സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Wednesday 17 September 2014

ദുല്‍ ഖഅദ മാസത്തിന്‍റെ പ്രാധാന്യം


ഖന്‍ദഖ് (അഹ്സാബ്)യുദ്ധം, ഹുദൈബിയ സന്ധി, നബി (സ)തങ്ങളും അനുചരന്മാരും ഉംറ നിര്‍വ്വഹിക്കാനായി മക്കയിലേക്ക് തിരിച്ചത്….തുടങ്ങിയ സംഭവങ്ങള്‍ ദുല്‍ഖഅദ മാസത്തിലായിരുന്നു 

ഖന്‍ദഖ് (അഹ്സാബ്) യുദ്ധം

ഹിജ്‌റ വര്‍ഷം അഞ്ച്; ശവ്വാല്‍ മാസം അരങ്ങേറിയ ഇസ്‌ലാമിക ചരിത്രത്തിലെ സുപ്രധാന യുദ്ധങ്ങളിലൊന്നാണ് ഖന്ദഖ് യുദ്ധം. ഒരു മാസക്കാലം ശത്രുക്കള്‍ മുസ്ലിംകളെ ഉപരോധിച്ചു. ശവ്വാലില്‍ ആരംഭിച്ചു ദുല്‍ഖഅദയില്‍ അവസാനിച്ചു. ഇബ്നു സഅദ് രേഖപ്പെടുത്തിയതനുസരിച്ച് ദുല്‍ഖഅദയില്‍ ഏഴു ദിവസം ബാക്കിനില്ക്കെ ബുധനാഴ്ചയാണ് പ്രവാചകന്‍ ഖന്‍ദഖ് വിട്ടത്. ശത്രുക്കളെ പ്രതിരോധിക്കാന്‍ മുസ്‌ലിംകള്‍ കിടങ്ങ് കുഴിച്ചിരുന്നതിനാലാണ് യുദ്ധത്തിന് ഖന്ദഖ് എന്ന പേര് വന്നത്. വിവിധ വിഭാഗങ്ങള്‍ പങ്കെടുത്തതിനാല്‍ ഇത് അഹാസാബ് എന്ന പേരിലും അറിയപ്പെട്ടു. ദിവസങ്ങള്‍ നീണ്ടുനിന്ന ഉപരോധം കാരണം ശക്തമായ പരീക്ഷണങ്ങള്‍ക്കു വിധേയമായെങ്കിലും ഒടുവില്‍ മുസ്‌ലിംകള്‍ക്ക് വിജയം വന്നെത്തുകയായിരുന്നു.

ജൂതന്മാര്‍ നടത്തുന്ന പുതിയ യുദ്ധ സന്നാഹങ്ങളെക്കുറിച്ച് പ്രവാചകന് വിവരം ലഭിച്ചു.  പ്രശ്നത്തിന്റെ ഗൌരവാവസ്ഥ മനസ്സിലാക്കി അടിയന്തിരയോഗം വിളിച്ചുചേര്‍ത്തു. കൂടിയാലോചനയില്‍ പ്രതിരോധം എവ്വിധമായിരിക്കണമെന്നു ഗൌരവപൂര്‍വം ചര്‍ച്ച ചെയ്തു. അവസാനം ബുദ്ധിമാനായ സ്വഹാബി പേര്‍ഷ്യക്കാരന്‍ സല്‍മാന്‍ നിര്‍ദേശിച്ച അഭിപ്രായം നടപ്പാക്കാന്‍ ഏകകണ്ഠമായി തീരുമാനമെടുത്തു. സല്‍മാന്‍ പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ, ഞങ്ങള്‍ പേര്‍ഷ്യയില്‍ ചുറ്റുഭാഗത്തും കിടങ്ങുകുഴിച്ചുകൊണ്ടാണ് പ്രതിരോധിക്കാറുള്ളത്, ഇത് അറബികള്‍ക്ക് അപരിചിതമായിരുന്ന ഒരു പദ്ധതിയായിരുന്നു.

പ്രവാചകത്വത്തിന്റെ നിദര്‍ശനങ്ങളെന്നോണം ചില അത്ഭുതങ്ങളും ഇത്തരുണത്തില്‍ സംഭവിക്കുകയുണ്ടായി. പ്രവാചകന് കഠിനമായ വിശപ്പനുഭവപ്പെടുന്നതുകണ്ട ജാബിര്‍ബിന്‍ അബ്ദുല്ല ഒരു ആടിന്‍ കുട്ടിയെ അറുത്ത് ഒരു സ്വാഅ് തൊലിക്കോതമ്പുകൊണ്ട് ഭക്ഷണവും പാകം ചെയ്ത് പ്രവാചകനെ അത് കഴിക്കാന്‍ രഹസ്യമായി ക്ഷണിച്ചു. പ്രവാചക തിരുമേനി ആയിരം വരുന്ന അനുയായികളുമായി അങ്ങോട്ടു പുറപ്പെട്ടു. അവരെയെല്ലാം വയറുനിറയെ ഊട്ടിയിട്ടും മാംസവും മാവും പാത്രത്തില്‍ അതേപോലെ ബാക്കിനില്ക്കുന്നു! നുഅ്മാനുബിന്‍ ബശീറിന്റെ സഹോദരി കൊണ്ടുവന്ന ഈത്തപ്പഴവും അവിടുന്നു ഇതുപോലെ പെരുപ്പിച്ച് ഖന്‍ദഖിലുള്ള എല്ലാവര്‍ക്കും വിതരണം ചെയ്യുകയുണ്ടായി. ഇതിലും അത്ഭുതകരമായിരുന്നു ജാബിറില്‍നിന്ന് ബുഖാരി ഉദ്ധരിക്കുന്ന സംഭവം: ഖന്‍ദഖ് ദിവസം കിടങ്ങു കുഴിക്കുമ്പോള്‍ ഒരു വലിയ പാറപ്രത്യക്ഷപ്പെട്ടു. അവര്‍ പ്രവാചകനെ സമീപിച്ചു പ്രശ്നം അദ്ദേഹത്തോടു പറഞ്ഞു അവിടുന്നു പറഞ്ഞു: അത് ഞാന്‍ ഇളക്കിത്തരാം എന്നുപറഞ്ഞുകൊണ്ട് പിക്കാസെടുത്ത് ആഞ്ഞുവെട്ടിയപ്പോള്‍ അത് വെറും മണല്‍ തരികളായിമാറി!’

ഖന്‍ദഖ്, ശക്തിയായ ഏറ്റുമുട്ടലുകളൊന്നുമില്ലാതെ മുസ്ലിംകള്‍ വിജയം കൊയ്ത യുദ്ധമാണ്. ഇസ്ലാമിക ചരിത്രത്തിലെ സുപ്രധാന യുദ്ധം. ഇത്, അറബികളുടെ ഏത് വന്‍ ശക്തിക്കും മദീനയില്‍ വേരുപിടിച്ചുവരുന്ന നവ ശക്തിയെ പിഴുതെറിയാന്‍ ഒരു വിധേനയും സാധ്യമാവുകയില്ലായെന്ന് തെളിയിക്കുന്നതായിരുന്നു. കാരണം ഇതിലും വലിയ ഒരു സന്നാഹം അറബികള്‍ക്ക് ഇനി ഒരുക്കാന്‍ കഴിയുമായിരുന്നില്ല. അതുകൊണ്ടാണ് യുദ്ധാനന്തരം പ്രവാചകന്‍ പ്രഖ്യാപിച്ചത്: ‘ഇനി നാം അവരോടു യുദ്ധം ചെയ്യും അവര്‍ ഇങ്ങോട്ട് യുദ്ധം ചെയ്യില്ല. നാം അവരിലേക്ക് അങ്ങോട്ട് ചെല്ലുകയായിരിക്കും ഇനി.” 

ഖന്തക്ക് യുദ്ധസമയത്ത് കിടങ്ങ് കുഴിക്കവേ നബി മൂന്നു കാര്യങ്ങള്‍ പ്രവചിക്കുകയുണ്ടായി:-“ മുസ്ലിംകള്‍ സിറിയ കീഴടക്കും. മുസ്ലിംകള്‍ പേര്‍ഷ്യ കീഴടക്കും.മുസ്ലിംകള്‍ യെമന്‍ കീഴടക്കും.” (നസാഇ 2: 56) സ്വന്തം നാട്ടില്‍ പോലും സുരക്ഷിതന്‍ അല്ലാത്ത സമയത്താണ് ഈ പ്രവചനം എന്നോര്‍ക്കുക.. പേര്‍ഷ്യ കീഴടക്കും എന്ന് പലപ്പോഴും, അതും അനുയായികളായി വിരലില്‍ എണ്ണാവുന്നവര്‍ മാത്രമുള്ള കാലത്തും നബി പ്രവചിച്ചതായി ചരിത്രങ്ങളില്‍ കാണാം.. അന്നത്തെ ലോകശക്തികള്‍ ആയിരുന്നു പേര്‍ഷ്യയും സിറിയയും. ചരിത്രത്തെ ഞെട്ടിച്ചു കൊണ്ട് ആ പ്രവചനങ്ങള്‍ സത്യമാകുന്നതു ലോകം കണ്ടു..

ഹുദൈബിയ സന്ധി

ഹിജ്റ ആറാം വര്‍ഷത്തില്‍ നബി(സ്വ) സ്വഹാബികളൊന്നിച്ച് ഉംറ നിര്‍വഹിക്കാനായി മദീനയില്‍ നിന്നു മക്കയിലേക്കു പുറപ്പെട്ടു. വിവരമറിഞ്ഞ ഖുറൈശികള്‍ മക്കയില്‍ സമ്മേളിച്ച് നബി(സ്വ)യെ ഏതുവിധേനയും തടയാന്‍ തീരുമാനിച്ചു. നബി(സ്വ) ആ രംഗത്തെ ശാന്തവും ഗംഭീരവുമായി കൈകാര്യം ചെയ്തു. അങ്ങനെയാണ് ഹുദൈബിയ സന്ധിയുണ്ടായത്. സന്ധി വ്യവസ്ഥയനുസരിച്ച് നബി(സ്വ)യും സ്വഹാബികളും യാത്ര അവസാനിപ്പിച്ച് മദീനയിലേക്ക് തിരിച്ചുപോന്നു.
മദീനയിലെത്തിയ ശേഷം നബി(സ്വ) പ്രബോധന വഴിയില്‍ ശ്രദ്ധേയമായ ചില കാര്യങ്ങളിലേര്‍പ്പെട്ടു. അയല്‍രാജ്യങ്ങളിലേക്ക് കത്തുമായി ദൂതന്മാരെ അയച്ചു. അനുഭാവ പൂര്‍വമായ പ്രതികരണങ്ങളുണ്ടായി. വ്യത്യസ്ത നാടുകളില്‍ നബി(സ്വ)യെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നതിന് ഇതു കാരണമായി. ഹിജ്റയില്‍ പങ്കെടുക്കാന്‍ സാധിക്കാതിരുന്ന ദുര്‍ബലരായ പലരും മദീനയിലേക്ക് വരികയും അതിനെ തുടര്‍ന്നു ഇരുപക്ഷത്തുമുണ്ടായ ചില പ്രയാസങ്ങളുടെ പേരില്‍ ഇടക്ക് സന്ധി വ്യവസ്ഥയില്‍ ചില മാറ്റങ്ങള്‍ വരുത്തുകയും ചെയ്തു. അതു സത്യവിശ്വാസികള്‍ക്ക് ഗുണകരവുമായിരുന്നു.

Impotant days of this Month