സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Tuesday, 2 September 2014

ബൈബിളിലെ ദൈവം

ദൈവത്തെയും യേശുവിനെയും കുറിച്ച് ബൈബിളില്‍ പലയിടങ്ങളിലും വ്യത്യസ്തരീതിയിലാണ് വിവരിച്ചു കാണുന്നത്. ദൈവത്തിന്റെ ഏകത്വത്തില്‍ കൃസ്ത്യാനികള്‍
വിശ്വസിക്കുന്നുണ്ട്. ഇതിന്‌ ബൈബിളിന്റെ പിന്‍ബലവുമുണ്ട്. എന്നാല്‍ ദൈവത്തിന്റെ ഏകത്വം ത്രിത്വത്തിലൂടെയാണെന്ന് അവര്‍ വിശ്വസിക്കുന്നു. പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് എന്നീ മൂന്നു വ്യത്യസ്തര്‍ ഒന്നിച്ചു ചേര്‍ന്നതാണ് ഏകദൈവമെന്നും ദൈവം എന്ന പദംകൊണ്ട് ഈ ത്രിത്വത്തിലുള്ള ഏതൊരാളെയും സംബോധനം ചെയ്യാമെന്നും അവര്‍ വിശ്വസിക്കുന്നു. ഇതിന്‌ ബൈബിളിന്റെ പിന്‍ബലം ഇല്ലെന്ന് മാത്രമല്ല, ഇതിന്‌ വിപരീതമായ ആശയങ്ങളാണ് ബൈബിളിലുടനീളം കാണാന്‍ കഴിയുന്നത്‌. അരൂപിയായ എകദൈവത്തെയാണ് ബൈബ്ള്‍ പരിചയപ്പെടുത്തുന്നത്. ആ ദൈവത്തെ
മാത്രമേ ആരാധിക്കാവൂ എന്നും, സാക്ഷാല്‍ യേശു പോലും ആ ദൈവത്തെ ആരാധിക്കുകയും ആ ദൈവത്തോട് കരഞ്ഞും നിലവിളിച്ചും
പ്രാര്‍ഥിച്ചിരുന്ന പ്രവാചകനായിരുന്നു എന്നും ബൈബിള്‍ വ്യക്തമാക്കുന്നുണ്ട്. യേശു ദൈവമോ ദൈവപുത്രനോ അല്ലെന്നും ദൈവത്തെ ആശ്രയിച്ചു കഴിഞ്ഞിരുന്ന പ്രവാചകനായിരുന്നു എന്നും ബൈബിളില്‍നിന്നു മനസ്സിലാക്കാം.
ദൈവത്തെക്കുറിച്ച് പരാമര്‍ശിക്കുന്ന ഏതാനും ബൈബ്ള്‍ വാക്യങ്ങള്‍ ശ്രദ്ധിക്കുക:
” ഏകദൈവമല്ലാതെ മറ്റൊരു ദൈവമില്ല”(൧ കോറി ൮:൪), “ദൈവമോ ഒരുവന്‍ മാത്രം”(ഗലാത്തിയാക്കാര്‍ ൩:൨൧),”ദൈവം ഒന്നേയുള്ളൂ”(൧ തിമോ ൨:൫), ” ഏക സത്യ ദൈവമായ നിന്നെയും നീ അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവന്‍” (യോഹ ൧൭:൩), “ഏകാദൈവത്തില്‍നിന്നു വരുന്ന മഹത്വം അന്വേഷിക്കാതിരിക്കുന്ന നിങ്ങള്ക്ക് എങ്ങനെ വിശ്വസിക്കാന്‍ സാധിക്കും” (യോഹ ൫:൪൪) .
ഈ വചനങ്ങളെല്ലാം ദൈവത്തിന്റെ ഏകത്വത്തെ കുറിച്ച് സ്പഷ്ടമായി പഠിപ്പിക്കുന്നു. ദൈവം അരൂപിയാണെന്നും രൂപസാദൃശ്യങ്ങളൊന്നും
ദൈവത്തിനില്ലെന്നും ദൈവത്തെ ആരും കണ്ടിട്ടില്ലെന്നും വ്യക്തമാക്കുന്ന ഏതാനും വചനങ്ങള്‍ കൂടി കാണുക: \
” ഇത് അരൂപിയായ കര്‍ത്താവ് വഴിയാണ് ലഭിക്കുന്നത്” ( ൨ കോറി ൩:൧൮), ” ദൈവത്തെ അരൂപിയില്‍ ആരാധിക്കുകയും” (ഫിലിപ്പയര്‍ ൩:൩), “അവനെ ആരാധിക്കുന്നവര്‍ അരൂപിയിലും സത്യത്തിലും ആരാധിക്കണം” (യോഹ ൪:൨൪), “യഥാര്‍ത്ഥ ആരാധകര്‍ പിതാവിനെ അരൂപിയിലും സത്യത്തിലും ആരാധിക്കുന്ന സമയം വരുന്നു” (യോഹ ൪:൨൩), “ദൈവത്തെ ഒരു മനുഷ്യനും ഒരിക്കലും കണ്ടിട്ടില്ല” (യോഹ ൧:൧൮). ഇതില്‍ നിന്നും യേശുവോ മറ്റേതെങ്കിലും രൂപത്തിലുള്ള വസ്തുക്കളോ ജീവികളോ മനുഷ്യരോ ഒന്നും തന്നെ ദൈവമല്ലെന്ന് ആര്‍ക്കും ബോധ്യമാകും.
ദൈവം അരൂപിയാണെന്ന വചനം വായിക്കുന്നവന്‍ മനുഷ്യരൂപത്തിലുള്ള, മനുഷ്യനായ യേശുവിനെ ദൈവമെന്ന് വിശ്വസിക്കുന്നതെങ്ങനെ?
*****************
“തീര്‍ച്ചയായും ‘മൂന്നുപേരില്‍ ഒന്നാണ് അല്ലാഹു’ എന്ന് പറഞ്ഞവര്‍ സത്യത്തെ നിഷേധിച്ചിരിക്കുന്നു. ആരാധ്യന്‍ ഒരേയൊരു ആരാധ്യന്‍
മാത്രമാണ്, തീര്‍ച്ച. അവര്‍ തങ്ങളുടെ ആ അഭിപ്രായത്തില്‍ നിന്ന് പിന്തിരിയാത്ത പക്ഷം ആ സത്യനിഷേധികളെ വേദനാജനകമായ
ശിക്ഷ പിടികൂടുക തന്നെ ചെയ്യും” (ഖുര്‍ആന്‍ ൫:൭൩)
ആരാധന ദൈവത്തിനു മാത്രം, ദൈവത്തെ മാത്രമേ ആരാധിക്കാവൂ , അവനെ മാത്രമേ സേവിക്കാവൂ , എല്ലാവരും ദൈവത്തില്‍ ആശ്രയിച്ചു
കഴിയുന്നവരാണ് എന്നീ ആശയങ്ങള്‍ തന്നെയായിരുന്നു യേശു പ്രബോധനം ചെയ്തത്. പ്രാര്‍ഥിക്കേണ്ടതും ആരാധിക്കേണ്ടതും ദൈവത്തെ മാത്രമാണെന്നും എല്ലാറ്റിന്റെയും ഉടമസ്ഥാവകാശം ദൈവത്തിന്‌ മാത്രമാണെന്നും ദൈവത്തിന്‌ സമമായി യാതൊന്നുമില്ലെന്നും
വ്യക്തമാക്കുന്ന ബൈബിള്‍ വചനങ്ങള്‍ ശ്രദ്ധിക്കുക:
” നിന്റെ ദൈവമായ കര്‍ത്താവിനെ പൂര്‍ണ മനസ്സോടും പൂര്‍ണ ഹൃദയത്തോടും പൂര്‍ണ ആത്മാവോടും കൂടെ സ്നേഹിക്കുക. ഇതാണ് പ്രഥമവും പ്രധാനവുമായ കല്പന” (മത്തായി ൨൨:൩൭, മാര്‍ക്കോ ൧൨:൩൦, ലൂക്കോ ൧൦:൨൭). യേശു പറഞ്ഞതായി മത്തായി റിപ്പോര്‍ട്ട് ചെയ്യുന്ന വചനം ശ്രദ്ധിക്കുക: “കര്‍ത്താവേ, കര്‍ത്താവേ എന്ന് എന്നെ വിളിക്കുന്നവരെല്ലാം സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുകയില്ല. സ്വര്‍ഗസ്ഥനായ എന്റെ പിതാവിന്റെ ഹിതം നിറവേറ്റുന്നവനേ അവിടെ പ്രവേശിക്കൂ. ആ ദിവസം പലരും എന്നോട് പറയും ‘കര്‍ത്താവേ, കര്‍ത്താവേ ഞങ്ങള്‍ നിന്റെ നാമത്തില്‍ പ്രവചിച്ചവരല്ലെയോ? നിന്റെ നാമത്തില്‍ ഞങ്ങള്‍ പിശാചുക്കളെ പുറത്താക്കിയില്ലെയോ? നിന്റെ നാമത്തില്‍ പല വലിയ കാര്യങ്ങളും ഞങ്ങള്‍ ചെയ്തില്ലെയോ?’ അപ്പോള്‍ അവരോട് ഞാന്‍ പ്രഖ്യാപിക്കും: ‘നിങ്ങളെ ഞാന്‍ ഒരിക്കലും അറിഞ്ഞിട്ടില്ല. ഹേ ദുര്‍വൃത്തരേ എന്നെ വിട്ട് അകന്നു പോകൂ’ (മത്തായി ൭:൨൧-൨൩). യേശുവില്‍ വിശ്വസിക്കുകയും യേശുവിന്റെ നാമത്തില്‍ അത്ഭുതങ്ങള്‍ കാണിക്കുകയും ചെയ്തവരോടിങ്ങനെ ചെയ്യുന്നതിനുള്ള കാരണമായി യേശു വ്യക്തമാക്കുന്നത്, അവര്‍ ദൈവനാമത്തില്‍ പ്രവചിക്കുകയോ അത്ഭുതങ്ങള്‍ കാണിക്കുകയോ ദൈവത്തിന്റെ ഹിതം നിറവേ റ്റുകയോ ചെയ്തില്ല എന്നത് തന്നെയായിരുന്നല്ലോ.
പിശാച് യേശുവിനെ ഒരു മലയിലേക്ക് കൂട്ടിക്കൊണ്ടുപോയി. ലോകത്തിലെ എല്ലാ രാജ്യങ്ങളും അവയിലെ പ്രതാപങ്ങളും കാണിച്ചുകൊടുത്തു കൊണ്ട് പറഞ്ഞു: ” നീ സാഷ്ടാംഗം വീണു
എന്നെ ആരാധിച്ചാല്‍ ഇവയെല്ലാം ഞാന്‍ നിനക്ക് തരും. അപ്പോള്‍ യേശു പ്രതിവചിച്ചു: സാത്താനെ പോകൂ! നിന്റെ ദൈവമായ കര്‍ത്താവിനെ ആരാധിക്കണം. അവനെ മാത്രമേ സേവിക്കാവൂ എന്ന് വിശുദ്ധലിഖിതത്തില്‍
ഉണ്ടല്ലോ. അപ്പോള്‍ പിശാച് അവനെ വിട്ടകന്നു. മാലാഖമാര്‍ വന്നു അവനെ പരിചരിച്ചു” (മത്തായി ൪:൮-൧൧), ലൂക്കോ ൪:൫-൮).
ഈ വചനം ദൈവത്തെ മാത്രമേ ആരാധിക്കാവൂ എന്ന് പഠിപ്പിക്കുന്നതോടൊപ്പം യേശു ദൈവമോ ദൈവപുത്രനോ അല്ല എന്നതിന് മതിയായ തെളിവുംകൂടിയാണ്. കാരണം, യേശു അങ്ങനെ ആയിരുന്നുവെങ്കില്‍ പിശാച് അടുത്തു ചെല്ലുകയോ എന്നെ ആരാധിക്കുക എന്ന് യേശുവിനോട് പറയുകയോ ചെയ്യില്ലായിരുന്നു.
കൂടാതെ ദൈവത്തിന് മാലാഖമാരുടെ പരിചരണവും ആവശ്യമില്ലല്ലോ.
ദൈവത്തോട് പ്രാര്‍ഥിക്കുന്നവര്‍ക്ക് വേണ്ടതെല്ലാം ദൈവം നല്‍കുമെന്ന് വ്യക്തമാക്കുന്ന ബൈബിളിലെ വചനങ്ങള്‍ കാണുക: “ദൈവത്തില്‍ ആശ്രയിക്കുക” (മത്തായി ൬:൨൫-൩൪, ലൂക്കോ ൧൨:൨൨-൩൪), “സ്വര്‍ഗസ്ഥനായ നിങ്ങളുടെ പിതാവ് തന്നോട് ചോദിക്കുന്നവര്‍ക്ക് എത്രയോ അധികം നല്ലത് നല്‍കും”(മത്തായി ൭:൧൧).
യോഹന്നാന്‍ തന്റെ വെളിപാട് പുസ്തകത്തില്‍ എഴുതിയത് ഇങ്ങനെ വായിക്കാം: “ഇവ എനിക്ക് കാട്ടിത്തന്ന മാലാഖയെ ആരാധിക്കാന്‍ ഞാന്‍ ആ പാദത്തിന്മേല്‍ വീണു. അപ്പോള്‍ മാലാഖ എന്നോട് പറഞ്ഞു: നീ അത് ചെയ്യരുത്. നിന്നോടും പ്രവാചകരായ നിന്റെ സഹോദരരോടും ഈ ഗ്രന്ഥത്തിലെ വചനങ്ങള്‍ പാലിക്കുന്നവരോടുമോപ്പം ഒരു സഹദാസനാണ് ഞാന്‍. ദൈവത്തെ ആരാധിക്കുക” (വെളിപാട് :൨൨:൮,൯).
ഇനിയും കാണുക: സ്വര്‍ഗരാജ്യത്ത് സെബദി പുത്രന്മാര്‍ യേശുവിന്റെ വലത് ഭാഗത്തും ഇടത് ഭാഗത്തും ഇരിക്കുവാനായി അവരുടെ അമ്മ യേശുവിനോട്
വരം ചോദിച്ചപ്പോള്‍ യേശു പറഞ്ഞു: “എന്റെ ഇടത്തും വലത്തും ഇരിക്കാന്‍ വരം നല്‍കേണ്ടത് ഞാനല്ല. അത് എന്റെ പിതാവ്(?) ആര്‍ക്കുവേണ്ടി ഒരുക്കിയിരുന്നുവോ അവര്‍ക്കുള്ളതാകുന്നു” (മത്തായി ൨൦:൨൩, മാര്‍ക്കോ ൧൦:൪൦). അതെപ്രകാരം യുഗസമാപ്തി (അന്ത്യദിനം) യെ കുറിച്ച്
ശിഷ്യരോട് യേശു പറഞ്ഞത് “ആ ദിവസവും മണിക്കൂറും പിതാവിനല്ലാതെ മറ്റാര്‍ക്കും, സ്വര്‍ഗത്തിലെ മാലാഖമാര്‍ക്ക് പോലും അറിഞ്ഞുകൂടാ”(മത്തായി ൨൪:൩൬,മാര്‍ക്കോ ൧൩:൩൨) എന്നായിരുന്നു.
ഒരു മനുഷ്യന്‍ ഓടിവന്ന് യേശുവിന്റെ മുമ്പില്‍ മുട്ടുകുത്തി ചോദിച്ചു: “നല്ലവനായ ഗുരോ, നിത്യജീവന്‍(സ്വര്‍ഗം) അവകാശമാക്കാന്‍ ഞാന്‍ എന്ത് ചെയ്യണം? ” യേശു അയാളോട് പറഞ്ഞു: നീ എന്തിന് എന്നെ നല്ലവന്‍ എന്ന് വിളിക്കുന്നു? ദൈവം അല്ലാതെ മറ്റൊരു നല്ലവന്‍ ഇല്ല” (മാര്‍ക്കോ ൧൦:൧൭,൧൮, ലൂക്കോ ൧൮:൧൮,൧൯). ഈ വചനങ്ങളെല്ലാം ദൈവത്തിന്റെ മഹത്വം വ്യക്തമാക്കുന്നു എന്നതോടൊപ്പം പ്രാര്‍ഥനക്കും ആരാധനക്കും അര്‍ഹന്‍ ഏകനായ, അരൂപിയായ ദൈവമാണെന്ന് വ്യക്തമായി പഠിപ്പിക്കുകയും ചെയ്യുന്നു. അപ്പോസ്തല പ്രവൃത്തികളിലെ നാലാം അധ്യായത്തില്‍ വിശ്വാസികളുടെ പ്രാര്‍ത്ഥന തുടങ്ങുന്നത് “ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സമസ്തവും സൃഷ്ടിച്ച നാഥാ” എന്ന് പറഞ്ഞുകൊണ്ടാണ്. അതിന്റെ അവസാനത്തില്‍ ഇങ്ങനെ വായിക്കാം: “നിന്റെ പരിശുദ്ധ ദാസനായ യേശുവിന്റെ നാമത്തില്‍ രോഗശാന്തിയും അടയാളങ്ങളും അത്ഭുതങ്ങളും സംഭവിക്കുവാന്‍ നിന്റെ കരം നീട്ടേണമേ!” (അപ്പൊ ൪:൨൩-൩൦). ഇതില്‍നിന്നും അന്നത്തെ വിശ്വാസികള്‍ പ്രാര്‍ഥിച്ചിരുന്നത് ഏകനായ ദൈവത്തോടായിരുന്നു എന്നും യേശുവിനെ അവര്‍ ദൈവത്തിന്റെ പരിശുദ്ധ ദാസനായിട്ടാണ് കണ്ടിരുന്നത്‌ എന്നും വ്യക്തമാണ്. സ്രഷ്ടാവിന് പകരം സൃഷ്ടികളെ ആരാധിക്കുന്നവര്‍ക്കുള്ള ശിക്ഷയെ സംബന്ധിച്ച് റോമക്കാര്‍ ൧:൨൪-൩൨ വചനങ്ങളില്‍ പരാമര്‍ശമുണ്ട്.
*************
” മര്‍യമിന്റെ പുത്രന്‍ മസീഹ് തന്നെയാണ് അല്ലാഹു എന്ന് പറഞ്ഞവര്‍ തീര്‍ച്ചയായും സത്യം നിഷേധിച്ചിരിക്കുന്നു. വാസ്തവത്തില്‍ മസീഹ്
പറഞ്ഞത് ഇതാണ്: ‘ഇസ്രയേല്‍ സന്തതികളേ, എന്റെയും നിങ്ങളുടേയും നാഥനായ അല്ലാഹുവിന് നിങ്ങള്‍ ആരാധന ചെയ്യുക. അല്ലാഹുവിന് ആരെങ്കിലും ആരെയെങ്കിലും പങ്കുചേര്‍ത്താല്‍ അല്ലാഹു അവനു സ്വര്‍ഗം നിഷിദ്ധമാക്കുക തന്നെ ചെയ്യും. ആ അക്രമികള്‍ക്ക് സഹായികളായി ആരും ഉണ്ടാവുകയില്ല” (ഖുര്‍ആന്‍ ൫:൭൨).

“എനിക്ക് സ്വന്തമായി ഒന്നും ചെയ്യാന്‍ കഴിയുകയില്ല. കേള്‍ക്കുന്നത് പോലെ ഞാന്‍ വിധിക്കുന്നു. എന്റെ ഇഷ്ടമല്ല, എന്നെ അയച്ചവന്റെ ഇഷ്ടമാണ് ഞാന്‍ അന്വേഷിക്കുന്നത്” (യോഹ ൫:൩൦). ഈ വചനത്തിലൂടെ എത്ര സ്പഷ്ടമായാണ് യേശു തനിക്കു സ്വന്തമായി കഴിവുകലോന്നുമില്ലെന്നും, ദൈവം തന്നെ അയച്ചതാണെന്നും അവന്റെ ഇഷ്ടം നിറവേറ്റലാണ് തന്റെ ബാധ്യതയെന്നും വ്യക്തമാക്കുന്നത്.
യേശു ദൈവത്തെ ആശ്രയിക്കുന്നവന്‍
യേശു അത്ഭുതങ്ങള്‍ കാണിച്ചതെല്ലാം ദൈവം നല്‍കിയ ശക്തിയിലൂടെയായിരുന്നു. യേശു അതിയായി ദൈവത്തെ സ്നേഹിച്ചു. യേശുവിന് സ്വന്തമായി കഴിവുകളൊന്നുമില്ലെന്ന് യേശു തന്നെ വെളിപ്പെടുത്തി. പ്രസ്തുത ആശയങ്ങള്‍ വ്യക്തമാക്കുന്ന ബൈബിള്‍ വചനങ്ങള്‍ ശ്രദ്ധിക്കുക: “രോഗശാന്തി നല്‍കാന്‍ കര്‍ത്താവിന്റെ ശക്തി അവനിലുണ്ടായിരുന്നു” ലൂക്കോ ൫:൧൭).
ഈ വചനം വ്യാഖ്യാനിക്കുമ്പോള്‍, യേശു ത്രിത്വത്തില്‍ ഒന്നായതുകൊണ്ടാണ് കര്‍ത്താവിന്റെ ശക്തി അവനിലുണ്ടായത് എന്ന് ചിലര്‍ പറയാറുണ്ട്‌. അതായത്, ക്രിസ്തുവില്‍ ദൈവത്തിന്റെ അംശം ഉണ്ട് എന്നതിന് ഇത് തെളിവാക്കാറുണ്ട്‌. എന്നാല്‍ ഇതേ ചരിത്രം മത്തായിയില്‍ പറയുന്നേടത്ത് യേശു മനുഷ്യനാണെന്നും ഭൂമിയില്‍ രോഗശാന്തി നല്‍കാനും പാപമോചനം നല്‍കാനും ദൈവം അധികാരം നല്‍കി അയച്ച മനുഷ്യനാണ് യേശു എന്നും വ്യക്തമാക്കുന്നു. ചരിത്രം ശ്രദ്ധിക്കുക: “ആളുകള്‍ ഒരു തളര്‍വാത രോഗിയെ കിടന്ന കിടക്കയോടെ അവന്റെ അടുക്കല്‍ കൊണ്ടുവന്നു. അവരുടെ വിശ്വാസം കണ്ടു യേശു ആ തളര്‍വാതക്കാരനോട് പറഞ്ഞു: ‘മകനേ, ധൈര്യമായിരിക്കൂ. നിന്റെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു.’ അപ്പോള്‍ ചില വേദജ്ഞര്‍ ഉള്ളില്‍ പിറുപിറുത്തു: ‘ഈ മനുഷ്യന്‍ ദൈവദൂഷണം പറയുന്നു’. അവരുടെ വിചാരങ്ങള്‍ മനസ്സിലാക്കി യേശു പറഞ്ഞു: നിങ്ങള്‍ മനസ്സില്‍ തിന്മ വിചാരിക്കുന്നതെന്തിന്? ‘നിന്റെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു’ എന്ന് പറയുന്നതോ ‘എഴുന്നേറ്റു നടക്കുക’ എന്ന് പറയുന്നതോ ഏതാണ്‌ എളുപ്പം? എന്നാല്‍ മനുഷ്യപുത്രന് ഭൂമിയില്‍ പാപമോചാനാധികാരം ഉണ്ട് എന്ന് നിങ്ങള്‍ അറിയാന്‍ വേണ്ടി. പിന്നെ അവന്‍ തളര്‍വാത രോഗിയോട് കല്പിച്ചു: ‘എഴുന്നേറ്റ് നിന്റെ കിടക്കയും എടുത്തു വീട്ടില്‍ പോവുക’. അയാള്‍ എഴുന്നേറ്റ് വീട്ടിലേക്കു പോയി. ഇത് കണ്ട ജനക്കൂട്ടം ഭയപ്പെട്ടു. ഇങ്ങനെയുള്ള അധികാരം മനുഷ്യര്‍ക്ക്‌ നല്‍കിയ ദൈവത്തെ അവര്‍ സ്തുതിച്ചു”(മത്തായി ൯:൧-൮).
ഇവിടെ ഒരു കാര്യം പ്രത്യേകം ശ്രദ്ധേയമാണ്. ഈ അത്ഭുതം ദര്‍ശിച്ച ജനങ്ങള്‍ യേശുവിന്റെ മുമ്പില്‍ മുട്ട് കുത്തി പ്രാര്‍ഥിക്കുകയോ വണ ങ്ങുകയോ യേശുവിനെ പ്രകീര്‍ത്തിക്കുകയോ ചെയ്തില്ല. പകരം ഈ കഴിവ് യേശുവിന് നല്‍കിയ ദൈവത്തെയാണ് അവര്‍ സ്തുതിച്ചത്. “എനിക്ക് സ്വന്തമായി ഒന്നും ചെയ്യാന്‍ കഴിയുകയില്ല. കേള്‍ക്കുന്നതുപോലെ ഞാന്‍ വിധിക്കുന്നു. എന്റെ ഇഷ്ടമല്ല, എന്നെ അയച്ചവന്റെ ഇഷ്ടമാണ് ഞാന്‍ അന്വേഷിക്കുന്നത്”(യോഹ ൫:൩൦). ഈ വചനത്തിലൂടെ എത്ര സ്പഷ്ടമായാണ് യേശു തനിക്ക് സ്വന്തമായി കഴിവുകളൊ ന്നുമില്ലെന്നും ദൈവം തന്നെ അയച്ചതാണെന്നും അവന്റെ ഇഷ്ടം നിറവേറ്റലാണ് തന്റെ ബാധ്യതയെന്നും വ്യക്തമാക്കുന്നത്? “യേശു ഒരിക്കല്‍ ഒരു അന്ധനെ കാണുകയും നിലത്ത്‌ മണ്ണില്‍ തുപ്പിയിട്ട് ആ ചെളിയെടുത്ത് അന്ധന്റെ കണ്ണില്‍ പൂശി ‘ശിലോഹോം’ കുളത്തില്‍ പോയി കഴുകാന്‍ കല്‍പ്പിച്ചു. അയാള്‍ കഴുകുകയും കാഴ്ച ലഭിക്കുകയും ചെയ്തു. അന്ന് മോശയുടെ നിയമപ്രകാരം ശാബത്ത് എന്ന് പറയുന്ന ജനങ്ങള്‍ വിശ്രമിക്കേണ്ട ആഴ്ചയിലെ അവസാന ദിവസമായിരുന്നു. കാഴ്ച ലഭിച്ച അന്ധനെ ജനങ്ങള്‍ കണ്ടപ്പോള്‍ അത്ഭുതം കൂറുകയും അയാള്‍ തന്നെയോ എന്ന് തര്‍ക്കിക്കുകയും ചെയ്തു. യേശുവിലൂടെ തനിക്ക് കാഴ്ച ലഭിച്ചു എന്ന് അയാള്‍ അവരോടു പറഞ്ഞതിനാല്‍ അവര്‍ അയാളെ മോശയുടെ നിയമം ആചരിക്കുന്ന പണ്‍ധിതന്മാരുടെ അടുക്കല്‍ കൊണ്ടുപോയി. അവര്‍ അയാളോട് കാര്യങ്ങള്‍ അന്വേഷിക്കുകയും അയാള്‍ നടന്നതെല്ലാം അവരെ അറിയിക്കുകയും ചെയ്തു. അവര്‍ ഇത് കേട്ട് യേശു ശാബത്ത് ആചരിക്കാത്തതിനാല്‍ ദൈവത്തില്‍നിന്നുള്ളവനല്ലാ എന്നും, പാപിയായ മനുഷ്യന് അത്തരം അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാന്‍ എങ്ങനെ കഴിയും എന്നും പറഞ്ഞു ഭിന്നതയിലായി.ഫരിസേയര്‍ ( നിയമപണ്‍ധിതര്‍) അന്ധനായിരുന്ന വ്യക്തിയുടെ മാതാപിതാക്കളെ വിളിച്ചു തെളിവെടുപ്പ് നടത്തി. ഒടുവില്‍ അവര്‍ അയാളോട് ഇങ്ങനെ പറഞ്ഞു: ‘ദൈവം മോശയോട് സംസാരിച്ചിട്ടുണ്ടെന്ന് ഞങ്ങള്‍ക്കറിയാം. എന്നാല്‍ ഇവന്‍ (യേശു) എവിടെ നിന്ന് വരുന്നു എന്ന് ഞങ്ങള്‍ക്കറിഞ്ഞുകൂടാ.’ ആ മനുഷ്യന്‍ പറഞ്ഞു: ‘എന്ത്? ഇതൊരത്ഭുതം തന്നെ! അവന്‍ എവിടെനിന്ന് വരുന്നു എന്ന് നിങ്ങള്‍ക്കടിഞ്ഞു കൂടാ എങ്കിലും അവന്‍ എന്റെ കണ്ണുകള്‍ തുറന്നു. നമുക്കറിയാം ദൈവം പാപികളെ ചെവിക്കൊള്ളുന്നില്ല. എന്നാല്‍ ദൈവത്തെ ആരാധിക്കുകയും അവന്റെ തിരുഹിതം നിറവേറ്റുകയും ചെയ്യുന്നവനെ ദൈവം ചെവിക്കൊള്ളുന്നു. ലോകാരംഭം മുതല്‍ ഇന്നോളം ആരെങ്കിലും ഒരു കുരുടന്റെ കണ്ണ് തുറന്നതായി കേട്ടിട്ടില്ല. ദൈവത്തില്‍ നിന്നുള്ളവനായിരുന്നില്ലെങ്കില്‍ ഈ മനുഷ്യന് ഒന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ല” (യോഹന്നാന്‍ ൧:൧-൩൩).
ഈ കഥയും യേശു ദൈവത്തെ ആരാധിക്കുകയും ദൈവത്തിന്റെ ഹിതം നിറവേറ്റുകയും ചെയ്യുന്ന ഒരു മനുഷ്യനായിരുന്നു എന്ന് വ്യക്തമാക്കുന്നുണ്ട്. ബേഥ ന്യായിലെ മരണപ്പെട്ട ലാസറിനെ യേശു മരണത്തില്‍നിന്നും ഉയിര്‍പ്പിച്ച കഥയില്‍നിന്നും നമുക്കിത് ഗ്രഹിക്കാം. “മരണപ്പെട്ടവന്റെ സഹോദരിയായ മാര്‍ത്ത യേശുവോട്‌
പറഞ്ഞു: ‘കര്‍ത്താവേ,നീ ഇവിടെ ഉണ്ടായിരുന്നെങ്കില്‍ എന്റെ സഹോദരന്‍ മരിക്കില്ലായിരുന്നു. ഇപ്പോഴും നീ ദൈവത്തോട് എന്ത് അപേക്ഷിച്ചാലും ദൈവം നിനക്ക് തരും
എന്ന് ഞാന്‍ അറിയുന്നു.’ യേശു പറഞ്ഞു: ‘നിന്റെ സഹോദരന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കും” (യോഹ ൧൧:൨൧-൨൩). “യേശു ദു:ഖ വിവശനായി കല്ലറയുടെ അടുക്കല്‍ വന്നു. അത് ഒരു ഗുഹയായിരുന്നു. ഒരു കല്ലും അതിന്മേല്‍ വെച്ചിരുന്നു. ‘കല്ല്‌ നീക്കുവിന്‍’എന്ന് യേശു പറഞ്ഞു. മരിച്ചവന്റെ സഹോദരി മാര്‍ത്ത പറഞ്ഞു: കര്‍ത്താവേ, ഇതിനകം ദുര്‍ഗന്ധം ഉണ്ടായിക്കാണും, മരിച്ചിട്ട് നാല് ദിവസമായല്ലോ’. യേശു പറഞ്ഞു: ‘നീ വിശ്വസിച്ചാല്‍ ദൈവത്തിന്റെ മഹത്വം കാണും എന്ന് ഞാന്‍ നിന്നോട് പറഞ്ഞില്ലേ?’അവര്‍ കല്ല്‌ നീക്കി. യേശു മേല്പോട്ട് നോക്കി ഇങ്ങനെ പറഞ്ഞു: ‘പിതാവേ, നീ എന്റെ പ്രാര്‍ത്ഥന കേട്ടതിനാല്‍ ഞാന്‍ നിന്നെ വാഴ്ത്തുന്നു. നീ ഇപ്പോഴും എന്റെ അപേക്ഷ കേള്‍ക്കുന്നു എന്ന് ഞാന്‍ അറിഞ്ഞിരിക്കുന്നു. എങ്കിലും നീ എന്നെ അയച്ചു എന്ന് ചുറ്റും നില്‍ക്കുന്ന ജനം വിശ്വസിക്കേണ്ടാതിന്‌ അവരുടെ നിമിത്തം ഞാന്‍ പറയുന്നു.’ഇങ്ങനെ പറഞ്ഞിട്ട് അവന്‍ ‘ ലാസറെ പുറത്തു വരിക’ എന്ന് ഉറക്കെ വിളിച്ചു. മരിച്ചവന്‍ പുറത്ത്‌ വന്നു”(യോഹ ൧൧:൩൮-൪൩).
ഇവിടെ മാര്‍ത്തയുടെ വിശ്വാസം തന്നെ ശ്രദ്ധേയമാണ്. ‘ നീ ദൈവത്തോട് എന്ത് അപേക്ഷിച്ചാലും ദൈവം നിനക്ക് തരും എന്ന് ഞാന്‍ അറിയുന്നു’ എന്നാണല്ലോ അവള്‍ പറഞ്ഞത്. യേശുവിന്റെ സ്വന്തം കഴിവുകൊണ്ട് എന്തും സംഭവിക്കും എന്നല്ല അവള്‍ പറഞ്ഞത്. യേശു ദൈവത്തോട് പ്രാര്‍ഥിച്ചു, ദൈവം പ്രാര്‍ത്ഥന സ്വീകരിച്ചു. യേശു അത്ഭുതങ്ങള്‍ കാണിക്കുന്നത് യേശുവിനെ ദൈവം അയച്ചു എന്ന് ജനങ്ങള്‍ മനസ്സിലാക്കുന്നതിനാണ് എന്ന് പ്രാര്‍ഥനയിലെ വാക്യങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. ഇനിയും കാണുക: ” കഠിന വേദനയിലായിരുന്ന അവന്‍ ഒലിവു മലയില്‍ വെച്ച് മുട്ടുകുത്തി ഉള്ളുരുകി പ്രാര്‍ഥിച്ചു. അവന്റെ വിയര്‍പ്പു തുള്ളികള്‍ വലിയ രക്തത്തുള്ളികള്‍ പോലെ ആയി നിലത്ത് വീണു. അപ്പോള്‍ അവനെ ശക്തിപ്പെടുത്താന്‍ സ്വര്‍ഗത്തില്‍ നിന്ന് ഒരു മാലാഖ പ്രത്യക്ഷപ്പെട്ടു.”(ലൂക്കോസ് ൨൨:൩൯-൪൬). ക്രിസ്ത്യാനികളുടെ വിശ്വാസംപോലെ യേശു ദൈവമോ ത്രിത്വത്തില്‍ ഒന്നോ ദൈവപുത്രനോ ആയിരുന്നെങ്കില്‍ നിശ്ചയമായും മാലാഖയെക്കാള്‍ കഴിവും ഉന്നതിയും ഉണ്ടാകുമായിരുന്നു. അതുകൊണ്ട് തന്നെ മാലാഖയുടെ ശക്തിപ്പെടുത്തല്‍ ആവശ്യമാകുമായിരുന്നില്ല. യേശു ദൈവത്തോട് പ്രാര്‍ഥിക്കുകയും ദൈവത്തെ ആരാധിക്കുകയും ചെയ്തു എന്ന് വ്യക്തമാക്കുന്ന ഏതാനും ബൈബിള്‍ വചനങ്ങള്‍ കൂടി കാണുക:
“ആ ദിവസങ്ങളില്‍ അവന്‍ പ്രാര്‍ഥിക്കാന്‍ മലയിലേക്കു പോയി. രാത്രി മുഴുവന്‍ അവന്‍ ദൈവത്തോട് പ്രാര്‍ഥിച്ചുകൊണ്ടിരുന്നു” (ലൂക്കോ ൬:൧൨).
“അവന്‍ മരുഭൂമിയിലേക്ക് പിന്‍വാങ്ങി പ്രാര്‍ഥിച്ചു കൊണ്ടിരുന്നു” (ലൂക്കോ ൫:൧൬).
“അവന്‍ നിലത്ത് വീണു പ്രാര്‍ഥിച്ചു, കഴിയുമെങ്കില്‍ ഈ നാഴിക തന്നില്‍നിന്നകന്നു പോവേണമേ”(മാര്‍ക്കോ ൧൪: ൩൫,൩൬).
യേശു പ്രാര്‍ഥിക്കുന്നത് സംബന്ധമായി ഇനിയും ധാരാളം സ്ഥലങ്ങളില്‍ കാണാം. ലൂക്കോ ൧൧:൧, ൧൦:൨൧, മാര്‍ക്കോസ് ൬:൪൬, മത്തായി ൧൧:൨൫,൨൬ , യോഹ ൧൭;൨൧-൨൬.എന്നീ വചനങ്ങള്‍ അവയില്‍ പെടുന്നു. യേശു പ്രാര്‍ഥിക്കുകയും ആശ്രയിക്കുകയും ആരാധനകളര്‍പ്പിക്കുകയും ചെയ്ത അതേ ദൈവത്തോടാണ് പ്രാര്‍ഥിക്കേണ്ടത്. യേശുവോട്‌ പ്രാര്‍ഥിക്കുകയും യേശുവിനെ ദൈവമായി കാണുകയും ചെയ്യുന്നവര്‍ യേശുവിന്റെ മതത്തില്‍നിന്നും വ്യത്യസ്തമായ മറ്റൊരു മതമാണ്‌ ആചരിക്കുന്നതെന്ന് ഈ ബൈബിള്‍ വചനങ്ങളില്‍ നിന്നും മനസ്സിലാവും.