെട്ട സ്ത്രീകളോട്. 

നമ്മുടെ ജീവിതം ഈ ലോകത്ത് വളരെ പരിമിതം ആണ്. ശേഷം വരുന്ന കൊടാനുകോടി വര്‍ഷങ്ങള്‍ നമുക്ക്‌ പരലോകത്ത് ജീവിക്കാന്‍ ഉള്ളതാണ്. ആ ജീവിതത്തെ മറന്നു കൊണ്ട് എന്തിനാണ് മോളെ ഒരു നിമിഷത്തെ സുഖത്തിനു വേണ്ടി നീ നരഗം ചോദിച്ചു വാങ്ങുന്നത്? എന്തിനാണ് മോളെ ദീന്‍ മറന്നുകൊണ്ട് വളരെ ചുരുങ്ങിയ ഇവിടത്തെ ജീവിതം അടിപൊളി ആക്കി മാറ്റുന്നത്? നമ്മുടെ ജീവിതത്തില്‍ ചെറിയ രീതിയിലെങ്കിലും ഇസ്ലാമിനെ മുറുകെ പിടിക്കാന്‍ ശ്രമിച്ചു കൂടെ? എന്തിനാണ് പരലോകം മറന്നു കൊണ്ട് കാമഭ്രാന്തന്മാരുമായി സല്ലപിക്കാന്‍ സമയം ചിലവഴിക്കുന്നത്? 

സഹോദരീ, നിങ്ങളുടെ സൗന്ദര്യം അല്ലാഹുവിന്‍റെ ദാനവും അനുഗ്രഹവുമാണ്. അത് അന്യരുടെ മുമ്പില്‍ പ്രദ൪ശിപ്പിക്കാനുള്ളതല്ല. അത് നിങ്ങളുടെ ഭ൪ത്താവിനുള്ളതാണ്. “കുളിച്ച് വൃത്തിയുള്ള വസ്ത്രം മോടിയില്‍ അണിഞ്ഞ് നറുമണം പൂശി എന്നും ഭര്‍ത്താവിന്‍റെ പ്രതീക്ഷിച്ച് നില്‍ക്കുന്ന കുടുംബിനിയെ ആണ് ഇസ്ലാം വിഭാവനം ചെയ്യുന്നത് “. സഹോദരി വായിനോക്കികള്‍ക്കും പൂവാലന്‍മാര്‍ക്കും എന്തിന് നിങ്ങളുടെ സൗന്ദര്യം കാട്ടിക്കൊടുക്കണം. അടുക്കളയിലെ സ്റ്റൗവ് പൊട്ടിത്തെറിച്ചാല്‍, തീയൊന്നാളിയാല്‍ തീര്‍ന്നില്ലേ സൗന്ദര്യം!അത് പുറത്തു കാണിച്ച് പരലോകം നഷ്ട്ടപ്പെടുത്തണോ? സഹോദരീ വീട്ടില്‍ നിന്ന് പുറത്തു പോകുമ്പോള്‍ ആക൪ഷണീയമല്ലാത്ത വസ്ത്രമണിയുകയും ഭര്‍ത്താവിന്‍റെ മുമ്പില്‍ മുഴുവന്‍ വശ്യതയും പ്രകടമാക്കി നില്‍‍ക്കുന്നവരുടെ ഉള്ളം സന്തോഷം നിറഞ്ഞതായിരിക്കും. 

അല്ലാഹു പറയുന്നു”പ്രവാചകരെ, സത്യവിശ്വാസികളായ സ്ത്രീകളോട് പറയുക അവ൪ അവരുടെ കണ്ണുകള്‍ അന്യപുരുഷന്മാരില്‍ നിന്ന് താഴ്ത്തി അവരുടെ ഭംഗി പുറത്ത് കാണിക്കാതിരിക്കുകയും ചെയ്യട്ടെ. സ്വയം വെളിവാകുന്ന മുഖവും മുന്‍കൈയും വെളിവായത് ഒഴികെ.

ഒരല്‍പം ചിന്തിക്കാന്‍  കഴിഞ്ഞിരുന്നുവെങ്കില്‍ ..!

കാമുകന് വേണ്ടി എന്തെല്ലാം ത്യാഗങ്ങളാണ് ഈ പെണ്ണുങ്ങള്‍ ചെയ്യുന്നത്….! കാമുകന്‍റെ പഞ്ചാര വാക്കുകള്‍ക്കു മുന്നില്‍ എല്ലാം സമര്‍പ്പിക്കുന്ന ഇവര്‍….  ഇത്രയും കാലം ത്യാഗങ്ങള്‍ സഹിച്ചു പോറ്റി വളര്‍ത്തിയ മാതാപിതാക്കളുടെ മുഖത്തുനോക്കി നിങ്ങളെ എനിക്ക് മതിയായിരിക്കുന്നുവെന്ന്  പറഞ്ഞു അന്യ മതത്തില്‍പെട്ട കാമുകന്മാരുടെ കൂടെ ഇറങ്ങി തിരിക്കുന്നവര്‍ ……. പക്ഷെ ഇവരുടെ അതെ മാര്‍ഗ്ഗം സ്വീകരിച്ച ഇവരുടെ കൂട്ടുകാരികള്‍ക്ക് പിടിപെട്ട ദുരിതങ്ങളെ കുറിച്ച്  ഒരല്‍പം ചിന്തിക്കാന്‍.. ഒരു നിമിഷം മനസിനെ അനുവതിച്ചിരുന്നുവെങ്കില്‍…? നിങ്ങളുടെ കൂട്ടകാരികളില്‍  ചിലര്‍, കാമുകന്മാര്‍ വലിച്ചെറിഞ്ഞു  ഇന്നും മുംബൈ ചുവന്ന തെരുവില്‍ ജീവിക്കാന്‍ ശരീരം വിറ്റു കഴിയുന്നു….. ചിലര്‍ മാനസിക രോഗികളായി തെരുവില്‍ നായക്കളെ പോലെ അലയുന്നു  ചിലര്‍ ജീവിതം ഒരുമുഴം കയറില്‍ അവസാനിപ്പിക്കുന്നു … എന്നിട്ടും നിനക്ക് പാടമാകുന്നില്ലല്ലോ….? അതെ നീ അനുഭവിക്കാന്‍ തന്നെ തീരുമാനം….  എങ്കിലും ഓരോ മാതാപിതാക്കളും ഒരുനിമിഷം ചിന്തിക്കുന്നത് നന്നായിരിക്കും….  തന്‍റെ പോന്നു മോള്‍ക്ക്‌ ഈ ഗതി വന്നതില്‍ നിന്ന് ഒഴിഞ്ഞു മാറാന്‍ നിങ്ങള്‍ക്ക്  കഴിയുമോയെന്ന് …!

എന്താണ് നമുക്ക്‌ നമ്മുടെ കുട്ടികളുടെ കാര്യത്തില്‍ അല്പം ശ്രദ്ദ കൊടുത്താല്‍ പ്രശ്നം?

നല്ല സന്താനങ്ങളെ നാളേക്ക് ഉപകരിക്കൂ എന്ന പ്രവാചകാധ്യാപനം മറക്കാതിരിക്കുക. കുട്ടികളെ ആത്മീയമായും ഭൗതികമായും സംസ്കരിച്ചു പോറ്റി വളര്ത്തേണ്ട കടമ മാതാപിതാക്കള്‍ക്കുള്ളതാണ്. ഉപ്പയും ഉമ്മയും മകളും മകനും ഒരുമിച്ചിരുന്നു സിനിമ, സീരിയല്‍ പ്രോഗ്രാമുകള്‍ കാണുന്ന അന്തരിക്ഷമാണ് നമ്മുടെ വീടുകളിലുള്ളത്. ഈ രീതിയില്‍ വളരുന്ന മക്കള്‍ അനിസ്ലാമികമായ രീതിയില്‍ വളര്‍ന്നു വരാനുള്ള സാധ്യതയാണ്  കൂടുതലും. നമ്മുടെ അനുഭവം അതാണ്‌ നമുക്ക്‌ നല്‍കുന്ന പാഠം. ഇത് മനസ്സിലാക്കാനുള്ള കഴിവെങ്കിലും നമുക്ക്‌ ഉണ്ടായെങ്കില്‍ അത് തന്നെ വലിയ കാര്യം. കുട്ടികളുടെ ബേഗും പുസ്തകവും ഇടക്ക് ചെക്ക്‌ ചെയ്യുകയും പൈങ്കിളി സാഹിത്യങ്ങള്‍ വായിക്കുന്നില്ലെന്നും,പ്രേമരോഗത്തിന് പിടിപെട്ടിട്ടില്ലെന്നും ഉറപ്പുവരുത്തുവാന്‍ സമയം കണ്ടെത്തണം.വീട്ടില്‍ മറ്റാരുമില്ലാത്തപ്പോള്‍ ഇന്‍റര്‍നെറ്റ് ഉപയോഗിക്കാന്‍ കുട്ടികളെ അനുവദിക്കരുത്. കുട്ടികള്‍ സന്ദര്‍ശിച്ച സൈറ്റുകള്‍, തിരഞ്ഞ വിവരങ്ങള്‍ എന്നിവ എന്തെന്ന് അന്വേഷിക്കണം. പെണ്‍കുട്ടികള്‍ക്ക് ഫേസ് ബുക്ക്‌ പ്രവേശനം അനുവദിക്കരുത്. അവര്‍ക്ക് ഒമ്പത് വയസ്സായാൽ അവരെ പ്രത്യേകം ശ്രദ്ധിക്കുകയും, അവർക്ക് പ്രത്യേകം മുറികൾ അനുവദിക്കുക ചെയ്യുക, അന്യരുമായുള്ള സഹവാസം അനുവദിക്കരുത്. അവര്‍ക്ക് വിവാഹ പ്രായമായാൽ ഇണയെ കണ്ടെത്തുകയും വൈകാതെ വിവാഹം നടത്തുകയും ചെയ്യുക

എങ്ങനെ നടക്കണം, സംസാരിക്കണം, ഭക്ഷണം കഴിക്കണം എന്നെല്ലാം മക്കളെ പഠിപ്പിക്കാന്‍ മുസ്‌ലിം ബാധ്യസ‌ഥനാണ്. ഇങ്ങനെ ജീവിതത്തിന്റെ എല്ലാ വളവു തിരിവുകളിലും മാതാപിതാകള്‍ മക്കള്‍ക്ക് ശരിയായ നിര്‍ദേശങ്ങള്‍ നല്‍കിക്കൊണ്ടിരിക്കണം. അവരുടെ ഭാവി ശോഭനമാക്കാനായി രക്ഷിതാക്കള്‍ തങ്ങളുടെ പങ്ക് ഭംഗിയായി നിര്‍‌വഹിക്കേണ്ടതുണ്ട്.

അല്ലാഹു നമ്മെയും നമ്മുടെ മക്കളേയും അവന്റെ യഥാര്‍ത്ഥ വിശ്വാസികളില്‍ ഉള്‍പ്പെടുത്തി അനുഗ്രഹിക്കുമാറാകട്ടെ…ആമീന്‍