സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Monday, 8 September 2014

വിസർജ്ജന മര്യാദകൾ


 
 
മൃഗങ്ങളെപ്പോലെ വിസർജ്ജനം ചെയ്യുന്നത് മനുഷ്യന് യോജിച്ചതല്ല. പല മര്യാദകളും അതിനുമുണ്ട്. ഒരിക്കൽ സൽമാനുൽ ഫാരിസ് (റ)നോട് ബഹുദൈവ വിശ്വാസികൾ പരിഹാസരൂപത്തിൽ പറഞ്ഞു. നിങ്ങളുടെ കൂട്ടുകാ‍രനായ മുഹമ്മദ് നബി(സ) മലമൂത്രവിസർജ്ജനം പോലുള്ള കാര്യങ്ങൾ വരെ നിങ്ങൾക്ക് പഠിപ്പിച്ചു തരുന്നതായി കാണുന്നുണ്ട്.’ അപ്പോൾ അദ്ദേഹം പറഞ്ഞു. അതെ വലത് കൊണ്ട് ശൌച്യം ചെയ്യുന്നതും വിസർജ്ജന സമയത്ത് ഖിബ്‌ലയെ അഭിമുഖീകരിക്കുന്നതും അവിടുന്ന് നിരോധിച്ചിട്ടുണ്ട്. അപ്രകാരം തന്നെ കാഷ്ടം, എല്ല് എന്നിവ കൊണ്ട് ശൌച്യം ചെയ്യരുതെന്ന് കല്പിക്കുകയും ചെയ്തിട്ടുണ്ട്. (മുസ്‌ലിം)

വിസർജ്ജനത്തിൽ പോലും മത ശാസനകളുണ്ടോ എന്ന പരിഹാസപൂർവ്വമുള്ള ചോദ്യത്തിന് ഉണ്ടെന്നും, അത് കൊണ്ട് ഭൌതികവും പാരത്രികവുമായ നേട്ടങ്ങൾ ലഭിക്കുമെന്നും വ്യക്തമാക്കുകയാണ് സൽമാനുൽ ഫാരിസ് (റ ) ചെയ്തത്.

കക്കൂസിലേക്ക് (വിസർജ്ജന സ്ഥലത്തേക്ക് )പ്രവേശിക്കുന്നതിനു മുമ്പ് ഖുർ ആൻ, ഹദീസ്, ദിക്‌ർ , അല്ലാഹു, റസൂൽ തുടങ്ങിയ വന്ദിക്കപ്പെടുന്ന നാമങ്ങൾ എഴുതിയ സാധനങ്ങൾ ഒഴിവാക്കേണ്ടതാണ്. വിസർജ്ജന സ്ഥലത്തേക്ക് പ്രവേശിക്കുമ്പോൾ ഇടത് കാൽ മുന്നിൽ വെക്കണം. മലമൂത്ര വിസർജ്ജനാവശ്യത്തിനല്ലെങ്കിലും വിസർജ്ജനസ്ഥലത്തേക്ക് പ്രവേശിക്കുമ്പോൾ ഇടത് കാലാണ് മുന്തിക്കേണ്ടത്. പാദരക്ഷ ധരിക്കണം. തലമറക്കലും സുന്നത്താണ്. സുന്നത്ത് ലഭിക്കുന്നതിനു പുറമെ രോഗാണുക്കളെ തടയാനും ചെരിപ്പും തലപ്പാവും (തലമറക്കുന്നതും ) ഉപകരിക്കുമെന്ന് ആധുനിക വൈദ്യശാസ്ത്രവും പറയുന്നുണ്ട്.

വിസർജ്ജന സ്ഥലത്തേക്ക് പ്രവേശിക്കുന്നതിനു മുമ്പ് (കക്കൂസിന്റെ പുറത്ത് വെച്ച് ) ഇങ്ങിനെ ചൊല്ലണം.

بِاسْمِ اللهِ اَللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْخُبْثِ وَالْخَبٰائِثِ
അർത്ഥം :

‘അല്ലാഹുവിന്റെ നാമം സ്മരിച്ചുകൊണ്ട് , നഥാ ..അശുദ്ധിയിൽ നിന്നും *അശുദ്ധ വസ്തുക്കളിൽ നിന്നും നിന്നോട് ഞാൻ അഭയം തേടുന്നു.’

കക്കൂസ് എല്ലാ അശുദ്ധ വസ്തുക്കളുടെയും സങ്കേതമാണല്ലോ.അശുദ്ധിയിൽ നിന്നും അശുദ്ധ വസ്തുക്കളിൽ നിന്നും അല്ലാഹുവിനോട് രക്ഷ നേടാൻ മനുഷ്യൻ പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യേണ്ടതുണ്ട്. കക്കൂസിലേക്ക് പ്രവേശിച്ച ശേഷമാണ് ഈ ദിക്‌റിന്റെ കാര്യം ഓർത്തതെങ്കിൽ മനസ്സിൽ ചൊല്ലുകയല്ലാതെ നാവു കൊണ്ട് ഉച്ചരിക്കരുത്. ( *വിസർജ്ജന സ്ഥലം എല്ലാ പിശാചുക്കളുടെയും വാസസ്ഥലവും കൂടിയാണ് . ഇവിടെ അശുദ്ധ വസ്ഥുക്കളിൽ നിന്നുള്ള രക്ഷ തേടൽ കൊണ്ട് ഉദ്ദേശിക്കുന്നത് ആൺ/പെൺ പിശാചുക്കളിൽ നിന്നും മറ്റ് രോഗാണുക്കൾ ഉൾപ്പെടെയുള്ള എല്ലാ മാല്യന്യങ്ങളിൽ നിന്നുമാണെന്ന വിശാലമായ അർത്ഥമാണെന്ന് പണ്ഡിതന്മാർ വിവരിക്കുന്നു )

മലവും മൂത്രവും പുറപ്പെടുന്ന അവസരത്തിൽ മൌനം അവലംബിക്കണം. വിസർജ്ജന സമയം മിസ്‌വാക്ക് ചെയ്യുന്നതും വിസർജ്ജിച്ചതിൽ തുപ്പുന്നതും ശരിയല്ലെന്ന് പണ്ഡിതന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്.

നിന്ന് മൂത്രിക്കൽ കറാഹത്താണ്. എന്നാൽ ഇരുന്ന് വിസർജ്ജിക്കാൻ പറ്റാത്ത അസുഖമോ മറ്റ് കാരണങ്ങളോ ഉണ്ടായാൽ നിന്ന് വിസർജ്ജനം ചെയ്യുന്നതിനു വിരോധമില്ല. നിന്ന് മൂത്രിക്കുകയോ കാഷ്ടിക്കുകയോ ചെയ്യുമ്പോൾ ശരീരത്തിലേക്ക് തെറിക്കുമ്പോൾ അത് ഹറാമാണ്.

വിസർജ്ജനത്തിനിരിക്കുമ്പോൾ കാൽമുട്ടിന്റെയും പൊക്കിളിന്റെയും ഇടയിലുള്ള ഭാഗം മറ്റുള്ളവരുടെ ദൃഷ്ടിയിൽ പെടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിയ്ക്കേണ്ടതാണ്.

മുന്നിൽ മറയില്ലാത്ത പക്ഷം കഅബയിലേക്ക് മുന്നിട്ടും പിന്നിട്ടും മലമൂത്ര വിസർജ്ജനം ഹറാമാണ്. മുന്നിലുള്ള മറ ഒരു മുഴത്തോളം ഉയരമുണ്ടാകണം. മറയോടു മൂന്ന് മുഴമോ അതിൽ താഴെയോ അടുത്തിരിക്കുകയും വേണം.

പള്ളിയുടെ ചുമരുകൾക്കിടയിലും ഖബ്‌റിനു സമീപവും മലമൂത്ര വിസർജ്ജനം കറാഹത്താണ്. ഖബ്‌റിനു മുകളിൽ വിസർജ്ജനം ഹറാ‍മാകുന്നതാണ്. പള്ളിയിൽ പാത്രം വെച്ചിട്ടായാലും വിസർജ്ജനം ഹറാം തന്നെ. പള്ളി പൊളിച്ച് നീക്കിയ സ്ഥലത്ത് ,അല്ലെങ്കിൽ പൊളിഞ്ഞ്പോയ സഥലത്ത് മൂത്രിക്കുന്നതും ഇത് പോലെതന്നെ. അത്തരം സ്ഥലങ്ങൾക്ക് പള്ളിയുടെ വിധിതന്നെയാണുള്ളത്. ഇഅ്തികാ‍ഫിന്റെ നിയ്യത്തോടെ അവിടെ ഇരുന്നാൽ പ്രതിഫലം ലഭിക്കുന്നതുമാണ്.

ഭക്ഷണ പദാർത്ഥങ്ങളിലും വന്ദിക്കപ്പെടുന്ന സാധനങ്ങളിന്മേലും മലമൂത്ര വിസർജ്ജനം ഹറാമാണ്. ഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ വിസർജ്ജന സ്ഥലത്ത് ഇടരുത്. ഖുർ ആൻ, ഹദീസ്, ഫിഖ്‌ഹ് തുടങ്ങിയ ആദരണീയ ഗ്രന്ഥങ്ങളുടെ ഏടുകൾ വലിച്ചെറിയുന്നതും സൂക്ഷിക്കണം. വെള്ളത്തിലിടുകയോ മറ്റോ ചെയ്യുകയല്ലാതെ അതിനെ നിന്ദിക്കപ്പെടുന്ന ഒരവസ്ഥയുണ്ടാവരുത്. അല്ലാഹുവിന്റെ പേരുകളും മറ്റ് ആദരണീയ വചനങ്ങളുമുള്ള അറബി പത്രങ്ങൾ സുപ്ര (ഭക്ഷണം കഴിക്കുന്നിടത്ത് വിരിക്കുന്നതിന് ) യായി ഉപയോഗിക്കരുത്.

മറ്റുള്ളവരുടെ സ്ഥലത്ത് അവർക്ക് ഇഷ്ടമില്ലാതെ വിസർജ്ജനം ചെയ്യാൽ ഹറാമാണ്. അല്പാല്പമായി ഒഴുകുന്ന വെള്ളത്തിലും സമീപത്തും വിസർജ്ജനം കറാഹത്താണ്. അതിൽ തുപ്പലും മുക്ക് പിഴിയലും അങ്ങിനെ തന്നെ.

അതേപോലെ കാറ്റിനഭിമുഖമായും കുളിക്കുന്നിടത്തും വഴിയിലും ഫലം കായ്ക്കുന്ന മരച്ചുവട്ടിലും ,ജനങ്ങൾ സാധാരണ സംസാരിച്ചു കൊണ്ടിരിക്കുന്ന വിശ്രമ സ്ഥലങ്ങളിലും മാളങ്ങളിലും മല മൂത്ര വിസർജ്ജനം കറാഹത്ത്‌ തന്നെ. (മാളങ്ങൾ ഇഴജന്തുക്കളുടെ സങ്കേതമാണല്ലോ )

മൂത്രിച്ച്‌ കഴിഞ്ഞാൽ 'ഇസ്തിബ്‌റാ ' ചെയ്യൽ (മൂത്രാവശിഷ്ടം പുറത്താക്കൽ ) സുന്നത്താണ്‌ ലിംഗം തടവുക , നടക്കുക തുടങ്ങിയ മാർഗങ്ങളാൽ 'ഇസ്തിബ്‌റാ ' ചെയ്യാവുന്നതാണ്‌. ശുദ്ധിയാക്കിയ ശേഷം മൂത്രാവശിഷ്ടം പുറത്ത്‌ വരാതിരിക്കാനാണ്‌ ഇങ്ങിനെ ചെയ്യുന്നത്‌.

മല മൂത്ര വിസർജ്ജന ശേഷം വെള്ളം കൊണ്ടോ കല്ലുകൊണ്ടോ ശുദ്ധിയാക്കൽ നിർബന്ധമാണ്‌. ഉറച്ചതും ഉണങ്ങിയതും നജസിനെ പിടിച്ചെടുക്കാൻ പറ്റിയതും ശുദ്ധിയുള്ളതുമായ വന്ദിക്കപ്പെടാത്ത ഏത്‌ സാധനവും കല്ല് പോലെ ഉപയോഗിക്കാവുന്നതാണ്‌.

കല്ലും അതുപോലുള്ള വസ്തുക്കളും കൊണ്ട്‌ ശുദ്ധിയാക്കണമെങ്കിൽ ശ്രദ്ധിയ്ക്കേണ്ട കാര്യങ്ങൾ :

പുറപ്പെട്ട നജസ്‌ ഉണങ്ങാതിരിക്കുക, പുറപ്പെട്ട സ്ഥലത്ത്‌ നിന്ന് മറ്റ്‌ ഭാഗങ്ങളിലേക്ക്‌ വ്യാപിക്കാതിരിക്കുക മറ്റ്‌ നജസായ വസ്തുക്കൾ അവിടെ ചേരാതിരിക്കുക എന്നിവയാണ്‌.

'മദ്‌യ്‌' പോലുള്ള നജസുകളും മൂത്രവും കൂടെ കലർന്നാൽ ശുദ്ധിയാക്കാൻ കല്ല് മതിയാവുകയില്ല. കല്ല് കൊണ്ട്‌ ശുചിയാക്കാൻ ചുരുങ്ങിയത്‌ മൂന്ന് തവണ തടവണം. ഒന്നോ രണ്ടോ തവണ കൊണ്ട്‌ ശുദ്ധിയായാലും മൂന്ന് തവണ തടവണം. മൂന്ന് കല്ല് കൊണ്ടോ ഒരു കല്ലിന്റെ മൂന്ന് ഭാഗം കൊണ്ടോ ആയാലും മതി. മൂന്ന് കൊണ്ട്‌ ശുദ്ധിയായില്ലെങ്കിൽ ശുദ്ധിയാവുന്നത്‌ വരെ തടവൽ നിർബന്ധമാണ്‌. മൂന്ന് ,അഞ്ച്‌, ഏഴ്‌ എന്നിങ്ങനെ ഒറ്റയാക്കൽ സുന്നത്താണ്‌. തെറിക്കുമെന്ന് ഭയമുള്ള സ്ഥലത്ത്‌ വെച്ച്‌ ശുദ്ധിയാക്കരുത്‌. ശുചീകരണത്തിനു ഇടത്‌ കൈയാണ്‌ ഉപയോഗിക്കേണ്ടത്‌. ശുചീകരണ ശേഷം ഇങ്ങിനെ ചൊല്ലണം.
َللَّهُمَّ طَهِّر قَلْبِي مِنَ النِّفَاقِ وَحَصِّنْ فَرْجِي مِنَ الْفَوٰاحِشِ.
അർത്ഥം :'നാഥാ, കാപട്യത്തെ തൊട്ട്‌ എന്റെ ഹൃദയത്തെ നീ ശുദ്ധിയാക്കുകയും മ്ലേച്ഛ കാര്യങ്ങളിൽ നിന്ന് ഗുഹ്യസ്ഥാനത്തെ സംരക്ഷിക്കുകയും ചെയ്യേണമേ '.


കക്കൂസിൽ നിന്ന് പുറത്ത്‌ കടക്കുമ്പോൾ വലത്‌ കാൽ മുന്തിക്കണം .അപ്പോൾ ചൊല്ലേണ്ടത്‌

غُفْرٰانَكَ الْحَمْدُ ِللهِ الَّذِي أَذْهَبَ عَنِّي الْأَذَى وَعٰافَانِي


അർത്ഥം:നാഥാ ,നിന്നോട്‌ ഞാൻ മാപ്പപേക്ഷിക്കുന്നു. എന്നിൽ നിന്നും ക്ലേശങ്ങൾ അകറ്റുകയും എനിക്ക്‌ സൗഖ്യം നൽകുകയും ചെയ്ത അല്ലാഹുവിന്‌ സർവ്വ സ്തുതിയും

ഈ ദിക്‌ റിനു ശേഷമാണ്‌ ആദ്യത്തെ ദിക്‌ ർ ( അല്ലാഹുമ്മ ത്വഹിൽ ഖൽബീ... ) ചൊല്ലേണ്ടത്‌ .

നാം ഉദ്ദേശിക്കുമ്പോൾ മലമൂത്രം ഒഴിവാക്കാനും അവ പിടിച്ചു വെക്കാനും കഴിവ്‌ തന്ന അല്ലാഹുവിനെ എത്ര സ്തുതിച്ചാലും മതിയാവുകയില്ല. വിസർജ്ജന പ്രക്രിയയിൽ തകരാറുകൾ സംഭവിച്ചാൽ അത്‌ വല്ലാത്ത വിഷമമായിത്തീരും. ഈ അനുഗ്രഹത്തിനനുസരിച്ചുള്ള നന്ദി നമ്മിൽ നിന്നുണ്ടാവുന്നില്ല. അതിന്‌ അല്ലാഹുവിനോട്‌ മാപ്പിറക്കേണ്ടിയിരിക്കുന്നു.

കക്കൂസുകളിൽ നിന്ന് ദിക്‌ റുകൾ ചൊല്ലരുത്‌. പുറത്ത്‌ വന്ന ശേഷമോ അല്ലെങ്കിൽ മനസ്സിൽ ചൊല്ലുകയോ ആണു വേണ്ടത്‌.

സഹോദരന്മാരേ, പരിശുദ്ധ ഇസ്‌ലാം എത്ര പവിത്രം ! മ്ലേച്ഛമായ ഈ മാലിന്യങ്ങൾ പുറത്തൊഴിവാക്കുന്നതിൽ പോലും എത്ര പുണ്യങ്ങളും ആരോഗ്യ സുരക്ഷയുമാണ്‌ നബി (സ )പഠിപ്പിച്ചു തന്നത്‌. നാം ഇസ്‌ലാമിന്റെ പ്രചാരകരും ആ നേതാവിന്റെ അനുയായികളുമാവുക. കഴിവിന്റെ പരമാവധി ഇത്തരം സുന്നത്തുകൾ നാം നമ്മുടെ നിത്യജീവിതത്തിലേക്കു പകർത്തുക. സർവ്വശക്തനായ അല്ലാഹു തുണക്കട്ടെ. ആമീൻ.