സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Sunday, 21 September 2014

ഇസ്ലാമും വിദ്യാസ്നേഹവും


വിജ്ഞാനം മതത്തിന്റെ ജീവനാണ് (ഹദീസ്). എന്തു സാഹസമനുഭവിച്ചും മുസ്ലിം വിദ്യ നേടണം. വിദ്യക്കുവേണ്ടി ചെലവഴിക്കുന്ന പണത്തിനും സമയത്തിനും പരാതി വേണ്ട. പഠിച്ച് തീര്‍ത്താല്‍ തീരാത്ത വിജ്ഞാന സാഗരത്തില്‍ നിന്ന് പരമാവധി നേടാനാണിസ്ലാമിന്റെ കല്‍പ്പന.
മനുഷ്യന്റെ ഐഹികവും പാരത്രികവുമായ വിജയത്തിനനിവാര്യമായതൊക്കെ ഇസ്ലാമിന്റെ വെളിച്ചത്തില്‍ ആര്‍ജിക്കപ്പെടേണ്ട വിജ്ഞാനമാണ്. ഭൌതികജീവിത സൌകര്യങ്ങള്‍ വര്‍ധിപ്പിക്കാനും അല്ലാഹുവിന്റെ ശക്തിയും വ്യക്തിത്വവും ഗ്രഹിക്കാനാവശ്യമായതുമായ ഗവേഷണങ്ങളും പഠനങ്ങളുമെല്ലാം ഇസ്ലാം പുണ്യകര്‍മമായാണ് കാണുന്നത്. എല്ലാ മുസ്ലിമും വിദ്യ അഭ്യസിച്ചിരിക്കണം. എന്ന് നബി(സ്വ)അരുള്‍ ചെയ്യുന്നു.
പ്രകൃതി നിരീക്ഷണവും ശാസ്ത്രഗവേഷണവുമൊക്കെ നടത്തണമെന്നും അതിലൂടെ അല്ലാഹുവിന്റെ കഴിവിന്റെ അപാരത ഗ്രഹിക്കണമെന്നും ഖുര്‍ആന്‍ നിര്‍ദ്ദേശിക്കുന്നു. വിജ്ഞാനം ഏതെങ്കിലും വിഭാഗത്തിന്റെയോ ആളുകളുടെയോ കുത്തകയല്ല. എല്ലാവര്‍ക്കും അത് നേടാന്‍ അവകാശമുണ്ട്. ബ്രാഹ്മണയിസത്തിലെ പോലെ ചിലര്‍ക്കു മാത്രമേ വിദ്യയഭ്യസിക്കാവൂ. താണ ജാതിക്കാര്‍ വേദം കേട്ടാല്‍ അവര്‍ക്ക് ശക്തമായ ശിക്ഷ നല്‍കണമെന്നും കല്‍പ്പിക്കുന്ന മതങ്ങള്‍ ധാരാളമുണ്ട്. അതേയവസരം ‘വിദ്യാഭ്യാസം എല്ലാ മുസ്ലിം സ്ത്രീ പുരുഷന്മാര്‍ക്കും നിര്‍ബന്ധമാണെന്നാ’ണ് നബി(സ്വ) വചനം.
വിജ്ഞാനം തേടി വീട് വിട്ടിറങ്ങിയവന്‍ തിരിച്ചുവരുന്നത് വരെ ദൈവ സംരക്ഷണത്തിലാണ്. അവന്‍ സ്വര്‍ഗപ്രാപ്തിക്കര്‍ഹനാണ്.‘ നബി പഠിപ്പിക്കുന്നു. വൈജ്ഞാനിക രംഗത്ത് അതിമഹത്തായ വിപ്ളവമാണ് ഇസ്ലാം സൃഷ്ടിച്ചത്. ഇസ്ലാമിന്റെ ആവിര്‍ഭാവത്തോടെ ഒരു വൈജ്ഞാനിക സ്ഫോടനമായിരുന്നു സംഭവിച്ചത്. നിരക്ഷരരായ അറബികള്‍ വളരെ പെട്ടെന്ന് സാക്ഷരരായി. വിശുദ്ധ ഖുര്‍ആന്റെ പ്രഥമ വചനം തന്നെ വിദ്യയുടെ മഹത്വപ്രഖ്യാപനമായിരുന്നു. ‘നിന്റെ നാഥന്റെ നാമത്തില്‍ നീ വായിക്കുക. മനുഷ്യനെ ഭ്രൂണത്തില്‍ നിന്ന് സൃഷ്ടിച്ച നാഥന്റെ നാമത്തില്‍ വായിക്കുക. നിന്റെ നാഥന്‍ അത്യുദാരനാകുന്നു. അവന്‍ പേന കൊണ്ടെഴുതാന്‍ പഠിപ്പിച്ചു. മനുഷ്യന് അറിയാത്തത് അവന്‍ മനുഷ്യന് പഠിപ്പിച്ചു’ (ഖുര്‍ആന്‍).
സന്താനങ്ങള്‍ക്ക് എഴുത്തും വായനയും പഠിപ്പിക്കല്‍ നിര്‍ബന്ധമാണെന്ന് ഇസ്ലാം നിര്‍ദ്ദേശിക്കുന്നു. നിരക്ഷരനായ ഒരു മുസ്ലിം ഉണ്ടായിക്കൂട. ഇത് മതത്തിന്റെ ശാസനയാണ്.
നിരക്ഷരരുടെ സമൂഹത്തില്‍ നബി(സ്വ) വളരെ തന്ത്രപരമായാണ് സാക്ഷരതാ പ്രവര്‍ ത്തനം നടത്തിയത്. ബദര്‍ യുദ്ധത്തടവുകാരില്‍ അക്ഷരമറിയുന്നവരെ മദീനയിലെ മുസ് ലിംകള്‍ക്ക് പഠിപ്പിക്കാന്‍ നിയമിച്ചു. ശത്രുവില്‍ നിന്നായതു കൊണ്ട് വേണ്ടെന്നു വെച്ചില്ലെന്നു മാത്രമല്ല മുസ്ലിംകള്‍ക്ക് അക്ഷരം പഠിപ്പിച്ച ശത്രു തടവുകാരെ വെറുതെ വിട്ടയച്ചാദരിക്കുകയായിരുന്നു നബി.
വിജ്ഞാനമെന്ന മഹാസാഗരത്തില്‍ നിന്നു കിട്ടാവുന്നിടത്തോളം സമ്പാദിക്കാനാണിസ്ലാമിന്റെ കല്‍പ്പന. വിദ്യക്കു പരിധിയില്ല. മരണം വരെ അഭ്യസിച്ചാലും തീരാത്തതാണ് വിദ്യ. കേവലം അക്ഷരമല്ല, മതവിജ്ഞാനവുമല്ല, ഭൌതിക പ്രപഞ്ചത്തെക്കുറിച്ചൂം ചിന്തിക്കാനും നിരീക്ഷിക്കാനും ഇസ്ലാം നിര്‍ദ്ദേശിക്കുന്നു. എഴുന്നൂറിലേറെ സ്ഥലത്ത് വിശുദ്ധഖുര്‍ആന്‍ ചിന്തിക്കാന്‍ കല്‍പ്പിച്ചിട്ടുണ്ട്.
ഈ കല്‍പ്പനകളും പ്രവാചകന്റെ പ്രോത്സാഹനങ്ങളും ഒന്നിച്ചു ചേര്‍ന്നപ്പോള്‍ സ്വന്തം ഭാഷ പോലും എഴുതാനറിയാത്തവരായിരുന്ന അറബികള്‍ പേര്‍ഷ്യനും ഹിബ്രുവും സു റിയാനിയും പഠിച്ചു. സംസ്കൃതവും യുനാനിയും സ്വന്തമാക്കി. ഖുര്‍ആനിലെ ശാസ്ത്ര സൂചനകളന്വേഷിച്ച് അവര്‍ വിശ്വമാകെ കറങ്ങി. വാന നിരീക്ഷണവും പരിസ്ഥിതി പഠനവുമായി മുസ്ലിം പണ്ഢിതന്മാര്‍ ഊര്‍ജസ്വലതയോടെ ഗവേഷണ പഠന രംഗത്തിറങ്ങി.
മദ്ധ്യനൂറ്റാണ്ടില്‍ യൂറോപ്പ് ഉടുക്കാതെ, കുളിക്കാതെ, പഠിക്കാതെ നടന്നപ്പോള്‍ പഠിക്കാന്‍ ശ്രമിച്ചവര്‍ പല പേരിലും കടുത്ത പീഡനങ്ങള്‍ക്കും ക്രൂരമായ വധശിക്ഷക്കും വിധേയരായപ്പോള്‍ മുസ്ലിം പണ്ഢിതന്മാര്‍ ആധുനിക ശാസ്ത്രത്തിന്റെ ശിലാന്യാസം നടത്തുകയായിരുന്നു. ഇസ്ലാം വിജ്ഞാനത്തെ ഭൌതികവും മതപരവുമായി വിഭജിക്കുന്നില്ല. വിജ്ഞാനമെല്ലാം മതപരം തന്നെ. വ്യക്തിഗത ബാധ്യത, സാമൂഹിക തല ബാധ്യത എന്നിങ്ങനെ ഇസ്ലാം വിഭജിക്കുന്നു. മതനിയമങ്ങളും ആരാധനകളും സംബന്ധിച്ച അടിസ്ഥാന വിജ്ഞാനങ്ങളാണ് വ്യക്തിഗത ബാധ്യതയായ വിജ്ഞാനം. ഭൌതിക ജീവിതത്തിനു വ്യക്തിക്കു അനുപേക്ഷണീയമായി ലഭിക്കേണ്ട വിജ്ഞാനവും വ്യക്തിഗതം തന്നെ.
മതത്തെക്കുറിച്ച് വിശദ പഠനങ്ങളും ഭൌതിക കാര്യങ്ങളെക്കുറിച്ച് കൂടുതലറിവും നേടാന്‍ എല്ലാ വ്യക്തിയും ബാധ്യസ്ഥനല്ല. അതൊട്ട് സാധ്യവുമല്ല. സമൂഹത്തില്‍ ഒഴിവും കഴിവുമുള്ളവര്‍ തങ്ങള്‍ക്ക് ഇഷ്ടമുള്ള അത്തരം വിഷയങ്ങളില്‍ സമഗ്രജ്ഞാനം നേടേണ്ടതാണ്. സമൂഹത്തില്‍ അത്തരക്കാരാരെങ്കിലും നിര്‍ബന്ധമായി ഉണ്ടായിരിക്കണമെന്നാണ് ഇസ്ലാമിന്റെ ശാസന. എല്ലാ വിഷയത്തിലും കഴിവുള്ള ഓരോ വ്യക്തികളെയെങ്കിലും വളര്‍ത്തിയെടുക്കാന്‍ സമൂഹം ഒന്നിച്ചു പ്രവര്‍ത്തിക്കണമെന്നും ഇസ്ലാം നിര്‍ദ്ദേശിക്കുന്നു. ഈ വിദ്യാസ്നേഹവും സാംസ്കാരിക മഹിമയുമാണ് ഇസ്ലാമിനെ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകമാക്കുന്നത്. എല്ലാ മനുഷ്യര്‍ക്കും വിജ്ഞാനം. എല്ലാവര്‍ക്കും നീതി. ഇതാണ് ഇസ്ലാമിന്റെ സന്ദേശം.