സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Saturday 20 September 2014

കാരംസ് ഹറാമാണെന്നതിനു തെളിവ്



അനുവദനീയവും നിഷിദ്ധവുമായ വിനോദങ്ങളെ കുറിച്ച് ഫിഖ്ഹീ ഗ്രന്ഥങ്ങളില്‍ ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. തുഹ്ഫയില്‍ കിതാബുശ്ശഹാതാത് അഥവാ സാക്ഷിത്വത്തം പ്രതിപാദിക്കുന്ന അധ്യയത്തില്‍ സാക്ഷിയുടെ നിബന്ധനകള്‍ വിവരിക്കുന്നിടത്ത് നര്‍ദ് എന്ന കളി ഹറാമാണെന്നു പറയുന്നുണ്ട്. എന്നാല്‍ ശഥ്റന്‍ജ് (ചെസ്സ്) കറാഹത് മാത്രമാണ്. ഇവ തമ്മിലുള്ള വിധികളുടെ വ്യത്യാസം വിശദീകരിക്കുമ്പോള്‍ ഒരു വിനോദം നിഷിദ്ധമോ അല്ലയോ എന്നു തീരുമാനിക്കാനുള്ള മാനദണ്ഡം പറയുന്നുണ്ട്. അതിങ്ങനെയാണ്.

فَكُلُّ مَا مُعْتَمَدُهُ الْحِسَابُ وَالْفِكْرُ لَا يَحْرُمُ وَكُلُّ مَا مُعْتَمَدُهُ التَّخْمِينُ يَحْرُمُ.

ഏതൊന്നിന്‍റെ അടിസ്ഥാനം കണക്കും ചിന്തയുമാണോ അത് ഹറാമല്ല. ഏതൊന്നിന്‍റെ അടിസ്ഥാനം അനുമാനങ്ങളും ഊഹങ്ങളുമാണോ അത് ഹറാമുമാണ്.
ഇബ്നു ഹൈജര്‍ ഹൈതമി വിനോദങ്ങളെയും പാട്ടുകളെയും സംബന്ധിച്ച് മാത്രമായി ഒരു ഗ്രന്ഥം രചിച്ചിട്ടുണ്ട്. അതിന്‍റെ പേരാണ് كف الرعاع عن محرمات اللهو والسماع . ഈ ഗ്രന്ഥത്തില്‍ വിനോദങ്ങളെ കുറിച്ച് വിവരിക്കുന്നതിന്‍റെ ആമുഖമായി ഹൈതമി തങ്ങള്‍ വിശദീകരിക്കുന്നു. ഈ അധ്യായത്തിന്‍റെ അടിസ്ഥാനം ((كُلُّ شيء يَلهُو بهِ ابن آدم باطِلٌ إلا رَميَه بقَوْسِه، وتأدِيبَهُ فرَسَه، ومُلاعَبَته امرأته)) (അബൂദാവൂദ്, നസാഈ, ഇബ്നുല്‍ജാറൂദ്, ഹാകിം, അബൂ ഉവാന, അല്‍ബൈഹഖി) – ഭാര്യയുമായി സല്ലപിക്കുന്നതും തന്‍റെ കുതിരയെ പരിശീലിപ്പിക്കുന്നതും അമ്പെയ്തുമല്ലാതെ ആദം പുത്രന്‍ വിനോദത്തിലേര്‍പ്പെടുന്ന സകലതും ബാഥിലാകുന്നു എന്ന ഹദീസ് ആണ്.
പിന്നീട് ഇബ്നു ഹജര്‍ തുടര്‍ന്നു പറയുന്നു. وذلك لأنَّه أفاد أنَّ كلَّ ما يَتلهَّى به الإنسان ممَّا لا يفيد فِي العاجل اوالآجل فائدة دينيَّة فهو باطل അഥവാ ഇതില്‍നിന്നു മനസ്സിലാകുന്നത് ഇപ്പോഴോ പിന്നീടോ ഒരു ദീനിയ്യായ നേട്ടമില്ലാതെ മനുഷ്യന്‍ വിനോദത്തിലേര്‍പ്പെടുന്ന സര്‍വ്വതും ബാഥിലാകുന്നു. പിന്നീട് ഈ ഹദീസിനു അനുബന്ധമായി ബഹുമാനപ്പെട്ട അല്‍ഖഥാബി പറഞ്ഞതു അദ്ദേഹം ഉദ്ധരിക്കുന്നുണ്ട്. وسائر ضُروب اللهو ممَّا لا يُستعان به في حقٍّ فمحظورٌ كله ഹഖില്‍ സഹായകമാകാത്ത എല്ലാവിധ വിനോദങ്ങളും പാടേ നിഷിദ്ധമാകുന്നു.
ഇതിനു സമാനമായ ഇബാറതുകളും വിശദീകരണങ്ങളും മറ്റു ഫിഖ്ഹീ ഗ്രന്ഥങ്ങളിലും കാണാവുന്നതാണ്.
മേല്‍പറഞ്ഞ അടിസ്ഥാനത്തിലാണ് ഒരു ഉപകാരവുമില്ലാത്ത കാരംസ് നിരുപാധികം നിഷിദ്ധമെന്നു പറഞ്ഞത്. പക്ഷേ, ചൂതാട്ടത്തിനോട് സമാനമായി കാരംസ് കളിക്കുന്നത് വന്‍ദോഷമാണ്. കിതാബുകളില്‍ നിഷിദ്ധമെന്നു പറഞ്ഞ നര്‍ദ്, ഥാബ്, ഖിറഖ് തുടങ്ങിയ കളികളോട് കാരംസിനു ചില സാമ്യവും കാണാവുന്നതാണ്. കാരംസ് കഴിഞ്ഞ രണ്ടു നൂറ്റാണ്ടുകള്‍ക്കുള്ളിലാണ് രൂപം കൊണ്ടത്. മഹാരാജാക്കന്മാരാണോ അതോ ബ്രിട്ടീഷു് ഇന്ത്യയാണോ ഇത് നിലവില്‍ വരുത്തിയത് എന്നതു രണ്ടു അഭിപ്രായങ്ങളാണ്. എന്തായാലും ഇരുപതാം നൂറ്റാണ്ടിലാണ് ഇത് വളരെയേറെ പ്രചാരത്തില്‍ വരുന്നത്. അതും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലാണ് ഇത് സാധാരണയായി കളിക്കപ്പെടാറുള്ളത്. അതു കൊണ്ടു തന്നെ പ്രബലമായ ഫിഖ്ഹീ ഗ്രന്ഥങ്ങളില്‍ കാരംസ് എന്ന പേരില്‍ അതിന്‍റെ വിധി പ്രസ്താവിച്ചതായി കാണാനാവില്ല. മറ്റു കളികളുടെ അനുവദനീയവും നിഷിദ്ധവും പരിഗണിക്കാനുപയോഗിച്ച മാനദണ്ഡങ്ങളുപയോഗിച്ചു തന്നെ ഇത് ഹറാമാണെന്നു മനസ്സിലാക്കാം. ഹറാമല്ലെന്നു പറയപ്പെടുന്ന ചെസ്സു കളി തന്നെ കറാഹത് ആയിട്ടാണ് ഉലമാക്കളെണ്ണിയിരിക്കുന്നത്. അതു തന്നെ ഹറാമാണ് എന്ന് മൂന്നു മദ്ഹബിലെയും പ്രബലാഭിപ്രായം. പുറമെ ശാഫിഈ മദ്ഹബിലെ തന്നെ ചില പണ്ഡിതന്മാര്‍ക്കും ചെസ്സ് ഹറാമാണെന്ന അഭിപ്രായമുണ്ട്. ചെസ്സ് സ്ഥിരമായി കളിക്കുന്നത് ഹറാമാണെന്ന അഭിപ്രായമാണ് ഇമാം ഗസാലിക്കുള്ളത്. മാത്രമല്ല ഇത്തരം കളികളിലൂടെ നിസ്കാരം തുടങ്ങിയ നിര്‍ബന്ധ ബാധ്യതകള്‍ നിറവേറ്റപെടാതെ പോകുന്നുവെങ്കില്‍ തീരേ നിഷിദ്ധമെന്നതില്‍ അഭിപ്രായന്തരമില്ല തന്നെ.
ഇനി കാരംസില്‍, കോയിനുകളെ സ്റ്റ്രൈക് ചെയ്ത് പോകറ്റില്‍ വീഴ്താന്‍ അല്‍പം ബുദ്ധി പ്രയോഗിക്കണമെന്നും കോയിനും സ്റ്റ്രൈകറും പോകറ്റും തമ്മിലുള്ള അകലവും കോണും ആംഗിളുമെല്ലാം തിട്ടപ്പെടുത്തി സ്റ്റ്രൈകറില്‍ കൊടുക്കേണ്ട ഫോഴ്സുകൂടി ശരിയാവുമ്പോഴേ കളിയില്‍ ജയിക്കാനാകൂ എന്നതിനാല്‍ ഇവിടെ ബുദ്ധിയും ഗണനവും നടക്കുന്നുണ്ടെന്നും ഇത് അനുവദനീയമാവണമെന്നും ആരെങ്കിലും വാശിപിടിച്ചാല്‍ അതിനോട് സഹതപിക്കാനേ നിവൃത്തിയുള്ളൂ. അങ്ങനെയെങ്കില്‍ ഏതു കളിയെയും ഇങ്ങനെ ന്യായീകരിക്കാവുന്നതാണ്.
സത്യം സത്യമായി മനസ്സിലാക്കാനും അതനുസരിച്ചു പ്രവര്‍ത്തിക്കാനും അല്ലാഹു തുണക്കട്ടെ.