സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Saturday 20 September 2014

ഇസ്ലാം മതത്തിന്റെ മാഹാത്മ്യം

താനും ചില ആരാധനാകര്‍മ്മങ്ങളില്‍ ഒതുങ്ങിനില്‍ക്കുന്ന മതത്തിന് മനുഷ്യനെ പുരോഗതിയിലേക്ക് നയിക്കാന്‍ സാധിക്കുകയില്ല. ഒരുപിടി ആചാരങ്ങളും ലക്ഷ്യമില്ലാത്ത യുക്തിയുടെയും ചിന്തയുടെയും പിന്‍ബലമില്ലാത്ത ഏതാനും ഐതിഹ്യങ്ങളുമാണ് മതം എന്നുകേള്‍ക്കുമ്പോള്‍ ആധുനിക മനുഷ്യന്റെ സ്മൃതിപഥത്തില്‍ എത്തുന്നത്.
മനുഷ്യന്റെ നിര്‍മ്മാണവാസനയും പുരോഗമന ചിന്തയും തളര്‍ത്തുകയും കലയുടെയും ശാസ്ത്രത്തിന്റെയും മുന്നില്‍ മാര്‍ഗതടസ്സം സൃഷ്ടിക്കുകയുമാണ് മതം. മനുഷ്യന്റെ സ്വാതന്ത്യ്രത്തിനും വ്യക്തിയുടെ അവകാശങ്ങള്‍ക്കും മതം എതിരാണ്. പുരോഹിതന്മാരുടെയും മേധാവികളുടെയും ചൂഷണോപാധികളുടെയും ബൂര്‍ഷ്വായിസത്തിന്റെയും മുതലാളിത്തത്തിന്റെയും രക്ഷാകവചമാണ് മതം. മര്‍ദ്ദിതരുടെയും പീഡിതരുടെയും ഗളങ്ങളില്‍ തൂങ്ങിക്കിടക്കുന്ന കൊലക്കയറാണ്, മാനവതയുടെ തലക്കു മുകളിലെ ഡമോക്രസിന്റെ വാളാണ്, കാടത്തത്തിന്റെ പ്രതീകമാണ് എന്നൊക്കെ മതങ്ങള്‍ക്കെതിരെ പ്രചണ്ഡമായ പ്രചാരവേലകള്‍ നിരന്തരമായി നടക്കുന്നു.
മദ്ധ്യകാല യൂറോപ്പിലെ ക്രൈസ്തവാധിപത്യവും ചര്‍ച്ച് മേധാവിത്തവും ഈ ധാരണയുണ്ടാക്കുന്നതില്‍ വലിയ പങ്കാണ് വഹിച്ചത്. ബൈബിള്‍ കഥകളുടെ സംരക്ഷണത്തിനുവേണ്ടി ക്രൈസ്തവ യൂറോപ്പ് ചിന്തയെയും ശാസ്ത്രത്തെയും അടിച്ചമര്‍ത്തി. ശാസ്ത്ര ഗവേഷണത്തിലേര്‍പ്പെടുന്നത് പൊറുക്കപ്പെടാത്ത പാപമായി അവര്‍ കണക്കാക്കി. അനേകം ചിന്തകരെയും ശാസ്ത്രജ്ഞരെയും അവര്‍ ചുട്ടുകൊന്നു. നാല്‍ക്കവലകളില്‍ മുക്കാലിയില്‍ കെട്ടിത്തൂക്കി ശാസ്ത്രജ്ഞരെ ക്രൂരമായി പീഡനങ്ങളേല്‍പ്പിച്ചു. കുന്തമുനകളാല്‍ കുത്തി കനലില്‍ കാട്ടി വറുത്തു. കത്തിയാളുന്ന അഗ്നിയിലേക്ക് വലിച്ചെറിഞ്ഞ് പ്രതിഭാധനന്മാരായ ശാസ്ത്രജ്ഞര്‍ ഹോമിക്കപ്പെട്ടു.
സമ്പത്തും സൌകര്യവുമെല്ലാം ചര്‍ച്ചും പ്രഭുക്കളും കരവലയത്തിലൊതുക്കി. അധ്വാനിക്കുന്ന തൊഴിലാളിക്കു കൂലിക്കുപകരം കൂലിചോദിക്കുന്നവന് ചാട്ടവാറടിയാണ് പ്രഭുക്കളില്‍ നിന്നു ലഭിച്ചത്. അടിയും പീഢനവുമേറ്റ് ചോരയൊലിക്കുന്ന ശരീരവുമായി അച്ഛന്റെ മുമ്പിലെത്തുന്ന പാവപ്പെട്ടവന് ലഭിച്ചിരുന്ന ആശ്വാവചനം ‘നിനക്ക് വിധിക്കപ്പെട്ടതാണിത്. നീ അത് സ്വീകരിക്കുക’ എന്നായിരുന്നു.
പുരോഹിതന്മാരും മതമേധാവികളും തങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് മതം വ്യാഖ്യാനിച്ചു. കീറിമുറിച്ചു. തങ്ങളുടെ സ്വാര്‍ഥതക്കുവേണ്ടി അവര്‍ മതത്തെ വിറ്റു. പ്രഭുക്കളും ജന്മികളും പൌരോഹിത്യത്തിന്റെ മറക്കുപിന്നില്‍ ഊക്കന്‍ സാമ്രാജ്യങ്ങള്‍ പണിതു. മനുഷ്യനെ അടിമയാക്കാനും കൂലികൊടുക്കാതെ പണിയെടുപ്പിക്കാനും ധനപൂജകര്‍ക്ക് അനുകൂല സാഹചര്യം ചര്‍ച്ചുണ്ടാക്കിക്കൊടുത്തു. ഏതു തിന്മയുടെ വക്താവായാലും ആഴ്ചയിലൊരിക്കല്‍ പുരോഹിതനുമുന്നില്‍ കാണിക്ക സമര്‍പ്പിച്ചു കുമ്പസരിച്ചാല്‍ സര്‍വ്വം പൊറുക്കപ്പെടുമെന്ന് പുരോഹിതന്മാര്‍ ജനങ്ങളെ പഠിപ്പിച്ചു. ഈ പാഠം ചൂഷക വിഭാഗത്തില്‍ സംരക്ഷണമേകി. പുരോഹിതന്റെ അംഗീകാരത്തോടെ പലിശയും വ്യഭിചാരവും കൊള്ളലാഭവും ജനമര്‍ദ്ദനവുമൊക്കെ ആവാമെന്നായി.
സാമ്പത്തിക സാമൂഹിക വൈജ്ഞാനിക രംഗങ്ങളില്‍ നിന്നൊക്കെ മതത്തിന്റെ വേരറുത്ത് മതത്തെ പള്ളിയുടെ നാലുകെട്ടിനുള്ളില്‍ തളച്ചിടാന്‍ തയ്യാറായി. ഐതിഹ്യങ്ങളിലും സങ്കല്‍പ്പ കഥാപാത്രങ്ങളിലും വിശ്വസിച്ചിരുന്ന എല്ലാ മതവിഭാഗങ്ങളുടെയും മൊത്തം നിലപാട് ഇതുതന്നെയായിരുന്നു. താരസമൂഹങ്ങളെയും ഗ്രഹങ്ങളെയും ആരാധിച്ചിരുന്ന ഗ്രീക്കുകാരും ഭതിക വസ്തുക്കളില്‍ മുഴുവന്‍ ദിവ്യത്വം കല്‍പ്പിച്ച ഇന്ത്യക്കാരും ശാസ്ത്രത്തിന്റെ മുന്നേറ്റത്തില്‍ മതം അടിമറിയുന്നതായി കണ്ടു.
പുരോഹിതനായ കോപ്പര്‍ നിക്കസിനെയും തികഞ്ഞ കാത്തോലിക്കാ മത വിശ്വാസിയായിരുന്ന ഗലീലിയോവിനെയും മതത്തിന്റെ അന്തകരായാണ് ക്രൈസ്തവ സഭ കണ്ടത്. ഭൂമി സൂര്യനുചുറ്റും കറങ്ങുന്നത് കണ്ണില്‍ കണ്ട ഗലീലിയോ പോപ്പിനോട് കേണപേക്ഷിച്ചു. ‘തിരുമേനി, സൂര്യനു ചുറ്റും കറങ്ങാന്‍ ദയവായി ഭൂമിക്ക് അനുവാദം നല്‍കേണമേ.’
ഇത് വേദപുസ്തകത്തിനെതിരാണ്. വിശ്വാസത്തിനെതിരാണ്. സഭയുടെ നിലനില്‍പ്പിനെ ബാധിക്കുന്ന പ്രശ്നമാണ്. സാധ്യമല്ലാത്തത് എഴുതരുത്. പറയരുത്. വിശ്വസിക്കരുത് എന്നായിരുന്നു പോപ്പിന്റെ മറുപടി. പക്ഷേ, സഭയെ ഞെട്ടിപ്പിച്ചുകൊണ്ട് ഗലീലിയോ തന്റെ വിപ്ളവ കൃതിയായ ഡയലോഗ് പ്രസിദ്ധീകരിച്ചപ്പോള്‍ അവരദ്ദേഹത്തെ ക്രൂരമായി ശിക്ഷിച്ചു. കല്‍തുറുങ്കിലടച്ച് പീഢനങ്ങളേല്‍പ്പിച്ചു. ജീവപര്യന്തം തടവു ശിക്ഷ. ആ മഹാനായ ശാസ്ത്രജ്ഞന്‍ വീട്ടുതടങ്കലില്‍ കിടന്നു മരിച്ചു.
ആയിരക്കണക്കില്‍ ശാസ്ത്രജ്ഞന്മാരുടെയും ചിന്തകന്മാരുടെയും പ്രാണനപഹരിച്ച മനുഷ്യനിര്‍മ്മിത മതങ്ങളുടെ സര്‍വ്വാധിപത്യവും പൌരോഹിത്യവും മനുഷ്യനെ മതത്തിനെതിരെ തിരിച്ചുവിട്ടു. മതം ശാസ്ത്രത്തിനും ചിന്തക്കും എതിരാണെന്ന ധാരണ പരത്തി. ചിന്തിക്കുന്ന ലോകത്തോട് ‘നിങ്ങള്‍ കര്‍ത്താവോട് പ്രാര്‍ഥിക്കുക മാത്രം ചെയ്യുക’ എന്ന പുരോഹിതരുടെ ഉപദേശം അവര്‍ തിരസ്കരിച്ചു.
അരിസ്റ്റോട്ടിലിന്റെ നിഗമനങ്ങള്‍ വേദവാക്യം പോലെ വിശ്വസിച്ചിരുന്ന കാലത്ത് ഗലീലിയോ അത് തിരുത്തി. സൂര്യന്‍ നിശ്ചലമാണെന്നും ഭൂമി സൂര്യനുചുറ്റും കറങ്ങുകയാണെന്നും ഗലീലിയോ പറഞ്ഞു. ഗലീലിയോയുടെ ചില നിഗമനങ്ങള്‍ ആധുനിക ശാസ്ത്രം തിരുത്തി. സൂര്യന്‍ കറങ്ങുന്നുണ്ടെന്ന് ഇന്ന് ലോകം വിശ്വസിക്കുന്നു. ഇങ്ങനെ കാലത്തിന്റെ പുരോഗതിക്കനുസരിച്ച് മാറിവരുന്ന ശാസ്ത്രനിഗമനങ്ങള്‍ പോലെ തിരുത്തപ്പെടുന്ന മതത്തിന് മാനവതയുടെ മൊത്തം പുരോഗതി കാഴ്ചവെക്കാന്‍ കഴിയില്ല.
മനുഷ്യപ്രകൃതിക്കും സ്വഭാവത്തിനും നിരക്കാത്ത തത്വങ്ങള്‍ പ്രമാണങ്ങളാക്കിയ മതങ്ങള്‍ക്ക് കാലത്തിന്റെ വെല്ലുവിളി നേരിടാനാകില്ല. സാര്‍വ്വകാലികമായിരിക്കണം ബുദ്ധിമാന്‍ സ്വീകരിക്കുന്ന മതതത്വങ്ങള്‍. ഭാഷയുടെയോ സ്ഥലകാലങ്ങളുടെയോ വര്‍ഗവര്‍ണങ്ങളുടെയോ പരിധിക്കുള്ളില്‍ ഒതുക്കി നിര്‍ത്തിയ മതം ബുദ്ധിജീവിയെ തൃപ്തിപ്പെടുത്തുകയില്ല. മനുഷ്യനെ ഒന്നായിക്കാണാനും മാനവതയെ മൊത്തത്തില്‍ ഉള്‍ക്കൊള്ളാനും മതത്തിന് കഴിയണം. പ്രകൃതിയുടെ നിയമങ്ങളെ വെല്ലുവിളിക്കുന്ന മതത്തിന് ജീവിക്കാന്‍ സാധ്യമല്ല. പ്രകൃതിയോടിണങ്ങിച്ചേരുന്നതായിരിക്കണം മതവും നിയമങ്ങളും.
ജീവിതത്തിന്റെ സര്‍വ്വതുറകളിലും മതത്തിന് പ്രവേശനമുണ്ടാകണം. നിശ്ചിത മൂലയില്‍ ഒതുങ്ങിക്കൂടുന്ന മതത്തിന്റെ ആവശ്യം മനുഷ്യനില്ല. ഭൌതികലോകത്ത് ജീവിക്കുന്ന മനുഷ്യന്റെ മതം ഭൌതിക പ്രപഞ്ചത്തെ പാടേ വിസ്മരിച്ചുകൂടാ. പൌരോഹിത്യവും ബ്രഹ്മചര്യയും ഭൌതിക പരിത്യാഗവും നിര്‍ബന്ധിക്കുന്ന മതം മനുഷ്യമനസ്സിന്റെ അസ്വസ്ഥതക്ക് പരിഹാരമാവുകയില്ല. ആത്മാവിനെയും അഭൌതിക ലോകത്തെയും അവഗണിക്കുന്ന പ്രസ്ഥാനങ്ങളഉടെ സ്ഥിതിയും ഇതുതന്നെ. ആത്മീയ ഭൌതിക സമന്വയമായിരിക്കണം മതത്തിന്റെ പാഠങ്ങള്‍.
സര്‍വ്വരംഗങ്ങളിലും സ്വന്തമായ കാഴ്ചപ്പാടും ആദര്‍ശവും ചിന്തയും ശൈലിയും ലക്ഷ്യവും മാര്‍ഗവും മതത്തിനുണ്ടാകണം. സമഗ്രവീക്ഷണവും സമ്പൂര്‍ണ വ്യവസ്ഥയുള്ള ശാസ്ത്രവും സാംസ്കാരികവുമുള്ള ഒരു മതം മാത്രമേ മനുഷ്യനു സ്വീകരിക്കാന്‍ കൊള്ളുകയുള്ളൂ.
ഇസ്ലാം മതത്തിന്റെ മാഹാത്മ്യം ഇവിടെയാണ് ബോധ്യപ്പെടുക. നിസ്തുലമായ ആത്മീയപ്രസ്ഥാനം. സമഗ്രമായ ഒരു ജീവിതപദ്ധതി. സാമ്പത്തിക വ്യവസ്ഥിതി, രാഷ്ട്രീയ സംവിധാനം പ്രായോഗിക നിയമ സമുച്ഛയം, സാര്‍വ്വജനീനികമായ പ്രസ്ഥാനം, ശാസ്ത്രത്തിനും കലക്കും ചിന്തക്കും ഗവേഷണത്തിനും നിസ്തുലസ്ഥാനം നല്‍കിയ പ്രത്യയശാസ്ത്രം, ഉദാത്തമായ സംസ്കാരം, വിശാലബോധമുള്ള സാമൂഹിക സംവിധാനം തുടങ്ങിയ നിലക്കൊക്കെ വ്യാഖ്യാനിക്കാവുന്ന വ്യാപ്തിയും ഘനവും ഗാംഭീര്യവും സാധുതയുമുള്ള ഒരു മതം ഇസ്ലാം മാത്രമാണ്.
വിശ്വാസരംഗം, നിയമരംഗം, സ്വഭാവ സംസ്കരണരംഗം, ചിന്താരംഗം ഇവയിലൊന്നും പ്രകൃതിയുമായി ഏറ്റുമുട്ടുന്ന ഒന്നും ഇസ്ലാമിലില്ല. പ്രകൃതിയുടെ സമ്പൂര്‍ണമായ വ്യാഖ്യാനമാണ് ഇസ്ലാം. പ്രകൃതിയുടെ ആത്യന്തിക സത്തയാണ് ഇസ്ലാം. അനശ്വരമായ സത്യവും നിത്യനൂതനമായ ധര്‍മ്മവുമാണത്. ശാസ്ത്രവും കലയും സേവനവും ഭരണവും ചിന്തയും പ്രസ്ഥാനവുമാണത്. ഭൌതികൌന്നത്യം അത് മനുഷ്യന് നേടിത്തരുന്നു. ആത്മീയവ്യക്തിത്വവും സമാധാനവും ശാന്തിയും അത് സമ്മാനിക്കുന്നു. ഐശ്വര്യവും സമൃദ്ധിയും അതിന്റെ ഫലങ്ങളത്രെ.
വിജ്ഞാനവും സംസ്കാരവും അത് പ്രചരിപ്പിക്കുന്നു. സമത്വവും സാഹോദര്യവും പ്രായോഗികമാക്കുന്നു. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം കുറക്കുന്നു. അജ്ഞതക്കും അധര്‍മ്മത്തിനും സങ്കുചിത ചിന്തക്കും വിഭാഗീയതക്കുമെതിരെ അത് സന്ധിയില്ലാസമരം ചെയ്യുന്നു. മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടിയുള്ള ജിഹാദിനാഹ്വാനം ചെയ്യുന്നു. അവസരസമത്വവും അധികാരവികേന്ദ്രീകരണവും നടപ്പിലാക്കുന്നു.
‘വിശ്വസിക്കുക, നീ കണ്ണടച്ചുകൊണ്ട്’ ചില മതങ്ങള്‍ മനുഷ്യനോട് പറഞ്ഞു. ഇസ്ലാം പറഞ്ഞതോ ‘നിങ്ങള്‍ സത്യവാന്മാരാണെങ്കില്‍ തെളിവ് കൊണ്ടുവരൂ. അന്ധമായി വിശ്വസിക്കാന്‍ കല്‍പ്പിച്ചില്ലെന്നു മാത്രമല്ല. വിശ്വാസ രംഗത്ത് അന്ധമായ അനുകരണത്തിന് ഇസ്ലാം സാധുത നല്‍കുക പോലും ചെയ്തിട്ടില്ല.’