സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Saturday, 20 September 2014

ഇസ്ലാമികാധ്യാപനങ്ങള്‍


(1) ആരാധന
നിശ്ചയം ഞാന്‍ മാത്രമാണ് ഇലാഹ്. ഞാനല്ലാതെ ഒരാരാധ്യനില്ല. എന്നെ നിങ്ങളാരാധിക്കുക. എന്നെ സ്മരിക്കാന്‍ വേണ്ടി നിസ്കാരം നിലനിര്‍ത്തുക (ഖുര്‍ആന്‍ 14/20). ആരാധന അല്ലാഹുവിന് മാത്രമാണ്. മനുഷ്യന്‍ അവന്റെ സ്രഷ്ടാവിന് ചെയ്യുന്ന പരമമായ കീഴ്വണക്കമാണ് ആരാധന. അല്ലാഹുവല്ലാതെ മറ്റാരും ഇതിനര്‍ഹരല്ല. ഇസ്ലാമിന്റെ ഏറ്റവും പ്രധാനമായ അടിസ്ഥാനാശയം തന്നെ ഇതാണ്.
കല്ലിനും കാഞ്ഞിരത്തിനും മുള്ളിനും മുരടിനുമൊക്കെ ആരാധിക്കുന്ന മനുഷ്യര്‍ വിവരക്കേടിന്റെ മഹാഗര്‍ത്തത്തിലാണാപതിച്ചിരിക്കുന്നത്. പാരമ്പര്യത്തിന്റെയും പൈശാചിക ദുര്‍ബോധനത്തിന്റെയും ശരീരേച്ഛയുടെയും ഇരുളില്‍ അന്ധരായിത്തീര്‍ന്നവരാണ് ബ ഹുദൈവാരാധനയുടെ കുരുക്കിലകപ്പെട്ടിരിക്കുന്നത്. താന്‍ നട്ടുണ്ടാക്കുന്ന മരത്തിന്റെ ചില്ല വെട്ടി കൊത്തിയുണ്ടാക്കുന്ന വിഗ്രഹത്തിനും താന്‍ പൊട്ടിച്ചെടുത്ത പാറക്കല്ലില്‍ തീര്‍ത്ത ശില്‍പ്പത്തിനും സര്‍പ്പത്തിനും സര്‍പ്പക്കാവിനും ഗൌളിക്കുമൊക്കെ ആരാധനയര്‍പ്പിക്കുന്നവര്‍ എത്ര ബുദ്ധിഹീനമായ വേലയാണ് ചെയ്യുന്നത്. തന്നെപ്പോലെ ഒരു മനുഷ്യനായ യേശുവിനെയും വെള്ളിക്കുരിശിനെയും തൊഴുന്നവരും വിഗ്രഹാരാധകരെപ്പോലെ തന്നെ വിവരദോഷികളത്രെ.
ദൈവത്തിനും മനുഷ്യനുമിടയില്‍ പൌരോഹിത്യത്തിന്റെ മതില്‍ക്കെട്ടുകളോ സന്യാസത്തിന്റെ മാന്ത്രിക ചരടുകളോ ഇല്ല. മനുഷ്യന്‍ സ്രഷ്ടാവിനെ ആരാധിക്കുന്നു. എന്നും എവിടെയും തനിക്കാരാധനയാകാം. ജീവിതത്തിന്റെ പുരോഗതിക്കോ ഐഹിക വിജയത്തിനോ അതെതിരല്ല. സമൂഹത്തിലെ ഏതാനും വ്യക്തികളുടെ കുത്തകയൊന്നുമല്ല ആരാധന. എല്ലാ വിശ്വാസിക്കും ചെയ്തു തീര്‍ക്കാനുള്ളതൊന്നാണ്.
ഏറ്റവും പ്രധാന ആരാധന നിസ്കാരമാണ്. അഞ്ചു നേരത്തെ നിര്‍ണിത സമയത്ത് എല്ലാ വിശ്വാസിയും അത് ചെയ്തു തീര്‍ക്കണം. വര്‍ഷത്തിലൊരു മാസം വ്രതമനുഷ്ഠിക്കുക, സമ്പന്നര്‍ സമ്പത്തിന്റെ നിശ്ചിത ശതമാനം ദരിദ്രര്‍ക്ക് കൊടുക്കുക. (സകാത്), ജീവിതത്തിലൊരിക്കലെങ്കിലും വിശുദ്ധ മക്കയില്‍ ചെന്ന് ഹജ്ജ് കര്‍മ്മം നിര്‍വ്വഹിക്കുക പ്രധാനാരാധനകളിതാണ്. പക്ഷേ, ഇവിടെ അവസാനിക്കുന്നില്ല. സല്‍ക്കര്‍മിയായ സത്യവിശ്വാസി സദുദ്ദേശ്യപൂര്‍വ്വം ചെയ്യുന്ന എല്ലാ നന്മകളും ആരാധന തന്നെ. സുഹൃത്തിന്റെ മുഖത്തുനോക്കി പുഞ്ചിരിക്കയും കുടുംബത്തെ പോറ്റാന്‍ വേണ്ടി അധ്വാനിക്കലുമെല്ലാം ആരാധനയാണെന്ന് ഇസ്ലാം പഠിപ്പിക്കുന്നു. മുസ്ലിമിന്റെ ജീവിതം മുഴുക്കെ ആരാധനയാണ്.
(2) സൌന്ദര്യബോധം
മലം, മൂത്രം, രക്തം, ഛര്‍ദിച്ചത്, ശവം, നായ, പന്നി തുടങ്ങിയ മാലിന്യങ്ങള്‍ ശറീരത്തിലോ ദേഹത്തിലോ ആകാതെ സൂക്ഷിക്കണമെന്നും അവ സ്പര്‍ശിച്ചാല്‍ കഴുകി ശുദ്ധി വരുത്തണമെന്നും അനുശാസിച്ചുകൊണ്ട് വൃത്തിക്കും ശുദ്ധിക്കും അതിമഹത്തായ സ്ഥാനമാണ് ഇസ്ലാം കല്‍പ്പിച്ചത്. നിസ്കാരം തുടങ്ങിയ ആരാധനകള്‍ക്കിതു നിര്‍ബന്ധം കൂടിയാണ്. മുസ്ലിം സദാ വൃത്തിയും ശുദ്ധിയുമുള്ളവനായിത്തീരാന്‍ ഇത് കാരണമായിത്തീരുന്നു.
ശാരീരികവും മാനസികവുമായ ആരോഗ്യം സമൂഹത്തിലെ എല്ലാ വ്യക്തിക്കും നിലനില്‍ക്കണം. ശരീരരക്ഷ ഉറപ്പുവരുത്തേണ്ടത് വ്യക്തിയുടെ ബാധ്യതയായി ഇസ്ലാം കാണുന്നു. പ്രജകളുടെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ ഭരണാധികാരികളെ ചുമതലയേല്‍പ്പിക്കുന്നുണ്ടെങ്കിലും വ്യക്തി തന്റെ കടമ നിര്‍വഹിക്കുന്നതില്‍ വീഴ്ച വരുത്തരുത്. ‘അല്ലാഹു അനുവദിച്ച സൌന്ദര്യങ്ങള്‍ക്ക്, അവന്‍ ഉത്പാദിപ്പിച്ച നല്ല ആഹാരങ്ങള്‍ക്ക് ആരാണ് വിലക്കേര്‍പ്പെടുത്തുന്നത്. നബി, തങ്ങള്‍ ചോദിക്കുക (ഖുര്‍ആന്‍ 32/7).
‘നബീ, തങ്ങള്‍ പ്രഖ്യാപിക്കുക. എന്റെ നാഥന്‍ വിലക്കിയത് പ്രത്യക്ഷവും പരോക്ഷവുമായ മ്ളേച്ഛതകളെയാണ്’ (ഖുര്‍ആന്‍). ഇത്തരം സൂക്തങ്ങളിലൂടെ പോഷകാഹാരങ്ങളും ശാരീരിക വികസനത്തിനാവശ്യമായ വിഭവങ്ങളും ആവശ്യാനുസരണം ആവാമെന്നും മതത്തിന്റെ പേരിലോ മറ്റോ അവക്ക് വിലക്കേര്‍പ്പെടുത്തി ആരോഗ്യത്തെ ഹനിച്ചു കളയരുതെന്നുമാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്.’
ശരീരത്തിന്റെ ആരോഗ്യവും സൌന്ദര്യവും നിലനില്‍ക്കാനാവശ്യമായ അനേകം നിയമങ്ങള്‍ ഇസ്ലാം അനുശാസിക്കുന്നു. ലഹരി ഉപയോഗം, വ്യഭിചാരം, ശവം തിന്നുക, മ്ളേച്ഛ വസ്തുക്കള്‍ ആഹരിക്കുക, നായ, പന്നി എന്നിവയുടെ മാംസം ഭക്ഷിക്കുക, അമിതാഹാരം തുടങ്ങിയ കാര്യങ്ങള്‍ ഇസ്ലാം കര്‍ശനമായി നിരോധിച്ചതിന്റെ പിന്നില്‍ വ്യക്തിയുടെയും സമൂഹത്തിന്റെയും ആരോഗ്യ സംരക്ഷണം പ്രധാനോപാധിയാണ്.
ഇസ്ലാം വിനയവും ലാളിത്യവുമാണ്. പക്ഷേ, ശരീരസൌന്ദര്യം വര്‍ധിപ്പിക്കുന്നതിനോ ഉടയാടകളിലും ജീവിതാവശ്യങ്ങളിലും ധൂര്‍ത്തിനും അമിതവ്യയത്തിനും ഇടയാകാത്ത വിധം വര്‍ണ വൈവിധ്യങ്ങള്‍ വരുത്തുന്നതിനോ ഇസ്ലാം എതിരല്ല. നബി(സ്വ) പറഞ്ഞു: ‘അല്ലാഹു സൌന്ദര്യവാനാണ്. സൌന്ദര്യത്തെ അവന്‍ ഇഷ്ടപ്പെടുന്നു. തന്റെ ദാ സന് താന്‍ നല്‍കിയ അനുഗ്രഹങ്ങളുടെ ലക്ഷണങ്ങള്‍ അവനില്‍ കാണണമെന്നാണ് അല്ലാഹു ഇഷ്ടപ്പെടുന്നത്.’
ശരീര സൌന്ദര്യവും ആരോഗ്യവും വര്‍ധിപ്പിക്കാനാവശ്യമായ വ്യായാമ മുറകളെ ഇ സ്ലാം പ്രോത്സാഹിപ്പിച്ചു. കഴിവിന്റെ പരമാവധി നിങ്ങള്‍ ശക്തിയാര്‍ജ്ജിക്കുക, ഖുര്‍ആന്‍ കല്‍പ്പിച്ചു. സന്താനങ്ങള്‍ക്ക് നീന്തവും ഏറും പഠിപ്പിക്കുക. നബി നിര്‍ദ്ദേശിച്ചു. ആരോഗ്യമുള്ള സമൂഹത്തിലെ നല്ല ചിന്തയും കണ്ടുപിടുത്തങ്ങളുമുണ്ടാകുകയുള്ളൂ എന്ന കാരണത്താല്‍ തന്നെ ശരീരത്തിന്റെ ആരോഗ്യാവസ്ഥ സംരക്ഷിക്കാന്‍ വ്യക്തിയെ ഇസ്ലാം നിര്‍ബന്ധിക്കുന്നു.
(3) ആദരം
മനുഷ്യന്‍ ആദരണീയ സൃഷ്ടിയാണ്. മനുഷ്യന്റെ ജാതിയോ ഭാഷയോ ഈ ആദരത്തിന് തടസ്സമല്ല. ‘മനുഷ്യനെ മനുഷ്യനായി കാണുക എന്ന അധ്യാപനം ലോകത്തിന് നല്‍കിയത് ഇസ്ലാമാകുന്നു. ഒരു കാരണവശാലും മനുഷ്യനെ തരംതാഴ്ത്തുകയോ അപമാനപ്പെടുത്തുകയോ ചെയ്തുകൂടാ. മനുഷ്യന്റെ ജീവനും അഭിമാനവും സംരക്ഷിക്കപ്പെടുക തന്നെ വേണം. ആദമിന്റെ സന്താനങ്ങളെ നാം ആദരിച്ചു. കടലിലും കരയിലും അവരെ നാം വഹിച്ചു. നല്ല ആഹാരങ്ങള്‍ അവര്‍ക്ക് നാം നല്‍കി. നാം സൃഷ്ടിച്ച മറ്റു പലരെക്കാളും അവരെ നാം ശ്രേഷ്ഠരാക്കി’ (ഖുര്‍ആന്‍ 17/17).
ഈ ആദരം മനുഷ്യശരീരത്തിനും ആത്മാവിനും ഇസ്ലാം കല്‍പ്പിക്കുന്നു. അന്യായമായി മനുഷ്യനെ അക്രമിക്കുന്നതും കൊലപ്പെടുത്തുന്നതും നിന്ദിക്കുന്നതുമൊക്കെ മനുഷ്യന് അല്ലാഹു നല്‍കിയ ആദരണീയ സ്ഥാനത്തെ അവഗണിക്കലായാണ് ഇസ്ലാം കാണുന്നത്.
(4) സമത്വം
മനുഷ്യര്‍ പരസ്പരം സഹോദരന്മാരാണ്. ഒരേ മാതാപിതാക്കളുടെ മക്കള്‍. അവര്‍ക്കിടയില്‍ തൊട്ടുകൂടായ്മയുടെ ഊക്കന്‍ മതില്‍ക്കെട്ടുകള്‍ തീര്‍ത്ത സമൂഹങ്ങളെയും സാമൂഹിക വ്യവസ്ഥിതികളെയും ഇസ്ലാം നിരാകരിക്കുന്നു.
അയിത്തവും തീണ്ടായ്മയും സ്ഥാപിച്ച് മനുഷ്യനെ തട്ടുകളാക്കി തിരിച്ചു, ഉന്നതന്മാര്‍ക്കും കൈയൂക്കുള്ളവര്‍ക്കും ഒരു വിഭാഗത്തെ ചൂഷണം ചെയ്ത് തടിച്ചുകൊഴുക്കാനുള്ള സാമൂഹിക സംവിധാനത്തെ ഇസ്ലാം എതിര്‍ത്തു. എല്ലാവിധ ഉച്ചനീചത്വങ്ങളും അസ്പൃശ്യതകളും ഇസ്ലാം നിരോധിച്ചു. മനുഷ്യ മാഹാത്മ്യം പരസ്പരം അംഗീകരിക്കാനും ഓരോരുത്തര്‍ക്കും മാന്യസ്ഥാനം നല്‍കി, അവരവരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും ഇസ്ലാം പഠിപ്പിച്ചു. ‘മനുഷ്യരേ, നിങ്ങളെ ഒരു പുരുഷനില്‍ നിന്നും ഒരു സ്ത്രീയില്‍ നിന്നുമാണ് പടച്ചത്. നിങ്ങളെ വിവിധ ഗോത്രങ്ങളും വംശങ്ങളുമാക്കിയത് നിങ്ങള്‍ പരസ്പരം അറിയാന്‍ വേണ്ടിയാണ്. നിങ്ങളില്‍ കൂടുതല്‍ ഭക്തര്‍ ആരോ അവരാണ് അല്ലാഹുവിങ്കല്‍ ഏറ്റവും ഉത്തമര്‍’ (ഖുര്‍ആന്‍ 13/49).
ഇസ്ലാമിക സമൂഹത്തില്‍ എല്ലാ അംഗങ്ങളും തുല്യരാണ്. നിയമവും ബാധ്യതകളും എല്ലാവര്‍ക്കും തുല്യമാണ്. എല്ലാവര്‍ക്കും നീതി ഇസ്ലാം ഉറപ്പു വരുത്തുന്നു. അനീതിയും അക്രമവും ഏതു ഭാഗത്തു നിന്നായാലും കര്‍ശനമായി ഇസ്ലാം അതിനെ നേരിടുന്നു. നിയമ ലംഘനവും ധിക്കാരവും ആരു കാണിച്ചാലും മുഖം നോക്കാതെ നടപടി സ്വീകരിക്കണമെന്ന് ഇസ്ലാം അനുശാസിക്കുന്നു. പരസ്പര സ്നേഹത്തിന്റെയും സമഭാവനയുടെയും ശീതളച്ഛായയില്‍ സ്നേഹവും സഹകരണവുമായി പരസ്പര സഹായത്തിലൂടെയും മമതയിലൂടെയും കെട്ടുറപ്പുള്ള സാമൂഹികാന്തരീക്ഷം ഉറപ്പുവരുത്തുകയാണ് ഇസ്ലാം. ‘നിങ്ങള്‍ നന്മയിലും ഭക്തിയിലും പരസ്പരം സഹായിക്കുക. തിന്മയിലും ശത്രുതയിലും സഹകരിക്കരുത്’ (ഖുര്‍ആന്‍ 2/5).
പരസ്പര സാഹോദര്യത്തിന്റെ വിഷയത്തില്‍ സമൂഹത്തെ ഇസ്ലാം കാണുന്നത് ഒരു ശരീരത്തെ പോലെയാണ്. ‘പരസ്പര സ്നേഹ കാരുണ്യത്തില്‍ മുസ്ലിമിന്റെ ഉപമ ഒരു ശരീരത്തെ പോലെയാണ്. തിരുനബി പറഞ്ഞു: ‘ശരീരത്തിലെ ഒരംഗത്തിന് രോഗമായാല്‍ മറ്റംഗങ്ങള്‍ പനി ബാധിച്ചും ഉറക്കമൊഴിച്ചും ആ രോഗത്തില്‍ പങ്കുചേരുന്നു’ (ഹദീസ്). സമൂഹാംഗത്തിലെ ഓരോ അംഗവും അപരന്റെ സന്തോഷത്തിലും ദുഃഖത്തിലും പങ്കുചേരുന്നു. പരസ്പര സ്നേഹത്തിന്റെ ശക്തമായ പാശം അവരെ ഒരൊറ്റ ശരീരമാക്കുന്നു. കുടുംബത്തിനോ വര്‍ഗ വര്‍ണങ്ങള്‍ക്കോ ചക്രവാളങ്ങളുടെ അകലത്തിനോ രാജ്യങ്ങളുടെ മനുഷ്യ നിര്‍മിതമായ അതിര്‍ത്തിക്കോ ഈ സാഹോദര്യത്തിന് തടസ്സം സൃഷ്ടിക്കാനാവില്ല. വിശ്വാസി എവിടെയായാലും ഏത് രാജ്യക്കാരനായാലും അവന്‍ അപരന്റെ സഹോദരനാണ്. വിശ്വമാകെ ഒരു സമൂഹവും കുടുംബവുമായാണ് ഇസ്ലാം കാണുന്നത്. ഇത്ര വിശാലമായ സാഹോദര്യ സിദ്ധാന്തവും സമത്വ വീക്ഷണവും മറ്റേതെങ്കിലും മതത്തിനോ തത്വശാസ്ത്രത്തിനോ ആവിഷ്കരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നത് സത്യമാണ്.
(5) സ്ത്രീകള്‍ക്ക് ബഹുമാനം
പുരുഷനെ പോലെ വികാരവിചാരങ്ങളും ചിന്തയും വീക്ഷണവും പ്രത്യേക വ്യക്തിത്വവുമുള്ളവരാണ് സ്ത്രീകളും. സമൂഹത്തില്‍ അവര്‍ക്ക് ആദരണീയ സ്ഥാനവും അംഗീകാരവും കിട്ടണം. ഇസ്ലാം കര്‍ശനമായി നിര്‍ദേശിക്കുന്നു. പെണ്‍കുട്ടി അവലക്ഷണമായി കരുതുന്നവരുണ്ട്. പെണ്‍കുട്ടി ഒരു ശപമായി കരുതിയവരും പെണ്ണിനെ പിശാചിന്റെ പ്രതീകങ്ങളായി ചിത്രീകരിച്ചവരും സര്‍വ വിപത്തിന്റെയും നാരായ വേരുകളാണ് സ്ത്രീകളെന്നു പ്രഖ്യാപിച്ചവരുമുണ്ട്.
ഇസ്ലാമിന്റെ ആവിര്‍ഭാവ കാലത്ത് സ്ത്രീ കേവലം സുഖോപകരണമായാണ് പരിഗണിക്കപ്പെട്ടിരുന്നത്. സ്വത്ത് കൈവശം വെക്കാനോ അഭിപ്രായം രേഖപ്പെടുത്താനോ അവള്‍ ക്കവകാശമുണ്ടായിരുന്നില്ല. സ്വന്തം ജീവിതത്തെ കുറിച്ച് പോലും അവളുടെ അഭിപ്രായം പരിഗണിച്ചിരുന്നില്ല. മാതാപിതാക്കളുടെ സ്വത്തില്‍ അവകാശം ലഭിച്ചിരുന്നില്ല. ഭര്‍ത്താവ് എന്ത് ക്രൂരത പ്രവര്‍ത്തിച്ചാലും അവളത് സഹിക്കണമെന്നായിരുന്നു നിയമം. പല ഗോത്രക്കാരും പെണ്‍കുട്ടികളെ ജീവനോടെ കുഴിച്ചുമൂടിയിരുന്നു.
ഇസ്ലാം സ്ത്രീയുടെ രക്ഷാകവചമായി. ‘സ്ത്രീകള്‍ പുരുഷന്മാരുടെ സഹോദരികള്‍ തന്നെയാണ്.’ പ്രവാചകന്‍ പ്രഖ്യാപിച്ചു. മാതാപിതാക്കളുടെയും സഹോദരന്മാരുടെയും മക്കളുടെയും സമ്പത്തില്‍ സ്ത്രീക്ക് അവകാശം നേടിക്കൊടുത്തു. സ്ത്രീയുടെ ഭാവി തീരുമാനിക്കാന്‍ അവള്‍ക്കാണധികാരമെന്ന് ഇസ്ലാം പ്രഖ്യാപിച്ചു. വിവാഹവേളയില്‍ പെണ്ണിന്റെ തൃപ്തി പരിഗണിക്കണമെന്നും അവള്‍ക്ക് അഭിപ്രായത്തിന് അവസരം നിഷേധിക്കരുതെന്നും ഇസ്ലാം നിര്‍ദേശിച്ചു. പൊതുകാര്യങ്ങളില്‍ വരെ അഭിപ്രായം പ്രകടിപ്പിക്കാനും സര്‍വ വിജ്ഞാനവും അഭ്യസിക്കാനും ഇസ്ലാം സ്വാതന്ത്യ്രം നല്‍കി. തന്റെ പരാതികളും പ്രശ്നങ്ങളും കോടതിയില്‍ ഉന്നയിക്കാനും നീതിക്കുവേണ്ടി വാദിക്കാനും അവള്‍ക്കവകാശം നല്‍കി. പെണ്‍കുട്ടികളെ കുഴിച്ചുമൂടുന്ന കാടന്‍ സമ്പ്രദായത്തിനെതിരെ പ്രവാചകന്‍ സജീവരംഗത്തിറങ്ങി. പെണ്‍കുട്ടി ഒരനുഗ്രഹമാണെന്ന ചിന്ത നബി (സ്വ) വളര്‍ത്തിയെടുത്തു.
പക്ഷേ, കാര്യങ്ങളെല്ലാം അതിന്റെ ശരിയായ വിധത്തില്‍ മാത്രം നോക്കിക്കാണുന്ന ഇസ്ലാം സ്വച്ഛന്ദവിഹാരിയായി ആരെയും വിട്ടിട്ടില്ല. പുരുഷനും പല രംഗത്തും ഇസ് ലാം നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. സ്ത്രീയുടെ ശാരീരിക മാനസിക പ്രകൃതിയും ലോലാവസ്ഥയുമെല്ലാം പരിഗണിച്ചു മൊത്തം സമൂഹത്തിന്റെ മേധാശക്തി പുരുഷനാണ് അല്ലാഹു നല്‍കിയത്. അതുകൊണ്ടുതന്നെ സ്ത്രീയെക്കാള്‍ ഒരുപടി ഉയര്‍ന്ന സ്ഥാനം ചില കാര്യങ്ങളില്‍ പുരുഷന് ഇസ്ലാം വകവെച്ചുകൊടുത്തിട്ടുണ്ട്. സ്ത്രീയുടെ പൂര്‍ണ സംരക്ഷണച്ചുമതലകളും പുരുഷനെയാണേല്‍പ്പിച്ചത്. സ്ത്രീക്ക് അടങ്ങിയൊതുങ്ങി സ്വസ്ഥതയും സ്വാതന്ത്യ്രവും അനുഭവിച്ച് സുഖസന്തോഷപൂര്‍വ്വം കഴിഞ്ഞു കൂടാനാവശ്യമായ നിയമങ്ങളാണ് ഇസ്ലാം അനുശാസിക്കുന്നത്.
(6) കുടുംബ രംഗം
സമൂഹത്തിന്റെ അടിസ്ഥാനഘടകമാണ് കുടുംബം. അതുകൊണ്ടുതന്നെ ഓരോ കുടുംബാന്തരീക്ഷവും സമാധാനപൂര്‍ണവും ശാന്തവുമാകണം. ഒരൂ തരത്തിലുള്ള അപസ്വരങ്ങളും കുടുംബാംഗങ്ങള്‍ക്കിടയിലുണ്ടാകരുത്. കുടുംബത്തിന്റെ ഉദാത്തവത്കരണത്തിനായി ഇസ്ലാം വളരെ ഗൌരവപൂര്‍വ്വം നിയമങ്ങളാവിഷ്കരിച്ചിട്ടുണ്ട്. ഭാര്യാഭര്‍തൃ ബന്ധങ്ങള്‍, മാതാപിതാക്കളും സന്താനങ്ങളും തമ്മിലുള്ള ബാധ്യതകള്‍, കുടുംബത്തിലെ ഓരോ അംഗത്തിനുമുള്ള അവകാശങ്ങള്‍ എല്ലാം ഇസ്ലാം വസ്തുനിഷ്ഠമായി നിര്‍വചിച്ചിരിക്കുന്നു. സ്നേഹം, കാരുണ്യം, വിട്ടുവീഴ്ച, പരസ്പരാദരം തുടങ്ങിയ സുദൃഢപാശ്വങ്ങളിലാണ് കുടുംബത്തെ ഇസ്ലാം ബന്ധിച്ചിരിക്കുന്നത്.
‘നിങ്ങള്‍ക്ക് സ്വസ്ഥത ലഭിക്കാന്‍ വേണ്ടി നിങ്ങളില്‍ നിന്നു തന്നെ നിങ്ങള്‍ക്ക് ഇണകളുണ്ടാക്കിയതും നിങ്ങള്‍ക്കിടയില്‍ സ്നേഹ കാരുണ്യങ്ങളുണ്ടാക്കിയതും അല്ലാഹുവിന്റെ ദൃഷ്ടാന്തമാണ്’ (ഖുര്‍ആന്‍ 21 -30).
ഭാര്യാഭര്‍തൃബന്ധങ്ങളും ബാധ്യതകളും ചര്‍ച്ച ചെയ്ത് സമഗ്രമായ നിയമസംഹിത അവതരിപ്പിക്കുകയും ഓരോരുത്തരുടെയും അവകാശങ്ങളും കടപ്പാടുകളും നിര്‍വ്വഹിക്കുകയും ചെയ്ത ശേഷം സുദൃഢമായ കുടുംബജീവിതത്തിന് വിട്ടുവീഴ്ചയുടെയും കാരുണ്യത്തിന്റെയും തണലുണ്ടാകണമെന്നുപദേശിച്ചുകൊണ്ടും വിശുദ്ധ ഖുര്‍ആന്‍ പറഞ്ഞു ‘അവരോട് നിങ്ങള്‍ നല്ല നിലക്ക് വര്‍ത്തിക്കുക.’ ‘സ്ത്രീക്ക് പുരുഷനോടുള്ളതുപോലെ പുരുഷന് സ്ത്രീയോടുമുണ്ട് കടപ്പാടുകള്‍.’
വിവാഹിതരാകുന്നതോടെ സ്ത്രീയുടെ മുഴുവന്‍ സംരക്ഷണച്ചുമതലകളും പുരുഷനിലാണ്. സ്ത്രീക്കാവശ്യമയ ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം മറ്റു സൌകര്യങ്ങളെല്ലാം പുരുഷന്‍ ഒരുക്കിക്കൊടുക്കണം. സ്ത്രീയുടെ വ്യക്തിപരമായ കാര്യങ്ങളിലും അവളുടെ സമ്പത്ത് കൈകാര്യം ചെയ്യുന്നതിലുമൊക്കെ അവള്‍ക്ക് പൂര്‍ണാവകാശമുണ്ട്. തനിക്കു ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ നഷ്പ്പെടുകയോ ലഭിക്കാതിരിക്കുകയോ ചെയ്യുമ്പോള്‍ ഭര്‍ത്താവിനെതിരെ നിയമനടപടികള്‍ സ്വീകരിക്കാനും ചില സാഹചര്യങ്ങളില്‍ ഭര്‍ത്താവിനെ ഉപേക്ഷിക്കാനും സ്ത്രീക്ക് അവകാശമുണ്ട്. ഇത്ര വിപുലമായ അവകാശങ്ങള്‍ സ്ത്രീസമൂഹത്തിന് മറ്റൊരു മതവും വകവച്ചുകൊടുത്തിട്ടില്ല. സ്ത്രീക്ക് സ്വത്തവകാശമോ അഭിപ്രായ സ്വാതന്ത്യ്രമോ നല്‍കാത്ത മതങ്ങളും ഈ രംഗത്ത് അവരെ അവഗണിച്ചു തള്ളുന്ന പ്രസ്ഥാനങ്ങളുമാണ് ലോകത്തുള്ളത്.
മാതാപിതാക്കളും സന്താനങ്ങളും തമ്മില്‍ അഭേദ്യമായ ബന്ധമാണുള്ളത്. ഒരിക്കലും അറ്റുപോകാത്ത സ്നേഹ വാത്സല്യങ്ങളുടെ കണ്ണികളാണവര്‍ക്കിടയില്‍. മാതാപിതാക്കളെ അത്യധികം ആദരിക്കണമെന്നും അവരുടെ സേവനത്തിനു മക്കള്‍ സദാ സന്നദ്ധരാകണമെന്നും ഇസ്ലാം നിര്‍ദ്ദേശിക്കുന്നു. ‘തന്നെയല്ലാതെ ആരാധിക്കരുതെന്നും മാതാപിതാക്കള്‍ക്ക് ഗുണം ചെയ്യണമെന്നും നിന്റെ റബ്ബ് വിധിച്ചിരിക്കുന്നു’(ഖുര്‍ആന്‍ 23/17). എനിക്കും നിന്റെ മാതാപിതാക്കള്‍ക്കും നീ നന്ദി ചെയ്യുക.(14/31).
തന്റെ നയനങ്ങള്‍ കൊണ്ട് മാതാപിതാക്കളെ സ്നേഹപൂര്‍വ്വം നോക്കിനില്‍ക്കുന്നത് പുണ്യകര്‍മ്മമാണെന്ന് നബി(സ്വ)തങ്ങള്‍ പഠിപ്പിക്കുന്നു. സന്താനങ്ങളെ വളര്‍ത്തുന്നതിലും അവര്‍ക്ക് സ്നേഹം പകര്‍ന്നുകൊടുക്കുന്നതിലും ശ്രദ്ധാപൂര്‍വ്വമുള്ള കാല്‍വെപ്പുകള്‍ നടത്തണമെന്നും സന്താനങ്ങളുടെ വിജയാപചയങ്ങളില്‍ മാതാപിതാക്കള്‍ക്ക് കൂടി പങ്കാളിത്തമുണ്ടെന്നും ഇസ്ലാം പ്രഖ്യാപിക്കുന്നു. ‘സത്യവിശ്വാസികളെ, നിങ്ങളുടെ ശരീരത്തെയും നിങ്ങളുടെ കുടുംബത്തെയും നിങ്ങള്‍ നരകത്തില്‍നിന്ന് കാക്കുക’ (ഖുര്‍ആന്‍ 6-22). കുട്ടികളെ നിങ്ങള്‍ സ്നേഹിക്കുക, അവരോട് കരുണ പാലിക്കുക, അവരോട് വല്ലതും വാഗ്ദാനം ചെയ്താല്‍ അത് നിറവേറ്റുക (ഹദീസ്).
ഭാര്യമാരെപ്പോലെ തന്നെ മക്കളുടെയും പൂര്‍ണ സംരക്ഷണോത്തരവാദിത്തം പുരുഷനാണ്. സന്താനങ്ങള്‍ക്ക് ആഹാരം, വസ്ത്രം, പാര്‍പ്പിടം, വിദ്യാഭ്യാസം, സല്‍ഗുണ ശിക്ഷ ണം തുടങ്ങിയ കാര്യങ്ങള്‍ പിതാവിനെയാണിസ്ലാം അധികാരപ്പെടുത്തിയിരിക്കുന്നത്.
(7) അയല്‍വാസികള്‍
കുടുംബത്തിലും സമൂഹത്തിലുമുള്ള ഐക്യവും കെട്ടുറപ്പും സംരക്ഷിക്കാന്‍ നല്ല അയല്‍പക്ക ബന്ധമുണ്ടാകണം. അയല്‍ക്കാര്‍ ഒരു കുടുംബത്തെപ്പോലെ കഴിയണം. അയല്‍വാസികള്‍ തമ്മിലുള്ള ബാധ്യതകളും ഇസ്ലാം നിര്‍വചിച്ചിരിക്കുന്നു. ഒരു കാരണവശാലും അയല്‍വാസിക്ക് ദ്രോഹമേല്‍പ്പിക്കരുത്. ജാതിയോ മതമോ മറ്റോ നോക്കാതെ അയല്‍വാസിയെ സ്നേഹിക്കണമെന്നാണ് ഇസ്ലാമിന്റെ നിര്‍ദ്ദേശം. അയ ല്‍വാസിയുടെ ദുഃഖത്തിലും സന്തോഷത്തിലുമെല്ലാം വിശ്വാസി പങ്കുചേരണം. തന്റെവീട്ടിലെ സുഭിക്ഷതയും സുഖസൌകര്യങ്ങളുമനുഭവിച്ചു അയലത്തെ പട്ടിണി കിടക്കുന്നവനെ വിസ്മരിക്കാന്‍ വിശ്വാസിക്കു പറ്റില്ല. ‘അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ വയര്‍ നിറച്ചുണ്ണുന്നവന്‍ നമ്മില്‍പ്പെട്ടവനല്ല.’ എന്ന നബിവചനം പ്രസിദ്ധമാണ്. ‘അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവര്‍ അയല്‍വാസിക്ക് ഗുണം ചെയ്യട്ടെ എന്ന് നബി(സ്വ) അരുള്‍ ചെയ്തിരിക്കുന്നു.
(8) രാഷ്ട്രീയ വീക്ഷണം
രാഷ്ട്രീയ സാമ്പത്തിക സാംസ്കാരിക വിഷയങ്ങളെക്കുറിച്ച് ഇസ്ലാമിന് വസ്തുനിഷ്ഠമായ തത്വങ്ങളും നിലപാടുകളുമുണ്ട്. ഭരണം, നീതി നിര്‍വഹണം, സാമൂഹിക സംസ്കരണം, ദേശ സുരക്ഷിതത്വം തുടങ്ങിയ അഖില വിഷയങ്ങളിലും ഇസ്ലാമിന് പ്രത്യേക കാഴ്ചപ്പാടുണ്ട്. ഖുര്‍ആന്‍ പറഞ്ഞു: അമാനതുകള്‍ (വിശ്വസിച്ചേല്‍പ്പിക്കപ്പെട്ട) വസ്തുക്കള്‍ അവയുടെ ഉടമകള്‍ക്ക് ഏല്‍പ്പിക്കുക. നിങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ വിധി നടപ്പാക്കുമ്പോള്‍ നീതിപൂര്‍വ്വം വിധിക്കുക (58/4).
ഭരണകാര്യങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്നവര്‍ ഉത്തരവാദിത്വപൂര്‍വ്വം കാര്യങ്ങള്‍ കൈ കാര്യം ചെയ്യണമെന്നും തങ്ങളുടെ മുഴുവന്‍ കര്‍മ്മങ്ങളും ചോദ്യം ചെയ്യപ്പെടുന്ന നാളില്‍ ഭരണാധികാരികള്‍ വിചാരണ നേരിടേണ്ടിവരുമെന്നും ഇസ്ലാം പഠിപ്പിക്കുന്നു. നീതിനിഷ്ഠമായ ഭരണം സംജാതമാകാന്‍ വേണ്ടി കാര്യബോധവും പക്വതയുമുള്ളവരില്‍നിന്നും തിരഞ്ഞെടുക്കപ്പെടുന്ന സമിതിയാണ് ഭരണം കയ്യാളേണ്ടതെന്നിസ്ലാം നിര്‍ദ്ദേശിക്കുന്നു. ഏകാധിപത്യത്തിനോ, സ്വേച്ഛാധിപത്യത്തിനോ കുത്തഴിഞ്ഞ ജനാധിപത്യത്തിനോ കൂട്ടുനില്‍ക്കാതെ തികച്ചും വ്യക്തവും പ്രായോഗികവുമായ ഒരു ജനാധിപര്യ വ്യവസ്ഥിതിയാണ് ഇസ്ലാം കാഴ്ചവെക്കുന്നത്.
(9) സംസ്കരണം
സംസ്കൃത സമൂഹമാണ് ഇസ്ലാമിന്റേത്. കുറ്റ വാസനകളും അമിതമായ ഭൌതികാസക്തിയും നിഷ്കാസനം ചെയ്യപ്പെട്ട ഹൃദയത്തിന്റെ ഉടമയാണ് മുസ്ലിം. മനുഷ്യവര്‍ഗത്തിന് പ്രത്യക്ഷമോ പരോക്ഷമോ ആയ ഏതു നന്മയും ഇസ്ലാം അംഗീകരിക്കുന്നു. എല്ലാ തിന്മയെയും ഇസ്ലാം നിരാകരിക്കുന്നു. തിന്മ നിര്‍മാര്‍ജനം ഒരു നിര്‍ബന്ധ കടമയായി സമൂഹത്തിലെ എല്ലാ വ്യക്തികളെയും ഇസ്ലാം ചുമതലപ്പെടുത്തിയിരിക്കുന്നു. ഏതാനും ആരാധനാ കര്‍മങ്ങളും ആചാരങ്ങളും ചെയ്തു കഴിഞ്ഞാല്‍ മുസ്ലിമിന്റെ ഉത്തരവാദിത്വം തീരുന്നില്ല. ജീവിതത്തിന്റെ നിഖില മണ്ഡലങ്ങളിലും ഇസ്ലാമിനു തനതായ വീക്ഷണവും സമീപനവുമുണ്ട്. അതംഗീകരിക്കാന്‍ മുസ്ലിം ബാധ്യസ്ഥനാണ്. സ്വകാര്യജീവിതത്തില്‍ മതത്തെ ഒതുക്കി പൊതുജീവിതം തന്നിഷ്ടപ്രകാരം നയിക്കാന്‍ ഇസ്ലാം അനുവദിക്കുന്നില്ല. ‘ദൈവത്തിനുള്ളത് ദൈവത്തിനും സീസര്‍ക്കുള്ളത് സീസ ര്‍ക്കും’ എന്ന തത്വം ഇസ്ലാം നിരാകരിക്കുന്നു. എല്ലാ മനുഷ്യരും പൂര്‍ണ നീതിയുടെയും സത്യത്തിന്റെയും വക്താക്കളാവുക. രഹസ്യമായും പരസ്യമായും പള്ളിയിലും അങ്ങാടിയിലും കുടിലിലും കൊട്ടാരത്തിലുമൊക്കെ അല്ലാഹുവിന്റെ നിയമങ്ങള്‍ പാലിക്കുക. ഇസ്ലാം നിഷ്കര്‍ഷിക്കുന്നു.
ഇസ്ലാം ഏതെങ്കിലും പ്രത്യേക പരിധിക്കുള്ളില്‍ ഒതുങ്ങിക്കൂടുന്നില്ല. അത് വിശാലമാണ്. എല്ലാ ഭൂഖണ്ഡങ്ങളെയും കാലഘട്ടങ്ങളെയും അത് ഉള്‍ക്കൊള്ളുന്നു. ഇസ്ലാമിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളിലും പ്രബോധനത്തിലും തങ്ങളുടേതായ പങ്ക് വഹിക്കാന്‍ എല്ലാ മുസ്ലിമും ബാധ്യസ്ഥരാണ്. പ്രബോധനം ഒരു നിര്‍ബന്ധ കടമയായി അല്ലാഹു കല്‍പ്പിച്ചിരിക്കുന്നു. ‘നിങ്ങള്‍ തിന്മ കണ്ടാല്‍ സ്വന്തം കൈ കൊണ്ട് അത് തടയുക, അതിന് സാധ്യമാകാത്ത പക്ഷം നാവുകൊണ്ടും അതിനു കഴിഞ്ഞില്ലെങ്കില്‍ മനസ്സ് കൊണ്ട് വെടിയുക. അതാണ് ഏറ്റവും ദുര്‍ബലമായ വിശ്വാസം.’
തിന്മക്കെതിരെ സദാ ജാഗ്രത പുലര്‍ത്തുകയും തിന്മ നിര്‍മാര്‍ജനത്തിന് രംഗത്തിറങ്ങുകയും ചെയ്യുന്ന വ്യക്തി ഒരു മഹാദൌത്യമാണ് നിര്‍വഹിക്കുന്നത്. പ്രവാചകര്‍ ഭൂമിയില്‍ നിര്‍വഹിച്ച ദൌത്യം. സമൂഹ സംസ്കരണമെന്ന യജ്ഞം. തിന്മയുടെ ശത്രുവാണ് മുസ്ലിം. ഒരു നിലക്കുള്ള അനുഭാവവും തിന്മയോട് തനിക്കുണ്ടായിക്കൂടാ. ‘അക്രമികളോട് നിങ്ങള്‍ അനുഭാവം പുലര്‍ത്തരുത്. അങ്ങനെ അനുഭാവം പുലര്‍ത്തിയാല്‍ നി ങ്ങളെ നരകം ബാധിക്കും’ (ഖുര്‍ആന്‍ 113/11).
(10) സമ്പത്ത്
അല്ലാഹുവിന്റെ അനുഗ്രഹമാണ് സമ്പത്ത്. ബുദ്ധിയും അധ്വാനവും മാത്രമുണ്ടായാല്‍ അത് ലഭിച്ചുകൊള്ളണമെന്നില്ല. അല്ലാഹുവിന്റെ ദാക്ഷിണ്യം കൂടി വേണം സമ്പത്ത് ലഭിക്കാന്‍. ഏതെങ്കിലും വിധത്തില്‍ കുറേ സമ്പാദിക്കുക. അത് എങ്ങനെയെങ്കിലും തുലക്കുക എന്ന അവസ്ഥയാണ് ഇന്നുള്ളത്. ഇത് ഇസ്ലാം അംഗീകരിക്കുന്നില്ല. സ്വകാര്യ വ്യവസ്ഥിതിയും പൊതു വ്യവസ്ഥിതിയും ഇസ്ലാം അംഗീകരിക്കുന്നു. പക്ഷേ, രണ്ടി നും ശക്തമായ നിയമങ്ങളുണ്ട്. അവിഹിതമായി പലിശ, വ്യഭിചാരം, കളവ്, മോഷണം, വഞ്ചന തുടങ്ങിയ മാര്‍ഗങ്ങളിലൂടെ ധനം സമ്പാദിക്കുന്നതും അത്തരം ദുര്‍വൃത്തികളില്‍ ചിലവഴിക്കുന്നതും ഇസ്ലാം വിലക്കിയിരിക്കുന്നു. ‘അല്ലാഹു കച്ചവടം ഹലാലാക്കിയിരിക്കുന്നു. പലിശ നിഷിദ്ധമാക്കിയിരിക്കുന്നു’ (ഖുര്‍ആന്‍ 2/275).
സമ്പത്ത് ഒരു പ്രത്യേക കേന്ദ്രത്തില്‍ കിടന്ന് കറങ്ങാതെ സമൂഹത്തിന്റെ മൊത്തം ഉപയോഗത്തിന് ലഭ്യമാകണം. ഈ ലക്ഷ്യം വെച്ചുകൊണ്ടാണ് സമ്പത്തിന്റെ നിശ്ചിത ശതമാനം സമൂഹത്തിലെ ദരിദ്രവിഭാഗത്തിന് നിര്‍ബന്ധ ദാനം ചെയ്യണമെന്ന് ഇസ്ലാം കല്‍പ്പിച്ചത്. അനന്തരാവകാശം, ദാനം, പ്രായശ്ചിത്തം തുടങ്ങിയ മറ്റു മാര്‍ഗങ്ങളും സമ്പത്തിന്റെ ഒഴുക്ക് കാര്യക്ഷമമാക്കാന്‍ വേണ്ടി ഇസ്ലാം നിര്‍ദ്ദേശിച്ചിരിക്കുന്നു. ചിലവഴിക്കാതെ സമ്പത്ത് കുന്നുകൂട്ടി വെക്കുന്നവരെ ആക്ഷേപിച്ചു കൊണ്ട് ഖുര്‍ആന്‍ പറഞ്ഞു; ‘അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ചിലവഴിക്കാതെ സ്വര്‍ണവും വെള്ളിയും സൂക്ഷിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ കൊണ്ട് സുവിശേഷം അറിയിക്കുക’ (ഖുര്‍ആന്‍ 9/34).
സാമ്പത്തിക രംഗത്തെ മുഴുവന്‍ ഇടപാടുകളും സമഗ്രമായി ഇസ്ലാം അപഗ്രഥനം നടത്തിയിട്ടുണ്ട്. അനേകം സാമ്പത്തിക വ്യവസ്ഥകള്‍ കുത്തിക്കുറിച്ചുണ്ടാക്കി പരീക്ഷിച്ച് പരാജയപ്പെട്ട ലോകത്തിനു മുന്നില്‍ ഒരു ബദല്‍ വ്യവസ്ഥിതിയായി പരീക്ഷിക്കാന്‍ മാത്രം സമഗ്രവും വിശാലവുമാണ് ഇസ്ലാമിക സാമ്പത്തിക ശാസ്ത്രം. കമ്യൂണിസത്തിന്റെ തകര്‍ച്ചയും സോഷ്യലിസത്തിന്റെ പരാജയവും ഇസ്ലാമിക സാമ്പത്തിക വ്യവസ്ഥിതിയുടെ പ്രസക്തി തെളിയിക്കുകയാണ്.
അവശ്യ നിര്‍വഹണത്തിലുള്ള വിഭവ സമാഹരണം മുഴുവന്‍ മനുഷ്യരുടെയും മൌലികാവകാശമായാണ് ഇസ്ലാം കാണുന്നത്. തൊഴില്‍ തേടാനും അനുവദനീയമായ മാര്‍ഗങ്ങളിലൂടെ ധനം സമ്പാദിക്കാനും ഇസ്ലാം നിര്‍ദ്ദേശിക്കുന്നു. ‘ഭൂതലങ്ങളിലൂടെ നിങ്ങള്‍ സഞ്ചരിക്കുക. അല്ലാഹു(ഭൂമിയില്‍ നിക്ഷേപിച്ച)ആഹാരങ്ങള്‍ നിങ്ങള്‍ ഭുജിക്കുക. അല്ലാഹുവിലേക്കാണ് മടക്കം (ഖുര്‍ആന്‍ 67/15). ‘ഭൂമിയെ നാം മനുഷ്യ സമുദായത്തിന് വേണ്ടിയാണ് സ്ഥാപിച്ചത്’ (ഖുര്‍ആന്‍ 55/10).
സമൂഹത്തിലെ അധഃസ്ഥിത അവശ വിഭാഗത്തിന് സമ്പന്നരുടെ ധനത്തില്‍ നിന്ന് വിഹിതം കൊടുക്കണമെന്ന് ഇസ്ലാം അനുശാസിക്കുന്നു. ഏഴു വിഭാഗക്കാരെ സഹായിക്കണമെന്ന് ഖുര്‍ആന്‍ പേരെടുത്തു പറഞ്ഞ് നിര്‍ദ്ദേശിച്ചിരിക്കുന്നു. ‘നിശ്ചയം ദാനം നല്‍കേണ്ടത് അഗതികള്‍ക്കും സാധുക്കള്‍ക്കും, സകാത് ശേഖരണത്തിന് വേണ്ടി സൌജന്യ സേവനം ചെയ്യുന്ന ഔദ്യോഗിക സേവകര്‍ക്കും, നവമുസ്ലിംകള്‍ക്കും, മോചനപത്രം എഴുതപ്പെട്ട അടിമകള്‍, കടബാധ്യതയുള്ളവര്‍, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമരം ചെയ്യുന്ന യോദ്ധാക്കള്‍, യാത്രക്കാര്‍ എന്നിവര്‍ക്കാണ്. ഇക്കൂട്ടര്‍ക്ക് ദാനം നല്‍കല്‍ അല്ലാഹുവില്‍ നിന്നുള്ള നിര്‍ബന്ധ ബാധ്യതയാണ്’ (ഖുര്‍ആന്‍ 9/60).
മനുഷ്യരുടെ സാമ്പത്തിക പ്രശ്നങ്ങള്‍ പരിഹരിക്കുകയും പരാധീനതകള്‍ കുറക്കുകയും സാമൂഹിക നീതി ഉറപ്പുവരുത്തുകയും സമ്പന്നരില്‍ അര്‍പ്പണ മനോഭാവവും ത്യാഗശീലവും വളര്‍ത്തുകയുമാണ് ഇസ്ലാമിക സാമ്പത്തിക നയം ചെയ്യുന്നത്. കൈ ക്കൂലി, പൂഴ്ത്തിവെപ്പ്, കൊള്ളലാഭം, മായം ചേര്‍ക്കല്‍ തുടങ്ങിയ സാമ്പത്തിക കുറ്റങ്ങള്‍ക്ക് ശക്തമായ ശിക്ഷയും താക്കീതും നല്‍കിക്കൊണ്ട് മനുഷ്യനിലെ ചൂഷണമനോഭാവത്തെ പിഴുതെറിയുകയാണിസ്ലാം.
(11) നീതിന്യായ വ്യവസ്ഥ
സുഭദ്രമായ സാമൂഹികാന്തരീക്ഷത്തിന് സുസ്ഥിരമായ നീതിവ്യവസ്ഥ രാജ്യത്തുണ്ടാകണം. മനുഷ്യനിര്‍മിത നിയമങ്ങള്‍ക്കോ മനുഷ്യകരങ്ങളുടെ കൈകടത്തലുകള്‍ക്ക് പാത്രമായ നീതി ശാസ്ത്രങ്ങള്‍ക്കോ നീതി നിര്‍വഹണ രംഗത്ത് വിജയിക്കാന്‍ സാധ്യമല്ല. ദൈവത്തിന്റെ ഭൂമിയില്‍ ദൈവത്തിന്റെ നിയമത്തിനേ സ്ഥിര സ്വഭാവവും വിജയവുമുണ്ടാവുകയുള്ളൂ.
കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണം. നിരപരാധി ഒരിക്കലും ശിക്ഷിക്കപ്പെടരുത്. സാമൂഹിക ജീവിതത്തിന് ഹാനികരമായ എല്ലാ തിന്മകളുടെയും വേരറുത്തുകളയണം. കുറ്റവാളികളെ ശിക്ഷിക്കുന്നതിനു പകരം അവരെ സൃഷ്ടിക്കുന്ന സാഹചര്യം ഒഴിവാക്കുകയാണ് പ്രായോഗികമെന്ന് ഇസ്ലാം കരുതുന്നു. കൊള്ള, കൊല, ലഹരി ഉപയോഗം, പലിശ, വ്യഭിചാരം തുടങ്ങിയ തിന്മകള്‍ നിരോധിച്ചുകൊണ്ട് കുറ്റകൃത്യങ്ങള്‍ക്ക് അവസരം നല്‍കാതിരിക്കുകയാണിസ്ലാം.
കര്‍ശനമായ ഇസ്ലാമിക വിലക്കുകളും സംസ്കരണ സംവിധാനങ്ങളും ലംഘിച്ച് കുറ്റകൃത്യങ്ങളുമായി ഇണങ്ങിച്ചേര്‍ന്നു ജീവിക്കുന്നവരെ അതില്‍ നിന്നു പിന്തിരിപ്പിക്കത്തക്ക ശിക്ഷക്കു വിധേയമാക്കി സമൂഹത്തില്‍ അച്ചടക്ക ശീലം വളര്‍ത്തുകയാണ് ഇസ്ലാമിക നിയമം.
ഇസ്ലാമിക നിയമം എല്ലാ അംഗങ്ങള്‍ക്കും തുല്യമാണ്. മനുഷ്യനെ ഗ്രേഡുകളാക്കി തിരിച്ച് നിയമ രംഗത്ത് വിവേചനം അനുവദിച്ചുകൂട. ഒരു തരത്തിലുള്ള ബാഹ്യ ഇടപെടലുകളും നീതി നിര്‍വഹണ രംഗത്ത് ഉണ്ടായിക്കൂട. ഇസ്ലാം ശക്തമായി നിര്‍ദ്ദേശിക്കുന്നു. ഒരു കളവു കേസില്‍പ്പെട്ട പ്രതിയെ രക്ഷിക്കാന്‍ വേണ്ടി റസൂല്‍(സ്വ)യോട് ശിപാര്‍ശക്കെത്തിയ ശിഷ്യനോട് നബി(സ്വ) പറഞ്ഞു. ‘എന്റെ പുത്രി ഫാത്വിമയാണെങ്കിലും കള്ളന്റെ കൈ ഞാന്‍ മുറിക്കും.’ പ്രവാചക പുത്രിക്കു പോലും ശിക്ഷയില്‍ ഇളവോ പ്രത്യേക ആനുകൂല്യമോ ഇസ്ലാം നല്‍കിയില്ല എന്നത് ശ്രദ്ധേയമാണ്.
(12) ജിഹാദ്
ആദര്‍ശാധിഷ്ഠിത മതമാണ് ഇസ്ലാം. ഏത് പ്രതിസന്ധി ഘട്ടങ്ങളിലും ആദര്‍ശം ഉയര്‍ ത്തിപ്പിടിക്കാനുള്ള ധീരതയും വ്യക്തിത്വവും ഇസ്ലാമിന്റെ അനുയായികള്‍ക്കുണ്ടാകണം. ആദര്‍ശം ആരുടെയെങ്കിലും മുന്നില്‍ പണയപ്പെടുത്തി ഭൌതിക നിലനില്‍പ്പിന് വേണ്ടി ശ്രമിക്കുന്നത് കാപട്യമായാണ് ഇസ്ലാം കാണുന്നത്. തന്റെ വിശ്വാസത്തിന്റെയും ആദര്‍ശത്തിന്റെയും രാജ്യത്തിന്റെയും സംരക്ഷണത്തിനുവേണ്ടി ത്യാഗം ചെയ്യാ നും അനിവാര്യഘട്ടങ്ങളില്‍ ആയുധമെടുത്ത് പോരാടാനും ഇസ്ലാം കല്‍പ്പിക്കുന്നു. അക്രമത്തിനും അനീതിക്കുമെതിരെയുള്ള പോരാട്ടമാണ് ഇസ്ലാം. അനീതിയോടും അരുതായ്മകളോടും ഐക്യപ്പെടാന്‍ ഇസ്ലാമിന് സാധിക്കുകയില്ല. ‘ഒറ്റക്കും കൂട്ടായും നിങ്ങള്‍ പുറപ്പെടുക. നിങ്ങളുടെ സമ്പത്തു കൊണ്ടും ശരീരം കൊണ്ടും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിങ്ങള്‍ സമരം ചെയ്യുക’ (ഖുര്‍ആന്‍ 9/41).
ശാന്തിയും സമാധാനവുമാണ് ഇസ്ലാമിന്റെ ലക്ഷ്യം. അത് സ്ഥാപിക്കാന്‍ ചിലപ്പോള്‍ അനിവാര്യമായിത്തീരുന്ന ഒരു സാഹസമാണ് യുദ്ധം. പരമാവധി യുദ്ധവും സംഘട്ടനവും ഒഴിവാക്കുക. അതല്ലാതെ മാര്‍ഗമില്ലാതെ വരുമ്പോള്‍ ധീരമായി പോരാടുക. ഇസ്ലാമിന്റെ നയം അതാണ്. ‘ശത്രുക്കള്‍ സമാധാനത്തിനു തയ്യാറായാല്‍ നിങ്ങളും തയ്യാറാവുക. എന്നിട്ട് കാര്യങ്ങള്‍ അല്ലാഹുവെ ഭരമേല്‍പ്പിക്കുക’ (ഖുര്‍ആന്‍ 8/61).